Tuesday, March 16, 2010

ആണവ മാരണബില്‍

ഭോപാല്‍ വാതക ദുരന്തത്തിന്റെ മുറിവുകള്‍ ഇന്നും ഉണങ്ങിയിട്ടില്ല. ചെര്‍ണോബില്‍, ത്രിമൈല്‍ ഐലന്‍ഡ് ദുരന്തത്തിന്റെ ആഘാതവും പെട്ടെന്നൊന്നും മനുഷ്യമനസ്സില്‍നിന്ന് മാഞ്ഞുപോകില്ല. ഈ ഘട്ടത്തിലാണ് അതില്‍നിന്നൊന്നും ഒരു പാഠവും ഉള്‍ക്കൊള്ളാതെ അമേരിക്കയുടെ ദല്ലാളായി പ്രവര്‍ത്തിക്കുന്ന യുപിഎ സര്‍ക്കാര്‍ ആണവദുരന്തത്തിന്റെ നിയമപരമായ ഉത്തരവാദിത്തത്തില്‍നിന്നും നഷ്ടപരിഹാരത്തില്‍നിന്നും വിദേശറിയാക്ടര്‍(അമേരിക്കന്‍) കമ്പനികളെ പൂര്‍ണമായി ഒഴിവാക്കുന്ന നിയമനിര്‍മാണത്തിന് തുനിയുന്നത്. റഷ്യയും ഫ്രാന്‍സും മറ്റും ഇത്തരമൊരു നിയമനിര്‍മാണത്തിന് ഇന്ത്യയെ നിര്‍ബന്ധിക്കുന്നില്ലെന്നത് എടുത്തുപറയേണ്ടതുണ്ട്. മാത്രമല്ല, അവര്‍ സമ്പൂര്‍ണ ആണവ സഹകരണത്തിന് തയ്യാറാണുതാനും. പുനഃസംസ്കരണം, സമ്പുഷ്ടീകരണം, ഘനജല നിര്‍മാണം എന്നിവയുടെ സാങ്കേതികവിദ്യയും സംവിധാനങ്ങളും നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചെന്നു മാത്രമല്ല ഇന്ത്യയുടെ സ്വപ്നമായ ഇന്ധന കോപ്ളക്സടക്കം നിര്‍മിച്ച് നല്‍കാന്‍ തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ കഴിഞ്ഞാഴ്ച നടത്തിയ ഇന്ത്യന്‍ സന്ദര്‍ശനവേളയില്‍ ഉറപ്പ് നല്‍കി. മേല്‍പ്പറഞ്ഞ ഒറ്റക്കാര്യത്തില്‍പ്പോലും അമേരിക്ക ഇന്ത്യക്ക് വാഗ്ദാനം നല്‍കിയ സഹകരണം യാഥാര്‍ഥ്യമാക്കിയിട്ടില്ല.

അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഇന്ധനം പുനഃസംസ്കരിക്കാന്‍ അമേരിക്ക അനുവാദം നല്‍കുമെന്ന് 2007 ആഗസ്ത് 13ന് പ്രധാനമന്ത്രി ലോക്സഭയില്‍ ഉറപ്പ് നല്‍കിയെങ്കിലും അത് സംബന്ധിച്ച് ഒരു ധാരണയിലും ഇതുവരെയും എത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ നവംബറില്‍ പ്രധാനമന്ത്രി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ അനുഗമിച്ച അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍ പറഞ്ഞത് പത്ത് ദിവസത്തിനകം ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവയ്ക്കുമെന്നായിരുന്നു. ഇനിയും ഒപ്പുവച്ചിട്ടില്ല. അമേരിക്കന്‍ വിദേശവകുപ്പ് അടുത്തയിടെ കോണ്‍ഗ്രസിന് രേഖാമൂലം നല്‍കിയ ഉറപ്പില്‍ പറയുന്നത് പുനഃസംസ്കരണത്തിന് ശാശ്വതമായി അധികാരം നല്‍കാനുള്ള നീക്കത്തില്‍നിന്ന് പിന്‍വാങ്ങാനുള്ള അധികാരം അമേരിക്കയ്ക്ക് ഉണ്ടാകുമെന്നാണ്. നാല്‍പത് വര്‍ഷം മുമ്പ് താരാപ്പുര്‍ നിലയത്തിനു വേണ്ടി അമേരിക്കയില്‍ നിന്ന് ഇറക്കുമതിചെയ്ത യുറേനിയം ഇന്നും പുനഃസംസ്കരിക്കാന്‍ ഇന്ത്യക്ക് അനുവാദം ലഭിച്ചിട്ടില്ലെന്ന കയ്പേറിയ അനുഭവം തുടരുമെന്നര്‍ഥം.

എന്നിട്ടും അമേരിക്കന്‍ കുത്തകകള്‍ക്ക് തടിച്ചുകൊഴുക്കാന്‍ ഇന്ത്യന്‍ പരമാധികാരത്തെപ്പോലും പണയംവച്ച് ആണവബാധ്യതാ നിയമം ഇന്ത്യ അംഗീകരിക്കുകയാണ്. വിദേശ(അമേരിക്കന്‍)റിയാക്ടര്‍ കമ്പനികളെ നിയമപരമായ ബാധ്യതയില്‍നിന്ന് ഒഴിവാക്കുന്നതാണ് നിയമം. നിയമത്തിലെ ഏഴാം വകുപ്പനുസരിച്ച് നിയമപരമായ ബാധ്യത മുഴുവന്‍ ഓപ്പറേറ്റര്‍ക്കും കേന്ദ്രസര്‍ക്കാരിനുമാണ്. റിയാക്ടര്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്ക് ബാധ്യതയില്ലെന്നര്‍ഥം. ഇന്ത്യയെ സംബന്ധിച്ച് ഓപ്പറേറ്ററും സര്‍ക്കാരും ഒന്നുതന്നെയാണ്. ആണവരംഗത്ത് നേരിട്ട് സ്വകാര്യമേഖലയെ അനുവദിക്കാന്‍ 1962 ലെ ഇന്ത്യന്‍ ഊര്‍ജനിയമത്തില്‍ ഭേദഗതി വരുത്താത്തത് കൊണ്ടുതന്നെ(ഈ ഭേദഗതിയും ഉടന്‍ പ്രതീക്ഷിക്കാം) ന്യൂക്ളിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്(എന്‍പിസിഐഎല്‍) ആണ് ഇന്ത്യയിലെ ഓപ്പറേറ്റര്‍. പുതിയ നിയമമനുസരിച്ച് ഓപ്പറേറ്റര്‍മാര്‍ നല്‍കേണ്ട നഷ്ടപരിഹാരത്തുക 500 കോടി രൂപ മാത്രമാണ്. ഇത് അമേരിക്കന്‍ സ്വകാര്യ കമ്പനികളില്‍നിന്ന് ഈടാക്കാന്‍ എന്‍പിസിഐഎല്ലിന് കഴിയും. നല്‍കിയില്ലെങ്കില്‍ കേസ് കൊടുക്കാനും കഴിയും. ദുരന്തബാധിതര്‍ക്ക് നേരിട്ട് അമേരിക്കന്‍ കമ്പനികളെ കോടതിയില്‍ ചോദ്യം ചെയ്യാനാവില്ല എന്നര്‍ഥം.

അമേരിക്കന്‍ കമ്പനികളുടെ പാളിച്ചകൊണ്ട് ദുരന്തമുണ്ടായാല്‍ത്തന്നെ നഷ്ടപരിഹാരം നല്‍കേണ്ടത് തുച്ഛമായ തുകമാത്രമാണെന്ന് വ്യക്തം. ബാക്കി തുക കേന്ദ്രസര്‍ക്കാരാണ് നല്‍കേണ്ടത്. കേന്ദ്രസര്‍ക്കാര്‍ നല്‍കേണ്ട തുകയെത്രയെന്ന് ബില്‍ നിശ്ചയിക്കുന്നുണ്ട്. നഷ്ടപരിഹാരത്തിന്റെ പരിധി 458 ദശലക്ഷം ഡോളറായിരിക്കും. ഏകദേശം 2200 കോടി രൂപ. ആണവനിലയങ്ങളുടെ നടത്തിപ്പുകാരും സര്‍ക്കാരും ചെലവാക്കേണ്ട തുകയാണിത്. ഇന്ത്യയെ സംബന്ധിച്ച് ഇത് മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് നല്‍കേണ്ടത്. അമേരിക്കയില്‍ നഷ്ടപരിഹാരത്തുകയുടെ പരിധി 52000 കോടി രൂപയാണ്. പ്രൈസ് ആന്‍ഡേഴ്സ നിയമമനുസരിച്ച് ഇതില്‍ പകുതി തുകയും വഹിക്കേണ്ടത് ഓപ്പറേറ്റര്‍മാരാണ്. ഇന്ത്യയേക്കാള്‍ 23 ഇരട്ടിയാണിത് എന്നര്‍ഥം. ജപ്പാനില്‍ പരിധി 6000 കോടി രൂപയാണെങ്കില്‍ ജര്‍മനിയില്‍ 18000 കോടിരൂപയും ഫ്രാന്‍സില്‍ 12000 കോടി രൂപയും ആണ്. അതായത് ഇന്ത്യ നിശ്ചയിച്ച പരിധി തീര്‍ത്തും തുച്ഛമാണെന്നര്‍ഥം.

ആണവബിസിനസ് കൊഴുക്കണമെങ്കില്‍ ഇത്തരം ഇളവുകള്‍ നല്‍കണമെന്നാണ് സര്‍ക്കാരിന്റെ വാദം. അമേരിക്കന്‍ റിയാക്ടര്‍കമ്പനികളെ സാമ്പത്തികമായ ബാധ്യതയില്‍നിന്ന് മാത്രമല്ല നിയമപരമായ ബാധ്യതയില്‍നിന്നും ഒഴിവാക്കുന്നതാണ് പുതിയ നിയമനിര്‍മാണം. ദുരന്തത്തിന് കാരണക്കാരായ അമേരിക്കന്‍ കമ്പനിയെ അമേരിക്കന്‍ കോടതികളിലോ ഇന്ത്യന്‍ കോടതികളിലോ ചോദ്യം ചെയ്യാനാവില്ല. നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നതിന് ഒരു ക്ളെയിം കമീഷണറുണ്ടാകും. കമീഷനും. ഇവരെടുക്കുന്ന തീരുമാനത്തെ ഒരു സിവില്‍ കോടതിയിലും ചോദ്യം ചെയ്യാനാവില്ലെന്ന് ബില്ലിലെ 35-ാം വകുപ്പ് പറയുന്നു. സുപ്രീംകോടതിയുടെ ഇതുവരെയുള്ള എല്ലാ വിധിന്യായങ്ങളെയും മറികടക്കുന്നതാണ് ഈ വകുപ്പ്. പരമോന്നത നീതിപീഠത്തിന്റെ തത്വമനുസരിച്ച് മലിനീകരിക്കുന്നവര്‍തന്നെ അതിന്റെ കേടും തീര്‍ക്കണമെന്നാണ്. അപകടകരമായ വ്യവസായത്തില്‍ ഏര്‍പ്പെട്ടവര്‍ തന്നെ അതുമൂലമുണ്ടാകുന്ന ദുരന്തത്തിന് നഷ്ടപരിഹാരം നല്‍കണം. എന്നാല്‍, ബില്ലിലെ 5(1) വകുപ്പനുസരിച്ച് ദേശീയ ദുരന്തത്തിന്റെയോ സായുധ ആക്രമണത്തിന്റെയോ ആഭ്യന്തര യുദ്ധത്തിന്റെയോ ഫലമായി ആണവദുരന്തമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം കമ്പനികള്‍ക്കില്ല. 6(2) വകുപ്പനുസരിച്ച് ഓപ്പറേറ്റര്‍മാരുടെ സാമ്പത്തിക ബാധ്യത 500 കോടിയായി നിജപ്പെടുത്തിയതും 7 വകുപ്പനുസരിച്ച് ബാക്കി ബാധ്യത മുഴുവന്‍ കേന്ദ്രസര്‍ക്കാരിനാണെന്ന് പറയുന്നതും സുപ്രീം കോടതിയുടെ വിധികളെ മറികടക്കുന്നതാണ്.
ദുരന്തബാധിതര്‍ നഷ്ടപരിഹാരത്തിനായി 10 വര്‍ഷത്തിനകം ക്ളെയിംകമീഷനെ സമീപിക്കണമെന്നും അല്ലാത്തവര്‍ക്ക് അത് ലഭിക്കില്ലെന്നും ബില്ലിലെ 18-ാം വകുപ്പില്‍ പറയുന്നു. ഇതും കമ്പനികളെ രക്ഷിക്കാനുള്ള ശ്രമംതന്നെ. ആണവ ദുരന്തമുണ്ടായാല്‍ റേഡിയോ ആക്ടീവതയുടെ ഫലമായി ജനിതക വൈകല്യം വരെയുണ്ടാകാം. അതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങാന്‍ വര്‍ഷങ്ങള്‍ എടുക്കും. 10 വര്‍ഷമെന്ന നിബന്ധന അത്തരം ബാധ്യതകളില്‍നിന്ന് ഒഴിവാകാനാണ്. ശുദ്ധ ഊര്‍ജമാണ് ആണവമെന്നും അതിനാലാണ് കാലാവസ്ഥാമാറ്റത്തിന്റെ ഈ യുഗത്തില്‍ ആണവഊര്‍ജത്തിലേക്ക് നീങ്ങുന്നതെന്നുമുള്ള പ്രധാനമന്ത്രിയുടെ വാദം നിലനില്‍ക്കെ ആണവദുരന്തമുണ്ടായാലുള്ള പരിസ്ഥിതിനാശത്തിന് ഒരു പൈസപോലും മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ നിയമത്തിലൂടെ തയ്യാറാവുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഏത് കോണിലൂടെ നോക്കിയാലും ഇന്ത്യന്‍ താല്‍പ്പര്യങ്ങളെ ഹനിക്കുന്നതാണ് ഈ നിയമം.

*
വി ബി പരമേശ്വരന്‍ കടപ്പാട്: ദേശാഭിമാനി

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ഭോപാല്‍ വാതക ദുരന്തത്തിന്റെ മുറിവുകള്‍ ഇന്നും ഉണങ്ങിയിട്ടില്ല. ചെര്‍ണോബില്‍, ത്രിമൈല്‍ ഐലന്‍ഡ് ദുരന്തത്തിന്റെ ആഘാതവും പെട്ടെന്നൊന്നും മനുഷ്യമനസ്സില്‍നിന്ന് മാഞ്ഞുപോകില്ല. ഈ ഘട്ടത്തിലാണ് അതില്‍നിന്നൊന്നും ഒരു പാഠവും ഉള്‍ക്കൊള്ളാതെ അമേരിക്കയുടെ ദല്ലാളായി പ്രവര്‍ത്തിക്കുന്ന യുപിഎ സര്‍ക്കാര്‍ ആണവദുരന്തത്തിന്റെ നിയമപരമായ ഉത്തരവാദിത്തത്തില്‍നിന്നും നഷ്ടപരിഹാരത്തില്‍നിന്നും വിദേശറിയാക്ടര്‍(അമേരിക്കന്‍) കമ്പനികളെ പൂര്‍ണമായി ഒഴിവാക്കുന്ന നിയമനിര്‍മാണത്തിന് തുനിയുന്നത്. റഷ്യയും ഫ്രാന്‍സും മറ്റും ഇത്തരമൊരു നിയമനിര്‍മാണത്തിന് ഇന്ത്യയെ നിര്‍ബന്ധിക്കുന്നില്ലെന്നത് എടുത്തുപറയേണ്ടതുണ്ട്. മാത്രമല്ല, അവര്‍ സമ്പൂര്‍ണ ആണവ സഹകരണത്തിന് തയ്യാറാണുതാനും. പുനഃസംസ്കരണം, സമ്പുഷ്ടീകരണം, ഘനജല നിര്‍മാണം എന്നിവയുടെ സാങ്കേതികവിദ്യയും സംവിധാനങ്ങളും നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചെന്നു മാത്രമല്ല ഇന്ത്യയുടെ സ്വപ്നമായ ഇന്ധന കോപ്ളക്സടക്കം നിര്‍മിച്ച് നല്‍കാന്‍ തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ കഴിഞ്ഞാഴ്ച നടത്തിയ ഇന്ത്യന്‍ സന്ദര്‍ശനവേളയില്‍ ഉറപ്പ് നല്‍കി. മേല്‍പ്പറഞ്ഞ ഒറ്റക്കാര്യത്തില്‍പ്പോലും അമേരിക്ക ഇന്ത്യക്ക് വാഗ്ദാനം നല്‍കിയ സഹകരണം യാഥാര്‍ഥ്യമാക്കിയിട്ടില്ല.

Anonymous said...

അതല്ലേ അന്നേ എടുത്തു ചാടി പിന്തുണ പിന്‍ വലിച്ച്‌ മായാവതിയെയും ദേവ ഗൌഡയെയും ജയലളിതയെയും കൂട്ടുപിടിക്കാന്‍ അവരുടെ പിറകെ നടന്നു
പഠിപ്പു തികയാതെ, എടുത്തു ചാടി സീ പീ എമിനെ ഐ സി യു വില്‍ ആക്കിയത്‌ മണ്ടത്തരം ആണെന്നു വിവരം ഉള്ളവര്‍ പറഞ്ഞത്‌ ഇപ്പോള്‍ മനസ്സിലായില്ലേ

ആരെങ്കിലും ഒരു വ്യവസായം മുതല്‍ മുടക്കാന്‍ ആദ്യം തന്നെ വ്യവ്സായശാല പൊട്ടിത്തെറേിച്ചാല്‍ ഇത്റ കോടീ കൊടുത്തു കൊള്ളാം എന്നു കരാറ്‍ എഴുതി വ്യവസായം തുടങ്ങാന്‍ വരുമോ എന്തിനു ദേശാഭിമാനി ചെയ്യുമോ? ഈ ഭോപാല്‍ സത്യത്തില്‍ ഒരു ലാഭക്കച്ചവടം അല്ലേ? കുറെ പാവങ്ങള്‍ ചത്തു അവറ്‍ ചേരിയില്‍ താമസിച്ചവറ്‍ ആയിരുന്നു അന്നു ഭോപാലില്‍ താമസിച്ചവരെല്ലാം അതിണ്റ്റെ പേരില്‍ നാട്ടില്‍ കിടന്ന അപ്പനെയും അമ്മയെയും ബധുക്കളെയും കൊണ്ടുവന്നു റേഷന്‍ കാറ്‍ഡ്‌ ഉണ്ടാക്കി ലക്ഷങ്ങള്‍ അടിച്ചെടുത്തു ചേരി നിവാസിക്കു കാറ്‍ഡുമില്ല നഷടപരിഹാരവുമില്ല അവനു അഡ്ഡ്റസേ ഇല്ല ഇനിയും കോടീകള്‍ കൊടുക്കാന്‍ കേണ്ട്രത്തില്‍ പണം കെട്ടിക്കിടക്കുന്നു , ചത്തവര്‍ ചത്തു ഈ വ്യവസായ ശാല കണ്ടിട്ടുണ്ടോ? അതിണ്റ്റെ ചുറ്റും ഇപ്പോള്‍ മനുഷ്യറ്‍ ജീവിക്കുന്നു കുട്ടികള്‍ ആ ശാലയില്‍ ക്റിക്കറ്റ്‌ കളിക്കുന്നു വയലാറ്‍ പുന്നപ്റ മറ്റൊരു ഭോപാല്‍ ആയിരുന്നില്ലേ കുറെ പാവങ്ങള്‍ യന്ത്റ തോക്കിനിരയയി വാരികുന്തം കൊണ്ട്‌ യന്ത്റ തോക്കിനെ എതിറ്‍ക്കാന്‍ പോയി അതുകൊണ്ട്‌ ഇത്റ നാള്‍ കമ്യൂണീസം നില നിന്നില്ലേ ഇല്ലേല്‍ പുന്ന പറ യില്‍ വയലാറില്‍ എന്നു മുദ്രാ വാക്യം വിളിക്കാന്‍ പറ്റുമോ?

simy nazareth said...

തല്‍ക്കാലം (ഉദാ: കൂടംകുളത്ത്) ഒരു ആണവദുരന്തം ഉണ്ടായാല്‍ നഷ്ടപരിഹാരം നല്‍കുക എങ്ങനെയാണ് എന്നും കൂടി പറഞ്ഞു തരാമോ? റഷ്യ നിര്‍മ്മിച്ച ഒരു ആണവനിലയം തകര്‍ന്നാല്‍ ഇന്നത്തെ നിലയില്‍ (കൂടംകുളത്ത് അപകടത്തിനിരയാവുന്നവര്‍ക്ക്) റഷ്യ എന്തെങ്കിലും നഷ്ടപരിഹാരം നല്‍കുമോ? ഇങ്ങനെ എന്തെങ്കിലും വ്യവസ്ഥകള്‍ ഇപ്പോഴുണ്ടോ?