"ഒരു ജനവിഭാഗം ഒന്നിച്ച് സുഘടിതമായി ചിന്തിക്കാനും യഥാര്‍ഥ വര്‍ത്തമാന ലോകത്തെക്കുറിച്ച് ഒരേപോലെ സമഗ്രമായി മനസ്സിലാക്കാനും തുടങ്ങുന്നത്, ഏതെങ്കിലുമൊരു ദാര്‍ശനികപ്രതിഭ കൊച്ചുബുദ്ധിജീവി സംഘങ്ങളുടെ മാത്രം സ്വത്തായിരിക്കുന്ന ഒരു സത്യം കണ്ടെത്തുന്നതിനേക്കാള്‍ എത്രയോ വലിയ ദാര്‍ശനിക സംഭവമാണ്.'
(അന്റോണിയോ ഗ്രാംഷി-ജയില്‍ രചനകള്‍)
അതെ, സ്ത്രീലോകത്തു വേണ്ടതും ഇത്തരമൊരു ദാര്‍ശനിക സംഭവമാണ്. ദാമ്പത്യം മുതല്‍ ആരോഗ്യരംഗം വരെ വ്യാപിച്ചുകിടക്കുന്ന പുരുഷമേധാവിത്വവും ബന്ധങ്ങളിലെ അസമത്വവും ഒക്കെ സാമൂഹ്യ ഉത്തരവാദിത്തങ്ങളായി ഏറ്റെടുക്കുമ്പോള്‍ മാത്രമേ സ്ത്രീലോകത്തെ പ്രശ്നങ്ങള്‍ ദാര്‍ശനിക സംഭവങ്ങളായി സ്വീകരിക്കപ്പെടുകയുള്ളൂ. അതാകട്ടെ വര്‍ഗയാഥാര്‍ഥ്യം കൈവിടാത്ത യാഥാര്‍ഥ സ്ത്രീമുന്നേറ്റത്തിനു തുടക്കം കുറിക്കുകയുംചെയ്യും. അത്തരമൊരു അവസ്ഥ ഇനിയും സംജാതമായിട്ടുണ്ടോയെന്ന അന്വേഷണം സാര്‍ഥകമാകുന്ന ചരിത്രസന്ധിയിലാണ് ഇന്നു നമ്മള്‍. കാരണം ലോകത്തൊട്ടാകെയുള്ള സ്ത്രീകള്‍ അവരുടെ മനുഷ്യാവകാശപ്പോരാട്ട സമരങ്ങളുടെ മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ട് സാര്‍വദേശീയ മഹിളാദിനം ആചരിക്കാനാരംഭിച്ചിട്ട് നൂറുവര്‍ഷം പൂര്‍ത്തിയാകുന്നു. 1910 മാര്‍ച്ച് എട്ടിനാണ് സാര്‍വദേശീയ മഹിളാദിനമായി ആചരിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവയ്ക്കപ്പെടുന്നത്. സോഷ്യലിസ്റ്റ് മഹിളാ പ്രസ്ഥാനത്തിന്റെ രണ്ടാം ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ ജര്‍മന്‍ കമ്യൂണിസ്റ്റ് നേതാവ് ക്ളാരാ സെത്കിന്‍ മുന്നോട്ടുവെച്ച നിര്‍ദേശം അന്നു അംഗീകരിക്കപ്പെടുകയായിരുന്നു. സ്ത്രീകള്‍ക്ക് വോട്ടവകാശവും തൊഴില്‍ സുരക്ഷയും നല്‍കുക, സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ളതായിരുന്നു ഈ ആദ്യ സമ്മേളനംതന്നെ. തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം ജര്‍മനിയിലും ആസ്ട്രേലിയയിലും സാര്‍വദേശീയ വനിതാദിനം ആചരിക്കുകയുംചെയ്തു. ക്രമേണ വിവിധ രാജ്യങ്ങളിലെ സ്ത്രീമുന്നേറ്റ സംരംഭങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. ലോകമഹായുദ്ധങ്ങളുടെ കാലത്ത് ലോകത്തെമ്പാടുമുള്ള സ്ത്രീകള്‍ വിലക്കയറ്റത്തിനെതിരെയും ഭക്ഷ്യസുരക്ഷക്കു വേണ്ടിയും മുറവിളി കൂട്ടുകയും പ്രക്ഷോഭരംഗത്തെത്തുകയുംചെയ്തു.
ഒക്ടോബര്‍ വിപ്ളവത്തിന്റെ ഭാഗമായി റഷ്യയിലെ സ്ത്രീകള്‍ക്ക് പുരുഷതുല്യമായ പൌരാവകാശങ്ങള്‍ ഉറപ്പാക്കപ്പെട്ടു. സാര്‍വദേശീയ മഹിളാദിനത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ 1960-ല്‍ 73 രാജ്യങ്ങള്‍ കോപ്പന്‍ ഹേഗനില്‍ ഒത്തുചേരുകയുണ്ടായി. ലോകമെങ്ങും പോരാടുന്ന സ്ത്രീകളുടെ ഐക്യപ്പെടലായിരുന്നു 1960-ലെ സാര്‍വദേശീയ മഹിളാദിനം. മറ്റേതൊരു കോളനിരാജ്യത്തിലുമെന്നപോലെ ഇന്ത്യയിലും സ്ത്രീമുന്നേറ്റാശയങ്ങളുടെ അബോധ പ്രേരണയായി യൂറോപ്പിലെയും അമേരിക്കയിലെയും ആദ്യകാല പ്രവര്‍ത്തനങ്ങള്‍ വര്‍ത്തിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ആദ്യകാല വിമോചന സംരംഭങ്ങളുടെ മുദ്രാവാക്യങ്ങള്‍ സ്ത്രീസ്വാതന്ത്ര്യം, സ്ത്രീവിദ്യാഭ്യാസം എന്നിവ ആയിത്തീരുകയുംചെയ്തു. കോളോണിയല്‍ മൂല്യബോധം പാകപ്പെടുത്തിയ ഒരു സ്ത്രീത്വസങ്കല്‍പ്പത്തിനുവേണ്ടിയുള്ള വാദങ്ങള്‍ സ്ത്രീയും പുരുഷനും ഒന്നുപോലെ ഉയര്‍ത്തിയതിന്റെ നിരവധി ഉദാഹരണങ്ങള്‍ നമുക്കു ഇന്ത്യാചരിത്രത്തില്‍ ഇക്കാലത്തു കണ്ടെത്താം. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ രൂപംകൊണ്ട സ്ത്രീകളുടെ സമാജങ്ങള്‍, ക്ളബ്ബുകള്‍, ലേഡീസ് സൊസൈറ്റികള്‍ എന്നിവയൊക്കെ ഈ മൂല്യബോധം തന്നെയാണ് പിന്‍പറ്റിയിരുന്നത്. 1910-ല്‍ സരളാദേവി ചൌധുരാനി സ്ഥാപിച്ച ഭാരത് സ്ത്രീ മഹാമണ്ഡലം, 1917-ല്‍ മദിരാശിയില്‍ സ്ഥാപിക്കപ്പെട്ട വിമന്‍സ് ഇന്ത്യന്‍ അസോസിയേഷനുമൊക്കെ ഈ പൊതുധാരയുടെ ഒരോ കണ്ണികള്‍ മാത്രം. ഈ പ്രസ്ഥാനങ്ങള്‍ക്കൊക്കെ വിദ്യാസമ്പന്നരായ പുരുഷന്മാരുടെ പിന്തുണയും ലഭിച്ചു. ഇന്ത്യയിലെ ആദ്യകാല സ്ത്രീപ്രസ്ഥാനങ്ങള്‍, സ്ത്രീകളുടെ സാമൂഹികപദവി മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും ദേശീയ പ്രസ്ഥാനത്തിനായുള്ള സേവനങ്ങളും നിര്‍വഹിച്ചു എന്നവകാശപ്പെടുമ്പോഴും അവരുടെ പ്രവര്‍ത്തന മേഖലയില്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന കീഴാള-ദരിദ്ര വിഭാഗ സ്ത്രീകള്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നത് ഒരു യാഥാര്‍ഥ്യം മാത്രം. അതുകൊണ്ടുതന്നെ ഈ സ്ത്രീപ്രസ്ഥാനങ്ങള്‍ക്ക് മധ്യവര്‍ഗ പ്രകൃതം തന്നെയാണുണ്ടായിരുന്നത്. വാസ്തവത്തില്‍ ഇരുപതുകളിലും നാല്‍പതുകളിലും ആരംഭിച്ച കാര്‍ഷിക സമരത്തിലാണ് അടിസ്ഥാനവര്‍ഗ സ്ത്രീപ്രശ്നങ്ങള്‍ക്കു പ്രവേശനം ലഭിക്കുന്നത്. ബംഗാളിലെ തേഭാഗ പ്രസ്ഥാനവും തെലങ്കാന കലാപവും വര്‍ളി ആദിവാസി കലാപവും ഒക്കെ നിര്‍ണായകമായ സ്ത്രീപങ്കാളിത്തമുള്ള സമരങ്ങളായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ഇത്തരം ധീരമായ സമര പങ്കാളിത്തമൊന്നും ലിഖിത ചരിത്രത്തിലോ ആധികാരിക ചരിത്രത്തിലോ കേരള സ്ത്രീക്കു കല്‍പിച്ചനുവദിച്ചു കിട്ടിയിട്ടില്ലെങ്കിലും വാമൊഴി ചരിത്രത്തിലും ചരിത്രത്തിന്റെ വീണ്ടെടുപ്പുകളിലും ഇന്ന് കേരള സ്ത്രീയുടെ സഹനസമരങ്ങളും പോരാട്ടങ്ങളും അതിന്റെ സ്വകീയമായ സ്ഥാനപ്പെടുത്തല്‍ നിര്‍വഹിക്കപ്പെട്ടുവരികയാണ്. നാടുവാഴി ദുഷ്പ്രഭുത്വത്തിനും ജന്മിവ്യവസ്ഥയ്ക്കും കൊളോണിയലിസത്തിനുമെതിരെ ശബ്ദമുയര്‍ത്തിയ സ്ത്രീകള്‍ നിരവധിയാണെങ്കിലും അവരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ നമ്മുടെ ചരിത്രത്താളുകളില്‍ സ്ഥാനംപിടിച്ചുള്ളൂ.
സ്വാതന്ത്ര്യത്തിനും സ്വയം നിര്‍ണയാവകാശത്തിനും വേണ്ടി പുരുഷനൊപ്പം അണിനിരന്ന ഒട്ടനവധി സ്ത്രീകളും കൂടിച്ചേര്‍ന്ന സമരങ്ങളും കലാപങ്ങളുമാണ് കേരള സമൂഹത്തിന്റെ പുരോഗതിക്കുള്ള ചാലകശക്തിയായി മാറിയത്. വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും വിശാലമായ ലോകം സ്ത്രീക്കു തുറന്നുകിട്ടി എന്ന അവകാശവാദം ഉന്നയിക്കുമ്പോഴും സ്ത്രീയെ സംബന്ധിച്ച ആദര്‍ശരൂപത്തെ വാര്‍പ്പുമാതൃകകളിലൊതുക്കാനാണ് എന്നും പൊതുസമൂഹം ശ്രമിക്കുന്നത്.
സാര്‍വദേശീയ മഹിളാദിനാചരണത്തിന്റെ നൂറ്റാണ്ടു പിന്നിടുന്ന ഒരു സാര്‍വദേശീയ സാഹചര്യത്തില്‍ മനുഷ്യജീവി എന്ന നിലയില്‍ കേരളത്തിലെന്നല്ല ലോകത്തെമ്പാടുമുള്ള സ്ത്രീകള്‍ സമാനമായ ചില പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. കൂടാതെ ആഗോളീകരണത്തിന്റെ വര്‍ത്തമാന സാഹചര്യത്തില്‍ മൂന്നാം ലോകരാജ്യങ്ങളിലെ സ്ത്രീകള്‍ നേരിടുന്ന കടുത്ത യാഥാര്‍ഥ്യങ്ങള്‍ ഇതില്‍നിന്നും ഭിന്നവുമാണ്. പുരുഷന് ജീവിതത്തിന്റെ വിശാലമായ ലോകം തുറന്നുകിട്ടുകയും സ്ത്രീക്കതു നിഷേധിക്കപ്പെടുകയും ചെയ്യുന്ന അടിസ്ഥാന സാഹചര്യം ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ അനുഭവ യാഥാര്‍ഥ്യമാണ്. ഈ യാഥാര്‍ഥ്യത്തെ വസ്തുതാപരമായി നേരിടുന്നതിനൊപ്പം ലോകമുതലാളിത്തത്തിന്റെ ചൂഷണമേറ്റുവാങ്ങുന്ന വര്‍ഗങ്ങളോടൊപ്പം അണിചേരാനും സ്ത്രീസമൂഹം സന്നദ്ധരാകേണ്ടതുണ്ട്. നൂറ്റാണ്ടുകളായി മലയാളിസമൂഹം അനുവര്‍ത്തിച്ചുപോരുന്ന ഫ്യൂഡല്‍ സദാചാരക്രമങ്ങളും കുടുംബബന്ധങ്ങളും ആചാര മര്യാദകളും ഒക്കെ ചേര്‍ന്ന് സംഘര്‍ഷഭരിതമാക്കുന്ന സ്ത്രീജീവിതത്തെ സാമൂഹ്യനീതിയുടെയും ജനാധിപത്യ മര്യാദയുടെയും അളവുകോലുകളിലൂടെ വിശകലനം ചെയ്യേണ്ടതുണ്ട്. സമൂഹത്തിന്റെ ഓരോ തട്ടിലും നിര്‍വഹിക്കപ്പെടുന്ന അലിഖിത പെരുമാറ്റച്ചട്ടങ്ങള്‍ക്കകത്തു വീര്‍പ്പുമുട്ടുന്ന വര്‍ത്തമാന സ്ത്രീജീവിതത്തെ അഭിസംബോധന ചെയ്യാതെ പുരോഗമന കേരളത്തിനു ഒരിഞ്ചുപോലും മുന്നോട്ടുപോകാന്‍ കഴിയില്ല.
പുരുഷാധിപത്യ മൂല്യബോധവും ബൂര്‍ഷ്വാസമ്പദ്ഘടനയും ഒന്നിക്കുന്ന വര്‍ത്തമാന കേരളത്തിന്റെ പൊതുബോധത്തില്‍ രൂഢമൂലമായിരിക്കുന്ന ഒരു സ്ത്രീത്വ ബോധത്തെ പുനര്‍ നിര്‍മിക്കുകയും പുനര്‍ നിര്‍വചിക്കുകയും ചെയ്യേണ്ടതുണ്ട്. മതത്തിന്റെയും സംസ്കാരത്തിന്റെയും പ്രഛന്നരൂപ പ്രതിനിധാനങ്ങളായി വര്‍ത്തമാന കേരള സ്ത്രീ നിരന്തരം പരിവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അധീശപ്രത്യയ ശാസ്ത്രത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും കാവലാളായി അവള്‍ അനുനിമിഷം മാറിക്കൊണ്ടുമിരിക്കുന്നു. ഫാസിസത്തിന്റെയും വര്‍ഗീയതയുടെയും പുതിയ രൂപങ്ങള്‍ അവളെ ആശ്ളേഷിച്ചുകഴിഞ്ഞിരിക്കുന്നു. വാസ്തവത്തില്‍ സമകാല കേരളസ്ത്രീയുടെ ഈ ദുരവസ്ഥയെ നൈതിക ജാഗ്രതയോടെ നോക്കിക്കാണാനുള്ള ധൈഷണിക ഇച്ഛാശക്തിയാണ് ഇന്നു നമ്മള്‍ ആര്‍ജിക്കേണ്ടത്. മുതലാളിത്ത ആഗോളീകരണത്തിന്റെ വര്‍ത്തമാനകാലത്ത് ഏതു തരത്തിലുള്ള മര്‍ദനോപകരണങ്ങളെയും ചെറുത്തു തോല്‍പ്പിക്കാനുള്ള ഇച്ഛാശക്തിയും കര്‍മശേഷിയും ആര്‍ജിക്കുക എന്നതാണ് ഓരോ മലയാളിസ്ത്രീയുടെയും ആദ്യത്തെ കര്‍ത്തവ്യം.
*
എ ജി ഒലീന ദേശാഭിമാനി
Subscribe to:
Post Comments (Atom)
3 comments:
"ഒരു ജനവിഭാഗം ഒന്നിച്ച് സുഘടിതമായി ചിന്തിക്കാനും യഥാര്‍ഥ വര്‍ത്തമാന ലോകത്തെക്കുറിച്ച് ഒരേപോലെ സമഗ്രമായി മനസ്സിലാക്കാനും തുടങ്ങുന്നത്, ഏതെങ്കിലുമൊരു ദാര്‍ശനികപ്രതിഭ കൊച്ചുബുദ്ധിജീവി സംഘങ്ങളുടെ മാത്രം സ്വത്തായിരിക്കുന്ന ഒരു സത്യം കണ്ടെത്തുന്നതിനേക്കാള്‍ എത്രയോ വലിയ ദാര്‍ശനിക സംഭവമാണ്.'
(അന്റോണിയോ ഗ്രാംഷി-ജയില്‍ രചനകള്‍)
അതെ, സ്ത്രീലോകത്തു വേണ്ടതും ഇത്തരമൊരു ദാര്‍ശനിക സംഭവമാണ്. ദാമ്പത്യം മുതല്‍ ആരോഗ്യരംഗം വരെ വ്യാപിച്ചുകിടക്കുന്ന പുരുഷമേധാവിത്വവും ബന്ധങ്ങളിലെ അസമത്വവും ഒക്കെ സാമൂഹ്യ ഉത്തരവാദിത്തങ്ങളായി ഏറ്റെടുക്കുമ്പോള്‍ മാത്രമേ സ്ത്രീലോകത്തെ പ്രശ്നങ്ങള്‍ ദാര്‍ശനിക സംഭവങ്ങളായി സ്വീകരിക്കപ്പെടുകയുള്ളൂ. അതാകട്ടെ വര്‍ഗയാഥാര്‍ഥ്യം കൈവിടാത്ത യാഥാര്‍ഥ സ്ത്രീമുന്നേറ്റത്തിനു തുടക്കം കുറിക്കുകയുംചെയ്യും. അത്തരമൊരു അവസ്ഥ ഇനിയും സംജാതമായിട്ടുണ്ടോയെന്ന അന്വേഷണം സാര്‍ഥകമാകുന്ന ചരിത്രസന്ധിയിലാണ് ഇന്നു നമ്മള്‍. കാരണം ലോകത്തൊട്ടാകെയുള്ള സ്ത്രീകള്‍ അവരുടെ മനുഷ്യാവകാശപ്പോരാട്ട സമരങ്ങളുടെ മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ട് സാര്‍വദേശീയ മഹിളാദിനം ആചരിക്കാനാരംഭിച്ചിട്ട് നൂറുവര്‍ഷം പൂര്‍ത്തിയാകുന്നു.
പറഞ്ഞതു തെറ്റി, ഡിലീറ്റഡ്
Post a Comment