Tuesday, March 9, 2010

പുതിയ ചരിത്രം

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ മുഹൂര്‍ത്തത്തിനാണ് ഇന്നലെ രാജ്യസഭ സാക്ഷ്യം വഹിച്ചത്. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് മൂന്നിലൊന്ന് സീറ്റ് സംവരണം ചെയ്യണമെന്നു വ്യവസ്ഥചെയ്യുന്ന ഭരണഘടനയുടെ 108 -ാം ഭേദഗതിക്ക് രാജ്യസഭ അംഗീകാരം നല്‍കി. കക്ഷിരാഷ്ട്രീയത്തിന് അതീതമായി രാജ്യത്തെ വനിതാസംഘടനകള്‍ തുടര്‍ച്ചയായി നടത്തിയ പോരാട്ടമാണ് അന്തിമവിജയം കണ്ടിരിക്കുന്നത്. പ്രധാന ദേശീയപാര്‍ടികളെല്ലാം ബില്ലിനെ പിന്തുണച്ചതാണ് സഹായകരമായത്. സാങ്കേതിക ന്യായങ്ങളും തര്‍ക്കങ്ങളും ഉന്നയിച്ച് ബില്ലിന്റെ അവതരണം നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സമാജ്‌വാദിപാര്‍ടിയുടെയും രാഷ്ട്രീയജനതാദളിന്റെയും ശ്രമത്തെ പരാജയപ്പെടുത്താന്‍ കഴിഞ്ഞത് ഈ ഐക്യംമൂലമാണ്. രാജ്യസഭയുടെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത അപമാനകരമായ ദൃശ്യങ്ങളാണ് ബില്‍ അവതരണവേളയില്‍ അരങ്ങേറിയത്. കടുത്ത നടപടികള്‍ എടുത്തും ബില്‍ പാസാക്കണമെന്ന പ്രധാന രാഷ്ട്രീയപാര്‍ടികളുടെ ദൃഢനിശ്ചയമാണ് ഒടുവില്‍ വിജയിച്ചത്.

ഇടതുപക്ഷത്തിന് നിര്‍ണായക സ്വാധീനമുണ്ടായിരുന്ന ദേവഗൌഡ സര്‍ക്കാരാണ് ആദ്യമായി വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. സ്വാതന്ത്ര്യം കിട്ടി ആറു പതിറ്റാണ്ടിലധികം പിന്നിട്ടിട്ടും രാജ്യത്തെ സ്ത്രീകളുടെ അവസ്ഥ പരിതാപകരമാണ്. ലോകസാമ്പത്തിക ഫോറത്തിന്റെ സ്ത്രീകളുടെ അവസ്ഥയെ സംബന്ധിച്ച കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം 114 മാത്രമാണ്. 134 രാജ്യങ്ങളുടെ പട്ടികയില്‍ ഇത്രയും ദയനീയമായ സ്ഥിതിയിലേക്ക് നമ്മുടെ സ്ത്രീസമൂഹത്തെ തള്ളിയിട്ടതിന് ഉത്തരവാദിത്തം രാജ്യം ഭരിച്ചിരുന്നവര്‍ക്കു മാത്രമാണ്. അധികാരപ്രക്രിയയില്‍ അര്‍ഹമായ പങ്കാളിത്തം ലഭിക്കേണ്ടത് സ്ത്രീകളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് പ്രധാനമാണ്.

വനിതാസംവരണമെന്ന ഏറെക്കാലത്തെ ആവശ്യത്തിന് ആദ്യം പരിഗണന ലഭിക്കുന്നത് പഞ്ചായത്തി രാജ് നിയമഭേദഗതികളോടെയാണ്. പ്രാദേശിക ഭരണസമിതികളില്‍ മൂന്നിലൊന്ന് സീറ്റ് സ്ത്രീകള്‍ക്ക് മാറ്റിവച്ചത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു. ജീവിതത്തിന്റെ പിന്നാമ്പുറങ്ങളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടിരുന്ന നൂറുകണക്കിന് സ്ത്രീകള്‍ പഞ്ചായത്തുമുതല്‍ കോര്‍പറേഷന്‍വരെയുള്ള സമിതികളുടെ നായകത്വം വഹിക്കുന്നതിലേക്ക് വളര്‍ന്നു. ഇത് നിയമസഭയിലും ലോക്സഭയിലും സ്ത്രീസംവരണം വേണമെന്ന ആവശ്യത്തിന് കൂടുതല്‍ കരുത്തുനല്‍കി. ഇതിനെത്തുടര്‍ന്നാണ് 1996ല്‍ 11-ാം ലോക്സഭയില്‍ ആദ്യമായി ഭരണഘടനഭേദഗതി അവതരിപ്പിക്കുന്നത്. ഇത് പിന്നീട് വിശദമായ പരിശോധനയ്ക്കായി പാര്‍ലമെന്റിന്റെ സംയുക്തസമിതിക്ക് നല്‍കുകയും അവര്‍ കൂടുതല്‍ ശക്തമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയുംചെയ്തു. പക്ഷേ, ലോക്സഭയുടെ കാലാവധി കഴിഞ്ഞതോടെ ബില്ലും കാലഹരണപ്പെട്ടു.

പിന്നീട് 1998ല്‍ വീണ്ടും ലോക്സഭയില്‍ അവതരിപ്പിച്ചെങ്കിലും അതിന്റെ വിധിയും വ്യത്യസ്തമായിരുന്നില്ല. സഭയുടെ കാലാവധി കഴിഞ്ഞാല്‍ ബില്‍ കാലഹരണപ്പെടുന്ന സ്ഥിതി ആവര്‍ത്തിക്കാതിരിക്കാനാണ് ഒരിക്കലും കാലാവധി തീരാത്ത രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കണമെന്ന ആവശ്യം ആദ്യമായി ഇടതുപക്ഷം അവതരിപ്പിക്കുന്നത്. 2008ല്‍ രാജ്യസഭയില്‍ അവതരിപ്പിച്ചതോടെ ആ കടമ്പയും കടന്നു. ഒരു ദശകത്തിലധികം നീണ്ട ഈ യുദ്ധത്തിനാണ് ഒടുവില്‍ വിജയകരമായ സമാപ്തിയുണ്ടായിരിക്കുന്നത്.

ഈ നിയമത്തിന്റെ നേരവകാശികള്‍ തങ്ങളാണെന്ന മട്ടിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രകടനം. അങ്ങനെയാണെങ്കില്‍ ഇതുവരെയും ഇങ്ങനെയൊരു നിയമം പാസാക്കപ്പെടാതിരുന്നതിന്റെ ഉത്തരവാദിത്തവും കോണ്‍ഗ്രസിനുതന്നെയാണ്. ഒറ്റയ്ക്ക് മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ഭരണഘടനാഭേദഗതികള്‍ പാസാക്കാന്‍ കഴിയാവുന്ന വലുപ്പം കോണ്‍ഗ്രസിനുണ്ടായിരുന്ന കാലമുണ്ടായിരുന്നു. അന്നൊന്നും ഇതൊന്നും ചെയ്യാതെ സ്ത്രീകളുടെ ജീവിതനിലവാരം തകര്‍ത്തവരാണ് ഇപ്പോള്‍ അവകാശവാദവുമായി രംഗത്തിറങ്ങിയത്. ബിജെപിയും ഇക്കാര്യത്തില്‍ തുടക്കത്തില്‍ സ്വീകരിച്ചിരുന്ന നിലപാട് നിഷേധാത്മകമായിരുന്നു. എന്നാല്‍, യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് രണ്ടു പാര്‍ടികളും ശക്തമായ നിലപാട് സ്വീകരിച്ചതില്‍ അഭിമാനിക്കാം.

ഇക്കാര്യത്തില്‍ തുടക്കംമുതല്‍ ശക്തമായ നിലപാട് സ്വീകരിച്ചത് ഇടതുപക്ഷം മാത്രമാണ്. വനിതാസംവരണമെന്ന ചിന്തയ്ക്ക് വലിയ വേരോട്ടം ഇല്ലാതിരുന്ന കാലത്തും ഇടതുപക്ഷവും മഹിളാസംഘടനകളും ഈ മുദ്രാവാക്യം ശക്തമായി പ്രചരിപ്പിച്ചു. സ്ത്രീകളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ക്ക് അധികാരം ലഭിച്ച സംസ്ഥാനങ്ങളിലെല്ലാം തുടക്കം കുറിക്കുകയുംചെയ്തു. രാജ്യസഭയില്‍ പാസായ നിയമത്തിന് ഇനിയും നിരവധി കടമ്പ കടക്കാനുണ്ട്. ഇന്നത്തെ സ്ഥിതിയില്‍ ലോക്സഭയില്‍ ശക്തമായ സമരംതന്നെ നടത്തേണ്ടിവരും. ഏതറ്റംവരെയും പോകാന്‍ മടിക്കില്ലെന്ന പ്രഖ്യാപനം ലോക്സഭയിലും നടത്തിയിട്ടുണ്ട്. എങ്കിലും പൊതുവികാരത്തെ തടുക്കാന്‍ ഇത്തരം പ്രകടനങ്ങള്‍ക്ക് കഴിയില്ല. ലോക്സഭ പാസാക്കിയാല്‍ പകുതിയലധികം സംസ്ഥാന നിയമസഭകളുടെ പിന്തുണ ലഭിക്കുക എളുപ്പമായിരിക്കും. അതോടെ പുതിയ ചരിത്രത്തിന് തുടക്കമാകും.

പുരുഷമേധാവിത്വത്തിന്റെയും മണ്ഡല കുത്തകകളുടെയും കാലം കഴിയും. സ്ത്രീകള്‍ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് വരും. ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ കൊലചെയ്യപ്പെടുന്ന പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്ന കാലമാണിത്. മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട രുചികയുടെ കേസ് ഇന്നത്തെ സ്ത്രീയവസ്ഥയുടെ ശരിയായ ചിത്രം നല്‍കുന്നുണ്ട്. ഇതിനെല്ലാം പരിഹാരം ഒറ്റ നിയമനിര്‍മാണത്തിലൂടെ സാധ്യമാകുമെന്ന് ആരും കരുതുന്നില്ല. അധികാരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകള്‍ക്ക് ചുമതല ഏറ്റെടുക്കാന്‍പോലും കഴിയാത്ത അനുഭവങ്ങള്‍ ഉള്ള നിരവധി സംസ്ഥാനങ്ങളും രാജ്യത്തുണ്ടെന്നത് മറന്നുകൂടാ. എങ്കിലും നിയമനിര്‍മാണത്തിന്റെ വഴിയില്‍ സ്ത്രീകളുടെ സജീവസാന്നിധ്യം ഉണ്ടാകുന്നത് മാറ്റത്തിലേക്ക് വഴിതെളിക്കുമെന്ന് ഉറപ്പ്. ഇരട്ട ചൂഷണത്തിന് വിധേയമാകുന്ന സ്ത്രീയുടെ ജീവിതാവസ്ഥകളില്‍ മാറ്റമുണ്ടാക്കുന്നതിന് ഇനിയുമേറെ കടമ്പകള്‍ കടക്കാനുണ്ട്. അതിനു കരുത്തുപകരട്ടെ ഈ പുതിയ ചരിത്രനിയമം

*
കടപ്പാട്: ദേശാഭിമാനി

5 comments:

വര്‍ക്കേഴ്സ് ഫോറം said...

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ മുഹൂര്‍ത്തത്തിനാണ് ഇന്നലെ രാജ്യസഭ സാക്ഷ്യം വഹിച്ചത്. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് മൂന്നിലൊന്ന് സീറ്റ് സംവരണം ചെയ്യണമെന്നു വ്യവസ്ഥചെയ്യുന്ന ഭരണഘടനയുടെ 108 -ാം ഭേദഗതിക്ക് രാജ്യസഭ അംഗീകാരം നല്‍കി. കക്ഷിരാഷ്ട്രീയത്തിന് അതീതമായി രാജ്യത്തെ വനിതാസംഘടനകള്‍ തുടര്‍ച്ചയായി നടത്തിയ പോരാട്ടമാണ് അന്തിമവിജയം കണ്ടിരിക്കുന്നത്. പ്രധാന ദേശീയപാര്‍ടികളെല്ലാം ബില്ലിനെ പിന്തുണച്ചതാണ് സഹായകരമായത്. സാങ്കേതിക ന്യായങ്ങളും തര്‍ക്കങ്ങളും ഉന്നയിച്ച് ബില്ലിന്റെ അവതരണം നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സമാജ്‌വാദിപാര്‍ടിയുടെയും രാഷ്ട്രീയജനതാദളിന്റെയും ശ്രമത്തെ പരാജയപ്പെടുത്താന്‍ കഴിഞ്ഞത് ഈ ഐക്യംമൂലമാണ്. രാജ്യസഭയുടെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത അപമാനകരമായ ദൃശ്യങ്ങളാണ് ബില്‍ അവതരണവേളയില്‍ അരങ്ങേറിയത്. കടുത്ത നടപടികള്‍ എടുത്തും ബില്‍ പാസാക്കണമെന്ന പ്രധാന രാഷ്ട്രീയപാര്‍ടികളുടെ ദൃഢനിശ്ചയമാണ് ഒടുവില്‍ വിജയിച്ചത്.

mirchy.sandwich said...

നിയമം വരുന്നതോടെ ഇനി നമ്മടെ പാര്‍ട്ടിക്കും പെണ്ണുങ്ങളെ നിര്‍ത്താതെ പറ്റില്ലല്ലോ. ഇതെല്ലാം നമ്മുടെ മികവാണെന്ന് പത്രത്തിലും ബ്ലോഗില്ലുമെല്ലാം അടിച്ചു വിടുന്ന കൂട്ടത്തില്‍ , സ്ത്രീകള്‍ക്ക് അര്‍ഹമായ പങ്കാളിത്തവും വിജയ സാധ്യതയുള്ള സീറ്റുകളും നല്‍കുന്നതില്‍ സിപി എം ഇതുവരെ എന്തു വേറിട്ട നിലപാടാണ് എടുത്തിരുന്നതു എന്നുകൂടി പറയാനുള്ള ചങ്കൂറ്റം വേണം.



ബില്ലിനെ കോണ്‍ഗ്രസിനൊപ്പം ബി ജെ പി കൂടി പിന്തുണച്ചിട്ടുണ്ട്. വെറും വാചകത്തിലല്ല ആശയപരമായിത്തന്നെ ഞങ്ങള്‍ ഈ ബില്ലിനൊപ്പമാണെന്ന് തെളിയിക്കാനുള്ള എന്ത് കോപ്പാണ് സഗാക്കളേ നമുക്കുള്ളത് ...?


ആരാന്റെ കുഞ്ഞിന്റെ അപ്പനാവാന്‍ നോക്കുന്നത് മലര്‍ന്ന് കിടന്നു തുപ്പുന്നതിന്റെ ഗുണമേ ചെയ്യൂ.. യു പി എ സര്‍ക്കാരിനെ നമ്മളങ്ങനെ പിന്നീന്ന് തുണച്ചിരുന്ന കാലത്ത് ചെയ്യിക്കാന്‍ പറ്റാത്തതു അവരിപ്പോള്‍ ഒറ്റക്കു ചെയ്യുമ്പോഴും വേണോ ഈ അവകാശ വാദം.. ചുമ്മാ ചോദിച്ചു പോയതാണേ..

ജനശക്തി said...

കേരളത്തിലെ കഥയൊന്നും മിര്‍ച്ചി അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. അത് പോട്ടെ. ഈ ബില്ലിന്റെ വിജയത്തിനുവേണ്ടി അന്നുമുതല്‍ ഇന്നുവരെ നിന്നവര്‍ ആരൊക്കെ, ഇടക്ക് പതറിയവര്‍ ആരൊക്കെ എന്നറിയേണ്ടേ?ഇടതുപക്ഷം പൊരുതി; ഇടര്‍ച്ചയില്ലാതെ എന്ന പോസ്റ്റ് വായിക്കുമല്ലോ.

mirchy.sandwich said...

വെറുതേ പൊരുതീ പൊരുതീന്നു പറയാതെ അത് പ്രാവര്‍ത്തികമാക്കി മാതൃക കാണിച്ചിട്ട് പോരേ ജനശക്തീ ഗീര്‍വാണങ്ങള്‍..?

ജനശക്തി said...

ചെയ്തതല്ലേ സുഹൃത്തേ ആ പോസ്റ്റില്‍..വായിക്കു ശ്രദ്ധിച്ച് വായിക്കു. അല്ലെങ്കില്‍ അങ്ങിനെ അല്ലെന്ന് തെളിയിക്കൂ.