1950 കളില്‍ സിഐഎ ഫണ്ടുപയോഗിച്ച് മനഃശാസ്ത്രരംഗത്ത് ഗവേഷണം നടത്തിയ ഡോ. ഇവാന്‍ കാമറോണ്‍, രോഗനിര്‍ണയത്തിലെ ഫ്രോയിഡിയന്‍ രീതികളെയും സിദ്ധാന്തത്തെയും നിരാകരിച്ചു. രോഗികളുടെ പെരുമാറ്റത്തില്‍ കാതലായ മാറ്റങ്ങളുണ്ടാക്കാനുള്ള ഒരേയൊരുവഴി, മനസ്സിനകത്തു പ്രവേശിച്ച്, പഴയ രോഗാത്മക മാതൃകയെ തകര്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ തകര്‍ക്കലിലൂടെ പഴയ വ്യക്തിത്വത്തെ അപ്പാടെ ഇല്ലാതാക്കാനും അനുസരണശീലമുള്ള പുതിയ വ്യക്തിത്വത്തെ സൃഷ്ടിക്കാനും കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുകയും ചെയ്തു. അതിനുയോഗിച്ച മാര്‍ഗം ഷോക്ക് ചികിത്സയായിരുന്നു. മനുഷ്യ മസ്തിഷ്കത്തില്‍, ഷോക്കുകളുടെ പരമ്പരയിലൂടെ നിരന്തരമായ ആക്രമണം നടത്തി പുതിയ വ്യക്തിത്വങ്ങളെ സൃഷ്ടിക്കാന്‍ കഴിയുമെന്നു തെളിയിക്കാന്‍ കാമറോണ്‍ ശ്രമിച്ചിരുന്നു.
2005ലെ കത്രീന കൊടുങ്കാറ്റില്‍, അമേരിക്കയിലെ ന്യൂ ഓര്‍ലീന്‍സ് നഗരം തകര്‍ന്നു തരിപ്പണമായിരുന്നു. മഹാഭൂരിപക്ഷവും കറുത്തവര്‍ഗക്കാര്‍ അധിവസിച്ചിരുന്ന നഗരം അക്ഷരാര്‍ഥത്തില്‍ ശ്മശാനമായി. മില്‍ട്ടന്‍ ഫ്രീഡ്മാന്‍ 93-ാം വയസ്സിലും തന്റെ പ്രത്യയശാസ്ത്രത്തോടുള്ള കൂറ് കൈവിട്ടിരുന്നില്ല. ദുരന്തം കണ്ട്, അദ്ദേഹം പറഞ്ഞു: "ന്യൂ ഓര്‍ലീന്‍സിലെ വിദ്യാലയങ്ങളാകെ തകര്‍ന്നടിഞ്ഞിരിക്കുന്നു. അതുപോലെത്തന്നെ, വിദ്യാര്‍ഥികളുടെ വീടുകളും. ഇതൊരു ദുരന്തംതന്നെ. ഒപ്പം വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിക്കാനുള്ള അവസരംകൂടിയാണിത്''. ഈ ചിന്ത, വലതുപക്ഷ ബുദ്ധിജീവികളും മാധ്യമങ്ങളും ഏറ്റെടുക്കുകയും ജോര്‍ജ് ബുഷ് അവരെ അനുസരിക്കുകയും ചെയ്തതോടെ ന്യൂ ഓര്‍ലീന്‍സിലെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് കോടിക്കണക്കിന് ഡോളര്‍ സ്വകാര്യമേഖലയിലേക്കൊഴുകി. വിദ്യാഭ്യാസമേഖലയിലെ പരിഷ്കാരങ്ങള്‍ നടപ്പാക്കിയതോടെ ന്യൂഓര്‍ലീന്‍സിലെ പൊതുവിദ്യാലയങ്ങളുടെ എണ്ണം 123ല്‍നിന്ന് രണ്ടുവര്‍ഷത്തിനകം നാലായി. പകരം 31 ചാര്‍ട്ടേഡ് സ്കൂളുകള്‍ സ്ഥാനംപിടിച്ചു. വന്‍തുക ഫീസ് നല്‍കി പഠിക്കേണ്ടിവരുന്ന വന്‍കിട സ്വകാര്യവിദ്യാലയങ്ങളായിരുന്നു അവ. 93-ാം വയസ്സിലെ തന്റെ ഇതേ ചിന്തകള്‍തന്നെയാണ്, മൂന്നിലേറെ ദശകംമുമ്പ്, ഫ്രീഡ്മാന്‍, തീവ്രതയോടെ ചിലിയില്‍ നടപ്പാക്കിയത്. 1973ല്‍ ചിലിയില്‍ നടന്ന പട്ടാള അട്ടിമറി മൂന്നുതരം ഷോക്ക് ചികിത്സയാണ് നല്‍കിയതെന്നാണ്, നവോമി ക്ളെയിന്‍, തന്റെ പുതിയ പുസ്തകമായ 'ഷോക്ക് ഡോക്ട്രീന്‍' എന്ന കൃതിയില്‍ പറയുന്നത്. പ്രകൃതിയുടേതാവട്ടെ മനുഷ്യനിര്‍മിതമാവട്ടെ, ദുരന്തങ്ങളെ എങ്ങനെയാണ് മുതലാളിത്തം ലാഭനിര്‍മാണത്തിനുപയോഗിക്കുന്നതെന്ന് പുസ്തകം തെളിയിക്കുന്നുണ്ട്.
ചിലയിലെ ജനതയ്ക്ക് മുതലാളിത്തം നല്‍കിയ ഷോക്ക് ചികിത്സയില്‍ ഒന്നാമത്തേത് പട്ടാള അട്ടിമറിയായിരുന്നു. അതിന്റെ സ്വാഭാവിക ഫലമായുണ്ടായതാണ് രണ്ടും മൂന്നും ഷോക്കുകള്‍. ഫ്രീഡ്മാന്റെ സാമ്പത്തിക ചികിത്സയായിരുന്നു രണ്ടാമത്തെ ഷോക്ക് എങ്കില്‍, അതിനെ അതിജീവിക്കാന്‍ മനുഷ്യമനസ്സുകളെ പാകപ്പെടുത്തിയെടുക്കുന്ന ഇവാന്‍ കാമറോണിന്റെ യഥാര്‍ഥ ഷോക്ക് ചികിത്സയുടെ ഭാഗമായ, അതിക്രൂരമായ പീഡനങ്ങളായിരുന്നു മൂന്നാമത്തേത്. ഇവയും മുതലാളിത്ത വളര്‍ച്ചയും തമ്മില്‍ ഇഴപിരിയാനാവാത്ത ബന്ധമുണ്ട്. പീഡനത്തിന്റെ പലതരം പരീക്ഷണങ്ങള്‍ ദുരന്തത്തിനിടയിലൂടെയുള്ള മുതലാളിത്തത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമായിട്ടേയുള്ളൂ. ആ വളര്‍ച്ചയുടെ യുക്തികളിലേക്കും ബന്ധങ്ങളിലേക്കും വെളിച്ചംവീശുന്നതാണ് 'ഷോക്ക് ഡോക്ട്രിന്‍'.
അട്ടിമറിയെത്തുടര്‍ന്ന് ചിലിയില്‍ അരങ്ങേറിയത്, ഭീകരതയുടെ ഷോക്ക് ചികിത്സയായിരുന്നു. സോഷ്യലിസ്റ്റ് പ്രസിഡന്റായിരുന്ന സാല്‍വദോര്‍ അലന്‍ദെയുടെ കൊട്ടാരത്തിന് ബോംബിട്ടുകൊണ്ടാണ്, പിനോഷെ അധികാരം പിടിച്ചടക്കുന്നത്. രാജിവയ്ക്കാനുള്ള പട്ടാളക്കാരുടെ ആവശ്യം അലന്‍ദെ നിരാകരിച്ചു. ചിലയില്‍ സോഷ്യലിസം കെട്ടിപ്പടുക്കാന്‍ ശ്രമിച്ച അദ്ദേഹം കൊല്ലപ്പെട്ടു. ആയിരക്കണക്കിന് മനുഷ്യരാണ് പട്ടാള അട്ടിമറിയെത്തുടര്‍ന്നു മരിച്ചത്. മാര്‍ക്സിസത്തിന്റെ ക്യാന്‍സര്‍ തുടച്ചുനീക്കാനാണത്രേ തൊഴിലാളികള്‍ തുടച്ചുനീക്കപ്പെട്ടത്. 5000 മനുഷ്യരെ, ചിലിയിലെ സ്റ്റേഡിയത്തിലിട്ട് പീഡിപ്പിച്ചുകൊന്നതിനെക്കുറിച്ച് പ്രശസ്ത ഗായകനും കവിയുമായിരുന്ന വിക്ടര്‍ ജാറ, 'ചിലിയിലെ സ്റ്റേഡിയം' എന്ന തന്റെ അവസാനത്തെ കവിതയില്‍ വിവരിക്കുന്നുണ്ട്. പീഡനത്തിന്റെയും വേട്ടയാടലിന്റെയും നീണ്ട പരമ്പരയായിരുന്നു പിന്നീടങ്ങോട്ട്. ലക്ഷത്തിലേറെ പേര്‍ തടവിലാക്കപ്പെട്ടു. രണ്ടുലക്ഷത്തിലേറെപ്പേര്‍ രാജ്യം വിട്ടുപോയി. നാഷണല്‍ സ്റ്റേഡിയത്തില്‍, ഫുട്ബോളിന്റെ സ്ഥാനം മരണം ഏറ്റെടുത്തു.
ചിലിയന്‍ ജനതയ്ക്ക് സാമ്പത്തിക ഷോക്കുകൂടി നല്‍കപ്പെട്ടു. ഒരു തടസ്സവുമില്ലാത്ത മുതലാളിത്തത്തിന് ചിലി പരീക്ഷണശാലയായി. ബാങ്കുകളടക്കം അറുന്നൂറിലേറെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കപ്പെട്ടു. ഊഹക്കച്ചവടത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്തുന്നതിന് വാതിലുകള്‍ തുറന്നു. ഇറക്കുമതി നിയന്ത്രണങ്ങള്‍ നീക്കിയതോടെ വിദേശ ഉല്‍പ്പന്നങ്ങള്‍ വിപണി കീഴടക്കി. സബ്സിഡികള്‍ പൂര്‍ണമായും നീക്കംചെയ്യുകയും വിലനിയന്ത്രണം എടുത്തുകളയുകയുമുണ്ടായി. ചുരുങ്ങിയ നാള്‍കൊണ്ട് സ്വതന്ത്രകമ്പോളം, ചിലിയെ പിന്നോക്കം പിടിച്ചുവലിച്ചു. പണപ്പെരുപ്പം 375 ശതമാനമായി. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു. തൊഴിലില്ലായ്മ പെരുകി. തദ്ദേശ വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. പട്ടിണിയും ദാരിദ്യ്രവും വേട്ടയാടി.
സോവിയറ്റ് യൂണിയന്റെ തിരോധാനത്തോടെ ശത്രുവിനെ നഷ്ടമായ സാമ്രാജ്യത്വത്തിന് ലോകപൊലീസ് കളിക്കാനുള്ള പുതിയ ശത്രുവാണ് ഭീകരവാദം. ഭീകരാക്രമണങ്ങള്‍ നല്‍കുന്ന ഞെട്ടലും വിസ്മയവും കലര്‍ന്ന ചികിത്സ, നവ ലിബറലിസത്തിന് തഴച്ചുവളരാനുള്ള മണ്ണാണ്. തൊഴിലില്ലായ്മ വളരുന്നത്, ചൂഷണവും കര്‍ഷക ആത്മഹത്യകളും പെരുകുന്നത്, വിലകള്‍ വര്‍ധിക്കുന്നത്, ഭക്ഷ്യസുരക്ഷിതത്വം നഷ്ടപ്പെടുന്നത്, പൊതുമേഖലകള്‍ സ്വകാര്യവല്‍ക്കരിക്കപ്പെടുന്നത് തുടങ്ങിയ പ്രധാന വിഷയങ്ങളൊക്കെയും ഈ ഞെട്ടലിന്റെ ഫലമായി വിസ്മരിക്കപ്പെടുന്നു.
ഇസ്ളാമിക ഭീകരവാദവും സാമ്രാജ്യത്വവും അന്യോന്യം സഹായിച്ചു മുന്നേറുകയാണെന്ന് സമീര്‍ അമീന്‍ നിരീക്ഷിച്ചിട്ടുണ്ട്. ഭീകരവാദികള്‍ മറിച്ചു പറയുന്നുണ്ടെങ്കില്‍ത്തന്നെയും, രാഷ്ട്രീയ ഇസ്ളാം ഒട്ടും സാമ്രാജ്യത്വവിരുദ്ധമല്ല. അവര്‍ സാമ്രാജ്യത്വത്തിന് വിലമതിക്കാനാവാത്ത സഖ്യകക്ഷിയാണ്.
1985ല്‍ റൊനാള്‍ഡ് റെയ്ഗന്‍, അഫ്ഗാന്‍ മുജാഹിദീന്‍ ഗറില്ലകളെ വൈറ്റ്ഹൌസില്‍ സ്വീകരിച്ച് പത്രക്കാര്‍ക്ക് പരിചയപ്പെടുത്തുകയുണ്ടായി. അമേരിക്കയുടെ രാഷ്ട്രപിതാക്കള്‍ക്ക് സമന്മാരായ സോവിയറ്റ് യൂണിയന്‍ എന്ന 'ദുഷ്ട സാമ്രാജ്യ'ത്തിനെതിരെ പോരടിക്കുന്ന സ്വാതന്ത്യ്രസമര പോരാളികളായാണ് അവരെ റെയ്ഗന്‍ വിശേഷിപ്പിച്ചത്. തങ്ങള്‍ ഏതാനും വര്‍ഷംമുമ്പ്, ജോര്‍ജ് വാഷിങ്ടണിനും തോമസ് ജെഫേഴ്സണിനും തുല്യരായി കണക്കാക്കിയിരുന്ന ഒസാമ ബിന്‍ലാദനെയും കൂട്ടരെയും വധിക്കുന്നതിന് 1998 ആഗസ്തില്‍ ഇന്ത്യാ മഹാസമുദ്രത്തിലെ അമേരിക്കന്‍ നാവികസേനയുടെ കപ്പലില്‍നിന്ന് മിസൈല്‍ അയച്ചത് ഇതേ സാമ്രാജ്യത്വംതന്നെയായിരുന്നുവെന്ന് പ്രശസ്ത പാകിസ്ഥാനി ചിന്തകന്‍ ഇഖ്ബാല്‍ അഹമ്മദ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ('വാര്‍ ഓണ്‍ ടെറര്‍').
ഭയത്തിന്റെ ഈ കെട്ടഴിച്ചുവിടലാണ് ഫ്രീഡ്മാന്റെ സാമ്പത്തിക ഷോക്ക് ചികിത്സക്ക് അടിത്തറയായത്. ആ പ്രത്യയശാസ്ത്രത്തെക്കുറിച്ച് നവോമി പറയുന്നു: "മനുഷ്യമനസ്സിനെ പുതിയ അവസ്ഥയിലേക്ക് കൊണ്ടുപോകുന്നതിനെ കാമറോണ്‍ സ്വപ്നംകണ്ടപ്പോള്‍, ഫ്രീഡ്മാന്‍ സ്വപ്നംകണ്ടത് സമൂഹങ്ങളെ ഡീപാറ്റേണ്‍ ചെയ്യാനും സര്‍ക്കാര്‍ ഇടപെടലുകളില്‍നിന്നും നിയന്ത്രണങ്ങളില്‍നിന്നും തീര്‍ത്തും മുക്തമായ മുതലാളിത്ത വ്യവസ്ഥയെക്കുറിച്ചായിരുന്നു. സമ്പദ്ഘടന വലിയതോതില്‍ വക്രീകൃതമാകുമ്പോള്‍, പൂര്‍വകാലസ്ഥിതിയിലേക്ക് തിരിച്ചെത്താനുള്ള ഒരേയൊരു വഴി, ബോധപൂര്‍വം വേദനാജനകമായ ഷോക്കുകള്‍ നല്‍കുക എന്നതാണെന്ന് കാമറോണിനെപ്പോലെ ഫ്രീഡ്മാനും വിശ്വസിച്ചു. കടുപ്പമേറിയ മരുന്നിനേ ഈ വക്രീകരണത്തെയും ചീത്ത മാതൃകകളെയും നീക്കാന്‍ കഴിയൂ. ഷോക്ക് നല്‍കുന്നതിന് കാമറോണ്‍ വൈദ്യുതി ഉപയോഗിച്ചപ്പോള്‍, ഫ്രീഡ്മാന്‍ തെരഞ്ഞെടുത്ത ഉപകരണം നയമായിരുന്നു.''
സാമ്പത്തികതകര്‍ച്ചയില്‍ നട്ടംതിരിയുന്ന അമേരിക്ക, വളരെ പെട്ടെന്നൊന്നും കരകയറാന്‍ കഴിയാത്ത തരത്തില്‍ ദുര്‍ബലപ്പെട്ടിരിക്കുന്നു. ചെറുതും വലുതുമായ ബാങ്കുകളുടെ തകര്‍ച്ച തുടര്‍ക്കഥയാവുകയാണ്. 2009ല്‍ മാത്രം 136 ബാങ്കുകളാണ് തകര്‍ന്നത്.
മാന്ദ്യം അവസാനിച്ചുവെന്നും വളര്‍ച്ചയുടെ നാളുകള്‍ തിരികെവരുന്നുവെന്നും ശക്തിയായ പ്രചാരം നടക്കുന്നുണ്ട്. യാഥാര്‍ഥ്യം വ്യത്യസ്തമാണെന്ന് പോള്‍ ക്രുഗ്മാന്‍ എഴുതി: "എന്താണവശേഷിക്കുന്നത്? ഇപ്പോള്‍ നിക്ഷേപത്തിലുണ്ടാകുന്ന സമൃദ്ധി സഹായകരമായിരിക്കും. അത് എവിടെനിന്നു വരുമെന്ന് കാണാന്‍ പ്രയാസം. വ്യവസായം അമിതശേഷിയില്‍ പൊങ്ങിക്കിടക്കുന്നു. ഓഫീസ്മുറികള്‍ വന്‍തോതില്‍ ഒഴിഞ്ഞുകിടക്കുന്നതുകൊണ്ട് വാടകയെന്നത് തകര്‍ന്നുകൊണ്ടേയിരിക്കുന്നു. അതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള നല്ല സാമ്പത്തികവാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ടെങ്കില്‍ അത് താല്‍ക്കാലികം മാത്രമാണ്. അത് നമ്മള്‍ സ്ഥിരമായ വളര്‍ച്ചയുടെ പാതയിലാണെന്നതിന്റെ സൂചനയല്ല.''
ഇന്ത്യന്‍ജനത ഭീകരതയുടെ ഷോക്ക് ചികിത്സക്ക് വിധേയമായിക്കൊണ്ടേയിരിക്കുന്നു. ഭരണകൂടമാവട്ടെ, വിധേയത്വം ആഘോഷിക്കുന്നു. ഇ പി ശ്രീകുമാറിന്റെ 'ദാസ്യരസം' എന്ന കഥയില്‍നിന്ന്: "അധീനതയെ, വിധേയത്വത്തെ ആസ്വദിക്കാന്‍ പഠിക്കുക, പരിശീലിക്കുക. ക്രമേണ അത് നിങ്ങള്‍ക്ക് ആഘോഷിക്കാനാവും.''
*
സി ബി വേണുഗോപാല്‍ കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്
Subscribe to:
Post Comments (Atom)
4 comments:
1950 കളില്‍ സിഐഎ ഫണ്ടുപയോഗിച്ച് മനഃശാസ്ത്രരംഗത്ത് ഗവേഷണം നടത്തിയ ഡോ. ഇവാന്‍ കാമറോണ്‍, രോഗനിര്‍ണയത്തിലെ ഫ്രോയിഡിയന്‍ രീതികളെയും സിദ്ധാന്തത്തെയും നിരാകരിച്ചു. രോഗികളുടെ പെരുമാറ്റത്തില്‍ കാതലായ മാറ്റങ്ങളുണ്ടാക്കാനുള്ള ഒരേയൊരുവഴി, മനസ്സിനകത്തു പ്രവേശിച്ച്, പഴയ രോഗാത്മക മാതൃകയെ തകര്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ തകര്‍ക്കലിലൂടെ പഴയ വ്യക്തിത്വത്തെ അപ്പാടെ ഇല്ലാതാക്കാനും അനുസരണശീലമുള്ള പുതിയ വ്യക്തിത്വത്തെ സൃഷ്ടിക്കാനും കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുകയും ചെയ്തു. അതിനുയോഗിച്ച മാര്‍ഗം ഷോക്ക് ചികിത്സയായിരുന്നു. മനുഷ്യ മസ്തിഷ്കത്തില്‍, ഷോക്കുകളുടെ പരമ്പരയിലൂടെ നിരന്തരമായ ആക്രമണം നടത്തി പുതിയ വ്യക്തിത്വങ്ങളെ സൃഷ്ടിക്കാന്‍ കഴിയുമെന്നു തെളിയിക്കാന്‍ കാമറോണ്‍ ശ്രമിച്ചിരുന്നു.
"അധീനതയെ, വിധേയത്വത്തെ ആസ്വദിക്കാന്‍ പഠിക്കുക, പരിശീലിക്കുക. ക്രമേണ അത് നിങ്ങള്‍ക്ക് ആഘോഷിക്കാനാവും”
ഹ ഹ ഹാ.... ഇതു കഥയില്‍ നിന്നുള്ള ക്വോട്ടോ അതോ വിജയേട്ടന്‍ അണികള്‍ക്കയച്ച സര്‍ക്കുലറോ....
തട്ടിപ്പ് ലേഖനം. Naomi Klein ന്റെ പുസ്തകത്തില്‍നിന്നുള്ള ഉള്ളടക്കം സ്വന്തം കണ്ടുപിടിത്തം പോലെ അവതരിപ്പിച്ചിരിക്കുന്നു. ക്ലെയിനിന്റെ പുസ്തകത്തില്‍നിന്നുള്ള കാര്യങ്ങളാണ് ലേഖനത്തിന്റെ വലിയ ഭാഗവും. അതുപക്ഷേ മറച്ചുവെച്ചിരിക്കുന്നു. ഒന്നോരണ്ടോ കാര്യങ്ങള്‍ മാത്രം ക്ലെയിനിന് ആട്രിബ്യൂട്ട് ചെയ്തിരിക്കുന്നു. ആദ്യ ഖണ്ഡിക വായിച്ചാല്‍ തോന്നും അതൊക്കെ സി ബി വേണുഗോപാലിന്റെയാണെന്ന്.
രാജേട്ടന്‍, രമേശേട്ടന്‍, ചാണ്ടിയെട്ടന്‍, നിത്യാനന്ദ സാമി, മാത്തുച്ചായന്‍, വീരേട്ടന്‍,മര്‍ഡോക്ക് എല്ലാരും അയക്കുമ്പോ പാവം വിജയേട്ടനും അയച്ചോട്ടെടോ സര്‍ക്കുലര്‍.
Post a Comment