Thursday, March 19, 2009

ഓര്‍മ്മകളുടെ തലനാരിഴകള്‍

ഇരുപത്തൊന്ന് വര്‍ഷം മുമ്പാണ്. സാധാരണപോലെ ഒരു പ്രഭാതം. തിരുവനന്തപുരം കെടിഡിസി ഹോട്ടല്‍ ചൈത്രത്തില്‍ ഞാന്‍ നടത്തിവരുന്ന വിക്കി ജെന്‍സ് ബ്യൂട്ടി ക്ളിനിക്കില്‍ സി കെ ഗുപ്തന്‍ (ഇ എം എസിന്റെ മകള്‍ രാധയുടെ ഭര്‍ത്താവ്) കയറി വന്നു. "പ്രായമായ എന്റെ അച്ഛന് വീട്ടില്‍ വന്ന് തലമുടി മുറിച്ച് തരാമോ''-അദ്ദേഹം ചോദിച്ചു. ഈയെമ്മാണെന്നറിഞ്ഞപ്പോള്‍ നേരില്‍ കാണാനുള്ള ചിരകാലാഭിലാഷം സാക്ഷാല്‍ക്കരിക്കുന്നതുപോലെ.

നിശ്ചിത സമയത്ത് (രാവിലെ ആറുമണി) വീട്ടിലെത്തി. മുടിമുറിക്കുന്നതിനിടയില്‍ വീട്ടുകാര്യം മുതല്‍ നാട്ടുകാര്യങ്ങള്‍വരെ അദ്ദേഹം സംസാരിച്ചു. ഇതോടെ ഞാന്‍ ഈയെമ്മിനും കുടുംബാംഗങ്ങള്‍ക്കും സ്ഥിരം ഹെയര്‍ കട്ടറായി. മറ്റൊരര്‍ഥത്തില്‍ ഇ എം എന്റെ 'കസ്റ്റമറാ'യി.

അദ്ദേഹത്തിന്റെ കുടുംബത്തില്‍ ഒരംഗത്തെപ്പോലെയായിരുന്നു ഞാന്‍. ഒരുനാള്‍ പറഞ്ഞിരുന്ന സമയം കുറച്ചുവൈകി. ഇഎം എന്നെ കാത്തിരുന്നു മടുത്തു. അന്ന് അദ്ദേഹത്തിനുണ്ടായ ബുദ്ധിമുട്ട് ഞാന്‍ കണ്ടു. ആ വികാരം ഞാന്‍ ശരിക്കും മനസ്സിലാക്കി. പക്ഷേ, അദ്ദേഹം എന്നോട് ഒരു വിഷമവും പ്രകടിപ്പിച്ചില്ല. ഇ എം പുലര്‍ത്തിയിരുന്ന കര്‍ശനമായ സമയനിഷ്ഠ അന്നാണ് ശരിക്കും മനസ്സിലായത്. പിന്നീടൊരിക്കലും ഞാന്‍ സമയം തെറ്റിച്ചിട്ടില്ല.

ഇഎംഎസിനും ഭാര്യ ആര്യാ അന്തര്‍ജനത്തിനും (ഞാനവരെ അമ്മ എന്നാണ് വിളിക്കാറ്) മുടി മുറിക്കുമ്പോള്‍ പുതയ്ക്കാനുപയോഗിക്കുന്ന വസ്ത്രവും കത്രിക തുടങ്ങിയ ഉപകരണങ്ങളും ഓരോ തവണയും അണുവിമുക്തമാക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ആ സാധനങ്ങള്‍ക്കൊപ്പം വര്‍ഷങ്ങള്‍ക്കുമുമ്പ് അദ്ദേഹത്തിന്റെ തലയില്‍നിന്നും മുറിച്ചെടുത്ത കുറെ മുടിയും ഇന്നും ഞാന്‍ ഭദ്രമായി സൂക്ഷിക്കുന്നു. ഒപ്പം അമ്മ ആര്യാ അന്തര്‍ജനത്തിന്റെ മുടിയും.

ഈയെമ്മും അമ്മയും മാത്രം വീട്ടിലുണ്ടായിരുന്ന ഒരു ദിവസം. മുടിമുറിക്കല്‍ കഴിഞ്ഞു. ഇ എം അമ്മയോട് പറഞ്ഞു-"മോഹനന് ചായ ഉണ്ടാക്കിക്കൊടുക്കൂ''. പ്രായമായ അമ്മയെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ഞാന്‍ കഴിവതും ശ്രമിച്ചു. 'അച്ഛന്‍ വാക്ക് പറഞ്ഞാല്‍ അത് വാക്കാ മോഹനാ..' പത്ത് മിനിട്ടിനുള്ളില്‍ ആവി പറക്കുന്ന ചായയുമായി അമ്മ മുന്നില്‍!

കൃത്യനിര്‍വഹണത്തിന് ഈയെമ്മിന്റെ വീട്ടില്‍ പോകുമ്പോഴൊക്കെ അദ്ദേഹം ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്കൊപ്പം ആഹാരം കഴിക്കണമെന്നത് സഖാവിന് നിര്‍ബന്ധമാണ്.

ഈയെമ്മിന് അടിയന്തരമായി ഒരു പരിപാടിയില്‍ പങ്കെടുക്കേണ്ടതുകൊണ്ട് പിറ്റേദിവസം രാവിലെ ഞാന്‍ വീട്ടിലെത്തണം. രാവിലെ എഴുന്നേറ്റപ്പോള്‍ കണ്ണിനൊരു ചൊറിച്ചില്‍. ഞാന്‍ സഖാവിന്റെ മരുമകള്‍ ഗിരിജയെ വിളിച്ച് വിവരം അറിയിച്ചു. 'പരിപാടി മാറ്റിവയ്ക്കാന്‍ വയ്യ. അച്ഛന് മുടി വളര്‍ന്നുപോയി. കൃത്യമായി എത്തണം'-ഗിരിജ അറിയിച്ചു.

ഞാന്‍ രണ്ടും കല്‍പ്പിച്ച് വീട്ടിലെത്തി. മുടിമുറിച്ച് മടങ്ങി. പിറ്റേദിവസം എകെജി സെന്ററില്‍നിന്നുള്ള ഒരു പത്രക്കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടു. ചെങ്കണ്ണു ബാധിച്ചതുകാരണം സഖാവിന്റെ ഒരാഴ്ചത്തെ പരിപാടി മാറ്റിവച്ചു.

തിരുവനന്തപുരം മേലേ തമ്പാനൂരില്‍ താമസിച്ചിരുന്ന കാലത്ത് അസ്വസ്ഥനായി മൂന്ന് ദിവസം സഖാവ് കിടന്നു. കുടുംബാംഗങ്ങള്‍ക്കും പാര്‍ടിക്കാര്‍ക്കും ഉല്‍ക്കണ്ഠയുടെ നിമിഷങ്ങള്‍....

നാലാം ദിവസം അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോള്‍, ചരിത്രത്തെ പിന്നിലാക്കിയ സഖാവ് ഇനിയും എന്തെല്ലാമോ വായിച്ചറിയാനുള്ള വ്യഗ്രതയോടെ ബനിയനും ലുങ്കിയും ധരിച്ച് പ്രസന്നവദനനായി ഈസി ചെയറിലിരിക്കുന്നു. ഫയലുകള്‍ വായിക്കുകയും കുത്തിക്കുറിക്കുകയും ചെയ്യുന്ന തിരക്കില്‍.

ദിവസത്തില്‍ ഒരുനിമിഷംപോലും പാഴാക്കാത്ത കര്‍മനിരതനായിരുന്നു അദ്ദേഹം. ഔദ്യോഗിക ചടങ്ങുകള്‍, എഴുത്തും വായനയും എല്ലാം ക്രമമായി ചിട്ടപ്പെടുത്തി കണിശമായി പാലിച്ചിരുന്ന ഇ എം പാവപ്പെട്ടവരുടെ ക്ഷണം സ്വീകരിച്ച് ചടങ്ങുകളില്‍ പങ്കെടുക്കാനും സമയം കണ്ടെത്തിയിരുന്നു. അത്തരം രണ്ട് സന്ദര്‍ഭങ്ങള്‍കൂടി ഓര്‍മയില്‍ നിറഞ്ഞുനില്‍ക്കുന്നു.

ഞങ്ങള്‍ പുതുതായി പണിയിച്ച മന്ദിരത്തിന്റെ ഗൃഹപ്രവേശം. ഏറ്റിരുന്നപോലെ അദ്ദേഹവും കുടുംബാംഗങ്ങളും അന്ന് സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന സ. ടി കെ രാമകൃഷ്ണനും എത്തി.

ചടങ്ങില്‍ ഇ എം, ടികെയെക്കൊണ്ട് നാട മുറിപ്പിച്ചു. ഭദ്രദീപം തെളിയിപ്പിച്ചു. അവിടെ ചെലവഴിച്ച രണ്ടു മണിക്കൂറും അദ്ദേഹം ഒരു ആതിഥേയനായിരുന്നു. സന്ദര്‍ശനം കഴിഞ്ഞ് വിടപറയുമ്പോള്‍ മനസ്സ് നൊമ്പരപ്പെടുന്ന അനുഭവം. ദീര്‍ഘകാലം ഒന്നിച്ച് പാര്‍ത്തിരുന്ന ഒരു കുടുംബബന്ധു പെട്ടെന്ന് വേര്‍പിരിയുന്നപോലെ...

മറ്റൊന്ന്, ഒരു പുസ്തകത്തിന്റെ പ്രകാശന ചടങ്ങ്. പുസ്തകമാണെങ്കില്‍ ഒരു പ്രത്യേക വിഷയവും-'ശരീര-കേശ സൌന്ദര്യ സംവര്‍ധനം'. ക്ഷണിക്കുമ്പോഴും പ്രകാശന ചടങ്ങിനെത്തുമ്പോഴും ഉള്‍ത്തരിപ്പുണ്ടായിരുന്നു. ഈ വിഷയം സഖാവ് എങ്ങനെ വിലയിരുത്തും?

"കലയ്ക്ക് പരിമിതികളില്ല, എല്ലാ കലകള്‍ക്കും അതിന്റേതായ മൂല്യങ്ങളുണ്ട്. തൊഴിലിനോടുള്ള വ്യക്തിയുടെ ആത്മാര്‍ഥതയാണ് ഓരോ തൊഴിലിനും തിളക്കവും മൂല്യവും ഉണ്ടാക്കുക'' സഖാവ് പറഞ്ഞു.

"മുടിമുറിക്കുന്നവനെയും അലക്കുകാരനെയും കളിമണ്‍പാത്ര നിര്‍മാതാവിനെയും ഹീനജാതിക്കാരനായി ചിത്രീകരിച്ചിരുന്ന ചാതുര്‍വര്‍ണ്യവ്യവസ്ഥയുടെ കാലം കഴിഞ്ഞിരിക്കുന്നു. അതിന് കമ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്.

ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന അനേകര്‍ക്ക് ഇതൊരു കലയാണെന്ന ബോധം ഉളവാക്കാനും തൊഴിലില്‍ വേണ്ട ആത്മധൈര്യം പകരാനും ഈ പുസ്തകം ഉതകട്ടെ''-പ്രകാശനകര്‍മം നിര്‍വഹിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈയെമ്മിന്റെ ആ ഇരിപ്പ് എന്റെ മനസ്സില്‍ ഇന്നും ഒളിമങ്ങാത്ത ഒരു കാഴ്ചയാണ്. ചരിഞ്ഞ തല. പാറിപ്പറന്ന മുടി, ചീകി ഒതുക്കി ഇടംവലം കത്രിച്ച് മേനി വരുത്തുമ്പോള്‍ ചിരിച്ചുകൊണ്ട് 'ഭേഷ്' എന്നു പറയും. ഓരോ ഇരുപതു ദിവസം കൂടുമ്പോഴും ഇങ്ങനെ പറയുന്നത് വലിയ അംഗീകാരമായി ഞാന്‍ കരുതുമായിരുന്നു.

ഒരിക്കല്‍ അമ്പലത്തറയിലുള്ള വാടക വീട്ടില്‍ ഈയെമ്മിന് തലമുടി മുറിക്കാന്‍ പോയി. അതുകഴിഞ്ഞ് അമ്മയുടെ തലമുടി മുറിച്ചു. മകള്‍ രാധ, മരുമകന്‍ ഗുപ്തന്‍ എന്നിവരുടെ താല്‍പ്പര്യപ്രകാരം ഞാന്‍ അമ്മയുടെ തലമുടി പറ്റെ മുറിച്ചു. മുടിമുറിക്കുന്നതുവരെ സംസാരിച്ചിരുന്ന അമ്മ മുടി മുറിച്ചുകഴിഞ്ഞ് നിലക്കണ്ണാടിയില്‍ നോക്കി ഞെട്ടി. അമ്മയ്ക്കത് സഹിക്കാന്‍ കഴിഞ്ഞില്ല. തല മുണ്ഡനം ചെയ്തോ? ഭര്‍ത്താവ് ജീവിച്ചിരിക്കെ തലമുടി പറ്റെ മുറിച്ചതിലുള്ള വ്യാകുലത അവരുടെ മുഖത്ത് തെളിഞ്ഞു.

ഇതേ സമയം അടുത്ത മുറിയില്‍നിന്ന് സഖാവ് സാവധാനം വന്നു. പത്നിയുടെ തലയും അവരുടെ ഭാവപ്പകര്‍ച്ചയും കണ്ടു. അവരെ സമാധാനിപ്പിക്കാനെന്നോണം ഈയെമ്മിന്റെ കമന്റ്: 'ഭേഷായിരിക്കുന്നു!'തെറ്റ് ചെയ്തവനെപ്പോലെ പകച്ചുനിന്ന എന്റെ തോളില്‍ത്തട്ടി 'ഇനി ഇതുപോലെ മുറിച്ചാല്‍ മതി'.

ഒരാഴ്ച കഴിഞ്ഞ് സഖാവ് നിര്യാതനായി. അദ്ദേഹം എന്നോട് പറഞ്ഞ വാക്ക് അറംപറ്റിയതുപോലെ! അമ്മ മരിക്കുന്നതുവരെ സഖാവിന്റെ വാക്ക് ഞാന്‍ പാലിച്ചു. അമ്മയുടെ പരിഭവമില്ലാതെ.

***

ആര്യനാട് മോഹനന്‍,കടപ്പാട് : ദേശാഭിമാനി

5 comments:

വര്‍ക്കേഴ്സ് ഫോറം said...

മാര്‍ച്ച് 19: ഇ.എം.എസ് ചരമ ദിനം.

ചിതല്‍ said...

ഉം...


മാധ്യമത്തിലെ ഒരു വാര്‍ത്ത വായിച്ചു...
http://www.madhyamam.com/fullstory.asp?nid=63794&id=75
കുറേയൊക്കെ സത്യം തന്നെ..

paarppidam said...

നന്നായിരിക്കുന്നു ഈ അനുഭവക്കുറിപ്പ്‌. നിലപാടുകളിൽ പലപ്പോഴും വിയോജിപ്പുണ്ടായിരുന്നെങ്കിലും വ്യക്തിപരമായി അദ്ദേഹത്തെ എന്നും ഇഷ്ടപ്പെട്ടിരുന്നു. ആ അസാമാന്യപ്രതിഭയുടെ ചിന്തകന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത വാക്കുകൾക്ക്‌ വ്യക്തമാക്കുവാൻ പറ്റില്ല.

അദ്ദേഹത്തിന്‌ ആദരാഞ്ജലികൾ.

Anonymous said...

one less commie to worry about

Anonymous said...

"one less commie to worry about"

!!!

very cruel comment.