Tuesday, March 30, 2010

സൈബര്‍ യുഗത്തിലെ രതിഭീകരത

കോഴിക്കോട് മാവൂര്‍ റോഡിലെ സാഗര്‍ ഹോട്ടലിലെ ടോയ്‌ലറ്റില്‍നിന്നും മൊബൈല്‍ ക്യാമറ കണ്ടെടുത്ത സംഭവം നമ്മുടെ മാധ്യമങ്ങളിലും രാഷ്‌ട്രീയ സാമൂഹ്യമണ്ഡലങ്ങളിലും സൈബര്‍/ മൊബൈല്‍ കുറ്റകൃത്യങ്ങളെ സംബന്ധിച്ച ഉത്കണ്ഠാ ഭരിതമായ ചര്‍ച്ചകള്‍ ഉയര്‍ത്തിയിരിക്കുകയഭൌതിക പുരോഗതിയുടെയും വിജ്ഞാനത്തിന്റെയും വികാസവും വ്യാപനവും സമൂഹത്തില്‍ നിരവധി പുതിയ വൈരുധ്യങ്ങള്‍ സൃഷ്ടിക്കുമെന്ന് മനുഷ്യന്റെ സാമൂഹ്യവികാസ ചരിത്രം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ഫോണിന്റെയും വ്യാപനം നമ്മുടെ സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും മണ്ഡലത്തില്‍ വിസ്‌മയകരമായ പരിവര്‍ത്തനങ്ങള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്. ഇന്റര്‍നെറ്റും മൊബൈലും ഇ മെയിലും ചാറ്റിങ്ങും എസ് എം എസും എടിഎമ്മും പഴയ തലമുറക്ക് സ്വപ്നം കാണാന്‍പോലുമാവാത്ത പുതിയ ലോകമാണ് സൃഷ്ടിച്ചത്.

വിജ്ഞാനത്തിന്റെയും വിവരങ്ങളുടെയും വിനോദത്തിന്റെയും മഹാപ്രവാഹത്തിനാണ് ഈ സൈബര്‍ യുഗം സാക്ഷിയാവുന്നത്. ഇത് തീര്‍ച്ചയായും മനുഷ്യസമൂഹത്തിന്റെ സര്‍വതോമുഖമായ പുരോഗതിക്കും ജനാധിപത്യവല്‍ക്കരണത്തിനും സഹായകമാവേണ്ടതായിരുന്നു. എന്നാലിന്ന് ഈ വിവരവിപ്ളവ സാധ്യതകളെ മുതലാളിത്തം ഉപയോഗപ്പെടുത്തുന്നത് തങ്ങളുടെ ഫൈനാന്‍സ് മൂലധനതാല്‍പ്പര്യങ്ങള്‍ക്കായാണ്. വയര്‍ലസ് ഇന്റര്‍നെറ്റും ഇ-ബിസിനസ്സിന്റെ മൂന്നാം തലമുറയും വികസിച്ചുവരുന്നതോടെ ഈ ഭൂലോകം നെറ്റ്വര്‍ക്ക് ചെയ്യപ്പെട്ട ലോക (net worked world) മാവുമെന്ന് കരുതുന്നവരാണ് ഐ ടി കുത്തകകള്‍. 'ഇന്‍ഫോര്‍മാറ്റിക്സി'ന്റെ പ്രചാരകരായ പല ബുദ്ധിജീവികളും, ഇന്നത്തെ വ്യാവസായിക സമ്പദ്ഘടന 'വിജ്ഞാനാധിഷ്ഠിത സമ്പദ്‌രൂപ'മോ 'ഡിജിറ്റല്‍ സമ്പദ്ക്രമ'മോ ആയി ത്വരിതഗതിയില്‍ പരിണമിക്കുമെന്ന് കരുതുന്നവരാണ്.

നവ ലിബറല്‍ മൂലധനത്തിന്റെ ഊഹക്കച്ചവടപരമോ ചൂതാട്ടപരമോ ആയ വികാസത്തെ ലക്ഷ്യംവയ്ക്കുന്നവര്‍ വിവരസാങ്കേതിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സില്‍ വ്യാപൃതരാണ്. 'ഡോട്ട് കോം' ഭ്രാന്തും അവയുടെ 'ന്യൂ ഇക്കോണമി സ്റ്റോക് ' എന്നറിയപ്പെടുന്ന ഓഹരികള്‍ കൈക്കലാക്കാന്‍വേണ്ടി കാണിക്കുന്ന അത്യാവേശവും ഐ ടി കാളക്കൂറ്റന്മാര്‍ നേടുന്ന വന്‍ ലാഭവും അതിര് കടന്നിരിക്കുന്നു. പഴയ ഫോര്‍ഡും ജനറല്‍ മോട്ടോഴ്സും പോലുള്ള കമ്പനികളെ പുറന്തള്ളിക്കൊണ്ട് മൈക്രോ സോഫ്റ്റും അല്‍ക്കാടെല്ലുംപോലുള്ള ഐ ടി കുത്തകകള്‍ പ്രകീര്‍ത്തിക്കപ്പെടുകയാണ്.

ശുഭാപ്തിവിശ്വാസം നിറഞ്ഞ ഇത്തരം പ്രവചനങ്ങള്‍ക്കും പ്രശംസാവചനങ്ങള്‍ക്കുമിടയില്‍ ഇന്നത്തെ സമ്പദ്ക്രമത്തെയും ആഗോളപ്രവണതകളെയും പരിശോധിക്കുന്നവര്‍ക്ക് കാണാന്‍ കഴിയുന്ന യാഥാര്‍ഥ്യം മറ്റൊന്നാണ്. ഇ-ഭ്രാന്തന്മാരും ഐ ടി മാനിയാക്കുകളും പറയുന്നപോലെയല്ല കൊട്ടിഘോഷിക്കപ്പെട്ട ഐ ടി വിപ്ളവം. ആഗോളസമ്പദ്‌വ്യവസ്ഥയില്‍ ഐടിക്കുള്ള സ്ഥാനത്തെയും സാധ്യതയെയും സംബന്ധിച്ച് വ്യത്യസ്താഭിപ്രായമുള്ളവര്‍പോലും സമ്മതിക്കുന്ന വസ്തുത ഐ ടി മേഖലയിലെ നിക്ഷേപങ്ങള്‍ ഉല്‍പ്പാദനവര്‍ധനവിന് ഇടയായിട്ടില്ലെന്നതാണ് .അതൊരു ദുര്‍വ്യയവും സാമൂഹ്യജീവിതത്തെ അപചയപ്പെടുത്തുന്നതുമായി കലാശിച്ചോയെന്ന് സംശയിക്കുന്നവരുമുണ്ട്. ലണ്ടനില്‍നിന്നു പ്രസിദ്ധീകരിക്കുന്ന 'The economist' ന്റെ നീരീക്ഷണം ശ്രദ്ധേയമാണ്.

മുതലാളിത്തരാജ്യങ്ങളിലെ കംപ്യൂട്ടര്‍ നിയന്ത്രിത ഉല്‍പ്പാദനവ്യവസ്ഥക്ക് തെളിവുകളന്വേഷിച്ചുകൊണ്ട് ബൂര്‍ഷ്വാസാമ്പത്തിക വിദഗ്ധര്‍ ഇപ്പോഴും വൃഥാശ്രമം തുടരുകയാണ്. ഐ ടി മേഖലയിലുണ്ടായിട്ടുള്ള മൂലധനനിക്ഷേപങ്ങള്‍ ഏറെയും ഉല്‍പ്പാദനവര്‍ധനവിന് സഹായകരമായിട്ടില്ലെന്ന് മാത്രമല്ല അതൊരു ദുര്‍വ്യയമായി അവശേഷിക്കുകയും ചെയ്യുന്നു. ഇ-മെയിലിന്റെ പരിശോധനക്കും നെറ്റ് സര്‍ഫിങ്ങിനും സൈബര്‍ കുറ്റകൃത്യങ്ങളെ നേരിടാനും പലതരം കംപ്യൂട്ടര്‍ കളികള്‍ക്കും ലൈംഗിക- അശ്ളീല പ്രചാരണങ്ങള്‍ക്കുമായി ചെലവിടുന്ന പണവും സമയവും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിച്ചില്ലെന്ന് മാത്രമല്ല, അതിനെ ശോഷിപ്പിക്കുകയും ചെയ്തിരിക്കുന്നു. അങ്ങേയറ്റത്തെ സാമ്പത്തിക-സാമൂഹ്യ ജീര്‍ണതയ്ക്കാണ് അത് വഴിവച്ചിരിക്കുന്നത്.

ഉല്‍പ്പാദനപരമായ ധര്‍മങ്ങളില്‍നിന്നു പിന്തിരിഞ്ഞ നവമുതലാളിത്തം നല്ല വിറ്റുവരവുള്ള ബിസിനസ്സായി അശ്ളീല വ്യവസായത്തെ വളത്തുകയാണ്. ലോകജനതയെയാകെ ജീര്‍ണകൌതുകങ്ങളിലേക്കും അശ്ളീലച്ചുവയുള്ള ഇക്കിളികളിലേക്കും കുരുക്കിയിടുന്ന ഒരു വന്‍ ബിസിനസായി പോര്‍ണോഗ്രാഫിയെ വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ സാമ്രാജ്യത്വം വളര്‍ത്തിയിരിക്കുകയാണ്. ലോക മുതലാളിത്തത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ എങ്ങനെയും പിടിച്ചുനില്‍ക്കാനായി എന്തിനെയും വിറ്റഴിക്കുന്ന വികസന തന്ത്രമാണ് അത് മുന്നോട്ട് വച്ചിരിക്കുന്നത്. ഈ ഭ്രാന്തമായ മത്സരം പ്രകൃതിയുടെയും മനുഷ്യന്റെയും നൈസര്‍ഗികാടിസ്ഥാനങ്ങളെയും ചോദനകളെയും തകര്‍ക്കുന്നതിലും കമ്പോളവല്‍ക്കരിക്കുന്നതിലുമാണ് എത്തിനില്‍ക്കുന്നത്. മനുഷ്യത്വവും മനുഷ്യാവകാശങ്ങളും മൂലധനത്തിന്റെ ആഭാസകരമായ ഈ മത്സരത്തിനിടയില്‍ എത്രത്തോളം നീചമായി ആക്രമിക്കപ്പെടാമെന്നതിന്റെ പ്രത്യക്ഷമായ വിവരങ്ങളാണ് സൈബര്‍/മൊബൈല്‍ കുറ്റകൃത്യങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സ്വകാര്യജീവിതത്തിന്റെ ഉള്ളറകളിലേക്ക് ഇരുപത്തിനാൽ മണിക്കൂറും ക്യാമറകള്‍ തിരിച്ചുവച്ചിരിക്കുന്ന ഭീകരതയാണ് വെബ് സൈറ്റുകളിലെ സെക്സ്ഷോകളിലൂടെ കാണുന്നത്. ഇന്റര്‍നെറ്റും ടെലിവിഷന്‍ ചാനലുകളും, നഗ്നചിത്രങ്ങളും ലൈംഗികതയുടെ വര്‍ണനകളും കിടപ്പറദൃശ്യങ്ങളും കൊണ്ടാണ് യുവമനസ്സുകളെ രതി ഭീകരതയിലേക്ക് ആവാഹിച്ചെടുക്കുന്നത്.

പോര്‍ണോ അടിമകളും സൈബര്‍ രതിയില്‍ അഭിരമിക്കുന്നവരുമായ ഒരു തലമുറയുടെ അതിജീര്‍ണമായ മനസ്സാണ് ടോയ്‌ലറ്റ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മൊബൈല്‍ ക്യാമറ ഒളിപ്പിക്കുന്നതിലേക്ക് എത്തുന്നത്. മൊബൈലില്‍ പകര്‍ത്തുന്ന പെണ്‍കുട്ടികളുടെ പല പോസിലുള്ള ഫോട്ടോകള്‍ വെട്ടിയും മുറിച്ചും ആഭാസമായി ഫോര്‍വേഡ് ചെയ്യുന്നവര്‍ ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ട രതിയുടെ, അക്രമവല്‍ക്കരിക്കപ്പെട്ട ലൈംഗികതയുടെ സൃഷ്ടികളാണ്. ഇത്തരം ദൃശ്യങ്ങളുപയോഗിച്ചു പെണ്‍കുട്ടികളെ ബ്ളാക്ക്മെയില്‍ ചെയ്യുന്നവരും പെണ്‍വാണിഭ സംഘങ്ങള്‍ നടത്തുന്നവരും കേരളത്തിലും സജീവമായിരിക്കുന്നുവെന്നാണ് തളിപ്പറമ്പിലെയും എറണാകുളത്തെയും സമീപകാലസംഭവങ്ങള്‍ വെളിവാക്കുന്നത്.

സ്‌ത്രീകളെ വെറും ഭോഗവസ്തുവായി ചിത്രീകരിക്കുന്നതും ഭ്രാന്തമായ ആക്രമണങ്ങള്‍ക്കിരയാക്കുന്നതും ലൈംഗികമായി പീഡിപ്പിക്കുന്നതുമായ വിവരങ്ങളാണ് അശ്ളീലത- പോര്‍ണോഗ്രാഫിയുടെ അടിസ്ഥാനം. റോബിന്‍ മോര്‍ഗന്‍ നിരീക്ഷിക്കുന്നത് പോര്‍ണോ ഗ്രാഫിയുടെ വ്യാപനവും ജനങ്ങള്‍ക്കിടയില്‍ അവയുണ്ടാക്കുന്ന വികലമായ അവബോധവും യാദൃച്ഛികമായി സംഭവിക്കുന്നതല്ലെന്നാണ്. 'ലൈംഗിക ഫാസിസ'ത്തിന്റേതായ ഒരു സംസ്കാരത്തിന്റെ വളര്‍ച്ചയുടെ ഭാഗമായിട്ടാണ് അശ്ളീലസാഹിത്യത്തിന് അഭൂതപൂര്‍വമായ സ്വീകാര്യത കൈവരുന്നത്. സ്‌ത്രീശരീരത്തിനുമേല്‍ ആധിപത്യം ഉറപ്പിക്കാനുള്ള പുരുഷവര്‍ഗത്തിന്റെ തുറന്ന പ്രഖ്യാപനമാണ് അശ്ളീല സാഹിത്യമെന്നാണ് ചില ഫെമിനിസ്റ്റ് എഴുത്തുകാര്‍ നിരീക്ഷിക്കുന്നത്. സ്‌ത്രീകളെ നിശ്ശബ്ദമാക്കുകയും അപമാനിക്കുകയും ചെയ്യുന്ന പദാവലികളും ബിംബങ്ങളും നഗ്നദൃശ്യങ്ങളും വഴി പോര്‍ണോഗ്രാഫി സ്‌ത്രീകള്‍ക്കിടയില്‍ ലൈംഗികാധിനിവേശമാണ് നടത്തുന്നത്. പുരുഷാധിപത്യ ലൈംഗികതയുടെ 'ശവാസക്തി' (necrophilia) എന്നാണ് അശ്ളീലാധിനിവേശത്തെ മേരിദാലി എന്ന സ്‌ത്രീവാദ എഴുത്തുകാരി വിശേഷിപ്പിച്ചത്. യഥാര്‍ഥ ശവത്തോടുള്ള ആസക്തിയല്ല; ചത്തുജീവിക്കുന്ന ഒരവസ്ഥയിലേക്ക് തള്ളിവിടപ്പെട്ട സ്‌ത്രീകളോടുള്ള പുരുഷന്മാരുടെ പ്രത്യേകമായ ആസക്തിയെ ദ്യോതിപ്പിക്കാനാണ് മേരിദാലി "ശവാസക്തി'' എന്ന പ്രയോഗം നടത്തുന്നത്.

1970കളുടെ പകുതിയില്‍ അമേരിക്കയില്‍ അശ്ളീലസാഹിത്യത്തിനും മാധ്യമങ്ങളിലെ കടന്നാമ്രകണങ്ങള്‍ക്കുമെതിരെ സ്‌ത്രീകള്‍ രംഗത്തിറങ്ങി 'women against violence in pornography and the media' എന്ന സംഘടന തന്നെ രൂപീകരിച്ചു. അവരുടെ സമ്മേളന ചര്‍ച്ചകളിലും പ്രമേയങ്ങളിലും അമേരിക്കന്‍ യുവത്വത്തെയും ക്യാംപസ്സുകളെയും യുദ്ധവിരുദ്ധ വികാരങ്ങളില്‍നിന്നും രാഷ്ട്രീയത്തില്‍നിന്നും വഴിതിരിച്ചു വിടുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്യപ്പെട്ടതാണ് അശ്ളീലത-പോര്‍ണോഗ്രാഫി എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. വിയത്‌നാം യുദ്ധത്തില്‍ അലയടിച്ചുയര്‍ന്ന അമേരിക്കന്‍വിരുദ്ധ വികാരവും പ്രക്ഷുബ്ധ രാഷ്ട്രീയ സാഹചര്യവും അതിജീവിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളിലാണ് ഹിപ്പിയിസവും അവിഹിത ലൈംഗികവല്‍ക്കരണവും പ്രോത്സാഹിപ്പിക്കപ്പെട്ടത്.

എതിര്‍ലിംഗത്തിന് നേരെയുള്ള സ്വാഭാവികമായ ലൈംഗിക ദാരിദ്ര്യം എങ്ങനെയാണ് ശൈശവം മുതല്‍ ഒരാളില്‍ വികലമാര്‍ഗങ്ങളിലൂടെ സാക്ഷാല്‍ക്കാരം നേടുന്നതെന്ന് നിരീക്ഷിക്കുന്ന വില്‍ഹംറീഹ് ശിഥിലമാക്കപ്പെട്ട ലൈംഗികവാസനകളെ സാമ്രാജ്യത്വം അതിന്റെ ആധിപത്യലക്ഷ്യങ്ങള്‍ക്കായി എങ്ങനെയാണ് ഉപയോഗപ്പെടുത്തുന്നതെന്ന് വിശകലനംചെയ്യുന്നുണ്ട്. ലൈംഗികതയെ സംബന്ധിച്ച നിഗൂഢ സങ്കല്‍പ്പത്തിലും അച്ചടക്കത്തിലും മുങ്ങിക്കിടക്കുന്ന ജനതയെ ഫാസിസ്റ്റുകള്‍ക്ക് എളുപ്പം സ്വാധീനിക്കാന്‍ കഴിയും. അതേപോലെ അമിതലൈംഗികതയിലും ആസക്തികളിലും അഭിരമിക്കുന്ന ജനങ്ങളെയും തങ്ങളുടെ ആധിപത്യത്തിനും അടിച്ചമര്‍ത്തലിനും ഭീഷണി ഉയര്‍ത്താത്തവരായി ഭരണവര്‍ഗങ്ങള്‍ക്ക് എന്നും അടക്കിനിര്‍ത്തുവാന്‍ കഴിയും. മുതലാളിത്തമാധ്യമങ്ങളും സംസ്കാരവും സൃഷ്ടിക്കുന്ന ആസക്തികളും അമിത ലൈംഗികവല്‍ക്കരണവും സാമൂഹ്യവിമുഖമായ ആനന്ദാന്വേഷണങ്ങളിലാണ് മനുഷ്യനെ തളച്ചിടുന്നത്. പ്രണയത്തിന്റെയും ലൈംഗികതയുടെയും നൈസര്‍ഗികതയും സാമൂഹ്യപരതയും നിഷേധിക്കുന്ന നവലിബറല്‍ ശക്തികള്‍ ഭോഗാസക്തിയിലേക്കും രതിഭീകരതയിലേക്കുമാണ് ലോകത്തെ എത്തിച്ചുകൊണ്ടിരിക്കുന്നത് എന്ന വസ്തുതയെ ശരിവയ്ക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും നാം വായിക്കുന്നത്.

ഇലക്ട്രോണിക്സും കംപ്യൂട്ടറും ഉപഗ്രഹ സാങ്കേതികവിദ്യയും ചേര്‍ന്നൊരുക്കുന്ന 'ഇന്‍ഫോര്‍മാറ്റിക്സി'ന്റേതായ ഈ പുതുകാലത്തെ ലൈംഗിക വിപണിക്ക് സ്വീകാര്യതയേറിയ കാലമെന്നാണ് പല സ്‌ത്രീവാദ ബുദ്ധിജീവികളും വിശേഷിപ്പിച്ചിട്ടുള്ളത്. നമ്മുടെ സംസ്കാരത്തിലും ജീവിതത്തിലും സംഭവിക്കുന്ന സ്ഫോടനാത്മകമായ മാറ്റങ്ങള്‍ക്കാണ് ഈ വിവരയുഗം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. വിവരവിപ്ളവത്തിന്റെ നട്ടെല്ലായ ഇന്റര്‍നെറ്റും ടെലിവിഷനും പലതരം തുണിയഴിക്കല്‍~ പരിപാടിയും കിടപ്പറദൃശ്യങ്ങളും മാത്രമല്ല അവതരിപ്പിക്കുന്നത്. സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായി സ്വതന്ത്രരതിയെയും ലൈംഗികതയെയും സ്വീകാര്യതയുള്ളതാക്കി മാറ്റുന്ന ചര്‍ച്ചകളും മുഖാമുഖങ്ങളും തുടര്‍ച്ചയായി അവതരിപ്പിക്കുകയാണ്. പുരുഷാധിപത്യപരമായ നവലൈംഗികതാവാദം വേശ്യാവൃത്തിയെപ്പോലും സ്‌ത്രീശാക്തീകരണമായി വിശേഷിപ്പിക്കുകയാണ്! പ്രത്യുല്‍പ്പാദന ബന്ധങ്ങള്‍ക്കപ്പുറത്തുള്ള ലൈംഗികബന്ധങ്ങളെ ആദര്‍ശവല്‍ക്കരിക്കുന്ന നവലൈംഗികതാപ്രസ്ഥാനങ്ങള്‍ സ്‌ത്രീ സ്വാതന്ത്ര്യത്തിന്റെ വഴിയും ലക്ഷ്യവുമായി വേശ്യാവൃത്തിയെ സിദ്ധാന്തീകരിക്കുകയാണ്. കാശ് കൊടുത്ത് സെക്സ് വാങ്ങിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് വിശ്വസിപ്പിക്കുന്നതില്‍ ഇന്റര്‍നെറ്റ് ഉപകാരപ്രദമാണെന്നാണ് വേശ്യാവൃത്തിയുടെ നിയമവല്‍ക്കരണത്തിനുവേണ്ടി വാദിക്കുന്ന ഫ്രീ സെക്സ് ഗ്രൂപ്പുകള്‍ അവകാശപ്പെടുന്നത്.

എയ്‌ഡ്‌സ് വ്യാപനത്തിനെതിരായ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ മറപിടിച്ച് മൈക്രോസോഫ്റ്റ് മുതലാളി ബില്‍ഗേറ്റ്സ് ലൈംഗികതയെ ഒരു തൊഴിലും വ്യവസായവുമായി വികസിപ്പിക്കാനുള്ള പ്രചാരവേലകളാണ് നടത്തുന്നത്. മുതലാളിത്ത വ്യവസ്ഥയില്‍ ശരീരം വിറ്റു ജീവിക്കേണ്ടിവരുന്ന ഹതഭാഗ്യകളായ സ്‌ത്രീകളെയാണ് വേശ്യകളായി വിവക്ഷിക്കുന്നത്. ആഗോള മാധ്യമശൃംഖലകള്‍ ലൈംഗികതയെ, ലഭ്യമാവുന്ന ആരുമായും സാധ്യമാവുന്ന കാമപൂരണമാക്കി അധഃപതിപ്പിച്ചിരിക്കുകയാണ്. സ്‌ത്രീ ശരീരത്തെ അങ്ങേയറ്റം വസ്തുവല്‍ക്കരിക്കുന്ന മോഡലിങ്ങും ശരീരവിപണിയും പോര്‍ണോഗ്രാഫിയുമായിട്ടാണ് ഇന്റര്‍നെറ്റും ടെലിവിഷന്‍ ചാനലുകളും മാറ്റിയിരിക്കുന്നത്. സ്‌ത്രീയുടെ വ്യക്തിസത്തയെ നിഷേധിക്കുകയും വെറുമൊരു ശരീരമായി, പുരുഷകാമനയെ തൃപ്തിപ്പെടുത്തുന്ന ഉപകരണമായി മാത്രമാണ് ഇന്റര്‍നെറ്റിലെ സെക്സ് ഷോകളില്‍ സംപ്രേഷണം ചെയ്യുന്നത്. കാമാസക്തിയുടെയും രതിവൈകൃതങ്ങളുടേതുമായ അത്യാപല്‍ക്കരമായ നീലസംസ്കാരമാണ് സൈബര്‍/മൊബൈല്‍ കുറ്റകൃത്യങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. വില്യംറീഹ് നിരീക്ഷിക്കുന്നതുപോലെ, ഇതിന്റെ പിന്നിലുള്ള പ്രേരണാശക്തി മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന മൃഗീയതയെ കെട്ടഴിച്ചുവിടുന്ന സാമ്രാജ്യത്വ ലക്ഷ്യങ്ങളാണ്.

ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ ഏത് ശാസ്ത്ര സാങ്കേതിക വിദ്യയുടെ പ്രയോഗവും അതിന്റെ പുരോഗമനാത്മകതയോടൊപ്പം അതിന്റേതായ നിഷേധാത്മകമായ പ്രവണതകളും സൃഷ്ടിക്കും. യഥാര്‍ഥത്തില്‍ ഇന്റര്‍നെറ്റിന്റെ വ്യാപനം ഉയര്‍ത്തുന്ന സങ്കീര്‍ണപ്രശ്നങ്ങളെയും ഒരു ബഹുജനമാധ്യമമെന്ന നിലയില്‍ ഇന്റര്‍നെറ്റിന്റെ അത്ഭുതകരമായ സാധ്യതകളെയും വൈരുധ്യാത്മകമായി മനസ്സിലാക്കുകയും ഇടപെടുകയുമാണ് മാര്‍ക്സിസ്റ്റുകള്‍ ചെയ്യേണ്ടത്. ഗുണദോഷങ്ങളെ സംബന്ധിച്ച് ഏകപക്ഷീയതകള്‍ക്കപ്പുറം വിപ്ളവകരമായി ഈ സാധ്യതയെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ഇന്റര്‍നെറ്റ് വഴി ആര്‍ക്കും എന്തും പ്രചരിപ്പിക്കാമെന്നും അത് നിയമത്തിന്റെ പിടിയില്‍പെടാതെ സാധ്യമാവും എന്ന അവസ്ഥയാണ് ഇതിന്റെ ദുരുപയോഗം കൂട്ടിയതെന്ന് വാദിക്കുന്നവരുണ്ട്. അതില്‍ ഭാഗികമായ ശരിയുണ്ടുതാനും. അതുകൊണ്ട് പുതിയ സൈബര്‍ ഭേദഗതിയും നിയമം ശക്തമാക്കിയും ഇന്റര്‍നെറ്റിന്റെ ദുരുപയോഗം തടയാമെന്ന വാദവും ശക്തമായിട്ടുണ്ട്. പൊലീസിന് വമ്പിച്ച അധികാരം നല്‍കുന്ന ഏത് ഭേദഗതിയും മനുഷ്യാവകാശങ്ങള്‍ക്ക് ഭീഷണിയാകാമെന്ന സാധ്യതകൂടി പണിഗണിച്ചുകൊണ്ടേ ഇക്കാര്യത്തില്‍ ഒരു അന്തിമ അഭിപ്രായം രൂപീകരിക്കാവൂ. ഒരമിതാധികാര(അടിയന്തരാവസ്ഥപോലെ)കാലത്ത് ഈ നിയമം ദുരുപയോഗം ചെയ്യപ്പെടും.

പുരോഗമനശക്തികള്‍, ഇന്റര്‍നെറ്റിന്റെ അപാര സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന ക്രിമിനല്‍ ശക്തികള്‍ക്കും മൂലധനശക്തികള്‍ക്കുമെതിരെ രംഗത്ത് വരികയാണ് വേണ്ടത്. അമേരിക്ക, ചൈന, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇത്തരം കൂട്ടായ്മകള്‍ സജീവമായിത്തുടങ്ങിയിട്ടുണ്ട്. ഇടതുപക്ഷ വിരുദ്ധ ചാറ്റിങ് ഗ്രൂപ്പുകള്‍ സജീവമായിരിക്കുന്ന കേരളത്തില്‍ ഇത്തരമൊരു ഇടപെടല്‍ അടിയന്തര പ്രധാനമാണ്.

വിവരത്തിന്റെയും വിജ്ഞാനത്തിന്റെയും സാധ്യതകളിലല്ല കംപ്യൂട്ടറുകളും മൊബൈല്‍ഫോണുകളും ആഗോളവ്യാപകമാവുന്നത്. കൃത്യമായ രതിവ്യവസായത്തിന്റെ പ്രക്ഷേപണ-വിന്യാസശൃംഖലകളായി ഇന്റര്‍നെറ്റും മൊബൈല്‍ഫോണുകളും മാറ്റപ്പെടുന്നു. അമേരിക്കയിലെ ഒരു സര്‍വെ റിപ്പോര്‍ട് വിദ്യാഭ്യാസ-വിജ്ഞാന ആവശ്യങ്ങള്‍ക്കായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ വെറും 3% മാത്രമാണെന്നാണ് വെളിപ്പെടുത്തുന്നത്. ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ 92% പേരും സ്വകാര്യ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ഇതില്‍ ഞെട്ടിപ്പിക്കുന്ന വസ്തുത അമേരിക്കയിലെ 63% പേരും സെക്സ് സംബന്ധമായ കാര്യങ്ങള്‍ക്കാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതുപോലും!

ലൈംഗികതയെ വ്യവസായവും സംസ്കാരവുമായി മാറ്റുന്നതില്‍ സൈബര്‍ യുഗം ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു. ലോകത്തിലെ ഏറ്റുവും വിറ്റുവരവുള്ള വ്യവസായമായി ലൈംഗികതയെ വളര്‍ത്തുകയാണ് ഇന്റര്‍നെറ്റും ടെലിവിഷന്‍ ചാനലുകളും. പ്രണയോന്മുഖമായ സ്‌ത്രീപുരുഷബന്ധത്തെ നിഷേധിക്കുന്ന ഫ്രീ സെക്സും രതിവൈകൃതങ്ങളും പ്രചരിപ്പിക്കുന്ന വിവരവിപ്ളവം മനുഷ്യനെ ജന്മചോദനകളുടെ മൃഗീയതയില്‍ തളച്ചിടുകയാണ്. രതിയെ അശ്ളീലവും ഭീകരതയുമാക്കി മാറ്റുന്ന സ്‌ത്രീവിരുദ്ധമായ ഒരു സംസ്കാരത്തെ, മനുഷ്യത്വരഹിതമായ അരാജകവാസനകളെ പ്രോത്സാഹിപ്പിക്കുകയാണ് മര്‍ഡോക്കും ബില്‍ഗേറ്റ്സും. രതിയുടെ കമ്പോളവല്‍ക്കരണവും കോര്‍പറേറ്റ്വല്‍ക്കരണവുമാണ് മുതലാളിത്തം നടത്തിക്കൊണ്ടിരിക്കുന്നത്.

സൈബര്‍ നിയമങ്ങള്‍

കംപ്യൂട്ടറിനെ ഉപയോഗിച്ച് നടത്തുന്ന ഭരണപരവും വ്യവസായ, വിനോദ, വിദ്യാഭ്യാസപരവുമായ കുറ്റകൃത്യങ്ങളെ സംബന്ധിക്കുന്ന അടിസ്ഥാന നിയമങ്ങളാണ് cyber law.

സൈബര്‍ കുറ്റകൃത്യനിയമം - Law of cyber crimes 2000- ലാണ് നിലവില്‍ വന്നത്. 2008-ല്‍ ഭേദഗതിയിലൂടെ 13 ചാപ്റ്ററുകളും 94 സെക്ഷനുകളും ഉള്ളതാണ് ഇന്ത്യന്‍ ഐ ടി നിയമം (I.T Act).

ഇതില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ ഏതൊക്കെയാണെന്നും അവയ്ക്കുള്ള ശിക്ഷാനടപടികള്‍ എന്തൊക്കെയാണെന്നും പ്രതിപാദിക്കുന്നു. ഈ ആക്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പീനല്‍കോഡിലും ഇന്ത്യന്‍ എവിഡന്‍സ് ആക്ടിലും ബാങ്കേഴ്സ് ബുക്സ് എവിഡന്‍സ് ആക്ടിലും ആര്‍ ബി ഐ ആക്ടിലും ആവശ്യമായ ഭേദഗതിയും വരുത്തിയിട്ടുണ്ട്.

******

കെ ടി കുഞ്ഞിക്കണ്ണന്‍, കടപ്പാട് : ദേശാഭിമാനി വാരിക

3 comments:

വര്‍ക്കേഴ്സ് ഫോറം said...

വിജ്ഞാനത്തിന്റെയും വിവരങ്ങളുടെയും വിനോദത്തിന്റെയും മഹാപ്രവാഹത്തിനാണ് ഈ സൈബര്‍ യുഗം സാക്ഷിയാവുന്നത്. ഇത് തീര്‍ച്ചയായും മനുഷ്യസമൂഹത്തിന്റെ സര്‍വതോമുഖമായ പുരോഗതിക്കും ജനാധിപത്യവല്‍ക്കരണത്തിനും സഹായകമാവേണ്ടതായിരുന്നു. എന്നാലിന്ന് ഈ വിവരവിപ്ളവ സാധ്യതകളെ മുതലാളിത്തം ഉപയോഗപ്പെടുത്തുന്നത് തങ്ങളുടെ ഫൈനാന്‍സ് മൂലധനതാല്‍പ്പര്യങ്ങള്‍ക്കായാണ്. വയര്‍ലസ് ഇന്റര്‍നെറ്റും ഇ-ബിസിനസ്സിന്റെ മൂന്നാം തലമുറയും വികസിച്ചുവരുന്നതോടെ ഈ ഭൂലോകം നെറ്റ്വര്‍ക്ക് ചെയ്യപ്പെട്ട ലോക (net worked world) മാവുമെന്ന് കരുതുന്നവരാണ് ഐ ടി കുത്തകകള്‍. 'ഇന്‍ഫോര്‍മാറ്റിക്സി'ന്റെ പ്രചാരകരായ പല ബുദ്ധിജീവികളും, ഇന്നത്തെ വ്യാവസായിക സമ്പദ്ഘടന 'വിജ്ഞാനാധിഷ്ഠിത സമ്പദ്‌രൂപ'മോ 'ഡിജിറ്റല്‍ സമ്പദ്ക്രമ'മോ ആയി ത്വരിതഗതിയില്‍ പരിണമിക്കുമെന്ന് കരുതുന്നവരാണ്.

Anonymous said...

വളരെ ശരിയാണ് തോയിലാളി സുഹുര്‍തെ , മുതലാളിത്തം എന്നും യുവാക്കളെ ഇക്കിളിപെടുതുന്ന രീതിയിലന്‍ അവരിലേക് കയറിപട്ടുന്നത്. അഥവാ മുതലാളിത്തത്തിന്റെ cultural cousins ഇനെ ഉണ്ടാക്കാന്‍ വേണ്ടിയന്‍ അവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത് . അതില്‍ നമ്മുടെ കേരളീയ സമൂഹവും വീണു കയിന്ഹു എന്നാന്‍ ഇത് സൂചിപ്പിക്കുന്നത് . ഒരാള്‍ തന്റെ മൊബൈലില്‍ അത്തരം ഷോട്ടുകള്‍ മൊബൈലില്‍ പകര്‍ത്തുമ്പോള്‍ തന്റെ ഉമ്മനെയും പെങ്ങളെയും മറ്റുള്ളവരും അങ്ങിനെ പകര്തുന്നുന്ടെന്ന ബോദം അയാളില്‍ ഉടിക്കുകയണേല്‍ അയാള്‍ക് ഒരല്‍പമെങ്കിലും ഇതില്‍ പശ്ചാത്താപം തോന്നും പിന്നെ ഇത്തരം പ്രവണതകള്‍ വളര്‍ത്തുന്നതില്‍ നമ്മുടെ ചന്നെലുകല്കും ഒയിവക്കനകത പങ്ക് ഉണ്ട്

Calicocentric കാലിക്കോസെന്‍ട്രിക് said...

"സ്‌ത്രീകളെ വെറും ഭോഗവസ്തുവായി ചിത്രീകരിക്കുന്നതും ഭ്രാന്തമായ ആക്രമണങ്ങള്‍ക്കിരയാക്കുന്നതും ലൈംഗികമായി പീഡിപ്പിക്കുന്നതുമായ വിവരങ്ങളാണ് അശ്ളീലത- പോര്‍ണോഗ്രാഫിയുടെ അടിസ്ഥാനം."

വിവരദോഷം എന്നല്ലാതെ എന്തു പറയാന്‍.

"ലണ്ടനില്‍നിന്നു പ്രസിദ്ധീകരിക്കുന്ന 'The economist' ന്റെ നീരീക്ഷണം ശ്രദ്ധേയമാണ്."
എന്താണ് നിരീക്ഷിച്ചത് സഗാവേ? സാഗര്‍ ഹോട്ടലിലെ ടോയ്ലെറ്റോ?
വിഡ്ഢികള്‍ക്കുവേണ്ടി വിഡ്ഢികള് എഴുതിയാല്‍ സംഭവിക്കുന്നത്. ലോജിക്കലായി ഒരു കാര്യം പറഞ്ഞുവെയ്ക്കാന്‍പോലും കഴിവില്ലാതെ, പറയുന്ന വിഷയത്തെപ്പറ്റി അടിസ്ഥാനപരമായ ധാരണയില്ലാതെ സാമ്രാജ്യത്വം, നവമുതലാളിത്തം, എന്നങ്ങനെ കുറച്ചു സൂത്രംവഴി വളവളാ എന്നു പറഞ്ഞിട്ടേക്കുക.


വില്‍ഹം റെയ്ഹ് നിരീക്ഷിച്ചതിനെപ്പറ്റി ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട് കുഞ്ഞിക്കണ്ണന്‍. റെയ്ഹ് ആരാണെന്നു കുഞ്ഞിക്കണ്ണനറിഞ്ഞിട്ടുണ്ടാവില്ല. വി പീ ലേഖനം ഒന്നു വായിച്ചുനോക്കട്ടെ കുഞ്ഞിക്കണ്ണന്‍.
http://en.wikipedia.org/wiki/Wilhelm_Reich

ശാസ്ത്രപ്രചാരകനല്ലേ കുഞ്ഞിക്കണ്ണന്‍. റെയ്ഹിന്റെ ശാസ്ത്രീയതയ്ക്ക് ഉദാഹരണമിതാ.

http://en.wikipedia.org/wiki/Cloudbuster
http://en.wikipedia.org/wiki/Orgone

"ഇതൊക്കെ സാമ്രാജ്യത്വഗൂഢാലോചനയാണെന്നു പറഞ്ഞുകളയുമോ സഗാക്കള്‍?
സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായി സ്വതന്ത്രരതിയെയും ലൈംഗികതയെയും സ്വീകാര്യതയുള്ളതാക്കി മാറ്റുന്ന ചര്‍ച്ചകളും മുഖാമുഖങ്ങളും തുടര്‍ച്ചയായി അവതരിപ്പിക്കുകയാണ്."
ഇത് സെക്രട്ടേറിയറ്റ് പടിക്കലെ അടിച്ചുതളിക്കാരി സംഘത്തിന്റെ ധാര്‍മ്മികബോധം തന്നെ.

സൈബര്‍ കുറ്റകൃത്യനിയമം - Law of cyber crimes 2000- ലാണ് നിലവില്‍ വന്നത്.
അത് Law of cyber crimes അല്ല, ഐ റ്റ് ആക്റ്റ് 2000 ആയിരുന്നു.

"എയ്‌ഡ്‌സ് വ്യാപനത്തിനെതിരായ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ മറപിടിച്ച് മൈക്രോസോഫ്റ്റ് മുതലാളി ബില്‍ഗേറ്റ്സ് ലൈംഗികതയെ ഒരു തൊഴിലും വ്യവസായവുമായി വികസിപ്പിക്കാനുള്ള പ്രചാരവേലകളാണ് നടത്തുന്നത്."
ഉളുപ്പില്ലാത്തതുകൊണ്ട് ഇത്ര കേഷ്വലായി ഇത്ര ഗുരുതരമായ ഒരാരോപണം വഴിയേപറഞ്ഞിട്ടുപോവുന്നത്.