Wednesday, November 20, 2013

ഉരുക്കുമനുഷ്യനെ മോഡി കൂട്ടുമ്പോള്‍

നര്‍മദാ നദീതീരത്തെ കെവാദിയ, വീണ്ടുമൊരു സ്മാരകത്തെക്കുറിച്ചുള്ള ചര്‍ച്ചയും സംവാദങ്ങളും രാജ്യത്ത് ഉയര്‍ത്തിവിട്ടിരിക്കുന്നു. ഉരുക്കുമനുഷ്യന്‍&ൃെൂൗീ;എന്നു വിളിക്കപ്പെട്ട, സ്വാതന്ത്ര്യസമരനേതാവും രാജ്യത്തിന്റെ ആദ്യഉപപ്രധാനമന്ത്രിയുമായ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമയെച്ചൊല്ലി സമീപകാലത്തുണ്ടായ വിവാദം ഗുജറാത്തിലൊതുങ്ങുന്നതല്ല.

ലോകം അതിശയത്തോടെ കാണാനാകുന്ന വിധത്തില്‍ സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ നര്‍മദയുടെ തീരത്തു സ്ഥാപിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു. ഏകതയുടെ പ്രതിമ (സ്റ്റാച്യു ഓഫ് യൂണിറ്റി) എന്ന വിശേഷണത്തിലുള്ള പ്രതിമയുടെ ശിലാസ്ഥാപനവും കഴിഞ്ഞു. അഹമ്മദാബാദില്‍നിന്ന് നൂറു മൈല്‍ ദൂരത്താണ് കെവാദിയ. നാലുവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി. നിര്‍മാണത്തിന് കര്‍ഷകരില്‍നിന്ന് ലോഹവും മറ്റും ശേഖരിക്കും. പൊതുപണത്തിനു പുറമെ സ്വകാര്യ സംഭാവനകളെയും ആശ്രയിക്കും. 340 മില്യണ്‍ ഡോളര്‍ (2074 കോടി രൂപ) ചെലവു വരുമെന്നാണ് കണക്കുകൂട്ടല്‍. പ്രതിമാ നിര്‍മാണത്തിനുള്ള ആവേശത്തില്‍ പരിസ്ഥിതിമന്ത്രാലയത്തിന്റെ അനുമതിപോലും തേടിയില്ല. പട്ടേലിന്റെ പേരില്‍ രാജ്യവികാരം ഉണര്‍ത്തിവിട്ടാല്‍ ഇത്തരം സാങ്കേതികനിയമനടപടികള്‍ ഒരു തടസ്സമാകില്ലെന്ന തിരിച്ചറിവായിരിക്കാം ഒരുപക്ഷേ, മോഡിയുടെ മനസ്സില്‍. പരിസ്ഥിതിപ്രവര്‍ത്തകര്‍ പരാതിയുമായി കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തെ സമീപിച്ചുകഴിഞ്ഞു. സംഭവം പ്രത്യേകസംഘത്തെ നിയോഗിച്ച് അന്വേഷിക്കുമെന്ന് മന്ത്രാലയവും വ്യക്തമാക്കി.

പട്ടേലിന്റെ 138-ാം ജന്മദിനമായ ഒക്ടോബര്‍ 31ന് നിയമപരമായ അംഗീകാരംപോലും നേടിയെടുക്കാതെ മോഡി പ്രതിമാനിര്‍മാണം തുടങ്ങി. പട്ടേല്‍ പ്രതിമയുടെ പേരില്‍ മോഡി ഉയര്‍ത്തിവിട്ട രാഷ്ട്രീയചിന്തകള്‍ കേവലമൊരു തെരഞ്ഞെടുപ്പിന്റെ തരംഗത്തില്‍ തീരുന്നതല്ല. പട്ടേലിന്റെ ജന്മവാര്‍ഷികത്തിന്റെ ഭാഗമായുള്ള പൊതുചടങ്ങില്‍ അദ്ദേഹവും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ഒരേവേദിയില്‍ ഏറ്റുമുട്ടിയതുതന്നെ ഒരു തുടക്കമായിരുന്നു. ജവാഹര്‍ലാല്‍ നെഹ്റുവിനുപകരം ഇന്ത്യയുടെ പ്രധാനമന്ത്രിയാകേണ്ടിയിരുന്ന വ്യക്തി സര്‍ദാര്‍ പട്ടേലാണെന്ന് മന്‍മോഹനെ ഇരുത്തിക്കൊണ്ടു മോഡി പറഞ്ഞു. അതിന്റെ പൊരുള്‍ നല്ലപോലെ ഗ്രഹിച്ച് മന്‍മോഹന്‍ തിരിച്ചടിച്ചു. പട്ടേല്‍ മതേതരവാദിയായിരുന്നുവെന്ന് ആണയിട്ടപ്പോള്‍ മോഡി ധ്രുവീകരണരാഷ്ട്രീയത്തിന്റെ പ്രയോക്താവുമാണെന്ന് പരോക്ഷമായി സംവേദിപ്പിക്കാന്‍ പ്രധാനമന്ത്രിക്കായി.

പട്ടേല്‍ പ്രതിമയുടെ പേരില്‍ മോഡി ഉയര്‍ത്തിവിട്ട തരംഗങ്ങളുടെ പശ്ചാത്തലത്തില്‍ വേണം ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയുടെ ബ്ലോഗെഴുത്തുകളെ വിലയിരുത്താന്‍. നെഹ്റുവും പട്ടേലുംതന്നെയായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകളിലെ കഥാപാത്രങ്ങള്‍. പട്ടേലിനെ ഒരു സമ്പൂര്‍ണ മതവര്‍ഗീയവാദിയായി നെഹ്റു വിളിച്ചെന്നായിരുന്നു ആദ്യത്തെ ബ്ലോഗില്‍ അദ്വാനിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യ സ്വതന്ത്രയായശേഷം ഹൈദരാബാദിനെ നമ്മുടെ രാജ്യത്തോടു ലയിപ്പിച്ചതിനെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ ഇതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈദരാബാദിലെ സംഘര്‍ഷം അടിച്ചമര്‍ത്താന്‍ പട്ടാളത്തെ അയക്കണമെന്ന് പട്ടേല്‍ ആവശ്യപ്പെട്ടപ്പോള്‍ നിങ്ങളൊരു പരിപൂര്‍ണ വര്‍ഗീയവാദിയാണെന്ന് നെഹ്റു ക്ഷുഭിതനായി പ്രതികരിച്ചെന്ന് മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ എം കെ കെ നായരുടെ പുസ്തകം പരാമര്‍ശിച്ച് അദ്വാനിയുടെ വെളിപ്പെടുത്തല്‍. വൈകാതെ അദ്വാനി രണ്ടാമത്തെ ബ്ലോഗുമെഴുതി. ഇന്ത്യ-പാക് ബന്ധത്തില്‍ ഇന്നും ചേരിപ്പോര് സൃഷ്ടിക്കുന്ന കശ്മീരായിരുന്നു വിഷയം. 1947ല്‍ പാകിസ്ഥാന്‍ സൈന്യം നീക്കം നടത്തുമ്പോള്‍ അവിടേക്ക് ഇന്ത്യന്‍ പട്ടാളത്തെ അയക്കാന്‍ നെഹ്റു വിസമ്മതിച്ചെന്നാണ് അദ്വാനിയുടെ വെളിപ്പെടുത്തല്‍. ആഭ്യന്തരമന്ത്രി പട്ടേല്‍ ഇടപെട്ടതിനാലാണ് പാക്മുന്നേറ്റം തടഞ്ഞതെന്നും അദ്ദേഹം പറയുന്നു. നരേന്ദ്രമോഡി പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടപ്പെട്ടതില്‍ അദ്വാനി പാര്‍ടിയിലുണ്ടാക്കിയ കലഹം രഹസ്യമല്ല. പക്ഷേ, പട്ടേലിനെ ഉയര്‍ത്തിക്കാട്ടിയതിലും നെഹ്റുയുഗത്തെ കടന്നാക്രമിക്കുന്നതിലും ഇരുവരും കാട്ടിയ യോജിപ്പും വ്യഗ്രതയും ഒരു രാഷ്ട്രീയ അജന്‍ഡയുടെ വെളിപാടുകളായി കാണണം. ആര്‍എസ്എസിന്റെ നാവുകളാണ് അദ്വാനിയും മോഡിയും. നെഹ്റുവും പട്ടേലും സ്വരച്ചേര്‍ച്ചയിലായിരുന്നില്ലെന്ന് തെളിയിക്കപ്പെടാന്‍ ഒട്ടേറെ ചരിത്രസന്ദര്‍ഭങ്ങളുണ്ട്. ജനങ്ങളുടെ മനസ്സിലുള്ള അത്തരം ഓര്‍മകളെ ഉപയോഗപ്പെടുത്തുകയായിരിക്കാം ഒരുപക്ഷേ, ആര്‍എസ്എസിന്റെ തന്ത്രം. കോണ്‍ഗ്രസില്‍ വലതുപക്ഷധാരയുടെ ശക്തനായ വക്താവായിരുന്നു പട്ടേല്‍. ഇടതുധാരയില്‍ നിലയുറപ്പിച്ചത് നെഹ്റുവും സുഭാഷ് ചന്ദ്രബോസുമായിരുന്നു. കോണ്‍ഗ്രസില്‍ ഇടതുപക്ഷധാരയെ ഉന്മൂലനംചെയ്യുന്നതില്‍ ചരടുവലിച്ച നേതാവാണ് പട്ടേലെന്നും ചരിത്രം ചൂണ്ടിക്കാട്ടുന്നു. പട്ടേല്‍ പ്രതിമയെച്ചൊല്ലിയുള്ള വിവാദങ്ങളിലൂടെ വിഗ്രഹവല്‍ക്കരണം രാഷ്ട്രീയത്തില്‍ വീണ്ടും ചര്‍ച്ചയായി. രാഷ്ട്രീയത്തിലെ വിഗ്രഹവല്‍ക്കരണത്തിന് തുടക്കമിട്ടവര്‍ കോണ്‍ഗ്രസാണ്. നെഹ്റു മുതലുള്ള ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. രാജ്യത്തിന്റെ മുക്കിലും മൂലയിലുമൊക്കെ റോഡുകളും കോര്‍ണറുകളും നെഹ്റുകുടുംബത്തിലെ വിവിധ നേതാക്കളുടെ പേരുകളില്‍ പിന്നീട് പ്രസിദ്ധമായി. വിഗ്രഹരാഷ്ട്രീയം മഹാരാഷ്ട്രയില്‍ ശിവസേനയും ഉപയോഗിക്കുന്നതിന്റെ തെളിവാണ് ബാല്‍താക്കറെയുടെ പ്രതിമയെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍.

ഇപ്പോള്‍ പട്ടേല്‍പ്രതിമയുടെ പേരില്‍ മോഡി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന്റെ രഹസ്യ അജന്‍ഡ ഏറെ ഗൗരവത്തോടെ നേരിടേണ്ടതുണ്ട്. ഗുജറാത്തെന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്ന പേര് പട്ടേലിന്റേതല്ല; ഗാന്ധിയുടേതാണ്. ഒരു പ്രതിമയുടെയും പൊലിമയില്‍ ഉണ്ടായതല്ല മഹാത്മജിക്ക് ഭാരതീയമനസ്സുകളിലുള്ള പൂജിതസ്ഥാനം. ഇങ്ങനെയൊരു നാട്ടില്‍ പട്ടേല്‍ ഒരു ബിംബമായി ഉയര്‍ന്നുവരുന്നതല്ല, അതിന്റെ ലക്ഷ്യം ചരിത്രത്തെ വഴിതിരിച്ചുവിടാനുള്ള തന്ത്രമാകുന്നതാണ് അപകടം. പ്രാഥമികമായതിനെ തിരസ്കരിക്കുകയെന്നതാണ് ഫാസിസത്തിന്റെ രീതിശാസ്ത്രം. തെരഞ്ഞെടുപ്പില്‍ ജനകീയപ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നതിനുപകരം വിഭജനരാഷ്ട്രീയം പ്രചരിപ്പിക്കാന്‍ മാത്രമുള്ളതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍. അതുകൊണ്ടുതന്നെ, അധികാരത്തിനുവേണ്ടിയുള്ള മോഡിയുടെ വേഷപ്പകര്‍ച്ചമാത്രമാണ്് പട്ടേല്‍ പ്രതിമയുടെ പേരിലുള്ള വിവാദം.

*
പി വി ഷെബി ദേശാഭിമാനി

No comments: