Wednesday, November 6, 2013

ലാവ്ലിന്‍ സിബിഐ പ്രത്യേക കോടതി വിധി: സത്യത്തിന്റെ വിജയം

ലാവ്ലിന്‍ കേസിന്റെ പേരില്‍ സിബിഐ കെട്ടിച്ചമച്ച ആരോപണങ്ങളത്രയും സത്യവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയുടെ വിധി ഞങ്ങള്‍ സര്‍വാത്മനാ സ്വാഗതംചെയ്യുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പിണറായി വിജയന്‍ ഉള്‍പ്പെടെ ഏഴുപേരെ കുറ്റവിമുക്തരാക്കിയ കോടതിവിധി ചരിത്രപരമായി വളരെ പ്രാധാന്യമുള്ളതാണ്. പള്ളിവാസല്‍- ചെങ്കുളം- പന്നിയാര്‍ നവീകരണപദ്ധതിയുടെ തുടക്കം യുഡിഎഫ് ഭരണത്തില്‍ ഇപ്പോഴത്തെ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ വൈദ്യുതിമന്ത്രിയായിരിക്കുമ്പോഴാണ്. ക്യാനഡയിലെ ലാവ്ലിന്‍ കമ്പനിയുമായി നവീകരണത്തിനുള്ള ധാരണാപത്രം ഒപ്പിട്ടതും യുഡിഎഫ് ഭരണകാലത്തുതന്നെ. സിഎജിയുടെ അന്തിമ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചത് നവീകരണപദ്ധതിക്കുവേണ്ടി ചെലവഴിച്ച തുകയ്ക്കു സമാനമായ നേട്ടമുണ്ടായില്ല എന്നാണ്. ഈ കണ്ടെത്തലും വസ്തുതാവിരുദ്ധമാണെന്ന് പിന്നീട് തെളിഞ്ഞു. നവീകരണത്തിന്റെ ഫലമായി ഗണ്യമായ ഉല്‍പ്പാദനവര്‍ധനയുണ്ടായി എന്നതാണ് അനുഭവം. ഈ റിപ്പോര്‍ട്ടിന്റെ പേരിലാണ് യുഡിഎഫ് നേതാക്കളും പത്രമാധ്യമങ്ങളും ടിവി ചാനലുകളും പിണറായി വിജയനെതിരെ അഴിമതിയാരോപണം തുടര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവന്നത്. യഥാര്‍ഥ വസ്തുതകള്‍ മറച്ചുവച്ചുള്ള കള്ളക്കഥകളാണ് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. മുഖ്യധാരാ മാധ്യമങ്ങളും ചാനലുകളും മാധ്യമ സിന്‍ഡിക്കറ്റായി പ്രവര്‍ത്തിച്ചു എന്നതാണ് സത്യം. കള്ളപ്രചാരവേലയ്ക്ക് ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത കൈവരുത്താനാണ് ഒരേ രീതിയില്‍ വാര്‍ത്ത പ്രചരിപ്പിച്ചത്.

എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഏതാനും കോണ്‍ഗ്രസ് എംഎല്‍എമാരുടെ സമ്മര്‍ദത്തിനു വഴങ്ങി ലാവ്ലിന്‍ കേസ് വിജിലന്‍സ് അന്വേഷണത്തിന് വിട്ടു. അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് പിന്നീട് മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് പ്രതികരണമില്ലാതെ വന്നപ്പോള്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ മുമ്പില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണുണ്ടായത്. വിജിലന്‍സ് റിപ്പോര്‍ട്ട് വായിച്ചുനോക്കിയ ഉമ്മന്‍ചാണ്ടി, പിണറായി വിജയന്റെ പേര് പ്രതിപ്പട്ടികയില്‍ കാണാതെ വന്നപ്പോള്‍ ക്ഷുഭിതനായി. വിജിലന്‍സ് ഡയറക്ടറെ സ്ഥാനത്തുനിന്ന് നീക്കി. 2006 ജനുവരി ഒന്നിന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ അജന്‍ഡയ്ക്കു പുറമെ ലാവ്ലിന്‍ വിഷയം അവതരിപ്പിച്ച് ചര്‍ച്ച നടത്തി കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനിച്ചു. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ സിബിഐ അന്വേഷണം അപ്രസക്തമാണെന്നായിരുന്നു സിബിഐയുടെ അഭിപ്രായം. തെരഞ്ഞെടുപ്പിനുശേഷം എല്‍ഡിഎഫ് അധികാരത്തില്‍ വന്നു. സിബിഐയുടെ ഉപദേശം അംഗീകരിച്ചു. തുടര്‍ന്ന് ഒരു സ്വകാര്യ അന്യായത്തിന്മേല്‍ ഹൈക്കോടതിവിധി അനുസരിച്ചാണ് കേസ് സിബിഐ ഏറ്റെടുത്തതും അന്വേഷണം പൂര്‍ത്തിയാക്കിയതും.

ലാവ്ലിന്‍ കേസ് സിബിഐ അന്വേഷണത്തിന് വിട്ടത് രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അന്നുതന്നെ വ്യക്തമാക്കിയതാണ്. സിബിഐ അന്വേഷണം ആരംഭിച്ചപ്പോള്‍ രാഷ്ട്രീയ സമ്മര്‍ദംമൂലമാണ് പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് മുമ്പുതന്നെ വ്യക്തമായതാണ്. സിബിഐ അന്വേഷണം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നുവന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ പിണറായിക്കെതിരായ കുറ്റപത്രം അഡ്വക്കറ്റ് ജനറലിന്റെ ഉപദേശത്തിനായി അയച്ചുകൊടുത്തു. കുറ്റപത്രം സൂക്ഷ്മമായി വായിച്ചു പഠിച്ച അഡ്വക്കറ്റ് ജനറല്‍ ആരോപണത്തില്‍ കഴമ്പില്ലെന്നും പ്രോസിക്യൂഷന്‍ നടപടി അനാവശ്യമാണെന്നും സര്‍ക്കാരിനെ ഉപദേശിച്ചു. ഈ ഘട്ടത്തിലാണ് സംസ്ഥാന ഗവര്‍ണറുടെ മേല്‍ സ്വാധീനവും സമ്മര്‍ദവും ചെലുത്തി ക്രമവിരുദ്ധമായി പ്രോസിക്യൂഷനുള്ള ഉത്തരവുണ്ടായത്. പ്രോസിക്യൂഷന്‍ നടപടി അനന്തമായി നീണ്ടുപോയ സാഹചര്യത്തില്‍ കേസില്‍നിന്ന് ലാവ്ലിന്‍ ഉടമകളെ ഒഴിവാക്കി വിചാരണ നടത്തണമെന്ന് പിണറായി വിജയന്‍ കോടതിയോട് അപേക്ഷിച്ചു. ഈ അപേക്ഷ കോടതി അനുവദിക്കുകയാണുണ്ടായത്. കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയി ആരോപണത്തിന്റെ പുകമറ സൃഷ്ടിച്ച് പിണറായി വിജയനെ അഴിമതിക്കാരനായി ചിത്രീകരിക്കണമെന്ന് ആഗ്രഹിച്ചവര്‍ക്ക് നിരാശയുണ്ടായി. കേസ് വാദിച്ച പ്രോസിക്യൂഷന്‍ അഭിഭാഷകനെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കാന്‍വരെ തല്‍പ്പരകക്ഷികള്‍ തയ്യാറായി. പിണറായി ആകട്ടെ, പ്രതിസ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്ന അപേക്ഷയും കോടതിമുമ്പാകെ സമര്‍പ്പിച്ചു. ഈ അപേക്ഷ ശ്രദ്ധാപൂര്‍വം പരിഗണിക്കുകയും കുറ്റപത്രം സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്തശേഷമാണ് സിബിഐ ഉന്നയിച്ച ആരോപണങ്ങള്‍ സത്യവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് പ്രത്യേക കോടതി കണ്ടെത്തിയത്.

ഈ വിധിയോടെ ഒരു ദശാബ്ദത്തിലധികമായി പിണറായി വിജയനെതിരെ രാഷ്ട്രീയവിരോധത്തോടെ നടത്തിയ പ്രചാരവേലയുടെ ഇരുണ്ട അധ്യായം അവസാനിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ സിപിഐ എം തുടക്കംമുതല്‍ എടുത്ത നിലപാട് ശരിയാണെന്ന് സംശയരഹിതമായി തെളിഞ്ഞിരിക്കുന്നു. പിണറായി വിജയന്‍ അഴിമതിക്കാരനല്ലെന്ന് വിധിച്ചിരിക്കുന്നു. ഈ വിധി സത്യത്തിന്റെ വിജയമാണ്. സിപിഐ എമ്മിന്റെയും പിണറായി വിജയന്റെയും മഹത്തായ വിജയമാണ്. പിണറായിക്കെതിരെ വൈരനിര്യാതനബുദ്ധിയോടെ ആരോപണമുന്നയിച്ചവര്‍ സ്വാഭാവികമായും നിരാശരായിരിക്കും. പാര്‍ടി ശത്രുക്കള്‍ എല്ലാ ഭാഗത്തുനിന്നും വരിഞ്ഞുമുറുക്കുകയായിരുന്നു എന്ന വസ്തുത പിണറായി പത്രസമ്മേളനത്തില്‍ വ്യക്തമാക്കുകയുണ്ടായി. കോടതിവിധിയില്‍ ഞങ്ങള്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. പാര്‍ടിശത്രുക്കള്‍ക്കുണ്ടായ നിരാശയില്‍ സഹതപിക്കാനേ കഴിയൂ.

*
ദേശാഭിമാനി മുഖപ്രസംഗം 06 നവംബര്‍ 2013

1 comment:

Jomy said...

ഒരു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതാവിന് വേണ്ട എല്ലാ ഗുണങ്ങളും സഖാവ് പിണറായി വിജയനുണ്ട്. ഈ അടുത്ത കാലത്ത് ഇത്രയും തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു നേതാവും ഇന്ത്യയില്‍ ഇല്ല എന്ന് തന്നെ പറയാം. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി വിവിധ വെല്ലുവിളികള്‍ നേരിട്ടപ്പോള്‍ അതിനെ എല്ലാം മറികടന്നു ആ പാര്‍ട്ടിയുടെ അമരക്കാരന്‍ ആയി തുടരാന്‍ കഴിയുന്നതും അദ്ദേഹത്തിന്റെ നേതൃത്വം, മിതമായ ഭാഷ, വ്യക്തിത്വം എന്നിവ കൊണ്ടാണ്. അടുത്ത വര്‍ഷം നടക്കുന്ന സിപിഎം സംസ്ഥാനസമ്മേളനത്തോടെ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയേണ്ടിവരുന്ന പിണറായി വിജയന്‍ സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്തേക്കു യോഗ്യനായ സ്ഥാനാര്‍ത്ഥിയാണ് . പ്രാദേശികമായി ചെയ്യാൻ കഴിയുന്ന നിരവധി നല്ല കാര്യങ്ങൾ കേരളത്തിലുണ്ട് .അവയെല്ലാം പൂർത്തിയാക്കാനും കേരളത്തിനു പുതിയ ദിശ ബോധം നല്കുന്നതിനും സഖാവ് പിണറായി വിജയനു കഴിയട്ടെ . കേരള സംസ്ഥാനത്തിന്റെ എക്കാലത്തെയും മികച്ച , ഏറ്റവും കരുത്തനായ മുഖ്യ മന്ത്രിയായി സഖാവ് പിണറായി വിജയന്‍ വരട്ടെ. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന, നടപ്പിലാക്കാന്‍ കഴിയുന്ന നട്ടെല്ലുള്ള ഭരണാധികാരികളെയാണ് കേരളത്തിനാവശ്യം..