വിവാദം കത്തിപ്പടരുകയാണ്.
ആത്മഹത്യയോ? കൊലപാതകമോ?
ശവത്തിന് ഇരിക്കപ്പൊറുതിയില്ലാതായി. ഊണില്ല, ഉറക്കമില്ല, കുളിയില്ല, ജപമില്ല, സന്തോഷമില്ല. ചത്തപോലെ ഒറ്റക്കിടപ്പ്.
ഒടുവില്‍ സഹികെട്ട ശവം കോടതിയിലെത്തി. നേരെ കൂട്ടില്‍ കയറി നിന്നു.
പുതിയ കക്ഷിയെ കണ്ട, ബഹുമാനപ്പെട്ട കോടതി സ്ത്രീശബ്ദത്തില്‍ ചോദിച്ചു.
'നിങ്ങള്‍..?'
'ശവം'
'ശവമെന്ന് പറഞ്ഞാല്‍..?'
'ജീവനില്ലാത്ത വസ്തു'
'അതിനെന്താണ് തെളിവ്..?.മൂത്രപരിശോധനാ റിപ്പോര്‍ട്ട് കൊണ്ടുവന്നിട്ടുണ്ടോ..?'
വാദി ഭാഗം എഴുന്നേറ്റു.
'ബഹുമാനപ്പെട്ട കോടതീ.. ശവങ്ങള്‍ മൂത്രമൊഴിക്കാറില്ല.'
ബഹുമാനപ്പെട്ട കോടതിക്ക് സഹിച്ചില്ല. കോടതി ശബ്ദമുയര്‍ത്തി.
'നിങ്ങള്‍ മാധ്യമങ്ങള്‍ക്ക് പിന്നാലെ പോകരുത്. ശവത്തിന്റെ വസ്ത്രം നനഞ്ഞിരിക്കുന്നതായി എഫ് ഐ ആറില്‍ കാണുന്നു. മാത്രമല്ല, ശവം സ്ഥിരമായി മൂത്രമൊഴിച്ചിരുന്നതായും ഏതെങ്കിലും രീതിയിലുള്ള മൂത്രതടസ്സം അനുഭവപ്പെട്ടതായും രേഖപ്പെടുത്തിയിട്ടില്ല. കോടതിക്ക് വസ്തുതകളുടെ അടിസ്ഥാനത്തിലേ വിലയിരുത്താനാവൂ. വികാരങ്ങള്‍ കോടതിയുടെ ഭാഷയല്ല.'
മനം മാറിയ വാദിഭാഗം വക്കീല്‍ സന്യസിക്കാന്‍ തീരുമാനിച്ചു. പിന്നീട് സ്വാമി നിയമബോധാനന്ദനായി കോടതിക്ക് പുറത്തിരുന്ന് മുദ്രപത്രം വിറ്റു.
കോടതി പ്രതിഭാഗം വക്കീലിനെ വളകിലുക്കി ഉണര്‍ത്തി. ആജ്ഞാപിച്ചു.
'പ്രൊസീഡ്..'
പ്രതിഭാഗം ആയുധം ധരിച്ചു.
'നിങ്ങള്‍ മരിച്ച വിവരം നിങ്ങള്‍ അറിയുമ്പോള്‍ ഉദ്ദേശം എത്ര മണിയായിക്കാണും.'
'വാച്ചുണ്ടായിരുന്നില്ല.'
'പിന്നെ എങ്ങനെയാണ് നിങ്ങള്‍ ഈ വിവരം അറിയുന്നത്?'
'പത്രം വായിച്ചാണ് അറിഞ്ഞത്'
ഉടന്‍ ബഹുമാനപ്പെട്ട കോടതി ഇടപെട്ടു.
'അപ്പോള്‍ മാധ്യമങ്ങള്‍ നിങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു, അല്ലെ?'
ശവം ലജ്ജിച്ച് തലതാഴ്ത്തി.
പ്രതിഭാഗം തുടര്‍ന്നു.
'നിങ്ങള്‍ എന്തിനാണ് അസമയത്ത് പുറത്തിറങ്ങിയത്?'
'വെള്ളം കുടിക്കാന്‍'
'നിങ്ങള്‍ മദ്യപിക്കാറുണ്ടോ..?'
'ഇല്ല'
'നിങ്ങള്‍ പ്രമേഹരോഗിയാണോ..?'
'അല്ല'
'നിങ്ങള്‍ രാത്രിയില്‍ വെള്ളം കുടിക്കണമെന്ന് ഡോക്റ്റര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോ..?'
'ഇല്ല..'
'ബഹുമാനപ്പെട്ട കോടതീ, ഈ നില്‍ക്കുന്ന കക്ഷിക്ക് രാത്രിയില്‍ വെള്ളം കുടിക്കേണ്ട ഒരാവശ്യവും ഇല്ല. ഈ കക്ഷിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഉറക്കത്തില്‍ വെള്ളം കുടിക്കണമെന്ന നിര്‍ദ്ദേശവുമില്ല. അതുകൊണ്ട് അന്നു രാത്രി മുറിയില്‍ നിന്നിറങ്ങിയത് ഈ നില്‍ക്കുന്ന കക്ഷിയല്ലെന്ന് വ്യക്തമാണ്.'
ബഹുമാനപ്പെട്ട കോടതി ചേമ്പറില്‍ വിളിച്ച് പ്രതിഭാഗം വക്കീലിന് കൈകൊടുത്തു.
വിസ്താരം തുടരുന്നു.
'നിങ്ങള്‍ നിങ്ങളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വായിച്ചോ?'
'ഇല്ല'
'എന്തുകൊണ്ട്?. നിങ്ങള്‍ക്ക് വായനാശീലമില്ലേ?'
'ഉണ്ട്'
'മരിക്കുമ്പോള്‍ വായിച്ചിരുന്നത് എന്താണ്?'
'യോഹന്നാന്റെ സുവിശേഷം'
'ആരാണ് അത് എഴുതിയത്?. മുട്ടത്തു വര്‍ക്കിയോ? പൊന്‍കുന്നം വര്‍ക്കിയോ?'
ശവം നിലവിളിച്ചുപോയി.
'ബഹുമാനപ്പെട്ട കോടതീ, ഈ കക്ഷി ഉത്തരവാദിത്വമുള്ള വായനക്കാരനല്ല. വായിക്കുന്ന പുസ്തകം എഴുതിയത് ആരാണെന്നു പോലും അറിയുന്നില്ല. കക്ഷിയുടെ സത്യസന്ധതയെ ഞാന്‍ ചോദ്യം ചെയ്യുന്നു.'
ബഹുമാനപ്പെട്ട കോടതി മുടി കോതിക്കെട്ടി. വാദങ്ങളുടെ ഹേമന്തകാലത്തെ വരവേറ്റു.
പ്രതിഭാഗം വീണ്ടും തുടങ്ങി.
'നിങ്ങളുടെ മരണത്തില്‍ എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് താല്‍പര്യമില്ലാതെ പോയത്?.'
ശവം മൌനം.
'ഏതൊരു മനുഷ്യന്റെയും പ്രാഥമികമായ ആഗ്രഹം എപ്പോള്‍ മരിക്കുമെന്നും, എങ്ങനെ മരിക്കുമെന്നുമാണ്. ഈ കക്ഷി മനപ്പൂര്‍വം ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നു. അവ്യക്തതകള്‍ നീക്കുന്നതിനു പകരം വ്യക്തതകളെ അവ്യക്തതകളാക്കി മാറ്റുന്നു. ഇവിടെയാണ് മാധ്യമങ്ങള്‍ കടന്നുവരുന്നത്. മാധ്യമങ്ങളിലൂടെ പോപ്പുലാരിറ്റിക്ക് ശ്രമിച്ച് സ്വയം രക്തസാക്ഷി ചമയാനും അതിലൂടെ ജനങ്ങളുടെ സഹാനുഭൂതി പിടിച്ചുപറ്റാനും എന്റെ നിഷ്കളങ്കനായ കക്ഷിയെ ആജീവനാന്തം കളങ്കപ്പെടുത്താനുമാണ് ശ്രമം.'
ബഹുമാനപ്പെട്ട കോടതി കോരിത്തരിച്ചു.
' തലക്ക് പിന്നിലേറ്റ മൂന്നടിയാണ് മരണകാരണം എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ പ്രാവശ്യം അടിക്കുമ്പോഴും പ്രതി എണ്ണുന്നതായി കേട്ടോ?
' ഇല്ല'
' ബഹുമാനപ്പെട്ട കോടതീ' ഒരു പ്രതിയും അടിക്കുമ്പോള്‍ എണ്ണാന്‍ സാധ്യതയില്ല. എണ്ണം പഠിക്കാനല്ലല്ലോ ആളുകള്‍ അടിക്കുന്നത്. തല ഒരു പള്ളിക്കൂടവുമല്ല. അതുകൊണ്ട് മൂന്നടി അടിച്ചു എന്ന കണ്ടെത്തല്‍ ഗൂഢാലോചനയാണ്. '
കോടതി കുറിപ്പെടുത്തു.
'അടിയേറ്റ് നിങ്ങള്‍ വീണു എന്നാണ് പറയുന്നത്. എങ്കില്‍ വീണശേഷം നിങ്ങള്‍ എന്ത് ചെയ്തു?'
'ഒന്നും ചെയ്തതായി ഓര്‍ക്കുന്നില്ല.'
'വേദനിക്കുന്ന ഭാഗത്ത് കൈകൊണ്ട് അമര്‍ത്തുക എന്നതാണ് മനുഷ്യസ്വഭാവം. എന്നാല്‍ നിങ്ങള്‍ മരിച്ചുകിടന്നതായി കാണപ്പെട്ടപ്പോള്‍ നിങ്ങളുടെ കൈ അടികൊണ്ട ഭാഗത്തായിരുന്നില്ല. എന്താണ് കാരണം?'
'അറിയില്ല'
'അടികൊണ്ടത് നിങ്ങളുടെ തലക്ക് തന്നെയാണെന്ന് ഉറപ്പുണ്ടോ?'
'അറിയില്ല'
'നിങ്ങള്‍ക്ക് വേറെ തലയുണ്ടോ?'
'അറിയില്ല'
ബഹുമാനപ്പെട്ട കോടതി തലയറഞ്ഞ് ചിരിച്ചു.
'നിങ്ങളെ അടിച്ചു എന്ന് പറയുന്ന കൈക്കോടാലി ആണോ പെണ്ണോ?'
'ശ്രദ്ധിച്ചില്ല.'
'ടേക് നോട്ട് യുവറോണര്‍. മാരകായുധത്തിന്റെ ലിംഗനിര്‍ണയം നടത്തുന്നതില്‍ പോലും അന്വേഷണോദ്യോഗസ്ഥന്മാര്‍ പരാജയപ്പെട്ടു. ഈ കേസില്‍ നിര്‍ണായകമാവേണ്ട തെളിവായിരുന്നു ഇത്. എന്തുകൊണ്ട് അവര്‍ ഇത് അന്വേഷിക്കാതെ വിട്ടു എന്നത് സുപ്രധാനമാണ്. കൃത്യം പുരുഷകേന്ദ്രീകൃതമാണോ, സ്ത്രീ കേന്ദ്രീകൃതമാണോ എന്നറിയാന്‍ ഈ തെളിവ് നിര്‍ണായകമാണ്. ആണ്‍- പെണ്‍ തിരിച്ചറിവില്ലാത്തവരായി നമ്മുടെ അന്വേഷണോദ്യോഗസ്ഥര്‍..'
കോടതി ഇടപെട്ടു.
'പ്ലീസ് ചിരിപ്പിക്കല്ലെ'
വാദം തുടര്‍ന്നു.
'മരിച്ചു എന്ന് അവകാശപ്പെടുന്ന ഈ കക്ഷിയും, അന്വേഷണോദ്യോഗസ്ഥന്മാരും ചേര്‍ന്ന് നിഷ്കളങ്കതയുടെ ദിവ്യസ്വരൂപമായ എന്റെ കക്ഷിയെ മലിനപ്പെടുത്താന്‍ മനപ്പൂര്‍വം നടത്തിയ ഗൂഢാലോചനയാണിത്.'
ബഹുമാനപ്പെട്ട കോടതി കയ്യടിച്ചു.
'മരിച്ച വിവരം ആരോടാണ് നിങ്ങള്‍ ആദ്യം പറഞ്ഞത്?'
'ആരോടും പറഞ്ഞില്ല.'
'എന്തുകൊണ്ട് പറഞ്ഞില്ല?. ആരും വെറുതെ മരിക്കാന്‍ ആഗ്രഹിക്കാത്ത ഇക്കാലത്ത് ഇതിലൊന്നും താല്‍പര്യങ്ങളില്ലാത്ത സാത്വികനായിരുന്നു ഈ കക്ഷി എന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ഒരു റീത്തും അടിയന്തരസദ്യയും കൊതിക്കാത്ത എത്ര ഡെഡ്ബോഡീസുണ്ട് യുവറോണര്‍ നമ്മുടെ നാട്ടില്‍?. മരണം ഒരു വേര്‍പാടല്ല യുവറോണര്‍, ഘോഷയാത്രയാണ്. മരിച്ചവരുടെയും മരിക്കാത്തവരുടെയും ഉല്ലാസമാണതെന്ന്, യുവറോണര്‍ നിരീക്ഷിച്ച് കാണുമല്ലൊ.'
'യെസ്. പ്രൊസീഡ്'
'നിങ്ങളുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ലേ?'
'ഉണ്ടായിരുന്നു'
'എന്നിട്ടും എന്തുകൊണ്ട് മരിച്ചവിവരം നിങ്ങള്‍ ആരെയും അറിയിച്ചില്ല?'
അറിയിക്കാന്‍ തോന്നിയില്ല.'
'ശരിയല്ല, യുവറോണര്‍. ഈ കക്ഷി നേരത്തെതന്നെ ഒരു രക്തസാക്ഷി പരിവേഷത്തിന് ശ്രമിക്കുകയായിരുന്നു. മരിച്ചാല്‍ വിളിച്ചറിയിക്കാതിരിക്കാന്‍ നേരത്തെ തന്നെ പരിശീലിച്ചു. ഇന്‍ഫര്‍മേഷന്‍ യുഗത്തില്‍ ഇതിലൊന്നും താല്‍പര്യമില്ലെങ്കില്‍ എന്തിന് മൊബൈല്‍ ഫോണ്‍ കൊണ്ടുനടക്കുന്നു?. യുവറോണര്‍, ഇതൊരു ഗൂഢാലോചനതന്നെയാണ്.'
യുവറോണര്‍ തലകുലുക്കി.
പ്രതിഭാഗം അന്തിമഘട്ടത്തിലേക്ക് പ്രവേശിച്ചു.
'മരിച്ചശേഷമാണോ, മരണം ഉറപ്പാക്കിയ ശേഷമാണോ നിങ്ങള്‍ കിണറിലേക്ക് ചാടിയത്?'
'ഓര്‍ക്കുന്നില്ല'
'കിണറ്റില്‍ വീണശേഷം നിങ്ങള്‍ വെള്ളം കുടിക്കാന്‍ വിസമ്മതിച്ചതെന്തിനാണ്?'
'അറിയില്ല'
'ടേക് നോട് യുവറോണര്‍. നേരത്തെ വെള്ളം കുടിക്കാനാണ് മുറിയില്‍ നിന്നിറങ്ങിയതെന്ന് പറഞ്ഞ കക്ഷിക്ക് ഒരു ഗ്ളാസിനുപകരം ഒരു കിണര്‍ തന്നെ കിട്ടിയിട്ട് തുള്ളിപോലും കുടിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. 'വാട്ടര്‍ വാട്ടര്‍ എവരിവേര്‍, നോട്ട് എനി ഡ്രോപ് ടു ഡ്രിങ്ക്' എന്ന കവിത കക്ഷിക്ക് അറിയാവുന്നതായും തെളിവില്ല.ഈ കക്ഷിയുടെ മൊഴി വിശ്വസിക്കാന്‍ നിവൃത്തിയില്ല, യുവറോണര്‍. അതുകൊണ്ട് ഈ നില്‍ക്കുന്ന കക്ഷി മരിച്ചതാണെന്നുള്ളതിന് തെളിവുകളൊന്നുമില്ല.സാഹചര്യത്തെളിവുകള്‍ പരിശോധിച്ചാല്‍ കക്ഷി ജീവിച്ചിരിക്കാനാണ് സാധ്യത എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.'
ബഹുമാനപ്പെട്ട കോടതിയുടെ മുഖത്ത് സംതൃപ്തി. സന്ധ്യ സിന്ദൂരം തേച്ചപോലെ.
വൈകാതെ വിധി വന്നു.
'പ്രസ്തുത കേസില്‍ പറയുന്ന കക്ഷി മരിച്ചതായി തെളിവില്ല. കേസിനുവേണ്ടി പ്രോസിക്യൂഷന്‍ ഹാജരാക്കിയ ശവത്തിനാകട്ടെ മരണം പൂര്‍ണമായി തെളിയിക്കാനും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ടി ശവത്തെ ആറു വര്‍ഷത്തെ ജീവിതത്തിനും 20000 രൂപ പിഴയ്ക്കും ശിക്ഷിച്ചിരിക്കുന്നു. പിഴ അടച്ചില്ലെങ്കില്‍ രണ്ടു മാസം കൂടി ജീവിക്കേണ്ടി വരും.'
*
എം എം പൌലോസ് കടപ്പാട്: ദേശാഭിമാനി വാരിക
Subscribe to:
Post Comments (Atom)
8 comments:
വിവാദം കത്തിപ്പടരുകയാണ്.
ആത്മഹത്യയോ? കൊലപാതകമോ?
ശവത്തിന് ഇരിക്കപ്പൊറുതിയില്ലാതായി. ഊണില്ല, ഉറക്കമില്ല, കുളിയില്ല, ജപമില്ല, സന്തോഷമില്ല. ചത്തപോലെ ഒറ്റക്കിടപ്പ്.
ഒടുവില്‍ സഹികെട്ട ശവം കോടതിയിലെത്തി. നേരെ കൂട്ടില്‍ കയറി നിന്നു.
എം എം പൌലോസിന്റെ നര്‍മ്മഭാവന.
hats of
ഹേമന്തവും വസന്തവും തമ്മില്‍ തെറ്റി അല്ലേ?
വാളെടുത്തവരെല്ലാം വെളിച്ചപ്പാടല്ലെന്ന് വസന്തം,
വസന്തം വസന്തത്തിന്റെ പണിനോക്കട്ടെ എന്ന് ഹേമന്തം.
അഭയമില്ലാതായത് ആര്‍ക്ക്?
കലക്കി .അല്ലാതെ എന്ത് പറയാന്‍ .പാവം ശവം .
ടേക് നോട് യുവറോണര്‍. നേരത്തെ വെള്ളം കുടിക്കാനാണ് മുറിയില്‍ നിന്നിറങ്ങിയതെന്ന് പറഞ്ഞ കക്ഷിക്ക് ഒരു ഗ്ളാസിനുപകരം ഒരു കിണര്‍ തന്നെ കിട്ടിയിട്ട് തുള്ളിപോലും കുടിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
:D
ചത്തു എന്നതിന് തെളിവ് പൊലുമില്ലാതെ വന്നിരിക്കുന്നു, ശവം! ഇങ്ങനെതന്നെ വിധിക്കണം. ഈ വിധിയെ വിലയിരുത്താന്‍ ഇനി ലോകക്കോടതിക്കേ അധികാരമുള്ളൂ.
പൌലോസ് സാറിന്റെ നര്‍മ്മഭാവനക്ക് ഹാറ്റ്സ് ഓഫ്.
Copied M P Narayanapillla.
എം പീടെ ഏതു കഥയാ അനോണീ?
അമ്പമ്പടാ പൌലോച്ചായാ!
Post a Comment