Saturday, November 23, 2013

മതനിരപേക്ഷതയുടെ പ്രതീകം

കറകളഞ്ഞ മതനിരപേക്ഷതയുടെയും തികഞ്ഞ സാമ്രാജ്യത്വവിരുദ്ധ ചിന്താഗതിയുടെയും പ്രതീകമായിരുന്നു മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്. കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന കൊടുങ്ങല്ലൂരില്‍ 1898ലാണ് അദ്ദേഹം ജനിച്ചത്. 1945 നവംബര്‍ 23ന് അന്തരിച്ചു. അദ്ദേഹത്തിന്റെ 68-ാം ചരമവാര്‍ഷികദിനം ആചരിക്കുന്ന വേളയില്‍ ഇന്നത്തെ കാലഘട്ടത്തിലെ പ്രസക്തമായ ചില വിഷയങ്ങള്‍ ഓര്‍മയില്‍ വരികയാണ്.

അബ്ദുറഹ്മാന്‍ സാഹിബ് മനുഷ്യസ്നേഹിയായ കോണ്‍ഗ്രസുകാരനായിരുന്നു. ഇന്ത്യയുടെ ദേശീയ വിമോചനപോരാട്ടത്തില്‍ സജീവമായ നേതൃത്വം വഹിച്ചു. കോണ്‍ഗ്രസിലെ ഇടതുപക്ഷത്തോടൊപ്പമാണ് സാഹിബ് നിലയുറപ്പിച്ചത്. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് പാര്‍ടിയോട് എതിര്‍പ്പില്ലെന്നുമാത്രമല്ല നല്ല അടുപ്പവുമുണ്ടായിരുന്നു. നിലവിലുള്ള സമൂഹത്തില്‍ പുരോഗമനപരമായ മാറ്റംവരണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചവരില്‍ ഒരാളായിരുന്നു അദ്ദേഹം. പിന്നോക്കാവസ്ഥയില്‍ കഴിയാന്‍ നിര്‍ബന്ധിതരായ മുസ്ലിം ജനവിഭാഗത്തെ മറ്റുള്ളവരോടൊപ്പം ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനനുസരിച്ച് സധൈര്യം പ്രവര്‍ത്തിക്കുകയുംചെയ്തു. അനീതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിച്ചു. ചുരുങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനകാലത്ത് വര്‍ഷങ്ങളോളം ബ്രിട്ടീഷ് സാമ്രാജ്യത്വം അദ്ദേഹത്തെ കാരാഗൃഹത്തിലടച്ചിട്ടു. 1940 മുതല്‍ 1945 വരെ. 1945 സെപ്തംബര്‍ നാലിനാണ് ജയില്‍ മോചിതനായത്. പിന്നീട് 80 ദിവസംമാത്രമാണ് അദ്ദേഹം ജീവിച്ചിരുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വശക്തികളില്‍നിന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യം പിടിച്ചെടുക്കാന്‍ സ്വജീവിതം ഉഴിഞ്ഞുവച്ച ധീരനായ സ്വാതന്ത്ര്യസമര പോരാളിയുടെ ഓര്‍മ, യുവതലമുറയെ ആവേശഭരിതരാക്കുമെന്നതില്‍ സംശയമില്ല.

അലിഗര്‍ സര്‍വകലാശാലാ വിദ്യാര്‍ഥിയായിരിക്കെ വിദ്യാലയം വിട്ട അദ്ദേഹം സ്വാതന്ത്ര്യസമരപോരാളിയായി മാറി. ഖിലാഫത്ത് പ്രസ്ഥാനത്തില്‍ സജീവമായ പങ്കുവഹിച്ചു. 1921ല്‍ ആരംഭിച്ച മലബാര്‍ കലാപത്തില്‍ മാപ്പിളകര്‍ഷകരുടെ ഭാഗത്ത് ഉറച്ചുനിന്നു. ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരായ പോരാട്ടമാണ്, മാപ്പിളലഹളയെന്ന് ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ പേരിട്ട മലബാര്‍കലാപമെന്ന് സാഹിബ് തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെയാണ് സമരക്കാരോടൊപ്പം നില്‍ക്കാന്‍ അദ്ദേഹം തയ്യാറായത്. കര്‍ഷകരെ കടുത്ത ചൂഷണത്തിന് വിധേയരാക്കിയ ജന്മികള്‍ക്ക് സഹായം നല്‍കിയത് ബ്രിട്ടീഷ് ഭരണാധികാരികളായിരുന്നു. ഒന്നാംലോകമഹായുദ്ധകാലത്ത് പട്ടാളത്തില്‍ ചേര്‍ന്ന് യുദ്ധംചെയ്ത മാപ്പിളമാര്‍ യുദ്ധം അവസാനിച്ചതോടെ കൂട്ടത്തോടെ പിരിച്ചുവിടപ്പെട്ടു. തൊഴില്‍രഹിതരായ മാപ്പിളമാര്‍ ജന്മിമാരില്‍നിന്ന് ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്തു. കഠിനാധ്വാനംചെയ്ത് കൃഷിചെയ്ത് ഉല്‍പ്പാദനം പരമാവധി വര്‍ധിപ്പിച്ച കര്‍ഷകരുടെ ഉല്‍പ്പന്നത്തില്‍ സിംഹഭാഗവും ജന്മിമാര്‍ പാട്ടമായി തട്ടിയെടുത്തു. കര്‍ഷകര്‍ക്ക് പട്ടിണികിടക്കേണ്ടി വന്നു. ഈ അനുഭവമാണ് ഏറനാട്ടിലെ മാപ്പിള കര്‍ഷകരെ ജന്മിമാര്‍ക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. ജന്മിമാരെ സഹായിച്ച് ജന്മിസമ്പ്രദായം അരക്കിട്ടുറപ്പിക്കാന്‍ അധികാരം ഉപയോഗിച്ചത് ബ്രിട്ടീഷ് സാമ്രാജ്യത്വമായിരുന്നു. അതുകൊണ്ടുതന്നെ ഏറനാട്ടിലെ കര്‍ഷകസമരം ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരായിരുന്നു. ഈ വസ്തുത കോണ്‍ഗ്രസിലെ ഒരു ചെറിയ വിഭാഗം തിരിച്ചറിഞ്ഞു. കോണ്‍ഗ്രസ് നേതൃത്വവും ലീഗ് നേതൃത്വവും മലബാര്‍ കലാപത്തിനെതിരായ നിലപാടാണ് സ്വീകരിച്ചത്. മുഹമ്മദ് അബ്ദറഹ്മാന്‍ സാഹിബ്, മൊയ്തു മൗലവി എന്നിവര്‍ മുസ്ലിം കലാപകാരികളോടൊപ്പം ഉറച്ചുനിന്നു. മലബാര്‍ കലാപത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിച്ച 1946ല്‍, അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി കലാപത്തെ അവലോകനംചെയ്ത് ശരിയായ നിലപാട് സ്വീകരിച്ചു. അന്നത്തെ മലബാര്‍ കമ്മിറ്റി മലബാര്‍ കലാപത്തെപ്പറ്റി ഒരു പ്രമേയം അംഗീകരിച്ചു. സ. ഇ എം എസ് "ആഹ്വാനവും താക്കീതും" എന്ന ലേഖനം ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചു. കോണ്‍ഗ്രസ് നേതാവായ എം പി നാരായണമേനോനും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനൊപ്പമായിരുന്നു. ദേശീയ മുസ്ലിങ്ങള്‍ എന്ന പേരില്‍ അറിയപ്പെട്ട മുസ്ലിം ചെറുപ്പക്കാര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ സജീവമായ പങ്ക് വഹിച്ചു. 1906ല്‍ ആരംഭിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നേതൃത്വം ദേശീയ മുസ്ലിങ്ങള്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചത്. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, ഇ മൊയ്തു മൗലവി, പി പി ഉമ്മര്‍കോയ തുടങ്ങി നിരവധി മുസ്ലിംനേതാക്കള്‍, കോണ്‍ഗ്രസ് നേതാക്കള്‍ എന്ന നിലയില്‍ സ്വാതന്ത്ര്യസമരത്തില്‍ ധീരമായി അണിനിരന്നു. അവരാണ് ദേശീയ മുസ്ലിങ്ങള്‍ എന്ന പേരില്‍ അറിയപ്പെട്ടത്.

അബ്ദുറഹ്മാന്‍ സാഹിബിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരധ്യായമാണ് അല്‍അമീന്‍ എന്ന പത്രത്തിന്റെ പ്രസിദ്ധീകരണം. അല്‍അമീന്‍ പത്രത്തെപ്പറ്റി ഇ എം എസ് രേഖപ്പെടുത്തിയതിങ്ങനെയാണ്. ""അലിഗര്‍ സര്‍വകലാശാലയില്‍ അധ്യയനം നടത്തിക്കൊണ്ടിരിക്കവേ നിസ്സഹകരണപ്രസ്ഥാനത്തിന്റെയും ഖിലാഫത്തിന്റെയും സന്ദേശമുള്‍ക്കൊണ്ട് രാഷ്ട്രീയത്തിലേക്ക് കുതിച്ചുചാടിയ ഒരു യുവാവായിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ മാതൃഭൂമിക്ക് സമാന്തരമായി അല്‍അമീന്‍ എന്ന പേരില്‍ ഒരു ദേശീയ മുസ്ലിംപത്രം നടത്തി. മൊയ്തുമൗലവിയടക്കം സമര്‍ഥരായ പല സഹായികളും അദ്ദേഹത്തിനുണ്ടായിരുന്നു. പിന്നീട് മുസ്ലിം ലീഗ് നേതാക്കളായി പ്രശസ്തിയാര്‍ജിച്ച ചിലരും അന്ന് സാഹിബിന്റെ അനുയായികളായിരുന്നു. 1921ലെ "മാപ്പിളലഹള"യെത്തുടര്‍ന്ന് ഏറനാട്, വള്ളുവനാട് താലൂക്കുകളിലെ മുസ്ലിങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട നിലയില്‍ കഴിഞ്ഞുകൂടുമ്പോള്‍ അവരില്‍ ആത്മവിശ്വാസവും സ്വാതന്ത്ര്യസമരത്തിന്റെ ആവേശവും പകര്‍ന്നുകൊടുക്കാന്‍ അല്‍അമീന്‍ പത്രത്തിന് ചുറ്റും രൂപംകൊണ്ട ദേശീയ മുസ്ലിങ്ങളും അവരുടെ കഴിവ് മുഴുവന്‍ ഉപയോഗിച്ചു. ഇതിലവര്‍ക്ക് വ്യക്തിപരമായി നേതൃത്വം നല്‍കിയത് മുഹമ്മദ് അബ്ദുറഹ്മാനാണ്. 1930ല്‍ ഉപ്പുസത്യഗ്രഹം നടക്കുമ്പോള്‍ ഞാനൊരു വിദ്യാര്‍ഥിയായിരുന്നു. അന്ന് മാതൃഭൂമിയെന്നപോലെ അല്‍അമീനും കൃത്യമായി വായിച്ചിരുന്നു. എന്നെപ്പോലുള്ള യുവ ദേശീയവാദികളില്‍ മാതൃഭൂമിയേക്കാള്‍ ഒട്ടും കുറയാത്ത സ്വാധീനം അല്‍അമീന്‍ ചെലുത്തിയിരുന്നു"". അല്‍അമീന്‍ എന്ന പത്രത്തിന്റെ അന്നത്തെ പ്രാധാന്യം തിരിച്ചറിയാന്‍ ഇതിനപ്പുറം ഒരു സാക്ഷ്യപത്രം ആവശ്യമില്ല.

അബ്ദുറഹ്മാന്‍ സാഹിബ് കോണ്‍ഗ്രസിലെ ഇടതുപക്ഷത്താണ് നിലയുറപ്പിച്ചത്. 1934-35 കാലത്തും 1938-39 കാലത്തും കെപിസിസിയില്‍ ഇടതുപക്ഷത്തിനായിരുന്നു ഭൂരിപക്ഷം. അബ്ദുറഹ്മാന്‍ സാഹിബ് മൂന്നാംതവണ കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം പ്രസിഡന്റായിരുന്നപ്പോള്‍ ഇ എം എസ് കെപിസിസി സെക്രട്ടറിയായിരുന്നു. 1934ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി രൂപീകരിച്ചപ്പോള്‍ ഇ എം എസ് അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി. 1936ല്‍ ജവാഹര്‍ലാല്‍ നെഹ്റു കോണ്‍ഗ്രസ് പ്രസിഡന്റായി. സുഭാഷ് ചന്ദ്രബോസ് കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ഇടതുപക്ഷത്തിന്റെ പിന്തുണയോടെയായിരുന്നു. 1939ലും 1940ലും തെരഞ്ഞെടുക്കപ്പെട്ട ദേശീയ മുസ്ലിങ്ങളോട് സഖ്യത്തിലേര്‍പ്പെട്ട ഇടതുപക്ഷം 1938-40 കാലത്ത് കോണ്‍ഗ്രസില്‍ ഗണ്യമായ സ്വാധീനം നേടി. ഭൂരിപക്ഷ വര്‍ഗീയതയ്ക്കും ന്യൂനപക്ഷ വര്‍ഗീയതയ്ക്കും എതിരായി ഉറച്ച നിലപാട് സ്വീകരിച്ച അബ്ദുറഹ്മാന്‍ സാഹിബ് ഹിന്ദു-മുസ്ലിം ഐക്യത്തിനുവേണ്ടിയാണ് നിലകൊണ്ടത്. ഇടതുപക്ഷത്തെ മുഖ്യശത്രുവായി കാണുകയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് നയം രൂപീകരിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസുകാരുടെ ഗുണങ്ങളോട് വിടപറഞ്ഞിരിക്കുന്നു.

മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ഓര്‍മപോലും ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് പേടിസ്വപ്നമാണ്. സാഹിബ് കോണ്‍ഗ്രസിനകത്തും പുറത്തും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. ജയിക്കുകയും തോല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, നാല് വോട്ടിനായി സ്വന്തം ആശയവും ആദര്‍ശവും ബലികഴിക്കാന്‍ തയ്യാറല്ലെന്ന് പലതവണ ആവര്‍ത്തിച്ച് വ്യക്തമാക്കി. ഒരു സ്ഥാനാര്‍ഥിയെന്ന നിലയില്‍ വോട്ടിനായി ഒരു സ്ഥാപനത്തിന്റെ ഉടമയെ സന്ദര്‍ശിച്ചു. സ്വയം പരിചയപ്പെടുത്തി. "ഞാന്‍ ഈ തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതാവശ്യമാണെന്നും നല്ലതാണെന്നും തോന്നുകയാണെങ്കില്‍ എനിക്ക് വോട്ടുചെയ്യണം" എന്ന് മാത്രം പറഞ്ഞ് സ്ഥലം വിട്ടു. ഒന്നിച്ചുപോയ ആളുകള്‍ അദ്ദേഹത്തെ ഉപദേശിച്ചു- ഇങ്ങനെയൊന്നും വോട്ടു ചോദിച്ചാല്‍ പോര. എന്നാല്‍, അബ്ദുറഹ്മാന്‍ സാഹിബ് തറപ്പിച്ചുപറഞ്ഞു, ഇതില്‍നിന്ന് വ്യത്യസ്തമായി സംസാരിക്കാന്‍ എന്നെക്കൊണ്ടാവില്ല. സ്വന്തം ആദര്‍ശത്തില്‍നിന്ന് കടുകിട വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. നാല് വോട്ടിനുവേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത, നാഴികയ്ക്ക് നാല്‍പ്പതു വട്ടം വാക്ക് മാറുന്ന, കളവ് പറയുന്നത് ജീവിതചര്യയാക്കി മാറ്റിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അബ്ദുറഹ്മാന്‍ സാഹിബിനെ സ്നേഹിക്കാനോ ബഹുമാനിക്കാനോ കഴിയില്ല.

ശതകോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തുകയും പൊതുഖജനാവിലെ പണം ധൂര്‍ത്തടിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അബ്ദുറഹ്മാന്‍ സാഹിബ് അഭിമതനാകുകയില്ല. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വര്‍ഗീയശക്തികളുമായി കൂട്ടുചേരുകയും അവര്‍ക്കുവേണ്ടി വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുന്ന നേതാക്കള്‍ക്കെങ്ങനെയാണ് അബ്ദുറഹ്മാന്‍ സാഹിബിനെ ഓര്‍ക്കാന്‍ കഴിയുക? ഇടതുപക്ഷ ജനാധിപത്യമുന്നണി ഹര്‍ത്താല്‍ നടത്തുമ്പോള്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സര്‍വരോഗ വിനാശിനിയും സകലക്ഷേമപ്രദായിനിയുമാണെന്ന് ഉദ്ഘോഷിക്കുന്ന ഉമ്മന്‍ചാണ്ടി, മതമേധാവികള്‍ രോഷം പ്രകടിപ്പിച്ചപ്പോള്‍ റിപ്പോര്‍ട്ട് മാറ്റണമെന്നും തള്ളിക്കളയണമെന്നും മാറിമാറി പറയുന്നത് നമുക്ക് ഒരാഴ്ചയ്ക്കകം പലതവണ കാണാന്‍ കഴിഞ്ഞു. അധികാരം നേടലും നിലനിര്‍ത്തലും പണം സമ്പാദിക്കലുംമാത്രം ജീവിതലക്ഷ്യമായി അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ക്ക് മുഹമ്മദ് അബ്ദുറഹ്മാന്‍ എന്ന കോണ്‍ഗ്രസ് നേതാവിന്റെ വാക്കുകള്‍ ആദരവോടെ ഓര്‍മിക്കാന്‍ കഴിയില്ല. മഹാത്മാഗാന്ധിയെ ഓര്‍ക്കാനും ഇക്കൂട്ടര്‍ക്കാവില്ല. കറകളഞ്ഞ സാമ്രാജ്യത്വവിരുദ്ധ ചിന്താഗതിയും യഥാര്‍ഥ മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ കോണ്‍ഗ്രസില്‍ ഇല്ലാതായിരിക്കുന്നു. അതെന്തുതന്നെയായാലും മുഹമ്മദ് അബ്ദുറഹ്മാന്റെ ജീവചരിത്രം പുതിയ തലമുറ വായിച്ചുപഠിക്കുന്നത് നല്ലതാണെന്നുമാത്രം ഓര്‍മിപ്പിക്കുന്നു.

*
വി വി ദക്ഷിണാമൂര്‍ത്തി ദേശാഭിമാനി

No comments: