Tuesday, January 6, 2009

മുന്തിരി പുളിക്കുന്നു

മുന്തിരിങ്ങ പുളിക്കുമോ എന്നതുതന്നെയാണ് പ്രശ്‌നം.

ചാക്കാടുംപാറ പഞ്ചായത്ത് കമ്മിറ്റി അടിയന്തരമായി ചേര്‍ന്നു.

മുന്തിരിങ്ങ അജന്‍ഡയില്‍ ചേര്‍ത്തു. ചര്‍ച്ച മുന്തിരിങ്ങ വിട്ട് വഴുതന, വെള്ളരി, മത്തന്‍, കുമ്പളങ്ങ എന്നിവയിലേക്ക് പ്രവേശിച്ചപ്പോള്‍ പ്രസിഡന്റ് ഇടപെട്ടു.

ചര്‍ച്ച മുന്തിരിങ്ങയില്‍ ഒതുങ്ങണം. ജനങ്ങള്‍ക്ക് അറിയേണ്ടത് ഇത് പുളിക്കുമോ ഇല്ലയോ എന്നാണ്. ജനങ്ങളോടുള്ള ഉത്തരവാദിത്തം മറന്ന് പെരുമാറരുത്. തല മാറി എണ്ണ തേക്കരുത്, തല മറന്ന് കുളിക്കരുത്.

പഴഞ്ചൊല്ലു പേടിച്ച് സഭ ശാന്തമായി. ചായയും ഉഴുന്നുവടയും വന്നതോടെ സ്ഥിതിഗതികള്‍ നിയന്ത്രാണാധീനമായി.

വോട്ടിനിട്ട് തീരുമാനിക്കാമെന്നാണ് ഒരു നിര്‍ദേശം. നിര്‍ദേശം നല്ലതാണെങ്കിലും ഇക്കാര്യത്തില്‍ പഞ്ചായത്തിന് രണ്ടഭിപ്രായമുണ്ടെന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്ന് പ്രസിഡന്റ് റൂള്‍ ചെയ്തു.

സര്‍വകക്ഷി സംഘം ഡല്‍ഹിക്ക് പോകാമെന്ന നിര്‍ദേശം ഐകകണ്ഠ്യേന അംഗീകരിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാല്‍ യാത്ര അടുത്ത പദ്ധതിവര്‍ഷത്തേക്ക് മാറ്റി. അടുത്ത വര്‍ഷവും മുന്തിരിങ്ങ ഉണ്ടാവുമെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം സഭ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.

ഗ്വാട്ടിമല, ബ്രസീല്‍, ചിലി എന്നീ രാജ്യങ്ങളിലും മുന്തിരിയുണ്ടെന്നും അവിടത്തെ രുചികളെ കുറിച്ചും അറിഞ്ഞാലേ പ്രശ്‌നത്തില്‍ കൃത്യമായ ധാരണ ഉണ്ടാക്കാന്‍ കഴിയൂ എന്ന് ഒരംഗം ശക്തിയുക്തം വാദിച്ചു. അടിയന്തരമായി ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കണം. തുടര്‍ന്ന് ആഗോളവല്‍ക്കരണകാലത്തെ രുചി എന്ന വിഷയത്തിലേക്ക് അദ്ദേഹം പ്രവേശിച്ചതോടെ സഭ കൂര്‍ക്കം വലിച്ചു.

ചര്‍ച്ച ചെയത് ചര്‍ച്ച ചെയ്‌ത് അംഗങ്ങള്‍ കുഴഞ്ഞുവീണു. ഇനിയും നാവനക്കാന്‍ വയ്യ എന്നായപ്പോള്‍ തീരുമാനത്തിലെത്തി.

'മുന്തിരിങ്ങയുടെ രുചിയറിയാന്‍ പഴയ കുറുക്കനെ കൊണ്ടുവരിക.'

പഴയ കഥയിലെ വീരനായകന്‍!

കുറുക്കനെ കൊണ്ടുവരാന്‍ ഉപസമിതിയെ തെരഞ്ഞെടുത്തു. ഉപസമിതിയില്‍ അംഗത്വം കിട്ടാത്തവര്‍ പഞ്ചായത്തിനുമുന്നില്‍ പന്തലുകെട്ടി നാരങ്ങവെള്ളം കുടിച്ചു. തുടര്‍ന്ന് സത്യഗ്രഹവും ഉണ്ടായി.

ഉപസമിതി കുറുക്കനുമായി തിരിച്ചെത്തി.

ഇതാ ഈ വാഹനത്തിന്റെ പിന്നാലെ കടന്നുവരികയാണ്...കടന്നുവരികയാണ്....പതിനായിരക്കണക്കിന് ജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി..ഇതാ..ചാക്കാടുംപാറ ഉറ്റുനോക്കുന്ന രുചിയറിയാന്‍..ഇതാ..രുചിയുടെ രാജാവ്.. കടന്നുവരുന്നു..ആശീര്‍.. വധിക്കൂ.. അനു.. നിഗ്രഹിക്കൂ..

ചാക്കാടും പാറ പഞ്ചായത്തില്‍ ജനം തിക്കിത്തിരക്കി. മുന്തിരിത്തോട്ടത്തിലേക്ക് ജനപ്രവാഹം. തലേദിവസം രാത്രി തന്നെ സ്ഥാനം പിടിച്ചവര്‍ നിരവധി.

ചാക്കാടുംപാറയുടെ ഭാവി മുന്തിരിക്കുല പോലെ ആടുകയാണ്.

തുറന്ന കാറില്‍ കുറുക്കനെത്തി. ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാലയിട്ടു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബൊക്കെ നല്‍കി. കുറുക്കന്റെ കണ്ണ് അപ്പോഴും കോഴിക്കോട് തന്നെയായിരുന്നു. ക്ഷമിക്കണം കോഴിക്കൂട് എന്ന് തിരുത്തിവായിക്കാനപേക്ഷ.

പഞ്ചായത്ത് പ്രസിഡന്റ് യോഗം ഉദ്ഘാടനം ചെയ്‌തു. കുറുക്കനെ കണ്ടെത്താനുണ്ടായ ബുദ്ധിമുട്ടും വളരെയേറെ തിരക്കുണ്ടായിട്ടും ഇവിടെ വരാന്‍ കാണിച്ച വിശാലമനസ്‌ക്കതയും വര്‍ണിച്ചപ്പോള്‍ കാണികളുടെ കണ്ണുകള്‍ ഈറനുടുത്തു.

ചാക്കാടുംപാറയും കുറുക്കനും തമ്മിലുള്ള ബന്ധം കൂടി വര്‍ണിച്ചതോടെ കാണികള്‍ കോരിത്തരിച്ചു. കാണികളുടെ കൈയടി കുറുക്കന്‍ വിനയപൂര്‍വം തലകുനിച്ച് ഓരിയിട്ടു സ്വീകരിച്ചു.

അതോടെ നിലതെറ്റിയ ജനങ്ങള്‍ മുദ്രാവാക്യത്തില്‍ അഭയം തേടി.

'സൃഗാല വീരന്‍ സിന്താബാദ്...

സൃഗാല വീരാ..നേതാവേ..ധീരതയോടെ നയിച്ചോളൂ..'

ചടങ്ങ് തീര്‍ന്നു.

കുറുക്കന്‍ മുന്തിരിത്തോട്ടത്തിലെത്തി.

ചാടി.

കിട്ടിയില്ല.

ജനപിന്തുണയോടെ പിന്നേം ചാടി.

കിട്ടിയില്ല.

വര്‍ധിച്ച ജനപിന്തുണയോടെ പിന്നേം ചാടി.

കിട്ടിയില്ല.

കുറുക്കന്‍ മൈക്കിനടുത്തു വന്ന് പ്രഖ്യാപിച്ചു.

' മുന്തിരിങ്ങ ഇപ്പോഴും പുളിക്കുകയാണ്'

ടി എ, ഡി എ എന്നിവ കൃത്യമായി വാങ്ങി കുറുക്കന്‍ വന്നകാറില്‍ തിരിച്ചുപോയി.

ജനങ്ങള്‍ തൃപ്‌തരായില്ല.

ഇത് കഥയില്‍ പറഞ്ഞപോലെയായി എന്ന വിമര്‍ശനമുയര്‍ന്നു.

രുചിച്ചുനോക്കാതെ അഭിപ്രായം പറയുന്നത് ശാസ്‌ത്രീയമല്ലെന്നും, അല്ല ശരിയായ അഭിപ്രായം രുചിച്ചുനോക്കാതെയാണ് പറയേണ്ടതെന്നുമായി തര്‍ക്കം.

തര്‍ക്കം മൂത്തതോടെ വിഷയം ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അടിയന്തരമായിച്ചേര്‍ന്ന് രുചി നിര്‍ണയിക്കാന്‍ ബ്ലോക്ക് പ്രസിഡന്റിനെത്തന്നെ ചുമതലപ്പെടുത്തി.

ബ്ലോക്ക് പ്രസിഡന്റ് മുന്തിരിത്തോട്ടത്തിലെത്തി. പരിപാടികള്‍ ഇത്തവണയും സമംഗളം തുടങ്ങി. പതിവുപോലെ സ്വാഗതവും, ഉദ്ഘാടനവും, മുഖ്യപ്രഭാഷണവും ഹാരാര്‍പ്പണവും ഉണ്ടായി.

ജനങ്ങളുടെ എണ്ണത്തിലും കുറവുണ്ടായില്ല.

ചടങ്ങുകള്‍ക്കു ശേഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തോട്ടത്തിലെത്തി.

ചാടി.

കിട്ടിയില്ല.

ജനപിന്തുണയോടെ പിന്നേം ചാടി.

കിട്ടിയില്ല.

വര്‍ധിച്ച ജനപിന്തുണയോടെ പിന്നേം ചാടി.

കിട്ടിയില്ല.

രണ്ടാം മുണ്ടെടുത്ത് മുഖം തുടച്ച് അദ്ദേഹം മൈക്കിന്റെ മുന്നിലെത്തി.

ഫലം പ്രഖ്യാപിച്ചു.

'മുന്തിരിങ്ങ പുളിക്കും'

ജനം തൃപ്‌തരായില്ല. രണ്ടായി പിരിഞ്ഞ് ഇളകി. പ്രോ മുന്തിരി, ആന്റി മുന്തിരി എന്നീ പേരുകളിലാണ് ഇവര്‍ ചരിത്രത്തില്‍ പിന്നീട് അറിയപ്പെട്ടത്.

ഇരുവിഭാഗവും ശക്തിപ്രകടനം, പൊതുയോഗം, ബോധവല്‍ക്കരണക്യാമ്പ്, സായാഹ്നധര്‍ണ എന്നിവ നടത്തി. സ്വദേശി രുചി മഞ്ച് എന്നു പറയുന്ന സംഘടനയും രംഗത്തെത്തി. കവികള്‍, കലാകാരന്മാര്‍, റിട്ടയേർഡ് സാംസ്‌ക്കാരിക നായകന്മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ' രുചി സന്ധ്യ ' അരങ്ങേറി.

'മുന്തിരിച്ചാറേ, കൊഴുത്ത ചാറേ..

ചാറിന്റെ വീറിലെന്താണ് ചാറേ..?'

എന്ന സ്വാഗത കവിതയോടെയായിരുന്നു രുചിസന്ധ്യ.

ചാക്കാടുംപാറയിലെ അന്തരീക്ഷം കലുഷിതമായി. പൊരി വീണാല്‍ പൊരിഞ്ഞ തല്ലാകും എന്ന അവസ്ഥ. അന്തരീക്ഷം വീര്‍പ്പടക്കി നില്‍ക്കുന്നു.

പെട്ടെന്ന് സ്ഥിതിഗതികള്‍ മാറി. ചരിത്രത്തില്‍ എന്നും അങ്ങനെയാണല്ലൊ. അപ്രതീക്ഷിത സംഭവങ്ങള്‍, അപ്രതീക്ഷിത പരിഹാരങ്ങള്‍. ചാക്കാടുംപാറയും ചരിത്രത്തിന്റെ പാതയില്‍.

മനുഷ്യന്‍ തോറ്റിടത്ത് ദൈവം ജയിക്കുന്നു. ദൈവം പറഞ്ഞുവിട്ടപോലെ ഒരു മതപുരോഹിതന്‍ വന്നു. അദ്ദേഹം പ്രഖ്യാപിച്ചു.

'മക്കളെ ഞാന്‍ പറയാം..ഇതിന്റെ രുചിയെന്തെന്ന്..'

ജനങ്ങള്‍ ശാന്തരായി.

ജനങ്ങള്‍ പുരോഹിതന് സിന്താബാദ് വിളിച്ചു. അദ്ദേഹം തടഞ്ഞു. അതൊന്നും ദൈവത്തിന് ഇഷ്‌ടമല്ല. പൊതുയോഗം, സ്വാഗതം, ഉദ്ഘാടനം, മുഖ്യ പ്രഭാഷണം, ഹാരാര്‍പ്പണം എന്നിവയും പുരോഹിതന്‍ വിലക്കി. അതൊന്നും ദൈവമാര്‍ഗമല്ല.

ചാനലുകാരെ വിലക്കിയില്ല. ദൈവത്തിന് ലൈവ് കാണാമല്ലൊ.

പുരോഹിതന്‍ മുന്തിരിത്തോട്ടത്തിലെത്തി. മുട്ടുകുത്തി. പ്രാര്‍ഥിച്ചു.

ജനങ്ങള്‍ കൈയടിച്ചു.

പുരോഹിതന്‍ എഴുന്നേറ്റു.

ഒറ്റച്ചാട്ടം.

ദൈവത്തിന്റെ മഹത്വം നീണാള്‍ വാഴട്ടെ!.

അതാ മുന്തിരിക്കുല പുരോഹിതന്റെ കൈയില്‍.

ആരു പറഞ്ഞു ദൈവമില്ലെന്ന് ?.

കുറുക്കന് കഴിയാത്തത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് കഴിയാത്തത് ദാ..ഒറ്റച്ചാട്ടത്തില്‍.

ദൈവമേ നിന്റെ നാമം വാഴ്ത്തപ്പെടട്ടെ!.

പുരോഹിതന്‍ ആദ്യത്തെ മുന്തിരി തിന്നു.

ചരിത്രം കാത്തുനില്‍ക്കുകയാണ്. മൌനഗര്‍ഭം നിറഞ്ഞ നിമിഷങ്ങള്‍.

പുരോഹിതന്‍ മൈക്കിനടുത്തേക്ക് വന്നു.

പ്രഖ്യാപനം.

'മക്കളെ..മുന്തിരിങ്ങക്ക് പുളിയാണ്..'

ഒരു വിഭാഗം ആഘോഷം തുടങ്ങി. മുദ്രാവാക്യം വിളി, ജാഥ, പടക്കം പൊട്ടിക്കല്‍.

ഉടനെ പുരോഹിതന്‍ കൈയുയര്‍ത്തി തടഞ്ഞു. പൊട്ടുന്ന പടക്കം പെട്ടെന്ന് നനഞ്ഞുപോയി.

'മക്കളെ..ഞാന്‍ കഴിച്ച ആദ്യ മുന്തിരി പുളിച്ചു എന്ന് കരുതി അടുത്തതിനും അതു തന്നെയാകണം രുചി എന്നില്ലല്ലോ. ഞാന്‍ അതൊന്ന് കഴിച്ചു നോക്കട്ടെ.'

അടുത്തതും കഴിച്ചു.

'മക്കളെ..അതിനും പുളിയാണ്..ഇനിയും അടുത്തതു നോക്കട്ടെ..എല്ലാം പരീക്ഷിക്കപ്പെടേണ്ടിയിരിക്കുന്നു...'

ജനങ്ങള്‍ എണ്ണി.

പുരോഹിതന്‍ 34 മുന്തിരിങ്ങ തിന്നു.

അവസാനത്തെ മുന്തിരിങ്ങയും തിന്നശേഷം പുരോഹിതന്‍ പ്രഖ്യാപിച്ചു.

'മക്കളെ.. ഇതിനും പുളിയാണ്..'

അറിവു നേടിയ ജനം ആഹ്ലാദഭരിതരാകവെ പുരോഹിതന്‍ പറഞ്ഞു.

'മക്കളെ..ഇത് ഈ സീസണിലെ മുന്തിരിങ്ങയുടെ രുചിയാണ് നാം അറിയിച്ചത്..എല്ലാ സീസണിലും ഇതു തന്നെയാകണമെന്നില്ലല്ലോ..അതുകൊണ്ട് ഇനിയും മുന്തിരി പാകമാകുമ്പോള്‍ എന്നെ വിളിക്കൂ..ഞാന്‍ നിങ്ങള്‍ക്കായി സത്യം വെളിപ്പെടുത്താം.'

അദ്ദേഹം പ്രാര്‍ഥിച്ചുകൊണ്ട് ഇറങ്ങിപ്പോയി.

ഗുണപാഠം:

(ആലോചിച്ചിട്ട് കിട്ടുന്നില്ല. പറ്റിയ ഒരെണ്ണം അയച്ചു തന്നാലും)

*****

എം എം പൌലോസ്

4 comments:

വര്‍ക്കേഴ്സ് ഫോറം said...

തര്‍ക്കം മൂത്തതോടെ വിഷയം ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അടിയന്തരമായിച്ചേര്‍ന്ന് രുചി നിര്‍ണയിക്കാന്‍ ബ്ലോക്ക് പ്രസിഡന്റിനെത്തന്നെ ചുമതലപ്പെടുത്തി.

ബ്ലോക്ക് പ്രസിഡന്റ് മുന്തിരിത്തോട്ടത്തിലെത്തി. പരിപാടികള്‍ ഇത്തവണയും സമംഗളം തുടങ്ങി. പതിവുപോലെ സ്വാഗതവും, ഉദ്ഘാടനവും, മുഖ്യപ്രഭാഷണവും ഹാരാര്‍പ്പണവും ഉണ്ടായി.

ജനങ്ങളുടെ എണ്ണത്തിലും കുറവുണ്ടായില്ല.

ചടങ്ങുകള്‍ക്കു ശേഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തോട്ടത്തിലെത്തി.

ചാടി.

കിട്ടിയില്ല.

ജനപിന്തുണയോടെ പിന്നേം ചാടി.

കിട്ടിയില്ല.

വര്‍ധിച്ച ജനപിന്തുണയോടെ പിന്നേം ചാടി.

കിട്ടിയില്ല.

രണ്ടാം മുണ്ടെടുത്ത് മുഖം തുടച്ച് അദ്ദേഹം മൈക്കിന്റെ മുന്നിലെത്തി.

ഫലം പ്രഖ്യാപിച്ചു.

'മുന്തിരിങ്ങ പുളിക്കും'

ജനം തൃപ്‌തരായില്ല. രണ്ടായി പിരിഞ്ഞ് ഇളകി. പ്രോ മുന്തിരി, ആന്റി മുന്തിരി എന്നീ പേരുകളിലാണ് ഇവര്‍ ചരിത്രത്തില്‍ പിന്നീട് അറിയപ്പെട്ടത്.

ഇരുവിഭാഗവും ശക്തിപ്രകടനം, പൊതുയോഗം, ബോധവല്‍ക്കരണക്യാമ്പ്, സായാഹ്നധര്‍ണ എന്നിവ നടത്തി. സ്വദേശി രുചി മഞ്ച് എന്നു പറയുന്ന സംഘടനയും രംഗത്തെത്തി. കവികള്‍, കലാകാരന്മാര്‍, റിട്ടയേർഡ് സാംസ്‌ക്കാരിക നായകന്മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ' രുചി സന്ധ്യ ' അരങ്ങേറി.

'മുന്തിരിച്ചാറേ, കൊഴുത്ത ചാറേ..

ചാറിന്റെ വീറിലെന്താണ് ചാറേ..?'

എന്ന സ്വാഗത കവിതയോടെയായിരുന്നു രുചിസന്ധ്യ.

ചാക്കാടുംപാറയിലെ അന്തരീക്ഷം കലുഷിതമായി. പൊരി വീണാല്‍ പൊരിഞ്ഞ തല്ലാകും എന്ന അവസ്ഥ. അന്തരീക്ഷം വീര്‍പ്പടക്കി നില്‍ക്കുന്നു.

പെട്ടെന്ന് സ്ഥിതിഗതികള്‍ മാറി. ചരിത്രത്തില്‍ എന്നും അങ്ങനെയാണല്ലൊ. അപ്രതീക്ഷിത സംഭവങ്ങള്‍, അപ്രതീക്ഷിത പരിഹാരങ്ങള്‍. ചാക്കാടുംപാറയും ചരിത്രത്തിന്റെ പാതയില്‍.

മനുഷ്യന്‍ തോറ്റിടത്ത് ദൈവം ജയിക്കുന്നു. ദൈവം പറഞ്ഞുവിട്ടപോലെ ഒരു മതപുരോഹിതന്‍ വന്നു. അദ്ദേഹം പ്രഖ്യാപിച്ചു.

'മക്കളെ ഞാന്‍ പറയാം..ഇതിന്റെ രുചിയെന്തെന്ന്..'

ജനങ്ങള്‍ ശാന്തരായി.

ജനങ്ങള്‍ പുരോഹിതന് സിന്താബാദ് വിളിച്ചു. അദ്ദേഹം തടഞ്ഞു. അതൊന്നും ദൈവത്തിന് ഇഷ്‌ടമല്ല. പൊതുയോഗം, സ്വാഗതം, ഉദ്ഘാടനം, മുഖ്യ പ്രഭാഷണം, ഹാരാര്‍പ്പണം എന്നിവയും പുരോഹിതന്‍ വിലക്കി. അതൊന്നും ദൈവമാര്‍ഗമല്ല.

ചാനലുകാരെ വിലക്കിയില്ല. ദൈവത്തിന് ലൈവ് കാണാമല്ലൊ............

എം എം പൌലോസിന്റെ നർമ്മ ഭാവന

Anonymous said...

പുരോഹിതരുടെ കഷ്ടപ്പാട് പൊലോസിനറിയാമോ? പുരോഹിതിന്റെ കഷ്ടപ്പാടറിയാമോ?

വികടശിരോമണി said...

പുരോഹിതമുന്തിരിങ്ങകൾക്ക് പൊതുവേ കയ്പ്പാണ്.

പകല്‍കിനാവന്‍ | daYdreaMer said...

ഗൊച്ചു ഗള്ള ബുരോഹിതന്‍....!!