Saturday, January 3, 2009

ഭക്ഷ്യ - ധന പ്രതിസന്ധികളുടെ പരസ്‌പര ബന്ധം

1929ല്‍ പൊട്ടിപ്പുറപ്പെട്ട പ്രതിസന്ധിക്കു ശേഷമുണ്ടായ ഏറ്റവും വലിയ അന്താരാഷ്‌ട്ര സാമ്പത്തിക പ്രതിസന്ധിയാണ് 2007-08 ലേത്. സമൂഹത്തെ കൊള്ളയടിക്കുന്ന ബാങ്കര്‍മാരെ രക്ഷിക്കാന്‍ ഭരണാധികാരികള്‍ വലിയ തോതില്‍ ഇടപെടാന്‍ നിര്‍ബന്ധിതമാകുന്നിടത്തോളം ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഇവിടെയും പരസ്‌പരാശ്രിതത്വം ശ്രദ്ധേയമാണ്. 2007 ഡിസംബര്‍ 31-നും 2008 ഒൿടോബര്‍ 18-നുമിടയില്‍ ലോകത്തിലെ എല്ലാ ഓഹരി വിപണികളും നാടകീയമായ തകര്‍ച്ച നേരിട്ടു. വ്യവസായവല്‍കൃത രാജ്യങ്ങളിലെ ഓഹരി വിപണികളില്‍ ഇത് 30 ശതമാനം മുതല്‍ 40 ശതമാനം വരെയും ചിലപ്പോള്‍ അതില്‍ അധികവും ആയിരുന്നു. തുര്‍ക്കി, അര്‍ജന്റീന, ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ തകര്‍ച്ച 45 ശതമാനത്തില്‍ അധികമായിരുന്നു.

അയഥാര്‍ഥമായ മൂലധനത്താല്‍ പടുത്തുയര്‍ത്തപ്പെട്ട, ഭീമാകാരമായി വര്‍ധിച്ചുവന്ന സ്വകാര്യ കടങ്ങളുടെ ഗോപുരം ഒടുവില്‍ വ്യവസായവല്‍കൃത രാജ്യങ്ങളില്‍ തന്നെ തകര്‍ന്നുവീണു. ഈ ഭൂഗോളത്തില്‍ ഏറ്റവും അധികം കടത്തെ ആശ്രയിച്ചുള്ള സമ്പദ് ഘടന നിലനില്‍ക്കുന്ന അമേരിക്കയില്‍ നിന്നായിരുന്നു ഇതിന്റെ തുടക്കം. വാസ്‌തവത്തില്‍, 2008-ല്‍ അമേരിക്കയിലെ പൊതുകടവും സ്വകാര്യകടവും കൂടി 50 ലക്ഷം കോടി ഡോളറായി - അതായത് ജിഡിപിയുടെ 350%. ഇതിനകം തന്നെ ഭൂഗോളത്തിലാകെ പടര്‍ന്നുപിടിച്ചുകഴിഞ്ഞ സാമ്പത്തികവും ധനപരവുമായ പ്രതിസന്ധി വികസ്വര രാജ്യങ്ങളെയായിരിക്കും ഏറെ പ്രതികൂലമായി ബാധിക്കുന്നത്. ഇപ്പോള്‍ സുരക്ഷിതരെന്ന് കരുതുന്നവര്‍ക്ക് പോലും ഇതില്‍നിന്ന് രക്ഷപ്പെടാനാവില്ല.

ഭക്ഷ്യ പ്രതിസന്ധി

2007-08 ല്‍ ഭക്ഷ്യവിലകള്‍ കുതിച്ചുയര്‍ന്നതോടെ ലോക ജനസംഖ്യയില്‍ പകുതിയില്‍ ഏറെപ്പേരുടെ ജീവിതനിലവാരം ഒറ്റയടിക്ക് തകര്‍ന്നു. 2008 മധ്യത്തില്‍ പതിനഞ്ചോളം രാജ്യങ്ങളില്‍ വമ്പിച്ച പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. മുമ്പൊരിക്കലും ബാധിച്ചിട്ടില്ലാത്ത വിധം കോടിക്കണക്കിനാളുകള്‍ പട്ടിണി കിടക്കുന്ന അവസ്ഥയുണ്ടായി. കോടിക്കണക്കിനാളുകള്‍ക്ക് തങ്ങളുടെ ഭക്ഷ്യോപഭോഗം വെട്ടിച്ചുരുക്കേണ്ടതായി വന്നു (അതേ തുടര്‍ന്ന്, മറ്റ് അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും ലഭ്യതയും കുറഞ്ഞു).

അമേരിക്കന്‍ ഭരണകൂടത്തിന്റെയും യൂറോപ്യന്‍ കമ്മിഷന്റെയും പിന്തുണയോടെ ധനമേഖലയിലും കാര്‍ഷിക (agro-industry) വ്യവസായത്തിലും ഏര്‍പ്പെട്ടിട്ടുള്ള ഒരുപിടി കമ്പനികള്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ ഫലമായാണ് ഇതൊക്കെ സംഭവിച്ചത്. വാസ്‌തവത്തില്‍, ആഗോളമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യസാധനങ്ങളിൽ കയറ്റുമതി ചെയ്യപ്പെടുന്ന ഭക്ഷ്യസാധനങ്ങളുടെ ശതമാനം തീരെ കുറവാണ്. ലോകത്താകെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അരിയുടെയും ഗോതമ്പിന്റെയും ചോളത്തിന്റെയും ഒരു ചെറിയ ഭാഗം മാത്രമേ കയറ്റുമതി ചെയ്യപ്പെടുന്നുള്ളു. അതില്‍ വലിയൊരു ഭാഗം അതാത് രാജ്യത്തുതന്നെ ഉപഭോഗം ചെയ്യപ്പെടുകയാണ്. എന്നാല്‍ കയറ്റുമതി വിപണിയിലെ വിലയാണ് പ്രാദേശിക വിപണിയിലെ വിലയും നിശ്ചയിക്കുന്നത്. കയറ്റുമതി വിപണിയിലെ വില അമേരിക്കയിലാണ് തീരുമാനിക്കുന്നത് - മുഖ്യമായും മൂന്ന് ഓഹരി വിപണികളില്‍ (ഷിക്കാഗോ, മിനിയപ്പോലിസ, കന്‍സാസ് സിറ്റി). തിമ്പുൿടുവിലെയും മെൿസിക്കോയിലെയും നയ്റോബിയിലെയും ഇസ്ലാമാബാദിലെയും അരിയുടെയും ഗോതമ്പിന്റെയും ചോളത്തിന്റെയും വിലയെ അമേരിക്കന്‍ ഓഹരി വിപണിയിലെ ഈ ധാന്യങ്ങളുടെ വിലകള്‍ നേരിട്ട് സ്വാധീനിക്കുന്നു.

2008 ല്‍ ഭൂഗോളത്തിന്റെ നാനാ കോണുകളിലും ഉയര്‍ന്നുവന്ന ഭക്ഷ്യകലാപങ്ങളുടെ ഫലമായും അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുന്നത് ഒഴിവാക്കുന്നതിനായും വികസ്വര രാജ്യങ്ങളുടെ ഭരണാധികാരികള്‍ക്ക് തങ്ങളുടെ പൌരന്മാര്‍ക്ക് ഭക്ഷ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കേണ്ടതായി വന്നു.

പ്രാദേശിക ധാന്യോല്‍പ്പാദകര്‍ക്ക് പിന്തുണ നല്‍കുന്നതില്‍നിന്ന് കഴിഞ്ഞ നിരവധി ദശകങ്ങളായി ക്രമാനുഗതമായി പിന്മാറിയതിന്റെ ഫലമായും ലോകബാങ്കും ഐഎംഎഫും പോലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ഘടനാപരമായ ക്രമീകരണ പരിപാടിയുടെയും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പരിപാടികളുടെയും ഭാഗമായി അടിച്ചേല്‍പ്പിച്ച നവലിബറല്‍ നയങ്ങളുടെയും ഫലമായാണ് ഈ അവസ്ഥ സംജാതമായത്. "ദാരിദ്ര്യത്തിനെതിരായ പോരാട്ട''ത്തിന്റെ പേരില്‍ ഈ സ്ഥാപനങ്ങള്‍ സര്‍ക്കാരുകളിലൂടെ നടപ്പിലാക്കിയത് ദാരിദ്ര്യം വര്‍ധിപ്പിക്കുന്ന തരത്തിലുള്ള നയങ്ങളാണ്. അതിനു പുറമെ, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പല സര്‍ക്കാരുകളും ഒപ്പിട്ട ഉഭയകക്ഷി കരാറുകളും (പ്രത്യേകിച്ചും സ്വതന്ത്ര വ്യാപാര സംഘടനയുടെ ദോഹ വട്ട വ്യാപാര കൂടിയാലോചനകള്‍) ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കി.

എന്താണ് സംഭവിച്ചത്?

രംഗം ഒന്ന്

പ്രധാനമായും വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും വന്‍കിട കാര്‍ഷിക കയറ്റുമതി കമ്പനികള്‍ ഉള്‍പ്പെടെ വിദേശ കാര്‍ഷികോല്‍പ്പാദകരില്‍ നിന്നുള്ള മത്സരത്തില്‍നിന്ന് പ്രാദേശിക ഉല്‍പ്പാദകരെ സംരക്ഷിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വ്യാപാരവിലക്കുകള്‍ എല്ലാം വികസ്വര രാജ്യങ്ങള്‍ കൈവെടിഞ്ഞു. ഇത് പ്രാദേശിക കര്‍ഷകര്‍ക്ക് ഉല്‍പ്പാദനച്ചെലവ് പോലും ലഭിക്കാത്ത വിധം കുറഞ്ഞ വിലയ്ക്ക് കാര്‍ഷികോല്‍പ്പന്നങ്ങള്‍ പ്രാദേശിക വിപണികളില്‍ വില്‍ക്കപ്പെടുന്ന സ്ഥിതി സംജാതമാക്കി. തന്മൂലം പ്രാദേശിക ഉല്‍പ്പാദകര്‍ പാപ്പരായി. അവരില്‍ ഏറെപ്പേരും തങ്ങളുടെ രാജ്യത്തെ വന്‍ നഗരങ്ങളിലേക്കോ വ്യവസായവല്‍കൃത രാജ്യങ്ങളിലേക്കോ ഉപജീവനത്തിനായി കുടിയേറി.

ലോക വ്യാപാരസംഘടനയുടെ അഭിപ്രായത്തില്‍ സമ്പന്ന രാജ്യങ്ങള്‍ അവിടങ്ങളിലെ വന്‍കിട കാര്‍ഷിക സ്ഥാപനങ്ങള്‍ക്ക് ആഭ്യന്തര വിപണിയിലേക്ക് നല്‍കുന്ന സബ്‌സിഡികള്‍ വിദേശ വിപണികളില്‍ സാധനങ്ങള്‍ കൊണ്ടു നിറയ്‌ക്കുന്നതിനെതിരായ (anti-dumping ) നിയന്ത്രണങ്ങള്‍ക്ക് വിരുദ്ധമല്ല. ജാൿസ് ബെര്‍ത്തലോട്ട് എഴുതിയതുപോലെ, തെരുവിലെ മനുഷ്യരെ സംബന്ധിച്ചിടത്തോളം ഡമ്പിങ് എന്നാല്‍ കയറ്റുമതി രാജ്യങ്ങളിലെ ശരാശരി ഉല്‍പ്പാദന ചെലവിനേക്കാള്‍ കുറഞ്ഞ വിലയ്‌ക്ക് സാധനങ്ങള്‍ കയറ്റി അയക്കല്‍ എന്നാണര്‍ഥം; അതേ സമയം ഡബ്ല്യു ടി ഒ യെ സംബന്ധിച്ചിടത്തോളം കയറ്റുമതി ചെയ്യുന്നത് ആഭ്യന്തര വിലകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കുന്നതിനാല്‍ അത് ഡമ്പിങ് ആയി കണക്കാക്കില്ല. ശരാശരി ഉല്‍പ്പാദനച്ചെലവിനേക്കാള്‍ അത് കുറവാണെങ്കില്‍ പോലും ഡബ്ല്യു ടി ഒ ക്ക് പ്രശ്നമേ അല്ല.'' ചുരുക്കത്തില്‍, യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളും അമേരിക്കയും മറ്റു കയറ്റുമതി രാജ്യങ്ങളും കനത്ത ആഭ്യന്തര സബ്‌സിഡികളുടെ ആനുകൂല്യം ലഭിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ കൊണ്ട് മറ്റു രാജ്യങ്ങളുടെ വിപണി കയ്യടക്കുന്നു. അമേരിക്ക മെക്‌സിക്കോയിലേക്ക് കയറ്റി അയച്ച ചോളം ഇതിന്റെ ഉത്തമോദാഹരണമാണ്.

അമേരിക്കയും കാനഡയും മെൿസിക്കോയും തമ്മില്‍ ഒപ്പിട്ട സ്വതന്ത്ര വ്യാപാരകരാര്‍ കാരണം, മെൿസിക്കോയ്‌ക്ക് തങ്ങളുടെ വ്യാപാര നിയന്ത്രണങ്ങള്‍ അവരുടെ വടക്കന്‍ അയല്‍ക്കാര്‍ക്കായി കൈ വെടിയേണ്ടതായി വന്നു. 1993നും 2006നും ഇടയ്‌ക്ക് അമേരിക്കയില്‍ നിന്ന് മെൿസിക്കോയിലേക്കുള്ള ചോളം കയറ്റുമതി ഒമ്പത് മടങ്ങ് വര്‍ധിച്ചു. തങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ചോളത്തിന്റെ വില, വ്യാവസായിക സാങ്കേതിക വിദ്യ ഉപയോഗിച്ചും വന്‍ സബ്‌സിഡി നല്‍കിയും ഉല്‍പ്പാദിപ്പിച്ച, അമേരിക്കയില്‍ നിന്നു വരുന്ന ചോളത്തിന്റെ വിലയേക്കാള്‍ ഉയര്‍ന്നതായതിനാല്‍ പതിനായിരക്കണക്കിന് മെൿസിക്കന്‍ കര്‍ഷകര്‍ ചോളം കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. ഇതൊരു സാമ്പത്തിക ദുരന്തം മാത്രമായിരുന്നില്ല; ഇതവരുടെ സാംസ്‌ക്കാരിക അസ്‌തിത്വത്തെ തന്നെ തകര്‍ക്കുകയാണുണ്ടായത്. കാരണം, മെൿസിക്കന്‍ സംസ്‌ക്കാരത്തിന്റെ, പ്രത്യേകിച്ചും മായന്‍ ജനവിഭാഗത്തിന്റെ സംസ്‌ക്കാരത്തിന്റെ പ്രതീകമാണ് ചോളം. നിരവധി ചോളം കര്‍ഷകര്‍ തങ്ങളുടെ പാടങ്ങള്‍ ഉപേക്ഷിച്ച് മെൿസിക്കോയിലെ വ്യവസായ നഗരങ്ങളിലേക്കോ അമേരിക്കയിലേക്കോ തൊഴിലന്വേഷിച്ച് ചേക്കേറാന്‍ നിര്‍ബന്ധിതരായി.

രംഗം രണ്ട്

അങ്ങനെ മെൿസിക്കോയ്‌ക്ക് തങ്ങളുടെ ജനതയുടെ ഭക്ഷണത്തിന് അമേരിക്കന്‍ ചോളത്തെ ആശ്രയിക്കേണ്ടതായി വന്നു. തുടര്‍ന്ന്, ഷിക്കാഗോവിലെയും കന്‍സാസ് സിററിയിലെയും മിനിയപ്പോലീസിലെയും ഓഹരി വിപണിയിലെ ഊഹക്കച്ചവടവും അമേരിക്കയില്‍ എത്തനോള്‍ നിര്‍മാണത്തിന് ചോളം ഉപയോഗിച്ചതും മൂലം ഭക്ഷ്യധാന്യങ്ങള്‍ക്കുണ്ടായ കുത്തനെയുള്ള വിലക്കയറ്റം മെൿസിക്കോയെ ബാധിച്ചു.

ആഭ്യന്തര ആവശ്യത്തിനായി മെൿസിക്കോയില്‍ ചോളം ഉല്‍പ്പാദിപ്പിക്കാന്‍ കര്‍ഷകരൊന്നും അവശേഷിച്ചിരുന്നില്ല. തങ്ങളുടെ ഭക്ഷ്യാവശ്യം നിറവേറ്റാന്‍ മെൿസിക്കന്‍ ജനതയ്‌ക്ക് കനത്ത വില നല്‍കേണ്ടതായി വന്നു. ചോളം കൊണ്ടുള്ള ആഹാരസാധനങ്ങള്‍ക്ക് പകരം റൊട്ടിയേയും അരി ആഹാരത്തെയും ആശ്രയിക്കേണ്ട സ്ഥിതിയും ഉണ്ടായി. 2007-ല്‍ ഇത് മെൿസിക്കോയില്‍ വമ്പിച്ച കലാപങ്ങള്‍ക്ക് ഇടവരുത്തി.

ആഗോള ഭക്ഷ്യപ്രതിസന്ധി നമ്മുടെ മുതലാളിത്ത സമൂഹത്തിന്റെ പ്രവര്‍ത്തനത്തെ തന്നെ അരക്ഷിതാവസ്ഥയിലാക്കി. കുറഞ്ഞ കാലം കൊണ്ട് പരമാവധി ലാഭം എന്ന മുതലാളിത്തത്തിന്റെ ലക്ഷ്യം നടക്കാത്ത അവസ്ഥയായി. വമ്പിച്ച ലാഭം നേടിയെടുക്കത്തക്ക വിധം വില്‍ക്കാനുള്ള ഉല്‍പ്പന്നമായാണ് മുതലാളിമാര്‍ ഭക്ഷ്യവസ്‌തുക്കളെ കാണുന്നത്. മനുഷ്യരാശിയുടെ നിലനില്‍പ്പിന് അനിവാര്യമായ ഭക്ഷണം അങ്ങനെ മുതലാളിമാര്‍ക്ക് ലാഭമുണ്ടാക്കാനുള്ള ഉപകരണം മാത്രമായി മാറി. ഈ ക്രൂരമായ യുക്തിയാണ് ഇപ്പോള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നത്.

വന്‍തോതിലുള്ള ഉല്‍പ്പാദനത്തിലും വിപണനത്തിലും ഉള്ള മൂലധനത്തിന്റെ നിയന്ത്രണം ഒഴിവാക്കേണ്ടതാണ്. ഭക്ഷ്യ പരമാധികാരത്തിന്റെയും സ്വയംപര്യാപ്‌തതയുടെയും നയങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതാണ്.

കാലാവസ്ഥാ പ്രതിസന്ധി

ധനപ്രതിസന്ധി വന്നതോടു കൂടി കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം സംബന്ധിച്ച വാര്‍ത്തകള്‍ താല്‍ക്കാലികമായെങ്കിലും മാധ്യമങ്ങളുടെ തലവാചകങ്ങളില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. എന്നിരുന്നാലും, ആഗോളതലത്തില്‍ ആ പ്രക്രിയ നിലനില്‍ക്കുന്നുണ്ട്. "ദരിദ്ര'' രാജ്യങ്ങളിലെ ജനങ്ങളാണ് "ധനിക'' രാജ്യങ്ങളില്‍ ഉള്ളവരെക്കാള്‍ അധികം ഇതിന്റെയും ദോഷഫലങ്ങള്‍ അനുഭവിക്കുന്നത്. പക്ഷേ ഇതിന്റെ ദോഷഫലം തീരെ ബാധിക്കാത്തവരായി ആരുമുണ്ടാവില്ല.

ഈ മൂന്ന് പ്രതിസന്ധികളും ഒത്തുകൂടിയതോടെ, മുതലാളിത്ത സമൂഹത്തില്‍ നിന്നും മുതലാളിത്ത ഉല്‍പ്പാദന രീതികളില്‍ നിന്നും സ്വതന്ത്രരാകേണ്ടത് അനിവാര്യമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുവരുന്നു. മുതലാളിത്ത പ്രതിസന്ധികളുടെ പരസ്‌പരബന്ധം ആഗോളതലത്തില്‍ മുതലാളിത്തവിരുദ്ധവും വിപ്ലവപരവുമായ പരിപാടിയുടെ ആവശ്യകതയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. സാര്‍വദേശീയാടിസ്ഥാനത്തിലുള്ളതും വ്യവസ്ഥയില്‍ തന്നെ മാറ്റം വരുത്തുന്നതുമായ പരിഹാരങ്ങള്‍ മാത്രമേ ജനങ്ങള്‍ക്കും പരിസ്ഥിതിക്കും അനുകൂലമായ ഫലം പ്രദാനം ചെയ്യൂ. ചില്ലറ നടപടിളും ഒട്ടുവിദ്യകളും കൊണ്ട് മാനവരാശിയെ ഇനിയും ചതിക്കാനാവില്ല.

എറിക് റ്റൌസെയ്ന്റ്

*****

എറിക് റ്റൌസെയ്ന്റ് എഴുതിയ The Global Meltdown: How the Food and Financial Crises are Interconnected എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ധനപ്രതിസന്ധി വന്നതോടു കൂടി കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം സംബന്ധിച്ച വാര്‍ത്തകള്‍ താല്‍ക്കാലികമായെങ്കിലും മാധ്യമങ്ങളുടെ തലവാചകങ്ങളില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. എന്നിരുന്നാലും, ആഗോളതലത്തില്‍ ആ പ്രക്രിയ നിലനില്‍ക്കുന്നുണ്ട്. "ദരിദ്ര'' രാജ്യങ്ങളിലെ ജനങ്ങളാണ് "ധനിക'' രാജ്യങ്ങളില്‍ ഉള്ളവരെക്കാള്‍ അധികം ഇതിന്റെയും ദോഷഫലങ്ങള്‍ അനുഭവിക്കുന്നത്. പക്ഷേ ഇതിന്റെ ദോഷഫലം തീരെ ബാധിക്കാത്തവരായി ആരുമുണ്ടാവില്ല.

ഈ മൂന്ന് പ്രതിസന്ധികളും (ഭക്ഷ്യ-ധന-കാലാവസ്ഥ) ഒത്തുകൂടിയതോടെ, മുതലാളിത്ത സമൂഹത്തില്‍ നിന്നും മുതലാളിത്ത ഉല്‍പ്പാദന രീതികളില്‍ നിന്നും സ്വതന്ത്രരാകേണ്ടത് അനിവാര്യമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുവരുന്നു. മുതലാളിത്ത പ്രതിസന്ധികളുടെ പരസ്‌പരബന്ധം ആഗോളതലത്തില്‍ മുതലാളിത്തവിരുദ്ധവും വിപ്ലവപരവുമായ പരിപാടിയുടെ ആവശ്യകതയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. സാര്‍വദേശീയാടിസ്ഥാനത്തിലുള്ളതും വ്യവസ്ഥയില്‍ തന്നെ മാറ്റം വരുത്തുന്നതുമായ പരിഹാരങ്ങള്‍ മാത്രമേ ജനങ്ങള്‍ക്കും പരിസ്ഥിതിക്കും അനുകൂലമായ ഫലം പ്രദാനം ചെയ്യൂ. ചില്ലറ നടപടിളും ഒട്ടുവിദ്യകളും കൊണ്ട് മാനവരാശിയെ ഇനിയും ചതിക്കാനാവില്ല.