സത്യമേവ ജയതേ. പക്ഷേ ഏതാണ് സത്യം? ഏതാണ് അസത്യം? ഇതാണ് പ്രശ്‌നം.
സത്യം കംപ്യൂട്ടര്‍ സര്‍വീസസ് അസത്യത്തിന്റ പര്യായമാണെന്ന് നാം ഇന്ന് തിരിച്ചറിയുന്നു. ഇനിയും എത്ര കോര്‍പറേറ്റ് തട്ടിപ്പുവീരന്മാര്‍ സത്യത്തിന്റെ മുഖം മൂടി അണിഞ്ഞ് വിലസുന്നുണ്ടാകണം. കോര്‍പറേറ്റ് തട്ടിപ്പുകളുടെ അനിവാര്യത കൃത്യമായി തിരിച്ചറിഞ്ഞ ഒരു പണ്ഡിതനുണ്ട്. ജെഎന്‍യു സര്‍വകലാശാലയിലെ പ്രൊഫ. സി പി ചന്ദ്രശേഖര്‍. 2006ല്‍ അദ്ദേഹം ഒരു പ്രബന്ധം എഴുതി, "ധന ഉദാരവല്‍ക്കരണവും ധനതട്ടിപ്പുകളും”. ഇന്ത്യന്‍ ഓഹരിവിലകളുടെ വിസ്‌മയകരമായ കുതിപ്പിനെ സൂക്ഷ്മമായി വിലയിരുത്തുന്ന ഈ ലേഖനം ഓഹരിയുടെ മുഖവിലയും അതില്‍നിന്നുള്ള ആദായവും ബന്ധപ്പെട്ട തോതുകളിലെ പൊരുത്തക്കേടുകളും ചൂണ്ടിക്കാണിച്ചുകൊണ്ട് എത്തിച്ചേര്‍ന്ന നിഗമനം ഇതാണ്.
“സ്റ്റോക്ക് മാര്‍ക്കറ്റിലെ കുതിപ്പ് വിശദീകരിക്കുന്നതിന് സാധാരണ പരിഗണിക്കാറില്ലാത്ത ചില ഘടകങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് ഓഹരിവിലകള്‍ ഉയര്‍ത്തുന്നതിനുവേണ്ടി അക്കൌണ്ടുകളില്‍ തിരിമറി നടത്തുന്നതാണ്. ഉയര്‍ന്ന ഓഹരിവിലകളെ ഉപയോഗപ്പെടുത്തി ചുളുവില്‍ പുതിയ മൂലധനം സമാഹരിക്കുന്നതിനും അതുവഴി മൂലധനത്തിന്റെ ചെലവ് കുറയ്ക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.”
പ്രൊഫ. സി പി ചന്ദ്രശേഖര്‍ പ്രവചിച്ച മാതൃകയിലുള്ള തട്ടിപ്പു കേസിലാണ് ഇന്ത്യന്‍ ഐടി വ്യവസായത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി വിശേഷിപ്പിക്കപ്പെട്ടിരുന്ന സത്യം കംപ്യൂട്ടര്‍ സര്‍വീസസ് പിടിക്കപ്പെട്ടിരിക്കുന്നത്. ഏതാണ്ട് ഒരു ദശാബ്ദമായി അറിഞ്ഞുകൊണ്ടുതന്നെ ലാഭം പെരുപ്പിച്ചുകാണിക്കാന്‍ കള്ളക്കണക്കുണ്ടാക്കുകയായിരുന്നു എന്നാണ് സത്യത്തിന്റെ ചെയര്‍മാന്‍ രാമലിംഗ രാജു സമ്മതിച്ചത്. കള്ളക്കണക്കുകളും യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള വ്യത്യാസം ഇന്ന് 7,800 കോടിയില്‍പരം രൂപ വരും. ചുരുക്കത്തില്‍ കണക്കുപ്രകാരം കമ്പനിയുടെ കൈയില്‍ കാണേണ്ട അയ്യായിരത്തില്‍പരം കോടി രൂപയുടെ ബാങ്ക് ബാലന്‍സും ബാക്കി തുകയ്ക്കുള്ള ആസ്തികളും നിലവിലില്ല. ശമ്പളം കൊടുക്കാനുള്ള കാശുപോലുമില്ലാത്ത നിലയിലേക്ക് കാര്യങ്ങളെത്തി.
കഥ വായിക്കുന്ന സാധാരണക്കാര്‍ക്ക് പിടികിട്ടാത്ത ആദ്യത്തെ കാര്യമിതാണ്. സാധാരണഗതിയില്‍ പണത്തട്ടിപ്പ് എന്നു പറഞ്ഞാല്‍ യഥാര്‍ഥത്തിലുള്ള വരുമാനവും ലാഭവും കുറച്ചു കാണിച്ച് കള്ളപ്പണം കരസ്ഥമാക്കലാണല്ലോ. എന്നാല്‍, ഇവിടെ കാര്യങ്ങള്‍ നേരെമറിച്ചാണ്. ലാഭം പെരുപ്പിച്ചുകാണിച്ചാണ് രാമലിംഗ രാജു പ്രതിസന്ധിയിലായിരിക്കുന്നത്. കൂടുതല്‍ ലാഭം കാണിച്ചാല്‍ ഓഹരി ഉടമസ്ഥര്‍ക്ക് ഡിവിഡന്റും മറ്റുമായി കൂടുതല്‍ തുക നല്‍കേണ്ടി വരില്ലേ?
സമകാലീന മുതലാളിത്തത്തിന്റെ ഒരു സവിശേഷതയിലേക്കാണ് ഈ ചോദ്യംനമ്മെ കൊണ്ടെത്തിക്കുന്നത്. കമ്പനികളുടെ ഓഹരി വ്യാപാരം ഓഹരിയില്‍നിന്ന് ലഭിക്കാവുന്ന ഡിവിഡന്റ് വരുമാനത്തിനുവേണ്ടി മാത്രമല്ല. മൊത്തം ഓഹരി ഇടപാടുകളുടെ ചെറിയ ഭാഗമേ ഈ ലക്ഷ്യംവച്ച് നടക്കുന്നുളളൂ. ബാക്കി വാങ്ങിയ മുഴുവന്‍ ഓഹരികളും കൂടിയ വിലയ്ക്ക് മറിച്ചുവിറ്റ് ലാഭമുണ്ടാക്കാനുള്ള ലക്ഷ്യംവച്ചാണ്. സ്വാഭാവികമായും ലാഭം കൂടുതലുള്ള കമ്പനികളുടെ ഓഹരികളുടെ വിലയാണ് കൂടുതല്‍ ഉയരുക. കമ്പനിയുടെ കണക്കില്‍ കാണിക്കുന്ന ലാഭംമുഴുവന്‍ ഡിവിഡന്റായി നല്‍കേണ്ടതുമില്ല. നല്ലൊരുഭാഗം റിസര്‍വ് ഫണ്ടാക്കി മാറ്റാം. ഓഹരികളുടെ വില ഉയരുന്നതിന്റെ ഗുണം കമ്പനിക്കുമുണ്ട്. കമ്പനിസ്വത്തിന്റെ മൂല്യം ഉയരും. ഇത്തരം കമ്പനികള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ വായ്പ എടുക്കാന്‍ പറ്റും.
കള്ളക്കണക്കെഴുതിയിട്ടാണെങ്കിലും ലാഭം പെരുപ്പിച്ച് കാണിച്ചാല്‍ ആദായനികുതിയും കമ്പനി നികുതിയും കൊടുത്ത് മുടിഞ്ഞുപോകില്ലേ എന്നത് മറ്റൊരു ന്യായമായ സംശയമാണ്. ലാഭം എത്രയായിരുന്നാലും ഒരു നികുതിയും രാമലിംഗരാജു കൊടുക്കേണ്ടതില്ല. കാരണം ഇന്ത്യാ സര്‍ക്കാര്‍ ഐടി വ്യവസായത്തിന് എട്ടുവര്‍ഷത്തെ സമ്പൂര്‍ണനികുതി ഇളവ് നല്‍കിയിരിക്കുകയാണ്. അതുകൊണ്ട് തട്ടിപ്പ് നടത്താന്‍ രാമലിംഗ രാജുവിന് കാര്യങ്ങള്‍ എളുപ്പമായി.
യഥാര്‍ഥത്തില്‍ ശമ്പളത്തിനുപോലും കഷ്ടിമാത്രം കാശുണ്ടായിരുന്ന സത്യം കമ്പനി എന്തിനാണ് തന്റെ കുടുംബ ഉടമസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ 8000 കോടി രൂപ തുകയ്ക്ക് വാങ്ങിക്കാന്‍ പുറപ്പെട്ടത് ? സത്യം കംപ്യൂട്ടേഴ്സിന്റെ ഓഹരി ഉടമസ്ഥന്മാര്‍ ഭയപ്പെട്ടതുപോലെ സത്യം കമ്പനി കൊടുക്കാന്‍ നിശ്ചയിച്ച വിലയേക്കാള്‍ വളരെ താഴ്ന്നതായിരുന്നു റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ യഥാര്‍ഥ വില. ഇല്ലാത്ത ക്യാഷ് ബാലന്‍സ് തന്റെ കുടുംബ കമ്പനികള്‍ക്ക് വിലയായി നല്‍കുന്നതിന്റെ മറവില്‍ എഴുതിത്തള്ളാം എന്നായിരുന്നു രാമലിംഗ രാജു കരുതിയത്. സത്യം കമ്പനിയുടെ കണക്കുകള്‍ നേരെയാക്കാന്‍ ഇതുമാത്രമായിരുന്നു പോംവഴിയായി രാജു കണ്ടത്. എന്നാല്‍, ഓഹരി ഉടമസ്ഥരുടെ എതിര്‍പ്പുമൂലം ഈ ഇടപാട് പൊളിഞ്ഞതോടെ ഒരു ദശാബ്ദക്കാലം തുടര്‍ന്നിരുന്ന കള്ളത്തരങ്ങള്‍ മുഴുവന്‍ പുറത്തുവന്നു.
ഇത്രയുംനാള്‍ തുടര്‍ച്ചയായി രാമലിംഗ രാജു കള്ളത്തരം കാണിച്ചിട്ട് ആര്‍ക്കും ഇത് പിടികിട്ടാതെ പോയതെങ്ങനെ എന്നത് മറ്റൊരു സുപ്രധാന ചോദ്യമാണ്. ഇതിനുത്തരം പറയേണ്ടത് കമ്പനിയുടെ ഓഡിറ്റര്‍മാരായ “പ്രൈസ് വാട്ടര്‍ ഹൌസ് ആന്‍ഡ് കൂപ്പര്‍” ആണ്. 'ഭീമന്‍ നാല്' എന്ന പേരില്‍ അറിയപ്പെടുന്ന “കെപിഎംജി“, “ഏണസ്റ്റ് ആന്‍ഡ് യങ് തുടങ്ങിയവരെപ്പോലെ ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റ് ബഹുരാഷ്ട്രകുത്തകയാണ് പ്രൈസ് വാട്ടര്‍ ഹൌസ് ആന്‍ഡ് കൂപ്പര്‍. ഈ ഓഡിറ്റ് സ്ഥാപനങ്ങളുടെ പ്രശസ്തി മൂലം ഇവരുടെ സര്‍ട്ടിഫിക്കറ്റ് എല്ലാവരും മുഖവിലയ്ക്കാണെടുക്കുക. ഇപ്പോള്‍ പ്രതിക്കൂട്ടില്‍ രാമലിംഗ രാജു മാത്രമല്ല. കള്ളക്കണക്കുകള്‍ക്കെല്ലാം സാക്ഷ്യംനല്‍കിയിട്ടുള്ള പ്രൈസ് വാട്ടര്‍ കൂപ്പര്‍ കൂട്ടുപ്രതിയാണ്. ഏഴുവര്‍ഷം മുമ്പാണ് ഈ ലേഖനമെഴുതുന്നതെങ്കില്‍ പ്രൈസ് വാട്ടര്‍ കൂപ്പറിനെ “അഞ്ച് ഭീമന്മാരില്‍ പ്രമുഖനെന്ന് വിശേഷിപ്പിക്കേണ്ടിവരുമായിരുന്നു. മറ്റൊരു ഓഡിറ്റിങ് ബഹുരാഷ്ട്രകുത്തകയായ “ആര്‍തര്‍ ആന്‍ഡേഴ്സൺ” 2002ല്‍ കടയടയ്ക്കേണ്ടിവന്നു. സത്യം തട്ടിപ്പിന്റെ ആഗോള പതിപ്പായ എന്‍റോണ്‍ തട്ടിപ്പ് പുറത്തുവന്നപ്പോഴായിരുന്നു ഈ ഓഡിറ്റിങ് സ്ഥാപനത്തെ പിരിച്ചുവിടേണ്ടിവന്നത്. രണ്ട് തട്ടിപ്പും താരതമ്യപ്പെടുത്തുമ്പോഴുള്ള സാദൃശ്യം രാമലിംഗ രാജു എന്‍റോണിനെ കോപ്പിയടിച്ചതാണോയെന്ന സംശയം ഉണര്‍ത്തും.
സത്യം തട്ടിപ്പിന്റെ ഇന്ത്യയിലെ പ്രത്യാഘാതം താരതമ്യേന വലുതായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതിന് മുഖ്യകാരണം ഇന്ത്യന്‍ ഓഹരിക്കമ്പോളത്തിലെ നിക്ഷേപങ്ങളില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ക്കുള്ള പങ്കാണ്. സത്യം കംപ്യൂട്ടേഴ്സ് പോലെ ആഗോളപ്രശസ്തിയാര്‍ജിച്ച ഒരു കമ്പനിയുടെ വിശ്വാസ്യത ഇതുപോലെയാണെങ്കില്‍ മറ്റുള്ളവയെ എങ്ങനെ വിശ്വസിക്കും? വിസ്മയകരമായ വേഗത്തില്‍ വളര്‍ന്നു കൊണ്ടിരുന്ന ഇന്ത്യന്‍ ഐടി വ്യവസായത്തിന്റെ അടിത്തറ അമേരിക്കയില്‍നിന്നും യൂറോപ്പില്‍നിന്നുമുള്ള ഔട്ട് സോഴ്സിങ്ങാണ്. വിശ്വാസ്യതയുടെ തകര്‍ച്ച ഐടി വ്യവസായത്തിന്റെ വളര്‍ച്ചയുടെ വേഗം മന്ദീഭവിപ്പിക്കും. സത്യം കംപ്യൂട്ടേഴ്സില്‍ ജോലിചെയ്യുന്ന 53,000 തൊഴിലാളികളുടെ ഭാവി മാത്രമല്ല തുലാസില്‍ തൂങ്ങുന്നത്. പുതിയ ഉത്തേജകപാക്കേജുകളുടെ പശ്ചാത്തലത്തില്‍ ഓഹരി ക്കമ്പോളം അനക്കം വച്ചുതുടങ്ങിയപ്പോഴാണ് സത്യംതട്ടിപ്പ് പുറത്തുവന്നത്. അതോടെ സത്യം കമ്പനിയുടെ ഓഹരിവിലകള്‍ മാത്രമല്ല തകര്‍ന്നത്. താരതമ്യേന ചെറിയതോതിലാണെങ്കിലും മറ്റെല്ലാ കമ്പനികളുടെ ഓഹരിവിലകളും താണു. സെന്‍സസ് സൂചിക വീണ്ടും പതിനായിരത്തിന് താഴെയായി. ഈ സ്ഥിതിവിശേഷം ഇന്ത്യയിലെ മാന്ദ്യത്തെ കൂടുതല്‍ രൂക്ഷമാക്കും.
ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ സത്യം തട്ടിപ്പ് രാമലിംഗ രാജു എന്ന വ്യവസായിയുടെ വ്യക്തിപരമായ വ്യതിയാനമായിട്ടാണ് ചിത്രീകരിക്കുന്നത്. എന്നാല്‍, ഇവര്‍ കാണാതെപോകുന്ന സത്യമെന്താണെന്നുവച്ചാല്‍ സാധാരണഗതിയില്‍ നല്ല പങ്ക് സംരംഭകരും അവസരംകിട്ടിയാല്‍ ഇത്തരം തട്ടിപ്പുകളെല്ലാം ചെയ്യും എന്നതാണ്. കാരണം, കടുത്ത കമ്പോളമത്സരം ലാഭം പരമാവധിയാക്കാന്‍ ഇവരെ ഓരോരുത്തരെയും നിര്‍ബന്ധിക്കുകയാണ്. അതുകൊണ്ടാണ് എന്‍റോണ്‍, വേള്‍ഡ് കോം, അഡല്‍ഫിയ കമ്യൂണിക്കേഷന്‍സ്, ടൈകോം, ഗ്ളോബല്‍ ക്രോസിങ്, പാര്‍മാലാത്ത്, ഗ്ളോബല്‍ ട്രസ്റ് ബാങ്ക്, സത്യം കംപ്യൂട്ടേഴ്സ് എന്നിങ്ങനെ തട്ടിപ്പുകളുടെ പരമ്പര നീളുന്നത്. തട്ടിപ്പ് കേവലം ധാര്‍മികനീതിയുടെ പ്രശ്നമല്ല. മുതലാളിത്തം സൃഷ്ടിക്കുന്ന ലാഭത്തിനായുള്ള ആര്‍ത്തി ലാഭം പരമാവധിയാക്കാന്‍ എന്തുംചെയ്യാന്‍ ഓരോ മുതലാളിയെയും നിര്‍ബന്ധിതരാക്കും. ഇതാണ് മുതലാളിത്തത്തിന്റെ ചലനനിയമം. അതുകൊണ്ട് വ്യവസായം, വ്യാപാരം, ബാങ്കിങ് തുടങ്ങിയവയുടെയെല്ലാം നടത്തിപ്പ് സംബന്ധിച്ച് കര്‍ശനമായ നിയമങ്ങളും അവ നടപ്പാക്കുന്നുണ്ടോ എന്ന് മേല്‍നോട്ടം വഹിക്കാന്‍ വേണ്ട സംവിധാനങ്ങളും കൂടിയേ തീരൂ. നിയോ ലിബറല്‍ ചിന്താഗതി ഇതിനു വിരുദ്ധമാണ്. കമ്പോളം കാര്യങ്ങളെല്ലാം സ്വയം നോക്കിക്കോളും എന്നാണവരുടെ നിലപാട്. ഇത് ലോക മുതലാളിത്തത്തെ ഇന്ന് അത്യഗാധമായ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. ഈ പ്രതിസന്ധിയുടെ വഷളന്‍ രൂപങ്ങളാണ് എന്‍റോണും സത്യവും.
രണ്ടായിരത്തൊന്ന് ഓഗസ്റ്റ് 17ന് എന്‍റോൺ തകര്‍ച്ചയുടെ നാലുമാസം മുമ്പ് നോബല്‍സമ്മാന ജേതാവ് പോള്‍ ക്രൂഗ്മാന്‍ ന്യൂയോര്‍ക്ക് ടൈംസില്‍ എന്‍റോണിനെ കുറിച്ച് എഴുതിയ ലേഖനം ഈയവസരത്തില്‍ സ്മരണീയമാണ്. കാലിഫോര്‍ണിയയിലെ ഊര്‍ജമേഖലയില്‍ എന്‍റോണ്‍ മുംബൈയില്‍ ധാബോല്‍ താപനിലയത്തിന്റെ കാര്യത്തിലെന്നപോലെ കൊള്ള നടത്തിയത് ക്രൂഗ്മാനെ ക്രുദ്ധനാക്കി. എന്‍റോൺ കമ്പനിയുടെ ധനകാര്യ തിരിമറികളെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ് ലേഖനത്തില്‍ അദ്ദേഹം വ്യക്തമായ സൂചന നല്‍കി. അദ്ദേഹം എഴുതി.
'ഊര്‍ജം പോലുള്ളവയുടെ സമ്പൂര്‍ണ കമ്പോളവല്‍ക്കരണത്തിന്റെയും നിയന്ത്രണരാഹിത്യത്തിന്റെയും ഫലമായി എന്ത് സംഭവിക്കാമെന്നതിന് ഉദാഹരണമാണ് എന്‍റോണ്‍'.
ഇതിന് മറുപടിയായി ചെയര്‍മാന്‍ കെന്നത്ത് ലേ എന്‍റോണിന്റെ തത്വശാസ്ത്രത്തെ പത്രാധിപര്‍ക്കുള്ള കുറിപ്പില്‍ ഇപ്രകാരമാണ് വിശദീകരിച്ചത്.
'ക്രൂഗ്മാന്റെ എന്‍റോണിനുനേരെയുള്ള ഏറ്റവും പുതിയ വിമര്‍ശനത്തിന്റെ യഥാര്‍ഥ ലക്ഷ്യം സ്വതന്ത്ര കമ്പോളവ്യവസ്ഥയെ താറടിക്കുകയാണ്. സ്വതന്ത്ര കമ്പോളവ്യവസ്ഥയില്‍ ജനങ്ങളാണ് തീരുമാനങ്ങള്‍ തെരഞ്ഞെടുക്കുന്നത്. അവര്‍തന്നെയാണ് തങ്ങളുടെ അധ്വാനത്തിന്റെയും വൈദഗ്ധ്യത്തിന്റെയും ബുദ്ധിയുടെയും ഹൃദയത്തിന്റെയും ഫലങ്ങള്‍ എങ്ങനെ ആസ്വദിക്കണമെന്ന് തീരുമാനിക്കുന്നത്. എന്നാല്‍, ക്രൂഗ്മാന്‍ ജനങ്ങള്‍ക്കുവേണ്ടി തീരുമാനമെടുക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കുത്തക സ്ഥാപനങ്ങളെ ആശ്രയിക്കണമെന്നാണ് വാദിക്കുന്നത്. ഇന്നത്തെ പ്രശ്നങ്ങള്‍ ഇതുപോലെ കുറച്ചുപേര്‍ അടിച്ചേല്‍പ്പിച്ച നിയന്ത്രണങ്ങള്‍ സൃഷ്ടിച്ചവയാണ്. അനേകംപേരുടെ കമ്പോളത്തിലെ തീരുമാനങ്ങളല്ല കാരണം.‘
സത്യത്തിന്റെ തത്വശാസ്ത്രവും ഇതുതന്നെയാണ്. ഈ ദര്‍ശനത്തെ നിരാകരിക്കണം എന്നുള്ളതാണ് സത്യം നടത്തിയ അസത്യപ്രവൃത്തികള്‍ അടിവരയിടുന്നത്. സാമൂഹ്യനിയന്ത്രണങ്ങള്‍ മുതലാളിത്തത്തിന്റെ നിലനില്‍പ്പിനുതന്നെ ആവശ്യമാണ്. അമേരിക്കയിലെ ഏറ്റവും പ്രാമാണികനിക്ഷേപകനായ സോറസ് (ഈ മാന്ദ്യകാലത്തും വിജയകരമായി ലാഭമുണ്ടാക്കിയ പെരുമ ഇദ്ദേഹത്തിനുള്ളതാണ്) ഒരു ഗ്രന്ഥംതന്നെ എഴുതി, “മുതലാളിമാരില്‍ നിന്ന് മുതലാളിത്തത്തെ രക്ഷിക്കാന്‍ ”. സോറസിന് ഇങ്ങനെ പറയാനല്ലേ പറ്റൂ. അതേസമയം മുതലാളിത്തത്തെ രക്ഷിക്കാനാവില്ല എന്ന് ആഗോളപ്രതിസന്ധി കൂടുതല്‍ കൂടുതല്‍ പേരെ ബോധ്യപ്പെടുത്തി ക്കൊണ്ടിരിക്കുകയാണ്.
*
ഡോ. ടി എം തോമസ് ഐസക്
Subscribe to:
Post Comments (Atom)
7 comments:
ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ സത്യം തട്ടിപ്പ് രാമലിംഗ രാജു എന്ന വ്യവസായിയുടെ വ്യക്തിപരമായ വ്യതിയാനമായിട്ടാണ് ചിത്രീകരിക്കുന്നത്. എന്നാല്‍, ഇവര്‍ കാണാതെപോകുന്ന സത്യമെന്താണെന്നുവച്ചാല്‍ സാധാരണഗതിയില്‍ നല്ല പങ്ക് സംരംഭകരും അവസരംകിട്ടിയാല്‍ ഇത്തരം തട്ടിപ്പുകളെല്ലാം ചെയ്യും എന്നതാണ്. കാരണം, കടുത്ത കമ്പോളമത്സരം ലാഭം പരമാവധിയാക്കാന്‍ ഇവരെ ഓരോരുത്തരെയും നിര്‍ബന്ധിക്കുകയാണ്. അതുകൊണ്ടാണ് എന്‍റോണ്‍, വേള്‍ഡ് കോം, അഡല്‍ഫിയ കമ്യൂണിക്കേഷന്‍സ്, ടൈകോം, ഗ്ളോബല്‍ ക്രോസിങ്, പാര്‍മാലാത്ത്, ഗ്ളോബല്‍ ട്രസ്റ് ബാങ്ക്, സത്യം കംപ്യൂട്ടേഴ്സ് എന്നിങ്ങനെ തട്ടിപ്പുകളുടെ പരമ്പര നീളുന്നത്. തട്ടിപ്പ് കേവലം ധാര്‍മികനീതിയുടെ പ്രശ്നമല്ല. മുതലാളിത്തം സൃഷ്ടിക്കുന്ന ലാഭത്തിനായുള്ള ആര്‍ത്തി ലാഭം പരമാവധിയാക്കാന്‍ എന്തുംചെയ്യാന്‍ ഓരോ മുതലാളിയെയും നിര്‍ബന്ധിതരാക്കും. ഇതാണ് മുതലാളിത്തത്തിന്റെ ചലനനിയമം. അതുകൊണ്ട് വ്യവസായം, വ്യാപാരം, ബാങ്കിങ് തുടങ്ങിയവയുടെയെല്ലാം നടത്തിപ്പ് സംബന്ധിച്ച് കര്‍ശനമായ നിയമങ്ങളും അവ നടപ്പാക്കുന്നുണ്ടോ എന്ന് മേല്‍നോട്ടം വഹിക്കാന്‍ വേണ്ട സംവിധാനങ്ങളും കൂടിയേ തീരൂ. നിയോ ലിബറല്‍ ചിന്താഗതി ഇതിനു വിരുദ്ധമാണ്. കമ്പോളം കാര്യങ്ങളെല്ലാം സ്വയം നോക്കിക്കോളും എന്നാണവരുടെ നിലപാട്. ഇത് ലോക മുതലാളിത്തത്തെ ഇന്ന് അത്യഗാധമായ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. ഈ പ്രതിസന്ധിയുടെ വഷളന്‍ രൂപങ്ങളാണ് എന്‍റോണും സത്യവും.
സത്യം ഒരു തട്ടിപ്പു കമ്പനി ആണെന്ന സൂചനകള്‍ നമ്മുടെ മലയാളിയായ ഈ ശ്രീധരന്‍ ഒരു വറ്‍ഷം മുന്‍പ് തന്നെ നല്‍കിയിരുന്നു അദ്ദേഹം ആന്ധ്റ മെട്റോ റെയില്‍ വേ ഡിസ്കഷനുകളില്‍ സത്യം രാജുവിനു മെറ്റ്റോ നടപ്പക്കുന്നതിനെക്കാള്‍ ഭൂമി മറിച്ചു വില്‍ക്കുന്നതില്‍ ആണു താല്‍പ്പര്യം എന്നു ചൂണ്ടിക്കാട്ടി മോണ്ടേക് സിംഗ് അലുവാലിയക്കു കത്തെഴുതിയിരുന്നു എന്നാല്‍ ശ്രീധരനെ പോലെ പ്റോമിനണ്റ്റ് ആയ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞ കാര്യം പരിശോധിക്കാന്‍ ആന്ധ്റ മുഖ്യമന്ത്റിയോ പ്ളാനിംഗ് കമ്മീഷനോ തയ്യാറായില്ല സത്യ രാജു ആയിരുന്നു ആന്ധ്റ മെറ്റ്റോ റെയിലിനു ഫിനാന്‍സ് വാഗ്ദാനം നല്‍കിയിരുന്നത് എറാണാകുളത്തെ മെട്റോ റെയില്‍ പിന്നെ ഇവിടെ ആരും ചോദിക്കാനോ പറയാനോ ഇല്ലാത്തതിനാല്‍ ഡീസ്കഷന്‍ തന്നെ നടന്നില്ല സ്മാറ്‍ട്ട് സിറ്റി പോലെ പോയ വഴി പോയി
പ്രസ്തുത ലേഖനത്തിലേക്കുള്ള ലിങ്ക് പ്രവര്‍ത്തന രഹിതമാണ്‍. ആ ലിങ്ക് കിട്ടിയാല്‍ ഉപകാരമായിരുന്നു
സജി
ലിങ്ക് ശരി ആക്കിയിട്ടുണ്ട്
കേന്ദ്രസര്‍ക്കാര്‍ സത്യത്തെ ബെയില്‍ ഔട്ട് ചെയ്യുമെന്ന് പത്രകിശോരന്മാര്‍. ഒരു മുതലാളി കള്ളത്തരം കാണിച്ചെന്ന് വെച്ച് അന്‍പതിനായിരം തൊഴിലാളികളെ പട്ടിണിക്കിടാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കില്ല. അവര്‍ക്കു വേണ്ടി മാത്രമാണ് ബെയിലൌട്ട് മയിലാട്ടം.
സത്യം ഒരു തട്ടിപ്പു കമ്പനി ആണെന്ന സൂചനകള്‍ നമ്മുടെ മലയാളിയായ ഈ ശ്രീധരന്‍ ഒരു വറ്‍ഷം മുന്‍പ് തന്നെ നല്‍കിയിരുന്നു....."
റിലയന്‍സ് തട്ടിപ്പ് കമ്പനി ആണെന്ന് ധീരുഭായി അംബാനി ഇന്ദിരാ ഗന്ധിയൊട് അതിരറ്റ കൂറ് ഉണ്ടായിരുന്നപ്പോ ഗുജറാത്ത് ബി.ജെ.പിക്കാര്‍ പറഞ്ഞിരുന്നു.പിന്നെ നമ്മുടെ പ്രമോദ് മഹാജനെ റിലയന്‍സ് വിലക്കെടുത്തതോടെ റിലയന്‍സ് ക്ലീന്‍ ആയി.അതിന് ശേഷമാണല്ലോ മഹാജന്‍ സഹോദരനാല്‍(??) കൊല്ലപ്പെട്ടതും മറ്റും മറ്റും.പിന്നെയും കേള്ക്കുന്നു അളിഞ്ഞ മറ്റു കഥകളും..അപ്പൊ എന്താ പറഞ്ഞെ,തട്ടിപ്പ് കമ്പനിയെ പറ്റി അല്ലേ !!!.
കൊള്ളവുന്ന ഒരു ലിങ്ക് http://www.indiatechonline.com/satyam-analysis-14.php
Post a Comment