Wednesday, March 18, 2009

കേശുമ്മാന്റെ ബുദ്ധി അഥവാ ഹൌസ് മേറ്റ്സ്

കേശുമ്മാമന് വയസ്സ് 78. മൂന്നുമക്കള്‍. രണ്ടാണും ഒരു പെണ്ണും. മൂന്നും മൂന്നിടത്ത്. ഉന്നത ഉദ്യോഗങ്ങള്‍. തിരക്കോട് തിരക്ക്. മൂത്തയാള്‍ ബംഗളൂരുവിലുണ്ടെന്നാണറിവ്. രണ്ടാമനും കുടുംബവും രണ്ടുവര്‍ഷം മുമ്പ് ഡെല്‍ഹിയില്‍ ആയിരുന്നു. ഇളയവള്‍ ഹസിനോടും കിഡ്‌സിനോടുമൊപ്പം കാനഡയില്‍. മക്കളെയും ചെറുമക്കളെയും ഒന്നുകാണാന്‍ കേശുമ്മാമനും ഭാര്യ സുഭദ്രാമ്മയും നോക്കെത്താ ദൂരത്ത് കണ്ണും നട്ടിരുന്നു. ഓണത്തിനെങ്കിലും വരുമായിരിക്കുമെന്ന് വിഷുവിന് പ്രതീക്ഷിക്കും. ഓണത്തിനെത്താത്തപ്പോള്‍ ക്രിസ്‌തുമസില്‍ പ്രതീക്ഷ അര്‍പ്പിക്കും.

"കാലമിനിയുമുരുളും വിഷുവരും വര്‍ഷം വരും'' എന്നമട്ടില്‍ പ്രതീക്ഷാനിര്‍ഭരമായ ദീര്‍ഘനിശ്വാസത്തോടെ സുഭദ്രാമ്മ പറയുമ്പോള്‍ കേശുമ്മാമന്‍ പൂരിപ്പിക്കും..."അന്ന് ആരെന്നുമെന്തെന്നുമാര്‍ക്കറിയാം.''

പിള്ളേരെ കണ്ടേ പറ്റൂ എന്നൊരന്തര്‍ദാഹം കേശുമ്മാമന്റെ ശരീരത്തെ വരട്ടി. കുറേ ദിവസമായി ഒരേ ആലോചന...എന്തുണ്ട് മാര്‍ഗം. അവസാനം മാര്‍ഗം കിട്ടി.

"കിട്ടിയെടീ സുഭദ്രേ കിട്ടി'' ഒരു നിലവിളിപോലെയായിരുന്നു കേശുമ്മാമന്റെ പ്രഖ്യാപനം. സുഭദ്രാമ്മ അമ്പരന്നു. പാതിരാത്രിയാണ്. കണവന്റെ കൌണ്ട്ഡൌണ്‍ ആരംഭിക്കുന്നതോടനുബന്ധിച്ചുള്ള പിച്ചും പേയും പറച്ചിലാണോ എന്നു സംശയിച്ച് "എന്നെ ഇട്ടേച്ച് പോകല്ലേ'' എന്ന് വിളിക്കാന്‍ ഒരുങ്ങവേ കേശുമ്മാമന്‍ വീണ്ടും "മക്കളും കുടുംബവും ഇവിടെ വരുമെടീ - ഞാന്‍ വരുത്തും.''

മൂപ്പീന്നിന്റെ തലയിലെ എഴുപത്തെട്ടുവര്‍ഷം പഴക്കമുള്ള ചോറിന് എന്തോ പറ്റിക്കഴിഞ്ഞു എന്ന് മൂപ്പത്ത്യാര്‍ക്ക് ഉറപ്പായി. സൂര്യന്‍ പടിഞ്ഞാറുദിക്കുന്നു എന്നൊരു സ്റ്റേറ്റ്മെന്റ് പോലും ഇത്രയും വട്ടത്തരം നിറഞ്ഞതായിരിക്കില്ല സുഭദ്രാമ്മയെ സംബന്ധിച്ച്.

"നിങ്ങള്‍ വരണം നമുക്കൊരു ഡോൿടറെ കാണാം. പിള്ളേരെക്കുറിച്ച് ചിന്തിച്ച് ചൂട് കയറിയതാണ്. പുകഞ്ഞ കൊള്ളികള്‍ പുറം നാട്ടില്‍ പോട്ട്.''

"എടീ എനിക്ക് വട്ടൊന്നുമില്ല. കാര്യമായിത്തന്നെ പറഞ്ഞതാ. ഞാനവരെ വരുത്തും.''

"എങ്ങനെ?''

"അലുമിനി''

"അനാവശ്യം പറയല്ലേ''

"എടീ സുഭദ്രേ നോക്ക് ഇപ്പോഴത്തെ ഒരു ട്രെന്‍ഡാടീ ഈ അലുമിനി. അലുമിനി എന്നത് ഒരു വിദേശപദമാണ്. ലാറ്റിനോ ഗ്രീക്കോ അങ്ങനെ ഏതാണ്ടൊരു പദം. 'പൂര്‍വ വിദ്യാര്‍ഥികള്‍', 'പൂര്‍വ സഹജീവികള്‍', 'മുമ്പ് ഒന്നിച്ചു കൂടിയിരുന്നവര്‍' എന്നൊക്കെയാണത്രേ അര്‍ഥം. ഇപ്പോള്‍ അലുമിനിയുടെ കാലമാ. പത്രത്തില്‍ ഇപ്പോള്‍ സ്ഥിരമായി വാര്‍ത്തയും ഫോട്ടോയും വരുന്നത് കണ്ടിട്ടില്ലേ നീയ്...ഇന്ന കോളേജില്‍ 1958ല്‍ ഡിഗ്രിക്ക് പഠിച്ചിരുന്നവര്‍ ഒത്തുകൂടി. എന്‍ജിനിയറിങ് കോളേജിലെ 1052 ബാച്ച് ഒത്തുകൂടി. 69ലെ മെഡിക്കല്‍ കോളേജ് അലുമിനി നടത്തി. നീ കണ്ടിട്ടില്ലേ വാര്‍ത്തകള്‍?''

കണവന്‍ എന്തിലേക്കോ പോയിന്റ് ചെയ്‌ത് വരികയാണെന്നു പിടികിട്ടിയ സുഭദ്രാമ്മ തലകുലുക്കി.

"1952 ബാച്ച് 1964 ബാച്ചെന്നൊക്കെ ഒരു വര്‍ഷത്തിലെ മുഴുവന്‍ പൂര്‍വ വിദ്യാര്‍ഥികളെയും ഉള്‍ക്കൊണ്ട് തുടങ്ങിയത് പിന്നെ 1978ല്‍ ഇന്ന കോളേജിലെ കെമിസ്‌ട്രി ബാച്ച്, മലയാളം ബാച്ച് എന്നൊക്കെ ഉപവിഭാഗങ്ങളായി. അലുമിനി ആഘോഷം ഉത്സവം പോലെയാണ്. ലോകത്തിന്റെ വിവിധ കോണുകളിലുള്ളവര്‍ കുഞ്ഞുകുട്ടി പരാധീനങ്ങള്‍ സഹിതം വരും. വടിപിടിച്ചു നടക്കുന്നവരും തൊണ്ണൂറാം വയസ്സിലും യുവത്വം സൂക്ഷിക്കുന്നവരും ഒക്കെ ഒന്നിച്ചുചേരും. പഠിപ്പിച്ച അധ്യാപകര്‍ക്ക് അനുമോദനവും മുകളിലേക്ക് പോയവര്‍ക്ക് ആദരാഞ്ജലിയുമൊക്കെ അര്‍പ്പിച്ചു തുടങ്ങും. പഠിച്ചിരുന്നപ്പോള്‍ സഹപാഠികള്‍ വിളിച്ചിരുന്ന ഇരട്ടപ്പേരുകള്‍ വീണ്ടും ഓര്‍മിക്കും. (വീട്ടില്‍ മരുമക്കളും മറ്റും അവരുടേതായ ചില പേരുകളും ഇവര്‍ക്ക് നല്‍കീട്ടുണ്ടാകും.) പണ്ട് പഠിച്ച ക്ളാസ് റൂമുകളില്‍ ചെന്നിരിക്കല്‍, ഹോസ്റ്റല്‍ മുറിയില്‍ കിടക്കല്‍, ചാടിക്കടക്കുമായിരുന്ന മതിലിന്റെ പൊട്ടലൊക്കെ ഇപ്പോഴുമുണ്ടെന്ന് അത്ഭുതം കൂറല്‍, ഓര്‍മക്കായി പഴയമട്ടില്‍ കൂകല്‍ തുടങ്ങിയവയാണ് പരമ്പരാഗതമായി അനുഷ്‌ഠിച്ചുവരുന്ന അലുമിനി ചടങ്ങുകള്‍. തലസ്ഥാനത്ത് ഈയിടെ ഇടിച്ചുകളഞ്ഞ ഒരു ലോഡ്‌ജില്‍ പണ്ട് ഒന്നിച്ചു താമസിച്ചിരുന്നവര്‍ ഒത്തുകൂടി. നീ നോക്കിക്കോ ഭാവിയില്‍ വാര്‍ത്ത വരും. ഇന്ന ബാറില്‍ ഇന്നവര്‍ഷം മദ്യപിച്ചിരുന്നവരുടെ അലുമിനി, അവര്‍ ഒത്തുകൂടും. പണ്ട് പാടിയിരുന്ന പാട്ടുകള്‍ പാഴും. ശര്‍ദ്ദിച്ച വാഷ്‌ബേസിനില്‍ ഗൃഹാതുരതയോടെ നോക്കും. മറിഞ്ഞുവീണ ഓടക്കരികില്‍ ഒത്തുകൂടും-നടക്കും സുഭദ്രേ ഇതൊക്കെ നടക്കും. ഇങ്ങനെ ക്ളാസ്‌മേറ്റ്സ് ഒത്തുകൂടുന്ന സിനിമകളും ഒന്നിലധികം ഇറങ്ങിയിട്ടുണ്ട്.''

"അല്ല എന്താണ് പറഞ്ഞു വരുന്നത്?''

ക്ഷമ നശിച്ച സുഭദ്രാമ്മ ചോദിച്ചു.

അതിനു മറുപടിയായി കേശുമ്മാമന്‍ ഒന്നു ചിരിച്ചു. എന്നിട്ട് ഡയറി എടുത്തു. മൂത്തമോന്റെ നമ്പര്‍ തപ്പി എടുത്തു. നമ്പര്‍ ഡയല്‍ ചെയ്‌തു. പാതിരാത്രി ബംഗളൂരുവില്‍ ഫോണ്‍ മുഴങ്ങി. മൂന്നുമണിക്കും കംപ്യൂട്ടറിന്റെ മുന്നിലായിരുന്ന മകന്‍ ഫോണെടുത്തു.

"ഹലോ'' കേശുമ്മാമന്‍ പറഞ്ഞു.

"ആരാ'' വല്ലപ്പോഴുമൊരിക്കല്‍ മാത്രമാണ് അച്ഛന്റെ ശബ്‌ദം കേള്‍ക്കുന്നത് എന്നതിനാല്‍ പ്രകാശന് പെട്ടെന്ന് സൌണ്ട് ഐഡന്റിഫൈ ചെയ്യാന്‍ പറ്റിയില്ല.

"നിന്റെ അച്ഛനാടാ''

"അയ്യൊ അച്ഛാ ഓണം വെക്കേഷന് വരണമെന്ന് വിചാരിച്ചു..പക്ഷേ അച്ഛനറിയാലോ..''

"അറിയാമെടാ. ഞാനിപ്പോള്‍ വിളിച്ചത് ഒരു അലുമിനി ഗെറ്റ് റ്റുഗദര്‍ കാര്യം പറയാനാ''

"എന്താ?''

"നമ്മുടെ വീട്ടില്‍ 1965 മുതല്‍ 2000 വരെ ഒന്നിച്ചു കഴിഞ്ഞിരുന്നവരുടെ ഒരു ഗെറ്റ്റ്റുഗതര്‍. അല്ലെങ്കില്‍ അലുമിനി. അടുത്ത മാസം പന്ത്രണ്ടാം തീയതി.''

"സംഗതി കൊള്ളാലോ.''

"പ്രസാദിന്റെയും ശരണ്യേടേം നമ്പര്‍ പിടിയില്ല. നീ ഒന്നു ഓര്‍ഗനൈസ് ചെയ്യ്. നമുക്ക് അടിച്ചു പൊളിക്കാം.''

"ഏറ്റച്ഛാ''

കേശുമ്മാമന്‍ ഫോണ്‍ വച്ചു. അമ്പരന്നു നില്‍ക്കുന്ന സുഭദ്രയോട് കേശുമ്മാമന്‍ പറഞ്ഞു. "നോക്ക് സുഭദ്രേ. വിഷുവിനും റംസാനുമൊക്കെ വരണമെന്നു പറഞ്ഞല്ല പിള്ളേരെ വിളിക്കേണ്ടത്. അലുമിനി, അല്ലെങ്കില്‍ ഗെറ്റ്റ്റുഗതര്‍ അങ്ങനെയാണ്. ഇപ്പോ മലയാളിക്ക് ആഘോഷമൊക്കെ ഗെറ്റ്റ്റുഗതറും ഗെറ്റ്റ്റുഗതര്‍ ആഘോഷവുമാണ്. നീ കണ്ടോ പ്രതികരണം കണ്ടോ.''

അടുത്ത ദിവസം രാവിലെ ഡെല്‍ഹിയില്‍ പ്രസാദിന്റെ വീട്ടില്‍ ഫോണ്‍ മുഴങ്ങി. പ്രസാദിന്റ മകന്‍ റ്റാനയാണ് ഫോണെടുത്തത്.

"ഹലോ പ്രസാദില്ലേ''

"ആരാ സംസാരിക്കുന്നത്?''

"മോനാരാ...''

"ഞാന്‍ പ്രസാദിന്റെ മോനാ.''

"ഓ! ഞാന്‍ നിന്റെ വലിയച്ഛനാടാ-''

"അതാരാ...'' പിള്ളമനസ്സില്‍ കള്ളമില്ല.

ആ സമയം ഫോണ്‍ പ്രസാദ് വാങ്ങി.

"നിനക്ക് രണ്ടു കുട്ടികളല്ലേടാ''

"ഏയ്. ഒരാള്. മൂന്നിലാ. ഏട്ടന്റെ മോന്‍...അവന്റെ പേര്...''

"റൂബി''

"എത്രേലാ''

"ആറില്''

അങ്ങനെ അജ്ഞാതമായിരുന്ന മേഖലകളെ സ്‌പര്‍ശിച്ച് സംസാരിച്ചശേഷം പ്രകാശ് വിവരം പറഞ്ഞു.

"ടാ. അച്ഛന്‍ വിളിച്ചിരുന്നു. ഒരു ഗെറ്റ്റ്റുഗതറും അലുമിനി ആഘോഷവുമൊക്കെ.''

"അതു ബെസ്‌റ്റാണല്ലോ. കഴിഞ്ഞയാഴ്‌ച ഞങ്ങള്‍ നാട്ടില്‍ പോയിരുന്നു. എന്‍ജിനിയറിങ് കോളേജില്‍ അലുമിനി. നല്ല രസമായിരുന്നു. മോന്‍ പാട്ടുപാടി. ഇതും നമുക്ക് അടിച്ചു പൊളിക്കണം. ഞാന്‍ ശരണ്യേടെ നമ്പര്‍ തപ്പി കണ്ടു പിടിച്ചു വിളിച്ചു പറയാം.''

----

കാര്യങ്ങള്‍ കേശുമ്മാമന്‍ വിചാരിച്ചതുപോലെത്തന്നെ നടന്നു. ഗെറ്റ്റ്റുഗതറും അലുമിനിയും ആഘോഷിക്കാന്‍ ഏവരും പറന്നെത്തി. പരിചയങ്ങള്‍ പുതുക്കുകയല്ല, പരിചയപ്പെടലാണ് പലരും നടത്തിയത്. പണ്ട് അച്ഛന്‍ തല്ലിയ കഥകള്‍ പറഞ്ഞു. മുറ്റത്തെ കിണറ്റിന്‍കരയില്‍ ചെന്നുനിന്നു. ഉമ്മറത്തെ പാടുകള്‍ വീണ്ടും നോക്കി. ഓടിക്കളിച്ചപ്പോള്‍ കാലുതെറ്റിയ കല്ലിനെ സ്‌നേഹപൂര്‍വം തലോടി. പാടി- പിള്ളേര്‍ കാണാതെ ഒന്നുകൂടി.

കേശുമ്മാമനും സുഭദ്രാമ്മയും ഹാപ്പിയായി. അടുത്ത വര്‍ഷം ഇതുപോലെ ഗെറ്റ്റ്റുഗതര്‍ വേണമെന്ന് തീരുമാനിക്കപ്പെട്ടു. പ്രസാദിനെ അടുത്ത വര്‍ഷത്തെ അലുമിനി കമ്മിറ്റിയുടെ കോ-ഓര്‍ഡിനേറ്ററായി തെരഞ്ഞെടുത്തു. വിപുലമായ പരിപാടികളാണ് അടുത്തവര്‍ഷത്തേക്ക് പ്ളാന്‍ ചെയ്യുന്നത്. അലുമിനി എന്ന പദം പൂര്‍വ വിദ്യാര്‍ഥികള്‍ എന്ന വിഭാഗത്തെ മാത്രമാണ് ഉള്‍ക്കൊള്ളുന്നത് എന്ന അഭിപ്രായത്തെ ഏവരും ഒന്നിച്ചെതിര്‍ത്തു. ക്ളാസ്‌മേറ്റ്സ് പോലെ ഹൌസ്‌മേറ്റ്സും അലുമിനിയുടെ പരിധിയില്‍ വരുമെന്ന് ഏകകണ്ഠമായി തീരുമാനിച്ചു.

ആഘോഷം കഴിഞ്ഞ് തിരികെ എയര്‍പോര്‍ട്ടിലേക്ക് മടങ്ങവേ റ്റിനു പ്രസാദിനോട് പറഞ്ഞു.

"ഞാന്‍ വലുതാകുമ്പോ, അച്ഛനും ഗ്രാന്റ്പാ നടത്തിയതുപോലെ ഗെറ്റ്റ്റുഗതര്‍ നടത്തണേ?''

***

കൃഷ്ണ പൂജപ്പുര, കടപ്പാട് : ദേശാഭിമാനി സ്‌ത്രീ സപ്ലിമെന്റ്

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കേശുമ്മാമന് വയസ്സ് 78. മൂന്നുമക്കള്‍. രണ്ടാണും ഒരു പെണ്ണും. മൂന്നും മൂന്നിടത്ത്. ഉന്നത ഉദ്യോഗങ്ങള്‍. തിരക്കോട് തിരക്ക്. മൂത്തയാള്‍ ബംഗളൂരുവിലുണ്ടെന്നാണറിവ്. രണ്ടാമനും കുടുംബവും രണ്ടുവര്‍ഷം മുമ്പ് ഡെല്‍ഹിയില്‍ ആയിരുന്നു. ഇളയവള്‍ ഹസിനോടും കിഡ്‌സിനോടുമൊപ്പം കാനഡയില്‍. മക്കളെയും ചെറുമക്കളെയും ഒന്നുകാണാന്‍ കേശുമ്മാമനും ഭാര്യ സുഭദ്രാമ്മയും നോക്കെത്താ ദൂരത്ത് കണ്ണും നട്ടിരുന്നു. ഓണത്തിനെങ്കിലും വരുമായിരിക്കുമെന്ന് വിഷുവിന് പ്രതീക്ഷിക്കും. ഓണത്തിനെത്താത്തപ്പോള്‍ ക്രിസ്‌തുമസില്‍ പ്രതീക്ഷ അര്‍പ്പിക്കും.

"കാലമിനിയുമുരുളും വിഷുവരും വര്‍ഷം വരും'' എന്നമട്ടില്‍ പ്രതീക്ഷാനിര്‍ഭരമായ ദീര്‍ഘനിശ്വാസത്തോടെ സുഭദ്രാമ്മ പറയുമ്പോള്‍ കേശുമ്മാമന്‍ പൂരിപ്പിക്കും..."അന്ന് ആരെന്നുമെന്തെന്നുമാര്‍ക്കറിയാം.''

പിള്ളേരെ കണ്ടേ പറ്റൂ എന്നൊരന്തര്‍ദാഹം കേശുമ്മാമന്റെ ശരീരത്തെ വരട്ടി. കുറേ ദിവസമായി ഒരേ ആലോചന...എന്തുണ്ട് മാര്‍ഗം. അവസാനം മാര്‍ഗം കിട്ടി.

"കിട്ടിയെടീ സുഭദ്രേ കിട്ടി'' ഒരു നിലവിളിപോലെയായിരുന്നു കേശുമ്മാമന്റെ പ്രഖ്യാപനം....

കൃഷ്‌ണ പൂജപ്പുരയുടെ നർമ്മ ഭാവന

ജിവി/JiVi said...

:)