Wednesday, January 2, 2008

കേരളത്തില്‍ തൊഴിലില്ലായ്മ കുറയുന്നുവോ?

സംസ്ഥാനത്തെ തൊഴിലില്ലായ്മയെയും കുടിയേറ്റസ്വഭാവത്തെയും സംബന്ധിച്ച് സമീപകാലത്ത് പ്രസിദ്ധീകൃതമായ ഒരുപഠനം സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നതാണ്. അതിനു മുന്‍പ് വിശ്വസിക്കപ്പെട്ടിരുന്ന ചില ധാരണകളെയെങ്കിലും ഈ പഠനം തകിടം മറിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസിലെ ഡോ. എസ് ഋദയരാജനും കെ എസ് സക്കറിയയും ചേര്‍ന്നു നടത്തിയതാണ് പ്രസ്തുത പഠനം. Immobility in Mobility: Kerala's Migration Situation, 2007 എന്നതായിരുന്നു വിഷയം. കേരളത്തില്‍നിന്ന് തൊഴില്‍ അന്വേഷിച്ച് പുറത്തേക്ക് പോകുന്നവരുടെ എണ്ണത്തില്‍ ഈയടുത്തയിടെ കുറവുവന്നിട്ടുണ്ടെന്നും കേരളത്തില്‍ തൊഴിലില്ലായ്മ കുറയുന്നുവെന്നും, ലോകത്തിന്റെ പൊതുസവിശേഷതയില്‍നിന്ന് വേര്‍തിരിഞ്ഞാണ് കേരളം ഇക്കാര്യത്തില്‍ നില്‍ക്കുന്നത് എന്നും ഋദയരാജന്‍ പറയുന്നു. തൊഴിലില്ലായ്മയുടെ നിരക്ക് 2003ല്‍ 19.1 ശതമാനമായിരുന്നത് 2007ല്‍ 9.4 ആയി കുറഞ്ഞെന്ന് ഈ പഠനം സൂചിപ്പിക്കുന്നു. കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ തൊഴിലില്ലായ്മ നിരക്കില്‍ ‍50 ശതമാനത്തിലേറെ കുറവുണ്ടായി എന്നു കാണുന്നത് അത്ര ചെറിയ കാര്യമല്ല.

പ്രധാനമായും 3 കാരണങ്ങളാണ് ഇതിന് ഗവേഷകര്‍ സൂചിപ്പിക്കുന്നത്. ഒന്ന്, ജനസംഖ്യാ വര്‍ദ്ധനവിന്റെ നിരക്കിലുണ്ടായ സങ്കോചം കുടിയേറ്റ സ്വഭാവത്തെ സ്വാധീനിച്ചിട്ടുണ്ട്. രണ്ടാമതായി ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടായ പിന്നോക്കം പോക്ക് കുടിയേറ്റ നിരക്കില്‍ സ്വാധീനിക്കുന്നുണ്ട്. പ്രവാസികള്‍ അയക്കുന്ന പണം ഉല്പാദനപരമായി ഉപയോഗപ്പെടുത്താന്‍ തുടങ്ങിയത് തൊഴിലില്ലായ്മ കുറയുന്നതിന് കാരണമായിട്ടുണ്ട്.

തൊഴില്‍ നഷ്ടപ്പെടുത്തുന്ന വളര്‍ച്ചയുടെ(jobless growth) നയങ്ങളാണ് രാജ്യത്ത് കുറെക്കാലമായി നടപ്പാക്കുന്നത് എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അതില്‍നിന്ന് കുതറി മാറാനും വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താനും ഒരു സംസ്ഥാനത്ത് അധികാരം ലഭിക്കുന്നതുകൊണ്ട് ആര്‍ക്കും സാധ്യമല്ലെന്ന കാര്യവും പൊതുവെ എല്ലാവര്‍ക്കും അറിയാവുന്നത് തന്നെ. എങ്കിലും ലഭിക്കുന്ന പരിമിതമായ അധികാരം ഉപയോഗിച്ച് ചെയ്യാവുന്ന കാര്യങ്ങള്‍ ഉണ്ട്. അത് ചെയ്യുവാന്‍ സര്‍ക്കാരുകള്‍ തയ്യാറാവുകയാണെങ്കില്‍ ചില ഗുണങ്ങള്‍ ഉണ്ടായേക്കാം എന്നു വിശാലമായി പറയാം.

തൊഴിലവസരങ്ങള്‍ കുറയുന്ന പ്രധാനമേഖല കാര്‍ഷികരംഗമാണ്. പുതിയ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്ന ജില്ലകളില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങളും, കാര്‍ഷികമേഖലയില്‍ സംസ്ഥാനത്ത് നടപ്പാക്കിയ പരിഷ്കാരങ്ങളും പുതിയ ഉണര്‍വ് സംഭാവന ചെയ്തിട്ടുണ്ട്. ഒരു പക്ഷെ ഈ പഠനത്തിലെ കണ്ടെത്തലുകള്‍ക്ക് കാരണങ്ങളിലൊന്നായി വര്‍ത്തിച്ചത് ഇതായിരിക്കാം.

കേരളത്തില്‍നിന്ന് തൊഴില്‍ അന്വേഷിച്ച് പുറത്തേക്ക് പോകുന്നവരുടെ എണ്ണത്തില്‍ ഈയടുത്തയിടെ കുറവുവന്നിട്ടുണ്ടെന്ന കണ്ടെത്തല്‍ ശ്രദ്ധേയമാണ്. നമ്മുടെ നാട്ടില്‍നിന്ന് വിദേശരാജ്യങ്ങളില്‍പ്പോയി പണിയെടുക്കുന്നവരുടെ എണ്ണം കഴിഞ്ഞ ദശകങ്ങളില്‍ കുത്തനെ ഉയരുകയായിരുന്നു. സാമ്പത്തികബുദ്ധിമുട്ടുകളും രൂക്ഷമായ തൊഴിലില്ലായ്മയും സാമൂഹ്യ സുരക്ഷിതത്വത്തിനുവേണ്ടിയുള്ള അഭിവാഞ്ഛയുമാണ് പ്രധാന കാരണങ്ങളെങ്കിലും 1990കള്‍ക്കുശേഷമുള്ള ആഗോളീകരണത്തിന്റെ പ്രതിഫലനങ്ങള്‍ തൊഴില്‍ശക്തിയുടെ 'കയറ്റുമതി'യിലും 'ഇറക്കുമതി'യിലും ദൃശ്യമാണ്.

വിദേശരാജ്യങ്ങളിലേക്ക് താരതമ്യേന സുരക്ഷിതമായി ചേക്കേറാന്‍ അവസരം ലഭിക്കുന്ന അപൂര്‍വം ഭാഗ്യശാലികള്‍ അതിവിദഗ്ദ അപൂര്‍വതൊഴിലുകളില്‍ വൈദഗ്ദ്യം നേടിയ വൈദ്യശാസ്ത്ര, എന്‍ജിനിയറിങ്, ശാസ്ത്ര-സാങ്കേതിക, കമ്പ്യൂട്ടര്‍, മാനേജ് മെന്റ് മുതലായ മേഖലകളിലുള്ളവരായിരിക്കും. അത്ര വിദഗ്ദരല്ലാത്ത ലക്ഷക്കണക്കിനാളുകള്‍ ഉപജീവനാര്‍ഥം അപകടങ്ങള്‍ നിറഞ്ഞ സാഹചര്യങ്ങളിലും കഠിനമായ കാലാവസ്ഥയിലും പണിയെടുക്കുന്നത് ബഹുനില കെട്ടിടങ്ങളുടെ നിര്‍മാണം, റോഡുപണി, ഖനികള്‍, ഗതാഗതം, ഹോട്ടല്‍, വസ്ത്രനിര്‍മാണം, ശുചീകരണം മുതലായ മേഖലകളിലാണ്. സ്ത്രീകളാകട്ടെ വീട്ടുവേലക്കാരായാണ് കൂടുതലും പണിയെടുക്കുന്നത്. ഗള്‍ഫിലെ ഇന്ത്യന്‍ തൊഴിലാളികളില്‍ ഭൂരിഭാഗവും തെക്കെ ഇന്ത്യക്കാരും അവരില്‍ തന്നെ ഏറ്റവുമധികമുള്ളത് മലയാളികളുമാണ്.

സത്യത്തില്‍ തൊഴിലാളിയായ മനുഷ്യന്റെ പ്രവാസജീവിതമെന്നത് അസ്വീകാര്യമായ മണ്ണിലേക്കു പറിച്ചുനടപ്പെട്ട വൃക്ഷത്തിന്റെ അവസ്ഥയേക്കാള്‍ ദയനീയമാണ്. ഒരു തൊഴില്‍നിയമത്തിന്റെയും പരിരക്ഷ അവര്‍ക്കില്ലതാനും. അന്തര്‍ദേശീയ തൊഴില്‍സംഘടനയുടെ കണക്കനുസരിച്ചുതന്നെ 15 ശതമാനത്തിലേറെപ്പേര്‍ ഒരു സ്ഥിരതയുമില്ലാത്ത തൊഴിലുകളിലാണ് ഏര്‍പ്പെട്ടിട്ടുള്ളത്. തത്വദീക്ഷയില്ലാത്ത സ്വകാര്യവല്‍ക്കരണവും വാണിജ്യവല്‍ക്കരണവും ഈ രംഗത്ത് മുമ്പെങ്ങുമില്ലാത്ത പ്രശ്നങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കുകയാണ്. വികസ്വര രാജ്യങ്ങളില്‍നിന്നുള്ള 'മസ്തിഷ്ക ചോര്‍ച്ച' പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. വാണിജ്യകാര്യങ്ങളില്‍ അതിര്‍ത്തികള്‍ ഇല്ലാതാകുമ്പോഴും മനുഷ്യക്കടത്തും അടിമവേലയും ലൈംഗികചൂഷണവും ബാലവേലയും ചിലപ്പോള്‍ അവയവകച്ചവടവും ഭീകരമായി നടമാടുന്നു. ഇതിനെ ചെറുക്കാന്‍ ആവശ്യമായ നിയമങ്ങള്‍ പല രാജ്യങ്ങളിലും ഇല്ല. ഉള്ളവയാകട്ടെ പ്രവാസികള്‍ക്ക് ഗുണകരവുമല്ല. സംഘടനാ സ്വാതന്ത്ര്യമെന്നത് സ്വപ്നം മാത്രമാണ്. മാതൃരാജ്യമോ പലപ്പോഴും തിരിഞ്ഞുനോക്കാറില്ല. ഇവര്‍ക്ക് വോട്ടര്‍പ്പട്ടികയില്‍ സ്ഥാനവുമില്ല. സ്വന്തം നാടിനു വേണ്ടത് അവരുടെ പണവും, അവര്‍ പ്രവാസിയായി ചെല്ലുന്ന നാടിനുവേണ്ടത് അവരുടെ അധ്വാനത്തെയും മാത്രമാണ് - അവരെയല്ല! ട്രേഡ് യൂണിയനുകള്‍, ഗവണ്‍മെന്റിതര സന്നദ്ധസംഘടനകള്‍, മാധ്യമങ്ങള്‍ മുതലായവയുടെ ഇടപെടലുകള്‍ പലപ്പോഴും ഗവണ്‍മെന്റുകള്‍ ശത്രുതാമനോഭാവത്തോടെയാണ് കാണുന്നത്. പ്രവാസികളായി വന്ന തൊഴിലാളികളും മനുഷ്യരാണെന്ന പരിഗണനപോലും മിക്കവര്‍ക്കും ലഭിക്കാറില്ല.

അങ്ങിനെയിരിക്കെ, ഉയര്‍ന്ന സാങ്കേതികവൈദഗ്ദ്യം ആവശ്യപ്പെടുന്ന തൊഴിലവസരങ്ങള്‍ ഇപ്പോള്‍ കേരളത്തിലും സൃഷ്ടിക്കപ്പെടുന്നുണ്ട് എന്നതും പുറംരാജ്യങ്ങളില്‍ അടിമകളെ പോലെ പണിയെടുക്കാന്‍ നിര്‍ബന്ധിതമായവര്‍ നാട്ടില്‍ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. എന്നതും ഒരു പക്ഷെ ഈ തൊഴിലില്ലായ്മാ നിരക്കിലെ കുറവിനു കാരണമാണെന്ന് പറയാം.

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഇന്ന് ലോകത്ത് പതിനേഴര കോടി ആളുകള്‍ പ്രവാസികളാണ്; അതില്‍ 12 കോടി പേര്‍ തൊഴിലാളികളും അവരുടെ ആശ്രിതരും. യുഎഇയിലെ മൊത്തം തൊഴിലാളികളില്‍ 92 ശതമാനവും കുവൈത്തില്‍ 82 ശതമാനവും ബഹറിനില്‍ 59 ശതമാനവും സൌദി അറേബ്യയില്‍ 56 ശതമാനവും പ്രവാസിത്തൊഴിലാളികളാണ്.

കേരളത്തിലേക്ക് പ്രവാസികളുടെ വകയായി 2006-07ല്‍ 24,500 കോടി രൂപ വന്നെത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഇത് സംസ്ഥാനത്തിന് കേന്ദ്ര ബജറ്റ് വിഹിതത്തില്‍ നിന്നും ലഭിക്കുന്നതിന്റെ ഏഴ് ഇരട്ടിയിലധികമാണ്! 1999നും 2004നും ഇടയ്ക്ക് പ്രവാസികളായിപ്പോയ കേരളീയരുടെ എണ്ണം 21 ലക്ഷത്തില്‍നിന്ന് 27.3 ലക്ഷമായി വര്‍ധിച്ചിരുന്നു. ഗള്‍ഫിലെ സഹകരണ കൌണ്‍സിലില്‍ അംഗങ്ങളായിട്ടുള്ള ആറു രാജ്യങ്ങളിലായി (സൌദി അറേബ്യ, യുഎഇ, ബഹറിന്‍, കുവൈത്ത്, ഖത്തര്‍, ഒമാന്‍) 35 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ പണിയെടുക്കുന്നതായി കേന്ദ്രസര്‍ക്കാര്‍തന്നെ സമ്മതിക്കുന്നു. അനധികൃത കുടിയേറ്റക്കാര്‍ വേറെയും. ഇതില്‍ നല്ലൊരു പങ്ക് കാര്യമായ വിദ്യാഭ്യാസമില്ലാത്തവരും നിരക്ഷരരും അപകടകരമായ സാഹചര്യങ്ങളിലും പ്രതികൂലമായ കാലാവസ്ഥയിലും കഠിനമായ കായികക്ഷമത വേണ്ടുന്ന പണികള്‍ ചെയ്യുന്നവരുമാണ്.

കേരളത്തില്‍നിന്നുള്ള പ്രവാസികളില്‍ വെറും അഞ്ചു ശതമാനം പേരാണ് അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളിലും മലേഷ്യ, സിങ്കപ്പുര്‍ മുതലായ രാജ്യങ്ങളിലും തൊഴില്‍തേടി പോയിട്ടുള്ളത്. പ്രവാസികളായ മലയാളികള്‍ നാട്ടിലേയ്ക്ക് അയക്കുന്ന പണവും നമ്മുടെ ദൈനംദിന ജീവിതവും വികസന പ്രവര്‍ത്തനങ്ങളും സാമൂഹ്യാന്തരീക്ഷവും അഭേദ്യമായി ബന്ധപ്പെട്ടവയാണ്.

എന്നാല്‍ മാനവവിഭവശേഷിയെ ഇവിടെത്തന്നെ ഉപയോഗപ്പെടുത്താന്‍ കൂടുതലായി കഴിയണമെങ്കില്‍ ഇന്നുള്ളതിനേക്കാള്‍ എത്രയോ അധികം തൊഴില്‍സാധ്യതകള്‍ സൃഷ്ടിക്കേണ്ടതുണ്ടെന്ന കാര്യം കാണാതിരുന്നുകൂടാ. ഇപ്പോഴുണ്ടായ ഗുണപരമായ മാറ്റം ശക്തിപ്പെടുത്താനും മുന്നോട്ടുകൊണ്ടുപോകാനും കഴിയുന്ന ഭാവനാപൂര്‍ണമായ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കേണ്ടതുണ്ട്.

7 comments:

വര്‍ക്കേഴ്സ് ഫോറം said...

സംസ്ഥാനത്തെ തൊഴിലില്ലായ്മയെയും കുടിയേറ്റസ്വഭാവത്തെയും സംബന്ധിച്ച് സമീപകാലത്ത് പ്രസിദ്ധീകൃതമായ ഒരുപഠനം സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നതാണ്. അതിനു മുന്‍പ് വിശ്വസിക്കപ്പെട്ടിരുന്ന ചില ധാരണകളെയെങ്കിലും ഈ പഠനം തകിടം മറിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസിലെ ഡോ. എസ് ഋദയരാജനും കെ എസ് സക്കറിയയും ചേര്‍ന്നു നടത്തിയതാണ് പ്രസ്തുത പഠനം. Immobility in Mobility: Kerala's Migration Situation, 2007 എന്നതായിരുന്നു വിഷയം. കേരളത്തില്‍നിന്ന് തൊഴില്‍ അന്വേഷിച്ച് പുറത്തേക്ക് പോകുന്നവരുടെ എണ്ണത്തില്‍ ഈയടുത്തയിടെ കുറവുവന്നിട്ടുണ്ടെന്നും കേരളത്തില്‍ തൊഴിലില്ലായ്മ കുറയുന്നുവെന്നും, ലോകത്തിന്റെ പൊതുസവിശേഷതയില്‍നിന്ന് വേര്‍തിരിഞ്ഞാണ് കേരളം ഇക്കാര്യത്തില്‍ നില്‍ക്കുന്നത് എന്നും ഋദയരാജന്‍ പറയുന്നു.

പ്രസക്തമെന്നു തോന്നിയ ഒരു പഠനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കുറിപ്പ്.

N.J Joju said...

"തൊഴില്‍ നഷ്ടപ്പെടുത്തുന്ന വളര്‍ച്ചയുടെ(jobless growth) നയങ്ങളാണ് രാജ്യത്ത് കുറെക്കാലമായി നടപ്പാക്കുന്നത് എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. "

ഒന്നു വിശദീകരിച്ചാല്‍ കൊള്ളാമായിരുന്നു

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജൂ അതിന്‌ താത്വിക വിശദീകരണം ഉടന്‍ വരും. അല്ലാതെ തൊഴിലില്ലയ്മ ഒറ്റയടിക്ക്‌ കുറഞ്ഞു എന്നൊക്കെ മാത്രം പറഞ്ഞാന്‍ എന്ത്‌ തൊഴിലാളി ലേഖനം. അത്‌ മറന്നു കള . പുട്ടിന്‌ തേങ്ങാ പോലെ പറയുന്നതാ.

പിന്നെ 9.4 എന്നത്‌ ഇവിടെ നിലനില്‍ക്കുമ്പോഴും 10 ലക്ഷത്തോളം അന്യ സംസ്ഥാന തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്‌ എന്നത്‌ ഓര്‍ക്കുക. കൊച്ചിയിലെ അന്യ സംസ്ഥാന തൊഴിലാളിയുടെ മിനിമം കൂലി 175 രൂപയാണ്‌. സ്കില്‍ അനുസ്സരിച്ച്‌ അത്‌ 450 രൂപ വരെ ആകാം.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ ജോജു,

സാധാരണഗതിയില്‍ സാമ്പത്തിക മാന്ദ്യത്തിനുശേഷമുള്ള ഏത് തിരിച്ചുവരവിലും സാമ്പത്തിക വളര്‍ച്ചയും തൊഴില്‍ വളര്‍ച്ച ഉണ്ടാകാറുണ്ട്.. പക്ഷെ 1991നുശേഷമുള്ള (പുത്തന്‍ സാമ്പത്തിക നയങ്ങള്‍ നിലവില്‍ വന്നതിനുശേഷമുള്ള) സാമ്പത്തിക വളര്‍ച്ചയില്‍ തൊഴിലവസരങ്ങള്‍ വളരുന്നത് തികച്ചും സാവധാനത്തിലാണ്. ഇതിനെയാണ് jobless growth എന്നത് വിവക്ഷിക്കുന്നത് .തൊഴില്‍ രഹിത വളര്‍ച്ച എന്നായിരുന്നു മലയാള പദമെങ്കില്‍ കുറച്ച് കൂടി ശരിയാവുമായിരുന്നു എന്ന് തോന്നുന്നു ഇന്ത്യ ഉള്‍പ്പെടെ രാജ്യത്തിന്റെ ജി.ഡി.പിയും വളര്‍ച്ചാനിരക്കും പുരോഗതി കാണിക്കുമ്പോഴും ഭൂരിപക്ഷം വരുന്ന സാധാരണക്കാരന് അതിന്റെ മെച്ചം ലഭിക്കാത്ത അവസ്ഥ. മിക്കവാറും രാജ്യങ്ങളിലും ഇന്നിതാണ് സ്ഥിതി.
ഇന്ത്യയെ സംബന്ധിച്ച വിവരങ്ങള്‍ക്ക് ഈ ലിങ്കിലെ ലേഖനം നോക്കുക.

ഇതാണ് ചുറ്റും നാം കാണുന്നതെന്നിരിക്കെ, കേരളത്തില്‍ മാത്രം ഇതില്‍ നിന്നു വ്യത്യസ്തമായ ഒരു ചിത്രം കാണുന്നു എന്ന ഒരു പഠനം പുറത്തു വരുമ്പോള്‍ അത് ശ്രദ്ധിക്കപ്പെടേണ്ടതല്ലേ? അതാണ് നടക്കുന്നത് എന്നല്ല. അനുകൂലമായും പ്രതികൂലമായുമുള്ള വാദങ്ങളാല്‍ ഈ പഠനത്തിന്റെ നിജസ്ഥിതി അല്ലെങ്കില്‍ പൂര്‍ണ്ണമായ ഒരു ചിത്രം വരച്ചെടുക്കേണ്ടതുണ്ട് എന്ന് തോന്നിയതിനാ‍ലാണ് അത് പ്രസിദ്ധീകരിച്ചത്. പോസ്റ്റിന്റെ ശീര്‍ഷകത്തിലെ ചോദ്യചിഹ്നം ശ്രദ്ധിച്ചുകാണുമല്ലോ....

പ്രിയ കിരണ്‍,

താങ്കളുടെ ആദ്യ പാരയോട് യോജിപ്പില്ലെങ്കിലും( വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമല്ലേ ബ്ലോഗ്?) രണ്ടാമത്തെ പാരയില്‍ പറഞ്ഞത് വസ്തുതയാണ്. കേരളത്തിലേക്ക് കുടിയേരുന്ന അന്യ സംസ്ഥാനക്കാരായ തൊഴിലാളികളെക്കുറിച്ച് കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ആന്‍‌ഡ് എന്‍‌വിറോണ്‍‌മെന്റല്‍ സ്റ്റഡീസ് നടത്തിയ പഠനത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഒരു പോസ്റ്റായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Jack Rabbit said...

Workers forum wrote on Wednesday, January 2, 2008

തൊഴിലില്ലായ്മയുടെ നിരക്ക് 2003ല്‍ 19.1 ശതമാനമായിരുന്നത് 2007ല്‍ 9.4 ആയി കുറഞ്ഞെന്ന് ഈ പഠനം സൂചിപ്പിക്കുന്നു. കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ തൊഴിലില്ലായ്മ നിരക്കില്‍ ‍50 ശതമാനത്തിലേറെ കുറവുണ്ടായി എന്നു കാണുന്നത് അത്ര ചെറിയ കാര്യമല്ല.


ഒരു സംശയം, ഇവിടെ തൊഴിലില്ലായ്മ നിരക്കില്‍ 50 ശതമാനത്തിലേറെ കുറവുണ്ടായി എന്നു പറയുന്നത് ശരിയാണോ ? ഇതിനു പകരം 29.1 ശതമാനമായിരുന്നത് 19.4 ആയി കുറഞ്ഞാല്‍‌ 33 ശതമാനത്തിലേറെ കുറവുണ്ടായി എന്നു പറയുമോ ? ഈ രണ്ടു കേസിലും തൊഴില്‍‌ കിട്ടിയവരുടെ ശതമാനം തുല്യമാണ്. ഇവിടെ 9.7 ശതമാനത്തിന്റെ കുറവല്ലെ ഉള്ളൂ ? ശതമാനങ്ങളുടെ ശതമാനം വീണ്ടുമെടുക്കുമ്പോള്‍‌‍ ശതമാനമെന്നു പറയാമോ ?

N.J Joju said...

ജനസംഖ്യയ്ക്ക് ആനുപാതികമായ തൊഴില്‍ അവസരങ്ങളുടെ വര്‍ദ്ധന എന്നത് എത്രമാത്രം സംഭവ്യമാണെന്ന് അറിഞ്ഞുകൂടാ. ഇതല്ലേ യഥാര്‍ത്തില്‍ ജോബ് ലെസ്സ് ഗ്രോത്ത് ആയി തെറ്റിദ്ധരിയ്ക്കപ്പെടുന്നത്?

രാജ്യത്തെ തൊഴിലില്ലായ്മ ഇത്രയെങ്കിലും കുറച്ചത് സര്‍ക്കാരുകളുടെ നയങ്ങള്‍ തന്നെയാണെന്ന് നിസംശയം പറയാം. ഈ നയങ്ങള്‍ മൂലം ജോലി നഷ്ടമുണ്ടായീ എന്നതിന് എന്തെങ്കിലും കണക്കുകളുണ്ടോ? നയങ്ങള്‍ മൂലമുണ്ടായ എത്ര പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടീയ്ക്കപ്പെട്ടു എന്നതിനും കണക്കുകളുണ്ടോ?

“കേരളത്തില്‍നിന്ന് തൊഴില്‍ അന്വേഷിച്ച് പുറത്തേക്ക് പോകുന്നവരുടെ എണ്ണത്തില്‍ ഈയടുത്തയിടെ കുറവുവന്നിട്ടുണ്ടെന്നും കേരളത്തില്‍ തൊഴിലില്ലായ്മ കുറയുന്നുവെന്നും, ലോകത്തിന്റെ പൊതുസവിശേഷതയില്‍നിന്ന് വേര്‍തിരിഞ്ഞാണ് കേരളം ഇക്കാര്യത്തില്‍ നില്‍ക്കുന്നത് എന്നും ഋദയരാജന്‍ പറയുന്നു.”
ഇതാണ് ഏറ്റവും രസകരമായ കണ്ടു പിടുത്തം.

ഈ നാലു-അഞ്ചു വര്‍ഷം കൊണ്ട് കേരളത്തില്‍ ഐ.ടി രംഗത്തും, ഐ.ടി അനുബന്ധരംഗത്തും(അധ്യാപനം ഉള്‍പ്പെടെ), ബാംഗിഗ് രംഗത്തും പുതിയ നിരവധി തൊഴിലവസരങ്ങള്‍ ഉണ്ടായിട്ടൂണ്ട്. ഇതെനെല്ലാം കാരണം സര്‍ക്കാരുകളുടെ ആഗോളവത്കരണത്തിന് അനുകൂലമായ നയങ്ങള്‍ തന്നെയാണ്.

വര്‍ക്കേഴ്സ് ഫോറം said...

ജോജു പറഞ്ഞു

"ജനസംഖ്യയ്ക്ക് ആനുപാതികമായ തൊഴില്‍ അവസരങ്ങളുടെ വര്‍ദ്ധന എന്നത് എത്രമാത്രം സംഭവ്യമാണെന്ന് അറിഞ്ഞുകൂടാ. ഇതല്ലേ യഥാര്‍ത്തില്‍ ജോബ് ലെസ്സ് ഗ്രോത്ത് ആയി തെറ്റിദ്ധരിയ്ക്കപ്പെടുന്നത്?"

അല്ല എന്നു തോന്നുന്നു. ഉല്പാദന വളര്‍ച്ചക്കനുസരിച്ചുള്ള തൊഴില്‍ വളര്‍ച്ച ഉണ്ടാകാത്തതിനെയാണ് ജോബ്‌ലെസ് ഗ്രോത്ത് ആയി വിശേഷിക്കപ്പെടുന്നതത്രെ. ഈ ലിങ്ക് നോക്കുക. അതില്‍ പറയുന്നത്
the pattern of economic growth in India in recent times has been such that employment growth does not keep pace with and falls far short of the rate of output growth എന്നാണ്.

ഇത് സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ നഗരപ്രദേശങ്ങളേക്കാള്‍ ഗ്രാമങ്ങളിലാണ് കൂടുതല്‍ ദൃശ്യമാകുന്നതത്രെ.

മാത്രവുമല്ല `ഹിന്ദു റേറ്റ് ഓഫ് ഗ്രോത്തുമായി (3.5%) (Hindu rate of growth is an expression used to refer to the low annual growth rate of the economy of India, which stagnated around 3.5% from 1950 to 1980. The term, was coined by Indian economist Raj Krishna.) താരതമ്യം ചെയ്യുമ്പോള്‍ വളരെ ഉയര്‍ന്ന വളര്‍ച്ചാനിരക്കാണ് ഇന്ന് GDP യില്‍ ദൃശ്യമാകുന്നതെങ്കിലും അതിനനുസരിച്ചുള്ള തൊഴില്‍ വളര്‍ച്ചയുണ്ടാവുന്നില്ല. എന്താണിതിനു കാരണം എന്നു പരിശോധിക്കുമ്പോള്‍ നമ്മുടെ രാജ്യത്തിന്റെ GDPയുടെ 50 ശതമാനത്തിലേറെയും സേവനമേഖലയുടെ സംഭാവനയാണെന്ന് കാണാം. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ സേവന മേഖലയിലെ തൊഴില്‍ വളര്‍ച്ച ഉയര്‍ന്നതല്ല. ലേഖനം തുടരുന്നു..

“This is surprising since services are conventionally seen as labour-intensive in nature and as characterised by lower productivity or higher employment per unit of output. These features, which characterise services in developed countries as well, should have meant that India's services-driven growth was accompanied by a higher pace of employment generation.

The fact it has not, could only mean that the higher output per employee in services must be accruing as surpluses to owners of services-producing entities and/or as higher incomes of workers in the services sector.”

താങ്കള്‍ പറഞ്ഞപോലെ ഈ നാലു-അഞ്ചു വര്‍ഷം കൊണ്ട് കേരളത്തില്‍ മാത്രമല്ല ഭാരതമൊട്ടാകെ ഐ.ടി രംഗത്തും, ഐ.ടി അനുബന്ധരംഗത്തും(അധ്യാപനം ഉള്‍പ്പെടെ),നിരവധി തൊഴിലവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിഷേധിക്കുന്നില്ല. എന്നാല്‍ ഐ.ടി ഉള്‍പ്പെടെയുള്ള സേവനമേഖലക്കുണ്ടായ വളര്‍ച്ചയും GDP യില്‍ അവയുടെ സംഭാവനയും കണക്കിലെടുക്കുമ്പോള്‍ അതിനനുസരിച്ചുള്ള തൊഴില്‍ വളര്‍ച്ച ഈ മേഖലയിലും ഉണ്ടായിട്ടില്ല എന്നതും പകല്‍ പോലെ സ്പഷ്ടമല്ലേ? അതു പോലെ തന്നെയാണ് ബാങ്കിംഗ് രംഗത്തെയും സ്ഥിതി. പുതിയ പുതിയ പ്രോഡക്‍ടുകളും സേവനങ്ങളും നല്‍കുക വഴി ഇക്കഴിഞ്ഞ ദശകത്തില്‍ ബിസ്സിനസ്സില്‍ വന്‍‌കുതിച്ചുചാട്ടമാണ് ബാങ്കിംഗ് , ഇന്‍ഷുറന്‍സ് രംഗങ്ങളില്‍ ഉണ്ടായത് എങ്കിലും ജീവനക്കാരുടെ എണ്ണം പകുതിയിലേറെയായി കുറയുകയാണുണ്ടായത്. പുതിയ നിയമനങ്ങള്‍ നാമമാത്രം ആണെന്നതു മാത്രമല്ല, ഉള്ളവരെ പോലും വി ആര്‍ എസ് നല്‍കി പറഞ്ഞു വിടുകയാണ്. കൂടുതല്‍ കൂടുതലായി ഔട്ട് സോര്‍സിങ്ങിനെയും മറ്റും ആശ്രയിക്കുകയാണ്. ഒരു തരം കാഷ്വലൈസേഷന്‍ ഓഫ് എം‌പ്ലോയ്‌മെന്റ് ആണ് നടപ്പിലാക്കപ്പെടുന്നത്. ഇതിനെയും തൊഴില്‍ വളര്‍ച്ചയായി കണക്കാക്കാമോ?
ഇതുകൊണ്ടാണ് GDP യില്‍ വളര്‍ച്ച ദൃശ്യമാകുന്നെങ്കിലും അതിനനുസരിച്ചുള്ള തൊഴില്‍ വളര്‍ച്ച ഇന്ത്യയില്‍ ഉണ്ടാകാത്തതിനു കാരണം. ഇതാണ് , ജോബ് ലെസ്സ് ഗ്രോത്ത് ആയി വിശേഷിപ്പിക്കപ്പെടുന്നത്.

ജോജു പറയുന്നു
“കേരളത്തില്‍നിന്ന് തൊഴില്‍ അന്വേഷിച്ച് പുറത്തേക്ക് പോകുന്നവരുടെ എണ്ണത്തില്‍ ഈയടുത്തയിടെ കുറവുവന്നിട്ടുണ്ടെന്നും കേരളത്തില്‍ തൊഴിലില്ലായ്മ കുറയുന്നുവെന്നും, ലോകത്തിന്റെ പൊതുസവിശേഷതയില്‍നിന്ന് വേര്‍തിരിഞ്ഞാണ് കേരളം ഇക്കാര്യത്തില്‍ നില്‍ക്കുന്നത് എന്നും ഋദയരാജന്‍ പറയുന്നു.”
ഇതാണ് ഏറ്റവും രസകരമായ കണ്ടു പിടുത്തം.

ഇതില്‍ രസകരമായി ഒന്നു ഇല്ല എന്നതല്ലേ വസ്തുത..പുത്തന്‍ വികസന/സാമ്പത്തിക നയങ്ങളുടെ ഫലമായി കാര്‍ഷികമേഖലയില്‍ നിന്നും ചെറുകിട വ്യവസാ‍യങ്ങള്‍ അടച്ചുപൂട്ടിയതു മൂലവും ആ മേഖലയില്‍ നിന്നും പുറത്താക്കപ്പെട്ട തൊഴിലാളികള്‍, മറ്റു സംസ്ഥാനങ്ങളേക്കാള്‍ കുറവല്ലേ (ഇതു രണ്ടും കേരളത്തില്‍ കുറവായതു തന്നെ കാരണം)കേരളത്തില്‍? എന്നാല്‍ സമീപകാലത്തായി സേവന മേഖലയില്‍ ( അതില്‍ ഐടിയും, ടൂറിസവും, ആരോഗ്യവും, ടെലികമ്യൂണിക്കേഷനും, കെട്ടിടനിര്‍മ്മാണവും എല്ലാം പെടും) കേരളത്തില്‍ ഉണ്ടായ വികസനം കുറെ ഏറെ ആളുകള്‍ക്ക് എന്തെങ്കിലുമൊക്കെ സംരംഭങ്ങള്‍ തുടങ്ങാനോ അതു വഴി തൊഴിലില്ലായ്മയെ ഒരു പരിധി വരെ ( പാര്‍ട്ട് ടൈം എങ്കില്‍ പാര്‍ട്ട് ടൈം ) എങ്കിലും കുറക്കാനോ സഹായിച്ചു എന്നു കരുതികൂടെ? ഇതായിരിക്കും ഋദയരാജന്‍ ഉദ്ദേശിക്കുന്നത് എന്ന് തോന്നുന്നു.

മുകളില്‍ സൂചിപ്പിച്ചപോലെ , ജോബ് ലെസ്സ് ഗ്രോത്ത് സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ നഗരപ്രദേശങ്ങളേക്കാന്‍ ഗ്രാമങ്ങളിലാണ് കൂടുതല്‍ ദൃശ്യമാകുന്നത് എന്നതിനാല്‍ കേരളം പോലുള്ള ഇമ്മിണി വല്യ നഗരത്തില്‍ ഇതിന്റെ ആഘാതം താരതമ്യേനെ കുറവായിരിക്കും എന്നു തോന്നുന്നു.എങ്കിലും വികസനം എത്തിപ്പെട്ടിട്ടില്ലാത്ത ഗ്രാമീണകേരളത്തില്‍ കുറച്ചുകാലം മുമ്പുണ്ടായ കര്‍ഷകരുടെ കൂട്ട ആത്മഹത്യകള്‍ക്ക് ഈ വികസന നയങ്ങളുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു എന്നു പറയാനാവുമോ?