Thursday, March 4, 2010

കൊള്ളയ്ക്ക് കൂട്ടോ പ്രതിപക്ഷം

യുഡിഎഫ് ഭരണകാലത്ത് 30 തവണ പെട്രോള്‍ ഡീസല്‍ വില ഉയര്‍ത്തി. 28.53 രൂപ ലിറ്ററിനുണ്ടായിരുന്ന പെട്രോളിന് യുഡിഎഫ് ഭരണം അവസാനിച്ചപ്പോള്‍ 45.91 രൂപയും 18.16 രൂപ വിലയുണ്ടായിരുന്ന ഡീസലിന് 33.51 രൂപയുമായി. എന്നിട്ട് ഒരു തവണ ഭരണമവസാനിക്കുന്ന വേളയിലാണ് നികുതി കുറയ്ക്കാന്‍ തോന്നിയത്. ഇതുപോലെ തന്നെ 2008 ജൂണില്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും ഗ്യാസിന് 50 രൂപയും വര്‍ധിപ്പിച്ചപ്പോള്‍ അധിക നികുതി വരുമാനം വേണ്ടെന്നുവച്ച് കേരളം നികുതി കുറയ്ക്കുകയുണ്ടായി. എന്നാല്‍, അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ 142 ഡോളര്‍ ബാരലിനുണ്ടായ ക്രൂഡോയില്‍ 35 ആയി താണപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടു തവണയായി വില കുറച്ചു. അപ്പോള്‍ കേരളം പഴയ നികുതിനിരക്ക് പുനഃസ്ഥാപിച്ചു.

2008ലേതുപോലെ ഇനിയും നികുതി കുറയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാലിപ്പോള്‍ പെട്രോളിന് 2.97 രൂപയും ഡീസലിന് 2.81 രൂപയും കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചത് അന്തര്‍ദേശീയ വിലകയറ്റത്തിന്റെ ഭാഗമായല്ല. കേന്ദ്രസര്‍ക്കാരിന്റെ വിഭവസമാഹരണത്തിന്റെ ഭാഗമായാണ്. വിഭവ സമാഹരണത്തിന് കേന്ദ്രസര്‍ക്കാരിന് വേറെ മാര്‍ഗങ്ങളുണ്ടായിരുന്നു. സര്‍വീസ് നികുതി കൂട്ടാമായിരുന്നു. ആഡംബര നികുതി കൂട്ടാമായിരുന്നു. എന്നാല്‍, ഇതിനു പകരം പെട്രോളിന്റെയും ഡീസലിന്റെയും നികുതി കൂട്ടുകയാണ് ചെയ്തത്. അന്തര്‍ദേശീയ നിലവാരത്തില്‍ ക്രൂഡോയിലിന്റെ വില 97 ഡോളറായി വര്‍ധിച്ചതുകൊണ്ട് വില കൂട്ടണമെന്ന് പരീഖ് കമ്മിറ്റിയും അല്ല നികുതി കുറയ്ക്കുകയാണ് വേണ്ടതെന്ന് ഇടതുപക്ഷവും വാദിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇപ്പോള്‍ നികുതി വര്‍ധിപ്പിച്ചത്. ലിറ്ററിന് ഒരു രൂപവച്ച് എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിക്കുമ്പോള്‍ പെട്രോളിന് 2.91 രൂപയും ഡീസലിന് 2.81 രൂപയും വര്‍ധന എങ്ങനെയുണ്ടാകുന്നു എന്ന് ആലോചിച്ചു നോക്കുക. കസ്റ്റംസ് ഡ്യൂട്ടി 5 ശതമാനം വര്‍ധിപ്പിച്ചതിന്റെ ഫലമായാണ് ഇതുണ്ടായത് എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍, ഓര്‍ക്കേണ്ട വസ്തുത ഇതാണ്. ക്രൂഡ് പെട്രോള്‍ നാലിലൊന്ന് ഇന്ത്യയില്‍ത്തന്നെ ഉല്‍പ്പാദിപ്പിക്കുന്നതാണ്. ഇതിനു പുറമെ ഇറക്കുമതിചെയ്ത പെട്രോളില്‍നിന്ന് 2.5 ശതമാനം നികുതിയേ കൂട്ടിയിട്ടുളളൂ. എന്നാല്‍, പെട്രോളിന്റെ ബേസിക് വില 21.76 രൂപയില്‍നിന്ന് 22.99 രൂപയായി 5.6 ശതമാനമാണ് ഉയര്‍ത്തിയിട്ടുളളത്. ഡീസലിന്റേത് 24.41 രൂപയില്‍നിന്ന് 25.66 രൂപയായി 5.1 ശതമാനം ഉയര്‍ത്തിയിരിക്കുന്നു. എക്സൈസ് നികുതി ഡ്യൂട്ടിയുടെ പേരില്‍ അന്യായമായിട്ട് അടിസ്ഥാനവില ഉയര്‍ത്തി സ്ഥാപിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇങ്ങനെ 40,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ സമ്പാദിക്കുന്നത്. ഇതില്‍ 5000 മുതല്‍ 6000 കോടി രൂപവരെ ഒരു ന്യായവുമില്ലാതെ കസ്റ്റംസ് ഡ്യൂട്ടിയുടെ പേരില്‍ അടിസ്ഥാനവിലയില്‍ വരുത്തിയ വര്‍ധനയാണ്. ഇതു പ്രകാരം കേരളത്തില്‍നിന്ന് ചുരുങ്ങിയത് 1600 കോടി രൂപ ജനങ്ങളെ പിഴിഞ്ഞെടുക്കുകയാണ്. ഇതിനെ സര്‍വാത്മനാ സ്വാഗതംചെയ്യുന്ന പ്രതിപക്ഷം കേരളത്തിന് അധികം കിട്ടുന്ന 150 കോടി രൂപ വേണ്ടെന്നുവച്ച് കേന്ദ്രസര്‍ക്കാരിന്റെ കൊള്ളയെ സഹായിക്കാനാണ് പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ നികുതിവര്‍ധന പിന്‍വലിക്കുകയാണ് വേണ്ടത്. അപ്പോള്‍ ഈ 150 കോടിയുടെ അധികവരുമാനം ഇല്ലാതായിക്കൊള്ളും.

മാന്ദ്യപാക്കേജിന്റെ ഭാഗമായി എന്നു പറഞ്ഞ് എക്സൈസ് നികുതി വെട്ടിക്കുറച്ചപ്പോള്‍ വരുമാനനഷ്ടം കുറയ്ക്കാനായി വാറ്റ് നികുതി വര്‍ധിപ്പിക്കാന്‍ കേരളം തയ്യാറായില്ല. കോഗ്രസ് ഭരിക്കുന്ന ഡല്‍ഹി, രാജസ്ഥാന്‍, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളെല്ലാം വാറ്റ് നികുതി ഉയര്‍ത്തി - ആന്ധ്ര 12.5 ശതമാനത്തില്‍നിന്ന് 14 ശതമാനമായും രാജസ്ഥാന്‍ 12.5 ശതമാനത്തില്‍നിന്ന് 14 ശതമാനമായും ഡല്‍ഹി 4 ശതമാനത്തില്‍നിന്ന് 5 ശതമാനമായും നികുതി ഉയര്‍ത്തി. കേന്ദ്രവില്‍പ്പന നികുതി 4 ല്‍ നിന്ന് രണ്ടായി കുറച്ചതിന് ഇനിമേല്‍ നഷ്ടപരിഹാരം നല്‍കാനാകില്ലെന്നും ആ നഷ്ടം വാറ്റുനികുതി കൂട്ടിയോ പഞ്ചസാരയുടെയോ തുണിയുടെയോ മുകളില്‍ നികുതി വര്‍ധിപ്പിച്ചോ നികത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിന് കേരളം തയ്യാറല്ലെന്നാണ് തീരുമാനിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പെട്രോളിന് കേന്ദ്രസര്‍ക്കാര്‍ വില വര്‍ധിപ്പിച്ചതിന്റെ ഭാഗമായി സംസ്ഥാനത്തിന് അധികമായി കിട്ടുന്ന 150 കോടി വേണ്ടെന്നു വയ്ക്കാനുളള ആവശ്യത്തിന്റെ പൊള്ളത്തരം മനസിലാകുന്നത്. എങ്ങനെയാണ് സംസ്ഥാനത്തിലെ പരമപാവങ്ങള്‍ക്ക് റേഷന്‍, പെന്‍ഷന്‍ മറ്റ് ക്ഷേമ ആനുകൂല്യങ്ങളായി നല്‍കാന്‍ പോകുന്നതെന്ന് രണ്ടുദിവസം കഴിഞ്ഞുളള ബജറ്റില്‍ മനസിലാക്കാവുന്നതേയുളളൂ.

****

ഡോ. ടി എം തോമസ് ഐസക് കടപ്പാട്: ദേശാഭിമാനി

3 comments:

വര്‍ക്കേഴ്സ് ഫോറം said...

യുഡിഎഫ് ഭരണകാലത്ത് 30 തവണ പെട്രോള്‍ ഡീസല്‍ വില ഉയര്‍ത്തി. 28.53 രൂപ ലിറ്ററിനുണ്ടായിരുന്ന പെട്രോളിന് യുഡിഎഫ് ഭരണം അവസാനിച്ചപ്പോള്‍ 45.91 രൂപയും 18.16 രൂപ വിലയുണ്ടായിരുന്ന ഡീസലിന് 33.51 രൂപയുമായി. എന്നിട്ട് ഒരു തവണ ഭരണമവസാനിക്കുന്ന വേളയിലാണ് നികുതി കുറയ്ക്കാന്‍ തോന്നിയത്. ഇതുപോലെ തന്നെ 2008 ജൂണില്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും ഗ്യാസിന് 50 രൂപയും വര്‍ധിപ്പിച്ചപ്പോള്‍ അധിക നികുതി വരുമാനം വേണ്ടെന്നുവച്ച് കേരളം നികുതി കുറയ്ക്കുകയുണ്ടായി. എന്നാല്‍, അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ 142 ഡോളര്‍ ബാരലിനുണ്ടായ ക്രൂഡോയില്‍ 35 ആയി താണപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടു തവണയായി വില കുറച്ചു. അപ്പോള്‍ കേരളം പഴയ നികുതിനിരക്ക് പുനഃസ്ഥാപിച്ചു.

പ്രദീപ്‌ said...

സാമ്പത്തിക ശാസ്ത്രത്തില്‍ ആണോ ബിരുദം ? എനിക്ക് കുറച്ചു അടിസ്ഥാന സംശയങ്ങള്‍ ഉണ്ട് . ഒരു രാജ്യത്ത് എങ്ങനെയാണ് പണം ഉണ്ടാകുന്നതെന്ന് തുടങ്ങിയുള്ള സംശയങ്ങള്‍ . എനിക്ക് ചോദിക്കാമോ ?
അടിസ്ഥാന പരമായ സാമ്പത്തിക ശാത്രം സിമ്പിള്‍ ഭാഷയില്‍ ആരെങ്കിലും എഴുതിയിട്ടുണ്ടോ ?

വര്‍ക്കേഴ്സ് ഫോറം said...

@ pradeep

We are not economics graduates, instead T U activists. Still, shall try to answer. Please put your questions to workersforum@gmail.com