വിഖ്യാതമായ അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ അര്‍ത്ഥശൂന്യതയിലേക്ക് വിരല്‍ചൂണ്ടികൊണ്ട് അമേരിക്കന്‍ നീഗ്രോ കവയത്രി മാര്‍ഗരറ്റ് വാക്കര്‍ ഇങ്ങനെ എഴുതി;
"ഞങ്ങള്‍ വിശ്വസികളായിരുന്നു, നവീനമായ ഒരു രാജ്യത്തിലെ വെളുത്ത ദൈവങ്ങളില്‍ ഞങ്ങള്‍ വിശ്വസിച്ചിരുന്നു. യജമാനന്മാരുടെ കാരുണ്യത്തിലും സഹോദരന്മാരുടെ സൌന്ദര്യത്തിലും ഞങ്ങള്‍ വിശ്വസിച്ചിരുന്നു. വിനയന്മാരുടെയും വിശ്വസ്‌തന്മാരുടെയും വിശുദ്ധന്മാരുടെയും ആഭിചാരങ്ങളില്‍ ഞങ്ങള്‍ വിശ്വസിച്ചിരുന്നു. അടിമവ്യാപാരിയുടെ ചാട്ടവാറിനോ ആരാച്ചാരുടെ കൊലക്കയറിനോ ബയനറ്റിനോ ഞങ്ങളുടെ വിശ്വാസത്തെ നിഗ്രഹിക്കാന്‍ കഴിഞ്ഞില്ല. കൊടുംവിശപ്പില്‍ (ദൂരെനിന്ന്) ഞങ്ങള്‍ സ്വീകരണമേശകള്‍ കണ്ടു. നഗ്നതയില്‍ വെള്ളമേലങ്കികളുടെ പ്രതാപം കണ്ടു. ഒരു പുത്തന്‍ ജറുസലേമില്‍ ഞങ്ങള്‍ വിശ്വസിച്ചിരുന്നു'' പ്രഖ്യാപനങ്ങള്‍ക്കപ്പുറം സ്വാതന്ത്ര്യവും സമത്വവും അനുഭവിച്ചിട്ടില്ലാത്ത അമേരിക്കയിലെ കറുത്തവന്റെ പ്രതിബദ്ധമായ മനസ്സിലും പ്രതിബന്ധങ്ങള്‍ക്കെതിരെ ഉയരുന്ന രക്തം പുരണ്ട മുഷ്‌ടികളിലുമാണ് അമേരിക്ക വീണ്ടെടുക്കപ്പെടുക എന്ന് വിശ്വസിച്ച് പോരാടുന്നവന്റെ പ്രത്യാശാഭരിതമായ ശബ്‌ദമായിരുന്നു ഇത്.
ഒരു പ്രഭാതത്തിന്റെ പ്രവചനംപോലെ ഒബാമ നവംബര്‍ 5 ന് ഷിക്കാഗോവിലെ ഗ്രാന്റ് പാര്‍ക്കില്‍ “അമേരിക്കയില്‍ മാറ്റം എത്തിയിരിക്കുന്നു”വെന്ന് തന്റെ വിജയത്തെ വിശേഷിപ്പിച്ചപ്പോള്‍ വംശവെറിയുടെയും അധിനിവേശത്തിന്റെയും അന്ധകാരപൂര്‍ണമായ അമേരിക്കന്‍ ചരിത്രം തിരുത്തികുറിക്കപ്പെടുന്നുവെന്ന പ്രതീക്ഷയാണ് സൃഷ്ടിക്കപ്പെട്ടത്. പ്രത്യാശയുടെയും യാഥാര്‍ത്ഥ്യത്തിന്റെയും വൈരുദ്ധ്യാത്മകതയാണ് അമേരിക്കയുടെ വരുംദിനങ്ങളെ നിര്‍ണ്ണയിക്കാന്‍ പോകുന്നത്.
232 വര്‍ഷത്തെ അമേരിക്കന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ഒരു കറുത്തവന്‍ പ്രസിഡന്റാകുന്നത് വെള്ളകൊട്ടാരത്തില്‍ ഒരു കറുത്തവന്‍ എത്തുന്നുവെന്നത് വംശവെറിയന്‍ ആംഗ്ളോ-സാൿസണ്‍ മേധാവിത്വബോധത്തിന്റെ കോട്ടകൊത്തളങ്ങളെ പിടിച്ചുലയ്‌ക്കുന്ന ഒരു കൊടുങ്കാറ്റുതന്നെയാണ്. അത് റോക്കിപര്‍വ്വതശൃംഗങ്ങളേയും മിസിസിപ്പിനദീപ്രവാഹങ്ങളേയും വിജൃംഭിതമാക്കുന്ന അടിമയുടേയും സ്വാതന്ത്ര്യദാഹികളായ മുഴുവന്‍ അമേരിക്കകാരുടേയും കേളികൊട്ടാണ്. അന്ധന് കാണാവുന്ന ബധിരനുകേള്‍ക്കാവുന്ന സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റേയും വിശുദ്ധനിശ്വാസത്തിന് കാതോര്‍ക്കുന്ന മുഴുവന്‍ ലോകരേയും പ്രത്യാശാനിര്‍ഭരമാക്കുന്ന ഒരു തീക്കല്ലിന്റെ സ്പര്‍ശം തന്നെയാണ്.
നൃത്തം ചെയ്‌തും കണ്ണീരൊഴുക്കിയും അമേരിക്കന്‍ നഗരങ്ങളില്‍ ഈ വിജയം ആഘോഷിച്ച കറുത്തവരും യുവാക്കളും വര്‍ണ്ണവിവേചനം ഇല്ലാതായതിന്റെ ആഹ്ളാദമാണ് എങ്ങും പ്രകടിപ്പിച്ചത്. സ്വന്തം കരുത്ത് കാലത്തിന് കടം കൊടുത്തവരുടെ വിലാപഗീതങ്ങളും പാട്ടുകവിതകളും ഉത്സവഗാനങ്ങളും ബ്ള്യൂഗിള്‍സംഗീതവും തങ്ങളെ ഉറക്കത്തിലുപേക്ഷിച്ചുപോയ സ്വാതന്ത്ര്യത്തിന്റെ പഴയ ദൈവങ്ങള്‍ക്കുമേല്‍ ഒരു ജനത നേടുന്ന അപൂര്‍വ്വവീര്യത്തോടെയുള്ള ഉയിര്‍ത്തെഴുന്നേല്പിനെതന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. പക്ഷെ ദൈവങ്ങളുടെയും പുരോഹിതന്മാരുടെയും ഉപദേശികളുടെയും മോണിട്ടറിസ്റ് വിധികളുടെ തടവറയില്‍ കഴിയുന്ന ഡമോക്രാറ്റിക് പാര്‍ട്ടിയുടെ വിനീതനായൊരു പ്രസിന്റായികൊണ്ട് മാത്രം ഒബാമയ്‌ക്ക് വംശമേധാവിത്വത്തിന്റെയും അധിനിവേശത്തിന്റെയും നീചമായ അമേരിക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിയുമോ? ക്രൈസ്‌തവ മതമൌലികവാദികളും ജൂതബിസിനസ് ലോബിയും ചേര്‍ന്നു രൂപപ്പെടുത്തിയ നവയാഥാസ്ഥിതികമൂല്യങ്ങളാണ് അമേരിക്കയുടെ കോര്‍പറേറ്റ് മൂലധനാധികാരത്തിന്റെ പ്രത്യയശാസ്‌ത്രപദ്ധതിയായി പ്രവര്‍ത്തിക്കുന്നത്. അമേരിക്കയുടേയും മുഴുവന്‍ ലോകത്തിന്റെയും നിലനില്പിന് ഭീഷണിയായിക്കഴിഞ്ഞിരിക്കുന്ന കോര്‍പറേറ്റ് ആധിപത്യത്തെ നിയന്ത്രിക്കാതെ സമകാലീന പ്രതിസന്ധികള്‍ക്കോ ചരിത്രത്തിന്റെ ദു:ഖകരമായൊരു വിധിപോലെ അമേരിക്കന്‍ ജനതയെ വേട്ടയാടുന്ന വംശമേധാവിത്വത്തിനോ പരിഹാരമുണ്ടാക്കാന്‍ കഴിയില്ലെന്നതാണ് വസ്തുത. ഒബാമയ്‌ക്കോ അദ്ദേഹത്തിന്റെ കക്ഷിക്കോ അടിസ്ഥാനപരമായി റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് വ്യത്യസ്‌തമായ നയസമീപനങ്ങളൊന്നും ഉള്ളതായി പുരോഗമനവാദികളൊന്നും വ്യാമോഹംവെച്ചുപുലര്‍ത്തേണ്ടതില്ലെന്ന് ചോംസ്‌ക്കി തെരഞ്ഞെടുപ്പ് വേളയില്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്നിപ്പോള്‍ ബുഷ് ഭരണകൂടത്തിലെ ഉന്നതന്മാരെ തന്നെ തന്റെ ഭരണസംവിധാനങ്ങളുടെ മര്‍മ്മസ്ഥാനങ്ങളില്‍ നിലനിര്‍ത്താനും അമേരിക്കയുടെ ലോകാധിപത്യമോഹങ്ങളെ ഭംഗംവരാതെ മുന്നോട്ട് നയിക്കാനും ഒബാമ നിര്‍ബ്ബന്ധിതനാവുന്ന സ്ഥിതിയാണുള്ളത്. കോര്‍പ്പറേറ്റ് മൂലധനത്തിന്റെ സംഹാരാത്മകമായ ചൂഷണതാത്പര്യങ്ങളും വര്‍ണ്ണവെറിയന്‍ വംശമേധാവിത്വബോധവും ആധിപത്യത്തിലിരിക്കുന്ന അമേരിക്കയില്‍ തന്റെ മുന്‍ഗാമികളായ ഡമോക്രാറ്റിക് പ്രസിഡന്റുമാരെപ്പോലെ പ്രവര്‍ത്തിക്കേണ്ട ഗതിയാണ് ഈ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനും ഉള്ളത്.
ലോകത്തില്‍ അമേരിക്കയുടെ പങ്ക് എന്ത് എന്ന് നിര്‍വ്വചിക്കുന്നകാര്യത്തിലും അധികാവിപുലനത്തിന്റേയും കീഴടക്കലിന്റെയും അടിമപ്പെടുത്തലിന്റേയും കാര്യത്തിലും ജോര്‍ജ്ജ് വാഷിംഗ്‌ടണ്‍ മുതല്‍ ബുഷ് വരെയുള്ളവര്‍ തുടര്‍ന്നുവന്ന നയങ്ങളില്‍ നിന്ന് മൌലികമായൊരു നയവ്യതിയാനം പ്രതീക്ഷിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. ആഭ്യന്തരരംഗത്ത് അമേരിക്കന്‍ ഭരണവര്‍ഗങ്ങള്‍ പുലര്‍ത്തുന്ന വര്‍ണ്ണവെറിയന്‍ മേധാവിത്വം ആഗോളരംഗത്ത് ഇതരജനസമൂഹങ്ങളും രാജ്യങ്ങളുമെല്ലാം തങ്ങളുടെ ഇച്‌ഛയ്‌ക്ക് വഴങ്ങിക്കഴിയേണ്ട അധമജനവിഭാഗങ്ങളാണെന്ന ധാരണയാണ് റിപ്പബ്ളിക്കന്മാരും ഡമോക്രാറ്റുകളും ഒരുപോലെ വെച്ചുപുലര്‍ത്തുന്നത്. ചോംസ്‌ക്കി നിരീക്ഷിക്കുന്നതുപോലെ റിബ്ളിക്കന്‍മാരും ഡമോക്രാറ്റുകളും എക്കാലത്തും അമേരിക്കന്‍ അധിനിവേശമോഹങ്ങളുടെ അധിനായകന്‍മാര്‍ മാത്രമായിരുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള ആഗോളസമ്പദ്ഘടന അഭിമുഖീകരിക്കുന്ന അതിരൂക്ഷമായ പ്രതിസന്ധിയും അത് അമേരിക്കന്‍ സമൂഹത്തില്‍ സൃഷ്‌ടിച്ച അരക്ഷിതബോധവും എല്ലാത്തിലുമുപരി ബുഷ് ഭരണകൂടത്തിന്റെ നൃശംസകളുമാണ്, ഒബാമയുടെ വിജയത്തിന് മുഖ്യകാരണമായി വര്‍ത്തിച്ചത്.
അമേരിക്കയുടെ ആഭ്യന്തരനിയമങ്ങളും നയങ്ങളുമെല്ലാം തങ്ങളുടെ ലോകാധിപത്യം ലക്ഷ്യംവെച്ചുള്ളതാണല്ലോ. റീഗോണമിൿസിലൂടെ തുടക്കം കുറിച്ച നവലിബറല്‍ പരിഷ്‌ക്കാരങ്ങളും കമ്യൂണിസ്‌റ്റ്, ഇസ്ളാമികവിരുദ്ധ കുരിശുയുദ്ധങ്ങളുമാണ് അമേരിക്കയുടേയും ലോകത്തിന്റേയും ജീവിതയാഥാര്‍ത്ഥ്യങ്ങളെ ഇന്ന് നരകതുല്യമാക്കിയിരിക്കുന്നത്. തീര്‍ച്ചയായും സമകാലീനസാമ്പത്തികപ്രതിസന്ധിയുടേയും തകര്‍ച്ചയുടേയും അവസ്ഥ സൃഷ്‌ടിക്കുന്നതില്‍ അമേരിക്കന്‍ നയങ്ങളുടേയും നരഹത്യാപദ്ധതികളുടേയും പങ്ക് എന്തെന്ന് തിരിച്ചറിഞ്ഞ് തിരുത്താന്‍ ഒബാമയ്ക്ക് ആവുമോയെന്നതാണ് പ്രധാനമായിട്ടുള്ളത്.
അമേരിക്ക നേരിടുന്ന രൂക്ഷമായ തൊഴിലില്ലായ്‌മയും ഉല്പാദനതകര്‍ച്ചയും ആഭ്യന്തരവിദേശകടവുമെല്ലാം ആ രാജ്യത്തിന്റെ സമ്പദ്ഘടനയുടെ അഗാധമായൊരു പ്രതിസന്ധിയെയാണ് യഥാര്‍ത്ഥത്തില്‍ പ്രതിഫലിപ്പിക്കുന്നത്.
ഒരു സാമ്രാജ്യത്വശക്തിയെന്ന നിലയില്‍ ലോകത്തിന്റെ നാനാമേഖലകളില്‍ തങ്ങള്‍ നേരിടുന്ന വെല്ലുവിളികളോട് സൈനികമായി പ്രതികരിക്കേണ്ടതുകൊണ്ടും ആഭ്യന്തരസമ്പദ്ക്രമത്തെ ഉത്തേജിപ്പിക്കേണ്ടിയിരിക്കുന്നതു കൊണ്ടും അമേരിക്ക അതിന്റെ പ്രതിരോധചെലവില്‍ നിരന്തരം വര്‍ദ്ധനവ് വരുത്തിക്കൊണ്ടിരിക്കുകയാണ്. ആണവായുധ, മിസൈല്‍ പ്രതിരോധരംഗങ്ങളിൽ ബില്ല്യന്‍കണക്കിന് ഡോളറാണ് ഒഴുകുന്നത്. ശാസ്‌ത്രഗവേണരംഗത്തെ 75%വും ഏറോസ്‌പേസ് ഇലൿട്രോണിക്, ഇലൿട്രിക്കല്‍ എന്‍ജിനീയറിംഗ്, രാസ-ന്യൂക്ളിയര്‍ രംഗം തുടങ്ങിയ സൈനികലക്ഷ്യത്തോടെയുള്ള മേഖലകളിലാണ് നടത്തപ്പെടുന്നത്. അമേരിക്കന്‍ സര്‍ക്കാര്‍ ഗവേഷണവികസനപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്ന തുകയുടെ എണ്‍പതുശതമാനവും സൈനിക ശൂന്യാകാശഗവേഷണങ്ങള്‍ക്കായി മാറ്റിവെയ്ക്കുകയാണ്.
1980 കളിലെ ഒരു കണക്കനുസരിച്ച് ബഹുരാഷ്‌ട്ര കുത്തകളുടെ ലാഭവിഹിതമായി വര്‍ഷംതോറും കയറ്റിക്കൊണ്ടുപോയ 200 ബില്യന്‍ ഡോളറിനു സമമായിരുന്നു അമേരിക്കയുടെ സൈനികബഡ്‌ജറ്റ്. 1919 ല്‍ അമേരിക്കയുടെ സൈനികചെലവ് ദേശീയവരുമാനത്തിന്റെ ഒരുശതമാനമായിരുന്നെങ്കില്‍ 1955ല്‍ അതു പത്തുശതമായി ഉയര്‍ന്നു. 1950 നും 1970 നും ഇടയ്ക്ക് സൈനിക ബഡ്‌ജറ്റ് സ്ഥിരവിലനിലവാരം വച്ചുനോക്കിയാല്‍ 6.2 ശതമാനം വച്ച് വര്‍ഷംതോറും ഉയരുന്നുണ്ട്. 1960 ല്‍ 160 ശതകോടി ഡോളറായിരുന്നത് 70 കളുടെ അവസാനത്തില്‍ 400 ശതകോടി കഴിഞ്ഞു. വികസ്വരരാജ്യങ്ങളുടെ മൊത്തം ദേശീയവരുമാനത്തോളം എത്തുന്ന തുകയാണ് ഇതെന്ന് മനസ്സിലാക്കണം.
സോവിയറ്റ് യൂണിയന്റെ അഭാവം സൈനികച്ചെലവില്‍ താല്‍ക്കലികമായി കുറവ് പ്രകടിപ്പിച്ചുവെങ്കിലും അടിസ്ഥാനപ്രവണത സൈനികച്ചെലവ് വര്‍ദ്ധിച്ചുവരുന്നതിന്റെതന്നെയായിരുന്നു. മിലിട്ടറി ഇന്‍ഡസ്‌ട്രിയല്‍ കോപ്ളംസ് അമേരിക്ക എത്തപ്പെട്ട യുദ്ധോപയോഗവ്യവസായവളര്‍ച്ചയുടെ ഭീതിതമായ സൃഷ്‌ടിയാണ് . ഇപ്പോള്‍ കൊട്ടിഘോഷിക്കപ്പെടുന്ന ഐ ടി യുഗത്തിനുപിന്നിലെ അടിസ്ഥാനമായി വര്‍ത്തിച്ച ശാസ്‌ത്രസാങ്കേതിക വികാസം പോലും സൈനികവല്‍ക്കരണവും സാമൂഹ്യവളര്‍ച്ചയുമായി ബന്ധപ്പെട്ടതാണ്.
കൃഷിയും വ്യവസായവുമെല്ലാം അടങ്ങുന്ന അടിസ്ഥാന ഉല്പാദനമേഖലകളുടെ വളര്‍ച്ചയ്‌ക്കു തന്നെ തടസ്സം സൃഷ്‌ടിക്കുന്ന സേവനമേഖലകളും വിനാശകരമായ സൈനികവ്യവസായവും യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ സമ്പദ്ഘടനയിലെ പരാന്നസ്വഭാവമുള്ള ശക്തികളെയാണ് കാണിക്കുന്നത്. സാമൂഹ്യശരീരത്തില്‍ അട്ടയെപ്പോലെ പറ്റിപ്പിടിച്ച് രക്തം ഊറ്റിക്കുടിക്കുന്ന പണമൂലധനശക്തികളും യുദ്ധവ്യവസായവും അമേരിക്കയുടെ ഉല്പാദനരഹിതവും തൊഴില്‍ രഹിതവുമായ വളര്‍ച്ചയെയാണ് പ്രതിനിധീകരിക്കുന്നത്. അമേരിക്കന്‍ സമ്പദ്ഘടന നേരിടുന്ന ഈ ഘടനാപരമായ പ്രതിസന്ധിയ്ക്കെതിരെ ആ രാജ്യത്ത് വളര്‍ന്നുവരുന്ന അവബോധത്തിന്റേയും എതിര്‍പ്പിന്റേയും പ്രതിഫലനംകൂടിയാണ് പ്രതിസന്ധിയിലെ നാളുകളിലെ ഈ ജനവിധി.
ഉല്പാദനവര്‍ദ്ധനവിനും തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നതിനും ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിനും തടസ്സം നില്‍ക്കുന്ന ഭരണകൂടനയങ്ങള്‍ക്കെതിരായ തൊഴിലാളികളുടേയും യുവജനങ്ങളുടേയും വംശീയന്യൂനപക്ഷങ്ങളുടേയും പ്രതികരണമായിട്ടുകൂടി ഒബാമയുടെ വിജയത്തെ കാണേണ്ടതുണ്ട്. ബുഷ് ഭരണകൂടം സ്വീകരിച്ച നവലിബറല്‍ പരിഷ്‌ക്കാരങ്ങളുടെ അനിവാര്യമായ പരിണതിയെന്നനിലയില്‍ ധനസ്ഥാപനങ്ങളെല്ലാം ഒന്നിനുപിറകെ ഒന്നായി തകര്‍ന്നുവീണപ്പോള്‍ 'നൂറ്റാണ്ടിലൊരിക്കല്‍മാത്രം സംഭവിക്കുന്ന പ്രതിഭാസം' എന്നതുപോലെയുള്ള പ്രസ്‌താവനകള്‍ ഇറക്കി അമേരിക്കന്‍ സമ്പദ്ഘടനയുടെ ഘടനാപരമായ പ്രതിസന്ധിയെ മറച്ചുപിടിക്കാനാണ് നവലിബറല്‍ തലതൊട്ടപ്പന്‍മാര്‍ ശ്രമിച്ചത്. ലക്കും ലഗാനുമില്ലാതെ ധനകാര്യസ്ഥാപനങ്ങളെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ച റിബപ്ളിക്കന്‍ ഭരണകാലത്തെ ഫെഡറല്‍ റിസര്‍വ്വ് മേധാവി അലന്‍ ഗ്രീന്‍ സ്പാനിനെപ്പോലുള്ളവര്‍ ‘മെയിൻ സ്‌ട്രീറ്റിന്റെ’ ചെലവിൽ ‘വാൾസ്‌ട്രീറ്റിനെ’രക്ഷിക്കാനാണ് ഉപദേശം നൽകിയത്. ട്രഷറി സെക്രട്ടറി ഹെന്‍ട്രി പോള്‍സൺ ഈ നിലയിലില്‍ മുന്നോട്ടുവെച്ച രക്ഷാ പാക്കേജുകള്‍ ജോസഫ് സ്‌റ്റിഗ്‌ളിറ്റ്സിനെപ്പോലുള്ള നോബല്‍ സമ്മാനജേതാക്കളായ ധനശാസ്‌ത്രജ്ഞരുടെ നിശിതമായ വിമര്‍ശനത്തിന് വിധേയമായി.
ഒരു സാമ്രാജ്യത്വശക്തിയായി അമേരിക്ക വളര്‍ന്നുവന്ന കാലത്തോളം പ്രവര്‍ത്തന പാരമ്പര്യമുള്ള ലേമാന്‍ ബ്രദേഴ്‌സും വാഷിംഗ്‌ടണ്‍ മ്യൂച്ചല്‍ഫണ്ടും ഫ്രെഡിമാക്കും തകര്‍ന്നുവീണപ്പോഴും ഗുരുതരമായ പ്രതിസന്ധിയെ അത് അര്‍ഹിക്കുന്ന ഗൌരവത്തില്‍ നേരിടാന്‍ ബുഷ് ഭരണകൂടത്തിന് കഴിഞ്ഞില്ലെന്ന അഭിപ്രായം റിപ്പബ്ളിക്കന്‍ കേന്ദ്രങ്ങളില്‍പ്പോലും ശക്തമായിരുന്നല്ലോ. ആഗോളപ്രതിസന്ധിയുടേയും ജനങ്ങളുടെ അരക്ഷിതബോധത്തിന്റെയും ബുഷ് ഭരണകൂടത്തിന്റെ നയവൈകല്യങ്ങളുടേയും നാനാവിധമായ ഘടകങ്ങളുടെ പ്രേരണയും പരസ്‌പര പ്രവര്‍ത്തനത്തിന്റെയും ഫലമായിട്ടാണ് ചരിത്രപ്രസിദ്ധമായ വിജയം ഒബാമയെ തേടിയെത്തിയത്.
ആഗോളമൂലധനത്തിന്റെ തലസ്ഥാനത്തുണ്ടായ ഈ മാറ്റത്തെ അമേരിക്കന്‍ ജനങ്ങളും ലോകവും പ്രത്യാശാപൂര്‍വ്വമാണ് നോക്കികാണുന്നത്. ഇപ്പോള്‍ പ്രകടിപ്പിക്കപ്പെടുന്ന പ്രത്യാശയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അകലം കാണാതിരിക്കരുത്, സാമ്രാജ്യത്വമൂലധനത്തിന്റെ ചലനക്രമങ്ങളെ ഭേദിക്കാന്‍ കഴിയാത്ത ഒരു ഭരണാധികാരിക്കും അയാളെത്ര ഇച്‌ഛാശക്തിയും വ്യക്തിപരമായ മാസ്‌മരികതയുമുള്ള ആളാണെങ്കിലും ഇന്നത്തെ കഠിനമായ യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് ജനങ്ങളെ വിമോചിപ്പിക്കാന്‍ പ്രാപ്‌തനാകുന്നില്ല. ഇച്‌ഛകള്‍ക്കും പ്രത്യാശകള്‍ക്കുമപ്പുറത്ത് ദുരിതങ്ങളുടേയും വിവേചനങ്ങളുടേയും വസ്‌തുനിഷ്ഠ ഘടകങ്ങളെ അതിജീവിക്കാനുള്ള രാഷ്‌ട്രീയ സാമ്പത്തിക പദ്ധതികളും വര്‍ഗ്ഗശക്തികളും പ്രസ്ഥാനങ്ങളുമാണ് ജനതയുടെ വിധിയെ നിര്‍ണ്ണയിക്കുന്നത്.
അമേരിക്കയുടെ നവലിബറല്‍ നയങ്ങള്‍ക്കും കൊള്ളയ്‌ക്കുമെതിരെ ലോകമെമ്പാടും രൂപപ്പെട്ടുവരുന്ന പ്രതിഷേധങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കും ഒബാമയുടെ തെരഞ്ഞെടുപ്പുവിജയം ഗതിവേഗം കൂട്ടുമെന്നകാര്യത്തില്‍ സംശയമില്ല. കഠിനമായ യാഥാര്‍ത്ഥ്യങ്ങളെ മാറ്റിമറിയ്‌ക്കാനുള്ള പ്രത്യാശാഭരിതമായ വിമോചനശ്രമങ്ങള്‍ക്ക് ഇറാക്കിലും ഇതരനാടുകളിലും നടത്തുന്ന അധിനിവേശ വിരുദ്ധപോരാട്ടങ്ങള്‍ക്കും ഈമാറ്റം കരുത്തുനൽകും. തെരഞ്ഞെടുപ്പ് ഘട്ടത്തിലെ ഒബാമയുടെ വാക്കുകള്‍ക്കും വാഗ്ദാനങ്ങള്‍ക്കുമപ്പുറം അന്തര്‍ലീനമായി കിടക്കുന്ന അമേരിക്കന്‍ കോര്‍പ്പറേറ്റ് താല്പര്യങ്ങളുടെ അധിനായകനായിരിക്കും പ്രസിഡന്റായ ഒബാമയെന്നകാര്യം അനിഷ്‌ടകരമെങ്കിലും മറച്ചുപിടിക്കാനാവാത്ത ഒരു സത്യമാണ്.
****
കെ ടി കുഞ്ഞിക്കണ്ണന്‍ , കടപ്പാട് : യുവധാര
Subscribe to:
Post Comments (Atom)
8 comments:
ആഗോളമൂലധനത്തിന്റെ തലസ്ഥാനത്തുണ്ടായ ഈ മാറ്റത്തെ അമേരിക്കന്‍ ജനങ്ങളും ലോകവും പ്രത്യാശാപൂര്‍വ്വമാണ് നോക്കികാണുന്നത്. ഇപ്പോള്‍ പ്രകടിപ്പിക്കപ്പെടുന്ന പ്രത്യാശയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അകലം കാണാതിരിക്കരുത്, സാമ്രാജ്യത്വമൂലധനത്തിന്റെ ചലനക്രമങ്ങളെ ഭേദിക്കാന്‍ കഴിയാത്ത ഒരു ഭരണാധികാരിക്കും അയാളെത്ര ഇച്‌ഛാശക്തിയും വ്യക്തിപരമായ മാസ്‌മരികതയുമുള്ള ആളാണെങ്കിലും ഇന്നത്തെ കഠിനമായ യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് ജനങ്ങളെ വിമോചിപ്പിക്കാന്‍ പ്രാപ്‌തനാകുന്നില്ല. ഇച്‌ഛകള്‍ക്കും പ്രത്യാശകള്‍ക്കുമപ്പുറത്ത് ദുരിതങ്ങളുടേയും വിവേചനങ്ങളുടേയും വസ്‌തുനിഷ്ഠ ഘടകങ്ങളെ അതിജീവിക്കാനുള്ള രാഷ്‌ട്രീയ സാമ്പത്തിക പദ്ധതികളും വര്‍ഗ്ഗശക്തികളും പ്രസ്ഥാനങ്ങളുമാണ് ജനതയുടെ വിധിയെ നിര്‍ണ്ണയിക്കുന്നത്.
അമേരിക്കയുടെ നവലിബറല്‍ നയങ്ങള്‍ക്കും കൊള്ളയ്‌ക്കുമെതിരെ ലോകമെമ്പാടും രൂപപ്പെട്ടുവരുന്ന പ്രതിഷേധങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കും ഒബാമയുടെ തെരഞ്ഞെടുപ്പുവിജയം ഗതിവേഗം കൂട്ടുമെന്നകാര്യത്തില്‍ സംശയമില്ല. കഠിനമായ യാഥാര്‍ത്ഥ്യങ്ങളെ മാറ്റിമറിയ്‌ക്കാനുള്ള പ്രത്യാശാഭരിതമായ വിമോചനശ്രമങ്ങള്‍ക്ക് ഇറാക്കിലും ഇതരനാടുകളിലും നടത്തുന്ന അധിനിവേശ വിരുദ്ധപോരാട്ടങ്ങള്‍ക്കും ഈമാറ്റം കരുത്തുനൽകും. തെരഞ്ഞെടുപ്പ് ഘട്ടത്തിലെ ഒബാമയുടെ വാക്കുകള്‍ക്കും വാഗ്ദാനങ്ങള്‍ക്കുമപ്പുറം അന്തര്‍ലീനമായി കിടക്കുന്ന അമേരിക്കന്‍ കോര്‍പ്പറേറ്റ് താല്പര്യങ്ങളുടെ അധിനായകനായിരിക്കും പ്രസിഡന്റായ ഒബാമയെന്നകാര്യം അനിഷ്‌ടകരമെങ്കിലും മറച്ചുപിടിക്കാനാവാത്ത ഒരു സത്യമാണ്.
“നീഗ്രോ” എന്ന വാക്ക് വംശീയ അധിക്ഷേപത്തിനുപയോഗിച്ചിരുന്ന ഒന്നാണ്. പാശ്ചാത്യ ലോകത്ത് ആ വാക്കുപയോഗിയ്ക്കുന്നത് കുറ്റകരവുമാണ്.ആഫ്രോ-കരീബിയന്‍, അല്ലെങ്കില്‍ ബ്ലാക് എന്നതാണ് ശരിയായ വാക്ക്
Can't help. Kunhikannan is illiterate.
"അമേരിക്കന്‍ നീഗ്രോ കവയത്രി"
ഈ വാക്ക് ഈ രണ്ടായിരത്തിഒന്‍പതിലെങ്കിലും ഉപേക്ഷിക്കാന്‍ കുഞ്ഞിക്കണ്ണനോടു പറയുമോ. പ്ലീസ്
അമ്പീ
നീഗ്രോ എന്ന വാക്കുപയോഗിയ്ക്കുന്നത് കുറ്റകരമാണെന്നറിയില്ലായിരുന്നു. ഖേദിക്കുന്നു. ഈ ലേഖനത്തിൽ വംശീയമായി അധിക്ഷേപിക്കണമെന്ന ഉദ്ദേശം ലവലേശമില്ല എന്ന് വ്യക്തമല്ലേ? മരം കാണുകയും കാടു കാണാതെയിരിക്കുകയുമാണോ?
:)
ദലാൽ
തീർച്ചയായും കുഞ്ഞിക്കണ്ണന്റെ ശ്രദ്ധയിൽ പെടുത്താം
ഇന്ത്യ രാജീവ് ഗാന്ധിയെ കണ്ടതുപോലെ പ്റത്യാശ ആണു ഒബാമയില്‍ ജങ്ങള്‍ അറ്‍പ്പിച്ചിരിക്കുന്നത് ഇറാക്കില്‍ നിന്നും സേന പിന്‍മാറ്റം പ്റഖ്യാപിക്കുകയം ചെയ്തു സാമ്പത്തിക കുഴപ്പങ്ങള്‍ എങ്ങിനെ നേരെയാക്കും എന്നതാണു കാത്തിരുന്നു കാണേണ്ട വിഷയം ജനങ്ങള്‍ അവരുടെ കടം വാങ്ങി കടത്തില്‍ ജീവിക്കുക എന്ന രീതി മാറ്റി സമ്പാദ്യം ഉണ്ടാക്കാനും മിതവ്യയം പാലിക്കാനും തുടങ്ങാത്തിടത്തോള ആശാവഹമായ പുരോഗതി ഇക്കാര്യത്തില്‍ ഉണ്ടാവുമെന്നു തോന്നുന്നില്ല മാന്‍ മോഹന്‍ ജിയോ ചിദംബരമോ അവിടെ ഇല്ലല്ലോ
" മാന്‍ മോഹന്‍ ജിയോ ചിദംബരമോ അവിടെ ഇല്ലല്ലോ..."
ഏയ്,പോവാന്‍ പറ...മന്മോഹനാ, ചിടംബരനാ..കിഡ്നി വിറ്റ്,ഐശ്വര്യം,സമാധാനം, പുരോഗതി,തുപ്പല്‍കോളാമ്പി ഒക്കെ നേടാന്‍ ഉദ്ബോതിപിഇച്ച്ച മഹാനായ പ്രമോദ മഹാജ ആരുഷി എവിടെ, മറ്റവറ്റകള്‍ എവിടെ..
കാടുകാണാഞ്ഞതല്ല.:) അറിയാതെ വന്നുകൂടിയ പിശകാണെന്ന് ബോധ്യമുള്ളതുകൊണ്ട് തന്നെയാണ് പിശക് പിശകായി ചൂണ്ടിക്കാണിച്ചത്.
Post a Comment