ഉപചാരങ്ങള്‍ക്കപ്പുറത്ത്, മനസ്സുകൊണ്ട് മൌനങ്ങളെ വകഞ്ഞുമാറ്റി, ശ്രീരേഖയെത്തൊട്ട കുംഭപ്പകല്‍. കനല്‍ കത്തുന്ന ഫെബ്രുവരി മധ്യം. ഒരു പകല്‍ മുഴുക്കനെ മധ്യകേരളം ആ കമ്യൂണിസ്റ്റ് കവിക്കുവേണ്ടി സമര്‍പ്പിതമായി.
കോട്ടയത്തെ മുനിസിപ്പല്‍ ശ്‌മശാനത്തില്‍ ശ്രീരേഖ എരിഞ്ഞുതാഴുന്നതിന് സാക്ഷിയാകാന്‍ ഒത്തിരിപ്പേര്‍. എഴുത്തുകാരും കലാകാരന്മാരും മാത്രമല്ല; കമ്യൂണിസ്റ്റുകാര്‍, വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍, പരമ സാത്വികരായ മതവിശ്വാസികള്‍, ദിവസക്കൂലിക്കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ - ജീവിതത്തിന്റെ ഭിന്നമേഖലകളില്‍നിന്നെത്തിയവര്‍. അവര്‍ക്കൊക്കെ വേണ്ടപ്പെട്ടവനായിരുന്നു മഹാ സ്നേഹത്തിന്റെ തിരുശേഷിപ്പുകള്‍ ബാക്കിവച്ച് പടിയിറങ്ങിയത്.
'സ്നേഹസുന്ദര പാതയിലൂടെ വേഗമാകട്ടെ' എന്ന് ധീരമൃദുസ്വരത്തില്‍ നമ്മെയോര്‍മിപ്പിച്ച്, ഒരു പുരുഷായുസ്സ് മുഴുക്കെ പാടിനിറഞ്ഞ മലയാള കവിതയുടെ അര്‍ധനാരീശ്വര സ്വരൂപം സാക്ഷാല്‍ വൈലോപ്പിള്ളിയുടെ, ശവസംസ്‌ക്കാരച്ചടങ്ങുകളെപ്പറ്റി കുറ്റബോധത്തോടെ എഴുത്തുകാര്‍ കൈമാറുന്ന ഒരു സ്വകാര്യമുണ്ട് - ജനം തീരെ കുറവായിരുന്നു.
എങ്കില്‍ ശ്രീരേഖയുടെ വിടവാങ്ങല്‍ ചടങ്ങുകളെപ്പറ്റി ആരും അങ്ങനെ പറയുകയില്ല. ഐസിട്ട ചില്ലുപെട്ടിയില്‍ ചെങ്കൊടി പുതച്ചുകൊണ്ട് നിത്യനിദ്രയിലായിരിക്കുമ്പോഴും ആ മുഖത്ത് കൃതാര്‍ഥതയുടെ ഒരു നേര്‍ത്ത ചിരി ഉണ്ടായിരുന്നില്ലേ? ഒരു വ്യാഴവട്ടത്തോളം കാലമായി കട്ടില്‍ക്കുഴിയില്‍ ഒരേ കിടപ്പുകിടന്ന ഒരാള്‍ക്ക്, പ്രസക്തിയുടെ വെള്ളിവെളിച്ചത്തില്‍നിന്ന് തീരെയും ദൂരെയായിരുന്ന ഒരെഴുത്തുകാരന്, കിട്ടാവുന്നതിലപ്പുറം സ്നേഹസാമീപ്യങ്ങള്‍ ശ്രീരേഖക്ക് കിട്ടി.
കാരണം ഇക്കാലമത്രയും അദ്ദേഹം തന്റെ വിശ്വാസപ്രമാണങ്ങളെ വിരല്‍ത്തുമ്പില്‍ തഴുകിത്തന്നെയായിരുന്നല്ലോ സഞ്ചാരം. സമരോത്സുകമായ സര്‍ഗാത്മകതയെ തന്നാലാവുംവിധം താണനിലങ്ങളിലെ ദുരിതമര്‍ത്യതയുടെ നേരിടങ്ങളിലേക്ക് ചാലുകീറിയെത്തിക്കാനുള്ള തത്രപ്പാടായിരുന്നു ശ്രീരേഖക്ക് ജീവിതം.
എപ്പോഴാണ് ശ്രീരേഖയെ ഒന്നാമതായി കാണുന്നത്? പാലായ്ക്കടുത്ത് ഇടനാട് എന്ന സ്ഥലത്ത് ശക്തി വിലാസം എന്‍ എസ് എസ് ഹൈസ്കൂളിന്റെ വാര്‍ഷിക വേള. വയലാര്‍ രാമവര്‍മ പ്രസംഗിക്കുന്ന വേദി. നീലനിറമുള്ള മുറിക്കൈയന്‍ കുപ്പായവുമിട്ട് കറുത്ത് കുറുകിയ കരുത്തനായ ഒരാള്‍ പ്രസംഗിക്കുന്നു - ശ്രീരേഖ. ഉള്ളില്‍ നിറയെ വയലാര്‍ നിറഞ്ഞുകവിഞ്ഞു നില്‍ക്കുകയാല്‍ മറ്റാരുടെയും പ്രസംഗം വേണ്ടുംവിധം ശ്രദ്ധിച്ചില്ല.
ജനയുഗം വാരികയുടെ സുവര്‍ണ കാലം. ശ്രീരേഖയുടെ കവിതകള്‍ അതില്‍ തുടരെ വന്നിരുന്നു. 'എനിക്ക് ദാഹിക്കുന്നു' എന്ന കവിത അന്ന് ഈണത്തില്‍ ചൊല്ലി നടന്നു. കടപ്പാട്ടൂര്‍ ക്ഷേത്രത്തില്‍ വി സാംബശിവന്റെ കഥാപ്രസംഗം. കഥ താര. ശ്രീരേഖയുടെ വരികള്‍ സാംബശിവന്‍ പാടുന്നു.
എനിക്ക് ദാഹിക്കുന്നു പിതാവേ,
എനിക്ക് ദാഹിക്കുന്നു.
ഒലിച്ചുപോയീ ജോര്‍ദാനില്‍ കുറെ-
യൊഴുക്കു നീരല വീണ്ടും
പുളിച്ച വീഞ്ഞു പഴന്തുണി മുക്കി-
ക്കൊടുത്തുകൊണ്ടവരാര്‍ത്തൂ
അവര്‍ക്ക് നേരമ്പോക്കാണാളുകള്‍
പിടഞ്ഞുചാകും കാഴ്ച.
ആണ്ടുകള്‍ മുന്നമേ ഹൃദയത്തിലേക്ക് കയറിയ ഈ വരികള്‍ ഇപ്പോഴും നവശോഭയോടെ. അറ്റം കൂര്‍പ്പിച്ച് അരയന്നത്തൂവല്‍ കെട്ടിയ അമ്പുകള്‍ കണക്കെ കൊള്ളേണ്ടിടങ്ങളില്‍ച്ചെന്ന് തറയ്ക്കുന്ന പാര്‍ഥസാമര്‍ഥ്യം. കുരിശുമരണം ആഘോഷിക്കുന്ന പരീശപ്പടയുടെ കാളികൂളിത്തരങ്ങള്‍ വിവരിക്കുക വഴി സമകാല മലയാള സങ്കടസമസ്യകളിലേക്ക് മിഴിപായിക്കുന്ന ഉശിരന്‍കവിത. ജനയുഗം വാരിക തപ്പിയെടുത്ത് ആ കവിത കാണാതെ പഠിച്ചു.
എണ്ണിപ്പറയാന്‍ മാത്രം ഒത്തിരിക്കവിതകളൊന്നും ശ്രീരേഖ എഴുതിയില്ല. അധ്യാപകവൃത്തിയും സ്റ്റഡിസര്‍ക്കിള്‍ പ്രവര്‍ത്തനവും സാമൂഹ്യവേലകളും ഒപ്പം കമ്യൂണിസ്റ്റുകാരനായിരിക്കലും - തിരക്കുകള്‍ക്കിടയില്‍ ഇത്രയൊക്കെയേ കഴിഞ്ഞുള്ളൂ. അഷ്ടമുടി, കടുന്തുടി, തീച്ചെടികള്‍ തുടങ്ങിയ കവിതാ സമാഹാരങ്ങള്‍, നിശാഗന്ധി എന്ന നാടകം, ഏകാങ്ക സമാഹാരമായ അള്‍ത്താര -ഇത്രയേയുള്ളൂ എന്നതേക്കാള്‍ ഇത്രയും ഉണ്ട് എന്ന് പറയുന്നതാകും ശരി.
ഇതെല്ലാം ഒരുമിച്ചുകൂട്ടി ഒരു പുസ്തകമാക്കാന്‍ ഒരു കൊല്ലമായി ശ്രമിക്കുന്നു. പുരോഗമന കലാ-സാഹിത്യസംഘം കോട്ടയം ജില്ലാ സെക്രട്ടറി ശശികുമാര്‍ ഈ വഴിക്ക് സഞ്ചരിക്കെ രംഗബോധമില്ലാത്ത കോമാളിയായ മരണം ശ്രീരേഖയെ തിരിയെ വാങ്ങി. അദ്ദേഹത്തിന്റെ കവിതകളിലുടനീളം ക്രൂശിതമായ സ്നേഹത്തിന്റെ, ത്യാഗത്തിന്റെ, ഇത്തരം ബൈബിള്‍ച്ചിത്രങ്ങള്‍ ധാരാളമായിക്കാണാം.
കോട്ടയത്ത്, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം വക എന്‍ ബി എസ് ഹെഡ്ഡാപ്പീസില്‍ തീരെ ചെറിയ ശമ്പളത്തിന് ഇതെഴുതുന്നയാള്‍ ഗുമസ്തപ്പണി നോക്കുന്ന കാലം. അന്നാണ് ശ്രീരേഖയെ അടുത്ത് കാണുന്നതും അടുക്കുന്നതും. എം എ പാസായശേഷം ഒരു പണിയുമില്ലാതെ തെണ്ടിത്തിരിയുന്ന വേനല്‍പ്പകലുകള്‍; അങ്ങോട്ട് കവിതയുമായി ശ്രീരേഖ കടന്നുവന്നു.
കേരളത്തില്‍ അങ്ങിങ്ങ് ദേശാഭിമാനി സ്റ്റഡിസര്‍ക്കിള്‍ യൂണിറ്റുകള്‍ കുരുത്തു തുടങ്ങി. കോട്ടയത്തും ഒരു ശാഖ; ദേശാഭിമാനി ജില്ലാ ലേഖകന്‍ കെ എ പണിക്കരുടെ ഓഫീസില്‍ രൂപീകരണയോഗം. മുഖ്യ സംഘാടകന്‍ ശ്രീരേഖ തന്നെ. എഴുത്തുകാര്‍ എന്ന് പറയാവുന്നവര്‍ നന്നേ ചുരുങ്ങും. ഉള്ളവരില്‍ മുമ്പന്‍ കൊടുപ്പുന്ന.
കമ്പിത്തപാല്‍ ജീവനക്കാരുടെ നേതാവായ ഇ എന്‍ നായര്‍, സുരേഷ് കുറുപ്പിന്റെ സഹോദരന്‍ ഗോപാലകൃഷ്ണന്‍ ( ഇപ്പോള്‍ വക്കീലാണ്), അയ്‌മനം നളിനാക്ഷന്‍, ആര്‍ വി ഹരിപ്പാട് എന്നിങ്ങനെ വിരലിലെണ്ണാവുന്നവര്‍. അവര്‍ കാത്തിരിക്കെ എം എന്‍ കുറുപ്പ് വന്നു, മരിച്ചുമരവിച്ച കൃഷ്ണമൃഗസഞ്ചയത്തെ ഉയിര്‍പ്പിച്ച് പറപ്പിക്കുന്ന വര്‍ത്തമാനകുശലത; അതിരും എതിരുമില്ലാത്ത സംഘടനാ പാടവം.
ഏറെ വൈകാതെ ഏലങ്കുളത്തേക്ക് തീര്‍ഥയാത്ര. പലയിടങ്ങളില്‍ പരുവപ്പെട്ട യൂണിറ്റുകളെ കൂട്ടിച്ചേര്‍ത്ത് സംസ്ഥാനതലത്തില്‍ സംഘടനയുണ്ടാക്കാനുള്ള ഒന്നാം സമ്മേളനം.ഇ എം എസ്സിനെ കണ്ടു; തൂതപ്പുഴയില്‍ മുഴുകി; ചെറുകാടിനെ തൊട്ടു. രണ്ടോ മൂന്നോ കവിതകള്‍ ദേശാഭിമാനി വാരികയില്‍ എഴുതിയ തിണ്ണമിടുക്കിനാല്‍ ഒരിത്തിരി ഞെളിഞ്ഞ് ശ്രീരേഖയുടെ ഓരം ചേര്‍ന്ന് യാത്ര.
ഏലങ്കുളം സംഗമം ത്രസിപ്പിക്കുന്ന ഒരു യൌവനാനുഭവം. പിന്നെയും കവിതകള്‍ തുടരെ. ഒക്കെയും ശ്രീരേഖയെക്കാണിച്ച് പിഴ തീര്‍ത്തവ. നോക്കിനില്‍ക്കെ രണ്ടാം ഇ എം എസ് സര്‍ക്കാര്‍ വീണു; അച്യുതമേനോന്‍ ഗവണ്‍മെന്റ് വന്നു. നാടാകെ ഭൂസമരക്കൊടുങ്കാറ്റ്. ഉഷ്ണക്കാറ്റിന് ചിറകുവച്ചകണക്കെ എ കെ ജി.
കുട്ടനാട്ടിലും പരിസരപ്രദേശങ്ങളിലും കര്‍ഷകത്തൊഴിലാളികള്‍ക്ക് നേരെ ഗുണ്ടകളും പൊലീസും ചേര്‍ന്ന് കൊടിയ ആക്രമണം. അക്കൊല്ലത്തെ റിപ്പബ്ളിക് ദിനത്തില്‍ ചെറുകാലിക്കായലില്‍ സഹദേവന്‍ വെടിയേറ്റു മരിച്ചു. "നാടന്തപ്രഹരങ്ങളേറ്റു കിടിലം''കൊണ്ടു. ഒരു സംഘം എഴുത്തുകാര്‍ അനുഭവങ്ങള്‍ തേടി കുട്ടനാട്ടിലേക്ക്.
അമരക്കാരന്‍ എം എന്‍ കുറുപ്പ്; സേനാധിപന്‍ ശ്രീരേഖ. ആലപ്പുഴ ജട്ടിയില്‍നിന്ന് ബോട്ടിലേക്ക് കയറുന്നത് വിഎസ്. അന്നാണ് വി എസിനെ ആദ്യം കാണുന്നത്. ചോരകിനിയുന്ന കാഴ്ചകള്‍. തിരിയെ വന്ന് 'അരിവാളിന്‍ ചുണ്ടിലെ ചിരിചുവക്കും' എന്ന കവിത. ദേശാഭിമാനി വാരികയില്‍ വരും മുന്നമേ ശ്രീരേഖ വായിച്ചു.
നേരുപറഞ്ഞാല്‍ കവിതയില്‍ ഖണ്ഡിക തിരിക്കാന്‍പോലും നേരാംവണ്ണം അറിഞ്ഞുകൂടായിരുന്നു. ഒക്കെയും ഉപദേശിച്ചത് ശ്രീരേഖ. കെ എ പണിക്കരുടെ ഓഫീസിലെ അന്തിക്കൂട്ടായ്മയില്‍ കവിത അവതരിപ്പിച്ചു. ഏറെ കേമമെന്ന് ടി എസ് ശ്രീധരന്‍നായരുടെ പ്രശംസ. ഇദ്ദേഹം അന്ന് കോട്ടയത്തെ എന്‍ എസ് എസ് ഹൈസ്കൂളിന്റെ ഹെഡ്‌മാസ്റ്ററായിരുന്നു (ഇപ്പോഴത്തെ പ്രസിദ്ധ നിരൂപക ശാരദക്കുട്ടിയുടെ പിതാവ്). ആദ്യത്തെ പ്രശംസ.
സ്റ്റഡിസര്‍ക്കിള്‍ പ്രവര്‍ത്തനം മുറുകിയപ്പോള്‍ എന്‍ ബി എസ്സിലെ പണി പോയി. നാട്ടിലേക്ക് മടങ്ങിച്ചെല്ലാന്‍ മിഥ്യാഭിമാനം സമ്മതിച്ചില്ല. അത്യാവശ്യം കാശും ചോറും തന്ന് അന്ന് കോട്ടയത്ത് നിലനിര്‍ത്തിയത് ശ്രീരേഖയും കെ എ പണിക്കരും. "പ്രമാണിമാര്‍ ഒരു സിനിമ കാണുന്ന പണംകൊണ്ട് നമുക്ക് മൂന്ന് സിനിമ കാണാം; കാഴ്ചയൊക്കെ ഒരേപോലെ.'' ഈ തത്വം പ്രായോഗികമാക്കിക്കാട്ടിയതും ശ്രീരേഖ. കോട്ടയത്തെ ഒരുവിധപ്പെട്ട തിയേറ്ററുകളിലൊക്കെ കയറും. ഏറ്റവും താഴത്തേതിന് മുകളിലത്തെ ക്ളാസില്‍ ഇരിപ്പ്.
എത്രയെത്ര അനുഭവങ്ങള്‍. ശ്രീരേഖ ഒത്തിരി സ്വകാര്യങ്ങള്‍ പറഞ്ഞ് ഉടനീളം നര്‍മം വിതറി; എയും ബിയും ഒക്കെ നിറഞ്ഞ കൊച്ചുവര്‍ത്തമാനങ്ങള്‍. അവയ്ക്കിടയിലൂടെ താന്‍ അനുഭവിച്ചുതീര്‍ത്ത, അഭിനയിച്ചുവച്ച, വൃഥാപൂരിതമായ ഒരു ജന്മത്തിന്റെ തീമലരുകള്‍ തിരിനീട്ടി. പ്രമുഖമായ നാടകസംഘത്തിലെ ഗായികയായ നടിയെ കല്യാണം ആലോചിച്ച് ചിലര്‍ വന്നു. അന്ന് തന്നെക്കാള്‍ ഏറെ ഉയരത്തില്‍ നില്‍ക്കുന്ന നടി. ആ ദാമ്പത്യം ശരിയാവില്ലെന്ന തോന്നല്‍; ശ്രീരേഖ കൈയൊഴിഞ്ഞു.
പ്രഗത്ഭനായ നാടകകൃത്ത് വില്‍പ്പനനാടകരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന കാലം. തിരക്കോട് തിരക്ക്. ഒരു നാടകമെഴുതാന്‍ ശ്രീരേഖയോട് പറഞ്ഞു. വന്‍തുക കിട്ടും. അന്നത്തെ മാര്‍ക്കറ്റില്‍ പ്രതീക്ഷിക്കാവുന്നതിലും വലിയ തുക. നേര്‍പകുതി ശ്രീരേഖക്ക്. ഒരു വ്യവസ്ഥ മാത്രം. നാടകം പ്രമുഖ നാടകകൃത്തിന്റെ പേരിലായിരിക്കും; മറ്റാരും അറിയരുത്.
സാമ്പത്തികമായി നന്നേ ഞെരുങ്ങുന്ന കാലം. എന്നിട്ടും ശ്രീരേഖ വഴങ്ങിയില്ല. ചെങ്ങന്നൂരില്‍ അക്കാലത്ത് ഒരു നാടകസമിതി. പി കെ കുഞ്ഞച്ചനും (എക്സ് എംപി) മുഴങ്ങത്തില്‍ ശ്രീധരനും മറ്റുമാണ് ചുമതലക്കാര്‍. അവര്‍ക്കുവേണ്ടി നിശാഗന്ധി എന്ന നാടകം എഴുതി. ഇതിന് തൊട്ടുപിന്നാലെയാണ് മുകളില്‍ പറഞ്ഞ ഓഫര്‍.
കവിതയിലും ജീവിതത്തിലും ഒന്നുപോലെ മര്‍ത്യതയായായിരുന്നു ശ്രീരേഖയുടെ കൊടിയടയാളം. ആലപ്പുഴയിലെ നെഹ്റു ട്രോഫി വാര്‍ഡില്‍ കര്‍ഷകത്തൊഴിലാളി സ്ത്രീകളെ പൊലീസുകാര്‍ ആക്രമിച്ച സംഭവത്തെത്തുടര്‍ന്ന് ശ്രീരേഖയുടെ കവിത.
"കമ്പനിച്ചിറ കത്തിനില്‍ക്കുന്ന
നൊമ്പരത്തിന്‍ കനല്‍ച്ചിറ
തോക്കുകൊണ്ടാണഹിംസയെങ്കില്‍ ശരി
നോക്കിനില്‍ക്കാതൊരുങ്ങിന്‍ സഖാക്കളെ''
ബംഗ്ളാദേശ് പിറവികൊള്ളാനുള്ള ഈറ്റുനോവിന്നിടയ്ക്ക് "മഴപെയ്യും മെയ്‌മാസത്തിലെ രാജാഷാനിത്തെരു''വിനെപ്പറ്റി ശ്രീരേഖ പാടി.
"മാറില്‍നിന്നും മുലപ്പടം മാറവേ
മാടിമാടി വിളിച്ച മാംസങ്ങളില്‍
താളമേളങ്ങളോടൊത്തു പട്ടുപൂ-
വാട നീങ്ങിത്തുറന്ന തുടകളില്‍
താണുതാണുപോയ്‌സച്ചിദാനന്ദവും
തേടി മേലോട്ടുപോകേണ്ട കണ്ണുകള്‍.''
വിശ്വാമിത്രന്റെ തപസ്സിളക്കുന്ന മേനകയെ വര്‍ണിക്കുന്ന ഈ കവിതയും അച്ചടിച്ചുവന്നുവെങ്കിലും സാംബശിവനിലൂടെയാണ് ജനകീയാംഗീകാരം നേടിയത്.
അറുപതുകളുടെ ഒടുക്കത്തില്‍ മുതലേ മലയാള കവിതയിലേക്ക് ചാഴിശല്യംകണക്കെ അത്യന്താധുനികത കടന്നുവന്നപ്പോള്‍ അത് അധിനിവേശ സംസ്‌കൃതിയുടെ കേളികൊട്ടലാണെന്ന തിരിച്ചറിവ് അന്നത്തെ സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. അതിനാല്‍തന്നെ പുരോഗാമികളായ എഴുത്തുകാരുടെ സുസംഘടിതമായ ചെറുത്തുനില്‍പ്പ് അന്നുണ്ടായി. ആ പടനിരയിലും കവിതയും കടമയുമായി ശ്രീരേഖ മുന്നിലുണ്ടായിരുന്നു. ഇറുകിപ്പിടിച്ച പാന്റും കുരുവിത്തലയുമായി നഗരംചുറ്റുന്ന ചെറുക്കന്റെ ചുണ്ടിലെ വികൃതിപ്പാട്ടിനെച്ചൂണ്ടി
"തൊണ്ടയിലിട്ടു ഞെരിച്ചുകൊല്ലുന്നയാള്‍
തുണ്ടുതുണ്ടായ് യേശുദാസിനെ, ലീലയെ''
എന്നിങ്ങനെ ശ്രീരേഖ പരിഹസിച്ചു.
ദേശാഭിമാനി സ്റ്റഡിസര്‍ക്കിളിന്റെയും പിന്നീട് പുരോഗമന കലാ-സാഹിത്യസംഘത്തിന്റെയും കരുത്തനായ സംഘാടകനായി കേരളമാകെ സഞ്ചരിച്ച ശ്രീരേഖ ഒരു കാലഘട്ടത്തിന്റെ സര്‍ഗസാന്നിധ്യമായിരുന്നു; എം എന്‍ കുറുപ്പിന്റെ വലംകൈയായിരുന്നു. കിടപ്പിലായ ഒരു വ്യാഴവട്ടംകൊണ്ട് നാടിന്റെ മുഖച്ഛായ നന്നേ മാറി. അദ്ദേഹത്തിന്റെ മരണവാര്‍ത്ത വായിക്കെ ആരാണ് ശ്രീരേഖയെന്ന് വിസ്‌മയം കൂറുന്ന പുതുതലമുറയെ തീവണ്ടിയില്‍ കണ്ടു.
കമ്യൂണിസ്റ്റായി പുലരുക നന്നേ ശ്രമകരം. കമ്യൂണിസ്റ്റായ കവിയായിരിക്കുക അതിലും ഗുരുതരം. അന്ത്യശ്വാസംവരെ ഒരിടത്തും കാലിടറാതെ, ചെങ്കൊടി പുതച്ചുതന്നെ ശ്രീരേഖ യാത്രയായി.
******
ഏഴാച്ചേരി രാമചന്ദ്രന്‍
Subscribe to:
Post Comments (Atom)
2 comments:
ഉപചാരങ്ങള്‍ക്കപ്പുറത്ത്, മനസ്സുകൊണ്ട് മൌനങ്ങളെ വകഞ്ഞുമാറ്റി, ശ്രീരേഖയെത്തൊട്ട കുംഭപ്പകല്‍. കനല്‍ കത്തുന്ന ഫെബ്രുവരി മധ്യം. ഒരു പകല്‍ മുഴുക്കനെ മധ്യകേരളം ആ കമ്യൂണിസ്റ്റ് കവിക്കുവേണ്ടി സമര്‍പ്പിതമായി.
കോട്ടയത്തെ മുനിസിപ്പല്‍ ശ്‌മശാനത്തില്‍ ശ്രീരേഖ എരിഞ്ഞുതാഴുന്നതിന് സാക്ഷിയാകാന്‍ ഒത്തിരിപ്പേര്‍. എഴുത്തുകാരും കലാകാരന്മാരും മാത്രമല്ല; കമ്യൂണിസ്റ്റുകാര്‍, വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍, പരമ സാത്വികരായ മതവിശ്വാസികള്‍, ദിവസക്കൂലിക്കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ - ജീവിതത്തിന്റെ ഭിന്നമേഖലകളില്‍നിന്നെത്തിയവര്‍. അവര്‍ക്കൊക്കെ വേണ്ടപ്പെട്ടവനായിരുന്നു മഹാ സ്നേഹത്തിന്റെ തിരുശേഷിപ്പുകള്‍ ബാക്കിവച്ച് പടിയിറങ്ങിയത്.
അന്തരിച്ച കവി ശ്രീരേഖയെ അനുസ്‌മരിക്കുന്നു, ഏഴാച്ചേരി രാമചന്ദ്രന്‍.
ആളെ പിടിയില്ല എന്നാലും എഴാച്ചേരി കള്ളം പറയില്ല ആറ്‍ജവമുള്ള സഖാവ് ആയിരുന്നിരിക്കണം ഇപ്പോള്‍ വംശനാശം സംഭവിച്ച ഒരു കുലം, ജീവിക്കാന്‍ മറന്നു പോയ മറ്റൊരു സഖാവ്
Post a Comment