Wednesday, January 14, 2009

ശ്രീലങ്ക: ചോരയില്‍ കുതിര്‍ന്ന പാഠങ്ങള്‍

ശ്രീലങ്കന്‍ സേന എല്‍ ടി ടി ഇക്കെതിരായ അവസാന യുദ്ധത്തിലാണെന്ന് പ്രസിഡന്റ് രജപക്സെ കൊളംബോയില്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്‍ ടി ടി ഇയുടെ രാഷ്ട്രീയ തലസ്ഥാനമായ കിളിനോച്ചി കീഴടക്കിയതിനുശേഷം ശ്രീലങ്കന്‍ സേന പുലികളുടെ സമ്പൂര്‍ണ നിയന്ത്രണം നിലനില്‍ക്കുന്ന മുല്ലത്തീവ് നഗരം കീഴടക്കാനുള്ള മുന്നേറ്റത്തിലാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നത്. രണ്ടു ദശകമായി പുലികളുടെ എല്ലാവിഭാഗം സേനാദളങ്ങളും കേന്ദ്രീകരിച്ചിരിക്കുന്ന നഗരമാണ് കിളിനോച്ചി. ശ്രീലങ്കന്‍ സേനക്ക് ഒരുവിധത്തിലും കടന്നുകയറാന്‍ പറ്റാത്ത വ്യോമ-നാവിക-കരസേനാവിഭാഗങ്ങളുടെ പ്രതിരോധ കവചങ്ങളാല്‍ സംരക്ഷിതമായിരുന്ന കിളിനോച്ചിയുടെ തകര്‍ച്ച പുലികള്‍ക്കെതിരായ ശ്രീലങ്കന്‍ സേനയുടെ അപ്രതിരോധ്യമായ കടന്നാക്രമണത്തെത്തന്നെയാണ് വെളിവാക്കുന്നത്. തീര്‍ച്ചയായും മൂന്നുദശകക്കാലത്തോളമായി നില്‍നില്‍ക്കുന്ന ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിന്റെ നിര്‍ണായകമായൊരു വഴിത്തിരിവ് തന്നെയാവും പുലികളുടെ എക്കാലത്തെയും സൈനിക കേന്ദ്രവും താവളവുമായ കിളിനോച്ചിയുടെ പതനം.

ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍നിന്നും 330 കിലോമീറ്റര്‍ അകലെയുള്ള കിളിനോച്ചി രണ്ട് ദശകമായി തമിഴ് ഈഴത്തിന്റെ തലസ്ഥാനമാണ്. ശ്രീലങ്കന്‍ ഭരണകൂടത്തെ വെല്ലുവിളിക്കുന്ന ഒരു സമാന്തര ഭരണവ്യവസ്ഥ തന്നെയാണ് രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ പുലികള്‍ രൂപപ്പെടുത്തിയെടുത്തത്. ശ്രീലങ്കയില്‍ തമിഴരുടെ ആത്മാഭിമാനത്തിന സംരക്ഷണത്തിനും സിംഹളവിഭാഗങ്ങളുടെ വംശീയ വിവേചനത്തിനെതിരായും ജന്മംകൊണ്ട തമിഴ്പുലികളുടെ ചരിത്രം അവസാനിച്ചുവെന്നാണ് ആഗോളമാധ്യമങ്ങളും ശ്രീലങ്കന്‍ ഭരണവും ആശ്വസിക്കുകയും അവകാശപ്പെടുകയും ചെയ്യുന്നത്. സമാധാനപ്രക്രിയയിലൂടെ വംശീയ പ്രശ്നത്തിന് പരിഹാരം കാണാനുള്ള എല്ലാ സാധ്യതകളും അസ്തമിപ്പിച്ചതുകൊണ്ടാണ് ഇപ്പോള്‍ ശ്രീലങ്കന്‍ സേന പിന്മാറ്റമില്ലാത്ത സൈനിക ആക്രമണം തുടരുന്നത്. പുലികളുടെ ചരിത്രവും ഗറില്ലാ പോരാട്ടത്തില്‍ അവരുടെ നൈപുണ്യവുമറിയുന്നവര്‍ മഹിന്ദരാജ പക്സെയുടെ പ്രസ്താവനയെയും അവകാശവാദത്തെയും അത്രയെളുപ്പം അംഗീകരിക്കില്ല. ഇനിയൊരു തിരിച്ചുവരവ് അസാധ്യമാവുംവിധം അപ്രതിരോധ്യമായൊരു യുദ്ധമാണ് പുലിത്താവളങ്ങള്‍ക്കു നേരെ നടത്തുന്നതെന്നാണ് രാജപക്സെയുടെ വാദം. കാര്യവിവരവും ചരിത്രബോധവുമുള്ള ഒരാളും ഇത് തലയാട്ടി സമ്മതിക്കില്ല. കൊളോണിയല്‍ ചരിത്രത്തോളം വേരുകളുള്ള ശ്രീലങ്കയിലെ വംശീയ പ്രശ്നം ഒരു സൈനികാക്രമണത്തിലൂടെ സമ്പൂര്‍ണമായി പരിഹരിച്ചുകളയാമെന്ന രാജപക്സെയുടെ നിലപാടുതന്നെ ശ്രീലങ്കന്‍ ഭരണവര്‍ഗത്തിന്റെ മൌഢ്യമാണ് വെളിവാക്കുന്നത്. ജനാധിപത്യത്തിന്റെ അടിയുറച്ച മാര്‍ഗത്തിലൂടെ ശ്രീലങ്കയില്‍ തമിഴ്വംശജര്‍ നേരിടുന്ന വിവേചനങ്ങള്‍ക്ക് പരിഹാരമാകുന്ന ഭരണപരമായ (രാഷ്ട്രീയ)നടപടികള്‍ സ്വീകരിച്ചുമാത്രമേ വംശീയപ്രശ്നങ്ങള്‍ക്ക് പരിഹരിക്കാനാകൂ. അമേരിക്കയുടെ ആഗോളമേധാവിത്വത്തിന്റെയും അതിനായി ഈ മേഖലയില്‍ പെന്റഗണും സിഐഎയും നടത്തുന്ന കുത്തിത്തിരിപ്പുകളുടെയും അനിവാര്യമായ ഫലമെന്ന നിലയിലാണ് ശ്രീലങ്കയിലെ സിംഹള-തമിഴ് ഭിന്നതകള്‍ അക്രമാസക്തമായ വിഘടനവാദ സ്വഭാവം കൈവരിച്ചത്. ശ്രീലങ്കന്‍ സൈന്യവും എല്‍ടിടി ഇയും തമ്മില്‍ നടക്കുന്ന യുദ്ധത്തെ സിംഹള-തമിഴ് ജനതകള്‍ തമ്മിലുള്ള സംസ്കാര സംഘര്‍ഷത്തിന്റെ ചോരക്കളമാക്കി മാറ്റിയത് ഈ മേഖലയിലെ വന്‍ശക്തി താല്‍പ്പര്യങ്ങളാണ്.

ചരിത്രപരമായ അടിവേര്

ശീതയുദ്ധകാലത്തെ വന്‍ശക്തിതാല്‍പ്പര്യങ്ങളുടെ നിഷ്ഠുരമായ വംശീയ-വിഘടന പരിപാടികളാണ് ശ്രീലങ്കയെ രക്തപങ്കിലമാക്കിയത്. മേഖലയിലെ ഏറ്റവും അപകടകരമായ ഭീകരവാദപ്രസ്ഥാനമായി എല്‍ ടി ടി ഇ യെ വളര്‍ത്തിയെടുത്തതും അമേരിക്കന്‍ മേധാവിത്വ മോഹങ്ങളായിരുന്നല്ലോ. ശ്രീലങ്കാപ്രശ്നത്തിന്റെ ചരിത്രപരമായ അടിവേരുകള്‍ അന്വേഷിച്ചിറങ്ങുന്ന ഏതൊരു രാഷ്ട്രീയ വിദ്യാര്‍ഥിയും എത്തിച്ചേരുക ബ്രിട്ടീഷ് കൊളോണിയല്‍ അടിമത്തത്തിന്റെ കാലത്തേക്കാണ്. ഇന്നത്തെ സിംഹള-തമിഴ് വംശീയഭിന്നതയുടെ അടിവേരുകള്‍ കിടക്കുന്നത് ബ്രിട്ടീഷുകാര്‍ ശ്രീലങ്കയില്‍ വിതച്ച വംശീയ- ഭാഷാവൈരത്തിലാണ്. തങ്ങളുടെ കോളനി രാജ്യങ്ങളില്‍ വളര്‍ന്നുവന്ന ദേശാഭിമാനപരമായ രാഷ്ട്രീയ മുന്നേറ്റങ്ങളെ തകര്‍ക്കാനും കൊളോണിയല്‍ അധീശത്വം ദൃഢീകരിക്കാനുമാണ് 'ഭിന്നിപ്പിച്ച് ഭരിക്കുക' എന്ന തന്ത്രം അവര്‍ വികസിപ്പിച്ചത്. കോളനിരാജ്യങ്ങളിലെ പിന്നോക്ക ഉല്‍പ്പാദനവ്യവസ്ഥയുമായി ബന്ധപ്പെട്ട ജാതി,മത, വംശീയ ഘടകങ്ങളെ സമര്‍ഥമായി ഉപയോഗിച്ചു. ശ്രീലങ്കയില്‍ മതം, വംശീയത, ഭാഷ, അടിസ്ഥാനത്തിലുള്ള എല്ലാവിധ ഭിന്നതകളെയും ബ്രിട്ടീഷുകാര്‍ ആളിക്കത്തിച്ചു. വിഭജനവാദപരമായ പ്രത്യയശാസ്ത്ര പ്രയോഗങ്ങള്‍ ശ്രീലങ്കയില്‍ മുഖ്യമായും രൂപപ്പെടുത്തിയത് ഭൂരിപക്ഷം വരുന്ന ബുദ്ധമത വിശ്വാസികളായ സിംഹളഭാഷ സംസാരിക്കുന്നവരെയും പൊതുവില്‍ ഹിന്ദുമതക്കാര്‍ എന്നു വിവക്ഷിക്കുന്ന തമിഴരെയും തമ്മിലടിപ്പിച്ചുകൊണ്ടായിരുന്നു.സിംഹള- തമിഴ് വംശജര്‍ക്കിടയില്‍ ആസൂത്രിതമായി ശത്രുതയും വിദ്വേഷവും പടര്‍ത്താനാണ് ബ്രിട്ടീഷുകാര്‍ ശ്രമിച്ചത്.

1947 ല്‍ ശ്രീലങ്കയില്‍ കെളോണിയല്‍ ഭരണം അവസാനിച്ചതോടെ അധികാരമേറ്റെടുത്തവര്‍ സിംഹള ഭൂരിപക്ഷത്തെ ആക്രമിച്ച് നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ടികളായിരുന്നു. കൊളോണിയല്‍ ഭരണം സൃഷ്ടിച്ച ഉല്‍പ്പാദനരംഗത്തെ പിന്നോക്കബന്ധങ്ങളെ നിര്‍മാര്‍ജനം ചെയ്യാനോ സമഗ്രമായ സാമൂഹ്യപുരോഗതിക്കാവശ്യമായ വികസനപരിപാടികള്‍ തയാറാക്കാനോ ഈ ഭരണവര്‍ഗരാഷ്ട്രീയ പാര്‍ടികള്‍ തയാറായില്ല. രണ്ടാംലോകയുദ്ധാനന്തരം സാമ്രാജ്യത്വം വികസിപ്പിച്ചെടുത്ത നവകൊളോണിയല്‍ നയങ്ങളുടെ വിനീതരായ നടത്തിപ്പുകാരാവുകയായിരുന്നു ഇവര്‍. മറ്റു മൂന്നാംലോക രാജ്യങ്ങളെപ്പോലെ ശ്രീലങ്കയുടെയും വിധി നിര്‍ണയിച്ചത് സാമ്രാജ്യത്വമൂലധന താല്പര്യങ്ങളായിരുന്നു. ജനാധിപത്യപരവും പുരോഗമനോന്മുഖവുമായ വികസനത്തിന് പകരം പുത്തന്‍ കൊളോണില്‍നയങ്ങള്‍ ശ്രീലങ്കയെ വമ്പിച്ച സാമൂഹ്യ സാമ്പത്തിക കുഴപ്പങ്ങളിലേക്കും അസന്തുലിതത്വങ്ങളിലേക്കും തള്ളിവിട്ടു. തങ്ങളുടെ സാമ്രാജ്യത്വാശ്രിതവും ഭരണവര്‍ഗാനുകൂലവുമായ വികസനനയങ്ങളുടെ പരാജയം മൂടിവെക്കാനും അതിനെതിരെ വളര്‍ന്നുവന്ന നാനാതരത്തിലുള്ള ബഹുജന സമരങ്ങളെ വഴിതെറ്റിക്കാനും ശ്രീലങ്കന്‍ സര്‍ക്കാര്‍ വംശീയ വിദ്വേഷം വളര്‍ത്തുകയായിരുന്നു. ശ്രീലങ്കന്‍ ഭരണവര്‍ഗപാര്‍ടികള്‍ വര്‍ഗീയ വിദ്വേഷം ആളിക്കത്തിച്ച് സിംഹളഭൂരിപക്ഷത്തിന്റെ വക്താക്കളായി സ്വയം അവതരിപ്പിച്ചു. കടുത്ത തമിഴ്വിരുദ്ധതയില്‍ അധിഷ്ഠിതമായ സിംഹള പ്രീണനനയങ്ങള്‍ അവര്‍ പ്രയോഗിച്ചു.

ഇതിന്റെ ഭാഗമായി തമിഴ് ജനതയുടെ ജനാധിപത്യപരമായ അവകാശങ്ങളെയും പുരോഗതിയെയും തടയുന്നതും അവരെ രണ്ടാംതരം പൌരന്മാരായി തരംതാഴ്ത്തുന്നതുമായ നടപടികള്‍ നിരന്തരം ഉണ്ടായി. ശ്രീലങ്കന്‍ സര്‍ക്കാറിന്റെ വംശീയമായ ഈ വിവേചനനയം തമിഴ് ജനതയില്‍ സ്വാഭാവിമായും അന്യതാ ബോധം വളര്‍ത്തി. നിരന്തരമായ അവഗണനയും അപമാനവും തമിഴ് ജനതയില്‍ തീവ്രമായ സിംഹളവിദ്വേഷവും വംശീയ വികാരവും വളരുന്നതിന് കാരണമായി. തമിഴ്ജനതയോടുള്ള വിവേചനങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ തന്നെ ശ്രീലങ്കയില്‍ വളര്‍ന്നുവന്നു. ഐക്യവും സാഹോദര്യവും ഉറപ്പുവരുത്തേണ്ട ശ്രീലങ്കന്‍ പാര്‍ടികള്‍ വംശീയ ഭിന്നതകളെ തീക്ഷ്ണമാക്കി. എരിതീയില്‍ എണ്ണയൊഴിച്ച് താന്താങ്ങളുടെ സങ്കുചിമായ താല്‍പ്പര്യങ്ങള്‍ക്കായി വംശീയാടിസ്ഥാനത്തിലുള്ള ധ്രുവീകരണത്തിന് ആക്കംകൂട്ടുകയായിരുന്നു അവരെല്ലാം.

സ്വാതന്ത്ര്യം നേടിയ കാലത്ത് സാമ്പത്തിക വിദ്യാഭ്യാസകാര്യങ്ങളില്‍ തമിഴര്‍ മുന്‍പന്തിയിലായിരുന്നു. പുരോഗതിയും വളര്‍ച്ചയും തമിഴര്‍ക്ക് കൈവരിക്കാനായത് ബ്രിട്ടീഷുകാര്‍ക്ക് അവര്‍ ഒത്താശപാടി നടക്കുന്നതുകൊണ്ടാണെന്ന് സിംഹള സംഘടനകള്‍ വാദിച്ചു. സിംഹളര്‍ ബ്രിട്ടണെനെതിരെ സമരംചെയ്തതുകൊണ്ട് ബ്രിട്ടീഷുകാര്‍ അങ്ങേയറ്റംവിവേചനപരമായ സമീപനമാണ് സ്വീകരിച്ചത്. ഇതവരുടെ സാമൂഹ്യ-സാമ്പത്തിക പിന്നോക്കാവസ്ഥക്ക് പ്രധാനകാരണമായെന്ന് പല ശ്രീലങ്കന്‍ ചരിത്രകാരന്മാരും നിരീക്ഷിക്കുന്നു. കൊളോണിയല്‍ ഭരണം അടിച്ചേല്‍പ്പിച്ച തങ്ങളുടെ പിന്നോക്കാവസ്ഥക്ക് പരിഹാരമുണ്ടാക്കാന്‍, തങ്ങളെയും സമൂഹത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ പ്രത്യേക നടപടിവേണമെന്ന് സിംഹളര്‍ ആവശ്യപ്പെട്ടു. ഇത്തരം സാമൂഹ്യസാമ്പത്തിക യാഥാര്‍ഥ്യങ്ങളെ ജനാധിപത്യപരവും വിവേചനരഹിതവുമായ രാഷ്ട്രീയസമീപനങ്ങളിലൂടെ പരിഹരിക്കുന്നതിന് പകരം ശ്രീലങ്കന്‍ ഭരണകൂടം സിംഹള ഭൂരിപക്ഷത്തിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങി. സിംഹളരും തമിഴരുമെല്ലാമടങ്ങുന്ന ശ്രീലങ്കന്‍ ജനതയുടെ സമഗ്രവും സന്തുലിതവുമായ പുരോഗതിക്ക് യത്നിക്കേണ്ടവര്‍ തമിഴരെ ഇകഴ്ത്തുന്ന നടപടികളിലൂടെ സിംഹളഭൂരിപക്ഷത്തെ പ്രീണിപ്പിക്കുകയായിരുന്നു. ഇത് തമിഴ് ജനതയുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്ന ഭരണനടപടികളായി, അവരെ അപമാനിക്കുകയും അവഗണിക്കുകയും ചെയ്യുന്ന അവസ്ഥ സൃഷ്ടിച്ചു.

സിംഹളഭാഷയെ ഏക ഔദ്യോഗികഭാഷയായി അവരോധിച്ചതും ഉയര്‍ന്നവിദ്യാഭ്യാസകോഴ്സുകളില്‍ ചേരുന്നതിന് തമിഴര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും തമിഴ് ഭൂരിപക്ഷപ്രദേശങ്ങളില്‍ സിംഹളവംശജരെ വ്യാപകമായി കുടിയേറിപ്പാര്‍പ്പിച്ചതും ശ്രീലങ്കന്‍ സര്‍ക്കാരിന്റെ കടുത്ത തമിഴ്വംശ വിഭാഗങ്ങള്‍ക്കെതിരായ ഭരണനടപടികളായിരുന്നു. സിംഹള വംശീയതയെ അടിസ്ഥാനമാക്കി ജനസ്വാധീനം നിലനിര്‍ത്താന്‍ ശ്രമിച്ച ശ്രീലങ്കന്‍ ഭരണവര്‍ഗപാര്‍ടികളുടെ തന്ത്രം തമിഴ് ജനതക്കെതിരായ വിവേചനഭീകരതയാണ് വളര്‍ത്തിയത്. ഇത് തീര്‍ത്തും ദുഃഖകരവും വൈകാരികവുമായ ഒരകല്‍ച്ചാബോധം തമിഴര്‍ക്കിടയില്‍ രൂപപ്പെടുത്തുകയും ഈ അവസ്ഥ മുതലെടുത്താണ് തീവ്രവംശീയ നിലപാടുകളുള്ള തമിഴ് സംഘടനകള്‍ ജന്മമെടുത്തത്. ശ്രീലങ്കയിലെ കമ്യൂണിസ്റ്റ് പാര്‍ടികള്‍ സിംഹളഭൂരിപക്ഷത്തിലധിഷ്ഠിതമായ സര്‍ക്കാരിന്റെ വിവേചനനയങ്ങളെ ശക്തമായി എതിര്‍ത്തു. മത, വംശ, ഭാഷാഭേദങ്ങള്‍ക്കപ്പുറം ജനങ്ങളുടെ ഐക്യത്തിലൂന്നുന്ന ജനാധിപത്യ മതേതര രാഷ്ട്രീയത്തെ തകര്‍ക്കുന്നതാണ് സിംഹള വംശീയതയെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നടപടികളെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 1978 ലും 1983 ലും ചേര്‍ന്ന വംശീയതക്കെതിരായ അന്താരാഷ്ട്ര ഉച്ചകോടികളില്‍ സോവിയറ്റ് യൂണിയനും നിരവധി ചേരിചേരാരാഷ്ട്രങ്ങളും സിയോണിസത്തെ എന്നപോലെ ശ്രീലങ്കന്‍ സര്‍ക്കാരിന്റെ സിംഹള വംശീയനയങ്ങളെയും ചോദ്യംചെയ്തു. ഭരണകൂടങ്ങളുടെ വംശീയമായ ഉള്ളടക്കങ്ങളെ ചോദ്യംചെയ്ത ഈ ഉച്ചകോടികള്‍ അമേരിക്കയും സഖ്യരാജ്യങ്ങളും ബഹിഷ്കരിച്ചു.

തമിഴ് പുലികളുടെ ഉത്ഭവവും വളര്‍ച്ചയും

തമിഴ് ജനതയുടെ വിമോചനത്തിനായി രൂപംകൊണ്ട എല്‍ടിടിഇ ലോകത്തിലെ ഏറ്റവും സുശക്തമായ സംഘടനാ സംവിധാനമുള്ള ഭീകര സംഘടനയാണ്. സിംഹള വംശീയതക്കും ശ്രീലങ്കന്‍ സര്‍ക്കാരിന്റെ തമിഴ് വിരുദ്ധനയങ്ങള്‍ക്കും എതിരെ തീവ്രവാദപരമായ നിലപാടുകള്‍ സ്വീകരിക്കുന്ന വിദ്യാര്‍ഥി-യുവജന വിഭാഗങ്ങളില്‍ വേരുറപ്പിച്ചുകൊണ്ടാണ്എല്‍ടിടിഇ ജന്മമെടുക്കുന്നത്. 1970 ല്‍ തമിഴ് സ്റ്റുഡന്‍സ് മൂവ്മെന്റ് രൂപീകരിക്കുന്നതോടെ തീവ്രവാദത്തിന് വിത്തുപാകി. സര്‍വകാലശാലകളില്‍ തമിഴ്വംശജരെ പ്രവേശിപ്പിക്കുന്നതിനേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇതിന് പ്രേരണയായത്. തമിഴ് ജനതയെ അവഗണിക്കുന്ന പുതിയ ഭരണഘടന അംഗീകരിക്കാനാവില്ലെന്ന തമിഴ് യുനൈറ്റഡ് ലിബറേഷന്‍ ഫ്രണ്ടിന്റെ വിലയിരുത്തലോടെ ജാഫ്ന കലാപഭൂമിയായി. 1972 ല്‍ തന്നെ നിരവധി തമിഴ് സായുധഗ്രൂപ്പുകള്‍ പിറവിയെടുത്തു, തമിഴ് ന്യൂടൈഗേഴ്സ്, തമിഴ് ഈഴം ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ തുടങ്ങിയവ. 1972 ല്‍ വേലുപ്പിള്ള പ്രഭാകരന്‍ രൂപീകരിച്ച തമിഴ് ന്യൂ ടൈഗേഴ്സ് ആണ് പിന്നീട് ലോകത്തിലെ അത്യപൂര്‍വമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ തമിഴ് ഈഴം വിടുതലൈ പുലികള്‍ (എല്‍ ടി ടി ഇ) ആയി മാറിയത്.

ശ്രീലങ്കയില്‍ ഉയര്‍ന്നുവന്ന തമിഴ് വംശീയ വിവേചനത്തിനെതിരായ സമരങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന വികാരമാണ് എല്‍ ടിടിഇ യുടെ സായുധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ കൂട്ടിയത്. തമിഴ് നേതാക്കളുമായി കാലകാലങ്ങളില്‍ ഉണ്ടാക്കിയ എല്ലാ കരാറുകളും ലംഘിക്കപ്പെടുകയും തമിഴര്‍ക്കെതിരായ വിവേചനവും അടിച്ചമര്‍ത്തലും രൂക്ഷമാക്കുകയും ചെയ്യുന്ന സാഹചര്യമാണ് എല്‍ടിടിഇയുടെ സായുധപോരാട്ടങ്ങളെ വ്യാപകമാക്കിയത്.

1983 ലെ കറുത്ത ജൂലൈയിലാണ് എല്‍ടിടിഇ ഗറില്ലാപോരാട്ടത്തിന് തുടക്കമിട്ടത്. ശ്രീലങ്കന്‍ ചരിത്രത്തിലെ ചോരയില്‍കുതിര്‍ന്ന ജൂലൈയിലെ കലാപങ്ങളിലും ഏറ്റുമുട്ടലിലും മൂവായിരത്തിലേറെ തമിഴരാണ് മരിച്ചത്. പതിനായിരങ്ങള്‍ അഭയാര്‍ഥികളായി. അടിച്ചമര്‍ത്തലിനെയും സൈനികാക്രമണങ്ങളെയും ഗറില്ലാ പോരാട്ടങ്ങളിലൂടെ ചെറുക്കാനും തമിഴര്‍ക്ക് ഒരു പ്രത്യേക രാഷ്ട്രം രൂപീകരിക്കാനും പ്രഭാകരന്‍ ആഹ്വാനം ചെയ്തു. ഇതോടെ വടക്കന്‍ ശ്രീലങ്കയില്‍ സമാന്തര ഭരണവ്യവസ്ഥ സൃഷ്ടിക്കപ്പെട്ടു. അതിസാഹസികമായ ഗറില്ലാ സമരങ്ങളും ചാവേര്‍ ആക്രമണങ്ങളും സംഘടിപ്പിച്ച് ശ്രീലങ്കന്‍ ഭരണകൂടത്തെ പുലികള്‍ വെല്ലുവിളിച്ചു. 1983ലും 1998ലുംശ്രീലങ്കന്‍ സര്‍ക്കാര്‍ എല്‍ടിടിഇയെ നിരോധിച്ചു. ആദ്യം നിരോധനം നാലുവര്‍ഷംകൊണ്ട് നീങ്ങിക്കിട്ടി. അമേരിക്കയുടെ നാറ്റോ സഖ്യത്തിലെ അംഗരാജ്യമായ നോര്‍വെയുടെ മധ്യസ്ഥതയില്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിനെത്തുടര്‍ന്നാണ് രണ്ടാമത്തെ നിരോധം 2002 ല്‍ നീങ്ങിയത്.

1980 കളുടെ മധ്യത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തമിഴ് മേഖലകളെ ഉപരോധത്തിലാക്കിയതോടെയാണ് ഇന്ത്യ ശ്രീലങ്കയില്‍ ഇടപെടുന്നത്. ശ്രീലങ്കയിലെ തമിഴ് ജനത നേരിടുന്ന അടിച്ചമര്‍ത്തലും വിവേചനവും ഇന്ത്യയില്‍ അനുരണനങ്ങളുണ്ടാക്കി. കോണ്‍ഗ്രസ് തമിഴ് നാട്ടിലെ ദ്രാവിഡപാര്‍ടികളുമായുണ്ടാക്കുന്ന സങ്കുചിത ലക്ഷ്യത്തോടെയുള്ള രാഷ്ടീയസഖ്യം പലപ്പോഴും തമിഴ് പുലികള്‍ക്ക്വിശ്വസിച്ചാശ്രയിക്കാവുന്ന പ്രദേശമാക്കി തമിഴ് നാടിനെ മാറ്റി. തമിഴ് നാട്ടില്‍ പരസ്യമായി സംഘടിപ്പിക്കപ്പെട്ട ചടങ്ങുകളില്‍ പുലിനേതാക്കള്‍ ആദരിക്കപ്പെട്ടു. ലങ്കന്‍സേന കടുത്ത സൈനികാക്രമണവും ക്രൂരതകളും അഴിച്ചുവിട്ട സാഹചര്യത്തിലാണ് ഇന്ത്യ അവിടെ ഭക്ഷണവിതരണം നടത്തിയത്. ശ്രീലങ്കയുടെ വ്യോമാര്‍തിര്‍ത്തി ലംഘിച്ച് നടത്തിയ ഇത്തരം ഇടപെടലുകള്‍ക്ക് ശേഷമാണ് രാജീവ്ഗാന്ധിയും ജയവര്‍ധനയും കരാറിലെത്തിയതും ആ കരാര്‍ പ്രഭാകരനെ വീട്ടുതടങ്കലിലാക്കി ബലം പ്രയോഗിച്ച് അംഗീകരിപ്പിക്കുന്നതും. ഡല്‍ഹിയിലെ ഒരു മുറിയിലടയ്ക്കപ്പെട്ട പ്രഭാകരനെ തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് 1987 ല്‍ ഈ സമാധാനകരാര്‍ അംഗീകരിപ്പിച്ചതെന്ന് പിന്നീട് പതിറ്റാണ്ടുകളോളം അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്ന കരുണഅമ്മന്‍ വെളിപ്പെടുത്തുകയുണ്ടായി. ജനാധിപത്യപരമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ തടഞ്ഞും അതിന് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയനേതാക്കളെ അരിഞ്ഞുവീഴ്ത്തിയും വളര്‍ന്നുവന്ന പ്രഭാകരന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭീഷണിക്ക് മുമ്പില്‍ വഴങ്ങുകയായിരുന്നുപോലും. ഇന്ത്യയുടെ തടങ്കലില്‍നിന്ന് മോചിതനായതിനെത്തുടര്‍ന്ന് പ്രഭാകരന്‍ കരാര്‍ തള്ളിപ്പറയുകയായിരുന്നു. ഈയൊരു സന്ദിഗ്ധമായ സാഹചര്യമാണ് കരാര്‍ നടപ്പാക്കേണ്ട ചുമതല ഇന്ത്യന്‍ സര്‍ക്കാരിന്റേതായി മാറ്റിയത്. സിംഹള ജനതക്കുപോലും ഇന്ത്യന്‍ നിലപാടില്‍ പ്രതിഷേധമുണ്ടായി. ഇന്ത്യന്‍ സമാധാനപാലന സേന എന്ന പേരില്‍ ശ്രീലങ്കയിലേക്ക് അയച്ച പട്ടാളം തമിഴ് ജനതയെ ക്രൂരമായി അടിച്ചമര്‍ത്തി. ശ്രീലങ്കയില്‍ വലിയേട്ടനെപ്പോലെ പെരുമാറുന്ന ഇന്ത്യന്‍ നിലപാടില്‍ സിംഹള ജനതയടക്കം രംഗത്തുവന്നു. വിചിത്രമായ വസ്തുത ഇന്ത്യന്‍ സൈനികനടപടിക്കെതിരെ ശ്രീലങ്കന്‍ സൈന്യവും പുലികള്‍ക്ക്അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്നതാണ്. ഇന്ത്യന്‍പട്ടാളം തമിഴര്‍ക്കുനേരെ നടത്തിയ നിഷ്ഠുരമായ കൂട്ടക്കൊലകളുടെ പ്രതികാരവാഞ്ഛയാണ് രാജീവ് വധത്തില്‍ കലാശിച്ചത്.

രാജീവ് വധത്തോടെ ഇന്ത്യന്‍ സര്‍ക്കാര്‍ പുലികളെ നിരോധിച്ചു. ശ്രീലങ്കന്‍ സര്‍ക്കാര്‍ പുലികള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കി. മറുവശത്താകട്ടെ അമേരിക്കയും ബ്രിട്ടനുമടക്കമുള്ള സാമ്രാജ്യത്വരാജ്യങ്ങള്‍ തങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ വഴിയും ഇസ്രായേല്‍ പോലുള്ള ശിങ്കിടികളിലൂടെയും പുലികള്‍ക്ക് ആയുധങ്ങളും സൈനിക പരിശീലനവും നല്‍കിപ്പോന്നു. തങ്ങളുടെ രാജ്യത്തുള്ള തമിഴ്വിഭാഗങ്ങളിലൂടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന മയക്കുമരുന്ന് വിദേശവിപണികളില്‍ വിറ്റ് സാമ്പത്തികസമാഹരണം നടത്തുന്നതിന് എല്‍ടിടിഇക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുകയും ചെയ്തു.

സാര്‍വദേശീയ പശ്ചാത്തലം

എണ്‍പതുകളിലെ ശീതയുദ്ധതാല്‍പ്പര്യങ്ങളുടെ ഭാഗമായിട്ടാണ് ഇന്ത്യാ ഉപഭൂഖണ്ഡങ്ങളിലുടനീളം തീവ്രവാദ-വിഘടനവാദപ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടത്. അതിലേറ്റവും സാഹസികവും ഭീകരവാദപരവുമായ നിലപാട് സ്വീകരിച്ച എല്‍ടിടിഇ ഇന്ത്യയെയും ശ്രീലങ്കയെയുമെല്ലാം സാമ്രാജ്യത്വ താല്‍പ്പര്യങ്ങളുടെ കളിക്കളമാക്കി മാറ്റി. അഫ്ഗാനിസ്ഥാനില്‍ ഡോ. നജീബുള്ളയുടെ നേതൃത്വത്തില്‍ സോവിയറ്റ് അനുകൂല സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ മേഖലയിലെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ തീവ്രഗതിയിലാക്കുകയായിരുന്നു സിഐഎ ചെയ്തത്. ഈ മേഖലയിലെ ശീതയുദ്ധപദ്ധതികളുടെ ഭാഗമായിട്ട് തന്നെയാണ് ശ്രീലങ്കയിലെ സിംഹള- തമിഴ് വംശീയസംഘര്‍ഷങ്ങളെ വിഘടനവാദപരമായ മാനങ്ങളിലേക്ക് എത്തിക്കുന്നത്. ലോകമെങ്ങുമുള്ള, ജിഹാദിലേക്ക് ആകൃഷ്ടരായ മുസ്ലീം ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്ത് പാകിസ്ഥാന്‍ വഴി അഫ്ഗാനിസ്ഥാനില്‍ പോരാടുന്നതിനുവേണ്ടി എത്തിക്കാന്‍ സിഐഎ നടത്തിയ കുടിലകൃത്യങ്ങള്‍ ഇന്ന് വെളിവാക്കപ്പെട്ടിട്ടുണ്ടല്ലോ. കമ്യൂണിസത്തിനെതിരെ ഇസ്രയേലിനെ ഒരു പ്രത്യയശാസ്ത്രപദ്ധതിയും ഭീകരവാദത്തിന്റെ പ്രയോഗരൂപവുമാക്കുകയായിരുന്നു സി ഐ എ.

സോവിയറ്റ് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുന്ന ഇന്ത്യക്കും അഫ്ഗാനിസ്ഥാന്‍വരെ എത്തിനില്‍ക്കുന്ന സോവിയറ്റ് യൂണിയന്റെ നേരിട്ടുള്ള സ്വാധീനമേഖലക്കുമിടയില്‍ സ്ഥിതിചെയ്യുന്ന പാകിസ്ഥാന്‍ അമേരിക്കന്‍ പദ്ധതികളുടെ ഹൃദയഭൂമിയായി മാറി. അന്നത്തെ സിഐഎ മേധാവി വില്യം ഖാസിയും പെന്റഗണ്‍ പ്രതിനിധികളും തങ്ങളുടെ ഭൂമിശാസ്ത്ര-രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ തന്ത്രപ്രധാനകേന്ദ്രമാക്കി പാകിസ്ഥാനെ ഉപയോഗിച്ചു.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ അമേരിക്കന്‍ സ്വാധീനത്തില്‍ കൊണ്ടുവരുന്നതിന് ട്രിങ്കോമാലിയെ ഒരമേരിക്കന്‍ നാവികത്താവളമാക്കുകയെന്ന സിഐഎ യുടെയും പെന്റഗണിന്റെയും അജന്‍ഡയാണ് ശ്രീലങ്കയിലെ വിഘടനവാദശക്തികളെ ആയുധവും അര്‍ഥവും നല്‍കി സഹായിക്കുന്നതിലേക്ക് നയിച്ചത്. അന്നത്തെ ശീതയുദ്ധ സാഹചര്യത്തില്‍ ട്രിങ്കോമാലിയെ ഒരു മേജര്‍ നാവികത്താവളമാക്കി ഈ മേഖലയിലെ ആധിപത്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അമേരിക്ക ആഗ്രഹിച്ചു. ഈയൊരു തന്ത്രപരവും അടിയന്തിരവുമായ ആവശ്യമാണ് ശ്രീലങ്കയെ വിഭജിച്ച് തമിഴ്രാഷ്ട്രമുണ്ടാക്കാനുള്ള പുലികളുടെ പ്രസ്ഥാനത്തിന് അമേരിക്കന്‍ പിന്തുണ ഉറപ്പിച്ചത്. അമേരിക്കയുടെ ശീതയുദ്ധനീക്കങ്ങളെ പ്രതിരോധിക്കാനുള്ള സോവിയറ്റ് നീക്കങ്ങളും അതിനോട് ഇന്ത്യന്‍ സര്‍ക്കാരും ശ്രീലങ്കന്‍സര്‍ക്കാരും സ്വീകരിച്ച മാറിമാറിയുള്ള നിലപാടുകളും ശ്രീലങ്കന്‍ വംശീയപ്രശ്നത്തെ സങ്കീര്‍ണമായ മാനങ്ങളിലേക്ക് പരിവര്‍ത്തിപ്പിക്കുകയായിരുന്നു.

*
കെ ടി കുഞ്ഞിക്കണ്ണന്‍ കടപ്പാട്: ദേശാഭിമാനി വാരിക

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ശ്രീലങ്കന്‍ സേന എല്‍ ടി ടി ഇക്കെതിരായ അവസാന യുദ്ധത്തിലാണെന്ന് പ്രസിഡന്റ് രജപക്സെ കൊളംബോയില്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്‍ ടി ടി ഇയുടെ രാഷ്ട്രീയ തലസ്ഥാനമായ കിളിനോച്ചി കീഴടക്കിയതിനുശേഷം ശ്രീലങ്കന്‍ സേന പുലികളുടെ സമ്പൂര്‍ണ നിയന്ത്രണം നിലനില്‍ക്കുന്ന മുല്ലത്തീവ് നഗരം കീഴടക്കാനുള്ള മുന്നേറ്റത്തിലാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നത്. രണ്ടു ദശകമായി പുലികളുടെ എല്ലാവിഭാഗം സേനാദളങ്ങളും കേന്ദ്രീകരിച്ചിരിക്കുന്ന നഗരമാണ് കിളിനോച്ചി. ശ്രീലങ്കന്‍ സേനക്ക് ഒരുവിധത്തിലും കടന്നുകയറാന്‍ പറ്റാത്ത വ്യോമ-നാവിക-കരസേനാവിഭാഗങ്ങളുടെ പ്രതിരോധ കവചങ്ങളാല്‍ സംരക്ഷിതമായിരുന്ന കിളിനോച്ചിയുടെ തകര്‍ച്ച പുലികള്‍ക്കെതിരായ ശ്രീലങ്കന്‍ സേനയുടെ അപ്രതിരോധ്യമായ കടന്നാക്രമണത്തെത്തന്നെയാണ് വെളിവാക്കുന്നത്. തീര്‍ച്ചയായും മൂന്നുദശകക്കാലത്തോളമായി നില്‍നില്‍ക്കുന്ന ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിന്റെ നിര്‍ണായകമായൊരു വഴിത്തിരിവ് തന്നെയാവും പുലികളുടെ എക്കാലത്തെയും സൈനിക കേന്ദ്രവും താവളവുമായ കിളിനോച്ചിയുടെ പതനം.

ടി കെ കുഞ്ഞിക്കണ്ണന്‍ എഴുതിയ ലേഖനം.

Anonymous said...

ശ്രീലങ്കന്‍ പ്രശ്നത്തെപ്പറ്റി ഒരു നല്ല ലേഖനം

http://dissidentvoice.org/2009/05/distant-voices-desperate-lives/
Distant Voices, Desperate Lives