Sunday, November 24, 2013

ചരിത്രം തിന്നുന്നവര്‍

ജനങ്ങളെ നശിപ്പിക്കാനും തകര്‍ക്കാനുമുള്ള ഫലപ്രദമായ മാര്‍ഗം സ്വന്തം ചരിത്രത്തെക്കുറിച്ചുള്ള അവരുടെ ബോധ്യം നിഷേധിക്കുകയും പിന്നെയും എന്തെങ്കിലും ബാക്കിയായിട്ടുണ്ടെങ്കില്‍ അത് മായ്ച്ചുകളയുകയുമാണെന്ന് ജോര്‍ജ് ഓര്‍വെല്ലാണ് പറഞ്ഞത്. ഇത്തരമൊരു സംഘടിത ഗൂഢാലോചന എക്കാലത്തുമുണ്ടായിട്ടുണ്ട്. അഡോള്‍ഫ് ഹിറ്റ്ലറും പോര്‍ച്ചുഗീസ് ഏകാധിപതി അന്റോണിയോ ഡി ഒലിവെയ്റ സലാസറും അയാളെ പിന്തുടര്‍ന്ന് അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ്ഗാന്ധിയും അമ്പരപ്പിച്ച വേഗതയോടെയായിരുന്നു ഇത് ഏറ്റെടുത്തത്. പച്ചമനുഷ്യരെ മൃഗതുല്യമായി കശക്കിയെറിഞ്ഞ അടിയന്തിരാവസ്ഥ അസമയത്ത് വാതിലില്‍ മുട്ടുന്ന പൊലീസ് സംഘമായും വഴിനടക്കാനുള്ള സ്വാതന്ത്ര്യം വിലക്കിയ പുതിയ ചാതുര്‍വര്‍ണ്യമായും ഗ്രന്ഥശാലകള്‍ തീയിട്ട അക്ഷരവിരോധമായുമാണ് സാന്നിധ്യമറിയിച്ചത്. പുസ്തകങ്ങള്‍ നശിപ്പിക്കുകയെന്നത് കേരളത്തില്‍ ചരിത്രം മായ്ച്ചുകളയുന്നതിന്റെ ഫലമാണുണ്ടാക്കിയതും.

സോവിയറ്റ് യൂണിയനില്‍പോയി ടോള്‍സ്റ്റോയി ആരെന്ന് ഉളുപ്പില്ലാതെ ചോദിച്ച രാജാവിന്റെ കിങ്കരന്മാര്‍ ഗ്രാമഹൃദയങ്ങള്‍ മുഴുവന്‍ ഉഴുതുമറിച്ചു. ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങളും ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഇന്ത്യയെ കണ്ടെത്തലും രവീന്ദ്രനാഥ ടാഗോറിന്റെ കവിതകളുമെല്ലാം റോഡരികില്‍ ദഹിച്ചുതീര്‍ന്നു. തിലക വായനശാലയും ആസാദ് ലൈബ്രറിയും ഗോഖലെ ക്ലബുകളും ബുദ്ധിശൂന്യരായ കോണ്‍ഗ്രസുകാരുടെ ചുടലനൃത്തത്തില്‍ ചാമ്പലായി. അവയുടെ പേര് കണ്ടിട്ടെങ്കിലും പിന്മാറുമെന്ന് കരുതിയവര്‍ക്കാണ് തെറ്റുപറ്റിയത്. 1948ലെ കമ്യൂണിസ്റ്റ് വേട്ടക്കാലത്ത് ഇതേക്കാള്‍ കടുത്ത കടന്നാക്രമണങ്ങളും ഭീകരാവസ്ഥയുമായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതൃതുല്യനായ നേതാവ് മൊയാരത്ത് ശങ്കരന്റെ ചോര ലോക്കപ്പ് മുറിയുടെ ചുവരില്‍ ചീറ്റുന്നത്ര മൃഗീയമായി മര്‍ദിച്ചത് കോണ്‍ഗ്രസിന്റെ മറുപേരുതന്നെയായ ദേശരക്ഷാസേനയും പൊലീസുകാരുമായിരുന്നു. മൊയാരത്തിനെ പിടികൂടിയ അക്രമികളും പൊലീസും ഇളനീര്‍ ചാക്കില്‍ക്കെട്ടി അടിച്ചാണ് അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിയിട്ടത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചരിത്രമെഴുതിയ ആ ഗാന്ധിയനെ കൊന്നുതള്ളാന്‍ അവര്‍ക്ക് കൈയറപ്പുമുണ്ടായില്ല. ആലപ്പുഴയില്‍ പി കൃഷ്ണപിള്ളയുടെ സ്മാരകവും അദ്ദേഹം അവസാനം ഒളിവില്‍ക്കഴിഞ്ഞ വീടും തകര്‍ത്തും തീയിട്ടും രഹസ്യമായി വിജയഭേരി മുഴക്കുന്നവര്‍ ചരിത്രത്തിന്റെ പ്രസന്നമായ മുഖത്താണ് കാര്‍ക്കിച്ചുതുപ്പിയത്. സഖാക്കളുടെ സഖാവായ കൃഷ്ണപിള്ള ഇന്ത്യയിലെ കോണ്‍ഗ്രസിന്റെ ഗതിവിഗതികളില്‍ തന്നെ ആഴത്തില്‍ മുദ്രകള്‍ പതിപ്പിച്ച പോരാളിയാണ്. ഞായറാഴ്ച കോണ്‍ഗ്രസുകാരുടെ ശീട്ടുകളി വിനോദത്തില്‍നിന്ന് ദേശീയപ്രസ്ഥാനധാരയെ മോചിപ്പിച്ച അദ്ദേഹം ഗ്രാമങ്ങളെ മുഴുവന്‍ സമരസജ്ജമാക്കി. ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ആഹ്വാനം കേട്ട് ആവേശത്തിന്റെ കൊടുമുടികളിലേക്ക് ഉയര്‍ന്ന അദ്ദേഹം മലബാറിലും തിരുവിതാംകൂറിലും പരിചയപ്പെടുത്തിയ ശക്തിമത്തായ സ്വാതന്ത്ര്യ കാഴ്ചപ്പാടുകള്‍ക്ക് സമാനമായി പിന്നീട് മറ്റൊന്നുമുണ്ടായിട്ടില്ല. കോഴിക്കോട് കടപ്പുറത്ത് കോണ്‍ഗ്രസ് പ്രകടനത്തെ പൊലീസ്ഭീകരാവസ്ഥ അടിച്ചുതരിപ്പണമാക്കിയപ്പോള്‍ ത്രിവര്‍ണ പതാക നെഞ്ചോട്ചേര്‍ത്ത് അതിന്റെ അഭിമാനം സംരക്ഷിച്ച കൃഷ്ണപിള്ളയെ ചെന്നിത്തല ഗാന്ധിയന്മാര്‍ക്ക് അറിയാന്‍ വഴിയില്ല. രക്തത്തില്‍കുതിര്‍ന്ന് വീണിട്ടും ചോര വായില്‍ക്കയറിയിട്ടും പരാജയത്തിന്റെ രുചിഭേദം മുഖത്തു കാണിക്കാതെ നില്‍ക്കുകയായിരുന്നു ആ ശക്തിസ്തംഭം. ഹിന്ദിപ്രചാരണം, ഖാദി പ്രസ്ഥാനം, ലളിത ജീവിതം- എന്നിങ്ങനെ ഗാന്ധിയന്‍ സമരപദ്ധതികള്‍ കേരളത്തെ ആത്മാര്‍ഥമായി ബോധ്യപ്പെടുത്തിയത്് കൃഷ്ണപിള്ളയായിരുന്നു.

നിതാന്ത ജാഗ്രതയുള്ള കണ്ണുമായി എവിടെയും ഓടിയെത്തുമായിരുന്ന സഖാവ് സാമ്രാജ്യത്വ അധികാര കേന്ദ്രങ്ങളുടെയും ജന്മി-ജാതി മേധാവിത്വത്തിന്റെയും പീഡനങ്ങള്‍ ഏറെയും സഹിച്ചത് കോണ്‍ഗ്രസിനെ നയിക്കുമ്പോഴായിരുന്നു. ഇത്തരം മഹത് വ്യക്തിത്വങ്ങളെ സ്വന്തമാക്കുക, അല്ലെങ്കില്‍ കൊലചെയ്യുക, അതിനായില്ലെങ്കില്‍ ഓര്‍മകളെ തല്ലിക്കൊഴിക്കുക എന്നതാണ് ചരിത്രത്തിലെമ്പാടും വലതുപക്ഷശക്തികള്‍ കൈക്കൊണ്ട നിലപാട്. സര്‍ദാര്‍ വല്ലഭായ് പട്ടേലുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസ്സ് മാധ്യമ വിഭാഗം മേധാവി അജയ് മാക്കന്‍ നടത്തിയ പ്രസ്താവന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മികച്ച ഫലിതമാകാനിടയുണ്ട്. ചരിത്രപരമായി നേതൃദാരിദ്ര്യമില്ലാത്ത രാഷ്ട്രീയ പാര്‍ടിയാണ് തങ്ങളുടേതെന്നും സമ്പന്നമായ പൈതൃകമാണുള്ളതെന്നും ആയിരുന്നു മാക്കന്റെ അവകാശവാദം. ബ്രസീലിലെ ധനമന്ത്രിയായിരുന്ന റൂയി ബാര്‍ബോസ 1891ല്‍ പുറപ്പെടുവിച്ച ഉത്തരവ് രസകരവും ക്രൂരവുമായിരുന്നു. അടിമത്തവും അടിമക്കച്ചവടവും പരാമര്‍ശിക്കുന്ന എല്ലാ രേഖകളും നശിപ്പിക്കാനായിരുന്നു അതില്‍ നിര്‍ദേശം. ഇതേ തുടര്‍ന്ന് രാജ്യത്തുടനീളം പുസ്തകങ്ങള്‍ ചുട്ടെരിക്കപ്പെട്ടു. റൂയി ബാര്‍ബോസക്ക് സ്വന്തം നാട്ടില്‍ അനുയായികളെ നേടാനായില്ലെങ്കിലും കേരളത്തില്‍ പ്രിയശിഷ്യന്മാര്‍ വരിനില്‍ക്കുകയാണ്. ഇ എം എസ് എഴുതിയ "ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രം" എന്ന ബൃഹദ്ഗ്രന്ഥം പ്രധാന കവലകളിലെല്ലാം ചുട്ടുചാമ്പലാക്കിയത് മന്ദബുദ്ധികളുടെ കൈയില്‍ പൂത്തിരി കിട്ടിയപോലെയായിരുന്നല്ലോ. നമ്മുടെ ദേശീയ വിമോചന പോരാട്ടത്തിലെ ഗതിവിഗതികളും കയറ്റിറക്കങ്ങളും ജനാധിപത്യ-മതനിരപേക്ഷ വീക്ഷണത്തില്‍ പരിശോധിക്കുന്നതായിരുന്നു ഇ എം എസിന്റെ കൃതി. തീയില്‍ വെന്ത് അക്ഷരങ്ങള്‍ക്കൊപ്പം ചരിത്രവും പൊള്ളിവീര്‍ക്കുകയായിരുന്നു.

മൊറാഴ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കെ പി ആര്‍ ഗോപാലനുവേണ്ടി ഗാന്ധിജി നേരിട്ട് പ്രതികരിച്ചത് മറക്കാനാവില്ല. ഉശിരനായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഗോപാലന്‍ നമ്പ്യാര്‍ ധീരനും ഉജ്വല പോരാളിയുമാണെന്നായിരുന്നു ഗാന്ധിജിയുടെ വിശേഷണം. ആള്‍ക്കൂട്ടത്തിന്റെ പ്രതികരണത്തിനിടയില്‍ ആരെങ്കിലും മരിച്ചുവീണാല്‍ അതിന്റെ പേരില്‍ ഒരാളെ വധശിക്ഷക്ക് വിധിക്കുന്നത് യുക്തിരഹിതമാണെന്നായിരുന്നു മഹാത്മജി "ഹരിജനി"ല്‍ എഴുതിയതും. ഇതറിഞ്ഞിരുന്നെങ്കില്‍ ഇപ്പോഴത്തെ കോണ്‍ഗ്രസ്സുകാര്‍ രാഷ്ട്രപിതാവിന്റെ സ്ഥാനത്തുനിന്ന് ഗാന്ധിജിയെ ഡിസ്മിസ്സ് ചെയ്ത് പകരം രാഹുല്‍ഗാന്ധിയെ നിയമിച്ചേനെ. "സഞ്ജയ്ഗാന്ധി ഒറിജിനല്‍ ഗാന്ധി, മഹാത്മാഗാന്ധി ഡ്യൂപ്ലിക്കേറ്റ്" എന്ന പഴയ ഫലിതം ഇപ്പോള്‍ ആലപ്പുഴയില്‍ യാഥാര്‍ഥ്യമായിരിക്കുന്നു. തന്റെ ചെറിയ ജീവിതത്തിന്റെ പ്രധാന വര്‍ഷങ്ങള്‍ കോണ്‍ഗ്രസിനുവേണ്ടി ഉഴിഞ്ഞുവെച്ച, ഉത്തരേന്ത്യന്‍ സമരപരിസരം നേരിട്ട് മനസ്സിലാക്കാന്‍ ദീര്‍ഘപര്യടനങ്ങള്‍ നടത്തിയ, തണുപ്പന്‍ രാഷ്ട്രീയ രംഗങ്ങളെ ചൂടുപിടിപ്പിച്ച കേരളത്തിന്റെ ചെ ഗുവേരയുടെ സ്മരണകള്‍ക്കു മേലെയാണ് കോണ്‍ഗ്രസ് ധിക്കാരത്തിന്റെ കല്‍മഴു പതിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവായിരുന്ന എ കെ ആന്റണി, ഇ എം എസിനോട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്ത് ചോദ്യം ഉന്നയിച്ചിരുന്നു. അത് മുന്‍നിര്‍ത്തി ഹിന്ദു പത്രത്തില്‍ വന്ന കാര്‍ട്ടൂണ്‍ മലയാളിയുടെ ഓര്‍മയില്‍ ഇപ്പോഴുമുണ്ടാവും. ഒരു വിഡ്ഢിക്ക് എത്ര ചോദ്യം വേണമെങ്കിലും ചോദിക്കാം, എങ്കില്‍ ബുദ്ധിമാന് മറുപടി നല്‍കാന്‍ ആവണമെന്നില്ല എന്നായിരുന്നു കാര്‍ട്ടൂണിലെ അടിക്കുറിപ്പ്. വിഡ്ഢിത്തം മാത്രം ചെയ്യുന്ന അനുയായികള്‍ക്ക് മറുപടി നല്‍കാന്‍ ഇപ്പോള്‍ വാക്കുകള്‍ക്ക് ശേഷിക്കുറവുണ്ടോ?

ഇതിന് അനുബന്ധമാണ് മലയാള മനോരമയും മാതൃഭൂമിയും കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിനെക്കുറിച്ച് എഴുതിയ ഒന്നാംപുറ വാര്‍ത്തകള്‍. "തീപിടിത്തം: പ്രത്യേക അന്വേഷണത്തിന് ഉത്തരവ്" എന്ന മനോരമയുടെ പെട്ടിവാര്‍ത്ത നോക്കാം. "ആലപ്പുഴ മുഹമ്മയില്‍ പി കൃഷ്ണപിള്ള താമസിച്ചിരുന്ന വീടിന് തീപിടിക്കാനിടയായ സംഭവത്തെക്കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം റേഞ്ച് ഐജി പത്മകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തിയതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു". കന്ദമലില്‍ രണ്ട് കന്യാസ്ത്രീകളെ തീയിട്ടുകൊന്ന സംഘപരിവാര്‍ ക്രൂരതയെ മനോരമ തലക്കെട്ടില്‍ ആവാഹിച്ചത് "കന്ദമലില്‍ രണ്ട് കന്യാസ്ത്രീകള്‍ വെന്തുമരിച്ചു" എന്നായിരുന്നല്ലോ. സ്വയം തീയില്‍ചാടി മരിച്ചതാണെന്ന് പറഞ്ഞില്ലല്ലോ എന്നെങ്കിലും ആശ്വസിക്കാം. ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കേശവേന്ദ്രകുമാറിനെ ഏറ്റവും പ്രാകൃതമായ രീതിയില്‍ അപഹസിക്കുകയും ശിക്ഷിക്കുകയുംചെയ്ത കെഎസ്യുക്കാരെ താമ്രപത്രംനല്‍കി ആദരിക്കുകയായിരുന്നു ജനവിരുദ്ധ മാധ്യമങ്ങള്‍. ഡയറക്ടറുടെ പ്രവര്‍ത്തന ക്ഷമതയും കാര്യശേഷിയും പരിഗണിച്ച് എന്തോ പുരസ്കാരം സമ്മാനിച്ച മട്ടിലായിരുന്നു തലക്കെട്ട്. "ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ക്ക് കെഎസ്യു വക കരിഓയില്‍". ഞങ്ങടെ പിള്ളേര്‍ കേശവേന്ദ്രക്ക് പൂച്ചെണ്ട് നല്‍കിയല്ലോ എന്ന മട്ടിലായിരുന്നു അത്. "പാചകവാതകത്തിന് വിലകൂടി" എന്ന ശീര്‍ഷകത്തിലൂടെ അത് സ്വയമേവ സംഭവിച്ചതാണെന്ന് അറിയിച്ച് അമിതഭാരം സ്വാഭാവികമാണെന്ന് വരുത്തുകയാണ് മകാര മാധ്യമങ്ങള്‍. "അഞ്ചുരൂപ കുറച്ച"ാല്‍ ജനങ്ങളോട് പ്രതിബദ്ധതയുള്ള സര്‍ക്കാര്‍ ഗ്യാസ് വില കുറച്ചു എന്ന് എഴുതി വായനക്കാരുടെ കണ്ണില്‍പൊടിയിടുന്നു. രാഹുല്‍ഗാന്ധിയുടെ ദാരിദ്ര്യ വിനോദസഞ്ചാരത്തെ ജനസമ്പര്‍ക്ക പരിപാടിയായാണ് റബര്‍-ചേന നാവുകള്‍ വിലയിരുത്തുന്നത്. ഈ അഭിനവ പ്രധാനമന്ത്രിക്ക്ചുറ്റും ജനങ്ങള്‍ കേന്ദ്രീകരിക്കുകയാണെന്ന് വാദിക്കുന്നു. അഡോള്‍ഫ് ഹിറ്റ്ലറുടെ ഊറ്റംകൊള്ളലിലെ പൊള്ളത്തരം വലിച്ചുകീറിയ ജോണ്‍ ഹാര്‍ട് ഫീല്‍ഡിന്റെ ലോകപ്രശസ്തമായ കാര്‍ട്ടൂണ്‍ കാരിക്കേച്ചറാണ് ഉടന്‍ മനസിലെത്തുക. തന്റെ പിന്നില്‍ ജനലക്ഷങ്ങളുണ്ടെന്ന് നിരന്തരം അവകാശപ്പെട്ടുകൊണ്ടിരുന്ന ഹിറ്റ്ലറെ തീര്‍ത്തും നിര്‍വീര്യമാക്കുകയായിരുന്നു ഹാര്‍ട് ഫീല്‍ഡ്. പെരിയ വയറുള്ള ബഹുരാഷ്ട്ര ഭീമന്‍ ലക്ഷങ്ങള്‍ കോഴനല്‍കുന്ന ചിത്രത്തിന്റെ സൂചനയാണ് ആ കാര്‍ട്ടൂണിന് ജീവന്‍ നല്‍കിയത്. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് സംബന്ധിച്ച മാതൃഭൂമി വാര്‍ത്ത അവസാനിക്കുന്നതാകട്ടെ, "എല്ലാവര്‍ഷവും ആഗസ്ത് 19ന് കൃഷ്ണപിള്ളയുടെ ചരമദിനത്തില്‍ അനുസ്മരണസമ്മേളനവും പുഷ്പാര്‍ച്ചനയും മാത്രമാണ് സ്മാരകത്തില്‍ നടക്കാറുള്ളത്" എന്നാണ്. അതിനര്‍ഥം തീയിട്ടത് അത്രയധികം ഗൗരവമുള്ള കുറ്റമൊന്നുമല്ല എന്നല്ലേ. അനുബന്ധ വാര്‍ത്ത ശ്രദ്ധിക്കുക: വ്യാഴാഴ്ച പുലര്‍ച്ചെ അഗ്നിക്കിരയായ ഓലക്കുടിലിലാണ് പി കൃഷ്ണപിള്ള തന്റെ അവസാന നാളുകള്‍ ചെലവഴിച്ചത്. തീപിടിക്കുകയും അഗ്നിക്കിരയാവുകയുംചെയ്ത സ്മാരകം എന്ന രൂപീകരണത്തിലൂടെ വാര്‍ത്തയിലെ സമകാലീന ചരിത്ര യാഥാര്‍ഥ്യമാണ് പത്ര മുത്തശ്ശിമാര്‍ ചുട്ടുകരിച്ചത്.

1948 മെയ് 18ന് മാതൃഭൂമി കൊടുത്ത ഒരു വാര്‍ത്ത നോക്കാം: കമ്യൂണിസ്റ്റുകളുടെ ഇടയില്‍ മഹാപ്രസിദ്ധന്മാരായ കെപിആര്‍ ഗോപാലന്‍ നമ്പ്യാര്‍, കാന്തലോട്ട് കുഞ്ഞമ്പു, സര്‍ദാര്‍ കുഞ്ഞിരാമന്‍ നായര്‍ എന്നിവരെ മുണ്ടേരിമൊട്ട എന്ന സ്ഥലത്തുവെച്ച് ഇന്നലെ വൈകുന്നേരം അവിടുത്തുകാരായ ആളുകള്‍ പിടിച്ച് വളപട്ടണം പൊലീസിനെ ഏല്‍പ്പിച്ചിരിക്കുന്നു. അവരെക്കൊണ്ടുവന്ന വിവരം കാട്ടുതീപോലെ നാടെങ്ങും പരന്നു. ആയിരക്കണക്കിനാളുകള്‍ പൊലീസ് സ്റ്റേഷന്റെ മുമ്പില്‍ തടിച്ചുകൂടി ഇക്കൂട്ടരെ തൂക്കിക്കൊല്ലണമെന്ന് ആര്‍ത്തുവിളിച്ചു. ഈ അറസ്റ്റുവിവരം ഇന്നലെ മാങ്ങാട്ടുപറമ്പില്‍ കൂടിയ പൊതുയോഗത്തില്‍വച്ച് യോഗാധ്യക്ഷനായ പി മാധവന്‍ പ്രഖ്യാപിച്ചപ്പോള്‍ അവിടെ കൂടിയിരുന്ന ആളുകള്‍ മുഴുവന്‍ കൂട്ടത്തോടെ ആഹ്ലാദിച്ച് ആര്‍പ്പുവിളിച്ചു. എംഎസ്പിയും ദേശരക്ഷാസേനയും സര്‍വ സന്നാഹങ്ങളുമായി ഉറഞ്ഞുതുള്ളിയ 1948 കാലത്തെ ക്രൂരതകള്‍ ജനങ്ങളുടെ പ്രതികരണമായിട്ടാണ് "ദേശീയപത്രം" വിളിച്ചുകൂവിയത്. കുംഭകോണങ്ങളുടെ ശതകോടികള്‍, കോഴയിടപാടുകളിലെ വീതംവെപ്പുകള്‍ ഇതെല്ലാം സഹിക്കാം. ജനവിഭാഗങ്ങളെ ഒറ്റുകൊടുക്കുന്നതിന് കിട്ടുന്ന പ്രതിഫലം നക്കിനക്കി അലുത്തുതീരാറായ തിരണ്ടിനാവുകൊണ്ട് പിന്നെയും പാവങ്ങളെക്കുറിച്ച് ആണയിടരുത്. പുതിയ ഖദറുടുപ്പ് വാങ്ങി, കീശ, തോള്‍ഭാഗം, കോളര്‍ എന്നിങ്ങനെ പ്രത്യേക സ്ഥലങ്ങളില്‍ ബ്ലേഡ്വച്ച് കീറി തുന്നിച്ചേര്‍ത്ത് ലാളിത്യം ചമയുന്ന , പുതുപ്പള്ളിയിലെ കൊച്ചുമുതലാളി നെഞ്ച്കീറി നേര് കാണിക്കാന്‍ ഒരുങ്ങിയപ്പോള്‍ ഉള്ളില്‍ തെളിഞ്ഞത് കാപട്യത്തിനുമേല്‍ ഒട്ടിച്ചുവച്ച പ്ലാസ്റ്ററുകള്‍ മാത്രം. പറയാന്‍ ഒന്നുമില്ലെങ്കില്‍ ഇക്കൂട്ടര്‍ ചരിത്രത്തില്‍ കൈയിട്ട് ഇളക്കിനോക്കും. ഒരന്നമെങ്കിലും കിട്ടിയെങ്കിലോ..?. നിരാശരായാല്‍ ചരിത്രംതന്നെ തിന്നാന്‍ശ്രമിക്കും. അതാണ് സ്വാതന്ത്ര്യസമരകാലത്ത് കണ്ടത്, പിന്നെ കുറേ പതിറ്റാണ്ടുകള്‍ തുടര്‍ന്നത്; വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

*
അനില്‍കുമാര്‍ എ വി ചിന്ത വാരിക

1 comment:

Harinath said...

“സത്യത്തിന്റെ ഭാണ്ഡവും ചുമന്നുകൊണ്ട് ഞാൻ നിന്റെ പിന്നാലെയുണ്ട്” എന്ന വേദവാക്യത്തിൽ ആശ്വസിക്കാം. സത്യത്തെ ഏറെനാൾ മൂടിവയ്ക്കാനാവില്ല.