Friday, November 1, 2013

ജനദ്രോഹം യുഡിഎഫ് മുഖമുദ്ര

മലയാളം സംസാരിക്കുന്ന ജനങ്ങള്‍ അടങ്ങുന്ന പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപീകരിച്ചിട്ട് ഇന്ന് 57 വര്‍ഷം തികയുന്നു. നാം കേരളപ്പിറവി ആഘോഷിക്കുമ്പോള്‍ കേരളം രൂപംകൊണ്ടതിനു പിന്നിലെ രാഷ്ട്രീയ സാമൂഹ്യ കാരണങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം അനിവാര്യമാണ്.

വിദേശമേധാവിത്വത്തിന്റെ പിടിയില്‍നിന്ന് ഇന്ത്യക്ക് പൂര്‍ണമായ മോചനം നേടുക, നാട്ടുരാജ്യസ്വേഛാധിപത്യത്തിന്റെയും മറ്റു ജനാധിപത്യ വിരുദ്ധ സ്ഥാപനങ്ങളുടെയും വേരറുത്ത് പരിപൂര്‍ണ ജനാധിപത്യം സ്ഥാപിക്കുക, സ്വാതന്ത്ര്യവും ജനാധിപത്യപരവുമായ ഇന്ത്യയെ സോഷ്യലിസത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നമ്മുടെ ജനത നടത്തിയ മഹത്തായ സമരത്തിന്റെ അഭേദ്യഭാഗമാണ് ഭാഷാ സംസ്ഥാനങ്ങള്‍ രൂപീകരിക്കാനുള്ള പ്രസ്ഥാനം. മദിരാശി, കൊച്ചി, തിരുവിതാംകൂര്‍ എന്നീ മൂന്നു സംസ്ഥാനങ്ങളിലും ഫ്രഞ്ച് അധീന പ്രദേശമായ മയ്യഴിയിലുമായി ചിതറിക്കിടന്ന മലയാളജനതയെ ഒന്നിപ്പിച്ചും അവരുടെ സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക പുരോഗതിയെ ത്വരിതപ്പെടുത്തിയുമുള്ള ഐക്യകേരളം സ്ഥാപിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ടി കേരളത്തില്‍ ജന്മമെടുത്ത നാള്‍മുതല്‍ പ്രവര്‍ത്തിച്ചുവന്നിട്ടുണ്ട്. എന്നാല്‍, ഐക്യകേരള പ്രസ്ഥാനത്തെ എതിര്‍ക്കുന്ന നിലപാടായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റേത്.

1957ല്‍ കേരളത്തില്‍ അധികാരമേറിയ ഇ എം എസ് സര്‍ക്കാര്‍ തുടങ്ങിവച്ച വിപ്ലവകരമായ നയപരിപാടികളെ എതിര്‍ത്ത് അതിനെതിരെ വിമോചനസമരമെന്ന പേരില്‍ തെരുവുയുദ്ധം സംഘടിപ്പിച്ചതിലൂടെ കേരളത്തിലെ വലതുപക്ഷത്തിന്റെ തനിനിറം വീണ്ടും വെളിപ്പെട്ടു. ജനകീയസര്‍ക്കാരിനെ പിരിച്ചുവിടുന്നതിലാണ് വിമോചനസമരം ചെന്നെത്തിയത്. തുടര്‍ന്ന് പലഘട്ടങ്ങളിലായി അധികാരത്തിലേറിയ ഇടതുപക്ഷ സര്‍ക്കാരുകള്‍ തുടങ്ങിവച്ച ജനോപകാരപ്രദമായ പരിഷ്കാരങ്ങള്‍ അട്ടിമറിക്കാനും ഖജനാവ് കൊള്ളയടിക്കാനുമാണ് കോണ്‍ഗ്രസ് നയിച്ച സര്‍ക്കാരുകള്‍ ശ്രമിച്ചത്. രണ്ടുവര്‍ഷംമുമ്പ് അധികാരമേറിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ ഈ ജനവിരുദ്ധതയുടെ തുടര്‍ച്ച ബോധ്യപ്പെടും. വഞ്ചന, ഗൂഢാലോചന, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളില്‍ പൊലീസിനാല്‍ ചോദ്യംചെയ്യപ്പെട്ട ആദ്യത്തെ കേരള മുഖ്യമന്ത്രി ആര്? രണ്ടാമതൊന്നാലോചിക്കാതെ ഏത് കൊച്ചുകുട്ടിയും ഉത്തരം പറയും- ഉമ്മന്‍ചാണ്ടി.

ഒരു തവണയല്ല, മൂന്നുതവണയാണ് ഇത്തരം തട്ടിപ്പുകളുടെ പേരില്‍ അദ്ദേഹത്തെ പൊലീസ് ചോദ്യംചെയ്തത്. ഒന്ന്, പാമൊലിന്‍ കേസ്. രണ്ട് 256 കോടിയുടെ ടൈറ്റാനിയം അഴിമതി. മൂന്ന് സോളാര്‍ തട്ടിപ്പ്. ഓരോ തവണയും ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയത് സ്വന്തം പൊലീസുതന്നെ. സ്വന്തം ഓഫീസിലെ ഏതാണ്ടെല്ലാ ഉദ്യോഗസ്ഥരും തട്ടിപ്പുകളുടെ പേരില്‍ പ്രതിക്കൂട്ടിലായ കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയും ഉമ്മന്‍ചാണ്ടിതന്നെ. സാമ്പത്തിക തട്ടിപ്പുകാരുടെയും ക്രിമിനല്‍ ഗൂഢസംഘങ്ങളുടെയും അധോലോക രാജാക്കന്മാരുടെയും തലതൊട്ടപ്പനായാണ് ജനങ്ങളുടെ മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നില്‍ക്കുന്നത്. അത് തിരിച്ചറിഞ്ഞുള്ള ജനവികാരമാണ്, സോളാര്‍ തട്ടിപ്പില്‍ നേരിട്ടു പങ്കാളിയായ മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നയിക്കുന്ന പ്രക്ഷോഭത്തിലെ അഭൂതപൂര്‍വമായ പങ്കാളിത്തവും അതിനു ലഭിക്കുന്ന ജനപിന്തുണയും. ആ പ്രക്ഷോഭത്തെ തകര്‍ക്കാന്‍ അധികാരമുഷ്കിനെമാത്രമല്ല, നീചമായ നുണപ്രചാരണങ്ങളെയും ഉമ്മന്‍ചാണ്ടി ആശ്രയിക്കുന്നു. കണ്ണൂരില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു എന്ന പ്രചാരണവും തുടര്‍ന്നുള്ള സഹതാപോല്‍പ്പാദന പ്രവര്‍ത്തനങ്ങളും ഒടുവില്‍ ആക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍തന്നെ എന്ന് തെളിഞ്ഞതും ഈ കപടനാടകത്തെ തുറന്നുകാട്ടുന്നു.

പേരുദോഷം മാറ്റാന്‍ ഉമ്മന്‍ചാണ്ടി കണ്ടുപിടിച്ച നാടകമാണ് ജനസമ്പര്‍ക്ക പരിപാടി. പാവങ്ങളുടെ ദുരിതങ്ങളെയും നിസഹായതയെയും മുതലാക്കി പുതിയ പ്രതിച്ഛായ നിര്‍മിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. വില്ലേജ് ഓഫീസര്‍തലത്തില്‍ പരിശോധിച്ച് തീരുമാനമെടുക്കേണ്ട കാര്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ കൈയൊപ്പിനുവേണ്ടി വികലാംഗരെയും രോഗികളെയും ആട്ടിത്തെളിച്ചുകൊണ്ട് വരികയാണ്. മുഖ്യമന്ത്രിയെ മുഖം കാണിച്ചാലേ ഒരാള്‍ക്ക് ബിപിഎല്‍ റേഷന്‍കാര്‍ഡ് കിട്ടൂ എന്നാണെങ്കില്‍ ഈ നാട്ടിലെ ഭരണസംവിധാനം തകര്‍ന്നു എന്നാണര്‍ഥം.

നാട്ടില്‍ ഉപ്പുതൊട്ട് കര്‍പ്പൂരംവരെയുളള മുഴുവന്‍ സാധനങ്ങളുടെയും വില കുതിച്ചുയരുകയാണ്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ഒഴികെ മറ്റൊരു സ്ഥാപനവും വിപണിയില്‍ ഇടപെടേണ്ടതില്ലെന്നാണ് യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം. കണ്‍സ്യൂമര്‍ഫെഡ്, ഹോര്‍ട്ടികോര്‍പ്, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ എന്നീ സ്ഥാപനങ്ങളെയെല്ലാം വിപണി ഇടപെടലില്‍നിന്ന് ഒഴിവാക്കി. പൊതുവിതരണ സ്ഥാപനങ്ങളെ തകര്‍ക്കുന്നതിന്റെ ഭാഗമാണിത്. 14,400ല്‍ പരം വരുന്ന റേഷന്‍ കടകളെയും തകര്‍ക്കുന്ന നയമാണ് യുഡിഎഫിന്റേത്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 1500 കര്‍ഷകരാണ് കേരളത്തില്‍ ആത്മഹത്യചെയ്തത്. തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടലിലൂടെ കൃഷിക്കാരില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ച് കര്‍ഷക ആത്മഹത്യകള്‍ക്ക് വിരാമമിട്ടു. എന്നാല്‍, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എണ്‍പതിലേറെ പേര്‍ ആത്മഹത്യചെയ്തു. കൃഷിക്കാര്‍ക്ക് പലിശരഹിത വായ്പ നല്‍കുന്നത് അവസാനിപ്പിച്ചു. കാര്‍ഷിക കടാശ്വാസകമീഷനെ നിര്‍ജീവമാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന തണ്ണീര്‍ത്തട സംരക്ഷണനിയമത്തെ തകര്‍ക്കുന്ന നടപടി സ്വീകരിച്ചു. കുട്ടനാട്, ഇടുക്കി, വയനാട് പാക്കേജുകളെ അവതാളത്തിലാക്കി. പരമ്പരാഗത വ്യവസായങ്ങളെല്ലാം ഇന്ന് സമ്പൂര്‍ണ തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. ഇക്കഴിഞ്ഞ ഓണത്തിനുപോലും പാവപ്പെട്ടവരും അശരണരുമായ വിഭാഗങ്ങള്‍ക്ക് പെന്‍ഷന്‍ വിതരണംചെയ്തില്ല. ആധാര്‍ തുടങ്ങിയ നിബന്ധനകള്‍കൂടി അടിച്ചേല്‍പ്പിച്ചതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമായി. ആദിവാസിമേഖലയായ അട്ടപ്പാടിയില്‍ കഴിഞ്ഞവര്‍ഷം ആയിരം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ജനിച്ചത് 600 കുഞ്ഞുങ്ങളാണ്. ജനനത്തേക്കാള്‍ ഉയരുന്ന മരണനിരക്ക് വംശഹത്യയിലേക്കുള്ള പാതയാണ്. അട്ടപ്പാടിയിലെ ശിശുമരണനിരക്ക് കേരളത്തിലെ പൊതുനിരക്കിന്റെ അഞ്ചുമടങ്ങ് വരും.

കുടിവെളളം സ്വകാര്യവല്‍ക്കരിക്കാനുളള സര്‍ക്കാര്‍ ഉത്തരവിന്റെ അകമ്പടിയോടെയാണ് എമെര്‍ജിങ് കേരള- 2012 അവസാനിച്ചത്്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ പൊതുടാപ്പുകള്‍ നിര്‍ത്തുകയോ കുടിവെള്ളവില ഉയര്‍ത്തുകയോ ഉണ്ടായില്ല. എന്നാല്‍, ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം ഈ ദിശയിലേയ്ക്കാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയുടെ തകര്‍ച്ച ആസന്നമാണ് എന്നാണ് ട്രാന്‍സ്പോര്‍ട്ട് മന്ത്രി പ്രവചിച്ചത്. ഡീസല്‍വില കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചതിലെ ഇരട്ടത്താപ്പാണ് കോണ്‍ഗ്രസ് മന്ത്രിയെപ്പോലും നിസഹായനാക്കിയത്. മൊത്തവിലയ്ക്ക് ഡീസല്‍ വാങ്ങുന്ന കെഎസ്ആര്‍ടിസിക്ക് ഇനിമേല്‍ സബ്സിഡിയുണ്ടാകില്ല. അതേസമയം, സാധാരണ പെട്രോള്‍പമ്പില്‍നിന്ന് ഡീസലടിക്കുന്ന സ്വകാര്യബസുകള്‍ക്കും മറ്റും സബ്സിഡിനിരക്കില്‍ ഡീസല്‍ ലഭിക്കും. അല്ലെങ്കില്‍ത്തന്നെ പ്രതിസന്ധിയിലായിരുന്ന കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനത്തെ ഏതാണ്ട് പൂര്‍ണമായി ഈ തീരുമാനം സ്തംഭിപ്പിക്കുന്ന നിലയുണ്ടായി. പ്രതിസന്ധി മൂര്‍ച്ഛിക്കുമ്പോഴും കോര്‍പറേഷനെ രക്ഷിക്കാനുള്ള ശക്തമായ നടപടിക്ക് സര്‍ക്കാരും മാനേജ്മെന്റും മുതിരുന്നില്ല. വൈദ്യുതിബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കി സ്വകാര്യവല്‍ക്കരണം ആവശ്യമാണെന്ന് ജനങ്ങളെക്കൊണ്ട് പറയിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്ന്. സമ്പൂര്‍ണ വൈദ്യുതീകരണവും സൗജന്യകണക്ഷനുകളും നിര്‍ത്തലാക്കി. പുറത്തുനിന്ന് വൈദ്യുതി വാങ്ങി കാര്യങ്ങള്‍ നിറവേറ്റാം, അല്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താം എന്ന നിലയിലാണ് ബോര്‍ഡ് അധികൃതര്‍ ചിന്തിക്കുന്നത്. വൈദ്യുതിബോര്‍ഡ് കമ്പനിയാക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയ വാര്‍ത്തയും പുറത്തുവന്നു.

പൊതുമേഖലാ സ്ഥാപനങ്ങളാകെ തകര്‍ച്ചയുടെ വക്കിലാണ്. കേരളത്തില്‍ കേന്ദ്രത്തിന്റെ വികസനപദ്ധതികള്‍ കൊണ്ടുവരുന്ന കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് കേന്ദ്രപ്രതിരോധമന്ത്രി എ കെ ആന്റണിതന്നെ പരസ്യമായി പ്രഖ്യാപിച്ചു. എല്ലാ മേഖലയിലും സമ്പൂര്‍ണ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് ഒരു പ്രചാരണപ്രവര്‍ത്തനം എന്ന നിലയില്‍ എമെര്‍ജിങ് കേരള സംഘടിപ്പിച്ചത്. ആന്റണി സര്‍ക്കാരിന്റെ കാലത്ത് സംഘടിപ്പിച്ച ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് മീറ്റ് (ജിം) പോലെ മറ്റൊരു തട്ടിപ്പായിരുന്നു ഇത്. എമെര്‍ജിങ് കേരളയില്‍ പങ്കാളികളാകാന്‍ വിദേശങ്ങളില്‍നിന്ന് പ്രതിനിധികള്‍ എത്തിയിരുന്നു. എന്നാല്‍, അവര്‍ ഒരു ധാരണാപത്രത്തില്‍പ്പോലും ഒപ്പിട്ടില്ല. വിദ്യാഭ്യാസരംഗമാകെ തകിടം മറിച്ചു. അപേക്ഷിച്ചവര്‍ക്കെല്ലാം സ്വാശ്രയസ്കൂളുകള്‍ അനുവദിക്കുന്നു. പൊതുവിദ്യാഭ്യാസത്തെ തകര്‍ത്ത് അണ്‍എയ്ഡഡ് മേഖലയെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് ഉണ്ടാകുന്നത്. പണമുള്ളവന്‍മാത്രം പഠിച്ചാല്‍ മതി എന്ന നിലപാടാണ് സര്‍ക്കാരിന്റേത്.

ഉന്നതവിദ്യാഭ്യാസമേഖല കുത്തഴിഞ്ഞു. സ്വകാര്യ കോളേജുകളെ ഓട്ടോണമസ് പദവി നല്‍കാനുള്ള നീക്കം തകൃതിയായി നടക്കുന്നു. ദിവസം ശരാശരി ഒരു ആള്‍വീതം പനികൊണ്ടുമാത്രം മരിക്കുന്ന സംസ്ഥാനമായി കേരളം മാറി. ഇക്കാലയളവില്‍ 10 ലക്ഷത്തിലധികം പേര്‍ക്ക് പനി പിടിച്ചു എന്നത് ഔദ്യോഗിക കണക്ക്. ന്യായമായ വിലയ്ക്ക് മരുന്ന് ഉറപ്പുവരുത്തുന്നതിനും അഴിമതി തടയുന്നതിനും വേണ്ടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് രൂപം നല്‍കിയത്. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ ഈ കോര്‍പറേഷനെ നോക്കുകുത്തിയാക്കി. എല്‍ഡിഎഫ് ഭരണകാലത്ത് ആരംഭിച്ച പദ്ധതികള്‍ പേരുമാറ്റി നടപ്പാക്കി മേനിചമയുകയാണ്് ആരോഗ്യമേഖലയില്‍ യുഡിഎഫ് ചെയ്യുന്നത്. കേരള ഭൂവിനിയോഗ നിയമപ്രകാരം നെല്‍വയലുകള്‍ നികത്താന്‍ പാടില്ല. എന്നാല്‍, ആറന്മുളയില്‍ ഏതാണ്ട് ഒരു കിലോമീറ്റര്‍ നീളത്തില്‍ നൂറുമീറ്റര്‍ വീതിയില്‍ വയലുകള്‍ നികത്തിക്കഴിഞ്ഞു. കേരളത്തിലുളള എല്ലാ റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് ഡെവലപ്പേഴ്സും ഇത്തരത്തില്‍ വയലുകള്‍ വാങ്ങി സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഭൂപരിധിയില്‍നിന്ന് ഒഴിവുനേടിയ എസ്റ്റേുകള്‍ തുണ്ടങ്ങളായി മുറിച്ചുവില്‍ക്കുന്നു. പാട്ടത്തിനെടുത്ത എസ്റ്റേറ്റുകള്‍ പാട്ടവ്യവസ്ഥ ലംഘിക്കുന്നു. പാട്ടഭൂമി കൃത്രിമരേഖകള്‍ ഉണ്ടാക്കി മറിച്ചുവില്‍ക്കുന്നു! പണയപ്പെടുത്തുന്നു. നെല്ലിയാമ്പതി സംബന്ധിച്ച് യുഡിഎഫിലെ ഹരിത എംഎല്‍എമാര്‍പോലും ഇക്കാര്യം സമ്മതിച്ചുകഴിഞ്ഞതാണ്. പരിസ്ഥിതി ദുര്‍ബലപ്രദേശ നിയമത്തിനെതിരെ എസ്റ്റേറ്റ് ഉടമകള്‍ നല്‍കിയ കേസുകള്‍ മൊത്തമായി തോറ്റുകൊടുക്കാനുള്ള അണിയറനീക്കം നടക്കുന്നു. പാട്ടവ്യവസ്ഥകള്‍ ലംഘിക്കുന്ന എസ്റ്റേറ്റുടമകള്‍ക്കെതിരെ ഒരു നടപടിയുമില്ല. പതിമൂവായിരത്തോളം ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനും മൂവായിരത്തോളം ഏക്കര്‍ നെല്‍വയലുകള്‍ നികത്തുന്നതിനുമുള്ള അനുമതി വ്യവസായവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ നെല്‍വയലുകള്‍ വാങ്ങിക്കൂട്ടാന്‍ ഭൂമാഫിയ തുനിഞ്ഞിറങ്ങി. തോട്ടഭൂമിയുടെ അഞ്ചു ശതമാനം മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുവാദം നല്‍കി. 1997 മുതല്‍ കഴിഞ്ഞവര്‍ഷംവരെ വികേന്ദ്രീകരണ സൂചികയില്‍ കേരളമായിരുന്നു ഒന്നാംസ്ഥാനത്ത്. യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടാംവര്‍ഷം കേരളം മൂന്നാംസ്ഥാനത്തായി. സംസ്ഥാന ട്രഷറിയില്‍ 3881 കോടി രൂപയുടെ മിച്ചം 2011 മാര്‍ച്ച് 31ന് നീക്കിവച്ചാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ഭരണമൊഴിഞ്ഞത്. ഈ ഭീമമായ മിച്ചത്തെ രണ്ടരവര്‍ഷത്തെ ഭരണംകൊണ്ട് കമ്മിയായി യുഡിഎഫ് സര്‍ക്കാര്‍ മാറ്റി.

ജാതി-മതശക്തികളുടെ സഹായത്തോടെയാണ് യുഡിഎഫ് അധികാരത്തിലെത്തിയത്. മന്ത്രിമാരെ നിശ്ചയിക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ ഇത്തരം ശക്തികളുടെ ശക്തമായ സമ്മര്‍ദവും ഉണ്ടായിരുന്നു. വര്‍ഗീയശക്തികള്‍ക്ക് പരിലാളനയും പരിരക്ഷയും നല്‍കുന്ന സമീപനമാണ് യുഡിഎഫിന്റേത്. ഈ നയത്തിന്റെ ഫലമായി തീവ്രവാദശക്തികള്‍ നാട്ടിലാകമാനം തലയുയര്‍ത്തുന്ന നിലയുണ്ടായി. ഐക്യജനാധിപത്യമുന്നണി എന്നാണ് വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും ഐക്യം തെല്ലുമില്ലാത്ത മുന്നണിയും പാര്‍ടികളുമാണ് യുഡിഎഫില്‍. യുഡിഎഫിനെ നയിക്കുന്ന മുഖ്യകക്ഷിയായ കോണ്‍ഗ്രസ് തന്നെ തമ്മില്‍ തല്ലിലും കലഹിക്കലിലും അഭിരമിക്കുമ്പോള്‍ ഘടകകക്ഷികള്‍ ഉള്‍പ്പോരിലും മുന്നണികള്‍ക്കുള്ളിലെ കലാപത്തിലും രമിക്കുകയാണ്. കേരളീയജനതയെ നരകജീവിതത്തിലേക്കും കടുത്ത യാതനകളിലേക്കും വലിച്ചിഴയ്ക്കുന്ന യുഡിഎഫ് സര്‍ക്കാരിനെതിരായ പ്രതികരണവും പ്രതിഷേധവും നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുവരികയാണ്. എക്കാലവും ജനപക്ഷത്തുനിന്ന് പൊരുതുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി ആ ജനകീയ പ്രക്ഷോഭ വഴിത്താരയില്‍ മുന്നില്‍നിന്ന് പൊരുതുന്നു.

2001-06 ഭരണകാലത്ത് യുഡിഎഫ് തകര്‍ത്തു തരിപ്പണമാക്കിയ കേരളത്തെ പുനരുജ്ജീവിപ്പിച്ചതും മുന്നോട്ടുനയിച്ചതും 2006ല്‍ അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരാണ്. ജനപക്ഷത്ത് അടിയുറച്ചുനിന്ന്, ഇച്ഛാശക്തിയുള്ള നയങ്ങളോടെയും നടപടികളോടെയും കേരളത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുനയിച്ചു. ഇടതുഭരണത്തില്‍ മുന്നേറ്റ പാതയിലായിരുന്ന കേരളത്തെയാണ് അതിവേഗത്തില്‍ ബഹുദൂരം പിന്നോട്ടേക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വലിച്ചിഴയ്ക്കുന്നത്. സ്വന്തം കക്ഷിയിലും മുന്നണിയിലുംതന്നെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരായ അതിശക്തമായ നിലപാടുകളും വിമര്‍ശങ്ങളും നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുവരുന്നു. ഭരണാധികാരികളും ഭരണകക്ഷികളും അഴിമതിയിലും സ്ഥാപിത താല്‍പ്പര്യങ്ങളിലും മുഴുകുമ്പോള്‍ ജനങ്ങള്‍ ദുരിതക്കയത്തിലേക്ക് വലിച്ചെറിയപ്പെടുന്നു. ഇത്തവണ കേരളപ്പിറവിദിനം കൊണ്ടാടുമ്പോള്‍ കേരളത്തിന്റെ ശാപമായി മാറിയ യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ മുഖമാണ് ചര്‍ച്ചകളില്‍ ഉയര്‍ന്നുവരേണ്ടത്. നമ്മുടെ സംസ്ഥാനത്തെ പുരോഗതിയിലേക്കും ശാന്തിയിലേക്കും ജനാധിപത്യമൂല്യങ്ങളിലേക്കും അഴിമതിരാഹിത്യത്തിലേക്കും കൈപിടിച്ചുയര്‍ത്താനുള്ള ജനകീയമുന്നേറ്റമാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്.


*
വൈക്കം വിശ്വന്‍ ദേശാഭിമാനി

No comments: