Thursday, January 8, 2009

നക്ഷത്രഫലം

പുതുവര്‍ഷം പ്രമാണിച്ച് തയാറാക്കിയ നക്ഷത്രഫലമാണിത്. മിക്കവാറും ശരിയാകാനാണ് സാധ്യത. പിന്നെ നക്ഷത്രങ്ങളുടെ കൈയിലിരിപ്പും ശരിയാകണം.

പവര്‍കട്ടായതിനാല്‍ ചില നക്ഷത്രങ്ങള്‍ ഗണിച്ചപ്പോള്‍ ചില്ലറ വിഘ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. സദയം ക്ഷമിക്കണമെന്ന് അപേക്ഷ.

അശ്വതി: ഈ നാളുകാര്‍ക്ക് ഈ വര്‍ഷം 365 ദിവസമായി അനുഭവപ്പെട്ടേക്കും. പ്രതീക്ഷിച്ചതില്‍ ചില കാര്യങ്ങള്‍ നടക്കാനുള്ള സാധ്യത തെളിയുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് മാസാവസാനം ശമ്പളം കിട്ടും. ഡി എ യിലുള്ള വര്‍ധന കുടുംബത്തില്‍ സമാധാനാന്തരീക്ഷം ഉണ്ടാക്കും. ബസില്‍ കയറുമ്പോള്‍ ശ്രദ്ധിക്കണം. പിടിവിട്ടാല്‍ താഴെ വീഴും.

ഭരണി: ചിലര്‍ ഇതിനെ ഭരണത്തിന്റെ സ്ത്രീലിംഗമായി കണക്കാക്കുന്നു. ഈ നാളില്‍ ജനിച്ചവര്‍ക്ക് ഉപ്പിലിട്ടതിനോടുള്ള വാസന കൂടുതലായിരിക്കും. പ്രായമായവര്‍ക്ക് രക്തസമ്മര്‍ദത്തിനുള്ള സാധ്യത ഉണ്ട്. വീട് വെയ്ക്കും. വായ്പയെടുക്കും. വാടകയില്‍ കുടിശ്ശിക വരുത്തും.

കാര്‍ത്തിക: ഈ നാളില്‍ ജനിച്ചവര്‍ക്ക് ചില ദിവസങ്ങളില്‍ 24 മണിക്കൂര്‍ ഉണ്ടെന്ന് തോന്നും. ദീര്‍ഘയാത്ര ചെയ്യും. തീവണ്ടിയില്‍ ബെര്‍ത്ത് കിട്ടില്ല. അപരിചിതരുമായി അടുക്കും. അതിലൊരാളെ വിവാഹം കഴിക്കും. അതിനുശേഷമായിരിക്കും പ്രസവം.

രോഹിണി: ഭര്‍ത്തൃവീട്ടുകാരുമായി വഴക്കിന് സാധ്യത. അമ്മായിയമ്മയെ ഉലക്കക്കടിച്ച കേസില്‍ ജാമ്യം കിട്ടും. കരമടച്ച രസീത് കരുതി വെക്കുന്നത് നല്ലതാണ്. പുത്രലബ്ധിയുണ്ടാവും. പിതൃത്വത്തെച്ചൊല്ലി തര്‍ക്കത്തിന് സാധ്യത.

മകയിരം: രാത്രി ഇരുട്ടായിത്തോന്നും. സ്ഥലംമാറ്റത്തിന് സാധ്യത. മേലുദ്യോഗസ്ഥന്റെ കുട്ടിയെ കുളിപ്പിച്ച് സ്ഥലംമാറ്റം റദ്ദാക്കാനുള്ള സാധ്യതയും തെളിയുന്നുണ്ട്. കുട്ടിയുടെ നക്ഷത്രം ചോതിയാണെങ്കില്‍ രക്ഷപ്പെടും. പച്ചക്കറി കൂടുതല്‍ കഴിക്കണം. മൂലക്കുരു ഉണ്ടാകും.

തിരുവാതിര: ധനം സമ്പാദിക്കും. കളവുകേസില്‍ പെടാതെ സൂക്ഷിക്കണം. പൊടിയിട്ട നോട്ട് കൈക്കൂലിയായി മേടിക്കരുത്. കുടുംബത്തില്‍ സമാധാനം ഉണ്ടാവും. ദീര്‍ഘകാലമായി നടക്കാതിരുന്ന വിവാഹം നടക്കും. കെട്ടുന്നവന്‍ നാടുവിടും.

പുണര്‍തം: ഈ നാളുകാര്‍ക്ക് വേനല്‍ക്കാലത്ത് ചൂടു കൂടുതലായി അനുഭവപ്പെടും. ധാരാളം വെള്ളം കുടിക്കേണ്ടി വരും. ഉദരസംബന്ധമായ അസുഖം ഉണ്ടാകും. ഡോക്ടറെ കാണുന്നതായിരിക്കും നല്ലത്. വാഹനം വാങ്ങും. ഓടിക്കാന്‍ ബുദ്ധിമുട്ടുണ്ടാവും.

പൂയം: ഉദ്യോഗക്കയറ്റം ഉണ്ടാവും. ഒരു കയറ്റത്തിന് ഒരു ഇറക്കവും ഉണ്ടാവും. നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ തൊണ്ടയില്‍ 'കിച്ച്..കിച്ച്' ഉണ്ടാവും. കുടുംബ സംബന്ധമായി ദൂരയാത്ര ഉണ്ടാവും. ഭാര്യ തിരിച്ചുപോരും. സീരിയല്‍ കണ്ട് സങ്കടപ്പെടും.

ആയില്യം: ദീര്‍ഘനാളായി മനസ്സില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാവും. അടുത്ത ബന്ധുക്കളുമായി കലഹിക്കും. അതുമൂലം ഉയര്‍ച്ചയുണ്ടാവും. ഒരു പശുവിനെ വാങ്ങും. പാല്‍ കുറവായിരിക്കും.

മകം: ഈ നാളുകാര്‍ക്ക് പൊതുവെ നല്ലകാലമായിരിക്കും. പക്ഷേ സൂക്ഷിച്ച് നടന്നില്ലെങ്കില്‍ തട്ടി വീഴും. കാലൊടിയാന്‍ സാധ്യതയുണ്ട്. ഈ നാളുകാരായ മങ്കമാര്‍ സൌന്ദര്യ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. റിയാലിറ്റി ഷോകളില്‍ അവതാരകകളാവും. ഉച്ചരിക്കുന്നതിനിടയില്‍ ചുണ്ടും പല്ലും കൂട്ടിക്കടിച്ച് മുറിവുണ്ടാകാന്‍ സാധ്യതയുണ്ട്.

പൂരം: ഈ വര്‍ഷം പൊടി പൂരം. പൊടി അധികം ശ്വസിച്ച് ആസ്തമ ഉണ്ടാകാനുള്ള സാധ്യത തെളിയുന്നുണ്ട്. ഇന്‍ഹെയ്ലര്‍ കരുതുന്നത് നല്ലതാണ്. കുടുംബ ജീവിതം സ്വസ്ഥമായിരിക്കും. വിവാഹബന്ധം വേര്‍പെടുത്തും. പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടും. പിന്നീട് കേസുണ്ടാവും.

ഉത്രം: ജീവിത വിജയം നേടും. മൂത്രസംബന്ധമായ അസുഖം ഉണ്ടാവും. സ്വത്തിനെച്ചൊല്ലി തര്‍ക്കം ഉണ്ടാവും. കേസില്‍ ഒന്നാം പ്രതിയാകും. രാത്രി എഴുന്നേറ്റു നടക്കുന്ന ശീലം തുടരും. മാന്യതയ്ക്ക് ഇടിവ് സംഭവിക്കുകയില്ല. പകലുറക്കം കൂടും.

അത്തം: അപ്രതീക്ഷിത ജീവിത വിജയം ഉണ്ടാവും. അതിന് കുറച്ച് പണച്ചെലവ് ഉണ്ടാവുമെങ്കിലും മൊത്തം ലാഭമായിരിക്കും. കച്ചവടങ്ങളെല്ലാം ആദായമായിരിക്കും. ഇന്‍കംടാക്സുകാര്‍ക്ക് പിടിക്കാനാവില്ല. അര്‍ധരാത്രി കുട നിവര്‍ത്തും. കമ്പി ഒടിയും. സന്താനലബ്ധി ഉണ്ടാവും. സിസേറിയനായിരിക്കും.

ചിത്തിര: വീട്ടുകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും. ഭാര്യയുമായുള്ള ബന്ധം വഷളാവും. മഴയത്ത് ഇറങ്ങി നടന്നാല്‍ ജലദോഷം ഉണ്ടാവും. മൂക്കു ചീറ്റുന്നത് മക്കള്‍ക്ക് ശല്യമാവും. മണ്ണെണ്ണ വിളക്ക് കെട്ടുപോവും. കറന്റ് വരാന്‍ വൈകുമ്പോഴുള്ള അസ്വസ്ഥത തുടരും.

ചോതി: ലേഖനങ്ങള്‍ എഴുതും. പെട്ടെന്ന് പ്രസിദ്ധനാവും. വിരശല്യം ഉണ്ടാവും. മുടി കൊഴിയും. ധനം സമ്പാദിക്കും. ചീത്തകൂട്ടുകെട്ടുകളില്‍പ്പെടും. ഊരിപ്പോരും. ചെരുപ്പോ, ഉടുതുണിയോ നഷ്ടപ്പെടും. അതും യോഗ്യതയായി മറ്റുള്ളവര്‍ കരുതും. ആട്ടിന്‍ പാലും പൂവന്‍പഴവും കഴിക്കാം.

വിശാഖം: ഈ നാളുകാര്‍ക്ക് മഞ്ഞുകാലത്ത് കൂടുതല്‍ തണുപ്പ് അനുഭവപ്പെടും. ഉച്ചഭക്ഷണത്തിനു ശേഷം മയക്കം വരാന്‍ സാധ്യതയുണ്ട്. ഉറക്കത്തില്‍ ഈ നാളുകാര്‍ തീര്‍ത്തും ശാന്തരായിരിക്കും. മറ്റൊന്നും ചെയ്യാന്‍ സാധ്യതയില്ല. ഇടക്കിടക്ക് യാത്രകള്‍ വേണ്ടിവരും. അധികവും ഓട്ടോറിക്ഷയിലായിരിക്കും.

അനിഴം: അറിയാത്ത വിഷയത്തില്‍ പണ്ഡിതനാവും. നക്ഷത്രം സ്ട്രോങ്ങായതുകൊണ്ട് പിടിച്ചു നില്‍ക്കാനാവും. ആരും സംശയിക്കില്ല. മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ മുഖ്യ പ്രഭാഷകനാവുന്നതിനേക്കാള്‍ നല്ലത് ഉദ്ഘാടകനാവുന്നതാണ്. പിടിക്കപ്പെടില്ല. വിവരക്കേടിന് ആധികാരികത കിട്ടും. ജീവിതം മെച്ചപ്പെടും.

തൃക്കേട്ട: ചെണ്ടകൊട്ടില്‍ ശോഭിക്കും. ചിലരെ ചെണ്ടകൊട്ടിച്ചാല്‍ കലാശക്കൊട്ടുവരെ തുടരാം. ഉഷ്ണകാലത്ത് ഈ ശരീരക്കൂറുകാര്‍ക്ക് വിയര്‍പ്പ് അധികം ഉണ്ടാവും. രണ്ടു നേരം കുളിക്കുന്നത് സമൂഹത്തിന് നല്ലതാണ്. മൂന്ന് പൊന്നാട കിട്ടാന്‍ സാധ്യതയുണ്ട്. 55 വയസ്സില്‍ പെന്‍ഷനാവും. പെന്‍ഷനേഴ്സ് യൂണിയന്റെ താലൂക്ക് വൈസ് പ്രസിഡന്റാവും.

മൂലം: എല്ലാത്തിനും ഒരു മൂലമുണ്ടാക്കും എന്നത് ഈ നാളുകാരുടെ ഒരു പ്രത്യേകതയാണ്. കൃഷിയില്‍ കൂടുതല്‍ ശ്രദ്ധിക്കും. അതില്‍ താല്‍പര്യം കൂടും. നിലം നികത്താനുള്ള ശ്രമം വിഫലമാവും. സ്ഥലം മാറിവരുന്ന തഹസില്‍ദാര്‍ കടുപ്പക്കാരനായിരിക്കും. വീട്ടില്‍ ചീരകൃഷി തുടങ്ങും. അയല്‍ക്കാരന്റെ ആടിനെ തല്ലി ഓടിക്കും.

പൂരാടം: ഈ നാളില്‍ ജനിക്കുന്ന മക്കളുടെ തന്തമാര്‍ക്ക് മരണഭയം കൂടും. അതുകൊണ്ട് ഈ നാളുകാര്‍ ഭാഗ്യവാന്മാരാണ്. സ്വത്തുക്കള്‍ നേരത്തെ കൈയില്‍ കിട്ടും. അതിനെച്ചൊല്ലി ചില തര്‍ക്കങ്ങള്‍ക്ക് സാധ്യതയുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ഇടപെടും. വീട്ടുകരം അടയ്ക്കാന്‍ വൈകും.

ഉത്രാടം: ഈ നാളില്‍ ജനിച്ചവര്‍ പൊതുവെ അസ്വസ്ഥരായിരിക്കും. എപ്പോഴും ഒരുതരം പാച്ചിലായിരിക്കും. കായികരംഗത്തായിരിക്കും ഇവര്‍ കൂടുതല്‍ ശോഭിക്കുക. ചാട്ടത്തേക്കാള്‍ നല്ലത് ഓട്ടമാണ്. ഫിനിഷിങ് പോയിന്റു കടന്നും ഓടാനുള്ള പ്രവണത ശക്തമായിരിക്കും. തിന്ന ചോറിന് നന്ദി കാണിക്കില്ല. അതുമൂലം ഉയര്‍ച്ചയുണ്ടാവും.

തിരുവോണം: പൊതുവെ ഭക്ഷണപ്രിയരായിരിക്കും. ഇടക്കിടക്ക് കൊളസ്ട്രോള്‍ പരിശോധിക്കുന്നത് നന്നായിരിക്കും. ദഹനക്കുറവുണ്ടാവും. ഇഞ്ചി കഴിക്കുന്നത് നല്ലതാണ്. വിവാഹാലോചനകള്‍ ഉണ്ടാവും. ആലോചിച്ചാലോചിച്ച് ഉറങ്ങിപ്പോവും.കോഴിക്കൃഷിയില്‍ വിജയിക്കും.

അവിട്ടം: സാമ്പത്തികനില ഭദ്രമാവും. കടം തിരിച്ചുകൊടുക്കേണ്ടി വരില്ല. തന്നവര്‍ അത് ഉപേക്ഷിക്കും. വിദേശയാത്രക്ക് സാധ്യതയുണ്ട്. യാത്രാവിവരണം എഴുതി മാനഹാനി ഉണ്ടാക്കും. ഉദ്യോഗത്തില്‍ കൂടുതല്‍ കാര്യക്ഷമത കാട്ടും. കൂടുതല്‍ കാശു കിട്ടുന്ന വകുപ്പിലേക്ക് സ്ഥലം മാറ്റം വാങ്ങും. പുതിയ ഷര്‍ടും പാന്റ്സും വാങ്ങും. കാറിന്റെ വില ചോദിക്കും.

ചതയം: ഓക്സിജന്‍ ശ്വസിച്ച് ഈ വര്‍ഷവും കാര്‍ബണ്‍ ഡയോക്സൈഡ് തന്നെ പുറത്തുവിടും. കടുത്ത വെല്ലുവിളികള്‍ നേരിടും. പക്ഷേ അവയെ നേരിടാനുള്ള മനക്കരുത്തുണ്ടാവും. ടി വി ചര്‍ച്ചകള്‍ പൂര്‍ണമായും കേള്‍ക്കും. ബിരിയാണി കഴിക്കാന്‍ തോന്നും. ഗര്‍ഭിണികള്‍ക്ക് ആലസ്യമുണ്ടാവും. തേച്ചുകുളിക്കും.

പൂരുരുട്ടാതി: സല്‍പ്രവൃത്തി ചെയ്തതിന് അപവാദം കേള്‍ക്കും. പീഡനക്കേസില്‍ പ്രതിയാകും. അവസാനം എല്ലാം ശുഭമായി തീരും. തെളിവില്ലാത്തതിനാല്‍ കോടതി വിട്ടയക്കും. എല്ലാവരെയും ഇഷ്ടപ്പെടുന്ന ഇവര്‍ക്ക് അതിനനുസരിച്ച് തിരിച്ച് കിട്ടുകയില്ല. നോക്കിനില്‍പ്പു മാത്രമായിരിക്കും ഫലം. നിരാശയുണ്ടാകും.

ഉത്രട്ടാതി: ഏര്‍പ്പെടുന്ന മേഖലകളില്‍ സ്വന്തം കഴിവ് തെളിയിക്കും. പാലം കടക്കുവോളം നാരായണസ്തോത്രം ജപിക്കും. അഭിമാനികളായ ഈ നാളുകാര്‍ക്ക് ആരുടെയും കാലുപിടിക്കാന്‍ മടിയുണ്ടാവില്ല. ജ്ഞാനികളായിരിക്കും. ആനയെ വാങ്ങും. തോട്ടിയുണ്ടാവില്ല. കാച്ചിയ മോര് ഉപ്പിട്ട് കഴിക്കുന്നത് നല്ലതാണ്.

രേവതി: ധീരന്മാരും സത്യസന്ധരുമായിരിക്കും. സ്വന്തം കാര്യലാഭത്തിനു മാത്രമേ നുണ പറയൂ. എന്തുകാര്യത്തിലും വിശ്വസിക്കാവുന്ന ഇവര്‍ ആവശ്യത്തിനു മാത്രമേ ചതിക്കൂ. കലാവാസന കൂടും. കച്ചവടത്തിലുണ്ടായ നഷ്ടം കലകൊണ്ട് വീട്ടും. സാംസ്ക്കാരിക നായകന്മാരായ ഇവര്‍ അധികവും യുക്തിവാദികളായിരിക്കും. ദൈവഭയം പുറത്തുകാണിക്കില്ല. ഊന്നുവടി ഉപയോഗിക്കും.

*
എം എം പൌലോസ്

6 comments:

വര്‍ക്കേഴ്സ് ഫോറം said...

പുതുവര്‍ഷം പ്രമാണിച്ച് തയാറാക്കിയ നക്ഷത്രഫലമാണിത്. മിക്കവാറും ശരിയാകാനാണ് സാധ്യത. പിന്നെ നക്ഷത്രങ്ങളുടെ കൈയിലിരിപ്പും ശരിയാകണം.

Anonymous said...

ഫോറത്തിന്റെ 2009 ഫലം ഗുണദോഷ സമ്മിശ്രം. ലഗ്നാധിപനായ ശുക്രന്‍ സ്വക്ഷേത്രബലവാനല്ലാത്തതിനാല്‍ നല്ലനല്ല പോസ്റ്റുകള്‍ ഇടുമെങ്കിലും ഹിറ്റ് കിട്ടുകയില്ല. അഥവാ ഹിറ്റ് കിട്ടിയാലും കമന്റ് വീഴില്ല. കമന്റ് വീണാലാകട്ടെ എല്ലാം അനോണിമയമായിരിക്കും. അനോണിയല്ലാത്ത കമന്റ് ഒടക്ക് കമന്റും ആയിരിക്കും. ഒടക്കല്ലാത്ത, അനോണിയല്ലാത്ത കമന്റിനു വിഷുവരെയെങ്കിലും കാത്തിരിക്കേണ്ടി വരും. വിഷു കഴിഞ്ഞാല്‍ എല്ലാം ശീലമായിക്കോളും. ചന്ദ്രയാന്റെ അപഹാരവും തെളിഞ്ഞു കാണുന്നുണ്ട്. ആരുഷി ദേവനെ പ്രീണിപ്പിച്ചാല്‍ കുറെ കമന്റ് കിട്ടുവാന്‍ സാധ്യതയുണ്ടെങ്കിലും മംഗ്ലീഷ് വായിച്ച് ഒരരുക്കാവും. എങ്കിലും ഏഴാം ഭാവത്തില്‍ ‘വെള്ളി‘ നില്‍ക്കുന്നതുകൊണ്ട് ചില കത്തി പോസ്റ്റുകള്‍ ഹിറ്റാകാനുള്ള സാധ്യതയും തെളിഞ്ഞു കാണാം. അഥര്‍വ വേദമനുസരിച്ച് ശത്രുസംഹാരപോസ്റ്റുകള്‍ ഇടുന്നതും, കുരുതിപുഷ്പാഞലി പോസ്റ്റുകള്‍ ഇടുന്നതും ദോഷഫലം കുറയ്ക്കും. മുപ്പട്ട വെള്ളിയാഴ്ചകളില്‍ പൊസ്റ്റ് ഇടുന്നത് ഒഴിവാക്കിയാല്‍ നന്ന്.

ചാണക്യന്‍ said...

:)

Suraj said...

ആ അത്തം നക്ഷത്രത്തില്‍ എഴുതി വച്ചിരിക്കുന്നതെല്ലാം ഇതുവരെ കൃത്യമായി നടക്കുന്നുണ്ട് : അര്‍ദ്ധരാത്രി കുടപിടിത്തം, "കമ്പി" ഒടിയല്‍... (അപ്രതീക്ഷിത വിജയത്തിനും ടാക്സ് വെട്ടിപ്പിനും ടൈമാവുന്നേയുള്ളൂ. ആയാല്‍ അതും പൗലോച്ചായനെ അറിയിക്കുന്നതായിരിക്കും) സന്താനലബ്ധി സിസേറിയനായിരിക്കുമെന്ന് എഴുതിക്കണ്ടു. അപ്പൊ പെണ്ണാലോശിച്ച് തൊടങ്ങാം..ല്ലേ ?

Jayasree Lakshmy Kumar said...

:))))))))))))))))

മറുപക്ഷം said...

വല്യ വിപ്ലവകാരികൾ മന്ത്രിമന്ദിരത്തിന്റെ വാസ്തുനോക്കുന്നു...ചിലർ പൂമൂ‍ടാൻ കുടുംബത്തെ അയക്കുന്നു.മറ്റു ചിലർ ദേവസ്വങ്ങളിൽ കയറിപറ്റുവാനും കയറിയാൽ കൈയ്യിട്ടുവാരാനും ശ്രമിക്കുന്നു.ഇതിൽ ഒന്നും വിശ്വാസം ഇല്ലെങ്കിൽ പിന്നെ എന്താണു ഹേ ഈ ഹിന്ദുക്ഷേത്രകാര്യത്തിൽ ബൌധിക വാദികൾക്ക് കാര്യം? ദേവസ്വവും അതിന്റെ നടത്തിപും ഹിന്ദുക്കൾക്ക് വിട്ടുകൊടുത്തുകൂടെ? സഖാക്കൾ എന്തിനീ അന്ധവിശ്വാസത്തിന്റെ നടത്തിപ്പുകാര ആകുന്നു?