Sunday, March 29, 2009

തലവിധി

ചാക്കാടുംപാറയിലെ അരിക്കച്ചോടക്കാരനാണ് അഹമ്മദുണ്ണി എന്ന അയ്‌മുണ്ണി. മര്യാദക്കാരന്‍ എന്ന് സ്വയം വിശ്വസിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തിരുന്ന നല്ലവന്‍.

ആര് കടം ചോദിച്ചാലും കൊടുക്കും. പണമെങ്കില്‍ പണം, അരിയെങ്കില്‍ അരി. കന്നിനിലാവ് പോലെ ചിരിച്ചുകൊണ്ടായിരിക്കും കൈ നിറയെ പൊലിക്കുക.

' ഒരു ബെള്ളക്കടലാസിലൊപ്പിട്ട് കൊടുത്താ മതി. എന്തോരം ബേണോങ്കിലും തരും. പാവം.'- ഇതാണ് ചാക്കാടുംപാറയില്‍ അയ്‌മുണ്ണിയെക്കുറിച്ചുള്ള ചൊല്ല്.

മാസം ഒന്ന് തികയുമ്പോ വീട്ടില്‍ വരും. വിനയത്തോടെ കാശ് തിരിച്ച് ചോദിക്കും. നൂറ്റിക്കഞ്ച് പലിശ. കൊടുത്തില്ലെങ്കിലും പരാതിയില്ല. പക്ഷേ തീയതി പറയണം. ചിരിച്ചുകൊണ്ട് തിരിച്ച് പോകും.

ആ തീയതിയില്‍ കൃത്യമായി വരും. അപ്പോഴും കൊടുക്കണമെന്നില്ല. തീയതി പറയണം. അപ്പോഴും ചിരിച്ചുകൊണ്ടു തന്നെ പോകും.

' ഓന്റൊരു ശിരി. യെന്തൊരു മൊഞ്ച്'

പിന്നേം വരും

പിന്നേം വരും.

പിന്നെ കൈയൂക്കുള്ള നാലഞ്ച് പേര് വരും.

അന്ന് രാത്രി അയ്‌മുണ്ണിക്ക് ഉറക്കം വന്നില്ല. കുറെ നേരം മുറ്റത്ത് ഉലാത്തി. പിന്നെ ചാരു കസേരയില്‍ കിടന്നു. അങ്ങാടീല് നിറയെ പോസ്റ്ററും ബാനറും ബോര്‍ഡും. ഓരോ അവമ്മാര് നിരന്ന് നിക്കണ കാണുമ്പോ കൊതിയാവ്ണ്.

എന്തൊര് ആനച്ചന്തം!

അയ്‌മുണ്ണിക്കും അങ്ങനെ നില്‍ക്കാന്‍ കൊതിയായി.

' ഇമ്മക്ക് എന്താ ഒരു പോരായ്‌ക. ബുത്തീല്ലേ..ബോതോല്ലേ..കയ്വില്ലേ..രാസ്‌ട്രീയത്തില് നല്ല പുടിപാടില്ലേ..അരിക്കച്ചോടക്കാരുടെ അയ്‌ലേന്ത്യാ പ്രസിഡന്റല്ലേ..കയ്യീ നാല് കായില്ലേ.. പ്രശംഗിക്കുല്ലെ..ബിളിച്ചാ നാലാള് ബരൂല്ലെ..?'

ചിന്തിച്ച് ചിന്തിച്ച് അയ്‌മുണ്ണി തളര്‍ന്ന് ഉറങ്ങിപ്പോയി. ഉറക്കത്തില്‍ കിടന്ന് അയ്‌മുണ്ണി മുദ്രാവാക്യം വിളിച്ചു.

' അയ്‌മുണ്ണിക്കാ സിന്താബാദ്..'

'അയ്‌മുണ്ണിക്കാ നേതാവേ..

ധീരതയോടെ നയിച്ചോളൂ..ലച്ചം ലച്ചം പിന്നാലെ..'

'ധീരാ വീരാ അയ്‌മുണ്ണീ

വീരപരാക്രമി അയ്‌മുണ്ണി

അയ്‌മുണ്ണിക്കാ പൊന്നിക്കാ

ഭാരത നാടിന്നഭിമാനം'

ഉറച്ച രാഷ്‌ട്രീയ തീരുമാനത്തോടെയാണ് അന്ന് രാവിലെ അയമുണ്ണിക്കാ എഴുന്നേറ്റത്. പുലര്‍ച്ചെ തന്നെ തന്ത്രങ്ങള്‍ മെനഞ്ഞതുകൊണ്ട് അതിന് വേണ്ടി സമയം പാഴാക്കേണ്ടി വന്നില്ല.

അങ്ങാടീച്ചെന്ന് അയ്‌മുണ്ണിക്ക പത്ത് കോഴിയെ വാങ്ങി. രാഷ്‌ട്രീയ പ്രവേശനത്തിന്റെ ആദ്യചുവട്. അതോടെ ഭാവിയില്‍ സൃഷ്ടിക്കാന്‍ പോകുന്ന ആത്മകഥയുടെ ആദ്യ അധ്യായത്തിന്റെ തലക്കെട്ടുമായി...'രാഷ്ട്രീയത്തിന്റെ കോഴിച്ചുവടുകള്‍'.

രാഷ്‌ട്രീയവും കോഴിയും തമ്മിലെന്ത് ബന്ധമെന്ന് ശുദ്ധാത്മക്കള്‍ ചോദിച്ചേക്കാം. പാവങ്ങള്‍! ഒരു കോഴിയുണ്ടെങ്കില്‍ അതിനെക്കൊണ്ട് കൂകി നേരം വെളുപ്പിക്കുന്നതാണ് അധികാരം.

"..അത് പോലത്തെ പത്ത് കോയിയാണ് ഇമ്മട കയ്യില്‍..'' അയ്‌മുണ്ണി ലോകത്തോട് പ്രഖ്യാപിച്ചു.

"ലോകം ഇനി ഇമ്മള് ബെളുപ്പിക്കൂട്ടാ...അയ്‌നൊള്ള കോയി ഇമ്മട കയ്യിലെണ്ട്ടാ...രാഷ്‌ട്രീയത്തില് ബന്നട്ട് ഇമ്മക്ക് കോയീനപ്പിടിക്കണ്ട. കോയീനെം കൊണ്ടാണ് ഇമ്മള് ബര്ണത്. ആരൊണ്ടടാ..തടുക്കാന്‍..''

കോഴിയെ അടുക്കളയിലേക്ക് എറിഞ്ഞിട്ട് അയ്‌മുണ്ണി പ്രഖ്യാപിച്ചു.

"നല്ലൊന്നാന്തരം ബിരിയാണി ബേം ശരിയാക്ക്..ഇതുകൊണ്ട് ഇത്തിരി വെസനസ് ചെയ്യാനൊണ്ട്. നെയ്യും മറ്റൊന്നും ഒട്ടും കൊറയ്ക്കണ്ട. കായ് കിട്ടണങ്കി കായെറിയണം..''

കടേല് കണക്കെഴുതണ പയ്യനെ വിളിച്ച് അയ്‌മുണ്ണി പറഞ്ഞു.

"..ഡാ..പത്രത്തിലെയ്തണോരേം പടം പിടിക്കണോരേം പിടിച്ചോണ്ട് ബാ...മുയുവനും ബേണം. ഒറ്റെണ്ണത്തിനേം ബിട്ടു പോവരുത്. കച്ചെറേണ്ടാക്കും.''

പത്രങ്ങളും പടം പിടിക്കുന്നോരും പറന്നെത്തി ഘ്രാണശക്തി തെളിയിച്ചു. നോസ് ഫോര്‍ ഓസ്.

എല്ലാവരും ലഞ്ചിന് വിസ്തരിച്ചിരുന്നു. എ ബി സി കണക്ക്പ്രകാരം ബിരിയാണി വിളമ്പി.സര്‍ക്കുലേഷന്‍ കണക്കാക്കാതെ തട്ടി. കോഴിക്കാലിന്റെ തല്‍സമയ സംപ്രേഷണദൃശ്യങ്ങള്‍ ബൈറ്റനുസരിച്ച് വയറ്റില്‍ അപ്രത്യക്ഷമായി. തിന്നചോറിന് നന്ദി കാട്ടി ചിലര്‍ ഏമ്പക്കം വിട്ടപ്പോള്‍ അയ്‌മുണ്ണി പറഞ്ഞു.

" തീറ്റേം കയിഞ്ഞ് എല്ലാബരും എയ്റ്റ്പോകരുത്. രാജ്യത്തിനെ ബാധിക്കുന്ന ചില പ്രധാന കാര്യങ്ങള്‍ ഇമ്മക്കറീക്കാന്ണ്ട്. അത് ഇങ്ങ്ള് കേക്കണം. അത് മുയ്‌മന്‍ കേക്കണോര്‍ക്ക് എല്ലാംകയിയുമ്പ ഒരു പൊതീണ്ടാവും. എന്നിട്ട് കയിച്ചലായാ മതി.''

കോഴി മനുഷ്യനെ കൊത്തിയാല്‍ വാര്‍ത്തയാകില്ല പക്ഷെ മനുഷ്യന്‍ കോഴിയെ കൊത്തിയാല്‍ വാര്‍ത്തയാകും എന്ന സിദ്ധാന്ത പ്രകാരം മാധ്യമങ്ങള്‍ സടകുടഞ്ഞ് ഇരുന്നു.

തിന്ന ചോറിനുള്ള നന്ദിയാണ് വാര്‍ത്ത.

അയ്‌മുണ്ണി തുടങ്ങി.

"ങ്ങ്ള് കേട്ടോളീ..ഈ തെരഞ്ഞെടുപ്പില് ഇമ്മള് ചാക്കാടുമ്പാറേന്ന് മല്‍സരിക്കാമ്പോകേണ്.''

മാധ്യമങ്ങള്‍ക്കിത് താങ്ങാനായില്ല. ദഹിച്ച കോഴികള്‍ വയറ്റില്‍ കിടന്ന് കൂകി.

മാധ്യമങ്ങള്‍ കൂട്ടത്തോടെ വാവിട്ടു.

"കാരണം..?''

"കാരണോ..?എന്ത് കാരണം..ങ്ങക്കറിയ്യോ..ഇമ്മക്ക് സോതന്ത്യ്രം കിട്ടീതെന്നാണ്?. ന്റ ഓര്‍മ ശര്യാണെങ്കീ..രാഷ്‌ട്രീയത്തിലിറങ്ങുമ്പോ ഇങ്ങന പറേണോന്ന് കരിതീട്ടാണ്, ന്റ ഓര്‍മക്ക് ഒര് കൊയപ്പോല്ല. നാല്‍പത്തിയേയിലല്ലെ കിട്ടീത്. ഇപ്പ കൊല്ലോത്രെയായി?. നാല്‍പത്തിയേയും മൂന്നും അയ്മ്പത്. അയ്മ്പതും അയ്മ്പതും നൂറ്. നൂറും ഒമ്പതും നൂറ്റിയൊമ്പത്. അപ്പ അയ്മ്പതും മൂന്നും അയ്മ്പത്തിമൂന്നും ഒമ്പതും അറുപത്തിരണ്ടായാ..?ഇബ്‌ട പലരും മാറിമാറി ബരിച്ചല്ലാ..അരിക്കച്ചോടക്കാര്‍ക്ക് എന്ത്...''

പിന്നീട് പറഞ്ഞ വാക്ക് സഭാ നടപടികളില്‍ നിന്ന് നീക്കം ചെയ്തു.

"...കിട്ടി?ഇനി ഈ പണിക്ക് ഇമ്മളെ കിട്ടില്ല.ഇമ്മള് സങ്കടിക്കാന്‍ തീര്മാനിച്ച്. ഈ ചാക്കാടുമ്പാറേല് മാത്രം ഇമ്മള് നാല് അരിക്കച്ചോടക്കാര്ണ്ട്. നാല് ബീട്ടില് നാല് വോട്ട് ബെച്ച് നന്നാല് പയ്‌നാറോട്ടായാ?.പിന്ന ഈ ചാക്കാടുമ്പാറേല് ആള്കള് തിന്നണതെന്താണ്..?ചോറാണാ..?.അതാരാണ് കൊട്ക്കണത്..?ഈ രാഷ്‌ട്രീയക്കാരാ..?.ഇമ്മളല്ലെ?.ചോറ് തന്നണോര് മുയുവന്‍ ഇമ്മക്കല്ലാതെ പിന്നാര്‍ക്ക് കുത്തൂന്ന്?..ഇമ്മട പെട്ടീല് വോട്ട് തോന ബീയും..ങ്ങ്ള് കണ്ടോളീ..''

" രാഷ്‌ട്രീയത്തിലിറങ്ങാനുള്ള കാരണം..''

"..കാരണോ..? ന്റ പുള്ളെ വിട്ട്പിടി.ഇമ്മളെ കച്ചോടം ഇങ്ങ്ള് പടിപ്പിക്കണ്ട.''

"ജയിച്ചാല്‍ എന്തായിരിക്കും നയം..?''

"നയോ..?.ജയിച്ചാലും തോറ്റാലും ഇമ്മക്ക് ഒറ്റ നയോള്ള്. കച്ചോടം.''

"രാജ്യം നേരിടുന്ന ഭീഷണി..?''

" ഭീശണ്യാ..ന്ത് ഭീശണി..?''

"തീവ്രവാദി..?''

"തീമ്രവാദ്യാ..ന്ത് തീമ്രവാദി..!ഇമ്മള് നല്ല നാല് നായിന ബാങ്ങും. അയ്ന്റ കൊര കേട്ടാ ഓടാത്ത ഏത് തീമ്രവാദ്യാണ്..ന്റ പുള്ളേ ഇബ്‌ടെയൊള്ളത്..?''

"ജയിച്ചാല്‍വിദേശബന്ധത്തില്‍ വല്ല മാറ്റവും വരുത്തുമോ..?''

"..ന്റ പുള്ളേ ന്ത് ബന്തം. കായൊണ്ടാ ബന്തോണ്ട്. കായില്ലേ ബന്തോല്ല.''

"ആഗോളസാമ്പത്തിക മാന്ദ്യം നേരിടാന്‍ എന്ത് ചെയ്യും?''

"ജ്ജ് ബെറുതേരി. ഇമ്മളിത് ഇന്നും ഇന്നലേം തൊട്ട് കേക്കാന്തൊടങ്ങണതല്ല..കാലം കൊറെയായി മോനേ ഈ കയിൽ‌ക്കത്ത് തൊടങ്ങീട്ട്. മാന്ന്യോന്നൊക്കെ കേട്ടാ ഇമ്മള് പേടിക്കൂല്ലാ മോനേ. ഇജ്ജ് കണക്ക് പറഞ്ഞ് നാട്ട്കാരെ ബെരട്ട്യാ മതി. ഇമ്മട്ട്ത്ത് ഈ പരിപ്പ് ബേകൂല്ല മോനേ..''

ചാക്കാടുംപാറക്കാര്‍ ഞെട്ടിപ്പോയി.

"അയ്‌മുണ്ണിക്കാക്ക് ന്തൊര് വിവരം! എന്തെല്ലാം കാര്യത്തിലാണ് അറിവ്.!.''

അതോടെ അയ്‌മുണ്ണി വാര്‍ത്തയില്‍ നിറഞ്ഞു.

"വര്‍ഗീയത ആപത്ത്- അയ്‌മുണ്ണി.'', "സത്യം വദ ധര്‍മം ചര- അയ്‌മുണ്ണി''"യുവാക്കളിലാണ് രാജ്യത്തിന്റെ ഭാവി- അയ്‌മുണ്ണി'', ശാസ്ത്ര പുരോഗതി അനിവാര്യം- അയ്‌മുണ്ണി''..ഇങ്ങനെ എന്തെല്ലാം അറിവുകളാണ് അയ്‌മുണ്ണി പകര്‍ന്ന് തന്നത്.

അയ്‌മുണ്ണി രംഗത്തിറങ്ങിയതോടെ നിരവധി സംഘടനകള്‍ പിന്തുണയുമായി എത്തി.

ഓള്‍ കേരള ടാക്സ് വെട്ടിപ്പസോസിയേഷന്‍ പിന്തുണ പ്രഖ്യാപിച്ചു.

" സ്വാതന്ത്യാനന്തര കാലം മുതല്‍ രാജ്യപുരോഗതിക്കായി നികുതിവെട്ടിച്ചുകൊണ്ടിരുന്ന ഞങ്ങളെ മാറിമാറി വന്ന സര്‍ക്കാരുകള്‍ അവഗണിക്കുകയായിരുന്നു.രാത്രികള്‍ പകലുകളാക്കി ഞങ്ങളുണ്ടാക്കിയ കള്ളക്കണക്കുകള്‍ അതെഴുതിയ കടലാസിന്റെ വില പോലും പരിഗണിക്കാതെ തള്ളി. നമ്മളുടെ അധ്വാനത്തിന് പുല്ല് വില പോലും കല്‍പ്പിക്കാത്തതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ അയ്‌മുണ്ണിയുടെ പിന്നില്‍ അണിനിരക്കു''

അഖിലകേരള മായം ചേര്‍ക്കല്‍ ഫെഡറേഷന്‍ രംഗത്തെത്തി.

"ആര്‍ഷഭാരത സംസ്കാരത്തില്‍ പ്രധാനപ്പെട്ട ചിന്താധാരയാണ് മായാവാദം. ആദിശങ്കരന്റെ ചിന്തകളാണ് ഞങ്ങള്‍ മുറുകെ പിടിക്കുന്നത്.എന്നിട്ടും മാറി മാറി വന്ന സര്‍ക്കാരുകള്‍ ഞങ്ങളെ അവഗണിച്ചു.കയറില്‍ മായം ചേര്‍ത്ത് പാമ്പാക്കിയ ഈ രാജ്യത്ത് അരിയില്‍ കല്ലുചേര്‍ക്കുന്നതും കളറ് ചേര്‍ക്കുന്നതും മഹാപരാധമായി മാറി.ഈ ജനവിരുദ്ധനയങ്ങള്‍ തിരുത്താന്‍ ഒറ്റക്കെട്ടായി അയ്‌മുണ്ണിക്ക് പിന്നില്‍ അണിനിരക്കുക''

അഖിലേന്ത്യാ ബ്ളേഡ് ഓണേഴ്സ് അസോസിയേഷന്‍, സ്മഗ്ളേഴ്സ് ഗില്‍ഡ്,കുഴല്‍പണശേഖരണ സമിതി എന്നീ ജനകീയ സംഘടനകളും അയ്‌മുണ്ണിയുടെ പിന്നിലെത്തിയതോടെ അതൊരു തരംഗമായി മാറി.

ജനങ്ങള്‍ക്ക് പ്രതീക്ഷയായി.

മാറ്റത്തിന്റെ കാറ്റ് വീശുന്നു.ഇനി ഒന്നും പഴയപോലെ ആയിരിക്കില്ല.

രാജ്യം പ്രതീക്ഷയോടെ ഉറ്റ് നോക്കവെ തുറന്ന ജീപ്പില്‍ വിനയാന്വിതനായി തലകുനിച്ച്, ചിരിച്ച് കൈവീശി അയ്‌മുണ്ണി മന്ദം മന്ദം നീങ്ങി.

***

എം എം പൌലോസ്

5 comments:

വര്‍ക്കേഴ്സ് ഫോറം said...

"ആര്‍ഷഭാരത സംസ്കാരത്തില്‍ പ്രധാനപ്പെട്ട ചിന്താധാരയാണ് മായാവാദം. ആദിശങ്കരന്റെ ചിന്തകളാണ് ഞങ്ങള്‍ മുറുകെ പിടിക്കുന്നത്.എന്നിട്ടും മാറി മാറി വന്ന സര്‍ക്കാരുകള്‍ ഞങ്ങളെ അവഗണിച്ചു.കയറില്‍ മായം ചേര്‍ത്ത് പാമ്പാക്കിയ ഈ രാജ്യത്ത് അരിയില്‍ കല്ലുചേര്‍ക്കുന്നതും കളറ് ചേര്‍ക്കുന്നതും മഹാപരാധമായി മാറി.ഈ ജനവിരുദ്ധനയങ്ങള്‍ തിരുത്താന്‍ ഒറ്റക്കെട്ടായി അയ്‌മുണ്ണിക്ക് പിന്നില്‍ അണിനിരക്കുക''

അഖിലേന്ത്യാ ബ്ളേഡ് ഓണേഴ്സ് അസോസിയേഷന്‍, സ്മഗ്ളേഴ്സ് ഗില്‍ഡ്,കുഴല്‍പണശേഖരണ സമിതി എന്നീ ജനകീയ സംഘടനകളും അയ്‌മുണ്ണിയുടെ പിന്നിലെത്തിയതോടെ അതൊരു തരംഗമായി മാറി.

ജനങ്ങള്‍ക്ക് പ്രതീക്ഷയായി.

മാറ്റത്തിന്റെ കാറ്റ് വീശുന്നു.ഇനി ഒന്നും പഴയപോലെ ആയിരിക്കില്ല.

രാജ്യം പ്രതീക്ഷയോടെ ഉറ്റ് നോക്കവെ തുറന്ന ജീപ്പില്‍ വിനയാന്വിതനായി തലകുനിച്ച്, ചിരിച്ച് കൈവീശി അയ്‌മുണ്ണി മന്ദം മന്ദം നീങ്ങി.

Arun said...

ഈ കഥ എന്നെ ഉദ്ദേശിച്ചാണ്,എന്നെ മാത്രം ഉദ്ദേശിച്ചാണ്,എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്ന് മുല്ല നസറുദ്ധീന്‍ പറഞ്ഞത്രേ!

ജനശക്തി said...

തിന്ന ചോറിനുള്ള നന്ദിയാണ് വാര്‍ത്ത.

simy nazareth said...

:) good one!

Anonymous said...

ഓള്‍ കേരള ടാക്സ് വെട്ടിപ്പസോസിയേഷന്‍ പിന്തുണ പ്രഖ്യാപിച്ചു.

" സ്വാതന്ത്യാനന്തര കാലം മുതല്‍ രാജ്യപുരോഗതിക്കായി നികുതിവെട്ടിച്ചുകൊണ്ടിരുന്ന ഞങ്ങളെ മാറിമാറി വന്ന സര്‍ക്കാരുകള്‍ അവഗണിക്കുകയായിരുന്നു.രാത്രികള്‍ പകലുകളാക്കി ഞങ്ങളുണ്ടാക്കിയ കള്ളക്കണക്കുകള്‍ അതെഴുതിയ കടലാസിന്റെ വില പോലും പരിഗണിക്കാതെ തള്ളി. നമ്മളുടെ അധ്വാനത്തിന് പുല്ല് വില പോലും കല്‍പ്പിക്കാത്തതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ അയ്‌മുണ്ണിയുടെ പിന്നില്‍ അണിനിരക്കു''

ദയവു കരുതി മലര്‍ന്നു കിടന്നു തുപ്പരുത് . Reliance, More , Spencers എന്നി സ്ഥാപനങളെ കെട്ടുകെട്ടിക്കാന്‍ വ്യാപാരികളുമായി ഇടതുപക്ഷം നടത്തിയ ആഭാസങ്ങള്‍ Youtube search ചെയ്താല്‍ കിട്ടും. ഒരു തവണ ഈ കടകളില്‍ പോയിട്ടുള്ള ഒരാള്‍ തീര്‍ച്ചയായും വീണും പോകും. MRP എന്നത് അവകാശമായി കരുതിയ വ്യാപാരികള്‍ തങ്ങളുടെ ബിസിനെസ്സ് തകരും എന്നുകരുതി ഇടതുപ്ക്ഷതേ കുട്ടുപിടുച്ചു ജനത്തെ വന്ചിച്ചു. കൃത്യമായ ബില്ലുകള‌ും(How much VAT, VAT number etc), good return policies (they gave me return for Fish since it started spoiling. within 7 days you can return) and protecting consumer rights alteast all spoiled for Kerala. The vegetable, rice, aand all commodiities are less than that of a regular merchant here. If anybody wants proof I can give lot of bills.