Friday, March 5, 2010

തണ്ണീര്‍മുക്കം ബണ്ടും വേമ്പനാട്ടുകായലും

തണ്ണീര്‍മുക്കം ബണ്ട് പരീക്ഷണാര്‍ത്ഥം ഒരു വര്‍ഷത്തേക്ക് തുറന്നിടുകയാണെങ്കില്‍ തന്മൂലം കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിച്ചുകൊണ്ട് ബണ്ട് തകര്‍ക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ആലോചനകള്‍ നടക്കുന്നു എന്ന മാധ്യമവാര്‍ത്തകള്‍ പ്രസ്തുത ബണ്ടിനെക്കുറിച്ചുള്ള പുതിയ ചില ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. വേമ്പനാട് കായലിന്റെ ഇരുകരകളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു റഗുലേറ്റര്‍ ആണ് ഈ ബണ്ട്. ആലപ്പുഴ ജില്ലയിലെ തണ്ണീര്‍മുക്കവും കോട്ടയം ജില്ലയിലെ വെച്ചൂരും ബണ്ടിന്റെ അതിര്‍ത്തികളാണ്. ഏതാണ്ട് 1250 മീറ്റര്‍ നീളമുണ്ട് ഇതിന്. വേനല്‍ക്കാലത്ത് കടലില്‍നിന്നുള്ള ഉപ്പുവെള്ളം കായലിന്റെ തെക്കന്‍ ഭാഗത്തേക്ക് കടന്നുകയറുന്നത് തടഞ്ഞ് കുട്ടനാട്ടില്‍ രണ്ടാംകൃഷി സാദ്ധ്യമാക്കുകയായിരുന്നു ബണ്ടിന്റെ ലക്ഷ്യം. ഇതനുസരിച്ച് ബണ്ട് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ 23500 ഹെക്ടര്‍ സ്ഥലത്ത് വൃശ്ചികത്തില്‍ രണ്ടാംകൃഷി ആരംഭിക്കാം. ലക്ഷ്യമിട്ട 23500 ഹെക്ടര്‍ സാദ്ധ്യമായില്ലെങ്കിലും ഇന്ന് കുട്ടനാട്ടില്‍ 12,000-15,000 ഹെക്ടര്‍ സ്ഥലത്ത് രണ്ട് കൃഷി സാദ്ധ്യമാകുന്നുണ്ട്.

1977ലാണ് ബണ്ട് കമ്മീഷന്‍ ചെയ്തത്. കായലിന് കുറുകെ ഉയര്‍ന്നുനില്‍ക്കുന്ന ഒരു പാലം. താഴെ അടയ്ക്കുകയും തുറക്കുകയും ചെയ്യാവുന്ന ഷട്ടറുകള്‍. വൃശ്ചികവേലിയേറ്റ ആരംഭത്തില്‍ ഷട്ടറുകള്‍ താഴ്ത്തും. ഇത് ഡിസംബര്‍ 15ന് എന്ന് നിജപ്പെടുത്തിയിരിക്കുന്നു. മാര്‍ച്ച് 15ന് ബണ്ട് തുറക്കണം. ഈ മൂന്നുമാസക്കാലം കടലില്‍നിന്നുള്ള ഉപ്പുവെള്ളം കായലിലേക്ക് പ്രവേശിക്കുകയില്ല. എന്നാല്‍ കമ്മീഷന്‍ചെയ്ത് 33 വര്‍ഷമായിട്ടും ബണ്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായില്ല. കിഴക്കേകരയില്‍നിന്നും പടിഞ്ഞാറേകരയില്‍നിന്നും ഏകദേശം 400 മീറ്റര്‍ വീതം പണി പൂര്‍ത്തിയാക്കി. ഷട്ടറുകളും സ്ഥാപിച്ചു. മദ്ധ്യഭാഗത്ത് ഏകദേശം 400 മീറ്റര്‍ വരുന്ന ഭാഗം മണ്ണിട്ട് നികത്തി, റോഡ് നിര്‍മ്മിച്ച് സ്ഥിരമായ ബണ്ട് ആക്കി മാറ്റിയിരിക്കുന്നു. കാര്‍ഷികജോലികള്‍ നീണ്ടുപോകുന്നതുകൊണ്ട് പല വര്‍ഷങ്ങളിലും മാര്‍ച്ച് 15ന് ബണ്ട് തുറക്കാന്‍ കഴിയാതെയും വരുന്നുണ്ട്.

തണ്ണീര്‍മുക്കം ബണ്ട് വേമ്പനാട്ടുകായലിന്റെ പാരിസ്ഥിതിക ഘടനയില്‍ വലിയതോതിലുള്ള പ്രതികൂലമായ ആഘാതങ്ങള്‍ വരുത്തിയിട്ടുണ്ട് എന്ന വിലയിരുത്തലില്‍നിന്നാണ് ബണ്ട് തുറന്നിടണം എന്ന ആവശ്യം ഉയര്‍ന്നത്. ബണ്ട് സ്ഥിരമായി തുറന്നിടണം എന്ന് മത്സ്യത്തൊഴിലാളികളും അത് പാടില്ല എന്ന് കര്‍ഷകരും ആവശ്യപ്പെടാന്‍ തുടങ്ങി. സമീപകാലത്ത് കുട്ടനാട്ടിലാകെയുണ്ടായ പലതരത്തിലുള്ള പാരിസ്ഥിതിക-ആരോഗ്യ പ്രശ്നങ്ങളുടെയും കാരണം ബണ്ടാണെന്ന വാദമുയര്‍ന്നതോടെയാണ് ബണ്ട് പരീക്ഷണാര്‍ത്ഥം തുറന്നിടണം എന്ന ആശയത്തിന് ശക്തികൂടിയത്.

എന്താണ് ബണ്ട് ഈ മേഖലയില്‍ വരുത്തിയ ആഘാതം? ഇതുമൂലം വിശാലമായ വേമ്പനാട്ടുകായല്‍ രണ്ട് വ്യത്യസ്ത ജലാശയങ്ങളായി മാറി. കൊച്ചിമുതല്‍ തണ്ണീര്‍മുക്കം വരെയുള്ള വടക്കുഭാഗത്ത് മുമ്പ് ഉണ്ടായിരുന്നതുപോലെ ഓരുജല പരിസ്ഥിതി നിലനിര്‍ത്തുകയും തണ്ണീര്‍മുക്കം മുതല്‍ ആലപ്പുഴവരെയുള്ള തെക്കുഭാഗം ശുദ്ധജല തടാകമായി മാറുകയും ചെയ്തു. ഇതുമൂലം തണ്ണീര്‍മുക്കത്തിന് തെക്കുവശത്ത് നിലവിലുണ്ടായിരുന്ന ജല ലവണത്വം പാടെ വ്യതിയാനപ്പെട്ടു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ മത്സ്യമേഖലാ വിദഗ്ധനായ ഡോ. ബി മധുസൂദനക്കുറുപ്പിന്റെ പഠനപ്രകാരം ബണ്ടിന്റെ തെക്കുവശത്ത് ലവണത്വം 23%-ല്‍ നിന്ന് വെറും 4% ആയി കുറഞ്ഞു. ബണ്ടിന്റെ തെക്കുഭാഗത്ത് വേലിയേറ്റ - വേലിയിറക്ക് സ്വഭാവം പാടെ നഷ്ടപ്പെട്ടതിനാല്‍ ഏകദേശം ആറുമാസക്കാലം ജലം കെട്ടിക്കിടന്ന് ഒരു നിശ്ചല തടാകത്തിന്റെ സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു. ഈ സമയത്ത് കുട്ടനാടന്‍ പാടങ്ങളില്‍ പ്രയോഗിക്കുന്ന കീടനാശിനികള്‍ കെട്ടിക്കിടക്കുന്ന ജലാശയത്തിലേക്ക് ഒഴുകിയെത്തി, ജലമലിനീകരണത്തിന് ആക്കംകൂട്ടുന്നു.

മത്സ്യോല്‍പാദനത്തിന്റെ മേഖലയിലാണ് ബണ്ട് ഏറ്റവും വലിയ ആഘാതം സൃഷ്ടിച്ചത്. വിശേഷിച്ചും ആറ്റുകൊഞ്ച് അഥവ കാലന്‍കൊഞ്ച് എന്ന ഇനം മത്സ്യത്തെ ബണ്ട് പാടെ നശിപ്പിച്ചു. ഈ മത്സ്യത്തിന്റെ പരിപാലനവും വളര്‍ച്ചയും ശുദ്ധജലത്തിലാണ് നടക്കുന്നത്. എന്നാല്‍ ഇതിന് മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുന്നതിന് 12%-15% ലവണത്വം അത്യന്താപേക്ഷിതമാണ്. തണ്ണീര്‍മുക്കം ബണ്ടിന്റെ നിര്‍മ്മാണത്തിന് മുമ്പ് വേമ്പനാട്ടുകായലില്‍ മുഹമ്മ, കുമരകം ഭാഗത്ത് ഇത്തരത്തില്‍ കുഞ്ഞുങ്ങളെ വിരിയിക്കുന്നതിന് ആവശ്യമായ ലവണത്വം ലഭിക്കുമായിരുന്നു. എന്നാല്‍ ബണ്ടിന്റെ നിര്‍മ്മാണത്തോടുകൂടി ഇത് സാദ്ധ്യമല്ലാതായി. അതോടെ കൊഞ്ചുകള്‍ മുട്ടനിക്ഷേപത്തിനുവേണ്ടി ലവണത്വമുള്ള ജലം തേടി കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടിവരുന്നു. ഏകദേശം 40 കിലോമീറ്റര്‍ ഇവ ഇങ്ങനെ സഞ്ചരിക്കും. അതായത് മുഹമ്മ ഭാഗത്തുനിന്ന് യാത്രചെയ്ത് അരൂര്‍, തേവരഭാഗംവരെ. സെപ്തംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് ഈ യാത്ര. മുട്ടയിട്ട് ലാര്‍വയുടെ വളര്‍ച്ച പൂര്‍ത്തിയാകാന്‍ 35-50 ദിവസങ്ങള്‍ എടുക്കും. ഈ കാലം കഴിയുമ്പോള്‍ ഇവ ശുദ്ധജല ഭാഗത്തേക്ക് മടക്കയാത്ര ചെയ്യും. പക്ഷേ അപ്പോഴേക്കും ബണ്ട് അടഞ്ഞിരിക്കും. ബണ്ടിന് തെക്ക് ഓരുവെള്ളത്തില്‍ കഴിയേണ്ടിവരുന്നത് കൊഞ്ചിന്റെ നാശത്തിന് കാരണമാകുന്നു.

കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ മത്സ്യമേഖലാ ഗവേഷകനായ ഡോ. കെ ജി പത്മകുമാറിന്റെ പഠനപ്രകാരം ആറ്റുകൊഞ്ചിന് മാത്രമല്ല വേമ്പനാട്ടുകായലില്‍ വംശനാശംവന്നത്. കടലില്‍നിന്ന് വേലിയേറ്റത്തില്‍ കടന്നുവരുന്ന പൂമീൻ‍, കണമ്പ്, കാളാഞ്ചി തുടങ്ങിയ മത്സ്യങ്ങളും വേമ്പനാട്ടിന് അന്യമായി. തീര്‍ന്നില്ല ബണ്ടിന്റെ ആവിര്‍ഭാവത്തിനുമുമ്പ് 150 ഓളം ഇനം മത്സ്യങ്ങളാണ് ഇവിടെനിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്ന് കായലിന്റെ തെക്കന്‍ മേഖലയില്‍ 61 ഇനങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇതില്‍തന്നെ പത്തിനങ്ങള്‍ വംശനാശഭീഷണിയിലാണ്. മഞ്ഞക്കൂരി, ആറ്റ്വാള, തുളി, നാടന്‍മുഷി, പന്നക്കരിമീന്‍, കോല, മണല്‍വാള, കുറുവ, പനയാരകന്‍, അരഞ്ഞില്‍ എന്നിവയാണിവ.

വിവിധങ്ങളായ മത്സ്യപഠനങ്ങള്‍ സൂചിപ്പിക്കുന്നത് ബണ്ടിന്റെ ആവിര്‍ഭാവത്തിനുമുമ്പ് കായലിന്റെ മൊത്തം വാര്‍ഷിക മത്സ്യോല്‍പാദനം 16,000 ടണ്‍ ആയിരുന്നത് ഇപ്പോള്‍ 7,000 ടണ്‍ ആയി കുറഞ്ഞിട്ടുണ്ടെന്നാണ്. ഇതിന്റെ 90%വും ബണ്ടിന്റെ വടക്കുഭാഗത്തുനിന്നാണ് കിട്ടുന്നത്. ബണ്ടുമൂലം ശുദ്ധജല തടാകമായി മാറിയ തെക്കുഭാഗത്തുനിന്നുള്ള വാര്‍ഷികോല്‍പാദനം 507-584 ടണ്‍ മാത്രമാണ്.

മത്സ്യത്തിനു മാത്രമല്ല, വേറെയും നാശമുണ്ടായി. കായലില്‍നിന്ന് ലഭിക്കുന്ന ഒരു പ്രധാന വ്യാവസായിക അസംസ്കൃത വസ്തുവാണ് കറുത്ത കക്ക. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന കുമ്മായത്തിന്റെ 90%വും സംഭാവനചെയ്യുന്നത് വേമ്പനാട് കായലിലെ കറുത്ത കക്കയാണ്. കായലിന്റെ അടിത്തട്ടില്‍ നിക്ഷേപമായി ഉണ്ടായിരുന്ന വെള്ളകക്ക ഏതാണ്ട് പൂര്‍ണ്ണമായും വിനിയോഗിക്കപ്പെട്ടു കഴിഞ്ഞ സാഹചര്യത്തില്‍ കറുത്ത കക്കയാണ് ഇനി ആശ്രയം. കോട്ടയത്തെ ട്രാവന്‍കൂര്‍ സിമന്റ്സ് അടക്കമുള്ള വ്യവസായശാലകളുടെ അസംസ്കൃത വസ്തുവാണ് കക്ക. എന്നാല്‍ പുതുതായി കക്ക ഉല്‍പാദിപ്പിക്കപ്പെടുന്നില്ല. ഇതിന് പല കാരണങ്ങളുണ്ട്. അവയില്‍ പ്രധാനം കക്കയുടെ പ്രത്യുല്‍പാദനത്തിന് അനിവാര്യമായ 17-18% ലവണത്വമുള്ള ജലം ലഭിക്കുന്നില്ല എന്നുള്ളതാണ്.

ഓര്‍ഗാനോക്ളൊറൈഡ്, ഓര്‍ഗാനോ ഫോസ്ഫേറ്റ് കീടനാശിനികള്‍ കേരളത്തില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കുട്ടനാട്ടില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 500 ടണ്‍ കീടനാശിനി ഉപയോഗിക്കുന്നു. ഇവയില്‍ 370 ടണ്‍ പുഞ്ച കൃഷിക്കും 130 ടണ്‍ വിരിപ്പിനുമാണ് ഉപയോഗിക്കുന്നത്. കായലില്‍നിന്ന് ശേഖരിച്ച കക്കയിലും മീനിലും അമിതമായ തോതില്‍ ഈ കീടനാശിനികള്‍ കാണപ്പെട്ടുവെന്ന് ഡോ. മധുസൂദനക്കുറുപ്പ് വ്യക്തമാക്കുന്നു. ഇതിനുള്ള ഒരു കാരണം തണ്ണീര്‍മുക്കം ബണ്ടുതന്നെയാണ്. കാരണം പ്രയോഗിക്കുന്ന കീടനാശിനികള്‍ കടലിലേക്ക് ഒഴുകിപ്പോകാതെ കായലില്‍തന്നെ തങ്ങിനില്‍ക്കുന്നതിന് ബണ്ട് കാരണമായിട്ടുണ്ട്. വിശേഷിച്ചും ബണ്ടിന്റെ മദ്ധ്യഭാഗം സ്ഥിരമായി അടച്ചിട്ടിരിക്കുന്നതിനാല്‍ ഇവിടെ ഒട്ടുംതന്നെ ഒഴുക്ക് അനുഭവപ്പെടുന്നില്ല. കീടനാശിനി മാത്രമല്ല കുട്ടനാടന്‍ പാടങ്ങളില്‍ പ്രയോഗിക്കുന്ന രാസവളത്തിന്റെ ഒരു പങ്കും കായലില്‍ എത്തുന്നുണ്ട്. ഇതും ഓരുവരാത്തതുമൂലം ഉണ്ടാകുന്ന സ്ഥിതിവിശേഷവും കൂടി കലര്‍ന്നപ്പോള്‍ കായലില്‍ ജലകളകള്‍ തഴച്ചുവളര്‍ന്നു. എക്കിനോക്ളോവ (കുളവാഴ), സാല്‍വീനിയ (ആഫ്രിക്കന്‍ പായല്‍) തുടങ്ങിയ ജലകളകള്‍ വര്‍ദ്ധിച്ചു. ഇത് ജലഗതാഗതത്തെ തടസ്സപ്പെടുത്തി. കൊതുക് പെരുകാനും കാരണമായി. അങ്ങനെ ജപ്പാന്‍ ജ്വരം, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ കുട്ടനാട്ടില്‍ വ്യാപകമായി. കുട്ടനാട്ടില്‍ ക്യാന്‍സര്‍ സാന്ദ്രത കൂടുതലാണെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് നടത്തിയ സമീപകാല പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇതിന്റെ കാരണം ജലമലിനീകരണമാണെന്ന് തീര്‍ച്ചയാക്കാനായിട്ടില്ലെങ്കിലും അതിന്റെ സാദ്ധ്യതകളുണ്ട്. കയര്‍ വ്യവസായത്തിനുള്ള തൊണ്ട് അഴുക്കലിനും ഉപ്പുവെള്ളത്തിന്റെ അസാന്നിദ്ധ്യം തടസ്സമാകുന്നുണ്ട്.

ഈ സാഹചര്യത്തില്‍ എന്തായിരിക്കണം തണ്ണീര്‍മുക്കം ബണ്ടിനോട് എടുക്കേണ്ട സമീപനം? ബണ്ട് പൂര്‍ണ്ണമായി പൊളിച്ചുമാറ്റണം എന്നുപറയുന്നത് ശരിയാണോ? ഒറ്റയടിക്ക് അത് ചെയ്യാനാവില്ല. കാരണം അങ്ങനെ ചെയ്താല്‍ മൂന്ന് പതിറ്റാണ്ടിലധികംകാലം ഉപ്പുവെള്ളം എത്താതിരുന്ന പ്രദേശത്തേക്ക് പൊടുന്നനവേ ഉപ്പുവെള്ളം എത്തുന്ന സ്ഥിതിയുണ്ടാകും. അതുവഴി ബണ്ടിന്റെ നിര്‍മ്മാണത്തിനുമുമ്പുള്ള സ്ഥിതി പുന:സ്ഥാപിക്കാം എന്ന് കരുതുന്നത് ശരിയായിരിക്കില്ല. കാരണം കഴിഞ്ഞ 33 വര്‍ഷങ്ങള്‍കൊണ്ട് ഉപ്പുവെള്ളം എത്താത്തതുമൂലമുള്ള ഒരു സവിശേഷ പരിതഃസ്ഥിതി ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. ഈ പരിതഃസ്ഥിതിയിലേക്ക് പൊടുന്നനേ ഉപ്പുവെള്ളം എത്തിയാല്‍ അത് എന്തുമാറ്റം ഉണ്ടാക്കുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. അതുകൊണ്ടാണ് പരീക്ഷണാര്‍ത്ഥം ഒരു നിശ്ചിതകാലത്തേക്ക് ബണ്ട് തുറന്നിടണമെന്നും അപ്പോഴത്തെ അനുഭവങ്ങള്‍ പഠനവിധേയമാക്കി തുടര്‍ തീരുമാനമെടുക്കണം എന്നും പറയുന്നത് . തുറന്നിടുന്നത് തുടര്‍ച്ചയായി മൂന്നുകൊല്ലം വേണമെന്നും എങ്കില്‍ മാത്രമേ ശാസ്ത്രീയപഠനം സാദ്ധ്യമാകുകയുള്ളൂ എന്നും കരുതുന്നവരുണ്ട്.

അപ്പോള്‍ കര്‍ഷകരുടെ കാര്യമോ? 15,000 ഹെക്ടര്‍ (ഒരുപക്ഷേ അതിപ്പോള്‍ കുറഞ്ഞിട്ടുണ്ടാകാം) പുഞ്ച കൃഷി ഉപേക്ഷിക്കണമോ? തീര്‍ച്ചയായും നവമ്പറിലോ അതിനുമുമ്പോ വിത പൂര്‍ത്തിയാക്കുകയാണെങ്കില്‍ ബണ്ട് തുറന്നിരുന്നാല്‍പോലും ഓരുവെള്ളത്തിന്റെ ആധിക്യം അനുഭവപ്പെടുന്നതിനുമുമ്പ് കൊയ്ത്ത് പൂര്‍ത്തിയാക്കാം. അപ്പര്‍ കുട്ടനാട്ടില്‍ നവമ്പറില്‍ വിതയ്ക്കണമെന്ന് ഡോ. സ്വാമിനാഥന്‍ കമ്മിറ്റിയും പറയുന്നു. അതിനുമുമ്പ് നെല്‍പാടങ്ങളുടെ പുറം ബണ്ട് ബലപ്പെടുത്തിയിരിക്കണമെന്നുമാത്രം. ഇതെല്ലാം ചെയ്താലും കര്‍ഷകര്‍ക്ക് ഏതെങ്കിലും തരത്തില്‍ നഷ്ടമുണ്ടായാലോ? അതാണ് നഷ്ടപരിഹാരം സര്‍ക്കാര്‍ വഹിക്കണം എന്നുപറയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഈ നീക്കം തികച്ചും സ്വാഗതാര്‍ഹമാണ്.

*****

ജോജി കൂട്ടുമ്മേല്‍, കടപ്പാട് : ചിന്ത വാരിക

2 comments:

വര്‍ക്കേഴ്സ് ഫോറം said...

തണ്ണീര്‍മുക്കം ബണ്ട് പരീക്ഷണാര്‍ത്ഥം ഒരു വര്‍ഷത്തേക്ക് തുറന്നിടുകയാണെങ്കില്‍ തന്മൂലം കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിച്ചുകൊണ്ട് ബണ്ട് തകര്‍ക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ആലോചനകള്‍ നടക്കുന്നു എന്ന മാധ്യമവാര്‍ത്തകള്‍ പ്രസ്തുത ബണ്ടിനെക്കുറിച്ചുള്ള പുതിയ ചില ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. വേമ്പനാട് കായലിന്റെ ഇരുകരകളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു റഗുലേറ്റര്‍ ആണ് ഈ ബണ്ട്. ആലപ്പുഴ ജില്ലയിലെ തണ്ണീര്‍മുക്കവും കോട്ടയം ജില്ലയിലെ വെച്ചൂരും ബണ്ടിന്റെ അതിര്‍ത്തികളാണ്. ഏതാണ്ട് 1250 മീറ്റര്‍ നീളമുണ്ട് ഇതിന്. വേനല്‍ക്കാലത്ത് കടലില്‍നിന്നുള്ള ഉപ്പുവെള്ളം കായലിന്റെ തെക്കന്‍ ഭാഗത്തേക്ക് കടന്നുകയറുന്നത് തടഞ്ഞ് കുട്ടനാട്ടില്‍ രണ്ടാംകൃഷി സാദ്ധ്യമാക്കുകയായിരുന്നു ബണ്ടിന്റെ ലക്ഷ്യം. ഇതനുസരിച്ച് ബണ്ട് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ 23500 ഹെക്ടര്‍ സ്ഥലത്ത് വൃശ്ചികത്തില്‍ രണ്ടാംകൃഷി ആരംഭിക്കാം. ലക്ഷ്യമിട്ട 23500 ഹെക്ടര്‍ സാദ്ധ്യമായില്ലെങ്കിലും ഇന്ന് കുട്ടനാട്ടില്‍ 12,000-15,000 ഹെക്ടര്‍ സ്ഥലത്ത് രണ്ട് കൃഷി സാദ്ധ്യമാകുന്നുണ്ട്.

★ Shine said...

പരിസ്ഥിതിക്കു വലിയ ഭീഷണിയാവുന്നതിനു മുൻപു തന്നെ തണ്ണീർ മുക്കം ബണ്ട്‌ പരീക്ഷണാടിസ്ഥാനത്തിൽ തുറന്നിടുന്നതു തന്നെ നല്ലത്‌. കർഷകർക്കു നക്ഷ്ടപരിഹാരം എന്ന ആശയം മാറ്റിവെച്ച്‌, മത്സ്യ്കൃഷിക്കു ധനസഹായം നൽകുകയും, ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നതായിരിക്കും കൂടുതൽ ഉചിതം. അതുകൂടാതെ കുറച്ചു കിഴക്കുള്ള ഭാഗങ്ങളിൽ ചെറിയ തടയണകൾ സർക്കാർ തന്നെ പണിത്‌ നെൽകൃഷിക്കു അനുയോജ്യമായ സാഹചര്യം ഒരുക്കണം.

കാർഷിക-വ്യവസായിക വിദഗ്ധരും, പ്രദേശത്തെ കർഷകരുമടങ്ങിയ ഒരു സമിതിയെ സാഹചര്യങ്ങൾ പഠിച്ചു report തയ്യാരാക്കാൻ ഏൽപ്പിക്കുകയും, സമിതിയുടെ നിർദേശങ്ങൾ നടപ്പിൽ വരത്തുകയും ചെയ്യുന്നതാണു അഭിലഷണീയം.