അക്കൊല്ലത്തെ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഞാന്‍ അസമിലെ ഗുവഹത്തിയിലായിരുന്നു. ദിനാചരണത്തോടനുബന്ധിച്ച് നഗരത്തില്‍ സംഘടിപ്പിച്ച ഒരു യോഗത്തില്‍ പ്രസംഗകയായി ചെല്ലാന്‍ എനിക്കും കിട്ടി ക്ഷണം....പ്രസംഗത്തിന്റെ ഭാഷയെക്കുറിച്ചുള്ള ആകുലതകളോടെയാണ് പോയത്....സ്വാഗത പ്രസംഗക ഏറെ സന്തോഷത്തോടെ "കേരള'ത്തില്‍ നിന്നുള്ള സഹോദരിയെ' സ്വാഗതം ചെയ്തു. പെട്ടെന്ന് അധ്യക്ഷ പദവിയിലിരുന്ന സ്ത്രീ എഴുന്നേറ്റ് വന്ന് എന്നെ കെട്ടിപ്പിടിച്ചാശ്ളേഷിച്ചു, ആവേശത്തോടെ, സ്നേഹത്തോടെ പറഞ്ഞു...
"കേരളം സ്ത്രീയുടെ നാടാണ്...സ്ത്രീയുടെ വ്യക്തിത്വവും അധികാരവും അംഗീകരിക്കപ്പെട്ട സ്ഥലമാണ്. അവിടെനിന്നുള്ള ഒരു സ്ത്രീ ഇവിടെ വനിതാദിന പരിപാടികള്‍ക്ക് പങ്കെടുക്കുന്നത് സന്തോഷം തരുന്ന കാര്യമാണ്.''
ഞാനന്തം വിട്ടുപോയി. അവര്‍ തന്റെ അധ്യക്ഷപ്രസംഗത്തിലും കേരളത്തിലെ സ്ത്രീയെ മുഖ്യവിഷയമാക്കി.
"കേരളത്തിലാണ് ഞങ്ങളുടെയൊക്കെ സങ്കല്‍പ്പത്തിലുള്ള സ്ത്രീ സമൂഹമുള്ളത്. വിദ്യാഭ്യാസപരമായി, ഔദ്യോഗികമായി, രാഷ്ട്രീയപരമായി, സാമൂഹികമായി ഒക്കെ ഉയര്‍ച്ച പ്രാപിച്ച സ്ത്രീകളാണ് അവിടെ ഉള്ളതെന്ന് വായിച്ചും കണ്ടും കേട്ടുമൊക്കെ അറിഞ്ഞിട്ടുണ്ട്...അവിടെ സ്ത്രീകള്‍ എങ്ങനെയാണ് പുരോഗമിച്ചതെന്നറിയാന്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്.''
ആ അധ്യക്ഷ വെറും ഒരു സ്ത്രീയായിരുന്നില്ല. പ്രമുഖ അസമീസ് സാഹിത്യകാരിയായ നിരുപമ ബര്‍ഹോഗന്‍ ആയിരുന്നു അവര്‍. പിന്നീടേതാണ്ട് ഒന്നര മണിക്കൂറോളം ഞാനാ യോഗത്തില്‍ കേരളത്തെക്കുറിച്ചും ഇവിടെയുള്ള സ്ത്രീകളെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു. ഭാഷയുടെ അതിര്‍വരമ്പുകള്‍പോലും മറന്നുകൊണ്ട്....
ഏത് നാട്ടിലുള്ളവര്‍ക്കും കേരളം ഒരു സ്വപ്നനാടാണ് എന്ന് പലവട്ടം അറിഞ്ഞിട്ടുണ്ട്. മനുഷ്യന്റെ വികസന സ്വപ്നങ്ങള്‍ക്കൊക്കെ പ്രതീക്ഷയേകുന്ന ഒരിടം.
അങ്ങനെയുള്ള ഈ പെണ്ണരശുനാട്ടില്‍ സ്ത്രീമുന്നേറ്റത്തിന്റെ ഒരു ചരിത്രമുഹൂര്‍ത്തം കൂടി...വികസന പ്രക്രിയയുടെ സര്‍വ പടവുകളിലും സ്ത്രീയെക്കൂടി കൈപിടിച്ച് കൊണ്ടുപോകുന്ന 50 ശതമാനം സംവരണമെന്ന സ്വപ്നം ഇന്നിവിടെ സാക്ഷാല്‍ക്കരിക്കുകയാണ്. മറ്റ് പലേടത്തും ഒരു ആശയമായി പോലും ഇത്തരമൊരു ചിന്ത കടന്നുവരുന്നില്ലെന്നാണ് തോന്നല്‍. പാതിയിലേറെ വരുന്ന സ്ത്രീസമൂഹത്തെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള വികസന യത്നങ്ങളൊന്നും പൂര്‍ണവിജയം കൈവരിക്കില്ലെന്ന അനുഭവം ഏറെയുണ്ട്. അത് മനസ്സിലാക്കി, സമൂഹപുരോഗതിയെക്കുറിച്ചുള്ള ആത്മാര്‍ഥമായ ഒരു കാഴ്ചപ്പാട് കൈവരിച്ചു എന്നതാണ് ത്രിതല പഞ്ചായത്തുകളിലെ സ്ത്രീസംവരണം വെളിവാക്കിത്തരുന്നത്...
സംവരണം വേണമോ വേണ്ടയോ എന്നൊക്കെ ചര്‍ച്ചയും വാദങ്ങളുമുണ്ട്...പക്ഷേ കാലാകാലങ്ങളായി അടിയുറച്ചുപോയ പുരുഷാധിപത്യ പ്രവണതകളും സങ്കല്‍പ്പങ്ങളും (സ്ത്രീയുടെ ഉള്ളിലും ഇവയുണ്ട്) മറികടന്ന് ഒരു മാറ്റം ഉണ്ടാക്കണമെങ്കില്‍ ഇത്തരമൊരു തീരുമാനം കൂടിയേ തീരൂ എന്നുറപ്പാണ്. പഞ്ചായത്ത് ഭരണത്തിന്റെ അരങ്ങില്‍ ഇപ്പോള്‍ ഉള്ള സ്ത്രീ സാന്നിധ്യവും ഇത്തരം ഒരു നിയമത്തിലൂടെയാണല്ലോ കൈവന്നത്...ഇപ്പോഴത്തെ നിയമം എല്ലാ തലങ്ങളിലും (സ്റ്റാന്‍ഡിങ് കൌണ്‍സിലുകള്‍ വരെ) സ്ത്രീ പങ്കാളിത്തം ഉണ്ടാക്കും. ഇത് കേരളത്തെപ്പോലെ ഒരു സംസ്ഥാനത്തിന് വലിയ വലിയ നേട്ടങ്ങള്‍ കൈവരിക്കാനാവുന്ന അവസരമാണ്. സ്വതവേ ഇവിടെ ഉള്ളതും, പടിപടിയായി ഇവിടത്തെ സ്ത്രീ പിടിച്ചുവാങ്ങിയതുമായ സ്വാതന്ത്യ്രത്തിന്റെ പശ്ചാത്തലത്തില്‍ വികസന പ്രക്രിയയുടെ സര്‍വതലങ്ങളിലും സ്ത്രീ എത്തുമ്പോള്‍ നാടിന് കൈവരിക്കാനാവുന്നത് ചെറിയ നേട്ടങ്ങളായിരിക്കില്ല. കൃഷിയിടങ്ങളില്‍, സര്‍ക്കാര്‍ പള്ളിക്കൂടങ്ങളില്‍, പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍, റോഡുകളുടെയും കുളങ്ങളുടെയും, കിണറുകളുടെയും ഒക്കെ സംരക്ഷണത്തില്‍, സമൂഹ ജീവിതത്തിന്റെ സമസ്തമേഖലകളിലും വീട് ഭരിച്ച് നേടിയ അനുഭവസമ്പത്തും പ്രാവീണ്യവുമായി സ്ത്രീകളെത്തുമ്പോള്‍ വികസന പരിപ്രേക്ഷ്യംതന്നെ മാറാതെ വയ്യ. സ്ത്രീയുടെ കാഴ്ചപ്പാട് പലപ്പോഴും പ്രായോഗികവും മനുഷ്യത്വപരവുമായിട്ടാണ് കാണാറുള്ളത്....അതിന്റെ ഉള്ളില്‍ ആത്മാര്‍ഥതയും കരുതലും സ്നേഹവും ത്യാഗവുമൊക്കെ കാണും. നൂറ്റാണ്ടുകളായി കുടുംബത്തിനുവേണ്ടി സ്വയം നല്‍കി നല്‍കി സ്ത്രീക്ക് സഹജമായിപ്പോയ അത്തരം വികാരങ്ങള്‍ വികസന പ്രക്രിയക്ക് മാനവിക മുഖം നല്‍കുമെന്ന വലിയ സ്വപ്നം നമുക്കൊക്കെയുണ്ട്. നമ്മുടെ വികസന പരിപാടികള്‍ക്ക് ഇന്ന് കുറവുള്ള ഒന്നാണത്.
അമ്മ, കുടുംബം പോറ്റുന്നത് നിസ്വാര്‍ഥമായും സ്നേഹത്തിന്റെ അപാരമായ തള്ളിച്ചയാലുമാണ്... ആ കാഴ്ചപ്പാടിലൂടെ സമൂഹത്തെയും കാണാനാവുന്ന സ്ത്രീകള്‍ക്ക് ഇവിടെ പുത്തന്‍ സൂര്യോദയങ്ങള്‍ ഉണ്ടാക്കാനാവും...അത് ഉണ്ടാക്കിയേ തീരൂ. ആ ഉത്തരവാദിത്തമാണ് ഈ നിയമത്തിലൂടെ സ്ത്രീകള്‍ക്ക് കൈവന്നിട്ടുള്ളത്. പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും നന്നായിത്തന്നെ നിര്‍വഹിക്കാനും കേരളത്തിലെ സ്ത്രീസമൂഹത്തിന് കഴിയുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്.
ഇത് ഗാന്ധിജിയുടെകൂടി മുഹൂര്‍ത്തമാണ്. സ്ത്രീ കഷ്ടപ്പെടുന്ന, അടിച്ചമര്‍ത്തപ്പെടുന്ന, മാറ്റി നിര്‍ത്തപ്പെടുന്ന ഒരു സമൂഹത്തിന് പൂര്‍ണമായ അര്‍ഥത്തില്‍ പുരോഗതി കൈവരിക്കാനാവില്ലെന്ന് അദ്ദേഹം പണ്ടേ പറഞ്ഞുവച്ചിരുന്നു. അര്‍ഹമായ സ്ത്രീ പങ്കാളിത്തമുള്ള ഗ്രാമസ്വരാജ് എന്ന ഗാന്ധിയന്‍ സ്വപ്നംകൂടിയാണ് പൂവണിയുന്നത്.
ചരിത്രത്തിലെ ഈ അപൂര്‍വ മുഹൂര്‍ത്തത്തില്‍ നമ്മളൊക്കെ കാണുന്ന സ്വപ്നങ്ങള്‍ ഒന്നു തന്നെയാണോ?
ആവോ എനിക്കറിയില്ല...
എന്റെ വികസന സ്വപ്നങ്ങള്‍ക്ക് സനേഹത്തിന്റെയും സാന്ത്വനത്തിന്റെയും കരുതലിന്റെയുമൊക്കെ സ്പര്‍ശങ്ങളുണ്ട്...രാഷ്ട്രീയമായും സാമൂഹ്യമായുമുള്ള വികസന സമീപനങ്ങളില്‍ സ്ത്രീസഹജമായ ആര്‍ദ്രതയും ആര്‍ജവവും കടന്നുവരുമെന്ന്, അഴിമതിയുടെ കഥകളില്‍നിന്ന് വികസന പ്രക്രിയ മോചിതമാവുമെന്ന് (പൂര്‍ണമായിട്ടാവില്ല, എങ്കിലും) സ്ത്രീപീഡനത്തിന്റെ, സ്ത്രീധനത്തിന്റെ, സ്ത്രീസങ്കടങ്ങളുടെ നോവിപ്പിക്കുന്ന അധ്യായങ്ങള്‍ അവസാനിക്കുമെന്ന്- അഗോളവല്‍ക്കരണം ഒരു കമ്പോളവസ്തുവാക്കി മാറ്റിയ സ്ത്രീസങ്കല്‍പ്പം ഉടച്ചുവാര്‍ക്കപ്പെടുമെന്ന്, ഇങ്ങനെ നമ്മളും മറുനാട്ടുകാരുമൊക്കെ സ്വപ്നം കാണുന്ന ഒരു സങ്കല്‍പ്പസമൂഹം ഇവിടെ യാഥാര്‍ഥ്യമാവുമെന്ന്...
സ്വപ്നങ്ങള്‍ക്കെന്നും ചാരുത കൂടുതലാണ്, യാഥാര്‍ഥ്യങ്ങള്‍ക്കോ പരുപരുക്കന്‍ സത്യസന്ധതയും.. ഒരു രാവ് ഉറങ്ങി വെളുക്കുമ്പോള്‍ മാറിമാറിയുന്നതല്ല നൂറ്റാണ്ടുകള്‍ മനുഷ്യനില്‍ ഉണ്ടാക്കിയെടുത്ത ധാരണകളും ശീലങ്ങളും എന്നറിയാഞ്ഞിട്ടുമല്ല..."പൂമുഖവാതില്‍ക്കല്‍ അണിഞ്ഞൊരുങ്ങി'' നില്‍ക്കാനും അടുക്കളയില്‍ തേഞ്ഞുതീരാനും കിടപ്പറയില്‍ ദാഹം തീര്‍ക്കാനും വീട്ടിനുള്ളില്‍ അടിയും തൊഴിയും ഏല്‍ക്കാനുമുള്ള ഉപകരണമാണ് സ്ത്രീയെന്ന് കരുതുന്ന പുരുഷന്മാരും സ്ത്രീകളും ഇവിടെ ഇപ്പോഴും ഒരുപാടുണ്ട്. 'ആദര്‍ശസ്ത്രീ'ക്ക് ചേരുന്ന നിര്‍വചനങ്ങള്‍ക്ക് മനുസ്മൃതിത്താളുകളിലാണ് പുരോഗമനവാദികളായ പുരുഷന്മാര്‍പോലും തെരയുന്നത്.. അത്തരക്കാര്‍ക്ക് അല്‍പ്പം അസ്വസ്ഥതയും ബുദ്ധിമുട്ടും ഒക്കെ ഉണ്ടായേക്കാം. സ്ത്രീക്ക് ശക്തി കൈവന്നാല്‍ അവര്‍ക്ക് നഷ്ടപ്പെട്ടുപോകുന്നത് സ്വന്തം സ്വാര്‍ഥതാല്‍പ്പര്യങ്ങളായിരിക്കും. പത്തു ചുവട് സ്ത്രീ മുന്നേറുമ്പോള്‍ രണ്ട് ചുവട് പിന്നോട്ട് പായുന്ന പുരുഷന്മാരിവിടെ ഏറെയുണ്ട്. സ്ത്രീയുടെ വേഗത്തില്‍ അത്തരം പുരുഷന്മാരെത്തണമെങ്കില്‍ ഒരുപാട് പണിയെടുക്കേണ്ടിവരും... അത്തരം കാഴ്ചപ്പാടുകളും നിലപാടുകളുമുള്ള സ്ത്രീകളെയും ഒപ്പം കൊണ്ടുപോകേണ്ടിവരും.
ചുവടുകള്‍ സൂക്ഷിച്ച് വയ്ക്കേണ്ടിയിരിക്കുന്നു. ഇരുട്ടില്‍നിന്ന് വെളിച്ചത്തിലെത്തുമ്പോള്‍ കുറച്ചുനേരം കണ്ണു ചിമ്മിപ്പോകുന്നതും സംഭ്രമിച്ച് പോകുന്നതും സാധാരണയാണ്. പക്ഷേ, വെളിച്ചത്തിലേക്കെത്തിയാല്‍പ്പിന്നെ വെളിച്ചം മാത്രമേയുള്ളൂ.
*
കെ എ ബീന കടപ്പാട്: ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്
Thursday, September 24, 2009
ഈ ചുവട് വെളിച്ചത്തിലേക്ക്
Subscribe to:
Post Comments (Atom)
1 comment:
അക്കൊല്ലത്തെ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഞാന്‍ അസമിലെ ഗുവഹത്തിയിലായിരുന്നു. ദിനാചരണത്തോടനുബന്ധിച്ച് നഗരത്തില്‍ സംഘടിപ്പിച്ച ഒരു യോഗത്തില്‍ പ്രസംഗകയായി ചെല്ലാന്‍ എനിക്കും കിട്ടി ക്ഷണം....പ്രസംഗത്തിന്റെ ഭാഷയെക്കുറിച്ചുള്ള ആകുലതകളോടെയാണ് പോയത്....സ്വാഗത പ്രസംഗക ഏറെ സന്തോഷത്തോടെ "കേരള'ത്തില്‍ നിന്നുള്ള സഹോദരിയെ' സ്വാഗതം ചെയ്തു. പെട്ടെന്ന് അധ്യക്ഷ പദവിയിലിരുന്ന സ്ത്രീ എഴുന്നേറ്റ് വന്ന് എന്നെ കെട്ടിപ്പിടിച്ചാശ്ളേഷിച്ചു, ആവേശത്തോടെ, സ്നേഹത്തോടെ പറഞ്ഞു...
"കേരളം സ്ത്രീയുടെ നാടാണ്...സ്ത്രീയുടെ വ്യക്തിത്വവും അധികാരവും അംഗീകരിക്കപ്പെട്ട സ്ഥലമാണ്. അവിടെനിന്നുള്ള ഒരു സ്ത്രീ ഇവിടെ വനിതാദിന പരിപാടികള്‍ക്ക് പങ്കെടുക്കുന്നത് സന്തോഷം തരുന്ന കാര്യമാണ്.''
ഞാനന്തം വിട്ടുപോയി. അവര്‍ തന്റെ അധ്യക്ഷപ്രസംഗത്തിലും കേരളത്തിലെ സ്ത്രീയെ മുഖ്യവിഷയമാക്കി.
Post a Comment