സ്ത്രീകളും പൊതുഇടവും ചര്‍ച്ചചെയ്യുമ്പോഴൊക്കെ പല സംശയങ്ങളും സമൂഹത്തിലുദിക്കുന്നു.സ്ത്രീകള്‍ക്ക് പൊതുഇടങ്ങളില്‍ ഇടപെടാന്‍ കഴിയുമോ? അവരാണോ ഇത് ചെയ്യേണ്ടത്? അവര്‍ ഇടപെട്ടാല്‍ ശരിയാകുമോ? അത്രക്ക് വേണോ? എന്നിങ്ങനെ ആശങ്കകള്‍ കാലങ്ങളായി സമൂഹത്തില്‍ പങ്കുവയ്ക്കപ്പെടുന്നു.
സ്ത്രീകള്‍ക്ക് ഇടപെടാന്‍ കഴിയും, അവര്‍തന്നെയാണ് ഇടപെടേണ്ടത്. അവര്‍ ഇടപെട്ടാല്‍ ശരിയാകും. ഇതിലപ്പുറം ആവാം. എന്ന് നിശ്ചയദാര്‍ഢ്യത്തോടെ പ്രോത്സാഹിപ്പിക്കുന്നവര്‍, അംഗീകരിക്കുന്നവര്‍ ചുരുക്കം. എന്തുകൊണ്ട് ചെയ്തുകൂടാ എന്ന ചോദ്യം അംഗീകാരത്തില്‍ അന്തര്‍ലീനമാണ്. മാറ്റങ്ങള്‍ കാംക്ഷിക്കാത്ത, അടഞ്ഞ ചിന്തയോടുകൂടിയ യാഥാസ്ഥിതികത്വത്തിന് ആശങ്കയേ മുതലായുള്ളൂ. അഭിപ്രായഭിന്നതയുടെ മറ്റൊരു സ്വരമായ ആശങ്കക്ക് ഒരു നിഷേധരൂപമാണുള്ളത്. മൂടിയ മനസ്സിന്റെ, ചിന്തയുടെ രൂപം.
പ്രോത്സാഹനത്തിന്റെയും അംഗീകാരത്തിന്റെയും അര്‍ഥം 'പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു, പരിഹരിക്കേണ്ടതാണ്, അതിനുള്ള വിട്ടുവീഴ്ചകള്‍ക്ക് തയാറാണ്.'എന്ന സ്വയപ്രഖ്യാപനമാണ്. (വിട്ടുവീഴ്ചകള്‍ എത്രത്തോളം എന്നത് ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്) അടച്ചുപൂട്ടിയ മനസ്സ് ഒരിക്കലും വിട്ടുവീഴ്ചക്ക് തയാറല്ല. കേരളത്തില്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇത്തരം ആശങ്കകള്‍. കേരള സമൂഹത്തിന്റെ പുരോഗതിയെ പിന്നോട്ട് വലിക്കാന്‍ ഇത്തരം യാഥാസ്ഥിതിക ആശങ്കകള്‍ കൂട്ടുനിന്നിട്ടുണ്ട്. 1920-കളില്‍ത്തന്നെ, പൊതുഇടത്തിലെ സ്ത്രീയുടെ സാന്നിധ്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍തന്നെ, പൊതുഇടം എന്താവണം? എങ്ങനെയാവണം? എന്നീ കാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്നു. ഇത്തരത്തിലൊരു ചര്‍ച്ചക്ക് കാരണംതന്നെ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തിലും ദേശീയപ്രസ്ഥാനത്തിലും വിദ്യാസമ്പന്നരായ സ്ത്രീകളെ കണ്ടുതുടങ്ങിയതുകൊണ്ടാണ്. വിദ്യാഭ്യാസം സ്ത്രീകള്‍ക്ക് അന്ന് ഒരു വിമോചനശക്തി (liberating force) യായിരുന്നുവെങ്കിലും വിദ്യാഭ്യാസം എന്തിനുവേണ്ടിയായിരുന്നു പില്ക്കാലത്ത് ഉപയോഗിക്കപ്പെട്ടത് എന്നതും ചര്ച്ചചെയ്തുവരുന്നുണ്ട്. (സാമൂഹ്യപരിഷ്കരണത്തിലെ സ്ത്രീപക്ഷ ചര്‍ച്ചകളും വിദ്യാഭ്യാസവും , 'പുതിയതരം വീട്ടമ്മ'യെ നിര്‍മിച്ച രീതിയെക്കുറിച്ച് ചര്‍ച്ചകളും പഠനങ്ങളും പുനര്‍വായനകളും നടക്കുന്നുണ്ട്.)
സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തില്‍ തുടങ്ങിയ ചര്‍ച്ചകള്‍ സാമുദായിക പരിഷ്കരണത്തിലേക്കും, ആധുനികതയിലേക്കുമുള്ള വഴിതെളിയിച്ചു. വിവാഹം -കുടുംബം -കുടുംബ ബന്ധങ്ങള്‍, ഉല്‍പ്പാദന ബന്ധങ്ങള്‍ എന്നിവയില്‍ പരസ്പര ബന്ധിതമായിരുന്ന കേരളസമൂഹത്തില്‍ ജാതിശ്രേണിയും ജന്മിത്വവും സാമുദായികമായി സൃഷ്ടിക്കപ്പെട്ട സ്വകാര്യഇടങ്ങളും ചോദ്യംചെയ്യപ്പെട്ടു. മരുമക്കത്തായത്തില്‍നിന്ന് മക്കത്തായത്തിലേക്കും, ആളോഹരിഭാഗം, കുടുംബ റഗുലേഷന്, കൂട്ടുകുടുംബവ്യവസ്ഥിതിയുടെ തകര്‍ച്ച എന്നിവയിലേക്കും നയിച്ചു. വിട്ടുവീഴ്ചകള്‍ക്ക് തയാറായ പുരോഗമനവാദികളുടെ നേതൃത്വത്തില്‍ത്തന്നെയാണ് മാറ്റമുണ്ടായത്. അതില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ടായിരുന്നു. 16-ാം നൂറ്റാണ്ടിലെഴുതപ്പെട്ട ഉദയംപേരൂര്‍ സുന്നഹദോസില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാത്തതുകൊണ്ട് ക്രൈസ്തവരുടെയിടയിലും, സാമൂഹ്യ പരിഷ്കരണം നടക്കാത്തതുകൊണ്ട് മുസ്ളിങ്ങളുടെയിടയിലും മാറ്റങ്ങള്‍ പരിമിതമായിരുന്നു.
വിദ്യാഭ്യാസം നേടിയ പുതിയ മധ്യവര്‍ഗമാണ് ദേശീയപ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തത്. പലരും വിമന്‍സ് ക്രിസ്ത്യന്‍കോളേജിലും മദിരാശി ക്രിസ്ത്യന്‍കോളേജിലും പഠിച്ചവരായിരുന്നു. ഗാന്ധിയന്‍ ആദര്ശങ്ങളാലാകര്ഷിക്കപ്പെട്ട് ദേശീയപ്രസ്ഥാനത്തിലെത്തിയ ഭൂരിപക്ഷംപേരുടെയും കുടുംബാംഗങ്ങള്‍ അച്ഛനോ, സഹോദരനോ, ഭര്‍ത്താവോ, അമ്മാവനോ, പ്രസ്ഥാനത്തില്‍ സജീവമായി നിലനിന്നിരുന്നതിനാലാണ് സ്ത്രീകള്‍ രംഗത്തുവന്നത് (അന്ന് അത്രമാത്രമേ സാധ്യമായിരുന്നുള്ളൂ) അത് എ വി കുട്ടിമാളുഅമ്മയായാലും, സ്വര്‍ണകുമാരി മേനോനായാലും, വേര്‍ക്കോട്ട് നാരായണിയമ്മയായാലും, കമലാ നമ്പീശനായാലും, ആനക്കര വടക്കത്ത് സുശീലാമ്മയായാലും....
ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് സ്ത്രീകള്‍ രംഗത്തിറങ്ങിയപ്പോഴും, ഗാര്ഹികചിന്തയോ, അന്തരീക്ഷമോ വിടാന്‍ ഗാന്ധിജി 'അനുവദിച്ചി'രുന്നില്ല. അനുവദിക്കാത്തതുകൊണ്ടാണ് ഗാന്ധിജിയുടെ കൂടെ സ്ത്രീകളെ രംഗത്തിറക്കാന്‍ കുടുംബാംഗങ്ങള്‍ തയാറായത്. രാഷ്ട്രീയബോധത്തെക്കാളേറെ വിശ്വാസമായിരുന്നു അവരെ നയിച്ചത് എന്ന് (സുജാതാപട്ടേല്) വിലയിരുത്തുന്നു. പുതിയ രാഷ്ട്രത്തിന് പറ്റിയ പുതിയ വനിത എന്ന ഗാന്ധിജിയുടെ സങ്കല്‍പ്പത്തില്‍ വീടുവിട്ടുപോരുന്ന കുടുംബത്തിന് രണ്ടാംസ്ഥാനം കൊടുക്കുന്നു. സ്ത്രീകള്‍ ഇല്ലായിരുന്നു എന്ന് (കരുണാ മനാന, അപര്‍ണാ ബസു എന്നിവരുടെ പഠനം gender & nation) ചൂണ്ടിക്കാണിക്കുന്നുണ്ട്. വിദ്യാര്‍ഥി കോണ്‍ഗ്രസിലൂടെ ദേശീയസമരത്തിലേക്ക് വന്നവര്‍ 'പ്രഭാതഭേരി'യില്‍ പങ്കെടുക്കുമ്പോഴും, ഖാദിപ്രചാരണം നടത്തുമ്പോഴും, സദാചാര, കുടുംബമൂല്യങ്ങളെ മറന്നിട്ടില്ല. ചര്‍ക്ക നൂല്ക്കാന് പഠിപ്പിക്കുമ്പോഴും സ്ത്രീകളുടെ 'തൊഴിലായി' ഗാന്ധിജി അതിനെ കണ്ടിട്ടില്ല. പകരം 'ഒഴിവുസമയ സാമ്പത്തിക വരുമാന മാര്‍ഗമായി മാത്രമാണ് കണ്ടിരുന്നത് -ഇക്കാരണങ്ങളാല്‍ സ്വതന്ത്രവ്യക്തിത്വമുള്ള, രാഷ്ട്രീയബോധമുള്ള സാമൂഹ്യവ്യക്തിയെ സൃഷ്ടിച്ചെടുക്കാന്‍ ഗാന്ധിജിക്കോ, ദേശീയപ്രസ്ഥാനത്തിനോ സാധിച്ചിട്ടില്ല- ദേശീയപ്രസ്ഥാനത്തിലൂടെ സ്ത്രീകള്‍ രംഗത്തുവന്നതിനെ നിഷേധിക്കുകയോ, കുറച്ചുകാണുകയോ അല്ല പകരം, താല്‍ക്കാലികമായി സൃഷ്ടിച്ച ഒരു വേദി മാത്രമായിരുന്നു, ദേശീയപ്രസ്ഥാനത്തിലൂടെ നടന്നത് എന്നുമാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. ഗാന്ധിജി മുന്നോട്ടുവച്ച 'ദേശപൂജ' , 'ശക്തിസ്വരൂപണി', 'സീത' സങ്കല്‍പ്പങ്ങള്‍ എത്രമാത്രം മതപരത വളര്‍ത്തി എന്നും അത് ഹരിജനോദ്ധാരണം എന്നതിലൂടെ എങ്ങനെ പുറത്തേക്ക് വന്നു എന്നതിനെക്കുറിച്ചും സുജാതപട്ടേലും, ലതാസിങ്ങും വ്യക്തമാക്കിയിട്ടുണ്ട്.
മറിച്ച്, കര്‍ഷകതൊഴിലാളി -തൊഴിലാളി സംഘടനകളിലൂടെ സ്വാഭാവികമായിവന്ന സ്ത്രീകള്‍ക്ക്, അവരുടെ നിലനില്‍പ്പ് പ്രശ്നമായിരുന്നു. വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥ നിലനിന്നപ്പോഴും, അധ്വാനശേഷി കൈമുതലായിരുന്ന തൊഴിലാളി സ്ത്രീകളുടെ പോരാട്ടങ്ങള്‍, അവരുടെ ജീവിതാ നുഭവങ്ങളുടെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട കാഴ്ചപ്പാടുകളുടെ ഫലമായി അവര്‍ സ്വയം സൃഷ്ടിച്ചെടുത്തവയായിരുന്നു. ഈ കാഴ്ചപ്പാട് ഭൌതികമായ നിലനില്‍പ്പുമായി ബന്ധപ്പെട്ടതായിരുന്നു. ഇതിന്റെ കൂടെ ലഭിച്ച രാഷ്ട്രീയ വിദ്യാഭ്യാസം അവരെ കൂടുതല്‍ ശക്തരാക്കി. ഉല്‍പ്പാദനത്തില്‍ നേരിട്ട് ഏര്‍പ്പെട്ടിരുന്നവര്‍ എന്ന രീതിയിലുണ്ടായിവന്ന രാഷ്ട്രീയബോധം, ഭക്ഷ്യക്ഷാമം, യുദ്ധം, ജന്മിയുടെ ദ്രോഹനടപടികള്‍ എന്നീ രാഷ്ട്രീയസാമൂഹ്യപ്രശ്നങ്ങളിലൂടെ മാറ്റത്തിന്റെ അനിവാര്യത ഊട്ടിയുറപ്പിച്ചതുകൂടാതെ, 'ജന്മിത്തം തുലയേണ്ടത് അവരുടെ ജീവിതത്തിന്റെ- നിലനില്‍പ്പിന്റെ അത്യന്താപേക്ഷിത ഘടകവുമായിരുന്നതുകൊണ്ടുതന്നെ രാഷ്ട്രീയപങ്കാളിത്തമുള്ള പ്രവര്‍ത്തനത്തില്‍ ഏതുതരം വിട്ടുവീഴ്ചക്കും പരസ്പരം തയാറായിരുന്നു. ഇത്തരത്തിലുള്ള വിട്ടുവീഴ്ചകള്‍ കുടുംബത്തിനുള്ളില്‍, സമൂഹത്തില്‍, അയല്‍ക്കാരുമായുള്ള ഇടപെടലുകളിലൊക്കെ പ്രകടമായിരുന്നു.
വിട്ടുവീഴ്ചകള്‍ സമൂഹത്തില്‍ നടന്നപ്പോള്‍ത്തന്നെ വ്യക്തിപരമായി ലഭിച്ച രാഷ്ട്രീയനിലപാടില്നിന്നുകൊണ്ട്, മിശ്രവിവാഹങ്ങളും ലളിതവിവാഹങ്ങളും 'കമ്യൂണിസ്റ്റ് വിവാഹങ്ങള്‍' എന്ന പേരില്‍ നടത്തുവാന്‍ തയാറായതില്‍ സ്ത്രീകളുടെ പങ്ക് സ്തുത്യര്‍ഹമാണ്. മയ്യിലില്‍ കൃഷ്ണന് മാസ്റ്ററെ പൊലീസ് പിടിച്ചുകൊണ്ടുപോയി ജയിലിലടച്ചപ്പോള്‍, കിഴക്കേവീട്ടില്‍ ലക്ഷ്മിയുടെ പ്രശ്നങ്ങള്‍ വ്യത്യസ്തമായിരുന്നു. ജീവിക്കണം, ആറുമാസം പ്രായമായ കുഞ്ഞിന് മുലയൂട്ടാനുള്ള ശേഷി ശരീരത്തില്‍ വേണമെങ്കില്‍ ആഹാരം കഴിക്കണം. പണിയെടുത്തേ തീരൂ! അയല്‍ക്കാരുടെ പക്കല്‍ കുട്ടിയെ നോക്കാനേല്പിച്ച് കാഞ്ഞങ്ങാട്ടേക്ക് പണിക്കു പോകുന്ന ലക്ഷ്മിയുടെ അനുഭവമല്ല, ജയിലില്‍ത്തന്നെ കിടന്നിരുന്ന സുശീലാമ്മക്ക്. സുശീലാമ്മ ജയില്‍വാര്‍ഡനോട്, ടെന്നികോയ്റ്റ് കളിക്കുവാന്‍ സംവിധാനമൊരുക്കിത്തരുവാന് ആവശ്യപ്പെട്ടപ്പോള്‍, ജയിലിനു പുറത്തുള്ള ലക്ഷ്മിയുടെ അനുഭവം വ്യത്യസ്തമാണ്. കുടുംബം പോറ്റാനുള്ള ചുമതല സ്ത്രീകള്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു- നാട്ടുകാരുടെ സഹകരണവും കുടുംബക്കാരുടെ, ബന്ധുക്കളുടെ വീട്ടുവീഴ്ചയും ഇവിടെ പ്രസക്തമാണ്. സ്ത്രീകള്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്കിയാല് ഗ്രാമങ്ങളില്‍ വിപ്ളവപ്രസ്ഥാനങ്ങള്‍ക്ക് ശക്തി കൂടുമെന്നത് വസന്താ കണ്ണബിരാന്‍ തെലുങ്കാനാ സമരത്തെക്കുറിച്ചു പറയുമ്പോഴും സൂചിപ്പിക്കുന്നു. ഇത് കേരളത്തിലെ മാത്രം അവസ്ഥയായിരുന്നില്ല എന്നര്‍ഥം.
വടക്കേ മലബാറില്‍ വായനശാലകള്‍ കേന്ദ്രീകരിച്ച് നടത്തിയിരുന്ന രാഷ്ട്രീയ വിദ്യാഭ്യാസം സ്ത്രീകള്‍ക്ക് വായനശാല അന്യമായ ഇടമായിരുന്നില്ല എന്ന് സൂചിപ്പിക്കുന്നതാണ്. നവജീവന്‍ വായനശാല എരഞ്ഞോളി, വേലന്‍ ലൈബ്രറി മയ്യില്‍, ഹര്ഷന് ലൈബ്രറി കല്യാശ്ശേരി എന്നിവ കത്തിച്ചു ചാമ്പലാക്കിയ ഭരണകൂടം ഇത്തരം പൊതുഇടങ്ങളെയും നശിപ്പിക്കയായിരുന്നു. ഇതിനെയെല്ലാം അതിജീവിച്ച് പുല്ലുപറി സമരം, മങ്ങുപറി സമരം, തോല്‍വിറകു സമരം, വിളകൊയ്തു സമരം, നെല്ലെടുക്കല്‍ സമരം, കലംകെട്ടു സമരം എന്നിങ്ങനെ പ്രാദേശികമായ ചെറുത്തു നില്പുകള് സ്ത്രീകള്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരുന്നു. പ്രാദേശികമായിട്ടാണ് സ്ത്രീകള്‍ കൂടുതല്‍ സജീവമായിരുന്നത്. തൊഴിലുമായി ബന്ധപ്പെട്ട് ദൂരദേശങ്ങളിലേക്ക് പോകാന്‍ കഴിയാത്തതും, പലപ്പോഴും പുരുഷന്മാര്/ചിലപ്പോഴെങ്കിലും സ്ത്രീകളും തടവിലായിരുന്നതുകൊണ്ടും, പ്രാദേശികമായ ഇടപെടലുകള്‍ മാത്രമെ അവര്‍ക്ക് സാധ്യമായിരുന്നുള്ളു. സാംസ്കാരിക രംഗത്തും ഇവര്‍ ഇടപെട്ടിരുന്നു. ഏഴുപേരടങ്ങുന്ന സ്ത്രീനാടക വേദിക്ക് രൂപം കൊടുക്കുകയും അവര്‍ക്കറിയുന്ന നടീല്പാട്ടിന്റെ ശൈലിയില്‍ വിപ്ളവഗാനങ്ങള്‍ ഇവര്‍ നെയ്തെടുക്കുകയും പ്രചരിപ്പിക്കയും ചെയ്തിരുന്നു. ബീഡി തൊഴിലാളികള്‍, കൈത്തറി തൊഴിലാളികള്‍, കയര്‍ തൊഴിലാളികള്‍, ട്രേഡ് യൂണിയനുകള്‍ എന്നിങ്ങനെ സ്ത്രീകള്‍ പൊതുഇടം കൈയടക്കിയിരുന്ന ഒരു കാലഘട്ടമായിരുന്നു അത്.
പട്ടിണിജാഥയിലും പിടിയരി സമരത്തിലും പങ്കെടുത്ത് അവര്‍ ചെയ്തതും വീടുവീടാന്തരം കയറി രാഷ്ട്രീയ പ്രചാരണം നടത്തുകയും സ്ത്രീകളുടെയിടയില്‍ രാഷ്ട്രീയബോധം ഉണ്ടാക്കുകയുമായിരുന്നു. ഈ പ്രക്രിയയില്‍, കുടുംബം മൊത്തത്തിലും, ഭര്‍ത്താവുള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ വീട്ടുവീഴ്ചക്ക് തയാറായിരുന്നു എന്നത് ശ്രദ്ധേയമാണ്. ലിംഗജനാധിപത്യം രൂപം കൊള്ളുന്നു എന്നതിന്റെ സൂചനയായിരുന്നു ഇത്.
ലഭ്യമായ വായനശാലകളും വയലേലകളും, പാര്‍ടി യോഗങ്ങളും ചര്‍ച്ചാക്ളാസുകളും മഹിളാസംഘങ്ങളുമൊക്കെ ഉപയോഗിച്ച് അവര്‍ പൊതുഇടങ്ങള്‍ സൃഷ്ടിച്ചെടുക്കുകയായിരുന്നു. ഇത്തരത്തില്‍ കേരളത്തില്‍ സൃഷ്ടിച്ചെടുത്ത പൊതുഇടങ്ങളെ ചരിത്രത്തില്‍നിന്ന് മായ്ച്ചുകളയാനാവില്ല. അതായത് ഇന്ത്യ സ്വാതന്ത്യ്രം നേടുമ്പോള്‍, കേരളത്തില്‍ തൊഴിലാളിവര്‍ഗത്തിനിടയില്‍ ഇത്തരത്തിലുള്ള ജനാധിപത്യബോധം ഉണ്ടായിരുന്നു എന്നുവേണം കരുതാന്‍.
II
കേരളം നാല്‍പ്പത് വര്‍ഷങ്ങള്‍ക്കിടയില്‍ പല മാറ്റങ്ങള്‍ക്കും വിധേയമായി. ഫ്യൂഡല്‍ ബന്ധങ്ങളില്‍വന്ന മാറ്റം പുതിയ സാമ്പത്തിക ബന്ധങ്ങള്‍ക്കു വഴിതെളിച്ചു. ഘടനാപരമായ പല മാറ്റങ്ങള്‍ക്കും കേരളം സാക്ഷ്യംവഹിച്ചു. മാറ്റങ്ങളുടെ ഒരു പരിണതഫലം കേരളത്തില്‍ മധ്യവര്‍ഗം വളര്‍ന്നുവന്നു എന്നതാണ്. പല രീതിയിലാണ് ഈ വളര്‍ച്ച സാധ്യമായത്. ഉല്പാദന മേഖലയായിരുന്ന ഭൂമി കൈമാറ്റമൂല്യമുള്ള റിയല്‍ എസ്റ്റേറ്റുകളായി മാറിയപ്പോഴുണ്ടായ ഏജന്റുമാര്‍, വിവാഹ കമ്പോളത്തില്‍ സമ്പത്ത് കൊയ്യുന്ന വിവാഹ ദല്ലാള്‍, കുടിയേറ്റ തൊഴിലാളികളെ പുറംനാടുകളിലേക്ക് കയറ്റി അയക്കുന്ന ഏജന്റുമാര്‍, സേവന വ്യവസായമായി മാറിയ ഹോം നേഴ്സിങ്, വീട്ടുജോലി എന്നിവയുടെ സ്ഥാപനങ്ങള്‍ നടത്തുന്ന ഏജന്റുമാര്‍, ബ്ളേഡ് കമ്പനിക്കാര്, ഗള്‍ഫ് കുടിയേറ്റക്കാരുടെ സാമ്പത്തിക വരുമാനത്തിലൂടെ മധ്യ വര്ഗികളായവര്, സേവന മേഖല വികസിച്ച് മധ്യവര്‍ഗികളായവര്‍, വിദ്യാഭ്യാസം നേടിയ പുതിയ തലമുറയില്‍നിന്നും സര്ക്കാരുദ്യോഗസ്ഥതയിലെ മധ്യവര്‍ഗികളായവര്‍ എന്നിങ്ങനെ പല രീതിയിലും. ഇത്തരത്തില്‍ വളര്‍ന്നുവന്ന മധ്യവര്‍ഗത്തിന്റെ സ്ത്രീസങ്കല്പം മുതലാളിത്ത പുരുഷമേധാവിത്വത്തെ ഊട്ടിയുറപ്പിക്കാന്‍ പാകത്തിലുള്ളതായിരുന്നു. ഉല്പാദകരായതുകൊണ്ട് രാഷ്ട്രീയബോധം നേടിയ തൊഴിലാളിവര്‍ഗം ഇവരുടെ അതിശക്തമായ ആശയ വാദത്തിന്റെ ഭാഗമായി മധ്യവര്‍ഗത്തിന്റെ സാംസ്കാരിക സാമ്പത്തിക രൂപങ്ങള്‍ ഉള്‍ക്കൊള്ളുകയും സ്വയം മധ്യവര്‍ഗമായി പ്രഖ്യാപിക്കാനും താല്പര്യപ്പെട്ടു.
പുതിയ ആഗോള ക്രമത്തില്‍ 'തൊഴിലിന്' പുതിയ മാനങ്ങളുണ്ടായി, നിര്‍വചനങ്ങളുണ്ടായി. വീട്ടമ്മവല്‍ക്കരണം വര്‍ധിച്ചു. തൊഴിലാളിസ്ത്രീകള്‍ കുറഞ്ഞു. ഒരു തൊഴിലില്‍നിന്നു മാത്രമുളള വരുമാനത്തില്‍ ജീവിതം ദുസ്സഹമായി. രണ്ടും മൂന്നും തരത്തിലുള്ള 'വ്യത്യസ്ത പണികള്‍' ചെയ്തുകൊണ്ടു മാത്രമെ വയറുനിറയ്ക്കാനുള്ള വകയുണ്ടാവൂ എന്നായി. മധ്യവര്‍ഗത്തിന്റെ അതിശക്തമായ ഒഴുക്കില്‍ രാഷ്രീയ വിദ്യാഭ്യാസത്തിന്റെ ഫലപ്രാപ്തി കുറഞ്ഞു. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സൃഷ്ടിച്ചെടുത്തിരുന്ന ജനാധിപത്യ മൂല്യങ്ങളുടെ പ്രസക്തി-ലിംഗജനാധിപത്യത്തിന്റെ പ്രസക്തി എന്നിവ പുതിയ തലമുറയ്ക്ക് ബോധ്യപ്പെടാതെയായി. അതേസമയം കുടുംബം മഹത്വവല്‍ക്കരിക്കപ്പെട്ടു. കൂടെ കുടുംബിനിയും. ഈ പുതിയ കുടുംബിനി, ഉല്പാദകയായിരുന്നില്ല, മറിച്ച് ഉപഭോക്താവുമാത്രമായിരുന്നു. സ്വാഭാവികമായും ആശ്രിതത്വം വര്‍ധിച്ചു.
സാക്ഷരതാ പ്രസ്ഥാനമാണ് പിന്നീടൊരു സാധ്യതയായിരുന്നത്. നിലനിന്ന മാമൂലുകള്‍ പൊട്ടിച്ച് അര്‍ധരാത്രിയിലും സഞ്ചരിച്ച് അക്ഷരം പഠിപ്പിക്കുന്ന ഒരു രീതി നിലവിലുണ്ടായത് നല്ലൊരു സാധ്യതയായിരുന്നു. എങ്കിലും ദേശീയ പ്രസ്ഥാനത്തിലുണ്ടായതുപോലെയുള്ള വേദിമാത്രമായിരുന്നതുകൊണ്ട്, സാക്ഷരത കഴിഞ്ഞതോടെ, എല്ലാവരും വീട്ടിലേക്കു മടങ്ങി. തുടര്‍ന്ന് പൊതുഇടം ഒരുക്കാന്‍ സാധ്യത കുറഞ്ഞു.
അതിന്റെ തുടര്‍ച്ചയായി, അതിനൊരു വേദിയൊരുക്കിയത് ജനകീയാസൂത്രണമായിരുന്നു. സ്ത്രീശാക്തീകരണവും, സ്ത്രീജന പ്രതിനിധികളുടെ ആവേശകരമായ ഇടപെടലുകളും കേരളത്തിന്റെ മുഖഛായതന്നെ മാറ്റുന്ന രീതിയില്‍ വളരാന്‍ സാധ്യതയുള്ളതായിരുന്നു. പൊതുരംഗമെന്നല്ല, പുരുഷന്മാര് മാത്രം ഇടപെട്ടിരുന്ന മേഖലകള്‍ പലതും കൈയടക്കാനും, ഭരണരംഗത്തേയ്ക്കും അധികാര കേന്ദ്രത്തിലേയ്ക്കും എത്തിപ്പെടാനും സ്ത്രീകള്‍ക്ക് സാധ്യമായി. അന്നും ഇന്നത്തെ രീതിയില്‍ ആശങ്കകളുണ്ടായിരുന്നു, പ്രത്യേകിച്ച് യാഥാസ്ഥിതിക മൂലകളില്‍നിന്ന്. രണ്ടുതരത്തിലുള്ള സ്ത്രീകള്‍ സൃഷ്ടിക്കപ്പെട്ടു. ഇടപെടല്‍ സാധ്യതയുള്ളവരും ഗുണഭോക്താക്കളും. ഇടപെടല്‍ സാധ്യതയുണ്ടായവര്ക്ക് രാഷ്ട്രീയ അനുഭവജ്ഞാനമുണ്ടായിരുന്നു.
ഗുണഭോക്താക്കള്‍ പ്രത്യേകിച്ച് രാഷ്ട്രീയ കാഴ്ചപ്പാടില്ലാത്തവരായിരുന്നു. ഏത് രാഷ്ട്രീയ രംഗത്തേയ്ക്കും ചായാന്‍ സാധ്യതയുള്ള ഗുണഭോക്താക്കളുടെ പ്രശ്നം നിലനില്പ്പായിരുന്നു. അതായത്, കഴിഞ്ഞ കാലത്തില്‍, കര്‍ഷകത്തൊഴിലാളി പ്രസ്ഥാനങ്ങളില്‍ നിലനില്‍പ്പ് പ്രശ്നമായ സ്ത്രീകള്‍ രാഷ്ട്രീയ ബോധമുള്‍ക്കൊണ്ട് സംഘടിച്ചപ്പോള്‍, അതേ നിലനില്‍പ്പിന്റെ പ്രശ്നമുള്ള സ്ത്രീകള്‍, മാറിയ സാഹചര്യത്തില്‍, നിഷ്ക്രിയരായ, ഗുണഭോക്താക്കളായി അധഃപതിക്കുന്ന രീതിയാണ് കേരളം കണ്ടത്. ഇടപെടല്‍ സാധ്യതയുണ്ടായിരുന്നവര്‍ രാഷ്ട്രീയബോധമുള്ക്കൊണ്ട്, ശാക്തീകരിക്കപ്പെടുകയും പൊതുഇടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
അപ്പോഴും നാം തിരിച്ചറിഞ്ഞത്-
1. കേരളത്തില്‍ പൊതുരംഗത്തെ സ്ത്രീകളുടെ സാന്നിധ്യത്തെക്കുറിച്ച് ചര്‍ച്ച നടന്നുവെന്നല്ലാതെ, കുടുംബത്തെ പൊതുരംഗത്തേക്കു കൊണ്ടുവരാനുള്ള ശ്രമംനടന്നില്ല.
2. കുടുംബത്തിന്റെ ഘടനാപരമായ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നല്ലാതെ, അതിനകത്തുള്ള ലിംഗപരമായ തൊഴില്‍ വിഭജനത്തെക്കുറിച്ചോ, അതിന്റെ ആവശ്യകതയെക്കുറിച്ചോ ചര്‍ച്ച നടന്നില്ല.
3. കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍നിന്ന് അണുകുടുംബങ്ങളിലേക്ക് മാറിയപ്പോള്‍, കൂട്ടുത്തരവാദിത്തത്തില്‍നിന്ന് വ്യക്തിയിലേക്ക് ഉത്തരവാദിത്തം മാറിയതിനെക്കുറിച്ച് ചര്‍ച്ച ചെയ്തില്ല- അതിന്റെ ഭാരം സ്ത്രീ ഒറ്റക്ക് താങ്ങുന്നതിനെക്കുറിച്ച് യാതൊരു അങ്കലാപ്പോ ആശങ്കയോ ഉണ്ടായില്ല.
4. മാറിയ ഈ വ്യവസ്ഥിതിയില്‍ കുടുംബത്തിനകത്തെ വ്യക്തിബന്ധങ്ങള്‍ പ്രത്യേകിച്ച് സ്ത്രീപുരുഷബന്ധങ്ങള്‍, അതിലുണ്ടാവേണ്ട പരസ്പരവിശ്വാസം, നീതി, ബഹുമാനം, പര്സപര അംഗീകാരം എന്നിവയോ, കുടുംബത്തിനകത്ത് ഉണ്ടാവേണ്ട ലിംഗജനാധിപത്യമോ, ചര്‍ച്ച ചെയ്യപ്പെട്ടില്ല.
കുടുംബത്തെ സ്വകാര്യ ഇടമാക്കി നിലനിര്‍ത്താതെ പൊതുഇടമാക്കി, പ്രശ്നവല്ക്കരിക്കാന് ഇടതുപക്ഷംപോലും തയാറായില്ല. കഴിഞ്ഞ കാലങ്ങളില്‍ വളര്‍ന്നുവന്നിരുന്ന ജനാധിപത്യം, സെക്യുലര്‍ ജീവിതരീതി, വിവാഹ രീതി എന്നിവ തുടര്‍ന്നുപോകാന്‍ കഴിഞ്ഞില്ല.
മധ്യവര്‍ഗത്തിന്റെ ആധിക്യം കാരണം സമുദായവല്‍ക്കരണം വര്‍ധിച്ചുവന്നു. സമുദായവല്ക്കരണത്തിനും സ്വത്വ രാഷ്ട്രീയത്തിനും ഒരിക്കലും സെക്യുലര്‍ രാഷ്ട്രീയത്തിന് പകരം നില്ക്കാന് കഴിയില്ല എന്നതുകൊണ്ടുതന്നെ, അടിസ്ഥാനപരമായി ജനാധിപത്യമോ, ലിംഗജനാധിപത്യമോ ഇല്ലാത്ത സാമുദായികത്വം വളര്‍ന്നു വികസിച്ചു. ഈ സാമുദായികത്വത്തിന്, സ്ത്രീകള്‍ക്ക് പൊതുഇടം എന്നത് സങ്കല്പങ്ങള്ക്കതീതമായിരുന്നു.
ഇന്ന് കേരളസമൂഹത്തില്‍ അധീശത്വമുള്ള രണ്ടു ഘടകങ്ങളാണുള്ളത്.
1) സാര്‍വത്രികമായ പണാധിപത്യം- ഇതിന്റെ സ്വാധീനം, വിവാഹം, പ്രജനനം, വിദ്യാഭ്യാസം, ആരോഗ്യം, മാധ്യമവിചാരങ്ങള്, തൊഴില്‍ എന്നിങ്ങനെ സമസ്ത മേഖലകളിലേക്കും വ്യാപിച്ചിരിക്കുന്നു.
2) സ്വത്വം എന്ന പേരില്‍ അറിയപ്പെടുന്ന സാമുദായികത- പൊതുഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ഏറ്റവും വലിയ ജനാധിപത്യ ശക്തിയായി ഇത് വളര്‍ന്നു വികസിക്കുന്നുണ്ട്. ഇവ രണ്ടും ചേര്‍ന്ന് ശക്തമായ ആണ്‍കോയ്മാ ആദര്‍ശങ്ങളെ വളര്‍ത്തിയെടുക്കുന്നു.
സ്ത്രീകള്‍ക്ക് സ്വന്തം നിലനില്‍പ്പിനും പൊതുഇടങ്ങള്ക്കുമായി ഈ എല്ലാ ശക്തികളോടും പോരാടേണ്ടിവരുന്നുണ്ട്. ഈ പോരാട്ടത്തെ സഹായിക്കുന്ന രീതിയിലുള്ള ഏത് രാഷ്ട്രീയ ഇടപെടലും സ്വാഗതാര്ഹമാണിന്ന്. ഈ സാഹചര്യത്തിലാണ് 50 ശതമാനം വനിതാ സംവരണത്തെ കാണേണ്ടത്. രാഷ്ട്രീയബോധമുള്ള, സാമൂഹ്യമായ അര്‍പ്പണബോധമുള്ള ഒരു സ്ത്രീശക്തിയുടെ വളര്‍ച്ച ഈ പ്രാതിനിധ്യത്തിലൂടെ വളര്‍ന്നുവരാനുള്ള സാധ്യത തെളിയുന്നു. അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളും ഇടപെടലുകളും ഉണ്ടാവേണ്ടതുണ്ട്. ഇതിനു മുന്‍കൈയെടുക്കേണ്ടത് പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍തന്നെയാണ്. അവരാണ് എന്നും വിട്ടുവീഴ്ചകള്‍ക്ക് തയാറായി മുന്നോട്ട് വന്നവര്‍. ഇത് സാധ്യമാകണമെങ്കില്‍ പുതിയതരം കുടുംബ സംവിധാനവും സ്ത്രീപുരുഷ ബന്ധവും ഉണ്ടായിവരേണ്ടതുണ്ട്. ഇന്നത്തെ കുടുംബഘടനക്ക് ബദലായി ജനാധിപത്യപരമായ കുടുംബ ബന്ധങ്ങള്വളര്ന്നുവരേണ്ടതുണ്ട്. രക്തം ചിന്തിയ നമ്മുടെ പൂര്‍വികര്‍ വളര്‍ത്തിക്കൊണ്ടുവന്ന സെക്യുലര്‍ ജനാധിപത്യ കുടുംബത്തെക്കുറിച്ചുള്ള ആശയങ്ങള്‍ ഇനിയെങ്കിലും വളര്‍ത്തിയെടുത്ത് പൂര്ണതയിലെത്തിക്കേണ്ടതുണ്ട്. അര്‍പ്പണബോധവും രാഷ്ട്രീയബോധവുമുള്ള ഒരു പുതിയ സ്ത്രീശക്തിയുടെ വളര്‍ച്ചക്ക് ഇത്തരത്തിലുള്ള പൊതുഇടങ്ങളില്‍നിന്ന് വളര്‍ന്നുവരുന്നതും ലിംഗജനാധിപത്യത്തിലും സെക്യുലറിസത്തിലുമധിഷ്ഠിതമായ കുടുംബസംവിധാനങ്ങള്ക്കേ സാധ്യമാകൂ!
*
ഡോ. ടി കെ ആനന്ദി കടപ്പാട്: ദേശാഭിമാനി വാരിക
Sunday, October 25, 2009
സ്ത്രീകളുടെ പൊതുഇടങ്ങള്‍ ഉണ്ടാവുന്നത്
Subscribe to:
Post Comments (Atom)
3 comments:
സ്ത്രീകളും പൊതുഇടവും ചര്‍ച്ചചെയ്യുമ്പോഴൊക്കെ പല സംശയങ്ങളും സമൂഹത്തിലുദിക്കുന്നു.സ്ത്രീകള്‍ക്ക് പൊതുഇടങ്ങളില്‍ ഇടപെടാന്‍ കഴിയുമോ? അവരാണോ ഇത് ചെയ്യേണ്ടത്? അവര്‍ ഇടപെട്ടാല്‍ ശരിയാകുമോ? അത്രക്ക് വേണോ? എന്നിങ്ങനെ ആശങ്കകള്‍ കാലങ്ങളായി സമൂഹത്തില്‍ പങ്കുവയ്ക്കപ്പെടുന്നു.
സ്ത്രീകള്‍ക്ക് ഇടപെടാന്‍ കഴിയും, അവര്‍തന്നെയാണ് ഇടപെടേണ്ടത്. അവര്‍ ഇടപെട്ടാല്‍ ശരിയാകും. ഇതിലപ്പുറം ആവാം. എന്ന് നിശ്ചയദാര്‍ഢ്യത്തോടെ പ്രോത്സാഹിപ്പിക്കുന്നവര്‍, അംഗീകരിക്കുന്നവര്‍ ചുരുക്കം. എന്തുകൊണ്ട് ചെയ്തുകൂടാ എന്ന ചോദ്യം അംഗീകാരത്തില്‍ അന്തര്‍ലീനമാണ്. മാറ്റങ്ങള്‍ കാംക്ഷിക്കാത്ത, അടഞ്ഞ ചിന്തയോടുകൂടിയ യാഥാസ്ഥിതികത്വത്തിന് ആശങ്കയേ മുതലായുള്ളൂ. അഭിപ്രായഭിന്നതയുടെ മറ്റൊരു സ്വരമായ ആശങ്കക്ക് ഒരു നിഷേധരൂപമാണുള്ളത്. മൂടിയ മനസ്സിന്റെ, ചിന്തയുടെ രൂപം....
സ്ത്രീയും പുരുഷനും സമരത്തിന്റെ ഭാഗങ്ങളാണ്. സമരപ്പന്തലിലേക്ക് ഒളിക്ക്യാമറയുമായി ചെല്ലുന്ന മാദ്ധ്യമങ്ങളാണ് സമരങ്ങളിലെ ജനാധിപത്യത്തെ തല്ലിക്കൊല്ലുന്നത്.
ഓ, അപ്പൊ മാധ്യമങ്ങള്‍ക്കും 'തെറ്റു' പറ്റും. സമാധാനായി. 'വീര' വഴികാട്ടികള്‍ 'തല്ലിക്കെടുത്തികളായി'
Post a Comment