1. സ്വാതന്ത്ര്യ പൂര്‍വ്വ കാലഘട്ടത്തിലെ കാര്‍ഷികപ്രശ്‌നത്തിന്റെ ഉള്ളടക്കം
കൊളോണിയല്‍ കാലഘട്ടത്തിലെ മുഖ്യവൈരുദ്ധ്യം ഇന്ത്യന്‍ ജനതയും, സാമ്രാജ്യത്വവും (അതിന്റെ പ്രാദേശിക കോമ്പ്രഡോര്‍ സഖ്യങ്ങളും) തമ്മിലായിരുന്നെങ്കില്‍ സ്വാതന്ത്ര്യാനന്തരം അത് ചെറുകിട കര്‍ഷക-കര്‍ഷകതൊഴിലാളി സാമാന്യവും ഭൂമിക്കും പണത്തിനും മുകളില്‍ കുത്തകാവകാശം കൈമുതലായുള്ള 'ജന്മി-വ്യാപാരി-കൊള്ളപലിശക്കാര്‍' അച്ചുതണ്ടും തമ്മിലുള്ളതായി രൂപാന്തരപ്പെട്ടു. വാടക, പാട്ടം, കൊള്ളപലിശ മുതലായ രൂപങ്ങളിലാണ് ഈ ചൂഷകവ്യവസ്ഥ പ്രാവര്‍ത്തികമായത്. സാമ്രാജ്യത്വത്തിന് ഒരു രീതിയിലും അന്ത്യം സംഭവിച്ചുവെന്ന് അനുമാനിക്കാന്‍ കഴിയുമായിരുന്നില്ലെങ്കിലും, യുദ്ധാനന്തര കാലഘട്ടത്തിലെ ആഗോളമാന്ദ്യ പരിതസ്ഥിതിയില്‍ അതിന് പിറകോട്ടടി സംഭവിച്ച സാഹചര്യം കൂടിയായിരുന്നു. ഇത്, ലോകത്തിലേക്ക് പൂര്‍ണ്ണമായും തുറന്നുവെച്ച ഒരു സമ്പദ് വ്യവസ്ഥ എന്ന നിലയില്‍ നിന്ന് ആഗോള തൊഴില്‍ വിഭജനഘടനയുമായി സ്വയം വിച്ഛേദിക്കേണ്ട അടിസ്ഥാന സാഹചര്യം ഇന്ത്യയില്‍ രൂപപ്പെടുന്നത് ഇങ്ങനെയാണ്. ഒരു തുറന്ന സമ്പദ്ഘടനയുടെ പ്രധാന സ്വഭാവങ്ങളില്‍ ഒന്നായ നഗരമാത്രമായ വളര്‍ച്ചയില്‍ നിന്ന് വ്യത്യസ്‌തമായി, ഭരണകൂട നേതൃത്വത്തിലുള്ള സംരക്ഷിതമായ ദേശീയ വളര്‍ച്ച എന്ന പരികല്‍പനയുടെ പരീക്ഷണങ്ങള്‍ ഉല്‍ഘാടനം ചെയ്യപ്പെട്ടു. ഇതിലേക്കായി സോഷ്യലിസ്‌റ്റ് ചേരിയുടെ പിന്‍തുണയും ലഭ്യമായി.
മുന്‍പ് സൂചിപ്പിച്ച മുഖ്യവും പ്രാഥമികവുമായ വൈരുദ്ധ്യത്തെ (ജന്മി-വ്യാപാരി-പലിശക്കാരന്‍ അച്ചുതണ്ടും കര്‍ഷക കര്‍ഷകത്തൊഴിലാളി ജനസാമാന്യവും തമ്മിലുള്ളത്) കൈകാര്യം ചെയ്യേണ്ടത്, കാലഘട്ടത്തിന്റെ പ്രധാനപ്പെട്ട സാമൂഹ്യ സാമ്പത്തിക വെല്ലുവിളിയായി ഉയര്‍ന്നുവന്നു. പ്രധാനമായും മൂന്നു തലങ്ങളിലാണ് ഈ മുഖ്യവൈരുദ്ധ്യം അഭിസംബോധന ചെയ്യപ്പെടേണ്ടത്.
i. ജന്മികളുടെ കുത്തകാവകാശത്തില്‍ നിന്ന് കൃഷിഭൂമി മോചിപ്പിച്ച് ഭൂരഹിതര്‍ക്കും, പാവങ്ങള്‍ക്കുമായി ഭൂമി കാര്യക്ഷമമായി പുനര്‍വിതരണം ചെയ്യുക.
ii. കാര്‍ഷിക കോ-ഓപ്പറേറ്റീവുകളുടെ സംഘാടനം വഴി, വായ്‌പാ-വിപണന മേഖലകളിലുള്ള കുത്തകവല്‍ക്കരണത്തെ തകര്‍ക്കുക.
iii. ഉല്‍പ്പാദകനേയും, ഉപഭോക്താവിനേയും നേരിട്ട് ബന്ധിപ്പിക്കുന്ന ലാഭാധിഷ്‌ഠിതമല്ലാത്ത വിപണന സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഇടപെടലുകളില്‍ കൂടി ആവിഷ്‌ക്കരിച്ച് ഇരുവിഭാഗത്തിനും ന്യായവിലകള്‍ ഉറപ്പാക്കുക. വിഭവ ദൌര്‍ലഭ്യം നേരിടുന്ന ഉല്‍പ്പാദകര്‍ക്ക് വായ്‌പാ ലഭ്യത യാഥാര്‍ത്ഥ്യമാക്കുക എന്നത്കൂടി ഈ സര്‍ക്കാര്‍ ഇടപെടലിന്റെ പ്രധാനപ്പെട്ട കടമയായിരുന്നു.
സാമൂഹ്യ സാമ്പത്തിക മണ്ഡലങ്ങളിലെ പ്രധാനപ്പെട്ട അനുബന്ധ വൈരുദ്ധ്യങ്ങളുടെയൊക്കെ പരിഹാരപ്രക്രിയ, ഈ കേന്ദ്രവൈരുദ്ധ്യത്തിന്റെ പരിഹാരവുമായി ഇഴചേര്‍ന്നു കിടന്നിരുന്നു. ഉദാഹരണത്തിന് :
* ഉല്‍പ്പാദനക്ഷമമല്ലാത്ത മിച്ചമൂല്യവ്യവസ്ഥയില്‍നിന്ന് ഉളവാകുന്ന വളര്‍ച്ചാമുരടിപ്പും ഉല്‍പ്പാദന ശക്തികളുടെ പിന്നോക്കാവസ്ഥയും, ഒരു വശത്തും; ഗ്രാമീണ ജനതയുടെ വിശപ്പടക്കുന്നതോടൊപ്പം വ്യവസായ വളര്‍ച്ചക്കാവശ്യമായ 'വേതന വിഭവ'ങ്ങള്‍ സൃഷ്‌ടിക്കാന്‍ തക്കതായ രീതിയില്‍ ഭക്ഷ്യധാന്യങ്ങളുടെ വര്‍ദ്ധിച്ച ഉല്‍പ്പാദനത്തിന്റെയും, വിപണി വളര്‍ച്ചയുടെയും ആവശ്യം മറുവശത്തും.
* അസംസ്‌കൃത വസ്‌തുക്കളുടെ വളര്‍ച്ചയില്ലായ്‌മയ്ക്കിടയിലും കയറ്റുമതി നിലനിറുത്തേണ്ട ആവശ്യം ഒരുവശത്തും, അസംസ്കൃത വിഭവങ്ങള്‍ക്കായുള്ള ആഭ്യന്തരവ്യവസായത്തിന്റെ വര്‍ദ്ധമാനമായ ആവശ്യങ്ങള്‍, മറുവശത്തും.
* ഗ്രാമീണ ഇന്ത്യ ആണ്ടുകിടക്കുന്ന ആഴത്തിലുള്ള ദാരിദ്ര്യവും, തുച്ഛമായ ഭൌതിക ജീവിതാവസ്ഥയും ഒരുവശത്തും, പൊതുജന സാമാന്യത്തിന്റെ വാങ്ങല്‍ശേഷി വര്‍ദ്ധിപ്പിച്ച് ആഭ്യന്തര വിപണി വികസിപ്പിക്കുകയും സ്വയംസജ്ജവും ഈടുനില്‍ക്കുന്നതുമായ വ്യവസായ വളര്‍ച്ചയും വികസനവും പ്രാവര്‍ത്തികമാക്കേണ്ടതിന്റെ ആവശ്യം മറുവശത്തും.
* വിശേഷാല്‍ ഗ്രാമീണ ഇന്ത്യയില്‍ രൂക്ഷമായി നിലനിന്നിരുന്ന ജാതി -വര്‍ഗ്ഗ-ലിംഗ അടിസ്ഥാനത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ ഒരു വശത്തും; എല്ലാത്തരം ഉച്ചനീചത്വങ്ങള്‍ക്കും അതീതമായുള്ള അവസര സമത്വത്തിന്റേതായ മൂല്യപരിപാടിയില്‍ കെട്ടിപ്പടുത്ത ഇന്ത്യന്‍ രാഷ്‌ട്രീയ ഭരണഘടനയുടെ സാമൂഹ്യദര്‍ശനം മറുവശത്തും.
ഈ ഉപവൈരുദ്ധ്യങ്ങളൊക്കെത്തന്നെ, ആദ്യം സൂചിപ്പിച്ച മുഖ്യ വൈരുദ്ധ്യത്തിന്റെ അടിസ്ഥാന ഭൂമികയിലാണ് പല തലങ്ങളില്‍ വേരോടിനില്‍ക്കുന്നത്, എന്നു വ്യക്തമാണ്. മാത്രമല്ല, സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ കാര്‍ഷിക ഘടനയും പരിസ്ഥിതിയും പ്രശ്‌നങ്ങളും എത്രമാത്രം, സാമ്രാജ്യത്വവിരുദ്ധമായ ദേശീയ വികസനം എന്ന പ്രമേയവുമായി ബന്ധപ്പെട്ടുകിടന്നിരുന്നു എന്നും വ്യക്തമാണ്. ന്യൂനപക്ഷം വരുന്ന ഭൂവുടമകളുടെ സാമ്പത്തിക സാമൂഹിക അധീശത്വം തകര്‍ക്കുവാന്‍ പര്യാപ്തമായ തരത്തിലുള്ള ഭൂപരിഷ്‌ക്കരണത്തിന്റെ നിര്‍ണ്ണായകമായ പ്രസക്തി മനസ്സിലാക്കുവാന്‍ അക്കാലത്തെ ഇടതുപക്ഷേതരധാരകളിലെ സംഘടനകള്‍ക്കോ സാമ്പത്തിക ചിന്തകര്‍ക്കോ കഴിയാതെ പോയി.
ഭൂസ്വത്തിന്റെ പുനര്‍വിതരണത്തിലൂടെ മാത്രമെ ഗ്രാമീണ ഉല്‍പ്പാദനത്തിന്റെ വളര്‍ച്ചയും അതുവഴി വ്യവസായി വളര്‍ച്ചക്കാവശ്യമായ ശക്തമായ ഒരാഭ്യന്തര വിപണിയുടെ വ്യാപനവും സാധ്യമാവുകയുള്ളൂ എന്നും ഉള്‍ക്കൊള്ളുവാന്‍ ഇവര്‍ക്കുകഴിഞ്ഞില്ല. ഗ്രാമീണ മുതല്‍മുടക്കിന്റെ സാമൂഹികതലം വളരുമ്പോള്‍ വഴിതുറക്കുന്ന ദാരിദ്ര്യ-നിരക്ഷരതാ നിര്‍മ്മാര്‍ജ്ജനവും അതുവഴി ജാതി-വര്‍ഗ്ഗ-ലിംഗ അധീശത്വങ്ങള്‍ക്ക് എതിരായുള്ള സാമൂഹ്യ ശാക്തീകരണവും, അവബോധ വിപ്ളവവും ഒന്നും തന്നെ, വിഭാവനം ചെയ്യാന്‍ ഇവരുടെ സാമ്പത്തികാസൂത്രണ അജണ്ടകള്‍ക്ക് കഴിയാതെ പോയി. ഇടതുപക്ഷ സ്വാധീനമുള്ള ചില സംസ്ഥാനങ്ങളില്‍ മാത്രമാണ്, പരിമിതികള്‍ക്കുള്ളിലും, ഗുണപരമായ സാമൂഹിക ഫലങ്ങള്‍ക്ക് വഴിയൊരുക്കിയ ഭൂപരിഷ്‌ക്കരണ പ്രക്രിയയകള്‍ സാധ്യമായത്.
നാല്‍പ്പത് വര്‍ഷത്തിലേറെക്കാലം നിലനിന്ന ആസൂത്രിത വികസനം നമ്മുടെ രാജ്യത്തിന് കാമ്പുള്ള പല നേട്ടങ്ങളും നല്‍കിയെങ്കിലും അതിന്റെ ദയനീയ സാമ്പത്തിക സാമൂഹിക പരാജയങ്ങളുടെ മറുപുറം സാക്ഷ്യപ്പെടുത്തുന്നത്, ഈ ആസൂത്രണനയവൈകല്യത്തിന്റെ തുടര്‍ച്ചയെയാണ്. നിര്‍ണ്ണായകമായതോതില്‍ ഗ്രാമീണ കേന്ദ്രീകൃതമായ ദാരിദ്ര്യം കുറച്ചുകൊണ്ടുവരുന്നതിലും ആഭ്യന്തര പൊതുവിപണിയുടെ അനുയോജ്യമായ വികാസം സംഭവിക്കാത്തതിലും, തല്‍ഫലമായി വിദേശമൂലധനത്തിലധിഷ്ഠിതമായ സാമ്പത്തിക വളര്‍ച്ചാസ്രോതസ്സുകളെ ആശ്രയിക്കുന്നതിലും ഒക്കെ, ഈ പരാജയത്തിന്റെ ഉള്ളടക്കം തന്നെ വായിച്ചെടുക്കാവുന്നതാണ്.
70 കളുടെ അന്ത്യത്തോടുകൂടി അന്താരാഷ്‌ട്ര ഫൈനാന്‍സ് മൂലധനം പ്രബലമായി തിരിച്ചുവരുന്നതിന് ഇടയാക്കിയ സാര്‍വ്വദേശീയ സാഹചര്യമുണ്ടായി. മൂന്നാം ലോകരാജ്യങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള സംയുക്ത സാമ്പത്തിക തന്ത്രങ്ങള്‍കൊണ്ട്, സാമ്രാജ്യത്വത്തിന്റെ തന്നെ ആന്തരിക കിടമത്സരങ്ങളെ മറികടക്കുന്ന വികസിത രാഷ്‌ട്രങ്ങളുടെ ഒരു രാഷ്‌ട്രീയ ഐക്യം സ്ഥാപിച്ചെടുക്കാന്‍, അന്താരാഷ്‌ട്ര മൂലധന ശക്തികള്‍ക്ക് സാധിച്ചു. ഐ.എം.എഫും, വേള്‍ഡ് ബാങ്കും അടക്കമുള്ള സ്ഥാപനങ്ങളെ ഈ ലക്ഷ്യത്തിലേക്കായി വിധ്വംസകമായി ഉപയോഗപ്പെടുത്താനും സോവിയറ്റ് യൂണിയന്റെ പതനത്തോടുകൂടി, മൂന്നാം ലോകരാജ്യങ്ങളുടെ പുനഃകോളനിവല്‍ക്കരണത്തിന് സജ്ജമായ പ്രായപൂര്‍ത്തിയിലേക്ക് പുത്തന്‍ സാമ്രാജ്യത്വത്തെ പരുവപ്പെടുത്തുന്നതിലും, സാര്‍വ്വദേശീയ മൂലധനശക്തികള്‍ വിജയിച്ചു. പല ചെറുരാജ്യങ്ങളുടേയും മേല്‍ സാമ്പത്തികമായ പുനരധിവേശം സാധ്യമാക്കാന്‍, ഇതിനകം ഈ സാമ്പത്തിക ശക്തികള്‍ വിജയിച്ചുകഴിഞ്ഞു.
ഇന്ത്യയിലാകട്ടെ, വികസന സംബന്ധമായ എല്ലാ ചര്‍ച്ചകളെയും സംവാദങ്ങളെയും പൊതുജനങ്ങളുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളില്‍നിന്ന് അടര്‍ത്തിമാറ്റി, വമ്പിച്ച നാഗരികമാതൃകകളിലേക്ക് പരിമിതപ്പെടുത്തുകയാണ് പുത്തന്‍ അധിനിവേശ പ്രത്യയശാസ്‌ത്രം ചെയ്യുന്നത്. തൊഴിലിന്റേയും, ഉപജീവനത്തിന്റേയും ആരോഗ്യത്തിന്റേയും, ജീവസന്ധാരണത്തിന്റെയും ഒക്കെ പൊതുസൂചികകള്‍ വമ്പിച്ച തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. പക്ഷെ മുതലാളിത്തത്തെ പിടികൂടിയിരിക്കുന്ന ആനുകാലികപ്രതിസന്ധി, പുത്തന്‍ സാമ്രാജ്യത്വ അജണ്ടയെ ചെറുക്കാന്‍ പുതിയ സാധ്യതകള്‍ക്ക് ഇപ്പോള്‍ വഴി തുറന്നിരിക്കുകയാണ്.
2. ആഗോള സാമ്പത്തിക തകര്‍ച്ചയും മാന്ദ്യവും
വികസിത രാഷ്‌ട്രങ്ങളില്‍ കഴിഞ്ഞ നാലുമാസമായുള്ള സംഭവങ്ങള്‍ മുതലാളിത്തത്തിന്റെ സഹജമായ അധഃപതനത്തെയും അഴുകലിനേയും ആണ് സാക്ഷ്യപ്പെടുത്തുന്നത്. മുതലാളിത്തത്തിന്റെ ഈറ്റില്ലമായ അമേരിക്കയില്‍ തന്നെ അതിന്റെ ആന്തരികമായ യുക്തിയോ, യുക്തിയില്ലായ്‌മയോ ചോദ്യം ചെയ്യപ്പെടുകയാണ്. സബ് പ്രൈം പണയസമ്പ്രദായത്തിന്റേയും അതിന്റെ വിപണിഘടനയുടേയും സമ്പൂര്‍ണ്ണമായ തകര്‍ച്ചയിലാരംഭിച്ച് ലോകം മൊത്തം വ്യാപിച്ചിരക്കുന്ന ആഗോള സാമ്പത്തിക മാന്ദ്യമാണ് മുതലാളിത്തത്തെ മുമ്പൊന്നുമില്ലാത്ത തരത്തില്‍ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. ഏകദേശം 2.3 ദശലക്ഷം അമേരിക്കന്‍ കുടുംബങ്ങള്‍ (ഫലത്തില്‍ 10 ദശലക്ഷം പേരെങ്കിലും) ജപ്‌തിയുടേയും പാര്‍പ്പിട നഷ്‌ടത്തിന്റേയും പ്രതിസന്ധിയാണ് 2009 ല്‍ മറികടക്കേണ്ടത്. ഇതില്‍ വലിയൊരു വിഭാഗം അവരുടെ പെന്‍ഷന്‍ തുകയോ മറ്റു സമ്പാദ്യങ്ങളോ നഷ്‌ടപ്പെടുത്തിക്കഴിഞ്ഞു.
ധനകാര്യപ്രതിസന്ധി അടിസ്ഥാന സമ്പദ് ഘടനയിലേക്ക് അരിച്ചുകയറവേ, തൊഴിലില്ലായ്‌മ നാള്‍ക്കുനാള്‍ അതിവേഗം വര്‍ദ്ധിക്കുന്നു. ഈ പ്രതിസന്ധിക്ക് കാരണക്കാരായ സ്വകാര്യ ബാങ്കിങ് സ്ഥാപനങ്ങളേയും ഇന്‍ഷൂറന്‍സ് കമ്പനികളേയും തന്നെ വീണ്ടും കരകയറ്റാന്‍, നികുതിദായകരുടെ ബില്ല്യന്‍ കണക്കിനു ഡോളറുകള്‍ വിനിയോഗിക്കുന്ന ഭരണകൂടവ്യവസ്ഥക്കെതിരെ ശരാശരി അമേരിക്കന്‍ പൌരന്റെ ധാര്‍മ്മികരോഷം ആളിക്കത്തുകയാണ്. സമ്പദ് ഘടനയിലുള്ള വിശ്വാസം പരിപൂര്‍ണ്ണമായും അപ്രത്യക്ഷമായിരിക്കുന്ന സ്‌തംഭനാവസ്ഥയില്‍, ബാങ്കുകള്‍ തമ്മിലുള്ള ക്രയവിക്രയങ്ങളും, പൊതുഉപഭോഗം വഴിക്കുള്ള വിപണിയുടെ ശ്വാസോച്ഛ്വാസവും ദിനംപ്രതി ശുഷ്‌ക്കിച്ചുകൊണ്ടേയിരിക്കുന്നു. കൃത്രിമമായ ലാഭക്കണക്കുകള്‍ ഉയര്‍ത്തിക്കാട്ടി, ആദ്യമൊക്കെ വമ്പിച്ച ആദായം വിതരണം ചെയ്യുകയും, സാഹസികമായി പൊതുനിക്ഷേപം അമ്മാനമാടുകയും ചെയ്ത ഫിനാന്‍സ് കമ്പനികളുടെ ക്രിമിനല്‍ ചെയ്തികള്‍, കുമിളയുടെ തകര്‍ച്ചയോടുകൂടി അനിവാര്യമായി വഴിമുട്ടിയപ്പോൾ, വെള്ളത്തിലായത് ഒരു മുഴുവന്‍ പൊതുസമൂഹത്തിന്റേയും സഞ്ചിത സമ്പാദ്യമാണ്.
വമ്പന്‍ ആസ്‌തികൂമ്പാരങ്ങള്‍ സമാനമായി കൈകാര്യം ചെയ്‌തിരുന്ന യൂറോപ്യന്‍ ബാങ്കുകളേയും സ്ഥാപനങ്ങളേയും ഇല്ലായ്‌മയില്‍ നിന്ന് മോചിപ്പിച്ച് നിര്‍ത്തുന്നത് പൊതുഖജനാവില്‍ നിന്നുള്ള പണസഹായങ്ങളും ദേശസാല്‍ക്കരണ നടപടിക്രമങ്ങളും ഒക്കെയാണ്. സാമ്പത്തിക ആസ്‌തികളുടെ നടത്തിപ്പില്‍ തങ്ങളുടെ അമേരിക്കന്‍ മാതൃകകളുടെ അവിശുദ്ധ സ്വഭാവത്തില്‍ നിന്ന് ഒട്ടും പുറകിലല്ലെന്ന് ഒരു പ്രമുഖ ഐ.ടി. കമ്പനിയടക്കമുള്ള ഇന്ത്യന്‍ കോര്‍പറേറ്റ് കുത്തകകളും തെളിയിച്ചുതുടങ്ങിയിരിക്കുന്നു.
വിപണിയിലധിഷ്‌ഠിതവും ലാഭമാത്രമായ ചാലകങ്ങള്‍ കൊണ്ട് നിര്‍ണ്ണയിക്കപ്പെടുന്നതുമായ ഏതൊരു സമ്പദ് ഘടനക്കും ഇത്തരം പ്രതിസന്ധികള്‍ അനിവാര്യമായ ഭാഗധേയമാണ്. തൊഴിലാളികളുടെ ഉപജീവനത്തേയും, സമ്പാദ്യത്തേയും മാത്രമല്ല, തൊഴില്‍ സേനയുടെ വലുപ്പത്തെതന്നെയും, ക്രമാനുഗതമായി ചുരുക്കിനിര്‍ത്തി, ലാഭത്തെമാത്രം ആത്യന്തിക ലക്ഷ്യമായി നിര്‍ണ്ണയപ്പെടുത്തുന്ന മുതലാളിത്ത ഉല്‍പ്പാദകന്‍, അവന്റെ സ്വന്തം വിപണിയുടെ തന്നെ ദീര്‍ഘകാല ആരോഗ്യത്തെയും, ഈടുനില്‍പ്പിനേയും തുരങ്കം വെക്കുകയാണ് ചെയ്യുന്നത്.
ഫൈനാന്‍സ് മൂലധനം സാരഥ്യം വഹിക്കുന്ന പൊതു സാമ്പത്തിക മണ്ഡലത്തിലാണെങ്കില്‍ കൂടുതല്‍ ഗുരുതരമായ സ്ഥിതിവിശേഷമാണ് ചെറുകിട ഉല്‍പ്പാദകരും, തൊഴിലാളികളും നേരിടുന്നത്. യഥാര്‍ത്ഥ ചരക്കുല്‍പ്പാദനവുമായി ബന്ധമില്ലാത്ത, പണം കൊണ്ടുതന്നെ പണം കൊയ്യുന്ന ഊഹക്കച്ചവട'ലാഭ'ഘടനയാണ് ഫിനാന്‍സ് മൂലധന ഏജന്‍സികള്‍ക്കുള്ളത്. കൈകാര്യം ചെയ്യുന്ന ആസ്തികളുടെ ഭീമമായ അളവും വ്യാപ്‌തിയും കാരണം, ഒരു വര്‍ഗ്ഗമെന്ന നിലയില്‍ നിര്‍ണ്ണായകവും പ്രബലവുമായ സ്വാധീനം ഇവര്‍ക്ക് ഗവണ്‍മെന്റ്- കോര്‍പ്പറേറ്റ് മേഖലകളില്‍ ലഭിക്കുകയും ചെയ്യുന്നു. സാമ്പത്തിക നയരൂപീകരണം നടത്തുന്ന ഉയര്‍ന്ന സര്‍ക്കാര്‍തല പ്രഭൃതികള്‍ക്ക് സ്വകാര്യ കോര്‍പ്പറേഷന്‍ ബോര്‍ഡുകളില്‍ സേവനം നടത്തിയ ഒരു ഭൂതകാലം ഉണ്ടാവുന്നത്, വികസിത മുതലാളിത്ത രാജ്യങ്ങളില്‍ അതിസാധാരണമാണ്. എന്നാല്‍ ഒരു പടികൂടി കടന്ന്, അമേരിക്കന്‍ പ്രസിഡന്റുകള്‍ക്കാകട്ടെ, ബാങ്കിങ്ങ്-ആയുധവ്യവസായം-ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലെ വന്‍പണശക്തികളുമായി ആഴത്തിലുള്ള ചാര്‍ച്ചകളാണുള്ളത്.
എന്തുകൊണ്ടാണ് തൊഴിലാളികളുടേയും ചെറുകിട ഉല്‍പ്പാദകരുടേയും താല്‍പര്യങ്ങള്‍, ഫിനാന്‍സ് മൂലധനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാകുന്നത് ?
ഫിനാന്‍സുകാരുടെ വരുമാനം ഉത്പാദനത്തിലൂടെയുള്ള ലാഭമല്ല, മറിച്ച് കടം കൊടുക്കുന്ന വായ്‌പയില്‍ നിന്നുള്ള പലിശയാണ്. വായ്‌പ-ഉപഭോക്താക്കളായ ഉത്പാദകരെ സംബന്ധിച്ചിടത്തോളം വിലക്കയറ്റം ഉണ്ടാവുകയും, തദനുസൃതമായി അവര്‍ നല്‍കുന്ന യഥാര്‍ത്ഥപലിശയുടെ കുറയലുമാണ് അഭികാമ്യവും അനുകൂലവുമായ സാമ്പത്തിക സാഹചര്യമൊരുക്കുന്നത്. മറിച്ച്, വായ്‌പ നല്‍കുന്ന ഫിനാന്‍സ് സ്രോതസ്സിനെ സംബന്ധിച്ചിടത്തോളം വിലകുറയലാണ് അഭികാമ്യമായ അവസ്ഥ. ഫൈനാന്‍സ് മൂലധന ശക്തികള്‍ എല്ലാകാലങ്ങളിലും ശ്രമിച്ചിട്ടുള്ളത്, വിലക്കയറ്റനിരക്ക് പൂജ്യമോ നാമമാത്രമോ ആയി നിലനിര്‍ത്തുകയും, അതുവഴി അവരുടെ സാമ്പത്തിക ആസ്‌തികളുടെ യഥാര്‍ത്ഥ്യമൂല്യം അതേപടി നിലനിര്‍ത്തുവാനോ അതിവേഗം ഇരട്ടിപ്പിക്കുവാനോ ആണ്.
ഫിനാന്‍സ് ലോബികളുടെ നിയന്ത്രണത്തിലുള്ള ഭരണകൂടങ്ങള്‍ അതുകൊണ്ടാണ് വിലക്കയറ്റ നിയന്ത്രണ നയങ്ങളെ യാന്ത്രികമായി പിന്‍പറ്റുകയും അതിനുവേണ്ടി, തൊഴില്‍ വളര്‍ച്ചയേയും ഉപഭോഗവികാസത്തേയും പോലും വിപരീതമായി സ്വാധീനിക്കുന്ന തീവ്രധനകാര്യ-സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നത്. ഭൌതിക ഉത്പാദന വളര്‍ച്ചയെ കടിഞ്ഞാണിടുകയും, ഉത്പാദന നിരപേക്ഷമായ ഫൈനാന്‍സ് മേഖലകളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. കാലക്രമേണ, അതിവേഗം മുരടിച്ചുകൊണ്ടിരിക്കുന്ന ഭൌതിക ഉത്പാദന വ്യവസ്ഥയുടെ തന്നെ സാമ്പത്തിക മിച്ചം കൂടുതലായി കൈവശപ്പെടുത്താന്‍ ഈ പരാഹ്നഭോജിവര്‍ഗ്ഗത്തിന് സാധിക്കുന്നു. സ്വഭാവികമായും, ഭൌതികോത്പാദനം രംഗത്തെ തൊഴില്‍സേനയുടെ ഉപജീവനനിലവാരത്തെ തകര്‍ത്തുകൊണ്ടും, അങ്ങനെ അവരുടെ സമ്പാദ്യശേഷിയേയും, വാങ്ങല്‍ ശേഷിയേയും ശ്വാസംമുട്ടിച്ചുകൊണ്ടായിരിക്കും ഈ കൊള്ളയടിക്കല്‍ നടക്കുന്നത്. ഇന്ത്യയില്‍ തന്നെ ഭൌതികോല്‍പ്പാദനം മുരടിച്ച പരിഷ്‌ക്കരണ കാലഘട്ടത്തില്‍ പരാഹ്നമേഖല എങ്ങനെ അഭൂതപൂര്‍വ്വമായി വളര്‍ന്നുവെന്ന് 1(എ), 1 (ബി) എന്നീ ചാര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഗ്രാമത്തിലെ ഹുണ്ടികപലിശക്കാരന്‍ തടിച്ചുകൊഴുക്കുന്നത് കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടവരുടെ സമ്പാദ്യവും വസ്‌തുവകകളും കൊള്ളയടിച്ച് അവരുടെ ജീവിതപരിസരം തകർത്തു കൊണ്ടാണെങ്കില്‍, കൂടുതല്‍ വിശാലമായ വിതാനത്തില്‍, ആധുനിക മുതലാളിത്തത്തിന്റെ ഫിനാന്‍സ് മൂലധനപ്രോത്സാഹകമായ സാമ്പത്തിക നയങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുന്നത്, ഭൌതിക ഉല്‍പ്പാദന മണ്ഡലങ്ങളിലെ മിച്ചമൂല്യ ഉല്‍പ്പാദകരുടെ ജീവിതസാഹചര്യങ്ങളെ തകര്‍ത്തുകൊണ്ടും; ശോഷിക്കുന്ന ഉല്‍പ്പാദന മിച്ചത്തിന്റേയും, വര്‍ദ്ധിക്കുന്ന തൊഴിലില്ലായ്‌മയുടേയും ചിലവില്‍, അയഥാര്‍ത്ഥമായ സേവനമേഖലകള്‍ക്ക് ലാഭവും വളര്‍ച്ചയും ഉറപ്പുവരുത്തിക്കൊണ്ടും ആണ്.
എന്നാല്‍ ഗ്രാമീണ പലിശക്കാരനെ അപേക്ഷിച്ച്, ആഗോളഫിനാന്‍സ് ഏജന്‍സികള്‍ എത്രയോ തവണ കൂടുതല്‍ ശക്തരും സാര്‍വ്വദേശീയ ഫിനാന്‍സ് സ്ഥാപനങ്ങളിലൂടെ ആഗോള സാമ്പത്തിക നയങ്ങളേയും പ്രവര്‍ത്തന ക്രമങ്ങളിലേയും ഒട്ടാകെ വരുതിയില്‍ നിര്‍ത്തുന്നവരുമാണ്. നിര്‍ഭാഗ്യവശാല്‍ ട്രേഡ് യൂണിയന്‍ രംഗത്തെ ചില തൊഴിലാളികൾ എങ്കിലും ഈ നയങ്ങളുടെ സമഗ്രമായ ജനവിരുദ്ധ ഉള്ളടക്കം പലപ്പോഴും തരിച്ചറിയാതിരിക്കുകയും, നിയന്ത്രിതമായ വിലക്കയറ്റം മൂലം വേതന വര്‍ഗ്ഗങ്ങള്‍ക്ക് ലഭിക്കുന്ന താല്‍ക്കാലിക സമൃദ്ധിയില്‍ വശംവദരായി, തൊഴില്‍ വളര്‍ച്ച-വ്യാവസായിക മുരടിപ്പിന്റേതായ ഭീഷണമായ വലിയ ചിത്രം കാണാതെ പോകയും ചെയ്യുന്നു.
പൊതുകാര്യ ചിലവുകളുടെ ചുരുക്കപ്പെടുത്തലും ( കോൺട്രാൿഷൻ)സംരക്ഷിത സമ്പദ് ഘടനകളുടെ തുറന്നിടലുമാണ് ഫിനാന്‍സ് മൂലധന പ്രത്യയശാസ്‌ത്രത്തിന്റെ സുപ്രധാനമായ ഇരട്ടത്തൂണുകള്‍. മഹായുദ്ധങ്ങള്‍ക്കിടയിലുള്ള കാലഘട്ടത്തില്‍ ലോകമൊട്ടുക്കുമുള്ള മുതലാളിത്ത രാജ്യങ്ങളിലും അവയുടെ കോളനികളിലും കാര്‍ഷികപ്രശ്‌നം അഭിസംബോധന ചെയ്യപ്പെട്ടത്, 20കളുടെ മധ്യം മുതല്‍ പൊതുചിലവുകള്‍ പരിമിതപ്പെടുത്തിയും ആഗോള വിലസൂചികയിലും ഉത്പാദനത്തിലും നിരന്തരമായ ലോപി (deflation)ക്കല്‍ ഉറപ്പുവരുത്തുകയും ചെയ്തുകൊണ്ടാണ്. (സോവിയറ്റ് യൂണിയനില്‍ മാത്രം സോഷ്യലിസ്റ്റ് ആസൂത്രണത്തിന്റെ അടിസ്ഥാനത്തിലുള്ള ഉത്പാദന വളര്‍ച്ച ഇതേ കാലഘട്ടത്തില്‍ കാണാറായി.) ഇതിനിടയില്‍ ഫിനാന്‍ഷ്യല്‍ മേഖലയിലെ ഊഹക്കച്ചവടം അഭിവൃദ്ധിപ്പെടുകയും സ്‌റ്റോക്ക്മാര്‍ക്കറ്റുകള്‍ അഭൂതപൂര്‍വ്വമായ ഉയരങ്ങളിലേക്ക് കുതിക്കുകയും ഒടുവില്‍ 1929 ലെ വമ്പിച്ച തകര്‍ച്ചയില്‍ പര്യവസാനിക്കുകയും ചെയ്തു. 'മഹത്തായ മാന്ദ്യം' (great depression) എന്നു ഇപ്പോള്‍ വിശേഷിപ്പിക്കപ്പെടുന്ന ആ ചരിത്ര കാലയളവിലാണ് ലോകമെമ്പാടും വമ്പിച്ച ഉത്പാദന മുരടിപ്പ് നേരിടുകയും, നാലിലൊന്നു വരുന്ന ആഗോളതൊഴിലാളി വര്‍ഗ്ഗം തൊഴില്‍രഹിതരാവുകയും, അതേ അനുപാതത്തിലുള്ള ഉത്പാദനശേഷി സ്തംഭിക്കുകയും, 1933-നോടു കൂടി സാര്‍വ്വദേശീയ വാണിജ്യം 1929 ന്റെ നിലവാരത്തില്‍നിന്ന് മൂന്നിലൊന്നായി ചുരുങ്ങുകയും, ഒക്കെ ഉണ്ടായത്.
തീര്‍ത്തും ശുഷ്‌ക്കമായ അറ്റാദായ നിലവാരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ചെറുകിട ഉത്പാദകരും, വിപണിയുടെ ഈ ശോഷിപ്പ് അതിജീവിക്കാനാവാതെ, പാപ്പരാവുകയോ അല്ലെങ്കില്‍ വമ്പന്‍ കോര്‍പ്പറേഷനുകളുടെ (സര്‍ക്കാരിന്റെ ആയുധ ഉല്‍പ്പാദന ചെലവുകളുടെ ഗുണഭോക്താക്കളായ വമ്പന്മാരും ഇതില്‍പെടുന്നു) നീരാളിപ്പിടിത്തത്തിനു വഴങ്ങുകയോ ചെയ്തു. അപ്പോഴും സര്‍ക്കാരില്‍നിന്ന് സവിശേഷമായ സാമ്പത്തികാനുകൂല്യങ്ങള്‍ കരസ്ഥമാക്കാനുള്ള രാഷ്‌ട്രീയ മേധാവിത്വം കോര്‍പ്പറേഷനുകള്‍ക്ക് ഉണ്ടായിരുന്നു എന്നുള്ളത് ഓര്‍മ്മിക്കുന്നത് പ്രസക്തമായിരിക്കും.
നിലവിലുള്ള ആഗോള സാമ്പത്തിക പ്രതിസന്ധിയും സര്‍വ്വതലസ്‌പര്‍ശിയായ മാന്ദ്യവും, ഗ്രേറ്റ് ഡിപ്രഷനുമായി തുലനം ചെയ്യപ്പെടുന്നുണ്ട്. ഇതടിസ്ഥാനപരമായി ശരിയും പ്രസക്തവുമായ ഒരു സാമ്യപഠനം തന്നെയാണ്. കാരണം 2-ാം ലോകമഹായുദ്ധത്തിനുശേഷമുള്ള 3 ദശകക്കാലത്തെ കെയ്‌നീഷ്യന്‍ (Keynesian) ഇടവേള മാറ്റിനിര്‍ത്തിയാല്‍ 70കളുടെ മധ്യം മുതല്‍ ഫിനാന്‍സ് മൂലധനത്തിന്റെ നിയോലിബറല്‍ പ്രത്യയശാസ്‌ത്രം തിരിച്ചുവരവ് ആരംഭിക്കുകയും, ആഗോളമായി പൊതുനയരൂപീകരണത്തില്‍ സ്വാധീനം ശക്തിപ്പെടുത്തുകയും ചെയ്തു. ഐ.എം.എഫും ലോകബാങ്കും എ.ഡി.ബി. പോലുളള ഉപഗ്രഹബാങ്കുകളും അടക്കമുള്ള അന്താരാഷ്‌ട്ര ഉപകരണങ്ങളിലൂടെയാണ് ഫൈനാന്‍സ് മൂലധന പ്രത്യയശാസ്‌ത്രം തിരിച്ചുവരുന്നത്. അങ്ങനെ പിന്നീടിതുവരെയുള്ള 3 ദശകക്കാലത്തെ നിയോ ലിബറല്‍ വ്യാപനമാണ് ആഗോള സാമ്പത്തിക വ്യവസ്ഥയെ ഈ പ്രതിസന്ധിയില്‍ എത്തിച്ചത്.
ഡിപ്രഷന്‍കാലത്തെ സാമൂഹ്യദുരിതങ്ങളും, ശേഷം വന്ന ലോകമഹായുദ്ധം വിതച്ച നാശനഷ്‌ടങ്ങളും ഒരുക്കിയ അനുകൂല പരിതസ്ഥിതിയിലാണ്, ഫിനാന്‍സ് മൂലധനതാല്‍പര്യങ്ങള്‍ക്ക് എതിരായ കെയ്‌നീഷ്യന്‍ ആശയങ്ങള്‍ക്ക് വിപ്ളവകരമായ മേധാവിത്വം കരസ്ഥമായത്. ഫിനാന്‍സ് മൂലധനത്തിന്റെ, ഊഹക്കച്ചവടമടക്കമുള്ള അരാജകപ്രവണതകളുടെ വിനാശകരമായ സ്വാധീനത്തില്‍നിന്ന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മുതലാളിത്വത്തെ സംരക്ഷിക്കുവാനും ക്രമപ്പെടുത്തുവാനും വേണ്ടി കെയിന്‍സ് മുന്നോട്ടുവെച്ചത്, ഭരണകൂട നേതൃത്വത്തിലുള്ള പൊതുകാര്യചിലവും (public expenditure) അതുവഴി തൊഴില്‍ വളര്‍ച്ചയുടെയും സാമൂഹിക ഉപഭോഗശേഷിയുടെയും പുരോഗമനപരവും സാമൂഹികക്ഷേമപരവുമായ മാനേജുമെന്റും കൂടിയാണ്.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം വികസിതരാജ്യങ്ങളില്‍ ദീര്‍ഘകാലം നിലനിന്ന വളര്‍ച്ചയുടെ അദ്ധ്യായം, സാമൂഹിക സുരക്ഷാപദ്ധതികളുടെയും, വളരെ താഴ്ന്ന തോതിലുള്ള തൊഴിലില്ലായ്മയുടെയും, ന്യായവേതനംഉറപ്പുവരുത്തുന്ന ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെയും അദ്ധ്യായം കൂടിയായിരുന്നു. ചുരുക്കത്തില്‍ ഫിനാന്‍സ് മൂലധന പ്രത്യയശാസ്‌ത്രത്തിന് അരോചകമായ പല സാമ്പത്തിക മൂല്യങ്ങളെയും നടപ്പില്‍ വരുത്തുവാന്‍, ഇതേ മൂലധന ശക്തികളുടെ സഹചാരിയായ ബിഗ് ബിസിനസ്സ് മുതലാളിത്തം, ഈ കാലഘട്ടത്തില്‍ നിര്‍ബന്ധിതമായി.
എന്നാല്‍ മുമ്പ് സൂചിപ്പിച്ച പോലെ, യുദ്ധാനന്തരമുള്ള 3 ദശകങ്ങള്‍ യഥാര്‍ത്ഥത്തില്‍, 70കളില്‍ ഫിനാന്‍സ് മൂലധനത്തിന്റെ തിരിച്ചുവരവിന് മുമ്പുള്ള താല്‍ക്കാലിക ഇടവേള മാത്രമായിരുന്നു. 70 കള്‍ മുതല്‍ എല്ലാ വികസിതരാഷ്‌ട്ര സര്‍ക്കാരുകളും, ആഗോള ഫിനാന്‍സ് സ്ഥാപനങ്ങളും നിരന്തരം ശ്രമിച്ചുപോരുന്നത് തൊഴിലാളി വര്‍ഗ്ഗനേട്ടങ്ങളെ തിരിച്ച് പിടിക്കാനും, തുറന്ന വാണിജ്യനയങ്ങളോടൊപ്പം ചേര്‍ത്ത് സാമ്പത്തികലോപ നയങ്ങള്‍ (deflationay policies) നടപ്പിലാക്കാനുമാണ്. തുടക്കത്തില്‍ വിദേശ വാണിജ്യകമ്മിയുടെ സമ്മര്‍ദ്ദങ്ങളാല്‍ കടമെടുക്കേണ്ടി വരികയും അതുവഴി സാമ്പത്തിക നയങ്ങളില്‍ രാഷ്‌ട്രീയ ബൌദ്ധിക വിധേയത്വത്തിലേക്ക് നീങ്ങുകയും ചെയ്‌ത മൂന്നാംലോക രാജ്യ സര്‍ക്കാരുകളുടെ സാമ്പത്തിക നയങ്ങള്‍ ഒന്നൊന്നായി പൊതുചെലവുചുരുക്കലില്‍ അധിഷ്‌ഠിതമായ SAP (Structural Adsjument Program) പരിപാടിയുടെ ഘടനാപരമായ പൊളിച്ചെഴുതലുകള്‍ക്ക് വിധേയമായി. ഗാട്ട് 2004 ഉടമ്പടിക്കും W.T.O. നും എത്രയോ മുമ്പ് തന്നെ സ്വതന്ത്ര വാണിജ്യത്തിനു തടസ്സമായ നിയന്ത്രണങ്ങള്‍ എടുത്തുകളയാനുള്ള സമ്മര്‍ദ്ദങ്ങള്‍, ഈ പ്രക്രിയയ്‌ക്ക് ആക്കം കൂട്ടിയിരുന്നു. കെയ്‌നീഷ്യന്‍ സാമ്പത്തിക ശാസ്‌ത്ര പരികല്‍പനകളില്‍ സുശിക്ഷിതരായ പല ഭാരതീയ സാമ്പത്തിക ധനതത്വശാസ്‌ത്രജ്ഞരും നിര്‍ലജ്ജമായി നിയോ ലിബറല്‍ ആഗോളവല്‍ക്കരണത്തെ സ്വാഗതം ചെയ്യുകയും ഫൈനാന്‍സ് മൂലധനത്തിന്റെ രാഷ്‌ട്രീയ ആസൂത്രണ അജണ്ടകള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്‌തു. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയുടെ ഗൌരവത്തെ നിസ്സാരവല്‍ക്കരിക്കാനും ഈ വിഭാഗം ഇപ്പോള്‍ ശ്രമിക്കുന്നുണ്ട്.
പൊതുചിലവിലുള്ള ഗുരുതരമായ വെട്ടിക്കിഴിക്കലിനോടൊപ്പം രാജ്യത്തിന്റെ കാര്‍ഷിക വ്യവസ്ഥിതിയെ സാര്‍വ്വദേശീയ മൂലധനത്തിന്റെ നീരാളിപ്പിടിത്തത്തിന് തുറന്നുകൊടുത്തതും കാര്‍ഷിക പ്രതിസന്ധിക്ക് നിദാനമായ പരമപ്രധാനമായ കാരണങ്ങളിലൊന്നാണ്. 70കളുടെ അവസാനം മുതല്‍ വ്യാവസായിക സമ്പദ്ഘടകളിലെല്ലാം തന്നെ മാസ്‌ട്രിച്ച്റ്റ് (Maastricht) തരത്തിലുള്ള ധനപരവും, പണപരവുമായ സമൃദ്ധിസാഹചര്യങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുന്നതില്‍ ഫിനാന്‍സ് മൂലധനത്തിന്റെ അധീശത്വപരമായ പങ്കുണ്ട്. ഇതിന്റെ തുടര്‍ച്ചയായി വികസിതരാജ്യങ്ങളിലെ വളര്‍ച്ചാനിരക്കുകള്‍ 70 കളിലേ 2.7% എന്ന തോതില്‍ നിന്ന് 90 കളില്‍ 1.5% എന്ന നേര്‍പകുതി നിലവാരത്തിലേക്കെത്തിയപ്പോള്‍, വികസ്വരരാഷ്‌ട്രങ്ങളില്‍ 70 കളിലെ 3% തോതിനെ അപേക്ഷിച്ച്, അത് 90 കളില്‍ 1.2% ആയി കൂപ്പുകുത്തി. തൊഴിലില്ലായ്മ നിയന്ത്രിക്കാനും, പൊതുഉപഭോഗത്വര നിലനിര്‍ത്താനും അതുവരെ ആശ്രയിച്ചിരുന്ന കെയ്ന്‍സിന്റെ പൊതുധനകാര്യരീതിശാസ്‌ത്രങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ടു. മറിച്ച് ആസ്ഥിമൂല്യപെരുപ്പത്തിലൂടെയും വര്‍ദ്ധമാനമായ ഉപഭോക്തൃവായ്‌പാ പെരുപ്പത്തിലൂടെയും ഉളവാകുന്ന കാലികമായ സ്വകാര്യമുതല്‍മുടക്ക്കുമിളകളുടെ കൃത്രിമമായി ത്വരിതപ്പെടുത്തിയ പൊതുചോദനകള്‍, ഈ കുമിളകളോടൊപ്പം തന്നെ ഇടക്കിടക്ക് തകരുകയും ചെയ്യുന്ന പ്രതിഭാസമാണ് സുസ്ഥാപിതമായിരിക്കുന്നത്.
ഇതുമൂലം ഉപഭോക്താക്കള്‍ക്കും, മുതലിറക്കുന്നവര്‍ക്കും ഒരുപോലെ ഉളവാകുന്ന ആത്മവിശ്വാസതകര്‍ച്ച അതിന്റെ ഏറ്റവും ദാരുണമായ അടിനിലവാരത്തിലേക്ക് എത്തുകയും സമ്പദ്ഘടനാ ലോപത്തിന്റേതായ ആദ്യഘട്ടത്തിലെ സൂചനകള്‍ കണ്ടുതുടങ്ങുകയും ചെയ്തിരിക്കുന്നു. (എന്നുവെച്ചാല്‍ ആസ്‌തി മൂല്യങ്ങള്‍ തകരുന്നു, വിപണിയിലേക്ക് ആഴത്തില്‍ മുതലിറക്കിയ ബാങ്കുകളും, ഫിനാന്‍സ് സ്ഥാപനങ്ങളും തകരുന്നു, പിരിച്ചുവിടലുകളും തൊഴില്‍ നഷ്‌ടങ്ങളും പെരുകുമ്പോള്‍ സാമ്പത്തികചോദന തളരുന്നു. ഇതാകട്ടെ വീണ്ടും മുതലിറക്കല്‍ പ്രവണതകളേയും തൊഴില്‍സൃഷ്‌ടി സാധ്യതകളേയും വിനാശകരമായി കീഴ്‌പോട്ട് വലിക്കുക വഴി തകര്‍ച്ചയുടെ നൈരന്തര്യത്തിന് കാരണമാകുന്നു.) വികസിതരാജ്യ സര്‍ക്കാരുകള്‍ തകരുന്ന സ്വകാര്യബാങ്കിലേക്കും മറ്റുസ്ഥാപനങ്ങളിലേക്കും വലിയ അളവിലുള്ള പൊതുപണം നിക്ഷേപിക്കുക വഴി നടത്തുന്ന സുരക്ഷാനടപടികളും, അതിജീവന പാക്കേജുകളും മറ്റും പൊതുചോദനയെ വീണ്ടെടുക്കുന്നതിനോ മുതല്‍മുടക്കിന് ആവശ്യമായ ആത്മവിശ്വാസത്തിന്റേതായ അന്തരീക്ഷം സൃഷ്‌ടിക്കാനോ പര്യാപ്തമല്ല. കാരണം പ്രതിസന്ധിക്ക് കാരണക്കാരായ അതേ ശക്തികളെയാണ് ഭരണകൂടം ഈ സൌജന്യങ്ങള്‍ വഴി പരിലാളിക്കുന്നത് എന്നത് സാധാരണ പൌരനെ സംബന്ധിച്ചിടത്തോളം പകല്‍വെളിച്ചം പോലെ വ്യക്തമാണ്.
വ്യാപാരബന്ധങ്ങള്‍ വഴി വികസിത സമൂഹങ്ങളുമായി അടുത്തബന്ധമുള്ള വികസ്വര സമ്പദ്ഘടനകളെയൊക്കെത്തന്നെ കയറ്റുമതി മുരടിപ്പും വളരുന്ന തൊഴിലില്ലായ്‌മയും മൂലധന ചോര്‍ച്ചയും ഓഹരിവിപണി തകര്‍ച്ചയും ബാധിച്ചിരിക്കുന്നു. അമേരിക്കയിലും യൂറോപ്പിലുമായി വിപുലമായ ഉപഭോഗവിപണികളുള്ള ചൈനയാണ് ഉത്പാദനരംഗത്തെ ഏറ്റവും കടുത്ത തൊഴില്‍ നഷ്‌ടങ്ങള്‍ ഏറ്റുവാങ്ങിയിരിക്കുന്നത്. കയറ്റുമതിയധിഷ്‌ഠിതമായ എല്ലാ മേഖലയിലും ഇന്ത്യക്കും വ്യാപകമായ അടച്ചുപൂട്ടലും, തൊഴില്‍ നഷ്‌ടവും അനുഭവവേദ്യമായിരിക്കുന്നു. വര്‍ഷാവസാനത്തോടുകൂടി ടെൿസ്‌റ്റൈല്‍ മേഖലയില്‍ 5 ലക്ഷത്തോളം തൊഴിലുകളാണ് ലോപിച്ചുപോയിരിക്കുക. വിദേശ വിപണിയുടെ ശോഷണവും, വിലകളില്‍ കുത്തനേയുള്ള ഇടിവും കൂടിച്ചേര്‍ന്ന്, പരുത്തി, ചായ, കാപ്പി, സുഗന്ധദ്രവ്യങ്ങള്‍ മുതല്‍ മേഖലകളെ ഭീഷണമായ പ്രതിസന്ധിയിലേക്ക് തള്ളിയിരിക്കുകയാണ്. ഇവയില്‍ത്തന്നെ ഇടത്തരം കര്‍ഷകരും, ചെറുകിട ഉല്‍പ്പാദകരും, സംസ്‌ക്കരണ യൂണിറ്റുകളുമാണ് ഏറ്റവും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങുന്നത്.
വ്യാപകമായ മാന്ദ്യത്തിന്റെ ചുറ്റുപാടില്‍ ലോകമുതലാളിത്ത തലവനായ അമേരിക്കയാകട്ടെ, ആഭ്യന്തര തൊഴില്‍നാശം സഹിച്ചുകൊണ്ടുപോലും സ്വന്തം വിപണി ഇറക്കുമതികള്‍ക്കായി തുടര്‍ന്നും നിലനിര്‍ത്തുവാനും, അതോടൊപ്പം ചോദന നിലനിര്‍ത്താന്‍ പുറത്തേക്ക് വായ്‌പകള്‍ നല്‍കിക്കൊണ്ടേയിരിക്കാനും, നിര്‍ബന്ധിതനാണ്. എന്നാല്‍ ലോകമുതലാളിത്തത്തിന്റെ സാരഥി എന്ന നിലക്കുള്ള ഈ കഠിന ഉത്തരവാദിത്വങ്ങള്‍ ഫലപ്രദമായി നടത്താനുള്ള പ്രാപ്‌തി ഇന്ന് അമേരിക്കക്കില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ലോകത്തിലെ ഏറ്റവും വലിയ വായ്‌പാ ഉപഭോക്താവ് അമേരിക്ക തന്നെയാണ്. ഇങ്ങനെയുള്ള കടമെടുക്കലില്‍ കൂടിയാണ്, ഇറക്കുമതിയാശ്രിതമായ ഉയര്‍ന്ന ഉപഭോഗ നിലവാരം ഇത്രയുംകാലം സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ആ ശേഷി നഷ്‌ടപ്പെട്ട അമേരിക്കക്ക് ആഭ്യന്തര മാന്ദ്യത്തില്‍നിന്ന് കരകയറുവാന്‍ സാധിച്ചിട്ടില്ല. ഇതുകൂടാതെ തൊഴില്‍നഷ്‌ടം നിയന്ത്രിക്കുവാന്‍ ആഭ്യന്തര വിപണിയുടെ പല വാതിലുകളും ഇറക്കുമതിക്കെതിരെ കൊട്ടിയടക്കുന്ന സംരക്ഷണ നിലപാട് ഒബാമയുടെ ഏറ്റവും പുതിയ പ്രസ്‌താവനകളിലൂടെ കാണുമാറാകുന്നു. 2009 നുശേഷവും യൂറോപ്പും, ജപ്പാനുമടക്കം മുഴുവന്‍ മുതലാളിത്തലോകവും കൂടുതല്‍ രൂക്ഷമായ പൊതുമാന്ദ്യത്തിലേക്കും അസ്ഥിരതയിലേക്കും നീങ്ങിക്കൊണ്ടേയിരിക്കും എന്നാണ് സൂചനയുള്ളത്.
ആഗോള മുതലാളിത്ത പ്രതിസന്ധി ഇന്ത്യയിലെ പുരോഗമന ശക്തികള്‍ക്ക്, തൊഴിലാളി- കര്‍ഷകസഖ്യത്തിലധിഷ്‌ഠിതമായ പൊതുജനമുന്നേറ്റത്തിന്, വ്യക്തമായ സാധ്യത ഒരുക്കിത്തരുന്നുണ്ട്. വസ്‌തുനിഷ്‌ഠസാഹചര്യങ്ങള്‍ വളര്‍ച്ച പ്രാപിച്ചുകഴിഞ്ഞു. ഈ ചരിത്ര സാഹചര്യം മുതലെടുക്കാന്‍ തക്കതായ ആശയവ്യക്തതയും സംഘടനാ മുന്‍കയ്യും രാഷ്‌ട്രീയ ഊര്‍ജ്ജവും, ഇടതുപക്ഷ പ്രസ്ഥാനത്തിന് കൈമുതലായിട്ടുണ്ടോ എന്നതാണ് പ്രശ്‌നം.
3. കാര്‍ഷിക പ്രതിസന്ധിയും 1930 കളിലെ മഹാമാന്ദ്യവും - ഇന്നത്തെ അവസ്ഥയുമായുള്ള സാമ്യതകള്‍
ആനുകാലിക സാര്‍വ്വദേശീയ സാമ്പത്തിക പ്രതിസന്ധിയും മഹായുദ്ധങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന മഹാമാന്ദ്യവും തമ്മില്‍, ശ്രദ്ധേയവും, മുഴച്ചുനില്‍ക്കുന്നതുമായ ചില സാമ്യങ്ങള്‍ കാണുവാന്‍ കഴിയും. 1929 ലെ സ്‌റ്റോക്ക് മാര്‍ക്കറ്റ് തകര്‍ച്ചയ്ക്കു 5 വര്‍ഷം മുമ്പുതന്നെ, ആഗോളമായി രൂക്ഷമായിക്കൊണ്ടിരുന്ന ഒരു കാര്‍ഷിക മാന്ദ്യം ആരംഭിച്ചിരുന്നു. സമാനമായി, ഇപ്പോള്‍ ഏകദേശം ഒരു ദശകത്തിലേറെയായി വികസിത രാഷ്‌ട്രങ്ങളിലെ കാര്‍ഷികരംഗം ഗുരുതരമായ മാന്ദ്യത്തിന്റെ പിടിയിലാണ്. 'മഹാമാന്ദ്യ'കാലഘട്ടത്തില്‍ എന്നപോലെ, ഗ്രാമീണ മേഖലയിലെ വികസനചിലവുകള്‍ ചുരുക്കി നിര്‍ത്തുകയെന്ന പ്രമേയത്തില്‍ അടിസ്ഥാനപ്പെടുത്തിയ വികലവും, അശാസ്‌ത്രീയവുമായ വാദമുഖങ്ങളാണ് വലതുപക്ഷ ധനതത്വശാസ്‌ത്രജ്ഞര്‍ അവതരിപ്പിക്കുന്നതെന്ന് 6 വര്‍ഷം മുമ്പുള്ള നിരവധി പ്രബന്ധങ്ങളില്‍ ഈ ലേഖിക ചൂണ്ടിക്കാണിച്ചിരുന്നു.
പൊതുമുതല്‍മുടക്കുകള്‍ സ്വകാര്യമുതല്‍മുടക്കുകളെ തള്ളിമാറ്റുകയും പാര്‍ശ്വവല്‍ക്കരിക്കുകയും ചെയ്യുന്നു എന്നാണ് ഇവര്‍ വാദിച്ചിരുന്നത്. ഐ.എം.എഫിന്റെ നേതൃത്വത്തിലുള്ള ചിലവുചുരുക്കല്‍ അടിസ്ഥാനപ്പെടുത്തിയ നിയോലിബറലിസം ഇന്ത്യയടക്കമുള്ള വികസ്വരരാഷ്‌ട്രങ്ങളില്‍ എമ്പാടും, അതിരൂക്ഷമായ കാര്‍ഷിക മുരടിപ്പാണ് സൃഷ്‌ടിക്കുന്നത് എന്ന് ഞങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു.ആഗോള പ്രാഥമിക വിലനിലവാരത്തിലെ ആനുപാതികമായ തളര്‍ച്ചകള്‍, 1925 - 31 കാലഘട്ടത്തിലും 1995-2001 കാലയളവിലും തുല്യ അളവിലാണെന്നും ഞങ്ങള്‍ കണ്ടെത്തുകയുണ്ടായി.
എന്നാല്‍ മഹായുദ്ധങ്ങള്‍ക്കിടയിലുള്ള കാലഘട്ടത്തിലെ പ്രധാനപ്പെട്ട വ്യത്യാസം, ആ കാലയളവില്‍, കാര്‍ഷികവൃത്തിക്ക്, അമേരിക്കയും ജര്‍മ്മനിയും പോലുള്ള വികസിത രാഷ്‌ട്രങ്ങളിലെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലുള്ള പങ്ക് വളരെ ഉയര്‍ന്നതായിരുന്നു. അതുകൊണ്ടുതന്നെ പരിപൂര്‍ണ്ണമായും തുറന്ന വിപണികളുള്ള കൊളോണിയല്‍ ഇന്ത്യയെപ്പോലെതന്നെ, ആ രാജ്യങ്ങളിലേയും, കര്‍ഷകതൊഴിലാളികളും ഈ പ്രതിസന്ധിയുടെ (ചുരുങ്ങുന്ന പ്രാഥമിക കയറ്റുമതിയും, തകരുന്ന പ്രാഥമിക വിലനിലവാരവും) നുകം പേറേണ്ടിവന്നവരാണ്. എന്നാല്‍ 80 വര്‍ഷങ്ങള്‍ക്കിപ്പുറം വികസിത രാഷ്‌ട്രങ്ങളിലെ കര്‍ഷക തൊഴിലാളികള്‍ മൊത്തം തൊഴില്‍ സേനയുടെ 5% ത്തില്‍ താഴെ മാത്രമാണ്. മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ അവരുടെ ശതമാന പങ്കാണെങ്കില്‍ അതിലും താഴെയും. അങ്ങനെ ആഗോള ധാന്യവിലകള്‍ തകരുമ്പോഴും കാര്‍ഷിക മേഖലയുടെ വരുമാനത്തെ താങ്ങിനിര്‍ത്തുവാന്‍ വേണ്ടി വമ്പന്‍ സാമ്പത്തിക സബ്‌സിഡികള്‍ നൽകാന്‍ ഈ രാജ്യങ്ങള്‍ക്കാകും. ആഗോള വിലത്തകര്‍ച്ചയെ ഈ സബ്‌സിഡികളും സ്വാധീനിക്കുന്നുണ്ട്. ചുരുക്കത്തില്‍ പുതിയകാലത്തെ കാര്‍ഷിക പ്രതിസന്ധി ദക്ഷിണമേഖലയിലെ വികസ്വര രാജ്യങ്ങളെ മാത്രമാണ് ബാധിച്ചിട്ടുള്ളത്.
1931 നുശേഷം ഇന്ത്യയുടെ ആന്തരിക സ്വര്‍ണ്ണസമ്പാദ്യത്തില്‍ കനത്ത ഇടിവാണ് സംഭവിച്ചത്. ബ്രിട്ടനു കൊടുക്കേണ്ടതായ കൊളോണിയല്‍ സാമ്പത്തിക ബാധ്യതകള്‍ക്ക് ഒട്ടും മയം വരാത്ത സാഹചര്യത്തില്‍, കാര്‍ഷിക കയറ്റുമതി ഇടിഞ്ഞപ്പോഴും, വികസ്വര രാഷ്‌ട്രങ്ങളില്‍വെച്ച് ഏറ്റവും ഭീമമായ സ്വര്‍ണ്ണക്കടത്തിനാണ് ഇന്ത്യ വിധേയയായത്. വിളകളുടെ വില തകര്‍ച്ച കാരണം കടബാധ്യതകള്‍ ഭീഷണമായി പെരുകിയപ്പോള്‍ വ്യാപകമായ തോതില്‍ കൃഷിഭൂമിയും കന്നുകാലികളും കര്‍ഷകരുടെ ഉടമസ്ഥതയില്‍നിന്നും നഷ്‌ടപ്പെടുകയാണുണ്ടായത്. 1921 ലെ 26% എന്ന തോതിനെ അപേക്ഷിച്ച് 1931 ലെ സെന്‍സസില്‍ കാര്‍ഷിക ഉല്‍പ്പാദന സമൂഹത്തിലെ 38% പേരാണ് സ്വയംകൂലി വേതനക്കാരായി പ്രഖ്യാപിച്ചത്. ഈ കാര്‍ഷികപരിതോവസ്ഥ സെമീന്ദാറുകള്‍ക്കും, വിദേശഭരണത്തിനുമെതിരായ പ്രതിഷേധവും പ്രതിരോധവുമായി രൂപാന്തരം പ്രാപിക്കുകയാണുണ്ടായത്. ബംഗാള്‍, തെലുങ്കാന, കേരളമെന്നിവിടങ്ങളില്‍ ഇത് കമ്മ്യൂണിസ്‌റ്റുകളുടെ നേതൃത്വത്തിലുള്ള കര്‍ഷക പ്രസ്ഥാനങ്ങളായി വളര്‍ന്നുവരികയുണ്ടായി.
തത്തുല്യമായ ഒരു സാമൂഹ്യസാമ്പത്തിക ദുരന്തമാണ് ഇന്ന് കര്‍ഷക - കര്‍ഷകതൊഴിലാളി സാമാന്യത്തെ പട്ടിണിയിലേക്കും, കടക്കെണിയിലേക്കും സ്വത്തുനാശത്തിലേക്കും തള്ളിവിട്ടിരിക്കുന്നത്. കര്‍ഷക ആത്മഹത്യകളിലൂടെ തുടങ്ങിയ പരിത്യാഗപരമായ സഹനങ്ങള്‍ ഇന്ന്, ദേശീയവും സാര്‍വ്വദേശീയവുമായ മൂലധന ശക്തികളുടെ നേതൃത്വത്തില്‍ നടക്കുന്ന ഭൂമി അധിനിവേശങ്ങള്‍ക്കെതിരെയുള്ള ജൈവമായ സംഘടിതരോഷമായും, സവിശേഷ സാമ്പത്തിക മേഖലകള്‍ക്കുവേണ്ടി (special economic zone) ഭരണകൂടം നടത്തുന്ന ഭൂമിയേറ്റെടുക്കലുകള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പായും വളര്‍ച്ച പ്രാപിച്ചിരിക്കുകയാണ്. കര്‍ഷകപ്രതിഷേധത്തിന്റെ വീര്യം ശക്തി പ്രാപിക്കുന്നത് മെല്ലയാകാമെങ്കിലും, ഈ ജനവിഭാഗം വെച്ചുപൊറുപ്പിക്കാവുന്ന പീഢനശിക്ഷകള്‍ക്ക് ഒരു പരിധിയുണ്ട്. മഹാരാഷ്‌ട്രയിലെ ഒരു കൂറ്റന്‍ S.E.Z. ന് എതിരെയുള്ള സമരത്തിനിടയില്‍ ഒരു പ്രാദേശിക കാര്‍ഷികതൊഴിലാളി നേതാവ് മുന്നറിപ്പ് നല്‍കിയത് ഇപ്രകാരമാണ്- ഈ രാജ്യം ഇതുവരെ കണ്ടത് കൃഷിക്കാരുടെ ആത്മഹത്യയാണെങ്കില്‍ ഇനിയങ്ങോട്ട് അവരുടെ പരഹത്യക്കും ദൃൿസാക്ഷികളാകുവാന്‍ തയ്യാറാകേണ്ടിവരും.
ഇടതുപക്ഷപ്രസ്ഥാനത്തിന് ഈ സാഹചര്യത്തില്‍ 3 വഴികളില്‍ ഒന്നാണ് തെരഞ്ഞെടുക്കാനുള്ളത് :
ഒന്ന്, സ്വന്തം സ്വത്തുവകകളേയും ഉപജീവനത്തേയും സംരക്ഷിക്കാനുള്ള കര്‍ഷകസമരങ്ങളോട് എതിരിട്ടു നില്‍ക്കുക. ജനാധിപത്യവിരുദ്ധവും ലെനിനിസ്‌റ്റ് വിരുദ്ധവുമായ ഈ സമീപനം തൊഴിലാളി- കര്‍ഷകതൊഴിലാളി ഐക്യദാര്‍ഢ്യത്തിന്റെ ചരിത്രപരമായ അന്തസ്സത്തക്ക് നിരക്കാത്തതുമാണ്.
രണ്ട്, കര്‍ഷകപ്രസ്ഥാനം സ്വതന്ത്രമായി വളരുമ്പോള്‍ നിസ്സംഗരായ കാഴ്ച്ക്കാരായി ചുരുങ്ങുക എന്നുള്ളതാണ്.
മൂന്ന്, ഈ സമരത്തിന് നേതൃത്വം നല്‍കുകയും സാമ്രാജ്യത്വത്തിനും അതിന്റെ പ്രാദേശിക പങ്കാളികള്‍ക്കും തദ്ദേശീയ സഖ്യങ്ങള്‍ക്കുമെതിരേയുമുള്ള അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ കൂട്ടുമുന്നണിയായി രൂപപ്പെടുത്തുക എന്നതാണ്. ഇതിലേറ്റവും ശരിയും, ജനാധിപത്യ പ്രസ്ഥാനത്തിന്റെ ഏറ്റവും പൂര്‍ണ്ണമായ വളര്‍ച്ചയിലേക്ക് നയിക്കുന്നതുമായ മാര്‍ഗ്ഗം നിസ്സംശയമായും മൂന്നാമത്തേതാണ്.
അടുത്തതായി നിയോലിബറല്‍ കാലഘട്ടത്തിലെ വികസനമാതൃകകള്‍ കാര്‍ഷികരംഗത്തെ എങ്ങനെ ബാധിച്ചുവെന്ന് കൂടുതല്‍ വസ്തുതാപരമായി പരിശോധിക്കാം.
4. തൊഴില്‍ നഷ്‌ടത്തിന്റേയും ഭൌതിക ഉല്‍പ്പാദന മുരടിപ്പിന്റേയും ചെലവില്‍ പരാഹ്നഭോജി മേഖലകളുടെ വളര്‍ച്ച
ഭൌതിക ഉല്‍പ്പാദന മേഖലകളേ പരാഹ്നഭോഗം നടത്തുന്ന ഒരു സേവന മേഖലയുടെ അതിദ്രുതമായ വളര്‍ച്ചാവികാസമാണ് നിയോ ലിബറല്‍ നയപരിപാടിയുടെ ഭാഗമായി ഇന്ത്യയില്‍ സംഭവിച്ചിട്ടുള്ളത്. ചാര്‍ട്ട് 1 ല്‍ ദൃശ്യമാകുന്നതുപോലെ 88-89 മുതല്‍ 2005-06 വരെയുള്ള കാലഘട്ടത്തില്‍ കാര്‍ഷികമേഖലയുടെ പ്രതിശീര്‍ഷ ഉല്‍പ്പാദനം 4000 മുതല്‍ 5000 രൂപ വരെയാണ് വളര്‍ന്നതെങ്കില്‍ ദ്വിതീയമേഖലയില്‍ 3000 ല്‍നിന്ന് 6000 ത്തിലേക്കുള്ള ഇരട്ടിക്കലാണ് ഇതേ കാലയളവില്‍ സംഭവിച്ചത്. സേവന മേഖലയടക്കമുള്ള തൃതീയ മേഖലയാകട്ടെ 5000 ത്തില്‍നിന്ന് 13000 ലേക്കുള്ള വളര്‍ച്ചയാണ് സാക്ഷാത്കരിച്ചത്.
മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ കാര്‍ഷിക മേഖലയുടെ ശോഷണവും സേവന മേഖലയുടെ വളര്‍ച്ചയും സംഭവിച്ചപ്പോള്‍ വ്യാവസായിക-നിര്‍മ്മാണമേഖലയുടെ പങ്ക് ഏറെക്കുറെ മാറ്റമില്ലാതെ തുടര്‍ന്നത് ചാര്‍ട്ട് 1 (ബി) ല്‍ നിന്ന് എളുപ്പത്തില്‍ മനസ്സിലാക്കാം.
ഐ.എം.എഫ്. ലോകബാങ്കു തിട്ടൂരങ്ങള്‍ക്ക് കീഴടങ്ങിക്കൊണ്ട്, 91-96 കാലഘട്ടത്തിലെ നരസിംഹറാവു സര്‍ക്കാരിന്റെ ധനകാര്യമന്ത്രി എന്ന നിലയില്‍ മന്‍മോഹന്‍സിങ്ങ് നടപ്പിലാക്കിയത്, തീവ്രമായ സ്ഥൂല സാമ്പത്തിക സങ്കോചം (Macro economic contraction) പ്രാവര്‍ത്തികമാക്കുന്ന നയങ്ങളാണ്.
സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ ഈ ദശകത്തില്‍ പൊതുചെലവ് വെട്ടിക്കുറക്കലിന്റെ രൂക്ഷത 2 (എ) മുതല്‍ 2 (സി) വരെയുള്ള ചാര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നു. 70 കളിലും, 80 കളിലും 6% വാര്‍ഷിക തോതില്‍ വളര്‍ച്ച നേടിയതിനുശേഷം 90 കളിലേ യഥാര്‍ത്ഥ കേന്ദ്ര പൊതുമുതല്‍മുടക്കില്‍ കുത്തനേയുള്ള ഇടിവാണുണ്ടായത് ചാര്‍ട്ട് 2 (എ).
സംസ്ഥാന സര്‍ക്കാരുകളുടെ മുതല്‍മുടക്കിലും ഇതേപ്രവണത ദൃശ്യമായി. (ചാര്‍ട്ട് 2(ബി)). കൃഷിയും ഗ്രാമവികസനവുമടക്കമുള്ള സാമ്പത്തിക സേവനങ്ങളിലുള്ള സംസ്ഥാന സര്‍ക്കാര്‍ മുതല്‍ മുടക്കിലേ വളര്‍ച്ചാനിരക്ക് എപ്രകാരം 70 കളിലേ 11% ത്തില്‍ നിന്ന് 90 കളിലേ ശൂന്യതുല്യമായ നിലവാരത്തിലേക്ക് കൂപ്പുകുത്തി എന്ന് ചാര്‍ട്ട് വിളിച്ചുപറയുന്നു.
ഇതേ കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി വിഹിതത്തില്‍ അടിസ്ഥാന സൌകര്യവികസനത്തിനും ഗ്രാമവികസനത്തിനും (ഗ്രാമവികസനമെന്നാല്‍ കൃഷി, ഗ്രാമീണവികസനം, ജലസേചനം, പ്രളയനിയന്ത്രണം, ഗ്രാമീണ ചെറുകിട വ്യവസായ വികസനം, മറ്റുപ്രാദേശിക സവിശേഷ പദ്ധതികള്‍ എന്നിവ കൂടിച്ചേര്‍ന്ന ഒറ്റ അടങ്കല്‍ തുകയാണ്.) നടത്തിയ ചെലവുകള്‍ ചാര്‍ട്ട് 2 (സി) യില്‍ കാണിച്ചിരിക്കുന്നു.
ചാര്‍ട്ടില്‍ കാണിച്ചിട്ടില്ലെങ്കിലും 2002- 03 ലെ രൂക്ഷമായ വരള്‍ച്ചാ കാലഘട്ടങ്ങളില്‍ പൊതുകാര്യ ഗ്രാമീണ ചിലവുകള്‍ കാലികമായി ഉയര്‍ന്നുവെങ്കിലും, ഒരിക്കലും അവക്ക് പരിഷ്‌ക്കരണ പൂര്‍വ്വകാലത്തിലെ നിലവാരത്തിലേക്ക് എത്തേണ്ടി വന്നിട്ടില്ല.
ഗുരുതരമായ ഈ ചെലവുചുരുക്കലുകള്‍ ഗ്രാമീണ ഇന്ത്യയില്‍ എല്ലാ തുറയിലുമുള്ള തൊഴിലില്ലായ്‌മ നിരക്കുകളുടെ വര്‍ദ്ധനവിലേക്കാണ് നയിച്ചിട്ടുള്ളത്. (93-94 ഉം 2004-05 ഉം എന്‍.എസ്.എസ്. ഡാറ്റയില്‍ നിന്ന്) ഇതേ കാലയളവില്‍ നാഗരിക ഇന്ത്യയിലും തൊഴിലില്ലായ്‌മ നിരക്കുകള്‍, ഇത്ര രൂക്ഷമായില്ലെങ്കിലും വളരുക തന്നെയായിരുന്നു. ഭൌതികോല്‍പ്പാദനം സങ്കോചിക്കുകയും തൊഴിലില്ലായ്‌മ വളരുകയും ചെയ്യുമ്പോള്‍ എന്തിനാണ് ചെലവ് ചുരുക്കുന്നത് ? ആഗോള ഫൈനാന്‍സ് പ്രഭുതികളുടെ വക്രീകരിച്ച സാമ്പത്തിക ലാഭപദ്ധതികളിലല്ലാതെ, ഈ ചോദ്യത്തിന് യുക്തിസഹമായ ഒരു മറുപടിയും നിലവിലില്ല.
2007 മുതല്‍ നടപ്പിലാക്കി തുടങ്ങിയ ദേശീയ- ഗ്രാമീണ തൊഴില്‍ സുരക്ഷാനിയമം പ്രാബല്യത്തില്‍ വന്നത് പല സംസ്ഥാനങ്ങളുടെയും സമ്പൂര്‍ണ്ണമായ ദാരിദ്ര്യവല്‍ക്കരണത്തെ തടഞ്ഞുനിര്‍ത്തുവാന്‍ സഹായിച്ചിട്ടുണ്ട്. ഈ പരിപാടിയുടെ പരിധി ഇനിയും വ്യാപിപ്പിക്കേണ്ടതാണ്.
5. സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ക്കും സ്വതന്ത്രവ്യാപാരത്തിനും കീഴിലെ ഭക്ഷ്യപ്രതിസന്ധി
യുദ്ധങ്ങള്‍ക്കിടയിലുളള മാന്ദ്യകാലത്തുപോലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ വിദേശ നാണ്യ ആവശ്യങ്ങള്‍ തൃപ്‌തിപ്പെടുത്താന്‍ ഇന്ത്യക്ക് ഭക്ഷ്യധാന്യങ്ങളടക്കമുള്ള കാര്‍ഷിക കയറ്റുമതി നിലനിര്‍ത്തിപോകേണ്ടതായി വന്നു. നാണ്യവിളകളുടെ ഉല്‍പ്പാദനം പത്ത് മടങ്ങായി വളര്‍ന്നപ്പോഴും, ബ്രിട്ടീഷ് ഇന്ത്യയിലെ പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ലഭ്യതയും മൊത്തമുല്‍പ്പാദനവും (ബംഗാളിലെ നെല്ലുല്‍പ്പാദനത്തിന്റെ തകര്‍ച്ചയടക്കം) മാരകമായി കുറയുകയാണുണ്ടായത്. പൊതുക്ഷാമം രൂക്ഷമാവുകയും ഗ്രാമീണ സമൂഹത്തിന്റെ ഭക്ഷ്യപോഷക നിലവാരം പാടേ തകരുകയും ചെയ്തു.
വ്യാപാര ഉദാരവല്‍ക്കരണമെന്നാല്‍, ഫലത്തില്‍ സ്വാതന്ത്ര്യപൂര്‍വ്വ സാര്‍വ്വദേശീയ കാര്‍ഷിക തൊഴില്‍ വിഭജനത്തിലേക്ക് തിരിച്ചുപോവുക എന്നത് കൂടിയായതുകൊണ്ട്, ഇതേ പ്രവണതകള്‍ 90 കളിലെ സാമ്പത്തിക പരിഷ്‌ക്കരണ കാലഘട്ടത്തിലും തിരിച്ചുവരുന്നതായി കാണാം. 1992 ല്‍ തന്നെ ഈ ലേഖിക മുന്നറിയിപ്പ് തന്നതുപോലെ തുറന്ന വ്യാപാരവ്യവസ്ഥ ഭക്ഷ്യ സുരക്ഷിതത്വത്തെ വിനാശകരമായിട്ടാണ് ബാധിക്കുന്നത്. 8 ദശലക്ഷം ഹെൿടര്‍ ഭക്ഷ്യധാന്യ കൃഷിഭൂമി മറ്റു വിളകള്‍ക്കായി, പ്രധാനമായും കയറ്റുമതി വിളകൃഷിക്കായി മാറ്റിയതുവഴി, ചാര്‍ട്ട് 4 (എ) യില്‍ കാണപ്പെടുന്നതുപോലെ, ഭക്ഷ്യധാന്യ ഉത്പാദന വളര്‍ച്ച, ജനസംഖ്യാ വളര്‍ച്ചാനിരക്കിനേക്കാൾ താഴോട്ട് പതിച്ചിരിക്കുന്നു. കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ ഈ വളര്‍ച്ചാ മുരടിപ്പ് ഏറെ രൂക്ഷമായിരിക്കുകയാണ്. കാരണം 2007-08 ലെ റെക്കാര്‍ഡ് 230 ദശലക്ഷം ടണിന്റെ കൊയ്ത്ത് കണക്കിലെടുത്താല്‍ പോലും 2000-01 നുശേഷമുള്ള വളര്‍ച്ചാനിരക്ക് 80 കള്‍ക്ക് മുന്‍പുള്ളതിനേക്കാള്‍ കഷ്‌ടിച്ച് മൂന്നിലൊന്ന് മാത്രമാണ്. ഉത്പ്പാദനം കുറയുന്നവിധം ഭൌതിക ഉല്‍പ്പാദനത്തിനുമേലുള്ള ഗുരുതരമായ ആക്രമണവും അതോടൊപ്പം പരാഹ്നഭോജി വര്‍ഗ്ഗങ്ങളുടെ ഉയര്‍ന്ന വരുമാനമാര്‍ഗ്ഗങ്ങള്‍ മൂലം പ്രാഥമിക ഉല്‍പ്പന്നങ്ങള്‍ക്കായുള്ള വര്‍ദ്ധിക്കുന്ന ആവശ്യങ്ങളും എന്ന പ്രശ്‌നം ബുദ്ധിജീവികളും പ്രതിരോധപ്രവര്‍ത്തകരും അവഗണിച്ചിട്ടുണ്ട്. വരുമാന വര്‍ദ്ധനവ് ഭക്ഷ്യധാന്യ ചോദനയേയും ഉപഭോഗത്തേയും പ്രതികൂലമായി ബാധിക്കുന്നത് സ്വാഭാവികമാണെന്നതാണ് ഇവരുടെ തെറ്റായ ഒരു പരികല്‍പ്പന. ഭക്ഷ്യധാന്യ ഉത്പാദന മുരടിപ്പും ദൌര്‍ലഭ്യവും ഭക്ഷ്യവസ്‌തു വിലകളുടെ വര്‍ദ്ധനവില്‍ കലാശിക്കണമെന്നില്ലെന്നും, പാപ്പരാക്കപ്പെടുന്ന പൊതുജനത ഭക്ഷണ ഉപഭോഗം വെട്ടിക്കുറക്കുക എന്ന ക്രമീകരണത്തിന്റെ ദുരന്തത്തിലേക്ക് വരെ കാര്യങ്ങളെത്താമെന്നും തിരിച്ചറിയപ്പെടുന്നില്ല.
യഥാര്‍ത്ഥത്തില്‍ ആത്യന്തികമായ ഭക്ഷ്യധാന്യ ദൌര്‍ലഭ്യം നിലവിലുണ്ടായിട്ടും, അടുത്തകാലം വരെ അസാധാരണമായ ഭക്ഷ്യവിലവര്‍ദ്ധന എന്ന നിലക്കുള്ള പ്രതിഭാസമായി ഇത് വെളിപ്പെട്ടിട്ടില്ല. ചാര്‍ട്ട 4 (ബി) യില്‍ കാണിക്കുന്നപോലെ, ഇങ്ങനെ സംഭവിക്കുന്നത്, സാമ്പത്തിക പരിഷ്‌ക്കരണ കാലഘട്ടത്തിലുടനീളം പ്രതിശീര്‍ഷ ഉത്പാദനത്തേക്കാള്‍ വേഗത്തില്‍ പ്രതിശീര്‍ഷ ചോദന കുറഞ്ഞിരുന്നതുകൊണ്ടാണ്. 2004-05 ലെ പ്രതിശീര്‍ഷ വാര്‍ഷിക ഭക്ഷ്യധാന്യ ചോദന എത്തിനില്‍ക്കുന്ന 157 കി.ഗ്രാം. എന്ന സംഖ്യ യഥാര്‍ത്ഥത്തില്‍ കൊളോണിയല്‍ ഭാരതത്തിലെ 1937- 41 കാലഘട്ടത്തിലെ ശരാശരിയോട് തുല്യമാണ്. 5 പേരടങ്ങുന്ന ശരാശരി ഇന്ത്യന്‍ കുടുംബം വാര്‍ഷികാടിസ്ഥാനത്തില്‍ 105 കി.ഗ്രാം കുറവ് ഭക്ഷ്യധാന്യങ്ങളാണ് 1990 നെ അപേക്ഷിച്ച് ഉപഭോഗം ചെയ്യുന്നത്. യുദ്ധങ്ങള്‍ക്കിടയിലുള്ള മാന്ദ്യകാലഘട്ടത്തിലെന്നപോലെ പട്ടിണിയും വിശപ്പും വളരുമ്പോഴും, ധാന്യ ഉല്‍പ്പന്നങ്ങളുടെ വളരെ കൂടിയ അനുപാതം വരേണ്യര്‍ക്ക് പ്രിയപ്പെട്ട മാംസഭക്ഷണ മേഖലയിലേക്ക് ഊറ്റിയെടുക്കപ്പെടുക വഴി, പൊതുജനത്തിന്റെ പൊതുപോഷക ഉപഭോഗവും സ്വാതന്ത്ര്യ പൂര്‍വ്വ ഇന്ത്യയേക്കാള്‍ ദാരുണമായ അവസ്ഥയിലേക്ക് എത്തിപ്പെട്ടിരിക്കുന്നു.
നമ്മുടെ ജനസംഖ്യയിലെ ആറിലൊന്നുവരുന്ന, വര്‍ദ്ധിക്കുന്ന വരുമാനമുള്ള 200 ദശലക്ഷം പേരുടെ വരേണ്യ ഉപഭോഗം മെൿസിക്കന്‍ ജനസംഖ്യയുടേതിനു തുല്യമായ, പ്രതിശീര്‍ഷം 400 കി.ഗ്രാം ധാന്യം ആണെന്ന് നിജപ്പെടുത്തുകയാണെങ്കില്‍ (മാംസഭക്ഷണവും മറ്റു സംസ്‌കൃതഭക്ഷണവും കൂടാതെയുള്ളത്) ഇവരുടെമാത്രം ധാന്യ ഉപഭോഗം 80 ദശലക്ഷം ടണ്‍ ആണെന്ന് കണക്കുകൂട്ടാം. മൊത്തം ധാന്യ ഉല്‍പ്പാദനമായ 230 ദശലക്ഷം ടണില്‍ എട്ടിലൊന്ന് വരുന്ന ഭാഗം വിത്ത്, കാലിത്തീറ്റ, പാഴായിപ്പോകല്‍ എന്നിവക്കുവേണ്ടി വകയിരുത്തിയാല്‍ ബാക്കി വരുന്നത് 201 ദശലക്ഷം ടണിന്റെ ലഭ്യതയാണ്. മുന്‍പ് സൂചിപ്പിച്ചതുപോലെ വരേണ്യ വിഭാഗത്തിന്റെ 80 ദശലക്ഷം ടണ്‍ ഉപഭോഗം കഴിഞ്ഞാല്‍ ബാക്കി വരുന്ന 121 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് ജനസംഖ്യയിലെ 1000 ദശലക്ഷം വരുന്ന പാവങ്ങള്‍ക്ക് ലഭ്യമായിട്ടുള്ളത് അഥവാ പട്ടിണിക്കാരുടെ പ്രതിശീര്‍ഷ വാര്‍ഷിക ഉപഭോഗം 121 കെ.ജി. (ദിനംപ്രതി 331.5 ഗ്രാം) മാത്രമാണ്. ഇതിനര്‍ത്ഥം നേരിട്ട ധാന്യഉപഭോഗവും, പാല്‍ പച്ചക്കറിയിനങ്ങളില്‍ വരുന്ന ശുഷ്‌ക്കമായ അവാന്തര വസ്‌തുക്കളും കൂടി ചേര്‍ത്താല്‍, പ്രതിദിനം 1400 കാലറി ഭക്ഷണ ലഭ്യതയാണ് ശരാശരി ഇന്ത്യന്‍ പട്ടിണിപാവത്തിന് ലഭ്യമായിട്ടുള്ളത്. ഇത് പ്രായോഗികമായ ആരോഗ്യ സുരക്ഷയ്ക്ക് ആവശ്യമായ നിലവാരത്തില്‍നിന്ന് എത്രയോ താഴെയാണ്. സാമ്പത്തിക പരിഷ്‌ക്കാര കാലഘട്ടത്തിലെ പ്രോട്ടീന്‍ ഉപഭോഗവും ഇതേ പ്രവണത തന്നെ പിന്‍പറ്റുന്നുണ്ട്.
എണ്ണ കയറ്റുമതി രാഷ്‌ട്രങ്ങളൊഴിച്ച് എല്ലാ വികസ്വര ജനതകളും സ്വതന്ത്ര വ്യാപാര സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ക്കു കീഴില്‍ ഗുരുതരമായ പോഷക തകര്‍ച്ചയെ നേരിടുകയാണ്. ധനിക ഉത്തര രാഷ്‌ട്ര ജനതകളിലേക്ക് (north block) വേണ്ടി കയറ്റുമതി ധാന്യങ്ങള്‍ ഉത്പാദിപ്പിക്കുന്ന തലത്തിലേക്ക് കാര്‍ഷിക സാമ്പത്തിക പുനഃസംഘടന സംഭവിച്ച 37 രാഷ്‌ട്രങ്ങളില്‍, 2007-08 കാലഘട്ടത്തിലേ ആഗോളഭക്ഷണ വിലക്കയറ്റത്തിന്റെ പരിതസ്ഥിതിയില്‍, സാമൂഹിക ലഹളകള്‍ പൊട്ടിപ്പുറപ്പെടുകയാണുണ്ടായത്. കാരണം ഈ രാജ്യങ്ങളോരോന്നും ആഭ്യന്തര ഭക്ഷ്യധാന്യ ആവശ്യങ്ങള്‍ക്ക് ഇറക്കുമതിയേ ആശ്രയിക്കേണ്ട സ്ഥിതിയിലായിരുന്നു. ഫിലിപ്പൈന്‍സ് മുതല്‍ ബോട്സ്വാന വരെയുള്ള ഡസന്‍ കണക്കിന് രാജ്യങ്ങള്‍ അവരുടെ ഭക്ഷ്യ ധാന്യ സംഭരണ വിതരണ സംവിധാനങ്ങളൊയൊക്കെ ഐ.എം.എഫ്. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങി പൊളിച്ചടുക്കിയിരുന്നു. ഇങ്ങനെ നിയോ ലിബറല്‍ തീട്ടൂരങ്ങള്‍ക്ക് വഴങ്ങിക്കൊണ്ട് സാര്‍വ്വദേശീയ കാര്‍ഷിക തൊഴില്‍ വിഭജനത്തിന്റെ ഉപഘടകങ്ങളെന്ന നിലക്ക് കാര്‍ഷിക സമ്പദ് ഘടനകള്‍ പൊളിച്ചെഴുതിയ എല്ലാ രാജ്യങ്ങളും, അവരുടെ ആഭ്യന്തര ഭക്ഷ്യധാന്യ ഉപഭോഗത്തിനായി ആശ്രയിക്കേണ്ടിവരുന്നത് സാര്‍വ്വദേശീയ ധാന്യ ശേഖര സംഭരണ വിപണിയേയാണ്. എതനോള്‍ ഉത്പാദനത്തിനുവേണ്ടി വമ്പിച്ച രീതിയില്‍ ധാന്യശേഖരങ്ങള്‍ വിനിയോഗിക്കപ്പെട്ടപ്പോ്ള്‍ ഉണ്ടായ ഗുരുതരമായ വിലക്കയറ്റത്തിന്റെ വെല്ലുവിളി നേരിടാന്‍ ഈ രാജ്യങ്ങള്‍ക്ക് കഴിഞ്ഞില്ല. അമേരിക്കയില്‍ തന്നെ 2002-03 നും 2008-09 നുമിടയ്ക്ക് എതനോള്‍ ഉള്‍പ്പാദനം നാല് മടങ്ങ് വളര്‍ന്ന് 100 ദശലക്ഷം ടണില്‍ എത്തിയിരിക്കുന്നു. ആഗോള ഭക്ഷ്യധാന്യ ഉപഭോഗ വിനിയോഗ മേഖലകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ സ്ഥാനചലനം, ഭക്ഷ്യധാന്യ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കേണ്ടതിന്റെയും നമ്മുടെ സംഭരണ വിതരണ സംവിധാനങ്ങളേ ശക്തിപ്പെടുത്തേണ്ടതിന്റെയും ചരിത്രപരവും ദേശീയവുമായ ഉത്തരവാദിത്വത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.
6. കാര്‍ഷിക മുരടിപ്പുകാലത്തെ കൃഷി ഭൂമിയുടെയും ഉല്‍പ്പാദനോപാധികളുടെ നഷ്‌ടങ്ങള്‍
ദശലക്ഷകണക്കിനു വരുന്ന കൃഷിക്കാർ സാമ്പത്തിക കടക്കെണിയില്‍ അകപ്പെടുകയും, അവരുടെ കൃഷിഭൂമിയും കന്നുകാലികളടക്കമുള്ള ഉല്‍പ്പാദനോപാധികളും പലിശക്കാര്‍ക്ക് തീറെഴുതി നല്‍കേണ്ടി വന്നിരിക്കുകയും ചെയ്യുന്നു. 2 ഹെക്ടറില്‍ താഴെ മാത്രം കൃഷി ഭൂമിയുള്ള കര്‍ഷകരില്‍ 90% പേര്‍ക്കും അവരുടെ കാലിമൃഗസംവിധാനങ്ങള്‍ നഷ്‌ടമായിരിക്കുന്നു എന്ന് ടേബിള്‍ 1 സൂചിപ്പിക്കുന്നു. കൃഷിഭൂമി, ജലം അടക്കമുള്ള ഉത്പാദന വിഭവങ്ങളെ കാര്‍ഷിക - വ്യവസായ കോര്‍പ്പറേഷനുകള്‍ അതിവേഗം കയ്യേറിക്കൊണ്ടിരിക്കുന്നു ഒരു വശത്ത്, പലസംസ്ഥാന സര്‍ക്കാരുകളും കാര്‍ഷിക ഉല്‍പ്പാദനത്തിനല്ലാത്ത ഭൂമിയുടെ ഉടമസ്ഥതാ പരിധിനിയമങ്ങള്‍ പിന്‍വലിച്ചിരിക്കുന്നു. കാര്‍ഷിക ഭൂമിയ്ക്ക് ബാധകമായ ഉടമസ്ഥതാ പരിധികളും, കാര്‍ഷിക വ്യവസായ കോര്‍പ്പറേഷനുകള്‍ക്ക് (agri buisness corporations) അനുകൂലമായി റദ്ദു ചെയ്തിട്ടുണ്ട്. ധനികകൃഷിക്കാര്‍ അടക്കമുള്ള വിഭാഗങ്ങള്‍ പോലും അധഃപതിക്കുന്ന ലാഭക്ഷമതാസാഹചര്യങ്ങളെ അഭിമുഖീകരിക്കുകയും, ഭൂമി നഷ്‌ടപ്പെട്ട ചെറുകിട കൃഷിക്കാര്‍ക്ക് വിശപ്പു പാട്ട (Hunger rent) അടിസ്ഥാനത്തില്‍ ഭൂമി നല്‍കുകയാണ്. മുതലാളിത്തത്തിന്റെ തനതായ ആദ്യകാല പ്രവണതയായ കൃഷിയുടെ മുതലാളിത്തവല്‍ക്കരണം എന്ന സാദ്ധ്യത പ്രായോഗികമായി അസ്‌തമിക്കാനും തകരുന്ന ലാഭക്ഷമത കാരണമായിരിക്കുന്നു. ഭൂമി പാട്ടത്തിലൂടെയും പലിശയിലൂടെയും നല്‍കി, അദ്ധ്വാനക്ഷമമല്ലാത്ത മിച്ചമൂല്യം സംഭരിക്കുന്ന പ്രവണതയാണ് തിരിച്ചുവന്നിരിക്കുന്നത്. തന്മൂലം കര്‍ഷക ദാരിദ്ര്യവല്‍ക്കരണത്തിന്റെ പഴയ ഒരു ഭൂമിക കൂടി വെട്ടിത്തുറക്കപ്പെട്ടിരിക്കുകയാണ്.
കാര്‍ഷിക ദുരന്തങ്ങളുടേയും ആത്മഹത്യകളുടേയും പ്രധാനപ്പെട്ട പരിസരം അവരെ ആഗോളവിലകളുടെ അസ്ഥിരതയിലേക്ക് തുറന്നു കൊടുത്തതാണ്. 1970 കളില്‍ ആഗോള ധാന്യവിളകള്‍ 15 വര്‍ഷക്കാലത്തെ താഴ്‌ചയിലേക്ക് കൂപ്പുകുത്തിയപ്പോഴും, ഒരു സംരക്ഷിത പരിസ്ഥിതിയില്‍ ഉത്പാദനം നടത്തിയിരുന്ന ഇന്ത്യന്‍ കൃഷിക്കാരനെ ബാധിച്ചിരുന്നില്ല. വാണിജ്യവിളകളുടെ നല്ലൊരു ഭാഗം പോലും, സര്‍ക്കാര്‍ ബോര്‍ഡുകള്‍ താങ്ങുവില നല്‍കി സംഭരിച്ചത് വില സ്ഥിരതക്ക് കാരണമാവുകയും ചെയ്‌തു. ആഗോളവിലകളുയരുമ്പോള്‍ വമ്പന്‍ ലാഭം കൊയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും, വിലത്തകര്‍ച്ചയുടെ കാലങ്ങളില്‍ കടക്കെണിയോ ആത്മഹത്യാപരമായ പ്രതിസന്ധിയോ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് നേരിടേണ്ടി വന്നില്ല. സംരക്ഷിതകാര്‍ഷികഘടനയുടെ പൊളിച്ചെഴുത്തിന് ശേഷം, ആഗോള വില നിലവാരങ്ങളിലേ ഭീകരമായ കയറ്റിറക്കങ്ങളേ അതിജീവിക്കാന്‍ ഒരു ചെറിയ ധനിക കര്‍ഷക വിഭാഗത്തിനു മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ചില വിളകളാകട്ടെ, ഫലം നല്‍കുവാന്‍ വര്‍ഷങ്ങളെടുക്കുന്ന സാഹചര്യത്തില്‍, കാര്‍ഷികവൃത്തി എന്നത് ആഗോളവിലകളുടെ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമായ ഒരു അതിസാഹസിക ചൂതാട്ടമാണ്.
മുന്‍കാലങ്ങളിലെ ഭൂപരിഷ്‌ക്കരണ നടപടികളുടേയും ഭൂസ്വത്തിന്റെ പുനര്‍ വിതരണത്തിന്റേയും നേട്ടങ്ങള്‍ പല സംസ്ഥാനങ്ങളിലും പൂര്‍ണ്ണമായും തിരോഭവിച്ചുകഴിഞ്ഞു. അഖിലേന്ത്യാതലത്തില്‍ ഉല്‍പ്പാദക ഭൂമിയില്ലാത്ത കുടുംബങ്ങളുടെ എണ്ണം 22 ല്‍ നിന്ന് 32% ആയി വളര്‍ന്നെങ്കില്‍ തീര്‍ത്തും ഭൂരഹിതരായവരുടെ എണ്ണം 23 ദശലക്ഷത്തില്‍ നിന്നും 46 ദശലക്ഷമായി വളര്‍ന്നിരിക്കുന്നു. (ടേബിള്‍2) എന്നാല്‍ കേരളത്തിലാകട്ടെ കാര്‍ഷികോല്‍പ്പാദന രഹിതമായ ഭൂമിയുടെ വിസ്തീര്‍ണ്ണം 6% ത്തില്‍നിന്നും മൊത്തം ഉല്‍പ്പാദക ഭൂമിയുടെ 38.6% മായി വളര്‍ന്നിരിക്കുന്നു (ടേബിള്‍ 2).
ഈ ഒരു സാഹചര്യത്തില്‍ അധിവാസത്തിനും ഉപജീവനത്തിനും വേണ്ടിയുള്ള ഭൂമിക്കായുള്ള സമരം സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. കാര്‍ഷിക പ്രതിസന്ധിയേയും ഭൂമി ഉടമസ്ഥതാ ചലനങ്ങളേയും സംബന്ധിച്ച കൃത്യമായ വിശകലനങ്ങളുടെ അഭാവത്തില്‍, നിലവില്‍ ഈ സമരത്തില്‍ ദരിദ്ര ഇടത്തരം കാര്‍ഷിക വര്‍ഗ്ഗങ്ങള്‍ നിരന്തരം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ചില കര്‍ഷക നേതാക്കളും ഭരണവര്‍ഗ്ഗ വക്താക്കളും ആവശ്യപ്പെടുന്നത് വിദേശ ബഹുരാഷ്‌ട്ര കോര്‍പ്പറേഷനുകളുമായി കടം/ കോണ്‍ട്രാൿട് ബന്ധങ്ങള്‍ സ്ഥാപിക്കുക വഴി മാത്രമേ കര്‍ഷക ജനസമാന്യത്തിന് ഈ ഉല്‍പ്പാദന - തൊഴില്‍ മേഖലയില്‍ അതിജീവിക്കുവാന്‍ കഴിയൂ എന്നാണ്. മാര്‍ക്സിസ്‌റ്റ് - ലെനിനിസ്‌റ്റ് പ്രത്യയശാസ്‌ത്രങ്ങളില്‍ സൂചിപ്പിച്ചിരിക്കുന്ന "കൃഷിയിലെ മുതലാളിത്തത്തിന്റെ വികസനം'' എന്ന പരികല്‍പനയില്‍ നിന്ന് വളരെ വ്യത്യസ്‌തമാണ് മേല്‍പ്പറഞ്ഞ സാര്‍വ്വദ്ദേശീയ കാര്‍ഷിക വ്യവസ്ഥക്കുമുകളിലുള്ള ബഹുരാഷ്‌ട്രകുത്തക മൂലധനത്തിന്റെ അപ്രച്ഛന്നമായ അധിനിവേശം.
വികസ്വരമായ ഒരു ആഭ്യന്തര വിപണിക്ക് അനുയോജ്യമായ തരത്തില്‍, സ്വതന്ത്രമായ ദേശീയ വികസന നയങ്ങള്‍ക്കുകീഴില്‍, 1950 മുതല്‍ 1990 വരെ ഇന്ത്യയില്‍ കാര്‍ഷികരംഗത്തെ മുതലാളിത്തവല്‍കരണമാണ് സംഭവിച്ചത്. വളരെ അസന്തുലിതമായി പങ്കുവക്കപ്പെട്ടതെങ്കിലും കുറച്ചൊക്കെ സമൃദ്ധി കാര്‍ഷികരംഗത്ത് ഇതുമൂലം ഉണ്ടാവുകയും ചെയ്തു.
ഇതില്‍നിന്ന് വ്യത്യസ്‌തമായി കാര്‍ഷിക മേഖലയുടെ കോര്‍പ്പററ്റൈസേഷനെന്നാല്‍ (Corporatisaiotn), കയറ്റുമതി ഉത്പാദനത്തിനുവേണ്ടി കാര്‍ഷിക ഉത്പാദന ശക്തികള്‍ക്കുമേലുള്ള സാമ്രാജ്യത്വത്തിന്റെ നഗ്നമായ അധിനിവേശം മാത്രമാണ് അത് കര്‍ഷകതൊഴിലാളികളുടെ ദരിദ്രവല്‍ക്കരണത്തിന്റെ പാത കൂടിയാണ്.
കാര്‍ഷികമേഖലയിലെ ഉല്‍പ്പാദന ശക്തികള്‍ക്ക് മേലുള്ള കടന്നാക്രമണത്തെ ചെറുക്കാനും കാര്‍ഷിക ഉല്‍പ്പാദനം ശക്തിപ്പെടുത്താനും മൂന്ന് തലങ്ങളിലുള്ള രീതിശാസ്‌ത്രമാണ് ഉടന്‍ വിനിയോഗിക്കപ്പെടേണ്ടത്.
1. നാഗരിക വികസനത്തില്‍ പരിമിതപ്പെടാത്ത വികസനചിലവുകള്‍ (ചെറുകിട ഇടത്തരം ജലസേചന പദ്ധതികള്‍, കാര്‍ഷിക ഭൂമിയുടെ പുനരുദ്ധാരണം, മെച്ചപ്പെട്ട കാര്‍ഷികസാങ്കേതികതാ സേവനസംവിധാനങ്ങള്‍, മെച്ചപ്പെട്ട സസ്യവിഭവങ്ങള്‍ക്കായുള്ള ഗവേഷണം എന്നിവക്കുവേണ്ടി) വര്‍ദ്ധിപ്പിക്കുക വഴി ആഭ്യന്തര ചോദന വീണ്ടെടുക്കുക
2. കൂടുതല്‍ ധാന്യോല്‍പ്പാദനത്തിനായുള്ള കാമ്പേയിന്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രതിശീര്‍ഷ ധാന്യോല്‍പ്പാദനത്തിന്റെ ശോഷണത്തെ ചെറുക്കുകയും ആഭ്യന്തരഭക്ഷ്യ സുരക്ഷിതത്വം മെച്ചപ്പെടുത്തുകയും ചെയ്യുക.
3. നാണ്യവിള കോര്‍പ്പറേഷനുകളെ പുനരുജ്ജീവിപ്പിച്ച് വിപണിയില്‍ ഫലപ്രദമായി ഇടപെടുവാന്‍ സജ്ജമാക്കുക വഴി വിലസ്ഥിരത ഉറപ്പാക്കുന്ന തരത്തിലുള്ള സംഭരണ ശേഷി വികസിപ്പിക്കുക.
കാര്‍ഷികവൃത്തി വരുമാന സജ്ജമാക്കിക്കൊണ്ട് വീണ്ടും ബാങ്ക് വായ്‌പാ സംവിധാനങ്ങളെ കാര്‍ഷികരംഗത്തേക്ക് തന്നെ തിരിച്ചാകര്‍ഷിക്കാന്‍ പറ്റേണ്ടതുണ്ട്. കടബാധ്യതയില്‍ കുരുങ്ങി കൃഷിഭൂമി തരിശാകുന്ന അവസ്ഥക്കെതിരേ നിയമനിര്‍മ്മാണം നടത്തേണ്ടതുണ്ട്. 2007 ല്‍ കേരളത്തില്‍ സംഘടിപ്പിച്ച കടാശ്വാസകമ്മീഷന്റെ മാതൃകയില്‍, ദരിദ്രകര്‍ഷകര്‍ സ്വകാര്യപലിശക്കാരില്‍നിന്ന് വാങ്ങിയ കടങ്ങള്‍ ഏറ്റെടുക്കുക വഴി കര്‍ഷകാത്മഹത്യകള്‍ ഇല്ലായ്‌മ ചെയ്യേണ്ടതുണ്ട്.
7. ഉപസംഹരിക്കുമ്പോള്‍
ഭൂമിപ്രശ്‌നം, കാര്‍ഷിക ജനതയുടെ കൃഷിഭൂമിക്കും ഉപജീവനത്തിനും വേണ്ടിയുള്ള പ്രശ്‌നപരിസരമായി വളര്‍ന്നുകഴിഞ്ഞു. സാമ്രാജ്യത്വ ആഗോളീകരണത്തിനെതിരേയുള്ള സമരത്തില്‍നിന്ന് ഭൂമിപ്രശ്‌നത്തെ വേര്‍പെടുത്തുവാന്‍ കഴിയുകയില്ലെന്നു മാത്രമല്ല ഭൂവുടമസ്ഥതാ ഭൂവിനിയോഗ പ്രശ്‌നത്തില്‍ പരിഹാരം കണ്ടെത്താനുള്ള ദിശയിലേക്കുള്ള, അനിവാര്യവും നിര്‍ബന്ധിതവുമായ മുന്‍ഉപാധിയാണ് ഭൂസമരങ്ങള്‍. കോര്‍പ്പറേഷനുകള്‍ക്കനുകൂലമായി ഭൂപരിധി നിയമങ്ങളെ പൊളിച്ചെഴുതുന്നതിനേയും, കാര്‍ഷികേതര ശക്തികള്‍ക്ക് ഭൂമി ലഭ്യമാക്കുകയും ചെയ്യുന്നതിനേയും രാഷ്‌ട്രീയ പ്രസ്ഥാനങ്ങളോ ഇടത്തരം ലിബറല്‍ മധ്യവര്‍ഗ്ഗമോ യാതൊരു രീതിയിലും എതിര്‍ക്കുന്നില്ല എന്നത് അത്യന്തം ലജ്ജാകരമായ വസ്‌തുതയാണ്. കൊളോണിയല്‍ കാലഘട്ടത്തില്‍ പോലും ഭൂസ്വത്ത് തട്ടിയെടുക്കലിനെതിരെയും കടബാധ്യതയാല്‍ കൃഷിഭൂമി തരിശാക്കിയിടുന്നതിനേയും നിയമങ്ങളുണ്ടായിരുന്നപ്പോള്‍, ആനുകാലിക കാര്‍ഷിക ദുരന്ത പരിതസ്ഥിതിയില്‍ നഗ്നമായ സ്വത്തപഹരണത്തിനെതിരേയും മറ്റും യാതൊരു പ്രതിഷേധവും ഉയര്‍ന്നു വരുന്നില്ല.
ഒരു ദശകം മുമ്പുതന്നെ കാര്‍ഷികമേഖലയില്‍ ഉയര്‍ന്നുവരുന്ന മുഖ്യവൈരുദ്ധ്യം സാമ്രാജ്യത്വവും കര്‍ഷക സാമാന്യങ്ങളും തമ്മിലാണെന്ന് ഈ ലേഖിക പ്രവചിച്ചിരുന്നു. കാര്‍ഷിക പ്രതിസന്ധിയുടെ ഇദംപ്രഥമമായ സാര്‍വ്വലൌകികവും സര്‍വ്വതലസ്പര്‍ശിയുമായ സ്വഭാവം, മുഖ്യവൈരുദ്ധ്യത്തിന്റെ മാറുന്ന ഘടനയേ സംബന്ധിച്ചുള്ള വ്യക്തമായ തെളിവാണ്. കൃഷിയുടെ സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെ നേരിട്ടുള്ള ഫലമാണ് നിലവിലുള്ള കാര്‍ഷിക പ്രതിസന്ധി.
ഇതുകൂടാതെ, ഈ സാമ്രാജ്യത്വ കടന്നുകയറ്റത്തിന്റെ ഇതിലും ഗുരുതരമായ പ്രതിഭാസങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. ആഗോളഭക്ഷ്യ പ്രതിസന്ധി അഭിമുഖീകരിക്കാന്‍ വികസിത രാഷ്‌ട്രങ്ങളുടെ നേതൃത്വത്തില്‍ സാര്‍വ്വദേശീയ കൃഷിയിടങ്ങളെയൊക്കെ തന്നെ നേരിട്ട് പിടിച്ചടക്കാനുള്ള നിരന്തരമായ ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കോണ്‍ട്രാൿട് ബന്ധങ്ങളിലൂടെയും മറ്റും,
കൃഷിഭൂമിയിലേക്ക് കോര്‍പ്പറൈറ്റൈസേഷന്റേതായ ഒരു പുതിയ മാതൃക അടിച്ചേല്‍പ്പിക്കാനും, പ്രാദേശിക ജനിതക വൈചിത്യങ്ങളെ സമര്‍ത്ഥമായി കയ്യടക്കാനും, ജനിതക സാങ്കേതികയിലൂന്നിയ ആശ്രിതത്വത്തിലേക്കും കടക്കെണിയിലേക്കും തദ്ദേശീയ കര്‍ഷക ശക്തികളെ തളക്കുവാനും, എന്തിനേറെ, വികസ്വര രാഷ്‌ട്രങ്ങളില്‍ നേരിട്ട് കൃഷിഭൂമി വാങ്ങുവാന്‍ പോലും വികസിത രാഷ്‌ട്രങ്ങള്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നു. സാമ്രാജ്യത്വത്തിന് അതിന്റെ ആഭ്യന്തര സഖ്യങ്ങള്‍ക്കുമെതിരെ, കര്‍ഷക ജനവിഭാഗങ്ങളുടേയും തൊഴിലാളികളുടേയും സമരാത്മകമായ ഐക്യം സ്ഥാപിച്ചുകൊണ്ടുമാത്രമേ ഈ പ്രതിസന്ധിയില്‍നിന്നും ഇന്ത്യയ്‌ക്ക് രക്ഷയുള്ളൂ. കാര്‍ഷികരംഗത്ത് മാത്രമല്ല, മറ്റെല്ലാ മേഖലകളിലേക്കുമുള്ള സാമ്രാജ്യത്വകടന്നാക്രമണത്തെ ചെറുക്കാന്‍, ഇത്തരമൊരു മുന്നണിയുടെ അംഗബലത്തിന് നിസ്സംശയം കഴിയുക തന്നെ ചെയ്യും.
സാമ്രാജ്യത്വ വിരുദ്ധ സംഘാടനങ്ങള്‍ക്ക് യുക്തമായ ദാര്‍ശനികാടിസ്ഥാനവും ദിശബോധവും നല്‍കാന്‍ തൊഴിലാളി വര്‍ഗ്ഗ പ്രത്യയശാസ്‌ത്രത്തിന് കഴിയുമെങ്കിലും തൊഴിലാളി വര്‍ഗ്ഗത്തെ അപേക്ഷിച്ച് തീര്‍ത്തും വേറിട്ട ഒരു വിപ്ളവശക്തിയായി മാറാനുള്ള അംഗബലം കര്‍ഷക - കര്‍ഷക തൊഴിലാളി ജനതക്ക് മാത്രമാണുള്ളത്. പട്ടിണിയും പാപ്പരീകരണവും നേരിടുന്ന ദശലക്ഷകണക്കിന് വരുന്ന ജനസാഗരങ്ങളില്‍നിന്ന് വളരെ പൊടുന്നനെയും സ്വാഭാവികവും ആയ തോതില്‍ ഇത്തരമൊരു ഐക്യമുന്നണി ഉയര്‍ന്നുവരുമന്ന് പ്രതീക്ഷിക്കുക അസ്ഥാനത്തായിരിക്കും. വളരെ ക്ഷമയോടുകൂടി, എന്നാല്‍ ഉടനടി തന്നെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനമാണ് ഈ മുന്നണി പടുത്തുയര്‍ത്തേണ്ടത്. ആഗോള- ആഭ്യന്തര സമ്പദ് ഘടനയില്‍ നടക്കുന്ന സ്ഥാനചലനങ്ങളെ ശരിയായ വിശകലനത്തിന് വിധേയമാക്കുകയും മൂര്‍ച്ഛിക്കുന്ന മുഖ്യ വൈരുദ്ധ്യങ്ങളെ കണ്ടെത്തുകയും, ഭാവി സംഭവവികാസങ്ങളുടെ ആത്യന്തിക ദിശയെ ശരിയായി നിര്‍ണ്ണയിച്ചുകൊണ്ടും, ഒരു പ്രവര്‍ത്തന തന്ത്രം രൂപപ്പെടുത്തേണ്ട ചുമതല ഇടതുപക്ഷത്തിനാണ്. തൊഴിലാളി - കര്‍ഷക തൊഴിലാളി സഖ്യം എന്ന ലെനിനിസ്‌റ്റ് പരികല്‍പനയായിരിക്കണം ഈ പ്രവര്‍ത്തന പരിപാടിയുടെ മൂലക്കല്‍.
***
- ഉത്സ പട്നായക്
ആഗോള സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യന്‍ കര്‍ഷകജനവിഭാഗങ്ങളും എന്ന വിഷയത്തെ അധികരിച്ച് കിസാന്‍സഭ - എ.ഐ.എ.ഡബ്ള്യു.യുസംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച സെമിനാറില്‍ (ജനു. 31 മുതല്‍ ഫെബ്രു. 1 2009) അവതരിപ്പിച്ച പഠന പ്രബന്ധം.
Monday, March 16, 2009
യുദ്ധാനന്തര കാലഘട്ടത്തിലെ കാര്‍ഷിക പ്രശ്‌നങ്ങളും ഇന്ത്യന്‍ കര്‍ഷക-കര്‍ഷക തൊഴിലാളി വിഭാഗവും
Labels:
കാര്‍ഷികം,
കേരളം,
ഭൂസമരം,
രാഷ്ട്രീയം,
വികസനം,
സാമ്പത്തികം
Subscribe to:
Post Comments (Atom)
2 comments:
കൃഷിഭൂമിയിലേക്ക് കോര്‍പ്പറൈറ്റൈസേഷന്റേതായ ഒരു പുതിയ മാതൃക അടിച്ചേല്‍പ്പിക്കാനും, പ്രാദേശിക ജനിതക വൈചിത്യങ്ങളെ സമര്‍ത്ഥമായി കയ്യടക്കാനും, ജനിതക സാങ്കേതികയിലൂന്നിയ ആശ്രിതത്വത്തിലേക്കും കടക്കെണിയിലേക്കും തദ്ദേശീയ കര്‍ഷക ശക്തികളെ തളക്കുവാനും, എന്തിനേറെ, വികസ്വര രാഷ്‌ട്രങ്ങളില്‍ നേരിട്ട് കൃഷിഭൂമി വാങ്ങുവാന്‍ പോലും വികസിത രാഷ്‌ട്രങ്ങള്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നു. സാമ്രാജ്യത്വത്തിന് അതിന്റെ ആഭ്യന്തര സഖ്യങ്ങള്‍ക്കുമെതിരെ, കര്‍ഷക ജനവിഭാഗങ്ങളുടേയും തൊഴിലാളികളുടേയും സമരാത്മകമായ ഐക്യം സ്ഥാപിച്ചുകൊണ്ടുമാത്രമേ ഈ പ്രതിസന്ധിയില്‍നിന്നും ഇന്ത്യയ്‌ക്ക് രക്ഷയുള്ളൂ. കാര്‍ഷികരംഗത്ത് മാത്രമല്ല, മറ്റെല്ലാ മേഖലകളിലേക്കുമുള്ള സാമ്രാജ്യത്വകടന്നാക്രമണത്തെ ചെറുക്കാന്‍, ഇത്തരമൊരു മുന്നണിയുടെ അംഗബലത്തിന് നിസ്സംശയം കഴിയുക തന്നെ ചെയ്യും.
ആഗോള സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യന്‍ കര്‍ഷകജനവിഭാഗങ്ങളും എന്ന വിഷയത്തെ അധികരിച്ച് കിസാന്‍സഭ - എ.ഐ.എ.ഡബ്ള്യു.യുസംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച സെമിനാറില്‍ (ജനു. 31 മുതല്‍ ഫെബ്രു. 1 2009) ഉര്‍സാ പട്നായ്ക് അവതരിപ്പിച്ച പഠന പ്രബന്ധം.
Njaan pandu naattile samarangalum harthalineyum okkaee kuttam parayumaarunnu.. Pakshe ipool manasilaayi nammudaee naadaa best ennu.. Countries like US and Uk are best example of modern slavery. India is the best..
Post a Comment