Sunday, March 15, 2009

ക്യൂബ: ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം

ലോകമെമ്പാടുമുള്ള വിപ്ലവകാരികളുടെ സ്വപ്‌നങ്ങളിലെ രക്തനക്ഷത്രമായ കൊച്ചുക്യൂബ ചുവന്നിട്ട് 50 സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. 1953 ജുലായ് 26 ന് മോണ്‍കാഡാ ബാരക്ക് ആക്രമണത്തോടെ ആരംഭിച്ച ക്യൂബന്‍ വിപ്ലവം 1959 ലാണ് അവസാനിക്കുന്നത്. 1959 ജനുവരി 8 ന് ഫിദല്‍ കാസ്‌ട്രോയും സംഘവും ഹവാനയിലെത്തിച്ചേര്‍ന്നതോടെ ക്യൂബന്‍ വിപ്ലവം വിജയം കണ്ടു. തുടര്‍ന്ന് വിപ്ലവ ഗവണ്‍മെന്റിന്റെ നേതൃത്വം ഏറ്റെടുത്ത ഫിദല്‍ കാസ്‌ട്രോ ക്യൂബയുടെ പ്രസിഡന്റ്, കമ്യൂണിസ്‌റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി, സര്‍വ്വ സൈന്യാധിപന്‍ എന്നീ ചുമതലകള്‍ വഹിച്ചുകൊണ്ട് ഏറ്റവുമധികകാലം ജനപിന്തുണ നിലനിര്‍ത്തിക്കൊണ്ട് തുടര്‍ച്ചയായി അധികാരത്തിലിരുന്ന അപൂര്‍വ്വം ഭരണാധികാരികളിലൊരാളായി ലോകചരിത്രത്തില്‍ ഇടം നേടി. കുടല്‍ സംബന്ധമായ അസുഖങ്ങള്‍മൂലം ശസ്‌‌ത്രക്രിയയ്‌ക്കു വിധേയനായതിനെത്തുടര്‍ന്ന് 2006 ജൂലായ് മുതല്‍ അദ്ദേഹം ഭരണപരമായ ചുമതലകളില്‍ നിന്നും മാറി നിൽക്കുകയാണ്.

അമേരിക്കന്‍ പിന്തുണയോടെ ക്യൂബയെ അടക്കി ഭരിച്ച ക്രൂരനും അഴിമതിവീരനുമായ ഫുല്‍ജന്‍സിയോ ബാറ്റിസ്‌റ്റയുടെ പാവഗണ്‍മെന്റിനെതിരെ ഗറില്ലായുദ്ധം സംഘടിപ്പിച്ചുകൊണ്ടാണ് ഫിദലും സഖാക്കളും ക്യൂബന്‍ രാഷ്‌ട്രീയത്തിലേക്ക് കടന്നുവന്നത്. ഫിദല്‍കാസ്‌ട്രോ, ആമ്പേല്‍ സാന്റാമറിയ, ഫിദലിന്റെ അനുജന്‍ റൌള്‍ കാസ്‌ട്രോ എന്നിവരടങ്ങിയ ഗറില്ലാ ഗ്രൂപ്പ് ബാറ്റിസ്‌റ്റ ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ 1953 ജൂലായ് 26 ന് മോണ്‍കാഡബാരക്ക് ആക്രമിച്ചു. മെച്ചപ്പെട്ട പരിശീലനമോ ആയുധങ്ങളോ ഇല്ലാതിരുന്ന വിപ്ലവകാരികള്‍ പരാജയപ്പെട്ടു. ആബേല്‍ സാന്റാമറിയ അടക്കം അഞ്ചുപേര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. പിടിക്കപ്പെട്ടവരില്‍ 56 പേര്‍ കൊടിയ പീഡനങ്ങളെത്തുടര്‍ന്ന് കൊല്ലപ്പെട്ടു. വിചാരണവേളയില്‍ നാലുമണിക്കൂര്‍ തുടര്‍ച്ചയായി തന്റെ വാദമുഖങ്ങള്‍ അവതരിപ്പിച്ച് ഫിദല്‍ ജഡ്‌ജിമാരെ അമ്പരിപ്പിച്ചു. നിങ്ങള്‍ക്കെന്നെ ശിക്ഷിക്കാം പക്ഷെ ചരിത്രം എനിക്കു മാപ്പുനല്‍കും'' എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഫിദല്‍ തന്റെ വാദം അവസാനിപ്പിച്ചത്. വിചാരണ പൂര്‍ത്തിയാക്കി ഫിദലിനെ 15 വര്‍ഷവും റൌള്‍കാസ്‌ട്രോവിനെ 13 വര്‍ഷവും കഠിന തടവിന് ശിക്ഷിച്ചു.

ബാറ്റിസ്‌റ്റയ്‌ക്കെതിരെ സമരം ചെയ്‌തതിന്റെ പേരില്‍ തുറുങ്കിലടക്കപ്പെട്ട നൂറുകണക്കിന് രാഷ്‌ട്രീയത്തടവുകാരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ശക്തമായ ബഹുജനസമ്മര്‍ദ്ദം രൂപപ്പെട്ടതിനെത്തുടര്‍ന്ന് 1955 ല്‍ കാസ്‌ട്രോ സഹോദരന്‍മാര്‍ ജയില്‍മോചിതരായി. മെൿസിക്കോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്യൂബന്‍ വിപ്ലവകാരികളോടൊപ്പം ചേരാന്‍ കാസ്‌ട്രോ സഹോദരന്‍മാര്‍ മെൿസികോയിലെത്തി. അവിടെവച്ചാണ് 'വിപ്ളവകാരികളുടെ രാജകുമാരന്‍' ചെ ഗുവേരയെ കണ്ടുമുട്ടുന്നത്. ഇവരുടെ വിപ്ലവ സൌഹൃദം വിമോചന പോരാളികള്‍ക്ക് ഉത്തമമാതൃകയായി ചരിത്രത്തില്‍ സ്ഥാനം പിടിച്ചു.

1956 നവംബര്‍ 1 ന് ഗ്രാന്‍മ എന്ന കപ്പലില്‍ മെൿസിക്കോയില്‍ നിന്ന് പുറപ്പെട്ട വിപ്ലവകാരികള്‍ 1956 ഡിസംബര്‍ 2 ന് ക്യൂബയിലെത്തിയതോടെ വിപ്ലവത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചു. ബാറ്റിസ്‌റ്റയുടെ സൈന്യത്തിന്റെ ആക്രമണത്തെത്തുടര്‍ന്ന് വിപ്ലവസംഘം ചിതറിക്കപ്പെട്ടു. ആക്രമണത്തെ അതിജീവിച്ച ഫിദല്‍ കാസ്‌ട്രോ, റൌല്‍കാസ്‌ട്രോ, ചെഗുവേര, കാമിലോ സിയന്‍ഫ്യൂഗോസ് എന്നിവര്‍ സിയറമീസ്‌ട്രാ പര്‍വ്വതനിരകളിലേക്ക് പിന്‍വാങ്ങി തുടര്‍ച്ചയായി ഗറില്ലായുദ്ധം സംഘടിപ്പിച്ചു. ഇതോടൊപ്പം 'വിപ്ലവ ഡയറൿടറേറ്റ്' എന്ന പേരില്‍ ഒരു സംഘം സായുധരായ വിദ്യാര്‍ത്ഥികള്‍ 1957 മാര്‍ച്ച് 13ന് ബാറ്റിസ്‌റ്റയുടെ കൊട്ടാരം ആക്രമിച്ചു. ഇവരുടെ നേതാവ് ജോസ് അന്തോണിയോ ഷെവേറിയ സംഘട്ടനത്തില്‍ കൊല്ലപ്പെട്ടു. പ്രസ്‌തുത ആക്രമണം ആത്മഹ്യാപരമായ നടപടിയായിരുന്നു. ഇതേത്തുടര്‍ന്ന് ഈ സംഘത്തിലെ വിപ്ലവകാരികള്‍ ഫിദലിന്റെ സംഘത്തില്‍ അണിചേര്‍ന്നു.

സിയറാ മീസ്‌ട്രാ പര്‍വ്വത പ്രദേശത്തും സമീപഗ്രാമങ്ങളിലും ആധിപത്യമുറപ്പിച്ചശേഷം ഫിദലും സംഘവും നഗരങ്ങളിലേക്ക് മാര്‍ച്ചു ചെയ്തു. ചെഗുവേരയും കാമിലോ സിയന്‍ഫ്യൂഗോസും ചേര്‍ന്ന് സാന്റാമരിയ പ്രവിശ്യ പിടിച്ചെടുത്തു. 'ഓപ്പറേഷന്‍ വെറാനോ' എന്ന പേരില്‍ വിപ്ലവകാരികള്‍ക്കെതിരെ ബാറ്റിസ്‌റ്റ നടത്തിയ സൈനിക നീക്കം പരാജയപ്പെട്ടു. 1959 ജനുവരി 2 ന് ഫിദലും സംഘവും സാന്റിയാഗോ ഡി ക്യൂബ പിടിച്ചെടുത്തു. ഇതേ ദിവസം തന്നെ ചെയും സംഘവും ഹവാന പിടിച്ചെടുത്തു.

ഉറ്റ സഖാവായ ചെഗുവേരയോടൊപ്പം നിരവധി സായുധപോരാട്ടങ്ങള്‍ക്ക് ഫിദല്‍ കാസ്‌ട്രോ നേതൃത്വം നല്‍കി. മാർൿസിസ്‌റ്റ് ലെനിനിസ്‌റ്റ് ചിന്തയും പ്രയോഗപദ്ധതിയും ഫിദല്‍-ചെഗുവേരാ സഖ്യത്തിന്റെ സമരമാര്‍ഗ്ഗത്തിന് ആശയപരമായ അടിത്തറ നല്‍കി. എന്നാല്‍ ജനകീയ ജനാധിപത്യവിപ്ലവമെന്ന' കാഴ്ചപ്പാടിന്റെ സ്ഥാനത്ത് ഗറില്ലാ പോരാട്ടത്തിലൂടെ അധികാരം പിടിച്ചെടുക്കുക എന്ന തന്ത്രമാണ് ഫിദലും ചെഗുവേരയും സ്വീകരിച്ചത്. അമേരിക്കയുടെ സാമ്പത്തിക സൈനിക രാഷ്‌ട്രീയാധിപത്യത്തിന്‍ കീഴില്‍ ഭരണം നടത്തിയിരുന്ന ബാറ്റിസ്‌റ്റയുടെ സാമന്ത ഭരണകൂടത്തിനെതിരെ ലാറ്റിനമേരിക്കയുടെ വിമോചകന്‍ സൈമണ്‍ ബൊളിവറുടെ സമരതന്ത്രവും കമ്യൂണിസ്‌റ്റ് വിപ്ലവ തന്ത്രവും സംയോജിപ്പിച്ച് ഒരു പുതിയ സമരമാര്‍ഗ്ഗം രൂപപ്പെടുത്തുകയായിരുന്നു ഫിദലും സഖാക്കളും.

ബാറ്റിസ്‌റ്റയെ പുറത്താക്കിയ 1959 ലെ വിമോചന ഗറില്ലാ യുദ്ധത്തില്‍ ഔദ്യോഗിക ക്യൂബന്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടി പങ്കെടുത്തിരുന്നില്ല. എങ്കിലും അധികാരം പിടിച്ചെടുത്തതിനുശേഷം മാർ‌ൿസിസം- ലെനിനിസം അംഗീകരിക്കുന്ന വിവിധ വിപ്ലവ ഗ്രൂപ്പുകളെ കൂട്ടിച്ചേര്‍ത്ത് 1961 ജൂലൈ മാസത്തില്‍ ഫിദല്‍ 'സംയോജിത വിപ്ലവ സംഘട' (ഐ ആര്‍ ഒ) രൂപീകരിച്ചു. ബ്ലോസ് റോക നേതൃത്വം നല്‍കുന്ന പീപ്പിള്‍സ് സോഷ്യലിസ്‌റ്റ് പാര്‍ട്ടി (പഴയ കമ്യൂണിസ്‌റ്റ് പാര്‍ട്ടി) ഫെയര്‍ ചോമണ്‍ നയിക്കുന്ന വിപ്ലവ ഡയറൿടറേറ്റ്, ഫിദല്‍ നേതൃത്വം നല്‍കുന്ന '26 ജൂലായ് വിപ്ലവപ്രസ്ഥാനം' എന്നിവയാണ് ലയിച്ചു ചേര്‍ന്നത്,. 1962 ഒൿടോബര്‍ 3 ന് പ്രസ്‌തുത പാര്‍ട്ടി കമ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ക്യൂബ' യായിത്തീര്‍ന്നു. ഫിദല്‍ കാസ്‌ട്രോ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ പ്രഥമ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

സോഷ്യലിസ്‌റ്റ് പാതയില്‍ ക്യൂബയില്‍ മുന്നേറ്റം അത്ഭുതാവഹമായിരുന്നു. അമേരിക്കയുടെ മൂക്കിനുതാഴെ ഒരു 'കമ്യൂണിസ്‌റ്റ് തുരുത്ത് ' അവരുടെ ധാർഷ്‌ട്യത്തിനും അഹങ്കാരത്തിനും നേരെയുള്ള ചോദ്യചിഹ്നമായിരുന്നു. അതുകൊണ്ടുതന്നെ 1959 ല്‍ തുടങ്ങി ഇന്നുവരെ ക്യൂബയ്‌ക്കെതിരെ അമേരിക്കന്‍ ഉപരോധം തുടര്‍ന്നുവരികയാണ്. ലോകത്തെമ്പാടുമുള്ള കമ്യൂണിസ്‌റ്റുകാരും ജനാധിപത്യവാദികളും മനുഷ്യാവകാശപ്രവര്‍ത്തകരും ലിബറല്‍ ചിന്താഗതിക്കാരും ബുദ്ധിജീവികളുമൊക്കെ ഒന്നടങ്കം എതിര്‍ത്തിട്ടും ക്യൂബയെ 'ശ്വാസംമുട്ടിച്ചുകൊല്ലുക' എന്ന കാടന്‍ തന്ത്രത്തില്‍ നിന്നും പിന്തിരിയാന്‍ അമേരിക്ക തയ്യാറായിട്ടില്ല.

ലോകത്തിലെ ഏറ്റവും വലിയ സൈനിക സാമ്പത്തിക ശക്തിയായ അമേരിക്കയുടെ ഒളിയുദ്ധത്തേയും നേരിട്ടുള്ള ആക്രമണങ്ങളേയും ക്യൂബ അതിജീവിച്ചു എന്നത് കഴിഞ്ഞ നൂറ്റാണ്ടിലെ അത്ഭുതങ്ങളിലൊന്നാണ്. ക്യൂബന്‍ വിപ്ലവത്തെ തകര്‍ക്കാന്‍ അമേരിക്കന്‍ സി ഐ എ പരിശീലിപ്പിച്ചയച്ച വിമതരുടെ സംഘത്തെ ക്യൂബന്‍ സൈന്യം പരാജയപ്പെടുത്തി. 'ബേ ഓഫ് പിഗ്‌സ് ആക്രമണം' എന്ന പേരിലറിയപ്പെട്ട പ്രസ്‌തുത യുദ്ധം 'സാഗരഭീകരതയുടെ' ആദ്യകാല മാതൃകയാണ്. സി ഐ എ പരിശീലിപ്പിച്ച വിമതര്‍ കടല്‍മാര്‍ഗ്ഗം ക്യൂബയിലെത്തി വിപ്ലവ ഗവണ്‍മെന്റിനെ അട്ടിമറിക്കാനാണ് ശ്രമിച്ചത്. മുംബൈ ഭീകര ആക്രമണത്തില്‍ പാക്കിസ്ഥാന്റെ സ്ഥാനമാണ് ബേ ഓഫ് പിഗ്‌സ് യുദ്ധത്തില്‍ അമേരിക്ക വഹിച്ചത്. ഭീകരവാദികളുടെ സാഗരഭീകരതയും സാമ്രാജ്യത്വസംഭാവനയാണെന്ന കാര്യം ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. 1962 ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി സമാധാനപരമായി പരിഹരിക്കപ്പെട്ടതോടെ അമേരിക്കയില്‍ നിന്നുള്ള സൈനിക ഇടപെടലിന്റെ സാധ്യതകള്‍ ഇല്ലാതായി. തുടര്‍ന്ന് സോവിയറ്റ് യൂണിയന്റെ കലവറയില്ലാത്ത സഹായങ്ങളുടെ ബലത്തില്‍ അമേരിക്കന്‍ സാമ്പത്തിക ഉപരോധത്തെ മറികടക്കാന്‍ ക്യൂബയ്‌ക്ക് കഴിഞ്ഞു.

ക്യൂബന്‍ ജനതയെ മുഴുവന്‍ വിശ്വാസത്തിലെടുത്തുകൊണ്ടും ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തിയുമാണ് ക്യൂബന്‍ സോഷ്യലിസ്‌റ്റ് നിര്‍മ്മാണ പ്രക്രിയ നടത്തിയത്. സ്‌കൂള്‍ തല വിദ്യാഭ്യാസം എല്ലാവര്‍ക്കും സൌജന്യമായി നല്‍കാന്‍ സ്‌റ്റേറ്റിന് കഴിഞ്ഞു. വികസിത രാജ്യങ്ങളുടേതിനുതുല്യമായ നിലവാരത്തിലുള്ള പൊതുജനാരോഗ്യസംവിധാനം ഏര്‍പ്പെടുത്താന്‍ ക്യൂബയ്‌ക്ക് സാധിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് സ്വയം പര്യാപ്‌തത നേടാനും എല്ലാവര്‍ക്കും ചുരുങ്ങിയ ചെലവില്‍ ചികിത്സ നല്‍കുവാനും കഴിയുന്നുണ്ട്. പ്രകൃതി ക്ഷോഭങ്ങളെ നേരിടാന്‍ ഫലപ്രദമായ സംവിധാനങ്ങളാണ് ക്യൂബയ്‌ക്കുള്ളത്. 2005 ലെ കത്രിനകൊടുങ്കാറ്റില്‍ അമേരിക്കന്‍ ദുരന്ത നിവാരണസംവിധാനങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ക്യൂബയുടെ മനേജ്‌മെന്റ് സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിച്ച് ലോകത്തിന്റെ കൈയ്യടി നേടി. ദാരിദ്ര്യം വലിയൊരളവുവരെ ഇല്ലാതാക്കാനും കാര്‍ഷിക മേഖലയില്‍ വന്‍ ഉത്പാദന വളര്‍ച്ച നേടാനും ക്യൂബയ്‌ക്ക് കഴിഞ്ഞു. അമേരിക്കയുടെ എണ്ണ ഉപരോധത്തെ സൈക്കിള്‍ ഉപയോഗിച്ച് മറികടന്ന ക്യൂബന്‍ ജനതയുടെ രാഷ്‌ട്രീയ ഇച്ഛാശക്തി ശ്രദ്ധേയമാണ്. കായികരംഗത്ത് വന്‍ മുന്നേറ്റങ്ങളുണ്ടാക്കാന്‍ ക്യൂബയ്‌ക്ക് കഴിയുന്നുണ്ട്.

പരിമിതമായ പ്രകൃതി വിഭവങ്ങളും സാങ്കേതികവിദ്യയും കൈമുതലായുള്ള ഒരു കോടിയോളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കൊച്ചുക്യൂബ സാമൂഹ്യസുരക്ഷാരംഗത്തും സാമ്പത്തികവളര്‍ച്ചയുടെ കാര്യത്തിലും മറ്റ് മൂന്നാം ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അസൂയാവഹമായ നേട്ടങ്ങളാണ് കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ കൈവരിച്ചത്. ക്യൂബയുടെ ഏറ്റവും വലിയ നേട്ടം സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്‌റ്റ് ബ്ളോക്കിന്റെയും തകര്‍ച്ചയ്‌ക്കു ശേഷവും സോഷ്യലിസ്‌റ്റ് വ്യവസ്ഥ' നിലനിര്‍ത്താനും സാമ്പത്തിക പുരോഗതി നേടാനും കഴിഞ്ഞു എന്നതാണ്. ആപത്ഘട്ടത്തില്‍ ക്യൂബന്‍ ജനതയെ ഒറ്റക്കെട്ടായി അണിനിരത്താന്‍ ഫിദലിനും കമ്യൂണിസ്‌റ്റ് പാര്‍ട്ടിക്കും കഴിഞ്ഞതാണ് ഈ നേട്ടത്തിന്റെ കാരണം. "ലോകം എത്രമാത്രം വലത്തോട്ടുപോകുന്നുവോ അത്രമാത്രം ഞാന്‍ ഇടത്തോട്ടു പോകും'' എന്ന് പ്രഖ്യാപിച്ചുകൊണ്ട് സോഷ്യലിസത്തില്‍ അടിയുറച്ചുനില്‍ക്കാന്‍ ഫിദലിനു കഴിഞ്ഞു.

റഷ്യയും ചൈനയുമടക്കം നിശബ്‌ദത പാലിച്ചപ്പോഴും അമേരിക്കയുടെ അധിനിവേശങ്ങളെ തുറന്നെതിര്‍ക്കാനും ക്യൂബ തയ്യാറായി. അമേരിക്കയുടെ സമഗ്രാധിപത്യത്തിന്റെയും ഏകധ്രുവ ലോകത്തിന്റെയും സമകാലീന പശ്ചാത്തലത്തില്‍ മധ്യഅമേരിക്കയും ലാറ്റിനമേരിക്കയും ചുവക്കുന്നത് ക്യൂബയില്‍ നിന്ന് പ്രസരിക്കുന്ന രക്തകിരണങ്ങളേറ്റാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ശക്തനായ എതിരാളി ഹ്യൂഗോ ഷാവേസിന്റെ ആശയങ്ങളുടെ ഉറവിടം ഫിദല്‍കാസ്‌ട്രോയാണ്. കാസ്‌ട്രോ-ഷാവേസ് സഖ്യമാണ് തെക്കെ അമേരിക്കയില്‍ നടക്കുന്ന 'ഇടതുപക്ഷ' വിപ്ലവങ്ങളുടെ മുഖ്യചാലകശക്തി. ഫിദലിന്റെ വ്യക്തിപ്രഭാവവും നിശ്ചയദാര്‍ഢ്യവും രാഷ്‌ട്രീയ ഇച്ഛാശക്തിയും മധ്യ തെക്കെ അമേരിക്കയില്‍ ലക്ഷക്കണക്കിനാളുകളെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിലേക്ക് നയിക്കുകയാണ്. ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ ജനകീയ വിപ്ലവങ്ങളുടെ പ്രഭവകേന്ദ്രമായി ഫിദലും ക്യൂബയും മാറിയിരിക്കുന്നുവെന്നത് അത്ഭുതകരമാണ്.

ഏതാനും വിപ്ലവകാരികള്‍ ചേര്‍ന്ന് നടത്തിയ ഒരു വിജയകരമായ അട്ടിമറിയായിരുന്നു 1959 ലെ ക്യൂബന്‍ വിപ്ലവം. എന്നാല്‍ അധികാരം പിടിച്ചെടുത്തതിനുശേഷം മാർൿസിസ്‌റ്റ് - ലെനിനിസ്‌റ്റ് പാത സ്വീകരിച്ച് വിപ്ലവത്തെ ജനകീയവത്ക്കരിച്ചതാണ് ക്യൂബയുടെ വിജയരഹസ്യം. ക്യൂബയിലെ കത്തോലിക്കാ വിശ്വാസികളടക്കമുള്ള ബഹുഭൂരിപക്ഷത്തിന്റെ പിന്തുണയാര്‍ജ്ജിക്കാനും ബഹുജനങ്ങളെ സോഷ്യലിസ്‌റ്റ് രാഷ്‌ട്ര നിര്‍മ്മാണപ്രക്രിയയില്‍ പങ്കുചേര്‍ക്കാനും കഴിഞ്ഞതിലൂടെ ആന്തരീകമായി ശക്തിപ്പെടുത്താനും വികസനലക്ഷ്യങ്ങള്‍ ഒരു വലിയ അളവോളം പൂര്‍ത്തീകരിക്കുവാനും ക്യൂബയ്‌ക്ക്കഴിഞ്ഞു. നേതൃത്വത്തിന്റെ പ്രത്യയശാസ്‌ത്ര പ്രതിബദ്ധതയും രാഷ്‌ട്രീയ ഇച്ഛാശക്തിയും, ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ടുള്ള വികസന പദ്ധതികളും ഒരു ജനതയുടെ ഉയിര്‍ത്തെഴുന്നേല്പ്പിനും ജനതകളുടെ മോചനത്തിന് ചാലകശക്തിയാകുന്നതിന്റെയും ഉത്തമോദാഹരണമാണ് ക്യൂബന്‍ മാതൃക.

*
ഡോ: പി ജെ വിന്‍സെന്റ്. കടപ്പാട്: യുവധാര

അധിക വായനയ്ക്ക്
50TH ANNIVERSARY OF THE TRIUMPH OF THE REVOLUTION

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ലോകമെമ്പാടുമുള്ള വിപ്ലവകാരികളുടെ സ്വപ്‌നങ്ങളിലെ രക്തനക്ഷത്രമായ കൊച്ചുക്യൂബ ചുവന്നിട്ട് 50 സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. 1953 ജുലായ് 26 ന് മോണ്‍കാഡാ ബാരക്ക് ആക്രമണത്തോടെ ആരംഭിച്ച ക്യൂബന്‍ വിപ്ലവം 1959 ലാണ് അവസാനിക്കുന്നത്. 1959 ജനുവരി 8 ന് ഫിദല്‍ കാസ്‌ട്രോയും സംഘവും ഹവാനയിലെത്തിച്ചേര്‍ന്നതോടെ ക്യൂബന്‍ വിപ്ലവം വിജയം കണ്ടു. തുടര്‍ന്ന് വിപ്ലവ ഗവണ്‍മെന്റിന്റെ നേതൃത്വം ഏറ്റെടുത്ത ഫിദല്‍ കാസ്‌ട്രോ ക്യൂബയുടെ പ്രസിഡന്റ്, കമ്യൂണിസ്‌റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി, സര്‍വ്വ സൈന്യാധിപന്‍ എന്നീ ചുമതലകള്‍ വഹിച്ചുകൊണ്ട് ഏറ്റവുമധികകാലം ജനപിന്തുണ നിലനിര്‍ത്തിക്കൊണ്ട് തുടര്‍ച്ചയായി അധികാരത്തിലിരുന്ന അപൂര്‍വ്വം ഭരണാധികാരികളിലൊരാളായി ലോകചരിത്രത്തില്‍ ഇടം നേടി. കുടല്‍ സംബന്ധമായ അസുഖങ്ങള്‍മൂലം ശസ്‌‌ത്രക്രിയയ്‌ക്കു വിധേയനായതിനെത്തുടര്‍ന്ന് 2006 ജൂലായ് മുതല്‍ അദ്ദേഹം ഭരണപരമായ ചുമതലകളില്‍ നിന്നും മാറി നിൽക്കുകയാണ്.

Anonymous said...

See the Cars Picture. Send our Commis to Cuba let them enjoy