മുതലാളിത്ത ലോകത്തെ ആകെ ഗ്രസിച്ചിരിക്കുന്ന സാമ്പത്തിക മാന്ദ്യം കേരളക്കരയിലും എത്തപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ പ്രധാന വരുമാനം വിദേശ മലയാളികളുടെ വരുമാനത്തിന്റെ വിഹിതവും നാണ്യവിളകള്‍ കയറ്റി അയക്കുന്നതിലൂടെ കിട്ടുന്ന വരുമാനവുമാണ്. അമേരിക്കന്‍ സമ്പദ് ഘടനയില്‍ ധനകാര്യ മേഖലയില്‍ ആരംഭിച്ച് സാമ്പത്തിക മേഖലയെ ആകെ കാര്‍ന്നു തിന്നുകയും വ്യാവസായിക-തൊഴില്‍ മേഖലയെ സാരമായി ബാധിച്ച് അഗാധമായ മാന്ദ്യത്തിലേക്ക് തള്ളിവിടുകയും ചെയ്ത പ്രതിസന്ധി ഇന്ന് ലോകമാകെ ഒരു മാന്ദ്യത്തിലേക്ക് നീളുന്ന അവസ്ഥ ഉണ്ടാക്കിയിരിക്കുകയാണല്ലോ.കേരളത്തെ ഇന്നുവരെ എങ്ങനെ ബാധിച്ചു എന്ന് ചുരുക്കത്തില്‍ വിശദീകരിക്കുകയാണിവിടെ ചെയ്യുന്നത്. ഇനിയും വിശദമായ പഠനവും ചര്‍ച്ചയും ആവശ്യമാണ്. സംസ്ഥാന സര്‍ക്കാര്‍ തന്നെ കേരള സംസ്ഥാനത്തെ എങ്ങനെ ബാധിക്കുമെന്ന് പഠിക്കാന്‍ സി.ഡി.എസിനെ ചുമതലപ്പെടുത്തിയിരിക്കുകയാണല്ലോ. കേരളത്തിന്റെ സമ്പദ്ഘടന കാര്‍ഷിക അടിത്തറയില്‍ നിന്ന് ക്രമേണ മാറുകയും ഉല്‍പ്പാദന മേഖലയേയും പരമ്പരാഗത മേഖലയേയും അവഗണിച്ച് സേവനമേഖല അടിസ്ഥാനമാക്കിയാണ് വളര്‍ന്നു വരികയും ചെയ്യുന്നതെന്ന് കാണാവുന്നതാണ്.
ഈ നിലയില്‍ പോവുകയാണെങ്കില്‍ 2025-ല്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 5 ശതമാനത്തിലേക്ക് കൃഷി ചുരുങ്ങുമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്നത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിമുറുക്കവും ഭക്ഷ്യപ്രശ്നവും നമ്മെ മാറി ചിന്തിക്കാന്‍ സഹായകരമാകും എന്നു തോന്നുന്നു. സാമ്പത്തികമാന്ദ്യം സാരമായി ബാധിച്ച മേഖലകളില്‍ മുഖ്യമായത് കയറ്റുമതി മേഖലയാണെന്ന് കാണാം. കശുവണ്ടി, സുഗന്ധദ്രവ്യങ്ങള്‍, സമുദ്രോല്‍പ്പന്നങ്ങള്‍, റബര്‍, കൈത്തറി, കയര്‍ എന്നീ വ്യവസായങ്ങളെ നല്ലപോലെ ബാധിച്ചു.
റബര്‍
മാന്ദ്യത്തിന്റെ ഫലമായി വിലയിടിഞ്ഞ പ്രധാന കാര്‍ഷിക ഉല്‍പ്പന്നമാണ് റബര്‍. 145 രൂപയില്‍ നിന്നും ഒരു കിലോ റബറിന് 59 രൂപയിലെത്തി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയിടിവിന്റെ ഫലമായി സിന്തറ്റിക് റബറിന് കുറഞ്ഞ വിലയായതും മോട്ടോര്‍ വ്യവസായ പ്രതിസന്ധി കാരണം ടയര്‍ ഉല്‍പ്പാദകര്‍ ഉല്‍പ്പാദനം കുറച്ചതുമാണ് റബറിന്റെ വിലിയിടിവിന് മുഖ്യകാരണം. ഇതിന്റെ പ്രത്യാഘാതം മധ്യതിരുവിതാംകൂറില്‍ പ്രത്യേകിച്ചും കേരളത്തിലാകെയും ബാധിക്കും. ആയിരക്കണക്കിന് തൊഴിലാളികളുടെ വരുമാനത്തെ ബാധിക്കാന്‍ പോവുകയാണ്.
കശുവണ്ടി
കേരളത്തില്‍ നിന്നും പ്രധാനമായും കശുവണ്ടി കയറ്റി അയക്കുന്നത് അമേരിക്കയിലേക്കാണ് 37%. യൂറോപ്പിലേക്ക് 23.1% വുമാണ് കയറ്റി അയക്കുന്നത്. രണ്ട് പ്രദേശങ്ങളിലും മാന്ദ്യം സാരമായി ബാധിച്ചതിനാല്‍ കയറ്റുമതി ഓര്‍ഡര്‍ കുറവാണ്. വിയറ്റ്നാം ലോകകമ്പോളത്തില്‍ കടന്നുകയറുന്നത് പുതിയ രാജ്യങ്ങള്‍ കമ്പോളമായി കണ്ടെത്താനുള്ള ശ്രമത്തിനും ഭീഷണിയാവുകയാണ്. വിയറ്റ്നാമുമായി മത്സരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇന്നുള്ളത്. നമ്മുടെ വ്യാപാരത്തിന് ആവശ്യമായ കശുവണ്ടിയില്‍ ഏകദേശം പകുതിയോളം നാം ഇറക്കുമതി നടത്താറുണ്ട്. രൂപയുടെ വിനിമയനിരക്കില്‍ വന്ന വര്‍ധനവ് അത് അസഹ്യമാക്കുകയാണ്. പതിനായിരക്കണക്കിന് തൊഴിലാളികളുടെ നിത്യവരുമാനത്തെ ബാധിക്കുന്ന പ്രശ്നമായി ഉയര്‍ന്നുവരികയാണ്.
സുഗന്ധ വ്യഞ്ജനങ്ങള്‍
കയറ്റുമതിയില്‍ വന്നിട്ടുള്ള ഇടിവ് സാരമായി ബാധിച്ച മറ്റൊരു പ്രധാന മേഖലയാണ് സുഗന്ധദ്രവ്യങ്ങളുടെ വ്യാപാരം. കുരുമുളകിന് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കിലോക്ക് 30-40 രൂപയുടെ ഇടിവുണ്ടായിട്ടുണ്ട്. ഇന്തോനേഷ്യയും വിയറ്റ്നാമും ആഗോള കമ്പോളത്തില്‍ ഇന്ത്യക്ക് ശക്തമായ വെല്ലുവിളിയായി തീര്‍ന്നിരിക്കുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം ഉല്‍പ്പാദനത്തില്‍ വന്ന കുറവും (പ്രതിവര്‍ഷം 50,000 ടണ്‍ കുരുമുളക് ഉല്‍പ്പാദിപ്പിച്ചിരുന്ന കേരളത്തില്‍ ഇപ്പോള്‍ 18,000 ടണ്ണില്‍ ഒതുങ്ങുകയാണ്) വിലയിടിവും കര്‍ഷകരെ സാരമായി ബാധിച്ചു. ഏലത്തിന് കയറ്റുമതി ഓര്‍ഡര്‍ കുറഞ്ഞതിന്റെ ഫലമായി 750 രൂപയില്‍ നിന്നും 400 രൂപയായി വിലയിടിഞ്ഞിരിക്കുകയാണ്.
ലോകകമ്പോളത്തില്‍ ഇന്ന് സാരമായി വിലയിടിഞ്ഞ പാമോയിലിന്റെയും സോയാബീന്റെയും കണ്ടമാനമുള്ള ഇറക്കുമതി നാളികേര കര്‍ഷകരെ കുത്തുപാള എടുപ്പിക്കുന്നതിലേക്ക് എത്തിക്കും. ആഭ്യന്തര കമ്പോളത്തിലെ ആവശ്യത്തില്‍ വന്ന കുറവ് കാരണം അടയ്ക്കയുടെ വിലയിലും വലിയ ഇടിവ് വന്നിട്ടുണ്ട്.
സമുദ്രോല്‍പ്പന്നങ്ങള്‍
രാജ്യത്തിലെ സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ രണ്ടാം സ്ഥാനമാണ് കേരളത്തിനുള്ളത്. നമ്മുടെ സാമ്പത്തിക വരുമാനത്തിന്റെ പ്രധാന മാര്‍ഗങ്ങളില്‍ ഒന്നായ ഈ മേഖലയില്‍ ആയിരക്കണക്കിന് തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ കഴിഞ്ഞ ആറുമാസമായി ക്രമവൃദ്ധമായ വരുമാനമാണ് കുറഞ്ഞുവരുന്നത്. ചൈന, മധ്യേഷ്യന്‍ രാജ്യങ്ങള്‍, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവ കയറ്റുമതി അളവിലും വരുമാനത്തിലും കൂടുതല്‍ നേട്ടമുണ്ടാക്കിയതായി കാണാം.
കയര്‍ കയറ്റുമതിയില്‍ വന്നുകൊണ്ടിരിക്കുന്ന കുറവ് ആ മേഖലയില്‍ പണിയെടുക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളെയാണ് ബാധിക്കാന്‍ പോകുന്നത്. തൊഴില്‍ദിനങ്ങളുടെ വെട്ടിക്കുറവ് ഉണ്ടാകും. കയറ്റുമതി കമ്പനികളിലെ തൊഴിലാളികളുടെ കൂലിയെ ബാധിക്കും. ഉല്‍പ്പാദകര്‍ വിഷമത്തിലാകും.
ടെക്സ്റ്റൈല്‍ മേഖലയിലെ പ്രതിസന്ധിക്ക് പുറമെ കേരളത്തിലെ കൈത്തറി മേഖലയ്ക്ക് അമേരിക്കയില്‍ നിന്നും, യൂറോപ്യ ന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള ഓര്‍ഡറിന്റെ കുറവ് വലിയ ആഘാതമാണ് ഉണ്ടാക്കിയിട്ടുള്ളത്. പല സ്ഥാപനങ്ങളും പിടിച്ചുനില്‍ക്കാന്‍ വിഷമിക്കുകയാണ്.
മാന്ദ്യം കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനെയും ബാധിച്ചു. കണ്ടയിനര്‍ ട്രാഫിക്കില്‍ കുറവ് വരുന്നതായി കാണാം. കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ ആഗോളമാന്ദ്യത്തിന്റെ ഫലമായി കൊച്ചിന്‍ തുറമുഖത്ത് കയറ്റ് ഇറക്കുമതിയില്‍ വന്ന ഇടിവ് 28.5 ശതമാനമാണ്.
വ്യാവസായിക മേഖല
ഇന്നത്തെ പ്രതിസന്ധി രൂക്ഷമായി ബാധിച്ച ഒരു പ്രധാന വ്യവസായമാണ് ടെക്സ്റ്റൈല്‍. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ടെക്സ്റ്റൈല്‍ മില്ലുകളും ഇന്ന് വമ്പിച്ച നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ മില്ലുകളില്‍ മഹാഭൂരിപക്ഷവും സര്‍ക്കാര്‍ ഉടമസ്ഥതയിലാണെന്നതു കൊണ്ട് ലോക്കൌട്ടിലേക്കോ, ലേ-ഓഫിലേക്കോ പോയിട്ടില്ല എന്നുമാത്രം. കേരളത്തിലെ പ്രധാന വ്യാവസായിക മേഖലയായ എറണാകുളം-ഏലൂര്‍ പ്രദേശത്തെ മിക്ക വ്യവസായങ്ങളും കടുത്ത പ്രയാസം നേരിടുകയാണ്. പ്രീമിയര്‍ ടയേഴ്സ് ലോക്കൌട്ടിലാണ്. അപ്പോളോ ടയേഴ്സ്, എച്ച്എംടി എന്നിവ ഉല്‍പ്പാദനം കുറച്ചു. ടിസിസി മാര്‍ക്കറ്റ് പ്രതിസന്ധിയെ നേരിടുകയാണ്. എംആര്‍എഫ് ടയേഴ്സ് ഉല്‍പ്പാദനം കുറയ്ക്കുന്നതിന് നീക്കം ആരംഭിച്ചുകഴിഞ്ഞു. കെഎംഎംഎല്‍ ഇതേ പ്രതിസന്ധി കാരണം ഉല്‍പ്പാദനം കുറച്ചുകഴിഞ്ഞു. പാലക്കാട് - കഞ്ചിക്കോട് മേഖലയിലെ ഇന്‍സ്ട്രുമെന്റേഷന്‍ ഫാക്ടറി, ഐടിസി, ബിപിഎല്‍, ഗുജറാത്ത് ഇന്‍ജെക്ട്സ് ലിമിറ്റഡ്, സ്റ്റീല്‍ കമ്പനികള്‍ എന്നിവയും പ്രതിസന്ധിയിലാണ്.
ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ മുമ്പെന്നുമില്ലാത്ത പ്രയാസത്തെയാണ് ഇന്ന് നേരിടുന്നത്. വായ്പാഞെരുക്കം മൂലം പല വ്യവസായങ്ങളും പിടിച്ചുനില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ എത്തിയിരിക്കുന്നു. ഭക്ഷ്യസംസ്കരണ കറിപൌഡര്‍ യൂണിറ്റുകള്‍, പെയിന്റ് കമ്പനികള്‍, മരുന്നുകമ്പനികള്‍, കരകൌശല നിര്‍മാതാക്കള്‍, പൈപ്പ് സാനിട്ടറി ഫിറ്റിങ്സ് നിര്‍മ്മിക്കുന്ന കമ്പനികള്‍, ടയര്‍ നിര്‍മാണത്തിനാവശ്യമായ കെമിക്കലുകള്‍ ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍, മരവ്യവസായ-ഫര്‍ണീച്ചര്‍ കമ്പനികള്‍, പരസ്യകമ്പനികള്‍ തുടങ്ങി പതിനായിരക്കണക്കിന് പേര്‍ തൊഴില്‍ ചെയ്യുന്ന ഈ വ്യവസായ സ്ഥാപനങ്ങള്‍ എല്ലാം തന്നെ മാന്ദ്യത്തിലാണ്. കേരളത്തില്‍ പടര്‍ന്നു പന്തലിച്ച് വന്നിരുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയും പ്രതിസന്ധിയില്‍ അകപ്പെട്ടു. ഈ മേഖലയില്‍ 20 ശതമാനത്തിന്റെ ഇടിവുണ്ടായി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആവശ്യത്തെക്കാള്‍ അധികം ഫ്ളാറ്റുകള്‍ നിര്‍മ്മിച്ചത്, ഊഹക്കച്ചവടത്തില്‍ കുതിച്ചുയര്‍ന്ന വില, ഐടി മേഖലയിലടക്കം വന്ന ക്ഷീണം, വിദേശ മലയാളികള്‍, വന്ന മാന്ദ്യം മുന്നില്‍ക്കണ്ട് വരുമാനത്തില്‍ കുറവുണ്ടാകും എന്ന് മനസ്സിലാക്കി നിക്ഷേപിക്കാന്‍ തയ്യാറാവാതിരിക്കുന്നത് തുടങ്ങി നിരവധി കാരണങ്ങള്‍ റിയല്‍ എസ്റേറ്റ് മേഖലയിലെ തകര്‍ച്ചക്ക് കാരണമാകുന്നുണ്ട്.
ഐടി
അമേരിക്കയിലെയും യൂറോപ്പിലെയും ധനകാര്യ മേഖലയിലെ തകര്‍ച്ച സാരമായി ബാധിക്കുന്ന ഒന്നാണ് ഐടി മേഖല. കേരളത്തില്‍ വളരെ വേഗത്തില്‍ വളര്‍ന്നുവന്ന ഐടി മേഖലയില്‍ തൊഴിലവസരം കുറഞ്ഞുവരുന്നു എന്നുമാത്രമല്ല, വേതനം കുറയ്ക്കുന്ന പ്രവണതയും ശക്തിപ്പെട്ടുവരുന്നു. കാലാവധി കഴിഞ്ഞവരെ ഒഴിവാക്കുക, പ്രാപ്തരല്ല എന്നുപറഞ്ഞ് പിരിച്ചുവിടുക, കമ്പനികള്‍ അനുബന്ധമായി നടത്തിയിരുന്ന ട്രെയിനിങ് സെന്ററുകള്‍ നിര്‍ത്തലാക്കുക എന്ന നില വ്യാപകമാണ്.
പുത്തന്‍തലമുറ സ്ഥാപനങ്ങള്‍
കേരളത്തിലെ ധനകാര്യ മേഖലയില്‍ വലിയ സ്വാധീനം ചെലുത്തിക്കൊണ്ട് വളര്‍ന്നുവന്ന സ്ഥാ പനങ്ങളായ എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ്, ഐഡിബിഐ തുടങ്ങിയ ബാങ്കിംഗ് സ്ഥാപനങ്ങളിലും ബജാജ്, അവിവ, റിലയന്‍സ്, ടാറ്റ തുടങ്ങി യ നിരവധി ഇന്‍ഷുറന്‍സ് കമ്പനികളിലുമായി ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇന്നത്തെ പ്രതിസന്ധിയും സ്വകാര്യസ്ഥാപനങ്ങളില്‍ ജനങ്ങളുടെ വിശ്വാസം കുറഞ്ഞുവരുന്നതുമായ സാഹചര്യത്തില്‍ പല സ്ഥാപനങ്ങളും നിലനില്‍പ്പിനും ലാഭം കുറയാതിരിക്കുന്നതിനും വേണ്ടി തൊഴിലാളികളെ ഒഴിവാക്കുകയും തരംതാഴ്ത്തുകയും വേതനം വെട്ടിക്കുറയ്ക്കുകയും ചെയ്യുകയാണ്.
ഓഹരിവിപണിയിലെ തകര്‍ച്ച കേരളത്തിലെ നിക്ഷേപകരുടെ ലക്ഷക്കണക്കിന് കോടി രൂപയും നിരവധി ജീവനക്കാരുടെ തൊഴിലുമാണ് നഷ്ടപ്പെടുത്തിയിട്ടുള്ളത്.
ടൂറിസം
നമ്മുടെ സംസ്ഥാനം വികസനത്തിന്റെ ഒരു ഘടകമായി കണ്ടിരുന്ന മേഖലയാണ് ടൂറിസം. 20 ശതമാനം വരുമാനക്കുറവ് ഇപ്പോള്‍ തന്നെ ഉണ്ടായതായാണ് കണക്ക്. ഈ മേഖലയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് തൊഴിലാളികളുണ്ട്. ഹൌസ് ബോട്ടുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റേകള്‍ തുടങ്ങി ഈ മേഖലയില്‍ അടുത്ത കാലത്തായി മുതല്‍മുടക്കിയവര്‍ നിരവധി പേരുണ്ട്. അവരെല്ലാം കടം തിരിച്ചടവിന് കഴിയാത്ത അവസ്ഥയില്‍ വന്നുകൊണ്ടിരിക്കുന്നു. ടൂറിസ്റ്റ് വാഹനക്കാരെയും മാന്ദ്യം ബാധിച്ചു.
ഉപഭോഗ സംസ്ഥാനമായ കേരളത്തില്‍ വീട്ടുപകരണങ്ങള്‍ അടക്കമുള്ള സാധനങ്ങളുടെ നല്ല മാര്‍ക്കറ്റ് ആയിരുന്നു. ഇന്ന് പടര്‍ന്നുവരുന്ന മാന്ദ്യം വ്യാപാരമേഖലയില്‍ അധികമായി ബാധിച്ചത് വീട്ടുപകരണ വില്‍പ്പനരംഗത്താണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം കുറവ് വന്നിട്ടുണ്ടെന്നാണ് കണക്ക്.
കേരളത്തിന്റെ പ്രധാന വരുമാന സ്രോതസാണ് വിദേശ മലയാളികളുടെ വരുമാനം. 25 ലക്ഷം പേരാണ് പുറത്തുപോയി തൊഴില്‍ ചെയ്തു ജീവിക്കുന്നത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ പ്രധാന വരുമാനം എണ്ണ വില്‍ക്കുന്ന പണമാണ്. എണ്ണയുടെ വിലയിടിവും ഉല്‍പ്പാദനത്തില്‍ വരുത്തിയ കുറവും ഗള്‍ഫ് രാജ്യങ്ങളെ സാരമായി ബാധിക്കും. ആഗോളമാന്ദ്യം ഗള്‍ഫ് രാജ്യങ്ങളിലെ വ്യാപാരത്തെയും നിര്‍മാണ, സേവന മേഖലയേയും ബാധിച്ചുതുടങ്ങി. തൊഴിലാളികളുടെ വേതനം വെട്ടിക്കുറയ്ക്കല്‍ വ്യാപകമായി വരുന്നു. തൊഴിലവസരങ്ങള്‍ ഇല്ലാതാവുന്നു. ഇതെല്ലാം കേരളത്തെ സാരമായി ബാധിക്കാന്‍ പോവുകയാണ്. യുഎസിലെയും യൂറോപ്പിലെയും സാമ്പത്തികമാന്ദ്യം മധ്യതിരുവിതാംകൂര്‍ മേഖലയെയാകും പ്രധാനമായും ബാധിക്കുക.
സാമ്പത്തിക-കാര്‍ഷിക- വ്യാവസായിക - തൊഴില്‍ മേഖലയില്‍ ബാധിച്ച ഇന്നത്തെ പ്രതിസന്ധി സാധാരണക്കാരന്റെ മേല്‍ കെട്ടിവച്ച് രക്ഷപ്പെടാന്‍ കഴിയുമോ എന്നാണ് ഭരണവര്‍ഗം ചിന്തിക്കുന്നത്. കൂലി കുറച്ചും തൊഴില്‍ വെട്ടിക്കുറച്ചും ചെലവ് ചുരുക്കിയും സര്‍ക്കാരില്‍ നിന്നും ചില ആനുകൂല്യങ്ങള്‍ പിടിച്ചുവാങ്ങിയും രക്ഷപ്പെടാന്‍ കഴിയുമെന്നാണ് പല മുതലാളിമാരും കരുതുന്നത്.
കേന്ദ്ര സര്‍ക്കാരാണെങ്കില്‍ ധനകാര്യമേഖലയെ കൊണ്ട് ചില ഇളവ് പ്രഖ്യാപിപ്പിച്ച്, പലിശ കുറച്ചുകൊടുത്ത് ധനലഭ്യത ഉണ്ടാക്കിയും വന്‍കിട വ്യവസായികളെ സഹായിച്ച് മാന്ദ്യത്തെ നേരിടാന്‍ കഴിയുമെന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇതുകൊണ്ടൊന്നും രക്ഷപ്പെടാന്‍ കഴിയുന്നതല്ല ഇന്ന് മുതലാളിത്ത ലോകത്തെ ബാധി ച്ച പ്രതിസന്ധി. താല്‍ക്കാലികമായെങ്കിലും രക്ഷപ്പെടണമെങ്കില്‍ ഇന്നത്തേതില്‍ നിന്നും വ്യത്യസ്തമായ നയം ആവിഷ്കരിച്ചേ മതിയാകൂ. ഗ്രാമീണ-കാര്‍ഷിക മേഖലയില്‍ മുതല്‍മുടക്ക് വര്‍ധിപ്പിച്ചും, പശ്ചാത്തലസൌകര്യം വര്‍ധിപ്പിച്ചും, ചെറുകിട-ഇടത്തരം വ്യവസായങ്ങളെ സഹായിച്ചും തൊഴില്‍ അവസരം വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നു. തൊഴിലാളികളുടെയും കൃഷിക്കാരുടെയും വരുമാനം വര്‍ധിപ്പിച്ച് ജനതയുടെ വാങ്ങല്‍ കഴിവ് കൂട്ടി ആഭ്യന്തരകമ്പോളം വികസിപ്പിക്കണം. ലേ ഓഫും ലോക്കൌട്ടും അനുവദിക്കരുത്. കയറ്റുമതിക്കാര്‍ക്ക് കുറച്ച് സഹായം നല്‍കണം. ചെറുകിട- ഇടത്തരം വ്യവസായങ്ങള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന തോതി ല്‍ കുറച്ചുകാലത്തേക്ക് നികുതിയുടെ കിഴിവ് കൊടുക്കാന്‍ കഴിയുമോ എന്ന് ആലോചിക്കണം. ഇത്തരത്തില്‍ ഒരു കാഴ്ചപ്പാട് കേന്ദ്ര ഗവണ്‍മെന്റിന് ഉണ്ടാകണം. ഭക്ഷ്യപ്രതിസന്ധിക്ക് സാധ്യതയുള്ളതിനാല്‍ ഭക്ഷ്യഉല്‍പ്പാദനം വര്‍ധിപ്പിക്കാനും പൊതുവിതരണം ശക്തിപ്പെടുത്താനും സര്‍ക്കാരുകള്‍ തയ്യാറാകണം.
കേന്ദ്ര കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ ഗുരുതരാവസ്ഥയിലും കാര്യങ്ങള്‍ പഠിക്കാനും നേരായ വഴിക്ക് ചിന്തിക്കാനും തയ്യാറാകുന്നില്ല എന്നതിന്റെ തെളിവാണ് പെന്‍ഷന്‍ ബില്ലുമായി മുന്നോട്ടു പോകുമെന്ന പ്രഖ്യാപനവും ധനകാര്യ മേഖലയില്‍ വിദേശനിക്ഷേപം വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കാത്തതും। സംസ്ഥാനങ്ങള്‍ ഈ വിഷമസന്ധിയിലും ധനക്കമ്മി കുറയ്ക്കണമെന്ന് കേന്ദ്രം നിഷ്കര്‍ഷിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്ക് കടം എടുക്കാന്‍ അനുവാദം നല്‍കുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ ഈ തെറ്റായ നയങ്ങള്‍ക്ക് എതിരായി പോരാടി തിരുത്തിച്ചുകൊണ്ടു മാത്രമേ കേരളത്തിലെ ഇന്നത്തെ പ്രതിസന്ധി തരണം ചെയ്യുന്നതിന് എന്തെങ്കിലും ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുകയുള്ളു എന്ന് തിരിച്ചറിയണം.
ഈ സാഹചര്യത്തില്‍ പണിയെടുക്കുന്നവന്റെ മുന്‍കൈയില്‍ ഇന്നത്തെ പ്രതിസന്ധിയുടെ ആഘാതം കാരണം ദുരിതമനുഭവിക്കുന്ന മുഴുവന്‍ പേരെയും കൂട്ടിയോജിപ്പിച്ച് വിപുലമായ ഐക്യത്തോടെ പോരാട്ടം ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു।
*
പി നന്ദകുമാര്‍ കടപ്പാട് : സി.ഐ.ടി.യു സന്ദേശം
Subscribe to:
Post Comments (Atom)
2 comments:
മുതലാളിത്ത ലോകത്തെ ആകെ ഗ്രസിച്ചിരിക്കുന്ന സാമ്പത്തിക മാന്ദ്യം കേരളക്കരയിലും എത്തപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ പ്രധാന വരുമാനം വിദേശ മലയാളികളുടെ വരുമാനത്തിന്റെ വിഹിതവും നാണ്യവിളകള്‍ കയറ്റി അയക്കുന്നതിലൂടെ കിട്ടുന്ന വരുമാനവുമാണ്. അമേരിക്കന്‍ സമ്പദ് ഘടനയില്‍ ധനകാര്യ മേഖലയില്‍ ആരംഭിച്ച് സാമ്പത്തിക മേഖലയെ ആകെ കാര്‍ന്നു തിന്നുകയും വ്യാവസായിക-തൊഴില്‍ മേഖലയെ സാരമായി ബാധിച്ച് അഗാധമായ മാന്ദ്യത്തിലേക്ക് തള്ളിവിടുകയും ചെയ്ത പ്രതിസന്ധി ഇന്ന് ലോകമാകെ ഒരു മാന്ദ്യത്തിലേക്ക് നീളുന്ന അവസ്ഥ ഉണ്ടാക്കിയിരിക്കുകയാണല്ലോ.കേരളത്തെ ഇന്നുവരെ എങ്ങനെ ബാധിച്ചു എന്ന് ചുരുക്കത്തില്‍ വിശദീകരിക്കുകയാണിവിടെ ചെയ്യുന്നത്.
ഇന്നത്തെ പ്രതിസന്ധിയുടെ ആഘാതം കാരണം ദുരിതമനുഭവിക്കുന്ന മുഴുവന്‍ പേരെയും കൂട്ടിയോജിപ്പിച്ച് വിപുലമായ ഐക്യത്തോടെ പോരാട്ടം ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു।
എന്നു മനസിലായി. അതിനുള്ള പ്രായോഗിക നി്ര്ദ്ദേശങ്ള് ആണ് ഞങള് ജനങള്ക്കു വേന്ടതു.
Post a Comment