വിവാഹ വാര്‍ഷികദിനത്തില്‍ കള്ളന്‍ തരളിതഹൃദയനായി. നളിനകുമാരിയെ മാറോട് ചേര്‍ത്ത് കാതില്‍ കിന്നരിച്ചു.
'നളിനം പറയൂ, ഇന്ന് നാം ബന്ധിതരായതിന്റെ രണ്ടാം ചരമ വാര്‍ഷികമാണ്. നിനക്കെന്തുവേണം?. ചോദിച്ചോളൂ, ജീവിതമൊഴികെ മറ്റെന്തും. മേല്‍പ്പറഞ്ഞത് നിന്റെ കാല്‍ക്കല്‍ നാം നേരത്തെ സമര്‍പ്പിച്ചതാണല്ലൊ.'
നളിനം സ്വന്തം ചെവി സ്വതന്ത്രമാക്കിയശേഷം പറഞ്ഞു.
'ഇത്തരം സന്ദര്‍ഭത്തില്‍ ചിലര്‍ വികാരലോലന്മാരായി പ്രത്യക്ഷപ്പെടാറുണ്ട്. ഉദ്ദേശ്യം മറ്റു പലതുമാണെന്ന് മനഃശാസ്ത്രജ്ഞന്മാര്‍ പറഞ്ഞിട്ടുമുണ്ട്. വിസ്താര ഭയത്താല്‍ ഞാന്‍ അവരുടെ പേരുകള്‍ ഉദ്ധരിക്കുന്നില്ല. എനിക്കൊന്നേ പറയാനുള്ളു. വിവാഹിക വാര്‍ഷികത്തില്‍ ഭാര്യക്ക് എന്താണ് കൊടുക്കേണ്ടതെന്നറിയാത്ത ഭര്‍ത്താവിനെച്ചൊല്ലി ഞങ്ങള്‍, സ്ത്രീകള്‍ ഒന്നടങ്കം ലജ്ജിക്കുന്നു. നിന്റെ ഹൃദയം ഇത്രയേറെ വരണ്ടുപോയല്ലോ. പ്രണയം, ഉഴുതുമറിച്ച നിലം പോലെയായിരിക്കണം. എന്നാലേ എന്നും വിളവുണ്ടാകു.'
'നളിനം, അതിനര്‍ഥം ഞാനെന്നും രണ്ടു കാളകളെ തയ്യാറാക്കി നിര്‍ത്തണം എന്നല്ലെ...?'
ചോദ്യത്തിലെ രണ്ടാമത്തെ അര്‍ഥം പെട്ടെന്ന് പിടികിട്ടിയ നളിനകുമാരി കള്ളന്റെ നെഞ്ചില്‍ വീണ് പൊട്ടിച്ചിരിച്ചു.
ചിരി സ്വയം അസഹ്യമായപ്പോള്‍ നിര്‍ത്തി.
'..പറയൂ..നളിനം. നിന്നോടുള്ള എന്റെ ഇഷ്ടം ശതഗുണീഭവിച്ച ഈ നിമിഷത്തില്‍ പറയൂ, നിനക്കെന്ത് വേണം..?'
നളിനകുമാരി കടലാസും പേനയുമെടുത്ത് പ്രണയം ഗുണിച്ച് നോക്കി. കള്ളന്റെ കടക്കണ്ണില്‍ ചിരി വിരിഞ്ഞു.
അറുപതുകളിലെ നായികയെപ്പോലെ അവള്‍ വിതുമ്പി.
'ഈ കഴുത്തില്‍ ഈ താലി വെച്ചതിനു ശേഷം നിങ്ങള്‍ എനിക്കെന്തെങ്കിലും വാങ്ങിത്തന്നിട്ടുണ്ടോ..?പൊടിയാത്ത ഒരു സാരി, കീറാത്ത ഒരു ജമ്പര്‍..ഇല്ല.. മറ്റ് വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല...എനിക്കുണ്ടോ..?'
നളിനം ഇത്തരം ഭാഷാ പ്രയോഗങ്ങള്‍ക്ക് മീതെ നാല്‍പ്പതിലേറെ പതിറ്റാണ്ടുകള്‍ കടന്നുപോയത് നീ അറിഞ്ഞില്ലേ..?. അര്‍ണോസു പാതിരിക്കുപോലും ചിരിവരുന്ന വാചകങ്ങള്‍ നളിനം നീ ആവര്‍ത്തിച്ച് നിന്റെ നിലവാരത്തകര്‍ച്ച പ്രകടിപ്പിക്കരുത്. ലേഖനമെഴുതുന്ന സ്ത്രീകള്‍ ഇതറിഞ്ഞാല്‍ നിന്നെ മുണ്ഡനം ചെയ്യും. അതുകൊണ്ട് നളിനം നിന്റെ സങ്കടങ്ങള്‍ പോലും ഹൈടെക്കാക്കു..മോഡേണിറ്റി ഈസ് ക്രിയേറ്റിവിറ്റി. നിനക്ക് ഞാന്‍ രണ്ട് മൊബൈല്‍ ഫോണ്‍ തന്നില്ലേ..?ഒരു ലാപ്ടോപ് തന്നില്ലേ..?പറയൂ, നിനക്കെന്തു വേണം?ഡിജിറ്റല്‍ ടി വി?, ഡി വി ഡി? ഹോം തിയറ്റര്‍?. അതിനു പകരം പിഞ്ഞിയ സാരി, കീറിയ ജമ്പര്‍..സ്വപ്നങ്ങളായാലും അപ് റ്റുഡേറ്റാകണം നളിനം.'
'ഇതൊക്കെ നിന്റെ വാചകം. ഇതിലൊന്നും നിന്റെ വിയര്‍പ്പില്ല.'
'സമ്മതിച്ചു. പക്ഷേ, നളിനം, മോഷ്ടിക്കുന്നതുപോലെ തന്നെ പ്രതിഭ ആവശ്യപ്പെടുന്നതാണ് അതിന്റെ ഉപയോഗവും. നിനക്ക് ഞാന്‍ തന്നത് വെറും തൊണ്ടിമുതലുകളല്ല. എന്റെ രാത്രിയുടെ വികാരവായ്പുകളാണ്. ഞാന്‍ പിടിച്ചെടുത്ത പര്‍വതങ്ങളാണ്. ഞാന്‍ നിനക്കൊരു പൂ സമ്മാനിക്കുമ്പോള്‍ ഒരു സസ്യശാസ്ത്രജ്ഞയുടെ മനസ്സല്ല നിനക്ക് വേണ്ടത്. അതിന്റെ ദലങ്ങള്‍ക്ക് നിറം പകര്‍ന്നത് ശാസ്ത്രമല്ല, എന്റെ ഹൃദയമാണ്. നളിനം, ഒരു രാജാവും വെട്ടിപ്പിടിച്ച രാജ്യം രാജ്ഞിക്ക് വിവാഹസമ്മാനമായി നല്‍കിയിട്ടില്ല-ഷാജഹാന്‍ ചക്രവര്‍ത്തിപോലും. പക്ഷേ ഞാന്‍ നിനക്ക് സമര്‍പ്പിച്ചു, എല്ലാം.'
'ഈ ഒരു നല്ല ദിവസത്തിലെങ്കിലും നീ ചരിത്രം വിളമ്പാതിരിക്കു. എനിക്ക് സ്വസ്ഥത തരൂ. നീ ഒരു പണ്ഡിതനാണെന്ന് ഞാന്‍ എത്രയോ വട്ടം സമ്മതിച്ചിരിക്കുന്നു. ഇനിയെങ്കിലും നാക്കുകൊണ്ട് ഉപന്യസിക്കാതിരിക്കു, പ്ളീസ്.നിന്റെ പ്രസംഗം അവസാനിപ്പിക്കാന്‍ ഞാന്‍ എന്തായാലും ഒരു സമ്മാനം ആവശ്യപ്പെടാം..'
'പറയൂ.'
'അലക്കിയുണക്കി വരുന്ന വാഷിങ് മെഷീന്‍.'
'എളുപ്പമല്ല. റിസ്ക്കുണ്ട്.'
'ഇന്നോവ.'
'വാഹനരംഗത്തേക്ക് ഞാന്‍ കടന്നിട്ടില്ല എന്ന് നിനക്കറിയാമല്ലൊ. നീ പണക്കൊഴുപ്പിന്റെ പിന്നാലെ പോകല്ലെ. വഞ്ചിക്കപ്പെടുന്ന ഉപഭോക്താവാകല്ലെ. ആഗോളീകരണത്തിന്റെ ഇരയാകല്ലെ. ലേഖനത്തിന്റെ വിഷയമാകല്ലെ.നമ്മുടെ ബജറ്റില്‍ ഒതുങ്ങുന്നതും പ്രകൃതിക്കിണങ്ങുന്നതും പരിസ്ഥിതിക്ക് നാശം വരാത്തതുമായ എന്തെങ്കിലും ആവശ്യപ്പെടൂ..'
' അയല മൊളകിട്ടതും പുട്ടും..'
'..ഛേ..അതില്‍ തീരെ റൊമാന്‍സില്ല. പ്രണയം കൊടിയേറുമ്പോള്‍ പുട്ടോ..?ഹൃദയം ലോലവും ശരീരം മൃദുവുമായിരിക്കുമ്പോഴാണ് പ്രണയം അതിന്റെ സ്വന്തം ഡയലോഗടിക്കുന്നത്. അപ്പോള്‍ പുട്ടോ..?.പുട്ട് പൊടിക്കാന്‍ ബലം പ്രയോഗിക്കണം. ബലം പ്രയോഗിക്കുമ്പോള്‍ പ്രണയിക്കാനാവുമോ..?പേശികള്‍ മുറുകുമ്പോഴല്ല, അയയുമ്പോഴാണ് ദേഹം പ്രണയസാന്ദ്രമാകുന്നത്. പല്ല് കടിച്ച് പുട്ട് പൊടിക്കുമ്പോള്‍ നളിനം, എങ്ങനെയാണ് സ്വപ്നം കിനിക്കുന്ന വാചകങ്ങള്‍ ഉതിര്‍ക്കുന്നത്.'
' നീ എന്നെ തോല്‍പിക്കുകയാണ് അല്ലേ. എങ്കില്‍ ഐസ് ക്രീം.'
'ആശയത്തില്‍ പുതുമയില്ല.'
'ഞാന്‍ തോറ്റതായി പ്രഖ്യാപിക്കുന്നു.'
'ഞാന്‍ ജയിച്ചതായി ഭാവിക്കുന്നില്ല.'
'എന്നാല്‍ നീ പറയ്..'
കള്ളന്‍ ചിന്തിക്കുന്നതായി അഭിനയിച്ചു.
'കടല്‍ത്തീരത്ത് ഒരു സായാഹ്നം. കൊറിക്കാന്‍ നിലക്കടല. എങ്ങനെയുണ്ട്..?'
'നീ ധനമന്ത്രിയാവുന്നതും ബജറ്റവതരിപ്പിക്കുന്നതും ഞാന്‍ സ്വപനം കാണുന്നു.'
'നിന്റെ സ്വപ്നം ഫലിക്കാതിരിക്കട്ടെ.'
നളിനവും കള്ളനും കടല്‍ത്തീരത്തേക്ക് ഇറങ്ങി. തിരകള്‍ നക്കിത്തുടച്ച തീരത്ത് നഗ്ന പാദങ്ങള്‍ കൊണ്ട് അവര്‍ ചിത്രം വരച്ചു. രവിവര്‍മ സ്കൂള്‍ ഓഫ് ആര്‍ട്.
നളിനത്തിന്റെ മടിയില്‍ പ്രണയത്തിന്റെ ഗന്ധം ശ്വസിച്ച് കള്ളന്‍ കിടന്നു. കള്ളന്റെ കൈ പിടിച്ച് നളിനം മണലിലെഴുതിച്ചു.
'കൊച്ചുകള്ളന്‍.'
പടിഞ്ഞാറന്‍ കാറ്റ് നളിനത്തിന്റെ മുടി പറത്തി കള്ളന്റെ മുഖത്തിട്ട് ഓടിക്കളഞ്ഞു. കാച്ചെണ്ണ തേച്ച മുടിയഴകിന്റെ കറുത്ത അലകള്‍ കള്ളന്റെ കവിളിനെ തൊട്ടും തലോടിയും രസിച്ചു. 'ബ്ളും.' തക്കം നോക്കി അസ്തമയ സന്ധ്യ കടലില്‍ വീണു.
കരുതിവെച്ച വാചകങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനു മുമ്പെ അത് സംഭവിച്ചു. അവരെ ആന്റിറൊമാന്റിക് സ്ക്വാഡ് വളഞ്ഞു. മിന്നല്‍ പരിശോധനയായിരുന്നു. പോഷകാഹാരക്കുറവ് തീണ്ടാത്ത പത്ത് ശരീരങ്ങളാണ് അവരെ വളഞ്ഞു നിന്നത്.
കള്ളന്‍ ചോദിച്ചു.
'നിങ്ങള്‍..?'
'ജയ് ശ്രീറാം. ഞങ്ങള്‍ ശ്രീരാമ സേനക്കാര്‍.'
'..പണി..'
'ഇത്തരം ഹീനകൃത്യങ്ങള്‍ കണ്ടുകെട്ടി മുദ്രവെക്കല്‍.'
'പ്രതിഫലം..?'
'ഇല്ല. ഭാരതീയ സംസ്കാരം സംരക്ഷിക്കാനുള്ള സന്നദ്ധസേവനമാണ്.'
'സന്നദ്ധസേവനത്തിനെന്ത് തരപ്പെടും എന്നാണ് ചോദിച്ചത്?'
'ആര്‍ഷ ഭാരത സംസ്കാരം നിരോധിക്കാത്തതെന്തും.'
'വിശദീകരിക്കാമോ..?'
'ഒരു യാഗത്തിനുള്ളതെല്ലാം കിട്ടും. ഖരമായും ദ്രാവകമായും. പണി തീര്‍ത്ത് പോകുമ്പോള്‍ കാമശാസ്ത്രത്തിന്റെ ഒരു കോപ്പിയും.'
'ഇതൊരു ഹീനകൃത്യമാണെന്ന് ആരു പറഞ്ഞു?'
'ജയ് ശ്രീറാം. ഇത് ഹീനമാണ്.'
'രാധയുടെ ചിലങ്കകള്‍ ആര്‍ക്ക് വേണ്ടിയാണ് കിലുങ്ങിയത്?പാര്‍വതീദേവി പച്ചിലക്കൂമ്പുകള്‍ മാത്രം കഴിച്ചത് എന്തിനായിരുന്നു?.ഇന്ദ്രന് ആയിരം കണ്ണുകള്‍ ഉണ്ടായത് എങ്ങനെയാണ്?'
'ജയ് ശ്രീറാം. ചാര്‍ച്ചക്കെത്തിയവരുമായി ചര്‍ച്ചയില്ല.'
'ഞങ്ങള്‍ എന്ത് ചെയ്യണം?.'
'നിങ്ങള്‍ വിവാഹിതരാവണം.'
'ഞങ്ങള്‍ വിവാഹിതരാണ്'
രാമസേനക്കാര്‍ ഈ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്നതിനെക്കുറിച്ച് ആലോചനയില്‍ മുഴുകി.
'നടക്ക്..'
കള്ളന്‍ ചോദിച്ചു.
'എങ്ങോട്ട്'?
'ഞങ്ങളുടെ ഫീല്‍ഡ് മാര്‍ഷലിന്റെയടുത്തേക്ക്.'
'ആരാണ്?'
'ഗുരുജി സ്വാമി ബ്രഹ്മചര്യാവ്രതന്‍.'
'എവിടെയാണ് അദ്ദേഹം പള്ളികൊള്ളുന്നത്..?'
'പള്ളിയോ, മിണ്ടിപ്പോകരുത്.'കള്ളനും നളിനവും ബ്രഹ്മചര്യാവ്രതന്റെ ആശ്രമത്തിലെത്തി.വ്രതന്‍ ധ്യാനത്തിലാണ്.
കള്ളന്‍ സൂക്ഷിച്ച് നോക്കി.
എവിടെയോ...എവിടെയോ..കണ്ടിട്ടുണ്ട്.ഓ!. പിടികിട്ടി.
ഓര്‍ത്തോര്‍ത്തോണ്ടിരുന്ന കള്ളന്‍ ഓടിച്ചെന്ന് സ്വാമി ബ്രഹ്മചര്യാവ്രതന്റെ കാലില്‍ വീണു.
പ്രവൃത്തിയില്‍ സന്തോഷം രേഖപ്പെടുത്തി കള്ളനെ വാത്സല്യപൂര്‍വം പിടിച്ചെഴുന്നേല്‍പ്പിച്ചു. എഴുന്നേല്‍ക്കുമ്പോള്‍ കള്ളന്‍ ബ്രഹ്മചര്യന്റെ ചെവിട്ടില്‍ പറഞ്ഞു.
'കള്ളക്കഴ്വേറി നിനക്കെന്നെ മനസ്സിലായില്ല, അല്ലേ?'
ബ്രഹ്മചര്യം കള്ളനെ തറച്ചു നോക്കി. പെട്ടെന്ന് ക്രോധമടക്കി. നിസ്സംഗഭാവത്തില്‍ എഴുന്നേറ്റു.
കള്ളനോടും നളിനത്തോടു പറഞ്ഞു.
'നമ്മെ അനുഗമിക്കു.'
അകത്ത് വിശാലമായ മുറി. ഫ്രഞ്ച് സെറ്റി, ഇറ്റാലിയന്‍ കര്‍ട്ടനുകള്‍, ഇന്റേണല്‍ പ്ളാന്റ്സ്..ആകെ ഒരു അഹംബ്രഹ്മാസ്മി മയം.
കള്ളന്‍ ചോദിച്ചു.
'ഡാ..നിനക്കെന്നെ മനസ്സിലായാ..?'
'മനസ്സിലായാന്നോ..? ഒറ്റനോട്ടത്തില്‍ പിടികിട്ടി. നിനക്കെന്നെ പിടികിട്ടിയില്ലെങ്കില്‍ പിടിച്ചുനില്‍ക്കാമെന്ന് കരുതി.'
നളിനം നിരക്ഷരയായി നില്‍ക്കവെ കള്ളന്‍ പറഞ്ഞു.
'ഞങ്ങള്‍ ഒരേ തൊഴില്‍ ചെയ്തിരുന്നതാണ്. പൂട്ട് പൊളിക്കലിലായിരുന്നു ഇവന്റെ സ്പെഷലൈസേഷന്‍.പൊലീസ് പിടിക്കുമെന്നായപ്പോള്‍ ഒരു പെണ്ണിനേയുമടിച്ച് ഇവന്‍ നാടുവിട്ടു.'
കള്ളന്‍ ചോദിച്ചു.
'ഡാ..അവള്‍ എവിടെ..?'
'അവള്‍ തന്നെ ഇപ്പോഴും ഭാര്യ. രണ്ടുകുട്ടികളുമുണ്ട്. മക്കള്‍ ഡാര്‍ജലിങ്ങിലാണ് പഠിക്കുന്നത്. ഭാര്യയും അവിടെയാണ്. ഞാന്‍ രണ്ടുമാസം കൂടുമ്പോ പോകും.സുഖം. നിനക്കോ?'
'ഞാന്‍ രക്ഷപ്പെട്ടിട്ടില്ലെടാ. കള്ളനായിത്തന്നെ ജീവിക്കുന്നു.'
തുടര്‍ന്ന് എല്ലാവരും കൂടി ഓരോകുപ്പി ബിയര്‍ കഴിച്ച് പിരിഞ്ഞു.
*
എം എം പൌലോസ്
Thursday, March 12, 2009
Subscribe to:
Post Comments (Atom)
7 comments:
......കരുതിവെച്ച വാചകങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനു മുമ്പെ അത് സംഭവിച്ചു. അവരെ ആന്റിറൊമാന്റിക് സ്ക്വാഡ് വളഞ്ഞു. മിന്നല്‍ പരിശോധനയായിരുന്നു. പോഷകാഹാരക്കുറവ് തീണ്ടാത്ത പത്ത് ശരീരങ്ങളാണ് അവരെ വളഞ്ഞു നിന്നത്.
കള്ളന്‍ ചോദിച്ചു.
'നിങ്ങള്‍..?'
'ജയ് ശ്രീറാം. ഞങ്ങള്‍ ശ്രീരാമ സേനക്കാര്‍.'
'..പണി..'
'ഇത്തരം ഹീനകൃത്യങ്ങള്‍ കണ്ടുകെട്ടി മുദ്രവെക്കല്‍.'
'പ്രതിഫലം..?'
'ഇല്ല. ഭാരതീയ സംസ്കാരം സംരക്ഷിക്കാനുള്ള സന്നദ്ധസേവനമാണ്.'
അതിസുന്ദര ആക്ഷെപഹാസ്യത്തിന് ‘നോ കമന്റ്’!
ഇതാണ് ഇന്നിന്റെ വര്‍ഗ്ഗീയസ്വരത്തില്‍ തപസ്സമാധിസ്ഥരായ മലയാളിത്തത്തിന്റെ അകംപൊരുള്‍.
നന്നായി... കസറി.
ശ്രീരാമസേന നീണാൾ വാഴട്ടെ.......(അവർ ഇത് കണ്ടാൽ ചിലപ്പോൾ ഇന്റർന്നെറ്റ് നിരോധിക്കാൻ പറയും)
കലക്കി!!!
ശ്രീരാമസേന കര്‍ണാടക ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറ് ലോക്‌സഭാ മണ്ഡലങ്ങളില്‍ മത്സരിക്കുന്നു. ഉഡുപ്പി-ചിക്ക്‌മംഗ്ലൂര്‍ മണ്ഡലത്തില്‍ ശ്രീരാമസേനയുടെ സ്ഥാപകന്‍ പ്രമോദ് മുത്തലിക് മത്സരിക്കും.
ലിവന്മാര്‍ക്ക് എത്ര വോട്ട് വെച്ച് കിട്ടും? കെട്ടിവെച്ച കായ് തിരിച്ചു കിട്ടുമോ?
anony,
ivarude pettiyilum veezhum kure votukal.
ithu bharathamaanu sahodhara, ivide chilar janangalude adhipathikalaavunnu.
athaanu janadhipathyam.
"ഭാരതീയ സംസ്കാരം സംരക്ഷിക്കാനുള്ള സന്നദ്ധസേവനമാണ്".
ശ്രീരാമ സേനക്കാര്‍ ഇല്ലായിരുന്നെങ്കില്‍ നമ്മുടെ സംസ്കാരം നശിച്ചു പോയേനെ.
(പക്ഷെ അവര്‍ ഷറ്ടും പാന്റും ഇട്ടാണല്ലൊ സംസ്കാരം സംരക്ഷിക്കാനിറങ്ങിയിരിക്കുന്നത്. നമ്മുടെ സംസ്കാരത്തിന്റെ cut-off date എന്നാണാവോ)
Post a Comment