Friday, March 5, 2010

വിലക്കയറ്റത്തിന്റെ രാഷ്‌ട്രീയം

"വിലക്കയറ്റം തടയേണ്ടതുണ്ടോ?'

എന്തൊരു ചോദ്യമാണിത്? ആര്‍ക്കാണിതില്‍ സംശയം? വില നിയന്ത്രിക്കുകയല്ലേ വേണ്ടത്?

ഒരു പക്ഷെ ഞാനും നിങ്ങളും അങ്ങനെയേ ചിന്തിക്കൂ. പക്ഷെ നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കും ആസ്ഥാന വിദഗ്ധര്‍ക്കുമെല്ലാം ഇപ്പോഴും സംശയമാണ്. സംവാദം തുടരുകയാണ്. പങ്കെടുക്കുന്നവര്‍ ചില്ലറക്കാരല്ല. പ്രധാനമന്ത്രി, ധനമന്ത്രി, പ്ളാനിംഗ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ മൊണ്ടേക് സിംഗ് അലുവാലിയ, ധനകാര്യസെക്രട്ടറി അശോക് ചൌള, മുഖ്യ സാമ്പത്തികോപദേഷ്ടാവ് ഡോ. കൌശിക് ബാബു, റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ഡി.സുബ്ബറാവു എല്ലാവരും സംശയരോഗികളാണ്. നാണയപ്പെരുപ്പത്തില്‍ അവര്‍ അസാധാരണത്വം കാണുന്നില്ല. വില കുതിച്ചുയരും. പക്ഷെ, അങ്കലാപ്പു വേണ്ട. അടിയന്തിര നടപടികളുമാവശ്യമില്ല. തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ സഹായിക്കും. റാബി വിളവെടുപ്പ് മെച്ചപ്പെടും. വിലകള്‍ താഴും. അതു വരെ കാത്തിരിക്കുക.

റിസര്‍വ്വ് ബാങ്കിന്റെ വൈഷമ്യം

ധനനയത്തില്‍ ( Monetary Policy) നിസ്സാരഭേദഗതി വരുത്തി വില നിയന്ത്രിക്കാമെന്നാണ് റിസര്‍വ്വ് ബാങ്ക് കരുതിയത്. വേണ്ടി വന്നാല്‍ പലിശ നിരക്ക് കൂടണം. (Tight Money Policy).അതിന് സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോയിലോ കാഷ് റിസര്‍വ്വ് റേഷ്യോയിലോ നേരിയ വര്‍ദ്ധന വേണ്ടി വന്നേക്കും. ഉദാഹരണത്തിന് 29-01-2010 ന് കാഷ് റിസര്‍വ്വ് റേഷ്യോ 0.75 % വര്‍ദ്ധിച്ചു. അതുവഴി 36000 കോടി രൂപ ബാങ്കുകളുടെ കൈവശം കുറഞ്ഞു. എന്നാല്‍ അവിടെയുമുണ്ട് ആശയക്കുഴപ്പം. നിരക്കു കൂട്ടിയാല്‍ വായ്പയുടെ അളവ് കുറയും. വ്യവസായ നിക്ഷേപം ഇടിയും. ജി.ഡി.പി വളര്‍ച്ചയെ ബാധിക്കും. ജി.ഡി.പി. വളരണമെങ്കില്‍ പലിശ കുറഞ്ഞു നില്‍ക്കണം. എളുപ്പം വായ്പ ലഭിക്കണം. പലിശ കൂട്ടിയാല്‍ വ്യവസായികള്‍ പിണങ്ങും അപ്പോള്‍ പ്രശ്നം ജി.ഡി.പി. വളര്‍ച്ച വേണോ വില സ്ഥിരത വേണോ എന്നതായി ചുരുങ്ങി. റിസര്‍വ്വ് ബാങ്കിന് രണ്ടും വേണം. ഒന്നിനെ വിട്ട് മറ്റൊന്ന് സ്വീകരിക്കാന്‍ വിഷമം. ഈ തെരഞ്ഞെടുപ്പാണ് റിസര്‍വ്വ് ബാങ്കിനെ അലട്ടുന്ന പ്രശ്നം.

സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓര്‍ഗനൈസേഷന്റെ കണക്കു പ്രകാരം ജി.ഡി.ജി വളര്‍ച്ചാ നിരക്ക് 7.9% ആണ്. വ്യാവസായികോല്പാദന സൂചിക 11.79%. 2009 ഡിസംബറില്‍ കയറ്റുമതി 9.3% ആയി വര്‍ദ്ധിച്ചു. ഈ ഘട്ടത്തില്‍ വ്യവസായികളെ പിണക്കരുത്. ബിസിനസ്സ് പത്രങ്ങള്‍ പൊതുവെ ഈ അഭിപ്രായക്കാരാണ്. അവരുടെ അപഗ്രഥനങ്ങള്‍ മ്യദുവായ പലിശക്കായി വാദിക്കുന്നു.

ഇപ്പോള്‍ നാണയപ്പെരുപ്പം7.3 %ആണ്. ഭക്ഷ്യവസ്തുക്കളുടെ വിലക്കററ്റം (Food Inflation) 17-21 ശതമാനത്തിനിടയില്‍ ചാഞ്ചാടുന്നു. അരി, ഗോതമ്പ്, പഞ്ചസാര, സവാള, ഉരുളക്കിഴങ്ങ്, തുവരപരിപ്പ്, പയറുവര്‍ഗ്ഗങ്ങള്‍ തുടങ്ങി നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം വില കയറി. പരിധിയില്ലാത്ത വരുമാനമുള്ള ഒരു ചെറു ന്യൂനപക്ഷത്തിന് അപ്പോഴും ഉന്മാദമാണ്. സാധാരണ ജനങ്ങള്‍ക്ക് ദുരിതവും. നിമിഷനേരം മതി , മടിശ്ശീല കാലിയാകാന്‍.

ഭക്ഷ്യക്ഷാമം

എന്തുകൊണ്ട് വിക്കയറ്റം? ഈ ചോദ്യത്തിന് ഒരു ഔദ്യോഗിക മറുപടിയുണ്ട്. ഭക്ഷ്യദൌര്‍ലഭ്യം. ഭക്ഷ്യ വസ്തുകളുടെ ലഭ്യതയ്ക്കേറ്റ ആഘാതം (Supply side shocks). പണമൊഴുക്കു കൂടിയതുകൊണ്ടാണെന്ന മറ്റൊരു ഭാഷ്യവുമുണ്ട്. രണ്ടായാലും പ്രതി കേന്ദ്ര ഗവണ്‍മെന്റാണ്. ഗവണ്‍മെന്റിന് ദീര്‍ഘവീക്ഷണമില്ലാതെ പോയി. നയമില്ലാതെ പോയി. അഥവാ, ഗവണ്‍മെണ്ടിനു കണക്കു പിഴച്ചു. കാര്‍ഷികോല്പാദനം ഒരു നിമിഷം കൊണ്ട് ഇടിഞ്ഞതല്ല. വരള്‍ച്ചയും വെള്ളപ്പൊക്കവുമുണ്ടായപ്പോള്‍ ജാഗ്രത വേണമായിരുന്നു. പക്ഷെ അധികാരികള്‍ വീണവായിച്ചുകൊണ്ടിരുന്നു. ആദ്യം ഗുണമേന്മയുള്ള പഞ്ചസാര കുറഞ്ഞ വിലയ്ക്ക് കയറ്റുമതി ചെയ്തു. ബഫര്‍ സ്റ്റോക്ക് കരുതിവെച്ചില്ല. ഇപ്പോള്‍ ലോക കമ്പോളത്തിലും വില ഉയര്‍ന്നു. കിലോഗ്രാം പഞ്ചസാരയ്ക്ക് 50 രൂപ നിരക്കിലാണ് ഇറക്കുമതി. വിദേശവ്യാപാരികള്‍ അവസരം മുതലെടുക്കുകയാണ്. അവധി വ്യാപാരവും ഊഹക്കച്ചവടവും പ്രശ്നം രൂക്ഷമാക്കി. പൂഴ്ത്തിവെയ്പ്പുകാരെ കയറൂരി വിട്ടു. ഫുഡ് കോര്‍പ്പറേഷന്റെ ഗുദാമുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറി. മൊത്തത്തില്‍ അബദ്ധങ്ങളുടെ ഘോഷയാത്ര.

പ്ളാനിംഗ് കമ്മീഷനംഗം അഭിജിത് സെന്‍ പോലും ഇപ്പോള്‍ ഒരു കാര്യം സമ്മതിക്കുന്നു. പൂഴ്ത്തിവെയ്പ് തടയുന്നതില്‍ വീഴ്ച സംഭവിച്ചു. കാര്‍ഷികോല്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഒരു രണ്ടാം ഹരിതവിപ്ളവം വേണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. ഖാരിഫ് വിള മോശമായിരുന്നു. ഇനി ആകെ പ്രതീക്ഷ റാബി വിളവെടുപ്പിലാണ്.

മദ്ധ്യവര്‍ത്തികളുടെ പറുദിസ

ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം ഏറ്റവുമധികം ബാധിക്കുന്നത് ദരിദ്രവിഭാഗങ്ങളെയാണ്. പക്ഷെ അവരുടെ ദുരിതം സര്‍ക്കാരിന് പ്രശ്നമല്ല. പിഡിപി വളര്‍ച്ചയില്‍ അവരുടെ പങ്ക് തുച്ഛമാണത്രെ. ദരിദ്രരുടെ എണ്ണത്തിലും തര്‍ക്കമുണ്ട്. സര്‍ക്കാര്‍ കണക്കു പ്രകാരം ദാര്യിദ രേഖയ്ക്കു താഴെ 20% പേരാണുള്ളത്. സുരേഷ് തെണ്ടുല്‍ക്കര്‍ കമ്മിറ്റി 33% ദരിദ്രരെ കണ്ടെത്തി. ഇന്ത്യക്കാരുടെ കുടുംബവരുമാനത്തിന്റെ 45-55 ശതമാനം ചിലവിടുന്നത് ആഹാരത്തിനാണ്. വിലക്കയറ്റം അവരെ പാപ്പരാക്കും. ഉപഭോക്താക്കള്‍ നല്‍കുന്ന അമിത വിലയാവട്ടെ കൃഷിക്കാരില്‍ എത്തുന്നില്ലെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. ഇടനിലക്കാരും ദല്ലാളന്മാരും കമ്മീഷന്‍ ഏജന്റുമാരും നിക്ഷേപകര്‍ എന്ന പേരിലറിയപ്പെടുന്ന ഊഹക്കച്ചവടക്കാരും തട്ടിയെടുക്കുന്നു. അവരുടേത് വെറും കടലാസ് വ്യാപാരമാണ്. ഭക്ഷ്യവസ്തുക്കള്‍ അവര്‍ കാണുന്നില്ല. കൈകൊണ്ടു തൊടുന്നില്ല. എങ്കിലും നിന്ന നില്‍പ്പില്‍ കോടികളുടെ വ്യാപാരമുറപ്പിച്ച് അവര്‍ ലാഭമെടുക്കുന്നു. ഇന്ത്യന്‍ കാര്‍ഷിക കമ്പോളത്തിന്റെ പരാധീനതയാണിത്. ചൂതാട്ടക്കാരുടെ വിഹാരകേന്ദ്രമാണത്.

ഫുഡ് ഇന്‍ഫ്ളേഷന് അവധിവ്യാപാരം എന്തു പിഴച്ചു? സംവാദം ചൂടുപിടിച്ചിട്ടുണ്ട്. അവധിവ്യാപാരത്തിന്റെ ധര്‍മ്മം ചരക്കിന്റെ യഥാര്‍ത്ഥവില കണ്ടെത്തലാണെന്നാണ് (Inventing the real price) വാദം. ഫോര്‍വേര്‍ഡ് മാര്‍ക്കറ്റ് കമ്മീഷന്‍ ചെയര്‍മാന്‍ ബി.സി ഖാട്വാ ഈ അഭിപ്രായക്കാരനാണ്. രാഷ്ട്രീയ പാര്‍ട്ടികളുടേത് നിരുത്തരവാദപരമായ പ്രസ്താവനകളാണത്രെ. അതു കേട്ട് മന്തിസഭ ഉപസമിതി (Cabinet Committee on Prices) വ്യാകുലപ്പെടേണ്ട കാര്യമൊന്നുമില്ല.

എന്നാല്‍ 2009 ഡിസംബര്‍ വരെ സംഭരിച്ച അരി 136.4 ലക്ഷം ടണ്‍ ആണ്. പയറുവര്‍ഗ്ഗങ്ങളുടെ ശേഖരവും തൃപ്തികരമാണ്. സ്ഥിതിവിവരക്കണക്കുകള്‍ ആശാവഹമായിട്ടും എന്തേ കമ്പോള വില കൂടുന്നു? കാരണം രണ്ടാണ്. ഒന്ന്, ഊഹക്കച്ചവടം. രണ്ട്, ലോക കമ്പോളത്തിലെ ഉയര്‍ന്ന വില . തീര്‍ച്ചയായും ഫുഡ് ഇന്‍ഫ്ളേഷന്റെ മുഖ്യ പ്രതികളിലൊരാള്‍ ഊഹക്കച്ചവടമാണ്.

വിലക്കയറ്റം ദേശീയ വിഷയം

മലയാളപത്രങ്ങള്‍ വായിക്കുന്നവര്‍ ഒരു പക്ഷെ, വിക്കയറ്റം ഒരു കേരളാ പ്രതിഭാസമാണെന്ന് തെറ്റിദ്ധരിക്കും. ദൃശ്യമാദ്ധ്യമങ്ങളും ഈ പ്രചരണം ഏറ്റെടുത്തിട്ടുണ്ട്. കൃഷി സംസ്ഥാന വിഷയമാകയാല്‍ ഈ ദുഷ്പ്രചരണം ചിലരെങ്കിലും വിശ്വസിക്കും. എന്നാല്‍ ചുരുങ്ങിയത് അഞ്ചു കാരണങ്ങളാല്‍, വിലക്കയറ്റം ദേശീയ പ്രശ്നമാണെന്ന് സമര്‍ത്ഥിക്കാന്‍ കഴിയും.

1. കൃഷിയെ സംബന്ധിച്ച നിര്‍ണ്ണായക തീരുമാനങ്ങളെടുക്കാനുള്ള പൂര്‍ണ്ണ അധികാരം കേന്ദ്ര ഗവണ്‍മെന്റില്‍ നിക്ഷിപ്തമാണ്. കേന്ദ്രഭക്ഷ്യാലയത്തിലെ മുന്‍ മേധാവി ശ്രീ. ബി. എസ്. രാഘവന്‍ ബിസിനസ്സ് ലൈന്‍ പത്രത്തില്‍ (09-02-2010) എഴുതിയ ലേഖനം കേന്ദ്രഗവണ്‍മെന്റിനെതിരെയുള്ള വിചാരണയായി മാറി. ഭക്ഷ്യോല്പാദന ചിലവ് കണക്കു കൂട്ടുന്നത് Bureau of Costs and Prices ആണ്. കര്‍ഷകരുടെ ആദായവില നിര്‍ണ്ണയിക്കുന്നത് ഭക്ഷ്യ കൃഷി വകുപ്പാണ് . ഭക്ഷ്യധാന്യസംഭരണം ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ചുമതലയാണ്. പൊതുവിതരണത്തിന് ധാന്യങ്ങളെത്തിക്കുന്നത് ഈ ശേഖരത്തില്‍ നിന്നാണ്. ഭക്ഷ്യവസ്തുക്കളുടെ സംസ്ഥാനാന്തര സഞ്ചാരം നിയന്ത്രിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. അവധി വ്യാപാരം നിയന്ത്രിക്കേണ്ടതും കേന്ദ്ര സര്‍ക്കാര്‍ തന്നെ. മൊത്തത്തില്‍ വില നിയന്ത്രണത്തിന്റെ കടിഞ്ഞാണ്‍ ഡല്‍ഹിയിലാണ്.

2. കിരിത് പരേഖ് കമ്മറ്റി ശുപാര്‍ശ പ്രകാരം അരിയുടെ ബഫര്‍ ശേഖരത്തിന്റെ അളവ് 60 ലക്ഷം ടണ്ണും ഗോതമ്പിന്റേത് 40 ലക്ഷം ടണ്ണുമായി കുറച്ചു. എന്നാല്‍ എഫ്.സി.ഐ ഗുദാമുകളില്‍ 240 ലക്ഷം ടണ്‍ അരിയും 190 ലക്ഷം ടണ്‍ ഗോതമ്പും സ്റ്റോക്കുണ്ട്. കര്‍ഷകര്‍ക്കു നന്ദി പറഞ്ഞുകൊണ്ട് 2009 മെയ് 20 ന് എഫ്.സി.ഐ. ദേശീയ പത്രങ്ങളില്‍ മുഴുവര്‍ണ്ണ പരസ്യം തന്നെയിറക്കി. 286 ലക്ഷം ടണ്‍ അരിയും 227 ലക്ഷം ടണ്‍ ഗോതമ്പും സംഭരിക്കാന്‍ കഴിഞ്ഞതിന്. ഈ ഉയര്‍ന്ന സംഭരണം ചരിത്രത്തിലാദ്യമാണ്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, യു.പി., എം.പി., തുടങ്ങിയ സംസ്ഥാനങ്ങളെ പരസ്യത്തില്‍ അഭിനന്ദിക്കുന്നുണ്ട്. എന്നാല്‍ ഈ ബഫര്‍ സ്റ്റോക്കിന്റെ ഗുണം ജനങ്ങള്‍ക്കു ലഭ്യമാകുന്നില്ല. പൊതുവിതരണത്തിന് ധാന്യങ്ങള്‍ പുറത്തു വിടുന്നില്ല. പകരം, (എ) പൊതുവിതരണത്തിന്റെ ക്വാട്ട വെട്ടിക്കുകയും(ബി) ധാന്യവിതരണം വൈകിക്കുകയും(സി) വില വര്‍ദ്ധിപ്പിക്കുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്.

3. 06-02-2010 ന് ഡല്‍ഹിയില്‍ വിളിച്ചു കൂട്ടിയ മുഖ്യമന്ത്രിമാരുടെ യോഗം വ്യാജ പ്രചരണങ്ങള്‍ക്കുള്ള ഒന്നാംതരം മറുപടിയായിരുന്നു. കോണ്‍ഗ്രസ്-ബിജെപി സംസ്ഥാനങ്ങള്‍ പോലും കേന്ദ്ര നയങ്ങളെ വിമര്‍ശിച്ചു. കൃഷിമന്ത്രി ശരത് പവ്വാര്‍ വിയര്‍ത്തു. പവ്വാര്‍ രാജിവെയ്ക്കണമെന്ന ആവശ്യമുയര്‍ന്നു. പവ്വാറിന്റെ പാര്‍ട്ടി പത്രം പഞ്ചസാരവിലയെ ന്യായീകരിച്ചു. പഞ്ചസാര കഴിക്കാത്തവര്‍ മരിച്ചുപോവില്ലെന്ന് പത്രം എഴുതി.

4. ഫുഡ് ഇന്‍ഫ്ളേഷന്‍ ഡിസംബറില്‍ 20 ശതമാനം കടന്ന്, ഇപ്പോള്‍ കുറഞ്ഞ് 17.94 % (11-02-2010) ആയി നില്‍ക്കുന്നു. പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഭക്ഷ്യ ഇന്‍ഫ്ളേഷന്‍ 20 % കവിഞ്ഞിരിക്കുന്നു. കര്‍ണ്ണാടക, ബംഗാള്‍, എം.പി., യു.പി., ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ സൂചിക 18 % ആണ്. കേരളത്തിലെ ഭക്ഷ്യ ഇന്‍ഫ്ളേഷന്‍ 2009 ജുലായ് മാസം 10.2% ആയിരുന്നത് കുറഞ്ഞ് ഡിസംബറില്‍ 9.3% ആയി. ഇത് ഏറ്റവും കുറഞ്ഞ ശതമാനമാണ്.

5. ബാങ്കു ജീവനക്കാര്‍ക്ക് 2009 ആഗസ്റ്റ്, നവംമ്പര്‍, 2010 ഫെബ്രുവരി മാസങ്ങളിലാരംഭിച്ച ത്രിമാസ ക്ഷാമബത്ത വര്‍ദ്ധനവ് പരിശോധിക്കുക. ഉപഭോക്തൃ വില സൂചിക 9 മാസം കൊണ്ട് 3857.57 ആയി വര്‍ദ്ധിച്ചു. 01-08-2009 മുതല്‍ ക്ഷാമബത്താ വര്‍ദ്ധനവ് അടിസ്ഥാന ശമ്പളത്തിന്റെ 16% ആയിരുന്നു. 01-11-2009 മുതല്‍ 10.12 % ഡി.എ. വര്‍ദ്ധിച്ചു. 01-02-2010 മുതല്‍ 5.76 ശതമാനവും. സംഘടിത തൊഴിലാളികള്‍ക്കെല്ലാം ക്ഷാമബത്ത വര്‍ദ്ധിച്ചു. ഇതു ദേശീയ തലത്തില്‍ ലഭിച്ച ആനുകൂല്യമാണ്. ഏതെങ്കിലുമൊരു സംസ്ഥാനത്തു മാത്രം ലഭിച്ചതല്ല.

പരിഹാരനിര്‍ദ്ദേശങ്ങള്‍

വര്‍ത്തകസംഘടനയായ ASSOCHEM 2010 ഫെബ്രുവരി 8-ന് ഡല്‍ഹിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തുകൊണ്ട് വിഖ്യാത കാര്‍ഷികവിദഗ്ധന്‍ ഡോ. എം.എസ്. സ്വാമിനാഥന്‍ ഭക്ഷ്യവിലക്കയറ്റത്തിന് ചില പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളോടൊപ്പം നീതിപൂര്‍വ്വകമായ വിതരണവും ഉറപ്പാക്കുന്ന നിര്‍ദ്ദേശങ്ങളാണിവ.

1. കര്‍ഷകര്‍ക്ക് നല്‍കുന്ന ആദായവില വര്‍ദ്ധിപ്പിക്കുക.

2. ഉല്പാദന വര്‍ദ്ധനവ് ലക്ഷ്യമിട്ട് മെച്ചപ്പെട്ട പശ്ചാത്തലസൌകര്യങ്ങളും ഗുണമേന്മയുള്ള വിത്തുകളും സാങ്കേതികപരിജ്ഞാനവും ലഭ്യമാക്കുക.

3. പൊതുവിതരണ ശൃംഖല സുശക്തമാക്കുക.

4. ഈ ശൃംഖലയിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ എണ്ണവും അളവും വര്‍ദ്ധിപ്പിക്കുക.

5. എഫ്.സി.ഐ.യുടെ കൈവശമുള്ള സ്റ്റോക്ക് പുറത്തുവിട്ട് വിലനിലവാരം പിടിച്ചുനിര്‍ത്താനുള്ള നടപടി സ്വീകരിക്കുക.

6. ഭക്ഷ്യധാന്യങ്ങളിന്മേല്‍ അവധിവ്യാപാരം നിരോധിക്കുക.

7. ബഫര്‍ സ്റ്റോക്ക് കരുതിവെയ്ക്കാതെയുള്ള ഭക്ഷ്യകയറ്റുമതി ഒഴിവാക്കുക.

ഈ നിര്‍ദ്ദേശങ്ങള്‍ക്ക് പുതുമയില്ല. പക്ഷേ സമഗ്രമാണ്. പക്ഷേ ഈ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുമെന്നു കരുതാനാവില്ല. കാരണം അവര്‍ ഇപ്പോഴും കമ്പോളത്തിന്റെ അദൃശ്യകരങ്ങളില്‍ വിശ്വസിക്കുന്നു. അവരുടെ അജണ്ട വേറെയാണ്.

*
കെ.വി.ജോര്‍ജ്ജ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

"വിലക്കയറ്റം തടയേണ്ടതുണ്ടോ?'

എന്തൊരു ചോദ്യമാണിത്? ആര്‍ക്കാണിതില്‍ സംശയം? വില നിയന്ത്രിക്കുകയല്ലേ വേണ്ടത്?

ഒരു പക്ഷെ ഞാനും നിങ്ങളും അങ്ങനെയേ ചിന്തിക്കൂ. പക്ഷെ നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കും ആസ്ഥാന വിദഗ്ധര്‍ക്കുമെല്ലാം ഇപ്പോഴും സംശയമാണ്. സംവാദം തുടരുകയാണ്. പങ്കെടുക്കുന്നവര്‍ ചില്ലറക്കാരല്ല. പ്രധാനമന്ത്രി, ധനമന്ത്രി, പ്ളാനിംഗ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ മൊണ്ടേക് സിംഗ് അലുവാലിയ, ധനകാര്യസെക്രട്ടറി അശോക് ചൌള, മുഖ്യ സാമ്പത്തികോപദേഷ്ടാവ് ഡോ. കൌശിക് ബാബു, റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ഡി.സുബ്ബറാവു എല്ലാവരും സംശയരോഗികളാണ്. നാണയപ്പെരുപ്പത്തില്‍ അവര്‍ അസാധാരണത്വം കാണുന്നില്ല. വില കുതിച്ചുയരും. പക്ഷെ, അങ്കലാപ്പു വേണ്ട. അടിയന്തിര നടപടികളുമാവശ്യമില്ല. തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ സഹായിക്കും. റാബി വിളവെടുപ്പ് മെച്ചപ്പെടും. വിലകള്‍ താഴും. അതു വരെ കാത്തിരിക്കുക.