Tuesday, March 9, 2010

അരുത്... കൊല്ലരുത്

ചരിത്രത്തിലെ കാടുകളില്‍ ആയിരങ്ങളുടെ കരുത്തില്‍ അലറിവിളിക്കുന്ന കടുവകളെ കാണാം. എന്നാല്‍, അവിടങ്ങളില്‍ തോക്കിനുമുന്നില്‍ പിടഞ്ഞുവീഴുന്നവയുടെ വര്‍ത്തമാനകാല ചരിത്രം ആരെയും വേദനിപ്പിക്കുന്നതാണ്. ഇന്ത്യന്‍വനങ്ങളില്‍നിന്ന് ദേശീയ മൃഗമായ കടുവ അപ്രത്യക്ഷമാവുന്നെന്നാണ് പുതിയ കണക്ക് തെളിയിക്കുന്നത്. ലോകത്തിലെ കടുവാ സമ്പത്തിന്റെ 40 ശതമാനവും ഉണ്ടായിരുന്ന ഇന്ത്യയിലാണ് ഈ ദുരന്തമെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് 1411 കടുവകള്‍ മാത്രമാണ് അവശേഷിക്കുന്നതെന്നാണ് കണ്ടെത്തല്‍. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി(എന്‍സിടിഎ)യാണ് ഞെട്ടിക്കുന്ന ഈ കണക്ക് 2008ല്‍ വെളിപ്പെടുത്തിയത്. 2002ലെ സര്‍വേയില്‍ 3,642 കടുവകള്‍ ഉണ്ടായിരുന്ന സ്ഥാനത്താണ് ആറുവര്‍ഷംകൊണ്ട് പകുതിയിലധികം മരണത്തിന്റെ ഗുഹകളിലേക്ക് വിടവാങ്ങിയത്. ദേശീയ മൃഗത്തിന് നേരിട്ട ഗുരുതരമായ ഈ സ്ഥിതിവിശേഷത്തെത്തുടര്‍ന്ന് കാടുകളില്‍ അവശേഷിക്കുന്ന കടുവകളുടെ എണ്ണം കണ്ടെത്തുന്നതിനായി വനംവന്യജീവി വര്‍ഷത്തില്‍ത്തന്നെ സര്‍വേ ആരംഭിച്ചിരിക്കുകയാണ്. എന്‍സിടിഎയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പെരിയാര്‍ ഫൌണ്ടേഷനാണ് സര്‍വേ നടത്തുന്നത്. തമിഴ്നാട്ടിലും കേരളത്തിലുമാണ് നിലവില്‍ സര്‍വേ ആരംഭിച്ചത്.

ചരിത്രത്തിലൂടെ

സിന്ധുനദീതട സംസ്കാരത്തില്‍നിന്നു തന്നെയാണ് കടുവകളുടെ ചരിത്രവും തുടങ്ങുന്നത്. പാറക്കൂട്ടങ്ങളില്‍ അക്കാലത്ത് കടുവകളുടെ ചിത്രം ആലേഖനം ചെയ്തതായി രേഖകളുണ്ട്. എട്ട് ജനുസ്സില്‍പ്പെട്ട കടുവകളാണ് ലോകത്ത് ഉണ്ടായിരുന്നത്. ബംഗാള്‍ ടൈഗര്‍, സൈബീരിയന്‍, സുമാത്രന്‍, ഇന്തോ-ചൈനീസ്, സൌത്ത് ചൈന, ജാവന്‍, ബാലി, കാസ്പിയന്‍ എന്നിവയാണവ. ദശാബ്ദങ്ങള്‍ക്കുശേഷം ഇതില്‍ അവസാനത്തെ മൂന്നെണ്ണത്തിന് പൂര്‍ണമായും വംശനാശം സംഭവിച്ചതായി ചരിത്രം. കാടിന്റെ ശക്തിയും സൌന്ദര്യവും ശരീരത്തില്‍ ആവാഹിച്ച കടുവകളുടെ സുവര്‍ണകാലം 19 നൂറ്റാണ്ടായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 40,000 കടുവകളാണ് അക്കാലത്ത് ഇന്ത്യന്‍വനങ്ങള്‍ അടക്കിവാണത്. എന്നാല്‍, നാഗരികത കാടുകയറാന്‍ തുടങ്ങിയതോടെ കാലക്രമേണ വനങ്ങളില്‍നിന്ന് അവ നാടുനീങ്ങി.

എല്ലാ വന്യജീവികളെയുംപോലെ വേട്ടയാടലാണ് കടുവകളുടെയും കൂട്ടക്കുരുതിക്ക് വഴിവച്ചത്. ദേശീയവും അന്തര്‍ദേശീയവുമായി നീളുന്ന മാഫിയ ശൃംഖലകളാണ് നായാട്ടിനു പിന്നില്‍. ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള സംഘങ്ങളാണ് ഇതിനു നേതൃത്വം നല്‍കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ സൂചന നല്‍കുന്നു. ഏഷ്യന്‍ രാജ്യങ്ങളില്‍ പാരമ്പര്യ ചികിത്സയ്ക്കായുള്ള മരുന്നിനുവേണ്ടി കടുവകളെ കടത്തുന്നുണ്ട്. അവയുടെ എല്ലുപയോഗിച്ച് വാതചികിത്സക്കും ഞരമ്പുരോഗങ്ങള്‍ക്കുമുള്ള മരുന്നും, ചൈനയിലും തൈവാനിലും വൈനും ഉണ്ടാക്കുന്നു. ലോകമാര്‍ക്കറ്റില്‍ ഒരു കടുവയ്ക്ക് 60,000 ഡോളാണ് വില. അരുണാചലിന്റെ അതിര്‍ത്തിയിലൂടെ കടുവകളെ ചൈനയിലേക്ക് കടത്തുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ഉരസല്‍ ഉണ്ടായിട്ടുണ്ട്. അലങ്കാരവസ്തുക്കള്‍ ഉണ്ടാക്കാനും കടുവകളെ തോക്കിനിരയാക്കുന്നു. ടിബറ്റില്‍ സ്ഥാനമാനങ്ങള്‍ കയ്യാളുന്നവര്‍ക്കുള്ള വിശേഷവസ്ത്രങ്ങളായ 'ചുബാസ്' നിര്‍മിക്കുന്നത് കടുവത്തോലുകൊണ്ടാണ്. അതിര്‍ത്തിയിലൂടെയുള്ള നിയമവിരുദ്ധ കടുവാവ്യാപാരം അവസാനിപ്പിക്കണമെന്നു കാണിച്ച് ഇന്ത്യ നേപ്പാളിന് മെമ്മോറാണ്ടം നല്‍കിയിരുന്നു. നഗരവല്‍ക്കരണം, വൈദ്യുത കമ്പിവേലി, ഡാം ഉള്‍പ്പെടെ വന്‍ പദ്ധതികള്‍ക്കായി കാടുകള്‍ നശിപ്പിച്ചത്, കടുവക്കുഞ്ഞുങ്ങള്‍ ശൈശവദശയെ അതിജീവിക്കാത്തത് തുടങ്ങിയവയും ഈ ജീവികളുടെ വംശനാശത്തിനിടയാക്കി

ഇനിയും നാം ഉണര്‍ന്നില്ലെങ്കില്‍ കടുവകളെ മൃഗശാലകളില്‍മാത്രം കാണേണ്ടിവരുമെന്ന് ജന്തുസംരക്ഷകന്‍ വാല്‍മീകി ഥാപര്‍ മുന്നറിയിപ്പു തരുന്നു. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 1994 മുതല്‍ 2007 വരെയുള്ള കാലയളവില്‍ 832 കടുവകളാണ് കൊലചെയ്യപ്പെട്ടത്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 1000 ചതുരശ്രകിലോമീറ്റര്‍ വനം വിവിധ പദ്ധതികള്‍ക്കായി നശിപ്പിച്ചതും കടുവകളുടെ ജീവന് ഭീഷണിയായതായി നാഷണല്‍ ബോര്‍ഡ് ഓഫ് വൈല്‍ഡ് ലൈഫ് യോഗം വിലയിരുത്തി. ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വേട്ടയാടലിന് കടുവകള്‍ വിധേയരായത് കഴിഞ്ഞവര്‍ഷമാണ്. രാജ്യത്തെ 37 സങ്കേതങ്ങളില്‍നിന്ന് 86 കടുവകളാണ് 2009ല്‍ തോക്കിനിരയായത്. കൂടുതല്‍ കടുവകളുള്ള മധ്യപ്രദേശില്‍നിന്ന് അഞ്ചുവര്‍ഷത്തിനുള്ളില്‍ 60 ശതമാനവും മഹാരാഷ്ട്രയില്‍നിന്ന് 50 ശതമാനവും നായാട്ടിനിരയായതായി ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയിലെ ജന്തുശാസ്ത്രജ്ഞന്‍ ഉല്ലാസ് കെ കാറന്ത് രേഖപ്പെടുത്തിയതായി കാണാം. വേള്‍ഡ് വൈഡ് ഫണ്‍ട് ഓഫ് നേച്ചര്‍ എന്ന സംഘടനയുടെ പഠനത്തില്‍ ലോകത്തിലെ കടുവാസമ്പത്തിന്റെ 90 ശതമാനവും അപ്രത്യക്ഷമായെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നായാട്ടും ആവാസവ്യവസ്ഥയുടെ ശോഷിപ്പുമാണ് കടുവകളുടെ നാശത്തിടയാക്കിയതെന്നാണ് കടുവാ പ്രോജക്ടിലെ അന്നത്തെ മേധാവിയായിരുന്ന രാജേഷ് ഗോപാല്‍ വിലയിരുത്തിയത്. 1950 മുതല്‍ '60 വരെയുള്ള കാലഘട്ടത്തില്‍ 3000ത്തോളം കടുവകള്‍ക്ക് ജീവഹാനി വന്നതായും കണക്കുകള്‍ സൂചിപ്പിച്ചിട്ടുണ്ട്.

കടുവാ പ്രോജക്ട്

കടുവകളുടെ സംരക്ഷണത്തിന് 1973 ഏപ്രില്‍ ഒന്നിന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് കടുവാ പ്രോജക്ട്. 1972ല്‍ രാജ്യത്ത് ആദ്യമായി സര്‍വേ നടത്തിയപ്പോള്‍ കടുവകളുടെ എണ്ണം 1827ആണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് പദ്ധതി ആവിഷ്കരിച്ചത്. തുടക്കത്തില്‍ കടുവകളുടെ വംശത്തിന് നേരിയ വര്‍ധനയുണ്ടായെങ്കിലും വേട്ടയാടല്‍ രൂക്ഷമായതോടെ പിന്നെയും കൂട്ടക്കുരുതിക്കിരയായി. കാട്ടില്‍ അനുദിനം കടുവകളുടെ കാല്‍പ്പാടുകള്‍ മായുമ്പോള്‍ പദ്ധതി ആവിഷ്കരിച്ച് 37 വര്‍ഷത്തിനുശേഷവും പ്രൊജക്ട് പരാജയമാണെന്നാണ് അധികൃതരുടെതന്നെ വിലയിരുത്തല്‍. ഒമ്പതു പുതിയ സങ്കേതങ്ങള്‍ തുടങ്ങിയതും എന്‍ടിസിഎക്ക് രൂപം നല്‍കാന്‍ കഴിഞ്ഞതുമല്ലാതെ കടുവകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കുന്നതില്‍ പ്രോജക്ട് പരാജയമായിരുന്നുവെന്നാണ് യാഥാര്‍ഥ്യം. വേട്ടയാടലിനെ തടയിടാനോ കടുവാസങ്കേതങ്ങളുടെ ആധുനികവല്‍ക്കരണത്തിനോ ഒരു നടപടിയും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുമുണ്ടായില്ലെന്ന വിമര്‍ശവുമുണ്ട്.

കടുവ ഉള്‍പ്പെടെ വന്യജീവികളുടെ നിയമവിരുദ്ധമായ വ്യാപാരം തടയുന്നതിനും സംരക്ഷണത്തിനുമായി നിയോഗിച്ച സുബ്രഹ്മണ്യം കമീഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കാനും കേന്ദ്രം സന്നദ്ധമായിട്ടില്ലെന്നത് മറ്റൊരു പ്രശ്നം. വേട്ടക്കാരെ നേരിടുന്നതിന് ടൈഗര്‍ റിസര്‍വ് കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് തോക്കുള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ ലഭ്യമാക്കിയിട്ടില്ല. 80 ശതമാനം സങ്കേതങ്ങളും അടിസ്ഥാനസൌകര്യങ്ങളൊ സായുധജീവനക്കാരൊ ഇല്ലാത്തവയാണെന്നാണ് കണ്ടെത്തല്‍. മനാസ് ടൈഗര്‍ റിസര്‍വില്‍ 1998ല്‍ മൂന്നു വനപാലകരാണ് വേട്ടക്കാരുടെ തോക്കിനിരയായത്. നിലവില്‍ 27 സംസ്ഥാനങ്ങളില്‍ 38 സങ്കേതങ്ങളാണ് നിലവിലുള്ളതും. 38-ാമത്തേത് പറമ്പിക്കുളത്ത് ഫെബ്രുവരി 19നാണ് കേന്ദ്രമന്ത്രി ജയറാം രമേശ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യന്‍ വനമേഖലയിലെ ആറു പ്രധാന ആവാസകേന്ദ്രങ്ങളിലാണ് കടുവകള്‍ അധിവസിക്കുന്നത്. മധ്യേന്ത്യയിലെ വനനിരകള്‍ കിഴക്കന്‍ മേഖല, പശ്ചിമമേഖല, വടക്കുകിഴക്കന്‍ മലനിരകള്‍ ബ്രഹ്മപുത്ര, സുന്ദര്‍ബന്‍, ശിവലിക് വനഭൂമി എന്നിവയാണ് അവയുടെ സാമ്രാജ്യം. കടുവകളുടെ എണ്ണം ഇരട്ടിയാക്കുന്നതിനായി ചൈന, ജപ്പാന്‍, കൊറിയ, തായ്ലന്‍ഡ് തുടങ്ങിയ 13 രാജ്യങ്ങള്‍ പ്രതിജ്ഞയെടുത്തിട്ടുണ്ട്. എന്നാല്‍, പിഴയ്ക്കാത്ത ഉന്നവുമായി കാട്ടില്‍ മറഞ്ഞിരിക്കുന്ന വേട്ടക്കാരെ തുരത്തിയാലേ ലക്ഷ്യം കൈവരിക്കാന്‍ കഴിയൂ.

*
വി കെ സുധീര്‍കുമാര്‍ കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

4 comments:

വര്‍ക്കേഴ്സ് ഫോറം said...

ചരിത്രത്തിലെ കാടുകളില്‍ ആയിരങ്ങളുടെ കരുത്തില്‍ അലറിവിളിക്കുന്ന കടുവകളെ കാണാം. എന്നാല്‍, അവിടങ്ങളില്‍ തോക്കിനുമുന്നില്‍ പിടഞ്ഞുവീഴുന്നവയുടെ വര്‍ത്തമാനകാല ചരിത്രം ആരെയും വേദനിപ്പിക്കുന്നതാണ്. ഇന്ത്യന്‍വനങ്ങളില്‍നിന്ന് ദേശീയ മൃഗമായ കടുവ അപ്രത്യക്ഷമാവുന്നെന്നാണ് പുതിയ കണക്ക് തെളിയിക്കുന്നത്. ലോകത്തിലെ കടുവാ സമ്പത്തിന്റെ 40 ശതമാനവും ഉണ്ടായിരുന്ന ഇന്ത്യയിലാണ് ഈ ദുരന്തമെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് 1411 കടുവകള്‍ മാത്രമാണ് അവശേഷിക്കുന്നതെന്നാണ് കണ്ടെത്തല്‍. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി(എന്‍സിടിഎ)യാണ് ഞെട്ടിക്കുന്ന ഈ കണക്ക് 2008ല്‍ വെളിപ്പെടുത്തിയത്. 2002ലെ സര്‍വേയില്‍ 3,642 കടുവകള്‍ ഉണ്ടായിരുന്ന സ്ഥാനത്താണ് ആറുവര്‍ഷംകൊണ്ട് പകുതിയിലധികം മരണത്തിന്റെ ഗുഹകളിലേക്ക് വിടവാങ്ങിയത്. ദേശീയ മൃഗത്തിന് നേരിട്ട ഗുരുതരമായ ഈ സ്ഥിതിവിശേഷത്തെത്തുടര്‍ന്ന് കാടുകളില്‍ അവശേഷിക്കുന്ന കടുവകളുടെ എണ്ണം കണ്ടെത്തുന്നതിനായി വനംവന്യജീവി വര്‍ഷത്തില്‍ത്തന്നെ സര്‍വേ ആരംഭിച്ചിരിക്കുകയാണ്. എന്‍സിടിഎയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പെരിയാര്‍ ഫൌണ്ടേഷനാണ് സര്‍വേ നടത്തുന്നത്. തമിഴ്നാട്ടിലും കേരളത്തിലുമാണ് നിലവില്‍ സര്‍വേ ആരംഭിച്ചത്

Calicocentric കാലിക്കോസെന്‍ട്രിക് said...

ചരിത്രത്തിലെ കാടുകളില്‍ ആയിരങ്ങളുടെ കരുത്തില്‍ അലറിവിളിക്കുന്ന കടുവകളെ കാണാം.
ച്ചാല്‍?
കാവ്യമാണോ?

ജനശക്തി said...

കാലിക്കോക്ക് എന്ത് തോന്നുന്നു?

Calicocentric കാലിക്കോസെന്‍ട്രിക് said...

സഖാവിനെ കടുവാക്കണക്ക് എണ്ണാനേല്പിക്കുന്നതിനു പകരം കയ്യില്‍ ഒരറക്കവാള്‍ കൊടുത്തുവിട്ടിരുന്നെങ്കില്‍ വിപ്ലവകവി കൃഷ്ണന്‍കുട്ടിയെപ്പോലെ അറക്കവാളുകൊണ്ടറുത്ത് വല്ലതും പാടുമായിരുന്നു.