ഒരു ചെറിയ കാര്യമാണ്. കഴിഞ്ഞ വനിതാദിനത്തിന് മനോരമ ചാനല്‍ 'പുലര്‍വേള' എന്ന പ്രഭാത വാര്‍ത്താ പരിപാടിയില്‍ സിനിമാനടി കല്‍പനയെ അതിഥിയാക്കി.
പിന്നെകണ്ടത്, കല്‍പന വാര്‍ത്ത അവതരിപ്പിക്കുന്നത്.
തത്സമയ വാര്‍ത്താ ബുള്ളറ്റിനില്‍ അവതാരകര്‍ ചെയ്യുന്നതെല്ലാം തലക്കെട്ടു വായിക്കുക, അവതരണക്കുറിപ്പ് വായിക്കുക, ലൈവിലെത്തുന്ന റിപ്പോര്‍ട്ടറുമായി സംസാരിക്കുക എന്നിവയൊക്കെ കല്‍പന ചെയ്യുന്നു.
ടി വി ന്യൂസ് സ്റ്റുഡിയോകളില്‍ ടെലി പ്രോംപ്റ്റർ എന്ന ഒരു ഉപകരണമുണ്ട്. നാടകത്തില്‍ സ്റ്റേജിനരികില്‍നിന്ന് നടീനടന്മാര്‍ക്ക് സംഭാഷണങ്ങള്‍ പറഞ്ഞുകൊടുക്കുന്നവരാണ് പ്രോംപ്റ്റര്‍മാർ. ന്യൂസ് സ്റ്റുഡിയോവില്‍ വായിക്കുന്നവര്‍ക്ക് വാര്‍ത്ത 'പറഞ്ഞുകൊടുക്കു'ന്ന ഉപകരണമാണ് ടെലിപ്രോംപ്റ്റർ. വായിക്കേണ്ടത് ടെലിപ്രോംപ്റ്ററില്‍ എഴുതിവരും. നോക്കി വായിക്കണം. മനസ്സില്‍നിന്നു പറയുന്നു എന്നേ കാണുന്നവര്‍ക്ക് തോന്നൂ. എഴുതിക്കിട്ടിയ ഒന്ന് വായിക്കുന്നതുപോലെയാകരുത് ഈ വായന. സ്വന്തം വാക്യങ്ങള്‍ പറയുന്നതുപോലെ വേണം. നോക്കി വായിക്കുകയല്ല എന്ന് തോന്നിക്കുംവിധം ഇതു ചെയ്യുന്നതിലാണ് മിടുക്ക്.
പാവം കല്‍പന. രണ്ടോ മൂന്നോ നിമിഷം പരുങ്ങിയതിനുശേഷമാണ് എല്ലാ വാര്‍ത്തയും അവര്‍ വായിച്ചു തുടങ്ങിയത്. വായനയ്ക്ക് വാര്‍ത്താ അവതരണത്തിന്റെ ഒഴുക്കോ താളമോ ചടുതലയോ അനായാസതയോ ഉണ്ടായിരുന്നില്ല. പലയിടത്തും പരുങ്ങൽ. വായനയുടെ ഏറ്റിറക്കങ്ങള്‍ അസ്വാഭാവികം.
ടിവി വാര്‍ത്തകളില്‍ തലക്കെട്ടുകള്‍ വായിക്കുമ്പോഴും ചിലതു ശ്രദ്ധിക്കാനുണ്ട്. തലക്കെട്ടുകളുടെ ഗ്രാഫിക്സ് കാണിക്കും. അവതാരകര്‍ക്ക് മുന്നിലുള്ള ടിവിയില്‍ അതു കാണാം. അതു നോക്കിവേണം തലക്കെട്ടു വായിക്കാൻ. ഒപ്പം, പ്രൊഡ്യൂസര്‍ ഇയര്‍ ഫോണിലൂടെ നിര്‍ദ്ദേശം തരും. ക്യൂ, പോസ്, ഹോള്‍ഡ് എന്നിങ്ങനെ. ക്യൂ പറയുമ്പോള്‍ തുടങ്ങണം. പോസ് പറയുമ്പോള്‍ നിര്‍ത്തണം. ഹോള്‍ഡ് കേട്ടാല്‍ വായിച്ചവസാനിപ്പിക്കണം. ഇതെല്ലാം ചേരുമ്പോഴാണ് ഓരോ തലക്കെട്ടിന്റെയും ദൃശ്യം വന്നുപോകുമ്പോള്‍ കൃത്യമായി തലക്കെട്ടു വന്നുപോകുന്നത്. തെറ്റിച്ചാല്‍ ദൃശ്യവും തലക്കെട്ടും ഒത്തുപോകില്ല.
കല്‍പനയ്ക്ക് ഒരു തലക്കെട്ടും സമയത്തിനു വായിച്ചു തുടങ്ങാനും തീര്‍ക്കാനുമായില്ല. യുഡിഎഫ് രാജ്യസഭാ സീറ്റ് ചര്‍ച്ചയുടെ തലക്കെട്ട് വായനയായിരുന്നു ഏറ്റവും ദയനീയം. തലക്കെട്ടിന്റെ അവസാന വാക്യം- "എല്ലാവര്‍ക്കും സ്വീകാര്യമായ പരിഹാരമായിരിക്കുമെന്ന് ഉമ്മന്‍ചാണ്ടി'' എന്നത് - കല്‍പന വായിച്ചപ്പോള്‍ സ്ക്രീനില്‍ തെളിഞ്ഞത് മമ്മൂട്ടിയും സിദ്ദിക്കും' ജഗദീഷും! ഉമ്മന്‍ചാണ്ടി നേരത്തെ വന്നുപോയിരുന്നു. അമ്മ അച്ചടക്ക സമിതി ചേരുന്നതായിരുന്നു അടുത്ത വാര്‍ത്ത. അതിന്റെ തലക്കെട്ടിലെ ദൃശ്യങ്ങള്‍ എത്തുംവരെ വായന നീണ്ടുപോവുകയാണുണ്ടായത്.
കല്‍പന തകര്‍ന്നുപോയത് ന്യൂസ് ഡെസ്കില്‍നിന്നുള്ള ഒരു ലൈവ് റിപ്പോര്‍ട്ടിന് അവതാരകയാകേണ്ടി വന്നപ്പോഴാണ്.
ലൈവ് റിപ്പോര്‍ട്ട് അവതരിപ്പിക്കാനായി കല്‍പനയുടെ ക്ളോസ് അപ്പ് ഷോട്ട്. മൂന്ന് സെക്കന്‍ഡോളം കല്‍പന തരിച്ചിരിക്കുന്നു. അപ്പോഴേയ്ക്കും ഇയര്‍ ഫോണിലൂടെയോ ആംഗ്യത്തിലൂടെയോ പ്രൊഡ്യൂസര്‍ ക്യു പറഞ്ഞിരിക്കണം. കല്‍പന തുടങ്ങുന്നു:
"ഓസ്കർ... വിശേഷങ്ങളുമായി... ന്യൂ ഡെസ്കില്‍നിന്ന്... ആ... ആര്‍ അനീഷ് ഇപ്പോള്‍ നമ്മളോടൊപ്പം ചേരുന്നു''.
വാക്യത്തിനിടയ്ക്കുള്ള കുത്തുകള്‍ വെറുതേ ചേര്‍ത്തതല്ല. അവിടെയൊക്ക കല്‍പനയുടെ വായനയില്‍ നിര്‍ത്തുണ്ടായി. 'ന്യൂസ് ഡെസ്കാ'ണ് പരിഭ്രമത്തിനിടെ 'ന്യൂ ഡെസ്കാ'യത് !
കല്‍പന പെടുന്ന ഈ പാടു കണ്ട ആരും 'അഴകിയ രാവണ'നില്‍ ഇന്നസെന്റ് അവിസ്മരണീയമാക്കിയ ആ രംഗം-ആദ്യമായി സിനിമ അഭിനയിക്കാനെത്തിയ പഞ്ചായത്തു പ്രസിഡന്റിനു പറ്റിയ പറ്റ് ഓര്‍ത്തുപോകും.
ഇതില്‍ കല്‍പനയല്ല, മനോരമയാണ് പ്രതി. ആദ്യമായി വാര്‍ത്ത അവതരിപ്പിക്കാനിറങ്ങുന്ന ആര്‍ക്കും-സഭാകമ്പമില്ലാത്ത, മനോബലമുള്ള ഒരാള്‍ക്കുപോലും-അബദ്ധങ്ങള്‍ പറ്റും. ഒരുപാടു പരിശീലനം നടത്തിയാണ് വാര്‍ത്ത വായിക്കുന്നവര്‍ അതു ചെയ്യുന്നത്. ഒരു പരിശീലനവുമില്ലാതെ കല്‍പനയെ ഇങ്ങനെ ഒരവസ്ഥയിലേക്ക് തള്ളിവിട്ടു മനോരമ.
സിനിമാ താരമായാലും ഒരു പരിശീലനവുമില്ലാതെ നേരെ കയറി വാര്‍ത്ത അവതരിപ്പിക്കാനിരുന്നാല്‍ കല്‍പനയ്ക്ക് 'പുലര്‍വേള'യില്‍ പറ്റിയതു പറ്റുമെന്ന് ഏത് എളിയ ടെലിവിഷന്‍ പ്രവര്‍ത്തകനും ഊഹിക്കാം. എന്നിട്ടും മനോരമ അതു ചെയ്തെങ്കില്‍ അത് മന:പൂര്‍വമാണ്. കല്‍പനയ്ക്ക് ലൈവില്‍ അബദ്ധങ്ങള്‍ സംഭവിക്കട്ടെ എന്ന് മനോരമ കരുതിയിരിക്കണം. ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടിയാണ് കല്‍പന. നമ്മുടെയൊക്ക മനസ്സില്‍ കല്‍പനയ്ക്കൊരു കൊമേഡിയന്‍ പ്രതിച്ഛായയുണ്ട്. കൊമേഡിയന്‍ ബുദ്ധിയും മികവും കാട്ടുന്നതിലല്ല നമുക്ക് കമ്പം. കൊമേഡിയന് അബദ്ധം പറ്റുന്നതിലാണ്. കല്‍പനയ്ക്കു ലൈവില്‍ അബദ്ധംപറ്റിയാലാണ് കാണികള്‍ക്ക് കൂടുതല്‍ രസിക്കുക എന്ന് മനോരമ കരുതിയിരിക്കണം. അതുവഴി, കഴിവുറ്റ ആ നടിയോടു തെറ്റുചെയ്തു മനോരമ.
തെരഞ്ഞെടുത്ത ചില സന്ദര്‍ഭങ്ങളില്‍ പ്രമുഖരെ വിളിച്ചുവരുത്തി അതിഥി ലേഖകരും അതിഥി പത്രാധിപര്‍മാരുമൊക്കെയാക്കുന്ന രീതി മാധ്യമപ്രവര്‍ത്തനത്തിലുണ്ട്. അതിഥികളുടെ അറിവും കഴിവും കാഴ്ചപ്പാടും സ്വന്തം ഉള്ളടക്കത്തില്‍ കലര്‍ത്തുകയാണ് അതിന്റെ ലക്ഷ്യം.
പക്ഷേ, മനോരമ കല്‍പനയെക്കൊണ്ടു ചെയ്യിച്ചത് റിപ്പോര്‍ട്ടിംഗല്ല, വാര്‍ത്ത തയ്യാറാക്കലല്ല; എഴുതിക്കൊടുത്ത അവതരണക്കുറിപ്പുകള്‍ വായിപ്പിക്കലാണ്. മനോരമ കല്‍പനയില്‍ നിന്നെടുത്തത് പ്രതിഭയല്ല, പ്രതിച്ഛായയാണ്; മനസ്സും മനോഗതങ്ങളുമല്ല, രൂപവും ശബ്ദവുമാണ്. ചുരുക്കിപ്പറഞ്ഞാല്‍ കല്‍പനയെ, അവരിലെ താരത്തെ, കാഴ്ചവസ്തുവാക്കുകയാണ് മനോരമ ചെയ്തത്. അതിന് വനിതാദിനംതന്നെ തെരഞ്ഞെടുത്തപ്പോള്‍ മനോരമ ആ ദിനത്തോടുതന്നെ തെറ്റുചെയ്തു.
സ്വന്തം ജോലിയായ വാര്‍ത്താ പ്രവര്‍ത്തനത്തെയും മനോരമ ഇതുവഴി അവഹേളിച്ചു. ഒരു ടെലിവിഷന്‍ സ്ഥാപനത്തിലെ പ്രതീകാത്മകമായ ഇടമാണ് വാര്‍ത്ത വായനക്കാരുടെ കസേര. അവിടെയിരുന്നു വാര്‍ത്ത വായിക്കേണ്ടത് വാര്‍ത്താ പ്രവര്‍ത്തകരാണ്. അവിടെ തെരഞ്ഞെടുത്ത വേളകളില്‍ പ്രതീകാത്മകമായി ആദരണീയരായ അതിഥികളെ ഇരുത്താം. ആ സമയത്തേക്കെങ്കിലും അവരെ വാര്‍ത്താ പ്രവര്‍ത്തകരാക്കണം. പകരം സ്വന്തം സ്ഥാപനത്തിലെ വാര്‍ത്ത വായനക്കാരുടെ കസേര ഒരു സിനിമാതാരത്തിനു മാറ്റിവച്ചപ്പോള്‍ മനോരമ ഒന്നല്ല ഒരുപാടു തെറ്റുകള്‍ ഒരുമിച്ചു ചെയ്തു.
ഇതൊക്കെ ചെയ്യുമ്പോള്‍ മനോരമയെ നയിച്ചത് മാധ്യമത്തിന്റെ മന:ശാസ്ത്രമല്ല, കച്ചവടത്തിന്റെ മന:ശാസ്ത്രമാണ്. സ്വന്തം എയര്‍ടൈം ഹരം പിടിപ്പിക്കുന്നതായി മാറ്റാന്‍ എന്തും ചെയ്യും ഒരു കച്ചവടമാധ്യമം എന്നാണ് മനോരമ തെളിയിച്ചത്. ടെലിവിഷന്‍ മുതലാളിത്തത്തിന്റെ കെടുകാഴ്ചപ്പാടിന്റെ തെളിവാണ് മനോരമ ചാനല്‍ ലോക വനിതാദിനമായ മാര്‍ച്ച് 8ന് രാവിലെ കാട്ടിക്കൂട്ടിയത്.
അവസാനമായി, മനോരമ ചാനലിന്റെ ഈ ചെയ്തി ഒരു കൈത്തെറ്റോ പ്രവൃത്തിക്കുറ്റമോ ആയിക്കണ്ടാല്‍പ്പോരാ. 'പെണ്ണുങ്ങളുടെ മെയ് ദിന'മാണ് വനിതാദിനം. ഐതിഹാസികമായ ഷിക്കാഗോ സംഭവത്തിന് മൂന്നു പതിറ്റാണ്ടുമുമ്പ് 1857ല്‍ ന്യൂയോര്‍ക്കില്‍ തുണിമില്ലില്‍ പ്രകടനം നടത്തിയ തൊഴിലാളി സ്ത്രീകളുടെ ധീരതയില്‍നിന്നാണ് വനിതാ ദിനത്തിന്റെ തുടക്കം. 1911ല്‍ ന്യൂയോര്‍ക്കില്‍തന്നെ ലാഭക്കൊതിപൂണ്ട മുതലാളിത്തത്തിന്റെ ഇരകളായി തുണിമില്ലില്‍ വെന്തുമരിച്ച 146 സ്ത്രീ തൊഴിലാളികളുടെ ഓര്‍മ്മ പേറുന്ന ദിവസമാണത്. ലോക തൊഴിലാളിദിനം പ്രഖ്യാപിച്ച രണ്ടാം ഇന്റര്‍നാഷണല്‍ തന്നെയാണ് ലോക വനിതാദിനവും നിശ്ചയിച്ചത്. 1917-ല്‍ റഷ്യന്‍ സ്ത്രീകളുടെ വനിതാ ദിനാചരണമാണ് ഒക്ടോബര്‍ വിപ്ളവത്തിനു മുന്നോടിയായ ചരിത്രസംഭവങ്ങളില്‍ ഒന്നായി മാറിയത്. 1917-ല്‍ മാര്‍ച്ച് 8 സോവിയറ്റ് യൂണിയനില്‍ വനിതാദിനമായി ലെനിന്‍ പ്രഖ്യാപിച്ചതാണ് വനിതാ ദിനത്തിന് ആദ്യമായി കിട്ടിയ ഔദ്യോഗികാംഗീകാരം. വനിതാ ദിനത്തിന്റെ ആ രാഷ്ട്രീയം ചോര്‍ത്തിക്കളഞ്ഞ്, അതിനെ ഒരു കമ്പോള ഉത്സവമാക്കുകയാണ് ലോക മുതലാളിത്തം. മനോരമ ചാനലിന്റെ ചെയ്തി അതിനോടു ചേര്‍ത്തുവച്ചു കാണണം.
വാല്‍ക്കഷണം
സിപിഐ എമ്മിന്റെ വയനാട് ഭൂസമരം മലപ്പുറത്തേയ്ക്കും വ്യാപിപ്പിക്കുന്നു എന്നൊരു വാര്‍ത്ത ഇതേ പരിപാടിയില്‍ കാണിച്ചു. ഒപ്പം, കല്‍പനയോട് ഒരു ചോദ്യം ചോദിച്ചു മനോരമയുടെ ന്യൂസ് കാസ്റ്റര്‍: "സര്‍ക്കാര്‍ തന്നില്ലെങ്കില്‍ കൈയേറി ഭൂമിയെടുക്കും എന്ന സമരരീതി ശരിയാണോ?''
"അവര്‍ ആവശ്യക്കാരാണല്ലോ?'' എന്ന മറുചോദ്യമാണ് കല്‍പന ഉയര്‍ത്തിയത്. "ഭൂമി കിട്ടിയില്ലെങ്കില്‍ അവര്‍ക്ക് എന്തുചെയ്യാന്‍ പറ്റും?'' എന്നും കല്‍പന ചോദിച്ചു.
"വയനാട് ഭൂസമരത്തെ കല്‍പന ന്യായീകരിച്ചു'' എന്ന ഒരു വാര്‍ത്ത ദിവസം മുഴുവന്‍ കൊടുക്കാന്‍ ബാധ്യസ്ഥമായിരുന്നു മനോരമ. എന്നാല്‍, ആ വാര്‍ത്ത മനോരമ തമസ്കരിച്ചു. കല്‍പനയുടെ ആ നിരീക്ഷണം 'പുലര്‍വേള' എന്ന ആ ഒറ്റപ്പരിപാടിയില്‍ മറവുചെയ്യപ്പെട്ടു.
ഒന്നാലോചിക്കുക - വയനാട് ഭൂസമരത്തെ കല്‍പനയെങ്ങാനും തള്ളിപ്പറഞ്ഞിരുന്നെങ്കിലോ? എങ്കിൽ, എന്തായേനെ പുകിൽ!
*****
എന്‍ പി ചന്ദ്രശേഖരൻ , കടപ്പാട് : ചിന്ത വാരിക
Subscribe to:
Post Comments (Atom)
4 comments:
സിപിഐ എമ്മിന്റെ വയനാട് ഭൂസമരം മലപ്പുറത്തേയ്ക്കും വ്യാപിപ്പിക്കുന്നു എന്നൊരു വാര്‍ത്ത ഇതേ പരിപാടിയില്‍ കാണിച്ചു. ഒപ്പം, കല്‍പനയോട് ഒരു ചോദ്യം ചോദിച്ചു മനോരമയുടെ ന്യൂസ് കാസ്റ്റര്‍: "സര്‍ക്കാര്‍ തന്നില്ലെങ്കില്‍ കൈയേറി ഭൂമിയെടുക്കും എന്ന സമരരീതി ശരിയാണോ?''
"അവര്‍ ആവശ്യക്കാരാണല്ലോ?'' എന്ന മറുചോദ്യമാണ് കല്‍പന ഉയര്‍ത്തിയത്. "ഭൂമി കിട്ടിയില്ലെങ്കില്‍ അവര്‍ക്ക് എന്തുചെയ്യാന്‍ പറ്റും?'' എന്നും കല്‍പന ചോദിച്ചു.
"വയനാട് ഭൂസമരത്തെ കല്‍പന ന്യായീകരിച്ചു'' എന്ന ഒരു വാര്‍ത്ത ദിവസം മുഴുവന്‍ കൊടുക്കാന്‍ ബാധ്യസ്ഥമായിരുന്നു മനോരമ. എന്നാല്‍, ആ വാര്‍ത്ത മനോരമ തമസ്കരിച്ചു. കല്‍പനയുടെ ആ നിരീക്ഷണം 'പുലര്‍വേള' എന്ന ആ ഒറ്റപ്പരിപാടിയില്‍ മറവുചെയ്യപ്പെട്ടു.
ഒന്നാലോചിക്കുക - വയനാട് ഭൂസമരത്തെ കല്‍പനയെങ്ങാനും തള്ളിപ്പറഞ്ഞിരുന്നെങ്കിലോ? എങ്കിൽ, എന്തായേനെ പുകിൽ!
കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ തന്നെ ആണ് , എന്നാലും നമ്മള്‍ക്ക് മനോരമയെ മാത്രം മതിയല്ലോ.
ഇതിന്റെ മനശാസ്ത്രം എന്തായിരിക്കും ?
ithu anaavashyam enne parayaanullu swayam apahaasyaraavunnu
1917-ല്‍ മാര്‍ച്ച് 8 സോവിയറ്റ് യൂണിയനില്‍ വനിതാദിനമായി ലെനിന്‍ പ്രഖ്യാപിച്ചോ?
അന്ന് അങ്ങോര്‍ റഷ്യയിലേ ഇല്ലായിരുന്നല്ലോ.
Post a Comment