Friday, January 25, 2008

ഈ തിരുമേനിക്ക് എന്ത് പറ്റി?

ക്രൈസ്തവരില്‍നിന്ന് ഒരു 'സര്‍സംഘ ചാലക്' ഉണ്ടാവണമെന്ന് ക്രിസ്തുദേവന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടുണ്ടാവില്ല. 'നിന്റെ കുരിശെടുത്ത് എന്റെ പിന്നാലെ വരാനാണ്' ക്രിസ്തു ആഹ്വാനംചെയ്തത്. കുരിശ് പീഡനത്തിന്റെയും സഹനത്തിന്റെയും പ്രതീകമാണ്. ഇത് ഒരു ആര്‍ച്ച്ബിഷപ്പിന് അറിയാത്ത കാര്യമല്ല. എന്നിട്ടും പവ്വത്തില്‍ തിരുമേനി ഗുരുജി ഗോള്‍വാള്‍ക്കറാകാന്‍ ശ്രമിക്കുന്നു.

'സംസ്കാരം' എന്ന വാക്കാണ് തിരുമേനിയും ഉപയോഗിക്കുന്നത്. ചരിത്രത്തില്‍ ഇത്രയേറെ ചവിട്ടിമെതിക്കപ്പെട്ട മറ്റൊരു വാക്കില്ല. വാരിക്കുഴിയിലേക്കുള്ള ക്ഷണപത്രമായി എത്രയോ വട്ടം ഈ വാക്ക് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഏകാധിപതികള്‍ ജനാധിപത്യത്തിന്റെ തലയെടുത്തത് ഈ ഖഡ്‌ഗം വീശിയാണ്. ലോകം ഭരിക്കാന്‍ ആര്യസംസ്കാരമുള്ളവര്‍ വേണം എന്ന ഭീഷണി അവസാനിച്ചത് ഹിരോഷിമയിലെയും നാഗസാക്കിയിലെയും കൂട്ട നിലവിളികള്‍ക്കിടയിലാണ്. മഹാത്മാഗാന്ധിയുടെ ജന്മനാട്ടില്‍ 2000ത്തോളം മുസ്ലീങ്ങള്‍ മരിച്ചുവീണപ്പോള്‍ നരേന്ദ്രമോഡിയുടെ കണ്ണില്‍ തിളങ്ങിയതും ആര്യസംസ്കാരംതന്നെ. ഇറ്റാലിയന്‍ തോക്ക് ഉപയോഗിച്ച് നാഥുറാം ഗോഡ്‌സെ നിറയൊഴിച്ചതും 'ആര്‍ഷ ഭാരത സംസ്കാരം' ഘോഷിക്കാന്‍!

ഒരു മതഗ്രന്ഥത്തിലും 'സംസ്കാരം' എന്ന വാക്കില്ല. എന്നിട്ടും മതതീവ്രവാദം ആയുധം രാകുന്നത് ഇതിന്റെ ഉരകല്ലില്‍. കത്തിത്തീരാത്ത പട്ടടകളില്‍ നോക്കി കരഞ്ഞുതീരാത്തവര്‍ എത്രയോ ലക്ഷം! പ്രാര്‍ഥനയ്ക്കിടയില്‍ പവ്വത്തില്‍ തിരുമേനി ഈ കരച്ചിലുകള്‍ കേട്ടില്ലായിരിക്കാം. 'നിങ്ങള്‍ മക്കളെ സഭയുടെ സ്ഥാപനങ്ങളില്‍ പഠിപ്പിക്കണം' എന്ന് പറഞ്ഞതില്‍ കരുണയില്ല, വിശാലഹൃദയമില്ല, കരണത്തടിച്ചവന്റെ കൈ തടവുന്ന ക്രൈസ്തവ സ്പര്‍ശമില്ല. 'ഞാന്‍ പറയുന്നത് നീ അനുസരിക്കണം' എന്ന സന്ദേശം സംസ്കാരത്തിന്റേതല്ല, അധികാരത്തിന്റേതാണ്. ഉച്ചാരണം എത്ര വിനയപൂര്‍ണമാണെങ്കിലും ഉള്ളടക്കം അതിനിന്ദ്യമാണ്. സഭയുടെ സ്ഥാപനങ്ങളില്‍ കുട്ടികള്‍ കുറഞ്ഞെങ്കില്‍ മാനേജ്‌മെന്റ് തലങ്ങളിലാണ് പരിഹരിക്കേണ്ടത്; വേദപുസ്തകം വായിക്കുന്നവരെ-ഇതിലേ... ഇതിലേ... എന്ന് ആഹ്വാനംചെയ്തുകൊണ്ടല്ല.

വിഭാഗീയ സംസ്കാരങ്ങള്‍ വിതരണംചെയ്യുന്ന റേഷന്‍കടയാണോ പള്ളിക്കൂടങ്ങള്‍? ക്രിസ്ത്യാനി ക്രൈസ്തവ പള്ളിക്കൂടത്തില്‍ പോകണം എന്ന വാചകത്തെ ഒന്നുകൂടി തരംതിരിക്കാം. സിറിയന്‍ സിറിയന്റെ സ്കൂളിലും ലാറ്റിന്‍ ലാറ്റിന്റെ സ്കൂളിലും പോകട്ടെ. മാര്‍ത്തോമ, യാക്കോബായ, ഓര്‍ത്തഡോക്സ്, സിഎസ്ഐ, സിഎംഐ എന്നിവര്‍ അവരവരുടെ പള്ളിക്കൂടങ്ങളില്‍ പോകട്ടെ. പവ്വത്തില്‍ തിരുമേനിയുടെ ആഗ്രഹം സഫലീകരിക്കാന്‍ നായര്‍ നായരുടെയും, ഈഴവര്‍ ഈഴവരുടെയും സ്കൂളില്‍ പോകട്ടെ. അപ്പോള്‍ തിരുമേനി, പാവപ്പെട്ട 'പറയനിത്താപ്പിരി' അവന്റെ സംസ്കാരം ഉള്‍ക്കൊള്ളാന്‍ ഏത് സ്കൂളില്‍ പോകും?

ഗലീലിയായിലെ കല്‍പ്പടവുകളിലിരുന്ന് യേശു സ്വപ്നംകണ്ടത് മനുഷ്യന്റെ മോചനമായിരുന്നു. ഉണ്ണാനില്ലാത്തവരും, ഉടുക്കാനില്ലാത്തവരുമായിരുന്നു അദ്ദേഹത്തിന്റെ കേള്‍വിക്കാര്‍. ദരിദ്രരില്‍ ദരിദ്രന് കൊടുക്കുന്നത് എനിക്ക് തരുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം സ്വര്‍ഗം നീട്ടിയത് ദരിദ്രന്റെ മുന്നിലാണ്. പള്ളിക്കൂടം നടത്തിപ്പിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ഇപ്പോള്‍ മുഖ്യ അജന്‍ഡ. അതിനുവേണ്ടി ഒരു രണ്ടാം വിമോചന സമരത്തിനുവരെ തിരുവെഴുത്തുകള്‍ വരുന്നു! ദരിദ്രനും അടിമയ്ക്കും കുറ്റവാളികള്‍ക്കുംവേണ്ടിയാണ് റോമന്‍ സാമ്രാജ്യം കുരിശ് നീക്കിവച്ചത്. അടിമയുടെയും ദരിദ്രന്റെയും കലാപം അവസാനിപ്പിക്കാനുള്ള തൂക്കുമരമായിരുന്നു അത്. തെരുവോരത്ത് പരസ്യമായാണ് കുരിശേറ്റം. ഉത്സവപ്രതീതിയോടെ അധികാരികള്‍ ഇത് ആഘോഷിച്ചു. കുരിശില്‍ പിടയുന്നവന്റെ രോദനത്തില്‍ എതിര്‍പ്പിന്റെ ശബ്ദം അവസാനിക്കുമെന്ന് അവര്‍ കരുതി. കുരിശേറിയവന്റെ കണ്ണുപൊട്ടിക്കാന്‍ കഴുകന്മാര്‍ ആകാശത്ത് വട്ടമിട്ടു. സ്വാതന്ത്ര്യദാഹികളുടെ രക്തമാണ് കുരിശില്‍. അത് ലാഭക്കൊതിക്ക് ഉയര്‍ത്തിപ്പിടിക്കേണ്ട പരസ്യപ്പലകയല്ല.

ക്രിസ്ത്യാനികള്‍ ക്രൈസ്തവ പള്ളിക്കൂടത്തില്‍ പോകണമെന്നത് മതനിരപേക്ഷതയാണത്രേ! ആര്‍എസ്എസ് ശാഖകളില്‍പോലും ഇത്ര നിര്‍വ്യാജമായ വര്‍ഗീയത പറയാറില്ല. അവര്‍ പോലും മൂന്നുവലത്തുവച്ചാണ് മൂക്കില്‍ തൊടുന്നത്. 'ഭാരതസംസ്കാരം' എന്ന അപരനാമം ഉപയോഗിച്ചാണ് അവര്‍ 'ഹിന്ദു സംസ്കാരം' വില്‍ക്കുന്നത്. തിരുമേനി, അങ്ങ് ഉദ്ദേശിക്കുന്ന ഈ ക്രൈസ്തവസംസ്കാരം ഒന്ന് നിര്‍വചിക്കാമോ?

ഇപ്പോള്‍ 'സംസ്കാരം' എന്ന വാക്ക് ഒഴുകുന്നത് ഇന്നലെകളിലെ പ്രശാന്തസുന്ദരമായ സിന്ധുവിന്റെ തീരത്തുകൂടിയല്ല; വിലപിച്ചുതീരാത്ത ഇറാഖി അമ്മമാരുടെ മുറിവുണങ്ങാത്ത മാറിലൂടെയാണ് ! 'ഇനി സംസ്കാരങ്ങളുടെ സംഘട്ടനമാണ് എന്ന സാമുവല്‍ ഹണ്ടിംഗ്‌ടണിന്റെ കണ്ടെത്തലിന്റെ സാക്ഷാല്‍ക്കാരം! അമേരിക്കന്‍ അധിനിവേശത്തിന്റെ സൈദ്ധാന്തിക അടിത്തറ. നിങ്ങള്‍ ഞങ്ങളുടെ കൂടെയല്ലെങ്കില്‍ ഞങ്ങളുടെ ശത്രുവിന്റെ കൂടെയാണെന്ന മുഷ്ക് ! ക്രൈസ്തവ സംസ്കാരവും ഇസ്ലാം സംസ്കാരവും മുഖാമുഖം നില്‍ക്കുകയാണത്രേ. ക്രൈസ്തവ സംസ്കാരം ആധുനികവും, ഉദാത്തവും, വിശാലവും ജനാധിപത്യപരവും. ഇസ്ലാം സംസ്കാരം പ്രാകൃതവും, നീചവും, സങ്കുചിതവും ഏകാധിപത്യപരവും. അതുകൊണ്ട് സദ്ദാംഹുസൈനെ തൂക്കിലെറിഞ്ഞ് അമേരിക്ക ഇറാഖിനെ ജനാധിപത്യം പഠിപ്പിച്ചു. പാകിസ്ഥാന് ആയുധംകൊടുത്ത് അഫ്‌ഗാനിസ്ഥാനെ ജനാധിപത്യം പഠിപ്പിച്ചു. ഇസ്രയേലിന് മിസൈലുകള്‍ നല്‍കി പലസ്തീനെ പഠിപ്പിച്ചു. അധ്യയനം തീര്‍ന്നില്ല; തുടര്‍ വിദ്യാഭ്യാസ പരിപാടിയാണ്. ഇനി ഇറാനെ പഠിപ്പിക്കാന്‍ ഒരുങ്ങുകയാണ്. പെന്റഗണില്‍ യുദ്ധതന്ത്രജ്ഞര്‍ സിലബസ് തയ്യാറാക്കിക്കഴിഞ്ഞു. ..... പവ്വത്തില്‍ തിരുമേനി ഉദ്ദേശിക്കുന്ന 'ക്രൈസ്തവ സംസ്കാരം' എന്താണ്? ആരുടെ രക്തത്തിലാണ് തിരുമേനി കൈകഴുകാന്‍ ഒരുങ്ങുന്നത്? വിശ്വഹിന്ദുപരിഷത്തുകാരും, തൊഗാഡിയമാരും അത്യധ്വാനംചെയ്തിട്ടും കുലുങ്ങാത്ത കേരളത്തിന്റെ മതനിരപേക്ഷ അടിത്തറയിലേക്ക് തിരുമേനീ, കുരിശിന്റെ അഗ്രം കൂര്‍പ്പിച്ച് അങ്ങ് കുത്തരുത്!

വേലികെട്ടിത്തിരിച്ച്, ചാവേറുകള്‍ കാവല്‍നിന്ന കോട്ടയ്ക്കകത്തല്ല സംസ്കാരം വളര്‍ന്നത്. ചരിത്രത്തില്‍ സംസ്കാരം നാവാക്ഷരം കുറിച്ചത് നദീതീരത്തെ അതിരുകളില്ലാത്ത മണ്ണില്‍വച്ചാണ്. വരമ്പുകള്‍ ഇടിച്ചുനിരത്തി പ്രകൃതി കാലത്തെ ചുംബിച്ചത് ഈ കളിത്തട്ടില്‍വച്ചായിരുന്നു. ഇതായിരുന്നു സംഗമവേദികള്‍, ഇവിടെയായിരുന്നു സംക്രമണസന്ധ്യകള്‍. കൂടിച്ചേരലുകളില്‍നിന്നാണ് സംസ്കാരം പിച്ചവെച്ചത്, വേര്‍പിരിയലില്‍നിന്നല്ല. തുഞ്ചന്‍ 'പറമ്പാ'ണ് കോട്ടയല്ല. കോട്ട രാജാക്കന്മാര്‍ക്ക് മതി; അക്ഷരങ്ങള്‍ക്ക് വേണ്ട. പേര്‍ഷ്യന്‍ രാജാക്കന്മാര്‍ മദ്രസകളിലേക്കുവരെ ചൈനീസ് പണ്ഡിതന്മാരെ കൊണ്ടുവന്നു. നളന്ദയും തക്ഷശിലയും വാതിലുകള്‍ തുറന്നിട്ട് ജ്ഞാനികളെത്തേടി. നളന്ദയില്‍ യിജിങ് എന്ന ചൈനീസ് വിദ്യാര്‍ഥി 'ആയുര്‍വേദം' പഠിക്കാനെത്തി. ഇന്ത്യക്കാരനായ ഗൌതമസിദ്ധാര്‍ഥ എട്ടാം നൂറ്റാണ്ടില്‍ ചൈനയില്‍ ജ്യോതിശാസ്ത്ര തലവനായി.

സമ്പന്നമായ ഗ്രീക്ക് സംസ്കാരം ദൈവങ്ങളെവരെ കടമെടുത്തു. ഈജിപ്‌ഷ്യന്‍ ദേവത ഐസിസ് ഗ്രീക്കുകാര്‍ക്ക് ദി മെറ്ററായി. ഈജിപ്തിന്റെ ഹോറസ് ഗ്രീസില്‍ അപ്പോളോ ആയി. എല്ലാ ദൈവവും തുല്യരാണെന്ന് ഗ്രീക് ചിന്തകന്‍ തെയില്‍സ് പ്രഖ്യാപിച്ചു. പള്ളിക്കൂടങ്ങളുടെ വാതിലടച്ച്, മതത്തിന്റെ കാര്‍ഡുകള്‍ തൂക്കി, പവ്വത്തില്‍ തിരുമേനി പഠിപ്പിക്കാന്‍പോകുന്ന സംസ്കാരം എന്താണ്? ഇത് നിന്റെ സംസ്കാരം, ഇത് അവന്റെ സംസ്കാരം എന്ന് പഠിപ്പിക്കുന്നത് എന്തിന് ? സംസ്കാരം ചില്ലലമാരയില്‍ തരംതിരിച്ചു വച്ച പലഹാരങ്ങളല്ല. ജീവിതപ്രക്രിയയില്‍ രൂപപ്പെട്ടുവരുന്നതാണ്. അതിന്റെ മീതെ സര്‍വെ ചങ്ങല വയ്ക്കരുത്.

വിഭജനകാലത്തെ ഇന്ത്യയില്‍, ചിനാബ് നദീതീരത്തുനിന്ന് പഞ്ചാബിന്റെ വിളഭൂമികള്‍ നോക്കി ചിലര്‍ പറഞ്ഞു-അത് എന്റെ ഭൂമി; ഇത് നിന്റെ ഭൂമി. അത് ഹിന്ദുവിന്റെയും, മുസ്ലീമിന്റെയും വാസസ്ഥലങ്ങളായിരുന്നു. അന്ന് ഡല്‍ഹിയിലെ തെരുവില്‍നിന്ന് ചിലര്‍ പറഞ്ഞു-ആ കടയില്‍ പോകരുത്, ഈ കടയില്‍ പോകണം. അത് ഹിന്ദുവിന്റെയും മുസ്ലീമിന്റെയും കടകളായിരുന്നു. അന്ന് റെയില്‍വെസ്റ്റേഷനുകളില്‍ 'ഹിന്ദുപാനിയും' 'മുസ്ളിംപാനിയും' വിറ്റു.

അന്ന് അഭയാര്‍ഥിക്യാമ്പിലെത്തിയ ജവാഹര്‍ലാല്‍ നെഹ്റുവിനോട് ഒരു കുട്ടി പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു "എന്റെ അമ്മയെ തിരിച്ചു തര്വോ?''

അമ്മയ്ക്ക് ജാതിയും മതവുമില്ല; കുട്ടിക്കുമില്ല. എന്നിട്ടും കുട്ടികളെ എന്തിന് പ്രത്യേകിച്ച് ക്രൈസ്തവ സംസ്കാരം പഠിപ്പിക്കുന്നു തിരുമേനി? അവര്‍ വളര്‍ന്നോട്ടെ-പ്രാര്‍ഥനയും വേദപഠനവുമൊക്കെയായി അവര്‍ വളര്‍ന്നോട്ടെ. പള്ളിയില്‍ പോകുന്നതിനു പോരെ മതം, പള്ളിക്കൂടത്തില്‍ പോകാന്‍ വേണോ? യേശുവിനൊപ്പം ശ്രീകൃഷ്ണന്റെ കഥകളും അവര്‍ കേട്ടോട്ടെ. ക്രിസ്‌മസ് കരോളിനൊപ്പം അവര്‍ ഓണപ്പാട്ടും പാടട്ടെ. നക്ഷത്രങ്ങളും പൂക്കളങ്ങളും ഉണ്ടാകട്ടെ. അള്‍ത്താരയിലെ ദൈവത്തിനൊപ്പം, ആനപ്പുറത്തിരിക്കുന്ന ദൈവത്തെയും അവര്‍ കണ്ടോട്ടെ. ചിരിക്കാനറിയാവുന്ന കുട്ടികളെ എന്തിന് വെറുക്കാന്‍ പഠിപ്പിക്കുന്നു? എന്തിന് 'ഞങ്ങള്‍ക്ക് ഞങ്ങളുടെ ലോകം' സൃഷ്ടിക്കുന്നു? അത് സമ്പന്നന്റെ സ്വാര്‍ഥതയാണ്. മറ്റുള്ളവരെ 'പൂഹോയ്' എന്ന് ആട്ടാന്‍ സവര്‍ണന് കഴിയും. അവര്‍ണന് കഴിയില്ല. സവര്‍ണ മനോഭാവത്തിന്റെ തുരുമ്പിച്ച പൂഞ്ഞല്‍ പവ്വത്തില്‍ തിരുമേനിക്ക് ഇണങ്ങുന്നതല്ല. ക്രിസ്ത്യാനികള്‍ മറ്റൊരു സംസ്കാരവും അറിയേണ്ടേ? ശ്രീബുദ്ധനെ അറിയേണ്ടേ? വിവേകാനന്ദനെ അറിയേണ്ടേ? മഹാഭാരതയുദ്ധം അറിയേണ്ടേ? ഉപനിഷത്തുകളുടെ ജ്ഞാനം അറിയേണ്ടേ? കുത്തബ്‌മീനാറും, താജ്‌മഹലും ആസ്വദിക്കണ്ടേ? കട്ടക്കയത്തെമാത്രം അറിഞ്ഞാല്‍ മതിയോ കാളിദാസനെ അറിയേണ്ടേ? ശ്രീനാരായണഗുരുവും, നവോത്ഥാനനായകരും ഉഴുതുമറിച്ച മണ്ണാണിത്. ഈ മണ്ണിലേക്ക് അന്തകവിത്തുകള്‍ എറിയരുത്!

കേരളത്തിലെ പള്ളികള്‍ക്കുമുണ്ടായിരുന്നു സങ്കുചിതത്വത്തിന്റെ ഭിത്തികള്‍ ഭേദിച്ച കാലം. ചങ്ങനാശേരി കത്തോലിക്കാ പള്ളിയിലെ തിരുനാളിന് പണ്ട് രണ്ട് യോഗങ്ങള്‍ ഉണ്ടായിരുന്നതായി മന്നത്ത് പത്മനാഭന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രാവിലെയുള്ള യോഗത്തില്‍ കണ്ടങ്കരി കത്തനാരും, വൈകിട്ടുള്ള യോഗത്തില്‍ കൈനിക്കര കുമാരപിള്ളയും അധ്യക്ഷന്മാര്‍. ഒരിക്കല്‍ കൈനിക്കരയെ ക്ഷണിച്ചില്ല. നായര്‍ താലൂക്ക് സമാജം രൂപീകരിക്കാന്‍ ഇത് പ്രേരകമായെന്ന് മന്നം പറയുന്നു. കുടമാളൂര്‍ പള്ളിക്ക് സ്ഥലം കൊടുത്തത് ചെമ്പകശേരി രാജകുടുംബമാണ്. കൊരട്ടി മുത്തിക്ക് ദേവാലയം പണിയാന്‍ സഹായിച്ചത് കൊരട്ടി സ്വരൂപത്തിലെ ഭരണകര്‍ത്താവായ തമ്പുരാട്ടിയാണ്. പെരുന്ന സുബ്രഹ്മണ്യക്ഷേത്രത്തിലെ എണ്ണതൊട്ട് ശുദ്ധിയാക്കാന്‍ ഒരു നസ്രാണി കുടുംബത്തെ പെരുന്നയില്‍ കൊണ്ടുവന്നു. 'തൈലാദി വസ്തുക്കളശുദ്ധമായാല്‍ നസ്രാണി തൊട്ടാല്‍ അത് ശുദ്ധമാകു'മെന്ന ചൊല്ലുതന്നെയുണ്ടായി. തിരുവിതാംകൂര്‍ ദിവാനായിരുന്ന രാജാ കേശവദാസന്‍ ആലപ്പുഴ തുറമുഖത്തിന്റെ ചുമതല ഏല്‍പ്പിച്ചത് മാത്തുതരകനെയായിരുന്നു. മാത്തുതരകന്‍ നിരവധി പള്ളികള്‍ പണികഴിപ്പിച്ചു.

ഐക്യത്തിന്റെ വാരംകോരിയായിരുന്നു ഇതിന്റെ തറക്കല്ലിടല്‍. സാഹോദര്യത്തിന്റെ കല്ലുകളാണ് ഇതിന്റെമീതെ അടുക്കിവച്ചത്. ഇന്നലെകള്‍ മറന്നുകൊണ്ട് നാളെയിലേക്ക് നോക്കാനാവില്ല. ജീവിക്കുന്നത് ഭാവിയിലേക്കാണെങ്കിലും തിരിഞ്ഞുനോക്കിക്കൊണ്ടേ ജീവിക്കാനാവൂ. ഇന്നലെയിലെ യാഥാര്‍ഥ്യങ്ങളാണ് ഭാവിയിലേക്ക് നോക്കാന്‍ പ്രതീക്ഷ നല്‍കുന്നത്. ആ പ്രതീക്ഷയുടെ നാളങ്ങളെ പവ്വത്തില്‍ തിരുമേനി കെടുത്താനൊരുങ്ങരുത്, കര്‍ത്താവുപോലും പൊറുക്കില്ല.

-എം.എം.പൌലോസ്

കടപ്പാട്: ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

സമ്പന്നമായ ഗ്രീക്ക് സംസ്കാരം ദൈവങ്ങളെവരെ കടമെടുത്തു. ഈജിപ്‌ഷ്യന്‍ ദേവത ഐസിസ് ഗ്രീക്കുകാര്‍ക്ക് ദി മെറ്ററായി. ഈജിപ്തിന്റെ ഹോറസ് ഗ്രീസില്‍ അപ്പോളോ ആയി. എല്ലാ ദൈവവും തുല്യരാണെന്ന് ഗ്രീക് ചിന്തകന്‍ തെയില്‍സ് പ്രഖ്യാപിച്ചു. പള്ളിക്കൂടങ്ങളുടെ വാതിലടച്ച്, മതത്തിന്റെ കാര്‍ഡുകള്‍ തൂക്കി, പവ്വത്തില്‍ തിരുമേനി പഠിപ്പിക്കാന്‍പോകുന്ന സംസ്കാരം എന്താണ്? ഇത് നിന്റെ സംസ്കാരം, ഇത് അവന്റെ സംസ്കാരം എന്ന് പഠിപ്പിക്കുന്നത് എന്തിന് ? സംസ്കാരം ചില്ലലമാരയില്‍ തരംതിരിച്ചു വച്ച പലഹാരങ്ങളല്ല. ജീവിതപ്രക്രിയയില്‍ രൂപപ്പെട്ടുവരുന്നതാണ്. അതിന്റെ മീതെ സര്‍വെ ചങ്ങല വയ്ക്കരുത്.

ശ്രീ എം.എം.പൌലോസ് ദേശാഭിമാനിയില്‍ എഴുതിയ ലേഖനം പുന:പ്രസിദ്ധീകരിക്കുന്നു.

Unknown said...

മത ന്യൂന പക്ഷങ്ങല്കെ ഭരണ ഘടന പ്രകാരം വിദ്യാഭ്യാസവകാസങ്ങള്‍ കൊടുതിരികുന്നത് അവരുടെ കുട്ടികള്‍ക്ക് അവരുടെ മത സാസ്കാരിക പ്രകാരം വിദ്യാഭ്യാസം നേടാനാണ്. അപ്പോള്‍ ക്രിസ്ത്യാനികള്‍ ക്രിസ്ത്യന്‍ സ്കൂളുകളില്‍ തന്നെ പഠിക്കണം