Monday, January 12, 2009

അസത്യമേവ ജയതേ

ഇന്ത്യന്‍ ഐ. ടി വ്യവസായ നഭസ്സിലെ തിളങ്ങുന്ന നക്ഷത്രം. ഈ വിശേഷണത്തിന് എന്തുകൊണ്ടും അര്‍ഹനായ രാമലിംഗ രാജു ജനുവരി 3ന് താന്‍ ചെയര്‍മാനായ സത്യം കമ്പ്യൂട്ടേഴ്സിന്റെ ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ക്കയച്ച കത്ത് പ്രസിദ്ധീകരണത്തിന് നല്‍കിക്കൊണ്ട് നാടകീയമായ ക്ലൈമാക്സാണ് സൃഷ്ടിച്ചത്. അതിനു മുന്‍പുള്ള ദിവസങ്ങളില്‍ ഈ കമ്പനി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ശ്രീ രാജുവിന്റെ മക്കളുടെ ഉടമസ്ഥതയിലുള്ള മേയ്റ്റാസ് പ്രോപ്പര്‍ട്ടീസ്, മേയ്റ്റാസ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികള്‍ 1.6 ബില്യണ്‍ ഡോളര്‍ നല്‍കി ഏറ്റെടുക്കാനുള്ള പ്രഖ്യാപനം ഡിസംബര്‍ 16നാണ് വന്നത്. ഓഹരിയുടമകളുടെ ശക്തിയായ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മണിക്കൂറുകള്‍ക്കകം പിന്‍‌വലിച്ചു. കമ്പനിയുടെ നടപടികളെക്കുറിച്ച് ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ കമ്പനിയുടെ കണക്കുകളില്‍ 7136 കോടി രൂപയുടെ തിരിമറി നടത്തിയതായി പ്രഖ്യാപിച്ചുകൊണ്ട് താന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയുകയാണെന്ന് ശ്രീ രാജു ജനുവരി 3ന് പ്രഖ്യാപിച്ചു. ടി. എ. ബില്ലില്‍ തിരിമറി കാട്ടി എന്നാരോപിച്ച് ചില ജീവനക്കാരെ ശ്രീ രാജു പിരിച്ചു വിട്ടത് ഏതാനും നാളുകള്‍ക്കു മുന്‍പായിരുന്നു.

ജനുവരി 9ന് കേന്ദ്ര സര്‍ക്കാര്‍ കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നുവെന്ന പ്രഖ്യാപനത്തോടെ അതിന്റെ ആന്റി ക്ലൈമാക്സും പുറത്തായിരിക്കുന്നു. ശ്രീ രാജുവിന്റെ നാടകീയമായ ഏറ്റുപറച്ചിലിനെ വിസ്മയപൂര്‍വ്വം വീക്ഷിച്ചവര്‍ക്ക് ഇനിയും പിടി കിട്ടാത്ത സമസ്യകള്‍ക്ക് വരും ദിവസങ്ങള്‍ അതിന്റെ ഉത്തരം നല്‍കും.

കോണ്‍ഗ്രസ്സിന്റെയും, ആന്ധ്ര മുഖ്യമന്ത്രി രാജശേഖര റെഡ്ഡിയുടെയും ആത്മമിത്രമാണ് രാമലിംഗരാജു. അദ്ദേഹത്തിന്റെ സഹോദരങ്ങളുടെയും മക്കളുടെയും പേരില്‍ വിവിധ വ്യവസായ സ്ഥാപനങ്ങളുണ്ട്. മക്കളുടെ പേരിലുള്ള മേയ്റ്റാസ് (MAYTAS – SATYAM എന്ന പേരിലെ അക്ഷരങ്ങള്‍ തിരിച്ചിട്ടത്) കമ്പനികള്‍ക്ക് ഹൈദരാബാദ് മെട്രോയുടെയും മച്ചിലിപട്ടണത്തെ പുതിയ തുറമുഖത്തിന്റേതുമുള്‍പ്പടെ പതിനായിരക്കണക്കിനു കോടി രൂപയുടെ സര്‍ക്കാര്‍ ബിസിനസ് ഇടപാടുകളുണ്ട്. ഈ ഇടപാടുകളുടെ ഭാ‍ഗമായി ആയിരക്കണക്കിനു കോടി രൂപ വിലവരുന്ന സര്‍ക്കാര്‍ ഭൂമി ഈ കമ്പനികള്‍ക്ക് വഴി വിട്ട് നല്‍കിയിട്ടുണ്ട്. ഹൈദരാബാദ് മെട്രോയുടെ കരാര്‍ മേയ്റ്റാസിനു നല്‍കിയത് കണ്‍സള്‍ട്ടന്റായ ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ (DMRC) റിപ്പോര്‍ട്ട് അവര്‍ക്കനുകൂലമായി തിരുത്തിയിട്ടാണ്‌‍. ഇതിനെതിരായി ശബ്ദമുയര്‍ത്തിയ DMRC മാനേജിംഗ് ഡയറക്ടര്‍ ഇ. ശ്രീധരനെതിരായി കേസു കൊടുക്കുമെന്ന് ഭീഷണി മുഴക്കി ആന്ധ്രയിലെ കോണ്‍ഗ്രസ് സര്‍ക്കാരും അദ്ദേഹത്തെ ശാസിച്ചു കൊണ്ട് കേന്ദ്ര പ്ലാനിംഗ് കമ്മീഷനും അവരുടെ രാജുഭക്തി പ്രകടിപ്പിച്ചു. രാജു നടത്തിയ വെട്ടിപ്പിന്റെ ഒരു രേഖാചിത്രം തന്നെ അയാളുടെ രാജിക്കത്തില്‍ നല്‍കിയിരുന്നെങ്കിലും ഈ കുറ്റവാളിയെ അറസ്റ്റ് ചെയ്യാനുള്ള ഒരു നടപടിയും ആറു ദിവസത്തേക്ക് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല. ഏഴാം ദിവസം രാജു പോലീസ് അധികാരികള്‍ക്കു മുന്നില്‍ സ്വയം കീഴടങ്ങുകയായിരുന്നു.

ബാങ്കുകളെയും ഇതര ധനകാര്യ സ്ഥാപനങ്ങളെയും കുഴപ്പത്തിലാക്കിയ ഹര്‍ഷദ് മേത്തയുടെ ഓഹരി തട്ടിപ്പിനു ശേഷം കോര്‍പറേറ്റ് വ്യവസായി തന്നെ നേതൃത്വം നല്‍കി നടത്തിയ വെട്ടിപ്പാണ് സത്യം കമ്പ്യൂട്ടേഴ്സിന്റെ സ്ഥാപക ചെയര്‍മാനായ രാമലിംഗ രാജുവിന്റെ പേരില്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഹര്‍ഷദ് മേത്തയുടെ തട്ടിപ്പ് 4000 കോടിയുടേതായിരുന്നെങ്കില്‍ ഇപ്പോള്‍ നടന്നത് 7000 കോടിക്കു മുകളിലുള്ള തട്ടിപ്പാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കമ്പനി പ്രസിദ്ധീകരിച്ചു വന്ന ബാലന്‍സ് ഷീറ്റുകളില്‍ നല്‍കിയ കണക്കുകള്‍ കളവായിരുന്നെന്നും ഓരോ വര്‍ഷവും ആസ്തിയും ലാഭവും പെരുപ്പിച്ചു കാട്ടിയിരുന്നെന്നുമാണ് ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചു കൊണ്ട് കമ്പനി ഡയറക്ടര്‍ ബോര്‍ഡിനയച്ച കത്തില്‍ ശ്രീ രാമലിംഗ രാജു ഏറ്റു പറഞ്ഞത്. ഈ കത്തു പ്രകാരം 2008 സെപ്റ്റംബര്‍ 30-ന്റെ ബാലന്‍സ് ഷീറ്റില്‍ ബാ‍ങ്കുകളിലെ നിക്ഷേപമായി 3216 കോടിയുള്ളപ്പോള്‍ അത് 5361 കോടിയായും പെരുപ്പിച്ചു കാട്ടിയ നിക്ഷേപത്തിന്റെ പലിശ 376 കോടിയായും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കമ്പനിയുടെ കൊടുത്തു തീര്‍ക്കാനുള്ള ബാധ്യതകള്‍ കുറച്ചു കാണിക്കുകയും ലഭിക്കാനുള്ള തുക കൂട്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം ചേര്‍ത്ത് 7136 കോടി രൂപയാണ് കണക്കില്‍ കളവായി ഉള്‍പ്പെടുത്തിയത്. കമ്പനിയുടെ പ്രവര്‍ത്തന ലാഭം 61 കോടി രൂപയായിരുന്നത് 649 കോടി രൂപയായി രേഖപ്പെടുത്തി. ഐ. ടി. കമ്പനികള്‍ക്ക് കോര്‍പറേറ്റ് നികുതി ഇളവുള്ളതു കൊണ്ട് ലാഭം എത്രയുണ്ടെങ്കിലും നികുതി അടക്കേണ്ടതില്ല. അതിനാല്‍ പേനത്തുമ്പിലെ വര മാറ്റുന്ന ലാഘവത്തോടെ 61.6 കോടിയുടെ ലാഭം 649 കോടിയാക്കാന്‍ കഴിയുന്നു. കമ്പനി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രസിദ്ധീകരിച്ചു വന്ന ഈ കള്ള ബാലന്‍സ് ഷീറ്റുകള്‍ ഓഡിറ്റ് നടത്തിയത് പ്രൈസ് വാട്ടര്‍ഹൌസ് കൂപ്പേഴ്സ് എന്ന മള്‍ട്ടി നേഷണല്‍ ഓഡിറ്റിംഗ് കമ്പനിയാണ്.

കമ്പനിയുടെ സത്യസന്ധത, കണക്കുകളിലെ സുതാര്യത, അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സികളുടെ അംഗീകാരം, റിസര്‍വ് ബാങ്കു മുതല്‍ സെബി വരെയുള്ള സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണ വ്യവസ്ഥകള്‍ , ലോക പ്രശസ്ത ഓഡിറ്റിംഗ് കമ്പനിയുടെ സര്‍ട്ടിഫിക്കറ്റ് - ഇതെല്ലാം മറികടന്ന് തട്ടിപ്പും വെട്ടിപ്പും നടക്കുന്നു എന്ന വാര്‍ത്ത വായിച്ച് ഒട്ടും അന്ധാളിക്കേണ്ടതില്ല. ലാഭത്തിനും വെട്ടിപ്പിടുത്തത്തിനും വേണ്ടിയുള്ള പരക്കം പാച്ചിലില്‍ മുതലാളി ഇതും ഇതിനപ്പുറവും ചെയ്യുമെന്ന കാര്യം ഓര്‍ത്താല്‍ മതിയാകും. ലോക മുതലാളിത്ത വ്യവസ്ഥയുടെ തന്നെ ഒരു അടിസ്ഥാന സ്വഭാവമാണ് ഇത്തരം തട്ടിപ്പുകള്‍ .

അമേരിക്കയില്‍ നിന്നും MBA ഡിഗ്രിയും കരസ്ഥമാക്കി 1988-ല്‍ നാട്ടില്‍ തിരിച്ചെത്തി ഏതാനും പേരോടൊപ്പം ചേര്‍ന്ന് രാമലിംഗ രാജു തുടങ്ങിയ സത്യം കമ്പ്യൂട്ടേഴ്സ് ഇന്ന് വിവിധ രാജ്യങ്ങളിലായി 66 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന, 53000 ജീവനക്കാരുള്ള, ഇന്ത്യയില്‍ നാലാം സ്ഥാനത്തു നില്‍ക്കുന്ന ഐ. ടി. സ്ഥാപനമാണ്‍. ലോകത്തെ അറിയപ്പെടുന്ന 185ഓളം വന്‍‌കിട കമ്പനികളും ലോകബാങ്കു പോലെയുള്ള സ്ഥാപനങ്ങളും ഇതിന്റെ ഇടപാടുകാരാണ്. ഏണ്‍സ്റ്റ് ആന്‍ഡ് യംഗ് എന്ന മള്‍ട്ടി നാഷണല്‍ കമ്പനിയുടെ വ്യവസായ പ്രമുഖന്‍ അവാര്‍ഡു മുതല്‍ ഒട്ടേറെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ശ്രീ രാജുവിന് 2008 സെപ്റ്റംബറിലെ വന്‍ വെട്ടിപ്പിനു ശേഷമാണ് ഏറ്റവും വലിയ അവാര്‍ഡു ലഭിച്ചത് - കോര്‍പറേറ്റ് കമ്പനി ഭരണ നിപുണതയ്ക്കുള്ള ഗോള്‍ഡന്‍ പീകോക്ക് ഗ്ലോബല്‍ അവാര്‍ഡ്. ഇതൊരു വിരോധാഭാസമായി തോന്നാം. ഒട്ടും ശങ്കിക്കേണ്ട – ഇത് ആഗോളവല്‍ക്കരണ കാലഘട്ടത്തിന്റെ പ്രത്യേക സവിശേഷതയാണ്. മന്‍‌മോഹന്‍ സിംഗ് പ്രധാന മന്ത്രിയായി തുടരുന്നതു പോലെ; ഗുണ്ടാ പിരിവ്, പിടിച്ചുപറി പോലെയുള്ള അധാര്‍മ്മിക പ്രവര്‍ത്തികള്‍ ബാങ്കിംഗില്‍ ഏര്‍പ്പെടുത്തിയതിന് കോടതി നടപടിക്ക് വിധേയനായ ICICI ബാങ്ക് ചെയര്‍മാന്‍ കെ. വി കമ്മത്തിന് പത്മശ്രീ നല്‍കിയതു പോലെ, എന്നു കരുതിയാല്‍ മതി. ഇതോടൊപ്പം ഒരു കാര്യം കൂടി കൂട്ടി വായിക്കാം - ശ്രീ. രാജുവിന് ഏണ്‍സ്റ്റ് ആന്‍ഡ് യംഗ് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ച കമ്മിറ്റിയുടെ തലവന്‍ ഇതേ കമ്മത്ത് തന്നെയായിരുന്നു.

സഹകരണ ബാങ്കുകളുടെ ഓഡിറ്റിംഗ് സംവിധാനം അമ്പേ മോശം, അതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഓഡിറ്റ് സംവിധാനവും നിയന്ത്രണവും മാറ്റി വേറെ വിദഗ്ദ്ധരെ ഏല്പിക്കണം എന്നാണല്ലോ റിസര്‍വ് ബാങ്ക് നിയമിച്ച വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നത്. സഹകരണ ബാങ്കുകളുടെ ഓഡിറ്റിംഗ് പ്രൈസ് വാട്ടര്‍ഹൌസ് കൂപ്പേഴ്സിനെ പോലെയുള്ളവരെ ഏല്പിക്കണമെന്ന് പറഞ്ഞില്ലെങ്കിലും പൊതുമേഖലാ ബാങ്കുകളുടെ ഓഡിറ്റിംഗ് ഇവരെയേല്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. പല സ്വകാര്യ ബാങ്കുകളുടെയും വ്യവസായങ്ങളുടെയും ഓഡിറ്റിംഗ് ഇവര്‍ നടത്തുന്നുണ്ട്. ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടച്ചു വാര്‍ക്കലിന് നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ കണ്‍സള്‍ട്ടന്റ് ആയി ഇത്തരം കമ്പനികളെ നിയമിച്ചിരുന്നു. സത്യം കമ്പ്യൂട്ടേഴ്സിന്റെ ചെയര്‍മാന്‍ താന്‍ നടത്തിയ കണക്കിലെ തിരിമറികള്‍ പരസ്യപ്പെടുത്തിയതിനു ശേഷവും ഓഡിറ്റിംഗില്‍ എന്തുകൊണ്ട് ഇതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന ചോദ്യത്തിന് പ്രൈസ് വാട്ടര്‍ ഹൌസിന്റെ മേധാവി പറഞ്ഞത് ഇടപാടുകാരെ സംബന്ധിച്ച ഇത്തരം രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നാണ്. പെട്ടെന്നു തന്നെ സംശയം ജനിപ്പിക്കുന്നതാണ് കമ്പനിയുടെ ബാങ്ക്/ക്യാഷ് ബാലന്‍സിലെ തുക. അധികം വരുന്ന പണം കമ്പനികള്‍ എത്രയും പെട്ടെന്ന് ബിസിനസിലോ ഉയര്‍ന്ന പലിശ ലഭിക്കുന്ന ഫിക്സഡ് ഡെപ്പോസിറ്റുകളിലോ നിക്ഷേപിക്കുകയാണ് ചെയ്യുക. ആയിരക്കണക്കിനു കോടി രൂപ ഉപയോഗിക്കാതെ വളരെ കുറഞ്ഞ പലിശ മാത്രം ലഭിക്കുന്ന കറന്റ് അക്കൌണ്ടുകളില്‍ വര്‍ഷങ്ങളായി സൂക്ഷിക്കുന്നതെന്തിനെന്ന് എന്തുകൊണ്ടാണ് ഓഡിറ്റിംഗ് കമ്പനി ചോദിക്കാതിരുന്നത്? ഈ പണത്തിനുള്ള ബാങ്കു ഡെപ്പോസിറ്റ് രശീതുകള്‍ ആവശ്യപ്പെട്ടിരുന്നോ? ഈ രശീതുകള്‍ കമ്പനി വ്യാജമായി ഉണ്ടാക്കിയതാണെങ്കില്‍ തന്നെ വലിയ നിക്ഷേപങ്ങളുടെ കാര്യത്തില്‍ ബാങ്കില്‍ നിന്നു നേരിട്ടു വാങ്ങേണ്ട ബാലന്‍സ് കണ്‍ഫര്‍മേഷന്‍ (പണം ബാങ്കിലുണ്ടെന്ന ഉറപ്പ്) ഇത്രയും വലിയ നിക്ഷേപത്തിന്റെ കാര്യത്തില്‍ എന്തു കൊണ്ടു വാങ്ങിയില്ല? അടിസ്ഥാനപരമായ ഇത്തരം കാര്യങ്ങള്‍ വര്‍ഷങ്ങളായി ചെയ്യാതിരുന്നത് വെറും അശ്രദ്ധയോ ചെറിയ വീഴ്ചയോ ആയി മാത്രം കരുതാന്‍ കണക്കുകള്‍ കൈകാര്യം ചെയ്യുന്ന ഒരു വ്യക്തിക്കും സ്ഥാപനത്തിനും കഴിയില്ല. കമ്പനിയുടെ ആസ്തികളെയും ബാധ്യതകളെയും സംബന്ധിച്ചും ഇതേ ദുരൂഹത കാണാം. ചീഞ്ഞു നാറുന്ന വസ്തുതകള്‍ ഇനിയും പുറത്തു വരാനിരിക്കുന്നതേയുള്ളൂ. NDA ഭരണകാലത്ത് വൈദ്യുതി ഉണ്ടാക്കാന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ കെട്ടിയെഴുന്നുള്ളിച്ചു കൊണ്ടുവന്ന എന്‍‌റോണ്‍ കമ്പനിയാണ് സമാനമായ കോര്‍പറേറ്റ് തട്ടിപ്പിന്റെ ഉദാഹരണം. ഈ കമ്പനി തകര്‍ന്നപ്പോള്‍ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ക്ക് ആയിരക്കണക്കിനു കോടി രൂപാ നഷ്ടമായി. 1992-ല്‍ ധനമന്ത്രിയായ മന്‍‌മോഹന്‍ സിംഗ് തിരി കൊളുത്തി ഉല്‍ഘാടനം ചെയ്ത് ആധുനിക ബാങ്കിങ്ങിന്റെ പ്രതീകമായി വിശേഷിപ്പിച്ച ഗ്ലോബല്‍ ട്രസ്റ്റ് ബാങ്ക് തകര്‍ന്നതും ഇത്തരം കോര്‍പറേറ്റ് ആര്‍ത്തി മൂത്തു തന്നെ. അന്ന് പൊതുമേഖലാ‍ ബാങ്കായ ഓറിയെന്റല്‍ ബാങ്ക് ഓഫ് കോമേഴ്സിനെക്കൊണ്ട് 8000 കോടിയോളം രൂപ നഷ്ടം സഹിച്ച് ഈ തകര്‍ന്ന ബാങ്കിനെ ഏറ്റെടുപ്പിച്ചു. ഒരു ദശാബ്ദമെത്തിയിട്ടും പൊതുമേഖലയ്ക്കു മേല്‍ അടിച്ചേല്‍പ്പിച്ച ഈ നഷ്ടം കുറ്റവാളികളില്‍ നിന്ന് വീണ്ടെടുക്കുകയോ അവരെ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. ഗ്ലോബല്‍ ട്രസ്റ്റ് ബാങ്കിന്റെ ഓഡിറ്റിംഗ് നടത്തിയിരുന്നതും പ്രൈസ് വാട്ടര്‍ ഹൌസ് കൂപ്പേഴ്സ് തന്നെയാണെന്നത് യാദൃശ്ഛികത മാത്രമായി കാണാന്‍ കഴിയില്ല.

സത്യം കമ്പ്യൂട്ടേഴ്സിന്റെ ബിസിനസിലെ ഉന്നതിക്കു വേണ്ടിയാണ് ഈ തട്ടിപ്പ് നടത്തിയതെന്നും ഇതില്‍ നിന്നും ഒരു രൂപ പോലും താ‍നോ തന്റെ കുടുംബമോ കൈപ്പറ്റിയിട്ടില്ലെന്നും പറഞ്ഞ് മാലാഖ ചമയാനും രാജു തന്റെ കത്തില്‍ ശ്രമിക്കുന്നുണ്ട്. 2 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ടെന്ന് കണക്കാക്കപ്പെടുന്ന സത്യം കമ്പ്യൂട്ടേഴ്സില്‍ 8.27 ശതമാനം ഓഹരി രാജുവും കുടുംബാംഗങ്ങളുമുള്‍പ്പെടുന്ന ചീഫ് പ്രൊമോട്ടേഴ്സിന്റേതായിരുന്നു. ഇതില്‍ മൂന്നു ശതമാനത്തോളം ബാങ്കില്‍ പണയം വെച്ചാണ് തന്റെ മക്കളുടെ കമ്പനികള്‍ക്ക് രാജു പണം കണ്ടെത്തിയത്. പെരുപ്പിച്ചു കാട്ടിയ ലാഭത്തിന്റെ പേരിലും അതു മൂലമുള്ള ഉയര്‍ന്ന ഓഹരിവിലയുടെ പേരിലും വളരെ ഉയര്‍ന്ന സംഖ്യക്കാണ് ഈ ഓഹരികള്‍ പണയം വെച്ചത്. തട്ടിപ്പ് പുറത്തായതോടെ ഓഹരി വില മൂക്കു കുത്തിയപ്പോള്‍ വന്‍ നഷ്ടത്തില്‍ ബാങ്കുകള്‍ക്ക് ഈ ഓഹരികള്‍ വിറ്റഴിക്കേണ്ടി വന്നു. ഉയര്‍ന്ന വിലയ്ക്ക് ഓഹരികള്‍ വാങ്ങിയ LIC തുടങ്ങിയ സ്ഥാപനങ്ങള്‍ ഇന്ന് കടലാസു വിലയുള്ള ഈ ഓഹരികള്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുന്നു. ഇതില്‍ നഷ്ടം വന്നത് പൊതുമേഖലയ്ക്കും പൊതുജനങ്ങള്‍ക്കുമാണെന്നും ലാഭം രാജുവിനും മക്കള്‍ക്കുമാണെന്നും മനസ്സിലാക്കാന്‍ കോര്‍പറേറ്റ് ബുദ്ധിയൊന്നും ആവശ്യമില്ല. ഇത്ര വലിയ തട്ടിപ്പ് പുറത്തായതിനു ശേഷവും ജനത്തെ വിഡ്ഡികളാക്കാന്‍ ശ്രമിക്കുന്ന ഇയാളുടെ വാക്കുകളില്‍ കാണുന്നത്, പണമിറക്കി നൂലാമാലകള്‍ തീര്‍ത്ത് ഏതു കേസില്‍ നിന്നും രക്ഷപ്പെടാമെന്ന ഇന്ത്യന്‍ മുതലാളി വര്‍ഗത്തിന്റെ ധാര്‍ഷ്ട്യം തന്നെയാണ്.

പണയപ്പെടുത്തിയ ഓഹരികള്‍ വിറ്റതിനു ശേഷം സത്യം കമ്പ്യൂട്ടേഴ്സില്‍ ചീഫ് പ്രൊമോട്ടര്‍മാരുടെ ഓഹരി വിഹിതം 5.13 ശതമാനം മാത്രമാണ്. 3 ലക്ഷം നിക്ഷേപകരില്‍ 61 ശതമാനം വിദേശ കമ്പനികളോ വ്യക്തികളോ ആണ്. ഇതില്‍ കോടിക്കണക്കിന് ഓഹരിയുള്ള വന്‍‌കിട കമ്പനികളും ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനങ്ങളും അവര്‍ക്കൊപ്പം ചെറുകിടക്കാരുമുണ്ട്. തകര്‍ച്ച പ്രഖ്യാപിക്കപ്പെട്ട ജനുവരി 3ന് ഓഹരി വില 78 ശതമാനം കണ്ട് ഇടിഞ്ഞു. ജനുവരി 9ന് മാര്‍ക്കറ്റില്‍ ഓഹരിയുടെ വില 23.75 രൂപയായി. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ആദ്യം പേരു ചേര്‍ക്കപ്പെട്ട ഈ ഇന്ത്യന്‍ കമ്പനിയെ അവിടെ നിന്നും ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്നും ഒഴിവാക്കിക്കഴിഞ്ഞു. ഇന്ത്യയില്‍ നിന്ന് അന്താരാഷ്ട്ര തലത്തില്‍ കണക്കിലെ സുതാര്യത സംബന്ധിച്ച മാനദണ്ഡമായ ഇന്റര്‍നാഷണന്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് ആദ്യം ഏര്‍പ്പെടുത്തിയ കമ്പനിയാണ് സത്യം കമ്പ്യൂട്ടേഴ്സ് എന്നു കൂടി കൂട്ടി വായിക്കണം. ഇതെല്ലാം കാണുമ്പോള്‍ പി. ജെ. ആന്റണിയുടെ നാടകത്തിലെ മത്തായിയെപ്പോലെ “കര്‍ത്താവെ, എന്തര്‍ത്തം” എന്ന്‍ അറിയാതെ ആരും ചോദിച്ചു പോകും.

സര്‍ക്കാര്‍ സത്യത്തിന്റെ ബോര്‍ഡിനെ ഏറ്റെടുക്കുന്നതോടെ നികുതിദായകന്റെ പണമുപയോഗിച്ച് സ്വകാര്യ മുതലാളിയെ രക്ഷിക്കുന്ന അമേരിക്കന്‍ മോഡല്‍ ജാമ്യത്തിലെടുക്കല്‍ നാടകം ഒന്നാമങ്കത്തിന്റെ തിരശീല വീഴുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ, നിക്ഷേപകരുടെ താല്പര്യം, വിദേശ നിക്ഷേപകരുടെ വിശ്വാസം നിലനിര്‍ത്തല്‍ , തൊഴിലാളികളുടെ ഭാവി എന്നിങ്ങനെ ജനങ്ങളെ പറ്റിക്കാനുള്ള ഒട്ടനേകം ന്യായ വാദങ്ങള്‍ വരും നാളുകളില്‍ പ്രതീക്ഷിക്കാം. ഇതില്‍ അവസാനം പറഞ്ഞ തൊഴിലാളികളുടെ ഭാവിയെന്ന കാര്യം വികാരപരവും ആലങ്കാരികവുമായിരിക്കും. പ്രക്രിയ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പുറത്താകുന്നതും അവരായിരിക്കും. തൊഴില്‍ രക്ഷിക്കുമെന്ന ഉറപ്പിനു പുറകേ സത്യം കമ്പ്യൂട്ടേഴ്സിലെ തൊഴിലാളികളുടെ ശമ്പളം രണ്ടു മാസത്തേക്കു മരവിപ്പിക്കുവാനും 15000 തൊഴിലാളികളെ പിരിച്ചു വിടാനുമുള്ള നീക്കം ഇപ്പോള്‍ തന്നെ പുറത്തു വന്നിരിക്കുന്നു. തകര്‍ച്ചയുടെ ഇരകളായ തൊഴിലാളികളുടെ എണ്ണം കോടികള്‍ കവിയുമെന്ന് ലോക ബാങ്ക് തന്നെ പ്രവചിച്ചിട്ടുണ്ടല്ലോ.

*
എ. സിയാവുദീന്‍
(BEFI കേന്ദ്രക്കമ്മിറ്റി അംഗമാണ് ലേഖകന്‍)

7 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യന്‍ ഐ. ടി വ്യവസായ നഭസ്സിലെ തിളങ്ങുന്ന നക്ഷത്രം. ഈ വിശേഷണത്തിന് എന്തുകൊണ്ടും അര്‍ഹനായ രാമലിംഗ രാജു ജനുവരി 3ന് താന്‍ ചെയര്‍മാനായ സത്യം കമ്പ്യൂട്ടേഴ്സിന്റെ ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ക്കയച്ച കത്ത് പ്രസിദ്ധീകരണത്തിന് നല്‍കിക്കൊണ്ട് നാടകീയമായ ക്ലൈമാക്സാണ് സൃഷ്ടിച്ചത്. അതിനു മുന്‍പുള്ള ദിവസങ്ങളില്‍ ഈ കമ്പനി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ശ്രീ രാജുവിന്റെ മക്കളുടെ ഉടമസ്ഥതയിലുള്ള മേയ്റ്റാസ് പ്രോപ്പര്‍ട്ടീസ്, മേയ്റ്റാസ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികള്‍ 1.6 ബില്യണ്‍ ഡോളര്‍ നല്‍കി ഏറ്റെടുക്കാനുള്ള പ്രഖ്യാപനം ഡിസംബര്‍ 16നാണ് വന്നത്. ഓഹരിയുടമകളുടെ ശക്തിയായ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മണിക്കൂറുകള്‍ക്കകം പിന്‍‌വലിച്ചു. കമ്പനിയുടെ നടപടികളെക്കുറിച്ച് ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ കമ്പനിയുടെ കണക്കുകളില്‍ 7136 കോടി രൂപയുടെ തിരിമറി നടത്തിയതായി പ്രഖ്യാപിച്ചുകൊണ്ട് താന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയുകയാണെന്ന് ശ്രീ രാജു ജനുവരി 3ന് പ്രഖ്യാപിച്ചു. ടി. എ. ബില്ലില്‍ തിരിമറി കാട്ടി എന്നാരോപിച്ച് ചില ജീവനക്കാരെ ശ്രീ രാജു പിരിച്ചു വിട്ടത് ഏതാനും നാളുകള്‍ക്കു മുന്‍പായിരുന്നു.

ജനുവരി 9ന് കേന്ദ്ര സര്‍ക്കാര്‍ കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നുവെന്ന പ്രഖ്യാപനത്തോടെ അതിന്റെ ആന്റി ക്ലൈമാക്സും പുറത്തായിരിക്കുന്നു. ശ്രീ രാജുവിന്റെ നാടകീയമായ ഏറ്റുപറച്ചിലിനെ വിസ്മയപൂര്‍വ്വം വീക്ഷിച്ചവര്‍ക്ക് ഇനിയും പിടി കിട്ടാത്ത സമസ്യകള്‍ക്ക് വരും ദിവസങ്ങള്‍ അതിന്റെ ഉത്തരം നല്‍കും.

എ സിയാവുദീന്‍ എഴുതിയ ലേഖനം.

വികടശിരോമണി said...

ആകെയൊരു പൊകയാണ് മുന്നിൽ.രാജു കളിപ്പിച്ചോ ഇല്ലയോ എന്ന അപസർപ്പകകഥ നോക്കിയിക്കാം.വേറെന്തുചെയ്യാൻ!

Anonymous said...

ലോകബാങ്ക് വിപ്രോയെയും, മെഗാ സോഫ്ട്വെയറിനെയും ബ്ലാക്ക് ലിസ്റ്റ് ചെയ്തെന്ന് വാര്‍ത്ത. 2011 വരെ ലോകബാങ്ക് ജോലികള്‍ കരാറെടുക്കാന്‍ കഴിയില്ല ഇവര്‍ക്ക്. ലോകബാങ്ക് ജീവനക്കാര്‍ക്ക് വഴിവിട്ട സഹായം നല്‍കി എന്നാണ് ആരോപണം.

Radheyan said...

വര്‍ഷാന്ത്യം ഓഡിറ്റ് കണ്‍ഫര്‍മേഷന്‍ വാങ്ങാതെ PWC പോലെ ഒരു ഫേം അക്കൌണ്ട്സ് ഒപ്പിട്ടു കൊടുത്തു എന്ന് വിശ്വസിക്കാന്‍ പ്രയാസം.ഇതിനെ കുറിച്ച് അനോണി ആന്റണിയുടെ പോസ്റ്റില്‍ വിശദമായി പറഞ്ഞിട്ടുണ്ട്.

ആ പോസ്റ്റില്‍ പറഞ്ഞ് പോലെ സ്വന്തം പേരിലുള്ള ഷെയറുകള്‍ പണയം വെച്ച് ആ തുക ബാങ്കിലിട്ട്, ആ സര്‍ട്ടിഫിക്കേറ്റ് കൊണ്ടാവണം രാജു PWCയെ പറ്റിച്ചത്.PWCക്ക് ഈ തരികിട അറിയാമെങ്കിലും ഇല്ലെങ്കിലും സ്വയം പാരയാകുന്ന പണിക്ക് അവര്‍ നില്‍ക്കില്ല,പ്രലോഭനം എത്ര വലുതാണെങ്കിലും.കാശ് ക്യ്ച്ചിട്ടൊന്നുമല്ല,ഐ.സി.എ.ഐ എന്ന ലീഗല്‍ ബോഡി ഇത്തരം വിഷയങ്ങളില്‍ കടുത്ത നിലപാടാണ്‍ പുലര്‍ത്തുന്നത്.അംഗീകാരം പോണ വഴി കാണില്ല.(പഴയ സ്റ്റോക്ക് സ്കാമില്‍ പെട്ട പല സി.എക്കാരും ഇന്നും ഗതി കിട്ടാതെ അലയുന്നു)

വര്‍ക്കേഴ്സ് ഫോറം said...

വികടശിരോമണി, അനോണി നന്ദി..വായനക്കും കമന്റിനും

പ്രിയ രാധേയന്‍,

പ്രൈസ് വാട്ടര്‍ കൂപ്പര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാതെ ചെയ്യുമോ എന്ന ചോദ്യം വഴി അവരെ ഒറ്റയടിക്ക് കുറ്റവിമുക്തരാക്കേണ്ടതുണ്ടോ? വാങ്ങിയിരിക്കാം, ഇല്ലായിരിക്കാം. എൻ‌റോണ്‍ കുംഭകോണത്തില്‍ ഉള്‍പ്പെട്ട ആന്‍ഡേഴ്സണ്‍ എന്ന ചാര്‍ട്ടേഡ് അക്കൌണ്ടന്റ് ഫേമിനെയും സംഭവം പുറത്തായ സമയത്ത് ഇതു പോലെ ന്യായീകരിക്കാമായിരുന്നില്ലേ? അതിനെക്കുറിച്ച് ഡോ. തോമസ് ഐസക്കിന്റെ ലേഖനത്തില്‍ പറയുന്നുണ്ട്. അവരുടെ അംഗീകാരം നഷ്ടപ്പെടുകയായിരുന്നില്ലേ?

മാതൃഭൂമിയിൽ വന്ന ഈ വാർത്തയും വായിക്കുമല്ലോ

'സത്യ'ത്തിന്‌ പുതിയ രണ്ട്‌ ഓഡിറ്റര്‍മാര്‍

മുംബൈ: 'സത്യം' കമ്പ്യൂട്ടേഴ്‌സിന്റെ ഓഡിറ്റര്‍മാരായി കെ.പി.എം.ജി.യെയും ഡെലോയിറ്റിനെയും കമ്പനിയുടെ പുതിയ ഡയറക്ടര്‍ ബോര്‍ഡ്‌ ബുധനാഴ്‌ച നാമനിര്‍ദേശം ചെയ്‌തു. 'സത്യ'ത്തില്‍ വെട്ടിപ്പ്‌ നടന്നതായി മുന്‍ ചെയര്‍മാന്‍ ബി. രാമലിംഗരാജു കുറ്റസമ്മതം നടത്തിയ സാഹചര്യത്തില്‍ തങ്ങളുടെ ഓഡിറ്റ്‌ കൃത്യതയും വിശ്വാസ്യതയും ഇല്ലാത്തതായി കണക്കാക്കാമെന്ന്‌ കമ്പനിയുടെ മുന്‍ ഓഡിറ്റര്‍മാരായ പ്രൈസ്‌ വാട്ടര്‍ഹൗസ്‌ കൂപ്പേഴ്‌സ്‌ അറിയിച്ചു. എട്ടു വര്‍ഷമായി 'സത്യ'ത്തിന്റെ ഓഡിറ്റിങ്‌ ഈ ബഹുരാഷ്ട്രസ്ഥാപനമാണ്‌ നടത്തിവരുന്നത്‌.

'സത്യ'ത്തിന്റെ സാമ്പത്തികകാര്യങ്ങള്‍ ശരിയാക്കുന്നതില്‍ ഡയറക്ടര്‍ ബോര്‍ഡിനെ സഹായിക്കാന്‍ ഓഡിറ്റിങ്‌ സ്ഥാപനങ്ങളായ ഡെലോയിറ്റിനെയും കെ.പി.എം.ജി.യെയും നാമനിര്‍ദേശം ചെയ്‌ത വിവരം ബോര്‍ഡംഗം സി. അച്യുതനാണ്‌ അറിയിച്ചത്‌. സത്യത്തിലെ സാമ്പത്തിക ക്രമക്കേടും അതില്‍ പ്രൈസ്‌വാട്ടര്‍ഹൗസിന്റെ പങ്കും സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടയിലാണ്‌ നിയമനം.

അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ നേരിടാന്‍ പുതിയ ബോര്‍ഡിനെ സഹായിക്കുന്നതിന്‌ താത്‌പര്യമുണ്ടെന്നുകാട്ടി പ്രൈസ്‌വാട്ടര്‍ഹൗസ്‌ ചൊവ്വാഴ്‌ച ബോര്‍ഡിന്‌ കത്തുനല്‍കിയിരുന്നു. മൂന്നുപേജ്‌ വരുന്ന ഈ കത്തിലാണ്‌ തങ്ങളുടെ ഓഡിറ്റ്‌ കൃത്യമല്ലെന്നും വിശ്വസനീയമായി കണക്കാക്കേണ്ടെന്നും അവര്‍ അറിയിച്ചത്‌. തെളിവുകളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ്‌ സത്യത്തിലെ ഓഡിറ്റെന്നാണ്‌ പ്രൈസ്‌വാട്ടര്‍ഹൗസ്‌ നേരത്തേ അവകാശപ്പെട്ടിരുന്നത്‌.

നാമനിര്‍ദേശം ചെയ്‌തെങ്കിലും ഡെലോയിറ്റിന്റെയും കെ.പി.എം.ജി.യുടെയും നിയമനത്തിന്‌ സത്യം ഓഹരിപങ്കാളികളുടെ അനുമതികൂടി ആവശ്യമാണ്‌.

Radheyan said...

വിപ്രോ അടക്കമുള്ള കമ്പിനികളുടെ ഓഡിറ്റ് നടത്തിയ പരിചയത്തില്‍ നിന്നാണ് അങ്ങനെ ഒരു സാധ്യത പറഞ്ഞത്.അല്ലാതെ പ്രൈസ് വാട്ടര്‍ ഹൌസിനെ ന്യായീകരിക്കാന്‍ ഒരു ഉദ്ദേശവുമില്ല.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്‍സ് ഓഫ് ഇന്ത്യ കണിശമായ കോഡ് ഓഫ് കണ്ടക്റ്റ് പുലര്‍ത്തുന്ന, അതില്‍ അനല്‍പ്പമായ അഭിമാനം പുലര്‍ത്തുന്ന (കുറച്ച് മിഥ്യാഭിമാനം ഉള്‍പ്പടെ) സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്.നെഗ്ലിജന്‍സ് ഓഡിറ്ററുടെ കണക്ക് പുസ്തകത്തിലെ ചുവപ്പ് വരയാണ്.ഫ്രോഡും കൂടി ഉണ്ടെങ്കില്‍ പറയുകയും വേണ്ട. ഇത് ഉണ്ടായില്ല എന്ന ഓണസ് ഓഫ് പ്രൂഫ് ഓഡിറ്ററുടെ ചുമതലയും ആണ്.

പക്ഷെ മാതൃഭൂമി വാര്‍ത്ത തൊണ്ട തൊടാതെ വിഴുങ്ങാനാവില്ല.അത്തരം ഒരു ആത്മഹത്യ ഓഡിറ്റ് ഫേം ചെയ്യുമെന്നു കരുതുന്നില്ല,മറിച്ച് തങ്ങള്‍ അഭിപ്രായം പറഞ്ഞ കണക്കുകള്‍ തങ്ങള്‍ക്ക് കിട്ടിയ ബെസ്റ്റ് ഓഫ് ഇന്‍ഫോര്‍മേഷന്റെ അടിസ്ഥാനത്തിലാണെന്നും തങ്ങളുടെ കൈയ്യില്‍ നിന്നും നെഗ്ലിജന്‍സ്,പ്രതേകിച്ചും ഫ്രോഡായി കണക്കാക്കപ്പെടുന്ന ഗ്രോസ് നെഗ്ലിജന്‍സ് സംഭവിച്ചിട്ടില്ല എന്നും വാദിക്കാനായിരിക്കും അവര്‍ ശ്രമിക്കുക.മറിച്ച് എന്തെങ്കിലും തെളിയിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കോ പുതിയ ഓഡിറ്റര്‍മാര്‍ക്കോ ഐ.സി.എ.ഐ നിയമിക്കുന്ന സമതിക്കോ കണ്ടെത്താന്‍ കഴിയും വരെ. അതിനുള്ള രക്ഷാകവചമെങ്കിലും സാധാരണ ഓഡിറ്ററുമാര്‍ കൈയ്യില്‍ വെയ്ക്കാ‍റുണ്ട്.

മാതൃഭൂമി മുതലായ പത്രങ്ങള്‍ ഈ വിഷയത്തെ സമീപിക്കുന്നത് തന്നെ തെറ്റായിട്ടാണ്.രാമലിംഗരാജുവിന്റെ കുറ്റസമ്മതത്തെ ഒരു കുമ്പസാരമായി ആ‍ണ് മാധ്യമങ്ങള്‍ കണക്കാക്കുന്നത്.എന്നാല്‍ അത് വളരെ സമര്‍ത്ഥമായി ഡ്രാഫ്റ്റ് ചെയ്യപ്പെട്ട ഒരു മുന്‍‌കൂര്‍ ലീഗല്‍ ഡിഫന്‍സായി കണക്കാക്കി വേണം പത്രങ്ങള്‍ സമീപിക്കാന്‍.

മാതൃഭൂമി വാര്‍ത്തയുടെ നിറം പിടിപ്പിക്കാത്ത റിപ്പോര്‍ട്ട് ഇവിടെ കാണുക
http://www.business-standard.com/india/news/dont-relyour-satyam-audits-price-waterhouse/00/56/346218/

അത് മാതൃഭൂമി റിപ്പോര്‍ട്ട് പോലെയല്ല.മലയാളപത്രങ്ങള്‍ സത്യമെഴുതുന്നതിനെക്കാള്‍ വായനക്കാര്‍ക്ക് താല്‍പ്പര്യമുള്ളത് എഴുതാന്‍ ശ്രമിക്കുന്നതിന് നല്ല ഉദാഹരണം .

Anonymous said...

എഴുതിക്കൂട്ടുക എത്രവേണമെങ്കിലും. നാളെ, രാജുവിനെ സഹായിച്ചവരും രാജു സഹായിച്ചവരും മൂന്നാം മുന്നണിനേതാക്കളാണെന്നു മനസ്സിലാകുമ്പോൾ ഇവരെന്തുപറയുമെന്നു കാണാ‍മ്?
സത്യമേവ വിജയതേ, എന്നു പറയണം അല്ലെങ്കിൽ അസത്യമേവ ജയതി എന്നു. നിങ്ങൾ മഹർഷിയൊന്നുമല്ലല്ലോ സിയാവുദ്ദീനേ, വർകെർസ് പൊറത്തെ അല്പന്മാരേ?