ഇന്നലെവരെ 'ക' 'മ' എന്നു രാഷ്‌ട്രീയത്തെക്കുറിച്ചു രണ്ടക്ഷരം പറയാത്തവര്‍ പോലും തെരഞ്ഞെടുപ്പ് അടുത്തെത്തുമ്പോള്‍, രാഷ്‌ട്രീയവിശകലനങ്ങള്‍ക്കുവരെ തുനിഞ്ഞെന്നിരിക്കും. 'രാഷ്‌ട്രീയമൊഴിച്ച് നിങ്ങള്‍ മറ്റെന്തിനെക്കുറിച്ചെങ്കിലും സംസാരിക്ക്' എന്നു പറഞ്ഞ്, ഒഴിഞ്ഞുമാറുന്നവര്‍പോലും, തെരഞ്ഞെടുപ്പുകാലത്ത് 'ഒരുകൈ' നോക്കാന്‍ ഒരുങ്ങിയെന്നുവരും. എല്ലാ രാഷ്‌ട്രീയക്കാരും കള്ളന്മാരാണെന്നു നിത്യവും ഒച്ചവയ്‌ക്കാറുള്ള ചിലര്‍, അതിരാവിലെതന്നെ പോളിംഗ്‌ബൂത്തില്‍ വോട്ടുചെയ്യാന്‍ ക്യൂവില്‍ നില്‍ക്കും! ഒന്നു കൈയടിക്കാന്‍പോലും മടിക്കുന്നവര്‍, തെരഞ്ഞെടുപ്പില്‍ സ്വന്തം സ്‌ഥാനാര്‍ഥി ജയിച്ചാല്‍ കൈകുത്തി മറിഞ്ഞെന്നിരിക്കും.
ഇങ്ങനെ പറയുന്നതു തെരഞ്ഞെടുപ്പുകാലത്തു മാത്രം പ്രത്യക്ഷപ്പെടുന്ന, രാഷ്‌ട്രീയപ്രബുദ്ധതയെ പരിഹസിക്കാനല്ല, മറിച്ച് 'ആരെയും രാഷ്‌ട്രീയ ഗായക'രാക്കും വിധമുള്ള തെരഞ്ഞെടുപ്പുകാലത്തെ സവിശേഷതകള്‍ സൂചിപ്പിക്കാന്‍ മാത്രമാണ്. അറ്റകൈക്ക് ഉപ്പുതേക്കാത്തവര്‍പോലും തെരഞ്ഞെടുപ്പുകാലത്ത് സ്‌ഥാനാര്‍ഥി വന്നുചോദിച്ചാല്‍ പിടയ്‌ക്കുന്നൊരു പത്തുരൂപ നോട്ടുപോലും കൊടുത്തെന്നിരിക്കും!
ഒന്നു മുളയ്‌ക്കാന്‍, മഴക്കാലം വരുന്നതുംകാത്ത് മണ്ണിനടിയില്‍ കാതോര്‍ത്തിരിക്കുന്ന വിത്തുകളെപ്പോലെ ചില 'സാഹിത്യകാരന്മാര്‍' തെരഞ്ഞെടുപ്പില്‍ ഒരു പ്രത്യേക കക്ഷി ജയിക്കുമെന്നുറപ്പായാല്‍ മാത്രം തങ്ങളുടെ പ്രശസ്‌തമായ അരാജകവാദവും അരാഷ്‌ട്രീയവാദവും അട്ടത്തുവച്ച്, ആ കക്ഷിയെ മത്സരിച്ചു പ്രകീര്‍ത്തിക്കാന്‍വേണ്ടി അഭിമുഖങ്ങള്‍, അന്വേഷണങ്ങള്‍ എന്നൊക്കെയുള്ള പേരില്‍, എന്തും വച്ചുകാച്ചും.
തെരഞ്ഞെടുപ്പിന്റെ കാഹളംവിളി മുഴങ്ങിയാല്‍, ഇന്നലെവരെ കാലെടുത്തുവയ്‌ക്കാതിരുന്ന രാഷ്‌ട്രീയപാര്‍ട്ടി ഓഫീസില്‍ അവര്‍ കിടപ്പും തുടങ്ങും! വൈകിവന്ന കൂറു തെളിയിക്കാന്‍വേണ്ടി പാര്‍ട്ടിഓഫീസിലെ ചുമരിലെ രാഹുല്‍'ഗാന്ധിജി'യുടെ പടത്തിനു മുമ്പില്‍ ചെന്നുനിന്ന്, ഇതിനുമുമ്പില്‍ എന്തു മഹാത്മാഗാന്ധി എന്നുവരെ അവര്‍ വിളിച്ചുകൂവും! കാത്തുവച്ച കസ്‌തൂരിമാമ്പഴം മറ്റേതെങ്കിലും കാക്കകള്‍ കൊത്തിക്കൊണ്ടുപോയാല്‍ ഇവര്‍ അടുത്ത തെരഞ്ഞെടുപ്പ് എത്തുംവരെ കേകയിലോ, കാകളിയിലോ കരഞ്ഞുകൊണ്ടിരിക്കും!
തെരഞ്ഞെടുപ്പുകാലത്തുപോലും രാഷ്‌ട്രീയകാര്യങ്ങളില്‍ താല്‍പര്യം പുലര്‍ത്താത്തവരെ അപേക്ഷിച്ച്, അക്കാലത്തെങ്കിലും 'വോട്ട്', 'നോട്ട്' എന്നൊക്കെ പറഞ്ഞുനടക്കുന്നവര്‍ ശ്രേഷ്‌ഠരാണ് ! എന്തൊക്കെ പറഞ്ഞാലും അഞ്ചു കൊല്ലത്തിന്നിടയിലവര്‍ 'ഒരുമാസ'മെങ്കിലും പൊതുപ്രവര്‍ത്തനത്തിനുവേണ്ടി മാറ്റിവയ്‌ക്കാന്‍ മറന്നില്ലല്ലോ. പൊതുപ്രവര്‍ത്തനത്തിനേല്‍ക്കുന്ന പരുക്ക്, ജീവിതത്തെയാകെ പ്രതികൂലമായി ബാധിക്കുമെന്നറിയാതെയാണു ചിലര്‍ അരാഷ്‌ട്രീയവാദത്തിന്റെ ആരാധകരായി തുടരുന്നത്. സാമൂഹ്യസുരക്ഷിതത്വത്തിന്റെ അഭാവത്തില്‍ 'വ്യക്‌തിസുരക്ഷിതത്വവും സാമൂഹ്യ അഭിവൃദ്ധിയുടെ അഭാവത്തില്‍ വ്യക്‌തിയുടെ ആന്തരികസംതൃപ്‌തിയും അസാധ്യമാണ്. അര പൊക്കമുള്ള മതിലും അതിനു മുകളിലെ കുപ്പിച്ചില്ലും 'അകത്ത് നായ്‌ക്കളുണ്ടെന്ന ബോര്‍ഡും'കൊണ്ടു മാത്രം ആര്‍ക്കും സുരക്ഷിതരാകാന്‍ കഴിയില്ല. 'തിന്നുന്ന ചോറില്‍ മറ്റാരുടെയോ ചോരയുണ്ടെന്നുള്ള' അറിവ് ഉള്ളം പിളര്‍ക്കുമ്പോള്‍ ചിരിയും സന്തോഷവുമുണ്ടാവുകയില്ല. നിലവിളികള്‍ക്കിടയില്‍നിന്ന് ഒരാള്‍ക്കുമാത്രം നൃത്തംവയ്‌ക്കാന്‍ കഴിയില്ല. കാതടപ്പിക്കുന്ന പൊട്ടിത്തെറികള്‍ക്കിടയില്‍നിന്നു പൂത്തിരികള്‍ കത്തിക്കാന്‍ ഒരു കുഞ്ഞിനുപോലും കഴിയില്ല.
അനാഥമായിത്തീരുന്ന ജീവിതങ്ങളെയൊക്കെയും അവഗണിച്ച് അലസമായി കടന്നുപോകാന്‍ മനുഷ്യര്‍ക്കാവാത്തതുകൊണ്ടാണു പൊതുപ്രവര്‍ത്തനത്തിന്റെ ലോകം ഇന്നും പ്രകാശപൂര്‍ണമായിരിക്കുന്നത്. അറിയപ്പെടാത്ത ഒരായിരം നന്മകള്‍ ആരൊക്കെയോ, എവിടെയൊക്കെയോവച്ച് നിര്‍വഹിക്കുന്നതുകൊണ്ടാണ് മനുഷ്യത്വനിരാസത്തിന്റെ കൊടുംചൂടിലും ഇന്നു നമ്മുടെ ജീവിതം ഉണങ്ങിപ്പോവാത്തത്. ഉണര്‍ന്നിരിക്കുന്ന മനുഷ്യരില്‍നിന്നാണ് നന്മയുടെ ഉറവകള്‍ ഉണ്ടാവുന്നത്. സാമൂഹ്യബോധമാണ്, സ്വപ്‌നമായി, ആദര്‍ശമായി, ഉണര്‍വായി, വ്യക്‌തിജീവിതത്തിന്റെ ഊര്‍ജസ്രോതസായി തീരുന്നത്. 'വ്യക്‌തി'തന്നെയും സൂക്ഷ്‌മാര്‍ഥത്തില്‍, സാമൂഹ്യവികാസത്തിന്റെ സവിശേഷഘട്ടത്തെയാണു സൂചിപ്പിക്കുന്നത്.
'തെരഞ്ഞെടുപ്പുകള്‍', ഉപരിപ്ലവമായെങ്കിലും ഇളക്കിമറിക്കാന്‍ ശ്രമിക്കുന്നത് പലകാരണങ്ങളാല്‍ കട്ടപിടിച്ചുപോയ നമ്മുടെ സാമൂഹ്യബോധത്തെയാണ്. 'രാഷ്‌ട്രീയം' സാമൂഹ്യബോധത്തിന്റെ സവിശേഷരൂപങ്ങളില്‍ ഒന്നു മാത്രമല്ല, അത്, മറ്റെല്ലാ സാമൂഹ്യബോധരൂപങ്ങളുടെയും നേതൃത്വം കൂടിയാണ്.
അതുകൊണ്ടാണു കലയുടെ രാഷ്‌ട്രീയത്തെക്കുറിച്ചും ശാസ്‌ത്രത്തിന്റെ രാഷ്‌ട്രീയത്തെക്കുറിച്ചുമൊക്കെ അന്വേഷിക്കാന്‍ നാം നിര്‍ബന്ധിതമാകുന്നത്. തെരഞ്ഞെടുപ്പുകാലത്തെങ്കിലും ആ അര്‍ഥത്തില്‍ ആരൊക്കെയോ വെട്ടിമുറിച്ചിട്ട ചില്ലകളില്‍ പിന്നെയും രാഷ്‌ട്രീയം തളിര്‍ത്തുവരുന്നത് കാണുന്നത്, എന്തൊക്കെ പറഞ്ഞാലും ഒരാവേശമാണ്.
മനുഷ്യരെ പൊതുവേ ബഹിര്‍മുഖര്‍, അന്തര്‍മുഖര്‍ എന്നിങ്ങനെ രണ്ടായി വിഭജിക്കാറുണ്ട്. രാഷ്‌ട്രീയപ്രവര്‍ത്തകര്‍ അനിവാര്യമായും 'ബഹിര്‍മുഖര്‍' ആയിരിക്കണമെന്നാണു പൊതുധാരണ. അന്തര്‍മുഖരെക്കുറിച്ചെന്നപോലെ, ബഹിര്‍മുഖരെക്കുറിച്ചും ഒരുപാടു തെറ്റിദ്ധാരണകളാണു നമുക്കിടയില്‍ നിലനില്‍ക്കുന്നത്. 'അന്തര്‍മുഖര്‍' അതനുസരിച്ച് മിണ്ടാപ്പൂതങ്ങളായിരിക്കും. ഒന്നു ചിരിക്കണമെങ്കില്‍പോലും കാശ് കൊടുക്കണം അല്ലെങ്കില്‍ സാക്ഷാല്‍ 'വി.കെ.എന്‍' ശ്‌മശാനത്തില്‍നിന്ന് എഴുന്നേറ്റുവരണം. ബഹിര്‍മുഖര്‍ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കും. വായ ഒരിക്കലും അടയ്‌ക്കുകയില്ല. സ്‌ഥാനാര്‍ഥികളാവാന്‍ നല്ലത് ബഹിര്‍മുഖരാണ്. രാഷ്‌ട്രീയം കുറയുന്നൊരുകാലത്ത്, അന്തര്‍മുഖരെങ്ങാന്‍ സ്‌ഥാനാര്‍ഥിയായി നിന്നാല്‍ തോറ്റുപോവാനും സാധ്യതയുണ്ട്! ഇങ്ങനെയൊരു തോന്നല്‍ ഇന്നേറെ ശക്‌തിപ്പെടാന്‍ ഇടവരുത്തിയത്, പ്രശസ്‌ത ചലച്ചിത്രനടനായ മാമുക്കോയയുടെ ഒരഭിപ്രായപ്രകടനം വായിക്കാന്‍ കഴിഞ്ഞതുകൊണ്ടുകൂടിയാണ് !
അടിയന്തരാവസ്‌ഥയ്‌ക്കുശേഷം നടന്ന ഒരു തെരഞ്ഞെടുപ്പില്‍ ഡോ.എം.കെ. മുനീറുമായുള്ള വ്യക്‌തിബന്ധത്തിന്റെ അടിസ്‌ഥാനത്തില്‍ അദ്ദേഹം വോട്ടുചെയ്യാന്‍ പോളിംഗ്‌ബൂത്തിലെത്തുന്നു. അവിടെ ചെന്നപ്പോഴതാ, കെ. മുരളീധരന്‍, മാമുക്കോയക്കു ചിരിച്ചു കൈകൊടുക്കുന്നു. മാമുക്കോയ തിരിച്ച്, കെ. മുരളീധരന് ഒരു വോട്ടും കൊടുത്തു. കെ.മുരളീധരന്‍ മനസ്‌നിറഞ്ഞു ചിരിച്ചിട്ടില്ലായിരുന്നെങ്കില്‍, കൈയറിഞ്ഞു മാമുക്കോയക്കു കൈകൊടുത്തിട്ടില്ലായിരുന്നെങ്കില്‍, ആ വോട്ട് ഒരിക്കലും കെ. മുരളീധരനു കിട്ടുകയില്ലായിരുന്നു.
സത്യത്തില്‍, ഒരു സ്‌ഥാനാര്‍ഥി പ്രതിനിധീകരിക്കുന്ന രാഷ്‌ട്രീയപാര്‍ട്ടിയുടെയും മുന്നണിയുടെയും നയപരിപാടികള്‍ക്കു കിട്ടുന്ന വോട്ടാണ് സൂക്ഷ്‌മാര്‍ഥത്തില്‍, കറകളഞ്ഞ 'രാഷ്‌ട്രീയവോട്ടായി' പരിഗണിക്കേണ്ടത്. എന്നാല്‍, ഏതു തെരഞ്ഞെടുപ്പും കറകളഞ്ഞ രാഷ്‌ട്രീയവോട്ടിനൊപ്പം രാഷ്‌ട്രീയേതരമായ വോട്ടുകളും ഉള്‍പ്പെടുന്നതാണ്. അതടിച്ചെടുക്കാന്‍ വേണ്ടി, പലതരം കലാപരിപാടികളിലൂടെ ചിലപ്പോള്‍ ഏതു സ്‌ഥാനാര്‍ഥിക്കും കടന്നുപോവേണ്ടിവരും. കൈകൂപ്പലും ചിരിയുമൊന്നും മതിയാവില്ല. കാലുപിടിച്ചാലും കരഞ്ഞാലും ചിലര്‍ മനസു തുറക്കില്ല.
ചില സാഡിസ്‌റ്റുകളായ 'വോട്ടര്‍മാര്‍' തെരഞ്ഞെടുപ്പുകാലത്ത് 'സ്‌ഥാനാര്‍ഥികളെ' കൊണ്ട് പലതരം 'കളികള്‍' ചുമ്മാ ഒരു ക്രൂരരസത്തിനുവേണ്ടി കളിപ്പിക്കും. ഒരിക്കലും 'കിട്ടാത്ത വോട്ടാ'യതുകൊണ്ട്, പിറകില്‍നിന്ന് പ്രാദേശിക പ്രവര്‍ത്തകര്‍, അമര്‍ത്തി തോണ്ടുന്നുണ്ടാവും. എന്നാലും സ്‌ഥാനാര്‍ഥികളില്‍ ചിലര്‍, കഥയറിയാതെ 'സ്‌ഥാനാര്‍ഥി' കളി തുടരും! ഒരു സമൂഹത്തില്‍; രാഷ്‌ട്രീയം' കുറയുന്നതിനനുസരിച്ച്, പലതരം വേഷം കെട്ടേണ്ടിവരുന്നതോര്‍ത്ത്, വേവലാതിപ്പെടുന്നവരും, ജീവിതം മുഴുക്കെ വെറുമൊരു വേഷംകെട്ടലാക്കിയതിനാല്‍, ഇതില്‍ പ്രത്യേകിച്ച് ഒരുവിധേനയും വേവലാതിപുലര്‍ത്താത്തവരും 'സ്‌ഥാനാര്‍ഥികള്‍ക്കിടയില്‍' സുലഭമാണ്.
അമേരിക്കയിലെ പഴയൊരു പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍, ഏതോ പരസ്യകമ്പനിയുടെ നിര്‍ദേശാനുസരണം, നിവരുകയും കുനിയുകയും ചിരിക്കുകയുമൊക്കെ ചെയ്യേണ്ടിവന്നതോര്‍ത്ത്, ഐസന്‍ഹോവര്‍, 'പ്രസിഡന്റായി' കഴിഞ്ഞതിനു ശേഷം സങ്കടപ്പെട്ടത് വായിച്ചതോര്‍മ്മയിലുണ്ട്. ആ പരസ്യകമ്പനിക്കാര്‍, തങ്ങളുടെ മാധ്യമപരിശീലനം കൊണ്ടാണ്, ഐസന്‍ഹോവര്‍ വിജയിച്ചതെന്നോര്‍ത്ത് സന്തോഷിക്കുകയും ചെയ്‌തിട്ടുണ്ടാവണം.
ഇത്രയും പെട്ടെന്നോര്‍ക്കാന്‍ ഇടവരുത്തിയത്, അഴീക്കോട് മാഷിന്റെ പഴയ തെരഞ്ഞെടുപ്പ് സ്‌മരണകള്‍ വായിച്ചപ്പോഴാണ്. മാഷ് പറയുന്നത്: ചിരിക്കാം, കൈകൂപ്പാം, എന്നാല്‍ ആ വീട്ടിലെ കുട്ടികളെയൊന്നും, ഒക്കത്തെടുത്ത് വോട്ടു ചോദിക്കാന്‍ പറ്റില്ലെന്നാണ്!
വയനാട്ടില്‍ ചില സ്‌ഥലങ്ങളില്‍ കൂടെയുണ്ടായിരുന്ന ജിനചന്ദ്രന്‍ പറയും: അഴീക്കോട് എല്ലാവരോടും നമസ്‌കാരം പറഞ്ഞ് ചിരിച്ചാല്‍ മാത്രം പോരാ, വീടുകളില്‍ കയറുമ്പോള്‍, കൊച്ചുകുട്ടികളെ കണ്ടാല്‍ അവരെ എടുക്കാന്‍കൂടി പരിശീലിക്കണം. കുട്ടികളെ എടുക്കാന്‍ എനിക്കറിയില്ല. അതുമാത്രം പറ്റില്ലെന്നു പറഞ്ഞു. കള്ളുഷാപ്പുകളില്‍വരെ കയറി വോട്ടു ചോദിച്ചിട്ടുണ്ട്.
അതൊക്കെ ചെയ്യുമ്പോള്‍ വലിയ പ്രയാസം തോന്നിയിരുന്നു. (മായാത്ത ചുവരെഴുത്തുകള്‍: അഴീക്കോട്). അങ്ങേവീട്ടില്‍നിന്നും ഇവിടേക്കു കളിക്കാന്‍ വന്ന കുട്ടിയെ എടുത്ത്, ഇവിടുത്തെ, കുടുംബനാഥനോട്, നിങ്ങളെ മുറിച്ചുവച്ചതുപോലുണ്ട് എന്നു ചുമ്മാ പറഞ്ഞ് കുടുംബ കലഹമുണ്ടാക്കുന്നതിനെക്കാള്‍ നല്ലത്, കുട്ടിയെ അതിന്റെ പാട്ടിനു വിടുന്നതാണ്. പതിനെട്ടു വയസു തികയുമ്പോള്‍ ഒരു 'കൈ നോക്കാം' എന്നു കരുതുന്നതാവും നല്ലത്!.
എന്നാല്‍, വോട്ടുചോദിക്കാന്‍ അന്നു കള്ളുഷാപ്പില്‍ പോയതോര്‍ത്ത് ഇന്നും മാഷ് പ്രയാസപ്പെടുന്നത്, മഹത്തായ ചില മൂല്യങ്ങള്‍ മാഷിന്റെ മനസില്‍ പൊറുതികേട് ഉണ്ടാക്കുന്നതുകൊണ്ടാണ്. എന്നാല്‍, ഇന്നൊരു സ്‌ഥാനാര്‍ഥി ജയിക്കണമെങ്കില്‍, അവിടെ പോകാതെ വയ്യ എന്നിടത്തോളം കാര്യങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടുദിവസം മുമ്പാണ്, യുവ സാംസ്‌കാരിക വിമര്‍ശകനായ ഷിബുമുഹമ്മദിനൊപ്പം, പരിയങ്ങാട്ടേക്ക്, ഒരു സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുംവഴി, ഒരു സ്‌ഥലത്ത് അസാധാരണമാംവിധം ജനങ്ങള്‍, തിങ്ങി നിറഞ്ഞുനില്‍ക്കുന്നതു കണ്ടത്.
പൊന്നാനിയുള്‍പ്പെടെ, ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും ഉത്‌കണ്‌ഠയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് വല്ല വാര്‍ത്തയും കേള്‍ക്കാന്‍ ടി.വിക്കു മുമ്പില്‍, മനുഷ്യര്‍ തടിച്ചുകൂടിയതായിരിക്കുമെന്നാണു ഞാനാദ്യം കരുതിയത്. അരാഷ്‌ട്രീയത എങ്ങനെയൊക്കെ വളഞ്ഞിട്ടാക്രമിച്ചാലും കേരളത്തിന്റെ രാഷ്‌ട്രീയ വീര്യം കുറയുകയില്ലെന്ന ആവേശം, ഷിബുവുമായി പങ്കുവയ്‌ക്കാന്‍ ശ്രമിക്കുമ്പോഴാണ്, ഒരു വിദേശ മദ്യഷാപ്പിനു മുമ്പിലുള്ള ഒരു ജനക്കൂട്ടമാണതെന്നു ബോധ്യമായത്!
മുമ്പത്തെപ്പോലെ ഇനി വോട്ടുചോദിക്കാന്‍ വായനശാലയിലോ, കലാസമിതിയിലോ, എന്തിന്, വീട്ടില്‍ പോലുമോ പോകുന്നതിനെക്കാള്‍ സൗകര്യപ്രദം, മദ്യഷാപ്പുകള്‍ക്കുമുമ്പിലെ പെരുമ്പാമ്പുപോലെ കിടക്കുന്ന ക്യൂവില്‍ എവിടെയെങ്കിലും പതുങ്ങിക്കയറി, പതുക്കെ ഓരോരുത്തരെയായി, 'കാന്‍വാസ്' ചെയ്യുന്നതാണ്. അമ്പത് മില്ലി ശരിക്കും അടിച്ചോ, അല്ലെങ്കില്‍, അടിച്ചതായി സ്വയം അഭിനയിച്ചോ, 'നന്നായി പെരുമാറാന്‍ 'കഴിഞ്ഞാല്‍' വോട്ട് ഉറപ്പിക്കാന്‍ കഴിഞ്ഞേക്കും. 'ഒരു കുപ്പിപോലും പൊട്ടിക്കാത്ത ഉണക്കന്മാര്‍ക്ക് കൊടുക്കാനുള്ളതല്ല എന്റെ വോട്ട്' എന്നുപോലും ഇനിമുതല്‍, ചിലര്‍ പറഞ്ഞുതുടങ്ങിയേക്കും.
*
കെ. ഇ. എന്‍, കടപ്പാട്: മംഗളം
Subscribe to:
Post Comments (Atom)
6 comments:
ഇന്നലെവരെ 'ക' 'മ' എന്നു രാഷ്‌ട്രീയത്തെക്കുറിച്ചു രണ്ടക്ഷരം പറയാത്തവര്‍ പോലും തെരഞ്ഞെടുപ്പ് അടുത്തെത്തുമ്പോള്‍, രാഷ്‌ട്രീയവിശകലനങ്ങള്‍ക്കുവരെ തുനിഞ്ഞെന്നിരിക്കും. 'രാഷ്‌ട്രീയമൊഴിച്ച് നിങ്ങള്‍ മറ്റെന്തിനെക്കുറിച്ചെങ്കിലും സംസാരിക്ക്' എന്നു പറഞ്ഞ്, ഒഴിഞ്ഞുമാറുന്നവര്‍പോലും, തെരഞ്ഞെടുപ്പുകാലത്ത് 'ഒരുകൈ' നോക്കാന്‍ ഒരുങ്ങിയെന്നുവരും. എല്ലാ രാഷ്‌ട്രീയക്കാരും കള്ളന്മാരാണെന്നു നിത്യവും ഒച്ചവയ്‌ക്കാറുള്ള ചിലര്‍, അതിരാവിലെതന്നെ പോളിംഗ്‌ബൂത്തില്‍ വോട്ടുചെയ്യാന്‍ ക്യൂവില്‍ നില്‍ക്കും! ഒന്നു കൈയടിക്കാന്‍പോലും മടിക്കുന്നവര്‍, തെരഞ്ഞെടുപ്പില്‍ സ്വന്തം സ്‌ഥാനാര്‍ഥി ജയിച്ചാല്‍ കൈകുത്തി മറിഞ്ഞെന്നിരിക്കും.
ഇങ്ങനെ പറയുന്നതു തെരഞ്ഞെടുപ്പുകാലത്തു മാത്രം പ്രത്യക്ഷപ്പെടുന്ന, രാഷ്‌ട്രീയപ്രബുദ്ധതയെ പരിഹസിക്കാനല്ല, മറിച്ച് 'ആരെയും രാഷ്‌ട്രീയ ഗായക'രാക്കും വിധമുള്ള തെരഞ്ഞെടുപ്പുകാലത്തെ സവിശേഷതകള്‍ സൂചിപ്പിക്കാന്‍ മാത്രമാണ്.
കെ ഇ എൻ എഴുതുന്നു
azhikkodu ippam kochine eduthu okkathu vacha jayicheney. pakkaa fraud.
എല്ലാ രാഷ്‌ട്രീയക്കാരും കള്ളന്മാരാണെന്നു നിത്യവും ഒച്ചവയ്‌ക്കാറുള്ള ചിലര്‍, അതിരാവിലെതന്നെ പോളിംഗ്‌ബൂത്തില്‍ വോട്ടുചെയ്യാന്‍ ക്യൂവില്‍ നില്‍ക്കും!
ചിന്താശക്തി ഒരുരാഷ്ട്രീയകക്ഷിക്കും തീറെഴുതിക്കൊടുക്കാത്ത എന്നെപ്പോലുള്ളവരെ മാർക്സിസ്റ്റ് പാർട്ടിക്കു പേടിയാണ്, വെറുപ്പാണെന്നു എനിക്കെന്നേ അറിയാം! ഞങ്ങൾ വോട്ടു ചെയ്യാൻ വരരുതെന്നാണോ സകാവെ നിങ്ങൾ പറയുന്നത്? ഞങ്ങൾ ചെയ്തില്ലെങ്കിൽ, ഞങ്ങളുടെ വോട്ട് നിങ്ങളുടെ പാർട്ടിയിലെ അടിമകൾ ചെയ്യുമെന്നറിയാം. അതൊഴിവാക്കാൻ വേണ്ടിയാണ്, ഒരുത്തനും നല്ലതില്ലെങ്കിൽ അസാധുവാക്കാനെങ്കിലും മിനക്കെട്ട് ബൂത്തിൽ വരുന്നത്.
I strongly agree with ur post. I think we need another option while voting, by which we can specify 'None'. And if the none get the highest vote, voting should be done again, but the problem will be lot of money is needed for reelections. Another option is that votes casted by such winners must count half instead of one.. Means that one is the MP with a low value..
എല്ലാ രാഷ്‌ട്രീയക്കാരും കള്ളന്മാരാണെന്നു നിത്യവും ഒച്ചവയ്‌ക്കാറുള്ള മാന്യന്മാർ അങ്ങനെ ചെയ്യുന്നത് അവരുടെ രാഷ്‌ട്രീയം ( കക്ഷി രാഷ്‌ട്രീയം അല്ല ഉദ്ദേശിക്കുന്നത്, ഇനി അങ്ങനെ ആണേലും കുഴപ്പമില്ല) തുറന്നു പറയാനുള്ള മടിയോ ഉറപ്പില്ലായ്‌മയോ മൂലമാണോ അനോണീ..
എല്ലാ രാഷ്ട്രീയക്കാരും പൊതുജന സേവരല്ല എന്ന സത്യം മറക്കാന്‍ ഇഷ്ട്ടപ്പെടുന്നില്ല .അരാഷ്ട്രീയക്കാര്‍ എന്ന് വിളിച്ചു ആരെയും തരം താഴ്ത്തേണ്ട കാര്യമില്ല .രാഷ്ട്രീയം ഇല്ലായ്മയും ഒരു രാഷ്ട്രീയം തന്നെ ആണ് . അതിനും സാധ്യതകള്‍ ഉണ്ട് .ഏതു കുറ്റി ച്ച്‌ുലിനും വോട്ടു ചെയ്യുന്നത് രാഷ്ട്രീയ പ്രബുദ്ധത അല്ലെന്നും തിരിച്ചറിയണം .
Post a Comment