ജനങ്ങള്‍ ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്നമാണ് വിലക്കയറ്റം. ഭക്ഷണം, മരുന്ന്, എണ്ണ, പാചകവാതകം തുടങ്ങി ഏതാണ്ടെല്ലാ നിത്യോപയോഗ സാധനങ്ങള്‍ക്കും വില കയറിക്കൊണ്ടിരിക്കുകയാണ്. സ്വര്‍ണം, ഭൂമി എന്നിവയുടെ വില എത്രയോ മടങ്ങ് ഇരട്ടിച്ചിരിക്കുന്നു. 2008 ല്‍ ലോകസാമ്പത്തിക പ്രതിസന്ധി ശക്തിപ്പെട്ടതോടെ, ലോകത്താകെ ഉല്‍പ്പാദന-വിപണന രംഗങ്ങള്‍ മന്ദീഭവിക്കുകയും വില കുറയുകയും ചെയ്തിരുന്നു. അപ്പോഴും ഇന്ത്യയില്‍ വിലക്കയറ്റമായിരുന്നു. വിലവര്‍ധനനിരക്ക് പൂജ്യത്തേക്കാള്‍ കുറഞ്ഞപ്പോഴും ഇന്ത്യയില്‍ അരിവില കിലോക്ക് 10 രൂപയില്‍നിന്ന് 18-20 രൂപയായി വര്‍ധിക്കുകയാണുണ്ടായത്.
2007ല്‍ അന്താരാഷ്ട്രതലത്തില്‍ വിലവര്‍ധനവായിരുന്നു. 2008ല്‍ വിലത്തകര്‍ച്ചയുണ്ടായി. എന്നാല്‍ 2009 മധ്യംമുതല്‍ വീണ്ടും വില വര്‍ധിക്കുകയാണ്. ഇന്ത്യയില്‍ വില കൂടിക്കൊണ്ടേയിരിക്കയാണ്. അതേ സമയം ഉല്‍പ്പാദനം കുറയുകയോ, വാങ്ങല്‍ അളവ് വന്‍തോതില്‍ വര്‍ധിക്കുകയോ ചെയ്തിട്ടില്ല. ഉല്‍പ്പാദന ദൌര്‍ബല്യമല്ല വിലക്കയറ്റത്തിന് കാരണമെന്നത് വ്യക്തമാണ്. എന്നാല്‍, കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവിലപോലും കിട്ടുന്നില്ല. അതേസമയം നമുക്കെല്ലാം ഉപഭോക്താക്കള്‍ എന്ന നിലയില്‍ സാധനങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടിവരുന്നു. അതിന്നര്‍ഥം വാങ്ങിവില്‍ക്കുന്ന ഇടനിലക്കാര്‍, വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും വന്‍ലാഭം ഈടാക്കുന്നു എന്നാണ്.
ചുരുക്കത്തില്‍, ഇന്ത്യയില്‍ ഇന്നനുഭവിക്കുന്ന വിലക്കയറ്റം പല പ്രത്യേകതകളും പ്രകടിപ്പിക്കുന്നു. വിലകള്‍ നിരന്തരം കൂടിക്കൊണ്ടിരിക്കുന്നു. ഭക്ഷ്യവിലകളാണ് കൂടുതല്‍ വര്‍ധിക്കുന്നത്. ഉല്‍പ്പാദനത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. വിലക്കയറ്റത്തിന്റെ കാരണം പുറം സ്വാധീനമല്ല. ഇടനിലക്കാരാണ് പ്രധാന ഉത്തരവാദികള്‍. അവരെ സഹായിക്കുന്ന ദേശീയ നയങ്ങളും നടപടികളുമാണ് പ്രശ്നത്തെ രൂക്ഷമാക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമായിവന്നിരിക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ സമീപനം
വിലക്കയറ്റത്തില്‍ ജനങ്ങളാകെ പൊറുതിമുട്ടുമ്പോഴും കേന്ദ്രസര്‍ക്കാര്‍ തണുപ്പന്‍മട്ടിലാണ് കാര്യങ്ങളെ കാണുന്നത്. രാജ്യത്ത് സാമ്പത്തിക വളര്‍ച്ച 8-9 ശതമാനം കൈവരിക്കണമെങ്കില്‍ വിലവര്‍ധന അനിവാര്യമാണെന്ന് വാദിക്കുന്നു; വിലവര്‍ധന ഒരു ആഗോള പ്രശ്നമാണെന്ന് പറയുന്നു; ലോകത്ത് സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ വന്‍തോതില്‍ പണം ഇറക്കിയതാണ് കാരണമെന്ന് അവകാശപ്പെടുന്നു; വിലക്കയറ്റം ഒരു താല്‍ക്കാലിക പ്രശ്നമാണെന്നും അത് മൂന്ന് മാസത്തിനകം പരിഹൃതമാകുമെന്നും പറയുന്നു.
എങ്കിലും ഉള്‍ഭയംകൊണ്ടാകാം. 2010 ഫെബ്രുവരി 6ന് വിലക്കയറ്റം മാത്രം അജന്‍ഡയാക്കി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രിതന്നെ വിളിച്ചുചേര്‍ത്തു. കുറെയേറെ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെമേല്‍ കയറ്റിവയ്ക്കാനുള്ള ശ്രമമാണ് അവിടെ നടന്നത്. പ്രശ്നം കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് പരിഹരിക്കണമെന്ന രീതിയില്‍ ഒരു സംയുക്ത കമ്മിറ്റിക്ക് രൂപംനല്‍കുക മാത്രമാണുണ്ടായത്.
കമ്പോളശക്തികളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നതിനുള്ള പരിപാടികള്‍ ഒന്നും ഉണ്ടായില്ല. ഇതിനായി വിലപരിധി നിര്‍ണയിക്കുകയോ, നിയന്ത്രിക്കുകയോ ചെയ്യുന്നില്ല. വാങ്ങല്‍-വില്‍ക്കല്‍ കാര്യങ്ങളെ സ്വാധീനിക്കുന്ന നയങ്ങള്‍ ആവിഷ്കരിക്കുന്നില്ല. പൊതുവിതരണ സംവിധാനത്തെ ശക്തിപ്പെടുത്തുന്നില്ല. അതേസമയം സ്വതന്ത്ര മുതലാളിത്ത ഇടപെടലിനനുകൂലമായ നിലപാടുകള്‍ എടുക്കുകയും ചെയ്യുന്നു. ധനികപക്ഷ താല്‍പ്പര്യം -അത് വന്‍കിടക്കാരായാലും വിദേശ-സ്വദേശ കമ്പനികളായാലും- സംരക്ഷിക്കുന്നതാണ് എല്ലാ നടപടികളും. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക്പോലും ഊഹക്കച്ചവട സാധ്യതകള്‍ പെരുപ്പിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് കാര്യങ്ങളെ കൂടുതല്‍ സംഘര്‍ഷാത്മകമാക്കുന്നു. ജനജീവിതം അടിക്കടിയെന്നോണം പ്രയാസകരമായിത്തീരുന്നു.
വിലക്കയറ്റ കാരണങ്ങള്‍
സ്വതന്ത്ര കമ്പോള വ്യവസ്ഥയെ കയറൂരിവിടുന്ന നവലിബറല്‍ നടപടികള്‍തന്നെയാണ് വിലക്കയറ്റത്തിനും ഇടയാക്കുന്നത്. സ്വതന്ത്രകമ്പോളം എല്ലാറ്റിനും പരിഹാരമാണെന്നതാണ് നവലിബറല്‍ നയങ്ങളുടെ അന്തസത്ത. അതുകൊണ്ട് വസ്തുക്കളുടെ വില നിയന്ത്രണം, ക്രയവിക്രയത്തിലെ അളവ് നിയന്ത്രണം, പൊതുവിതരണം എന്നിവയൊന്നും സര്‍ക്കാരിന്റെ കടമയല്ലെന്നാണ് വാദം. ഇതില്‍നിന്നെല്ലാം സര്‍ക്കാര്‍ പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നു. പകരം സ്വതന്ത്രമായ കമ്പോള ഇടപെടലുകള്‍ ശക്തിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ഊഹക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ അതിനുള്ള നടപടികള്‍ ഓരോന്നായി നിയമാനുസൃതമാക്കുന്നു; ലളിതവല്‍ക്കരിക്കുന്നു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ അവധിവ്യാപാരം, അതിന്റെ ഫലമായുള്ള ഊഹക്കച്ചവടത്തിന്റെ പ്രോത്സാഹനം, കാര്‍ഷികരംഗത്തെ സര്‍ക്കാര്‍ ചെലവ് വെട്ടിക്കുറയ്ക്കല്‍, ഭക്ഷ്യസബ്സിഡി അടക്കമുള്ള സര്‍ക്കാര്‍ സഹായങ്ങളില്‍ വരുത്തുന്ന കുറവ്, ഭൂമിയുടെ കാര്‍ഷികേതര ഉപയോഗം, കാര്‍ഷികോല്‍പ്പന്നങ്ങളുടെ തന്നെ ഭക്ഷ്യഇതര വിനിയോഗം, സംഭരണ രംഗത്തെ അപാകതകള്‍ എന്നിവയൊക്കെ വ്യാപകമാവുന്നു. ഇതിന് പുറമെ കാലാവസ്ഥാ വ്യതിയാനംപോലുള്ള കാര്യങ്ങള്‍ ധാന്യഉല്‍പ്പാദനരംഗം അസ്ഥിരപ്പെടുത്തുന്നു; ഒട്ടേറെ പുതിയ പ്രസിന്ധികള്‍ക്കിടയാക്കുന്നു.
ഇവയൊക്കെ കൂടുതല്‍ വിശദീകരിക്കേണ്ടിയിരിക്കുന്നു. ഇവയ്ക്ക് പുറമെ മരുന്നിന്റെ വിലവര്‍ധന, റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന്റെ സ്വാധീനത്താല്‍ ഭൂവിലയില്‍ വന്നുകൊണ്ടിരിക്കുന്ന വന്‍ മാറ്റങ്ങള്‍, എണ്ണ വിലവര്‍ധന എന്നീ പ്രശ്നങ്ങള്‍ വേറെയും പരിശോധിക്കേണ്ടിയിരിക്കുന്നു.
(മ) അവധിവ്യാപാരം
കാര്‍ഷികരംഗത്ത് വന്‍തോതില്‍ ശക്തിപ്പെടുന്നതും വിലക്കയറ്റത്തിന് കാര്യമായി ഇടയാക്കുന്നതുമായ നടപടിയാണ് അവധിവ്യാപാരം. കൃഷിയിറക്കുമ്പോള്‍ത്തന്നെ, അല്ലെങ്കില്‍ വിളവെടുപ്പിനുമുമ്പ്, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വ്യാപാരക്കരാറുണ്ടാക്കി കുറച്ച് പണം മുന്‍കൂര്‍ നല്‍കി ഒരു നിശ്ചിത അവിധിക്കുശേഷം യഥാര്‍ഥ കൈമാറ്റം നടക്കുന്ന രീതിയാണ് അവധിവ്യാപാരം. വടക്കെമലബാറില്‍ പണ്ട് 'ഉണ്ടര്‍തി' എന്നൊരു പണയരീതി നിലവിലുണ്ടായിരുന്നു. അതിനോട് സാമ്യമുള്ളതാണ് അവധിവ്യാപാരം. ദരിദ്രര്‍, കുടികിടപ്പുകാര്‍ എന്നിവരൊക്കെ തേങ്ങ, കുരുമുളക് മുതലായ വിളകള്‍ വിളവെടുപ്പിനുമുമ്പുതന്നെ പണക്കാര്‍ക്ക് മുന്‍കൂര്‍ പണയപ്പെടുത്തുന്ന രീതിയായിരുന്നു ഇത്. ആദ്യമൊക്കെ വാക്കാല്‍ നടന്നിരുന്ന ഈ ഇടപാട് പിന്നീട് രജിസ്റ്റര്‍ ചെയ്ത രേഖയുടെ പിന്‍ബലത്തിലാണ് നടന്നത്. ദരിദ്രരുടെ ആസ്തികള്‍ വന്‍തോതില്‍ തട്ടിയെടുത്ത ഇത്തരം നടപടികള്‍ ഭൂപരിഷ്കരണത്തിനുശേഷമാണ് കുറെയൊക്കെ മാറിയത്.
അവധിവ്യാപാരക്കരാര്‍ തയാറായിക്കഴിഞ്ഞാല്‍ പണം മുടക്കുന്ന ആള്‍ക്ക് വിളവെടുപ്പുവരെ കാത്തുനില്‍ക്കാതെതന്നെ കരാര്‍ ഉപയോഗിച്ച് പണം സംഘടിപ്പിക്കാന്‍ മാര്‍ഗമുണ്ട്. അതിന് അവധിവ്യാപാര കരാറിന്റെ പ്രമാണം മറ്റൊരാള്‍ക്ക് രേഖാമൂലം കൈമാറിയാല്‍ മതി. ഈ രീതിയില്‍ ഒരു പ്രമാണത്തില്‍നിന്ന് (വായ്പാ ഉപാധിയില്‍നിന്ന്) മറ്റൊന്ന് ഊര്‍ന്നുവരുന്നതാണ് ഡെറിവേറ്റീവുകള്‍ എന്ന ഊഹക്കച്ചവടത്തിന്നാധാരം. ഡെറിവെറ്റീവുകള്‍ ഇന്ന് വലിയൊരു ഊഹക്കച്ചവട ഉപാധിയാണ്. ഇവ ഇപ്പോള്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും ബാധകമായിരിക്കുന്നു. ഇവയെ ഉല്‍പ്പന്ന ഡെറിവേറ്റീവുകള്‍ എന്നാണ് പറയുന്നത്. ഇതോടെ ഉല്‍പ്പന്ന ഡെറിവേറ്റീവുകളും അതിന് ആധാരമായ കാര്‍ഷികോല്‍പ്പാദനവും പ്രധാന ഊഹക്കച്ചവട ഉപാധിയായി മാറുകയാണ്. ഉല്‍പ്പാദനത്തിന്റെ ഉടമയായി മാറുന്നത് ഊഹക്കച്ചവടക്കാരാണ്. അവര്‍ ഉല്‍പ്പന്നങ്ങളുടെ വില യാന്ത്രികമായി വര്‍ധിപ്പിക്കുന്ന രീതിയില്‍ ഉല്‍പ്പന്നം പൂഴ്ത്തിവച്ച് വില്‍പ്പനയെ നിയന്ത്രിക്കുന്നു. വിലവര്‍ധനവിന്റെ നേട്ടം യഥാര്‍ഥ കര്‍ഷകന് ഒരിക്കലും കിട്ടുന്നില്ല. എന്നാല്‍, വിലക്കയറ്റത്തിന്റെ പ്രയാസങ്ങള്‍ ജനങ്ങള്‍ പൊതുവിലും ദരിദ്രജനങ്ങള്‍ പ്രത്യേകിച്ചും അനുഭവിക്കുകയും വേണം. അവധിവ്യാപാരിയായ ഇടനിലക്കാരന്റെ ലാഭമാകട്ടെ പെരുകിക്കൊണ്ടേയിരിക്കും.
ഇന്ത്യയില്‍ ഈയിടെയായി അവധിവ്യാപാരവും അതുമായി ബന്ധപ്പെട്ട ഡെറിവേറ്റീവ് വിനിമയവും സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ വിപുലപ്പെട്ടിരിക്കുന്നു. 2008 ല്‍ ഈ രീതിയില്‍ 46.65 ലക്ഷംകോടി രൂപയുടെ ബിസിനസ്സാണ് നടന്നതെങ്കില്‍ 2009 ല്‍ ഇത് 62.94 ലക്ഷം കോടിരൂപയുടേതായി ഉയര്‍ന്നു. 35 ശതമാനം വര്‍ധന. കമീഷന്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ കോസ്റ്റ്സ് ആന്‍ഡ് പ്രൈസസ് എന്ന സര്‍ക്കാര്‍ ഏജന്‍സിയും കൃഷിസംബന്ധമായ ഒരു പാര്‍ലമെന്റ് കമ്മിറ്റിയും കാര്‍ഷികോല്‍പ്പന്നങ്ങളുടെ അവധിവ്യാപാരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നിര്‍ബാധം തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കയാണ്. ഇത് വിലക്കയറ്റത്തിന് പ്രധാന കാരണമായിത്തന്നെ തുടരുന്നു.
(യ) പൊതുചെലവിലെ കുറവ്
പഞ്ചവത്സര പദ്ധതികള്‍ കഴിയുന്തോറും സര്‍ക്കാരിന്റെ കാര്‍ഷികരംഗത്തെ ചെലവിന്റെ അനുപാതം കുറഞ്ഞുവരികയായിരുന്നു. ഒന്നാം പദ്ധതി കാര്‍ഷികോന്മുഖപദ്ധതിയായിരുന്നു. അതില്‍ത്തന്നെ പദ്ധതിച്ചെലവിന്റെ മൂന്നിലോന്നോള (31 ശതമാനം) മായിരുന്നു കൃഷിക്കായി നീക്കിവച്ചത്. പിന്നീട് ഈ അനുപാതം 21 മുതല്‍ 24 ശതമാനംവരെയായി. എന്നാല്‍ ഒമ്പത്, പത്ത് പദ്ധതികളില്‍ 20 ശതമാനം ആയിരുന്നു. 11ാം പദ്ധതിയിലാവട്ടെ 18 ശതമാനമാണ് വകയിരുത്തിയത്. ജലസേചനച്ചെലവ്, ഉല്‍പ്പന്ന സബ്സിഡി, ഭക്ഷ്യസബ്സിഡി എന്നിവയൊന്നും വര്‍ധിപ്പിക്കുന്നില്ല. ഭക്ഷ്യസബ്സിഡി ഇപ്പോഴും ദേശീയ വരുമാനത്തിന്റെ 1.8 ശതമാനം മാത്രമാണ്. രാസവള സബ്സിഡി കുറയുന്നു. ചിലതിനൊക്കെ സബ്സിഡിതന്നെ ഒഴിവാക്കുന്നു. ഈയിടെ യൂറിയ സബ്സിഡി പിന്നെയും കറുച്ചു.
കാര്‍ഷിക വായ്പകള്‍ വിവിധതരം പ്രതിസന്ധിക്കിടയാക്കുന്നു. കാര്‍ഷിക വിപണനത്തിനുള്ള സര്‍ക്കാര്‍ സഹകരണങ്ങള്‍ കുറഞ്ഞുവരികയാണ്; എന്നാല്‍, ഭക്ഷ്യകൃഷിയില്‍നിന്ന് വാണിജ്യകൃഷിയിലേക്ക് മാറുന്നു. ഭക്ഷ്യവിളകളുടെ ഭക്ഷ്യ ഇതര ഉപയോഗം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതെല്ലാം ആത്യന്തികമായി ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റത്തിന് ഇടയാക്കുന്നു.
(ര) സംഭരണത്തിലെ പ്രശ്നങ്ങള്‍
1964 ഓടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായവില തീരുമാനിക്കാനും അവ സംഭരിക്കാനും സൂക്ഷിക്കാനും വിതരണം ചെയ്യാനും കൃത്യമായ സംവിധാനങ്ങള്‍ രൂപപ്പെട്ടുവന്നിരുന്നു. അഗ്രികള്‍ച്ചറല്‍ പ്രൈസസ് കമീഷന്‍ (APC) ആണ് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണയിച്ചതും സംഭരണ നടപടികള്‍ കൈക്കൊണ്ടതും. ( APCയാണ് ഇപ്പോള്‍ ACP ആയി മാറിയത്). സൂക്ഷിപ്പ് ഭക്ഷ്യകോര്‍പ്പറേഷനി (FCl)ലാണ്. വിതരണം പൊതുവിതരണ സംവിധാനംവഴി റേഷന്‍ കടകളിലൂടെയും. ഇവക്കെല്ലാംകൂടി വേണ്ടിവരുന്ന ചെലവാണ് ഭക്ഷ്യ സബ്സിഡിയായി കണക്കാക്കുന്നത്. ഈ സംവിധാനങ്ങളെല്ലാം ഇന്ത്യയില്‍ മെച്ചപ്പെട്ട രീതിയില്‍ നടന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇവയെല്ലാം ദുര്‍ബലമാണ്. സംഭരണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. കൃഷിക്കാര്‍ക്ക് ന്യായവില ലഭിക്കുന്നില്ല. സംഭരണം നന്നായി നടത്തുന്നത് സ്വകാര്യ ഏജന്‍സികളാണ്. ഇത് പൂഴ്ത്തിവയ്പ്പിന് ഇടയാക്കുന്നു. ഇപ്പോള്‍ വന്‍കിടക്കമ്പനികള്‍ കൂടുതല്‍ വില നല്‍കി ധാന്യസംഭരണം നടത്തി സൂക്ഷിച്ചുവച്ചിരിക്കയാണ്.
(റ) പൊതുവിതരണ സംവിധാനത്തിന്റെ തകര്‍ച്ച
ഭക്ഷ്യവിതരണ രംഗത്തെ പ്രധാന പ്രശ്നം പൊതുവിതരണ സംവിധാനത്തിന്റെ തകര്‍ച്ചയാണ്. ഇന്ത്യയില്‍ റേഷന്‍ സംവിധാനം മെച്ചപ്പെട്ട രീതിയില്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിച്ചിരുന്നു. നവലിബറല്‍ നയങ്ങളുടെ ഭാഗമായി 1997 ല്‍ നമ്മുടെ സാര്‍വത്രിക പൊതുവിതരണ സംവിധാന(UPDS)ത്തെ ദുര്‍ബലപ്പെടുത്തി BPL കാര്‍ക്കുവേണ്ടി പ്രത്യേക രീതി -Targeted PDS - നടപ്പാക്കിയിരിക്കയാണ്. ഇതോടെ അര്‍ഹതപ്പെട്ട പലര്‍ക്കും ഭക്ഷണസാധനങ്ങള്‍ റേഷന്‍വിലയ്ക്ക് കിട്ടാതായി. നിയമപ്രകാരമുള്ള സാര്‍വത്രിക റേഷന്‍രീതി 1964 മുതല്‍ നിലവിലുള്ള സംസ്ഥാനമാണ് കേരളം. കേരളത്തെയാണ് കേന്ദ്രത്തിന്റെ TPDS നടപടി ഏറ്റവും പ്രതികൂലമായി ബാധിച്ചത്.
പൊതുവിപണിയിലും അജഘ റേഷന്‍ കാര്‍ഡുകളിലും അരിക്ക് ഏതാണ്ട് ഒരേ വില ആയതോടെ അജഘ കാര്‍ഡുടമകള്‍ റേഷന്‍ വാങ്ങാതായി. ഈ അവസരത്തില്‍ വില കുറയ്ക്കുന്നതിന് പകരം അരിവിഹിതംതന്നെ വെട്ടിക്കുറയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഏതാണ്ട് മുക്കാല്‍പങ്ക് അജഘ അരിയും വെട്ടിക്കുറച്ചു. വെട്ടികുറയ്ക്കല്‍ പിന്നെയും തുടര്‍ന്നു. എന്നാല്‍, പൊതുവിപണിയില്‍ അരിവില വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ അരിവിഹിതം പുനഃസ്ഥാപിക്കുന്നത് ഏറെ സഹായകമാകുമെങ്കിലും കേന്ദ്രം അതിനിതുവരെ തയാറായിട്ടില്ല. കേരളത്തിലാണെങ്കില്‍ APL , BPL വിഭാഗങ്ങള്‍ക്ക് കേന്ദ്രവിലയേക്കാള്‍ ഏതാണ്ട് 5 രൂപവീതം കിലോവിന് കുറച്ചുനല്‍കുകയാണ്. BPL അരി കേരളത്തില്‍ കിലോക്ക് 2 രൂപക്കാണ് വിതരണം ചെയ്യുന്നത്.
കേന്ദ്ര സര്‍ക്കാറിന്റെ ഇപ്പോഴത്തെ കരുതല്‍ ശേഖരം (അരിയും ഗോതമ്പും) ആവശ്യത്തേക്കാള്‍ കൂടുതലാണ്. ഇതില്‍ ഒരുഭാഗം റേഷന്‍ കടകളിലൂടെ വിതരണം ചെയ്ത് പകരം പുതുതായി സംഭരിക്കുകയാണ് വേണ്ടത്. ഇന്ത്യയില്‍ 40 ലക്ഷം ടണ്‍ ഗോതമ്പും 60 ലക്ഷം ടണ്‍ അരിയുമാണ് കരുതല്‍ സ്റ്റോക്കായി വേണ്ടതെന്നാണ് വിദഗ്ധ അഭിപ്രായം. എന്നാല്‍ (2009 ഡിസംബറിലെ കണക്കനുസരിച്ച്) 190 ലക്ഷം ടണ്‍ ഗോതമ്പും 240 ലക്ഷം ടണ്‍ അരിയും കരുതല്‍ സ്റ്റോക്കായി ഉണ്ട്. ഇന്നത്തെ വിലക്കയറ്റം തടയാനായി കരുതല്‍ സ്റ്റോക്കില്‍ പകുതിയെങ്കിലും പൊതുവിതരണ രംഗത്തേക്ക് ഇറക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കുന്നില്ല. എന്നാല്‍ സ്വകാര്യ ഏജന്‍സികള്‍ക്കും കമ്പനികള്‍ക്കും സര്‍ക്കാരിന്റെ കരുതല്‍ സ്റ്റോക്കില്‍നിന്ന് വില്‍പ്പന നടത്തുന്നു. അത്ഭുതകരമായ ഈ പ്രക്രിയക്ക് ഓപ്പണ്‍മാര്‍ക്കറ്റ് സെയില്‍സ് സ്കീം എന്നാണ് പറഞ്ഞുവരുന്നത്. ഇവയെല്ലാം പൊതുവിതരണ സംവിധാനത്തെ ബോധപൂര്‍വം തകര്‍ക്കുന്നതിന് ഇടയാക്കുന്നു. വിലക്കയറ്റത്തെ ശക്തിപ്പെടുത്തുന്നു.
(ല) വന്‍കിട കമ്പനികളുടെ ചില്ലറ വ്യാപാരം
നവലിബറല്‍ കാലത്തെ മറ്റൊരു സംഭവവികാസമാണ് ചില്ലറവ്യാപാര രംഗത്തേക്കുള്ള വന്‍കിട കമ്പനികളുടെ കടന്നുവരവ്. ധാന്യവ്യാപാരത്തില്‍ വന്‍കിടക്കമ്പനികള്‍ ഇന്ന് വലിയ പങ്ക് വഹിക്കുന്നുണ്ട്. അവരുടെ പക്കല്‍ നല്ലൊരു ധാന്യസ്റ്റോക്ക് നിലവിലുണ്ട്. ഇത് ധാന്യത്തിന്റെ പൊതുലഭ്യത കുറക്കുന്നു. പൂഴ്ത്തിവയ്പ്പിന്റെ ഫലം ചെയ്യുന്നു. അവധിവ്യാപാരം വഴിയുള്ള ധാന്യസംഭരണവും ഇതിലേക്ക് നയിക്കുന്നുണ്ട്. കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില വര്‍ധിപ്പിക്കാന്‍ ഇതുവഴി കഴിയുന്നു.
ധാന്യങ്ങളും മറ്റും ഇറക്കുമതി ചെയ്യേണ്ടിവരുമ്പോള്‍ ഇത്തരം കമ്പനികള്‍ ഇടപെടുന്നതായും സംസാരമുണ്ട്. ഇന്ത്യയിലേക്ക് ഈയിടെ ഗോതമ്പ്, പഞ്ചസാര എന്നിവ ഇറക്കുമതി ചെയ്തപ്പോള്‍ ഇവയുടെ അന്താരാഷ്ട വിലനിലവാരം ഘട്ടംഘട്ടമായി വര്‍ധിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. ഇങ്ങനെ ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍പോലും പൊതുവിതരണ സംവിധാനം ദുര്‍ബലമായതിനാല്‍ അര്‍ഹിക്കുന്ന ജനങ്ങളിലേക്ക് എത്തുന്നില്ല. ഇവിടെയൊക്കെ വന്‍കിടക്കമ്പനികളുടെ ഇടപെടല്‍ നടക്കുന്നുണ്ട്.
ചില്ലറ വില്‍പ്പനരംഗത്തേക്കുള്ള വന്‍കിടക്കമ്പനികളുടെ കടന്നുകയറ്റം മറ്റു രീതിയിലും ഇന്ത്യയില്‍ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നുണ്ട്. ഇന്ത്യയില്‍ വളരെയധികം പേര്‍ ഉപജീവനത്തിനായി ആശ്രയിക്കുന്ന രംഗമാണ് ചില്ലറ വ്യാപാരം. ഇതില്‍നിന്ന് പുറംതള്ളുക എന്നത് ജീവിത സാഹചര്യങ്ങള്‍ നിഷേധിക്കുന്നതിന് തുല്യമാണ്. തൊഴിലും വരുമാനവും നഷ്ടപ്പെടുന്ന വലിയൊരു ഭാഗം വളരെ വേഗത്തില്‍തന്നെ ദരിദ്രരായിക്കൊണ്ടിരിക്കയാണ്. ഇതാകട്ടെ, ദാരിദ്ര്യത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു.
മറ്റു പ്രശ്നങ്ങള്‍
ഇവയ്ക്ക് പുറമെയാണ് പല കാരണങ്ങളാല്‍ കാര്‍ഷികോല്‍പ്പാദനംതന്നെ കുറയാനിടയാകുന്ന സ്ഥിതി, കൃഷിഭൂമിയുടെ കാര്‍ഷികേതര ഉപഭോഗം, ഭക്ഷ്യാവശ്യങ്ങള്‍ക്ക് പകരം നാണ്യവിളകളിലേക്കുള്ള മാറ്റം, അതും താല്‍കാലിക ലാഭത്തെ മുന്‍നിര്‍ത്തിയുള്ള പലായനം, ഭക്ഷ്യവസ്തുക്കള്‍തന്നെ ഭക്ഷ്യ ഇതര ആവശ്യങ്ങള്‍ക്കായി മാറ്റിവയ്ക്കുന്ന സ്ഥിതി, അതിദരിദ്ര വിഭാഗം ജനങ്ങള്‍ ഭക്ഷിക്കുന്ന ധാന്യങ്ങളുടെ ഉല്‍പ്പാദനത്തില്‍ത്തന്നെ വരുന്ന കുറവ്, ഇത്തരം ധാന്യങ്ങള്‍ മൃഗങ്ങള്‍ക്കുള്ള ഭക്ഷണമായി മാറുന്ന സ്ഥിതി, അനവസരത്തിലുള്ള ധാന്യക്കയറ്റുമതി, കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങളും ഭക്ഷ്യ വിളകളില്‍ അതുണ്ടാക്കുന്ന ദൂരവ്യാപകമായ മാറ്റങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ പ്രശ്നങ്ങള്‍ ശക്തിപ്പെടുകയാണ്. അതുകൊണ്ടുതന്നെ, സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും ഇടപെടല്‍ അനിവാര്യമാവുകയാണ്. അപ്പോഴാണ് സര്‍ക്കാര്‍ സ്വയം പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടതും ചെയ്യാവുന്നതുമായ കാര്യങ്ങള്‍ ചെയ്യുന്നില്ല. എന്നാല്‍, ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നുമുണ്ട്. ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്.
(മ) തക്കസമയത്ത് വിലനിര്‍ണയിച്ച് ഭക്ഷ്യസംഭരണം നടത്തി സൂക്ഷിക്കുക.
(യ) സാര്‍വത്രിക പൊതുവിതരണത്തിലേക്ക് തിരിച്ചുപോവുക. അതിനുവേണ്ടി മിനിമം കരുതല്‍ നിലനിര്‍ത്തി ബാക്കി ധാന്യം പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യുക. സ്വകാര്യ വ്യക്തികള്‍ക്ക് കരുതലില്‍നിന്ന് ധാന്യം നല്‍കാതിരിക്കുക.
(ര) ധാന്യം എത്തിക്കുന്നതിനുള്ള അന്തര്‍ സംസ്ഥാന സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുക.
(റ) കയറ്റുമതിയും ഇറക്കുമതിയും ആവശ്യാനുസരണം നിയന്ത്രിക്കുക.
(ല) അവധിവ്യാപാരം അവസാനിപ്പിക്കുക.
(ള) ഭക്ഷ്യസബ്സിഡി ഉയര്‍ത്തുക.
(ഴ) ഇവക്കെല്ലാം സഹായകമായ ഭക്ഷ്യനയം തയാറാക്കി പാര്‍ലമെന്റില്‍ പാസ്സാക്കി നടപ്പാക്കുക.
എന്നാല്‍ ഇക്കാര്യങ്ങളൊന്നും നടക്കുന്നില്ല.
ഇതര രംഗങ്ങള്‍
വിലക്കയറ്റം ഭക്ഷ്യരംഗത്ത് മാത്രമല്ല. അത് കാര്‍ഷിക രംഗത്തും ഒതുങ്ങുന്നില്ല. ജനങ്ങളെ നിത്യദുരിതത്തിലാഴ്ത്തുന്ന മറ്റു രണ്ട് രംഗങ്ങളാണ് എണ്ണയുടേതും മരുന്നിന്റേതും.
സാമ്പത്തിക പ്രതിസന്ധിയില്‍ എണ്ണയുടെ അന്താരാഷ്ട്ര വില കുറഞ്ഞുകൊണ്ടിരുന്നപ്പോഴും അതിന്റെ നേട്ടം ഇന്ത്യയിലെ ജനങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞില്ല. എണ്ണവില ബാരലിന്ന് 40 ഡോളര്‍വരെ താഴ്ന്നപ്പോള്‍ ജനകീയ സമ്മര്‍ദത്തെതുടര്‍ന്ന് നേരിയ വിലക്കുറവു വരുത്തിയതല്ലാതെ ഇന്ത്യയില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. സര്‍ക്കാര്‍ ഇപ്പോഴും എണ്ണയുടെമേല്‍ വലിയതോതിലുള്ള നികുതികള്‍ ചുമത്തി ഖജനാവ് നിറച്ചുകൊണ്ടിരിക്കയാണ്. ഇറക്കുമതിച്ചുങ്കം, എക്സൈസ് തിരുവ, കസ്റ്റംസ് തീരുവ എന്നിവ വര്‍ധിച്ച തോതില്‍ത്തന്നെ നിലനിര്‍ത്തിയിരിക്കയാണ്. എണ്ണക്കച്ചവടക്കാരായ വന്‍കിട കമ്പനികളെ സഹായിക്കാനും സര്‍ക്കാര്‍ വഴിവിട്ട രീതിയില്‍ ശ്രമിക്കുന്നതാണ് നമ്മുടെ അനുഭവം. 'ഓയല്‍പൂള്‍ എക്കൌണ്ട്' ഇല്ലാതാക്കി പ്രത്യാഘാതങ്ങളെല്ലാം നേരിട്ട് ജനങ്ങളിലേക്ക് ഇറക്കിവയ്ക്കുകയാണ്. ക്രൂഡ്എണ്ണ വിലയിലെ വര്‍ധനവ് ഏതാണ്ട് 30,000 ത്തിലേറെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുമെന്നാണ് കണക്ക്.
അതേസമയം, ഏറ്റവും ഒടുവില്‍ സര്‍ക്കാര്‍ നിയോഗിച്ച കിരിത് പരിഖ് കമ്മിറ്റി വരെ എണ്ണയുടെയും പാചകവാതകത്തിന്റെയും വിലവര്‍ധിപ്പിക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പ്രസ്തുത റിപ്പോര്‍ടും നിര്‍ദേശങ്ങളും തള്ളിക്കളയണമെന്ന് വ്യാപകമായ സമ്മര്‍ദം ജനങ്ങളില്‍നിന്ന് ഉണ്ടായെങ്കിലും സര്‍ക്കാര്‍ അവ നടപ്പാക്കുന്ന രീതിയില്‍തന്നെ മുന്നോട്ടു പോവുകയാണ്. സര്‍ക്കാരിന്റെ ഈ നീക്കത്തെ പ്രതിരോധിക്കേണ്ടതുണ്ട്.
മറ്റൊരു രംഗം മരുന്നിന്റേതാണ്. മരുന്ന്വിലയില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധന ജനങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കിലും അതിന്റെ ഗൌരവത്തില്‍ ബോധ്യപ്പെടുന്നില്ല. കാരണം, ഒരേ മരുന്നിനുതന്നെയാണോ വിലക്കയറ്റമെന്ന് അവര്‍ അറിയുന്നില്ല. ജനങ്ങള്‍ക്കുവേണ്ടി ഡോക്ടര്‍മാരാണ് മരുന്ന് നിര്‍ണയിക്കുന്നത്. മരുന്നുവില വര്‍ധന വലിയ സാങ്കേതിക പ്രശ്നമായിക്കൂടി തുടരുകയാണ്.
ഒരു ജനറിക് വിഭാഗത്തില്‍പെട്ട, എന്നാല്‍ വ്യത്യസ്ത ബ്രാന്‍ഡ് പേരുകളുള്ള മരുന്നിന്റെ വിലയിലെ വ്യത്യാസം, ഒരേ മരുന്നിന്റെ വിലയില്‍ത്തന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധന എന്നിവ പട്ടിക 2,3 കളില്‍ നല്‍കിയിരിക്കുന്നു. അവ കാര്യങ്ങളെ നേര്‍ക്കുനേര്‍ വ്യക്തമാക്കുന്നതിനാല്‍ കൂടുതലായി ഇവിടെ വിശദീകരിക്കുന്നില്ല.
വിലക്കയറ്റത്തിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങള്‍
ജനങ്ങള്‍ക്ക് നാട്ടില്‍നടക്കുന്ന സാമ്പത്തിക ക്രയവിക്രയത്തിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നതാണ് ഒന്നാമത്തെ പ്രശ്നം. കാരണം, സമൂഹത്തില്‍ നടക്കുന്ന മാറ്റങ്ങളൊന്നും ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചോ അവര്‍ക്ക് അനുകൂലമോ ആയിരിക്കില്ല. കൈവശവരുമാനത്തിന്റെ യഥാര്‍ഥ മൂല്യം അതിവേഗത്തില്‍ തകര്‍ന്നുപോകുന്നു. പുഴ്ത്തിവയ്ക്കല്‍പോലുള്ള ദുഷ്പ്രവണതകളും ഊഹക്കച്ചവട സാധ്യതകളും വലിയതോതില്‍ കൂടിവരുന്നു. ദരിദ്രരോടുള്ള അവഗണനയും സാമ്പത്തിക അസമ്വതവും അന്തരവും വര്‍ധിക്കാനും ഇടയാക്കുന്നു. ഭൂവിലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുതിപ്പ്, റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന്റെ വ്യാപനം, ഭക്ഷ്യസുരക്ഷ നഷ്ടപ്പെടുന്ന സ്ഥിതി, തൊഴില്‍ സുരക്ഷയില്ലായ്മ ഇവയൊക്കെ ഗൌരവമേറിയ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയാക്കുന്നു. എല്ലാതരം ചൂതാട്ടങ്ങള്‍ക്കും ഇടയാക്കുന്നു. അതേ സമയം യഥാര്‍ഥ തൊഴില്‍, വരുമാനം, ഉല്‍പ്പാദനം എന്നിവയൊന്നും വര്‍ധിക്കാതാക്കുന്നു. തികഞ്ഞ അസ്ഥിരതക്കും പലതരം സാമൂഹ്യ സംഘര്‍ഷങ്ങള്‍ക്കും ഇവ ഇടയാക്കുന്നു.
എന്തൊക്കെ ചെയ്യണം?
മുകളില്‍ വിശദീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും ഇടപെടല്‍ ഏതൊക്കെ രീതിയിലും ലക്ഷ്യത്തോടെയും ആവണമെന്ന് ചില സൂചനകള്‍കൂടി നല്‍കിക്കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാമെന്ന് കരുതുന്നു. അവയെ ഇപ്രകാരം ക്രോഡീകരിക്കാം.
(1) എല്ലാതരത്തിലും ഈ ഊഹക്കച്ചവടം അവസാനിപ്പിക്കുക; പുഴ്ത്തിവയ്പ്പ് കര്‍ശനമായി തടയുക.
(2) കാര്‍ഷിക രംഗത്തെ അവധിവ്യാപാരം നിയമംമൂലം തടയുക.
(3) പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുക, സാര്‍വത്രിക പൊതുവിതരണം എത്രയുംവേഗം പുനഃസ്ഥാപിക്കുക, വെട്ടിക്കുറച്ച റേഷന്‍ അനുവദിക്കുക, കരുതല്‍ സ്റ്റോക്കില്‍നിന്ന് ആവശ്യാനുസരണം പൊതുവിതരണത്തിനായി നല്‍കുക.
(4) റേഷന്‍ കടകളില്‍ ഭക്ഷ്യഉല്‍പ്പന്നങ്ങള്‍ക്കു പുറമെ മുറ്റു നിത്യോപയോഗ വസ്തുക്കള്‍കൂടി റേഷന്‍വിലയ്ക്ക് ലഭ്യമാക്കുക.
(5) സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി, എല്ലാ ക്ളാസുകളിലും കുറ്റമറ്റ രീതിയില്‍ നടപ്പാക്കുക. അങ്കണവാടി, ബാലവാടി എന്നിവയെ കേന്ദ്രമാക്കി എല്ലാ ദിവസവും പോഷകാഹാര വിതരണപദ്ധതി നടപ്പാക്കുക. സ്കൂള്‍ അവധി ദിവസങ്ങളില്‍ ആവശ്യമുള്ള കുട്ടികള്‍ക്ക് അംഗന്‍വാടികളില്‍നിന്ന് പോഷകാഹാരം വിതരണം ചെയ്യുക.
(6) ഭക്ഷ്യസംഭരണം, സൂക്ഷിപ്പ് എന്നിവ ശാസ്ത്രീയമാക്കുക.
(7) എണ്ണവില വര്‍ധനവ് ഒഴിവാക്കുക. ക്രൂഡ് എണ്ണയുടെമേലുള്ള ഇറക്കുമതി, കസ്റ്റംസ് ചുങ്കത്തില്‍ ഗണ്യമായി കുറവുവരുത്തുക. കിരിത് പരിഖ് കമ്മിറ്റി റിപ്പോര്‍ട് നടപ്പാക്കാതിരിക്കുക.
(8)ഭക്ഷ്യസബ്സിഡി ഇന്നത്തെ 1.8 ശതമാനത്തില്‍നിന്ന് ദേശീയ വരുമാനത്തിന്റെ 3 ശതമാനമെങ്കിലും ആക്കി ഉയര്‍ത്തുക.
(9) നാണ്യപ്പെരുപ്പം ഇന്ന് ഔദ്യോഗികമായി കണക്കാക്കുന്നത് മൊത്തവില സൂചിക (WPI) യിലാണ്. എന്നാല്‍, ജീവിത കാര്യത്തില്‍ കൂടുതല്‍ പ്രതിഫലിക്കുന്നത് ഉപഭോക്തൃ വിലസൂചിക (CPI) യിലാണ്. അതിനാല്‍ നാണ്യപ്പെരുപ്പ കണക്കുകള്‍ ഔദ്യോഗികമായിതന്നെ ഇജക യിലാക്കുക.
(10) മരുന്നിന്റെ കുറിപ്പ് രാസനാമത്തില്‍ വേണമെന്ന കാര്യം നിര്‍ബന്ധമാക്കുക. ന്യായവില മെഡിക്കല്‍ഷാപ്പുകള്‍ കൂടുതല്‍ ആരംഭിക്കുക. സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാ മരുന്നും ഉണ്ടെന്ന് ഉറപ്പാക്കുക.
(11) ഭക്ഷ്യസുരക്ഷ, തൊഴില്‍ സുരക്ഷ, ജീവിതസുരക്ഷ എന്നിവയെ മുന്‍നിര്‍ത്തി കൃത്യമായ സ്ഥലീയ ആസൂത്രണ (Spacial Planning) ത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമി ആസൂത്രിതമായി വിനിയോഗിക്കുക. ഭൂമിയിലെ യഥാര്‍ഥ ഉടമസ്ഥത പൊതുസമൂഹത്തിനും സര്‍ക്കാരിനും ആണെന്ന കാര്യം ഉറപ്പാക്കുക.
ഈ രീതിയില്‍ ജനപക്ഷത്തുനിന്നുള്ള നയവും നടപടികളുമാണ് വിലക്കയറ്റത്തെ നിയന്ത്രിക്കാന്‍ അനിവാര്യമായിട്ടുള്ളത്. ഇതിന് മുന്‍കൈയെടുക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍ തന്നെയാണ്. കാരണം, കേന്ദ്രതലത്തില്‍ കൈക്കൊള്ളുന്ന നയങ്ങളാണ് വിലക്കയറ്റത്തിന് യഥാര്‍ഥത്തില്‍ കാരണമാകുന്നത്
*
ടി പി കുഞ്ഞിക്കണ്ണന്‍ കടപ്പാട്: ദേശാഭിമാനി വാരിക
Subscribe to:
Post Comments (Atom)
1 comment:
ഇന്ത്യയില്‍ ഇന്നനുഭവിക്കുന്ന വിലക്കയറ്റം പല പ്രത്യേകതകളും പ്രകടിപ്പിക്കുന്നു. വിലകള്‍ നിരന്തരം കൂടിക്കൊണ്ടിരിക്കുന്നു. ഭക്ഷ്യവിലകളാണ് കൂടുതല്‍ വര്‍ധിക്കുന്നത്. ഉല്‍പ്പാദനത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. വിലക്കയറ്റത്തിന്റെ കാരണം പുറം സ്വാധീനമല്ല. ഇടനിലക്കാരാണ് പ്രധാന ഉത്തരവാദികള്‍. അവരെ സഹായിക്കുന്ന ദേശീയ നയങ്ങളും നടപടികളുമാണ് പ്രശ്നത്തെ രൂക്ഷമാക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമായിവന്നിരിക്കുന്നു.
Post a Comment