ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എക്കാല ത്തും അവകാശപ്പെട്ടുപോന്നിട്ടുള്ളത് തങ്ങളാണ് യഥാര്‍ഥ രാജ്യസ്നേഹികളെന്നാണ്. തങ്ങള്‍ക്ക് ആവശ്യമുള്ളപ്പോഴൊക്കെ മറ്റുള്ളവരെ രാജ്യദ്രോഹികളായി മുദ്രകുത്താനും അവര്‍ മടിക്കാറില്ല. സ്വാതന്ത്ര്യസമരത്തിന്റെ പൈതൃക കുത്തകാവകാശവും തങ്ങള്‍ക്കാണെന്ന് മേനിനടിക്കാറുണ്ട്. ഇപ്പോള്‍ അമേരിക്കയുമായുള്ള ആണവകരാറിനെ എതിര്‍ക്കുന്നവരെയും ദേശവിരുദ്ധരായി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസ് നിര്‍ലജ്ജം ശ്രമിക്കുന്നു. രാജ്യദ്രോഹത്തിന്റെ മൂര്‍ത്തരൂപമായ ആണവകരാര്‍ മുറുകെ പിടിച്ചുകൊണ്ടാണ് ഇത്!
സ്വാതന്ത്ര്യസമരത്തിന്റെ പൈതൃകകുത്തക അവകാശപ്പെടുന്നവര്‍ സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കായ ഇന്ത്യയെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കീഴ്പ്പെടുത്തുന്നു. ആണവകരാര്‍ നാടിന് ആപത്താണെന്ന് ഇടതുപക്ഷം ചൂണ്ടിക്കാട്ടുമ്പോള്‍ അത് ഖണ്ഡിക്കാനായി കോണ്‍ഗ്രസ് പറയുന്ന പ്രധാന ന്യായം ഇത്തരം വ്യവസ്ഥകള്‍ 123 കരാറിലില്ല, മറിച്ച് ഹൈഡ് ആക്ടിലാണ് പറഞ്ഞിരിക്കുന്നതെന്നും പ്രസ്തുത നിയമം നമുക്ക് ബാധകമല്ലെന്നുമാണ്. നമ്മുടെ ബാധ്യത 123 കരാറിനോട് മാത്രമാണെന്നാണ് കോഗ്രസിന്റെ വാദം. ഹൈഡ് ആക്ടിലെ വ്യവസ്ഥകള്‍ രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമല്ലെന്നു വാദിച്ചാല്‍ വിജയിക്കില്ലെന്ന് കോണ്‍ഗ്രസിനറിയാം. അതുകൊണ്ടാണ് അത് നമുക്ക് ബാധകമല്ലെന്ന പുതിയ വാദമുഖവുമായി അവര്‍ രംഗത്തുവന്നിരിക്കുന്നത്.
യഥാര്‍ഥത്തില്‍ എന്താണ് ഹൈഡ് ആക്ടെന്ന് പരിശോധിച്ചാല്‍ ഈ വാദത്തിന്റെ പൊളളത്തരം വ്യക്തമാകും. അമേരിക്ക 1954ല്‍ പാസാക്കിയ അറ്റോമിക് എനര്‍ജി ആക്ടിനു വിധേയമായി മാത്രമേ അവര്‍ക്ക് മറ്റു രാജ്യങ്ങളുമായി ആണവകാറില്‍ ഏര്‍പ്പെടാന്‍ സാധിക്കൂ. ഈ ആക്ടിന്റെ 12-ാം വകുപ്പിലാണ് മറ്റ് രാജ്യങ്ങളുമായി കരാറില്‍ ഏര്‍പ്പെടുന്നതിനുള്ള വ്യവസ്ഥകള്‍ വിവരിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഇത്തരം കരാറുകളെല്ലാം 123 കരാറെന്ന് അറിയപ്പെടുന്നത്. ഈ വകുപ്പുപ്രകാരം അമേരിക്കന്‍ പ്രസിഡന്റിന് ഒരു കാരണവശാലും ഇന്ത്യയുമായി ആണവകരാറില്‍ ഏര്‍പ്പെടാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ പ്രസിഡന്റ് ബുഷിന് ഇന്ത്യയുമായി ആണവകരാറിലേര്‍പ്പെടാന്‍ അനുമതി നല്‍കുന്നതിനുവേണ്ടി മാത്രം അമേരിക്കന്‍ പാര്‍ലമെന്റ് 2006 ഡിസംബറില്‍ പാസാക്കിയ നിയമമാണ് ഹൈഡ് ആക്ട്.
ഹൈഡ് ആക്ടിലെ വ്യവസ്ഥകള്‍ക്കു വിധേയമായി മാത്രമേ അമേരിക്കന്‍ പ്രസിഡന്റിന് ഇന്ത്യയുമായി ആണവകരാറിലേര്‍പ്പെടാന്‍ സാധിക്കൂ. ഹൈഡ് ആക്ട് ഇല്ലെങ്കില്‍ 123 കരാറും ഇല്ലെന്നര്‍ഥം. എന്നുമാത്രമല്ല, 123 കരാറിന്റെ 2.1 എന്ന അനുഛേദത്തില്‍ ഇരു രാജ്യത്തെയും പാര്‍ലമെന്റുകള്‍ പാസാക്കിയ ആഭ്യന്തരനിയമങ്ങള്‍ക്ക് വിധേയമായിട്ടാണ് ആണവകരാര്‍ നടപ്പാക്കുക എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹൈഡ് ആക്ട് അമേരിക്കയുടെ ആഭ്യന്തരനിയമമാണെന്നും അത് ഇന്ത്യക്ക് ബാധകമല്ലെന്നുമുളള വാദം നിലനില്‍ക്കുന്നതല്ല. ഹൈഡ് ആക്ടിലെ ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ ഓരോ വ്യവസ്ഥയ്ക്കും കേന്ദസര്‍ക്കാര്‍ മറുപടി പറഞ്ഞേ മതിയാകൂ. അതുപ്രകാരം ഇന്ത്യയുടെ വിദേശനയം അമേരിക്കന്‍ വിദേശനയത്തിന് സമാനമായിരിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ചേരിചേരാനയത്തില്‍നിന്നു മാറി അമേരിക്കന്‍ചേരിക്ക് അനുസൃതമായ വിദേശനയം ഇനിമുതല്‍ ഇന്ത്യ സ്വീകരിച്ചുകൊള്ളാമെന്ന് ആരാണ് തീരുമാനിച്ചത്? ഇറാനെതിരായ ഏത് നീക്കത്തെയും പിന്തുണയ്ക്കാമെന്ന് ബ്ളാങ്ക് ചിറ്റ് നല്‍കാന്‍ ആരാണ് മന്‍മോഹന്‍സിങ്ങിന് അധികാരം നല്‍കിയത്? ദക്ഷിണേഷ്യയിലുണ്ടാകുന്ന ഏത് ആണവനീക്കത്തെയും ചെറുക്കാന്‍ അമേരിക്കയ്ക്ക് പിന്തുണ നല്‍കാമെന്ന പ്രസ്താവനയുടെ വ്യാപ്തി എന്താണ്? ഇതില്‍ അമേരിക്കന്‍ സൈനികതാവളവും ഉള്‍പ്പെടുമോ? ഇത് ഉള്‍പ്പെടെ രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായ എല്ലാ വ്യവസ്ഥയ്ക്കും കോണ്‍ഗ്രസ് ഉത്തരം നല്‍കിയേ മതിയാകൂ.
അമേരിക്കയുടെ 1954ലെ അറ്റോമിക് എനര്‍ജി ആക്ടില്‍ത്തന്നെ മറ്റ് രാജ്യങ്ങളുമായി കരാറിലേര്‍പ്പെടാന്‍ വ്യവസ്ഥചെയ്തിരുന്നെന്നും എന്നാല്‍ പ്രസ്തുത നിയമപ്രകാരം ഇന്ത്യയുമായി കരാറിലേര്‍പ്പെടാന്‍ തടസ്സമുണ്ടെന്നും സൂചിപ്പിച്ചു. മറ്റ് രാജ്യങ്ങള്‍ക്കില്ലാത്ത ആ തടസ്സം എന്താണെന്ന് പരിശോധിച്ചാല്‍ രാജ്യത്തിന്റെ ആത്മാഭിമാനത്തെ പണയപ്പെടുത്തിയ കോണ്‍ഗ്രസിന്റെയും മന്‍മോഹന്‍സിങ്ങിന്റെയും പ്രവൃത്തികള്‍ കൂടുതല്‍ വ്യക്തമാകും.
ആണവ നിര്‍വ്യാപനകരാര്‍ അനുസരിച്ച് രണ്ടുതരം രാഷ്ട്രങ്ങളേ ഭൂമുഖത്തുളളൂ. ആണവായുധരാഷ്ട്രങ്ങളും ആണവായുധ രഹിത രാഷ്ട്രങ്ങളും. അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന എന്നിങ്ങനെ അഞ്ച് രാഷ്ട്രത്തെ മാത്രമേ ആണവായുധമുള്ള രാഷ്ട്രങ്ങളെന്ന് അവര്‍ അംഗീകരിച്ചിട്ടുള്ളൂ. മറ്റെല്ലാ രാഷ്ട്രവും ആണവായുധ രഹിത രാഷ്ട്രങ്ങളാണ്. ഇന്ത്യ, പാകിസ്ഥാന്‍, ഉത്തരകൊറിയ എന്നീ രാജ്യങ്ങളുടെ കൈവശം ആണവായുധങ്ങള്‍ ഉണ്ടെങ്കിലും അവയെ ആണവായുധമുള്ള രാഷ്ട്രമെന്ന് അംഗീകരിക്കാന്‍ അമേരിക്കയ്ക്ക് മനസ്സില്ല. എന്തുകൊണ്ടെന്ന് ചോദിക്കരുത്. അവര്‍ക്ക് മനസ്സില്ല അത്രതന്നെ. ഇത് ന്യായീകരിക്കാനാകാത്ത വിവേചനമാണെന്നും ആണവായുധങ്ങള്‍ കൈവശമുളള ഇന്ത്യയുമായി കരാറിലേര്‍പ്പെടുന്നത് നമ്മളെ ആണവായുധരാഷ്ട്രമെന്ന് അംഗീകരിച്ചുകൊണ്ട് വേണമെന്നുമായിരുന്നു നമ്മുടെ പ്രധാനമന്ത്രി നിലപാടെടുത്തിരുന്നെങ്കില്‍ മനസ്സിലാക്കാമായിരുന്നു. എന്നാല്‍, നാണംകെട്ട കീഴടങ്ങലാണ് പ്രധാനമന്ത്രി നടത്തിയത്. 1974ലും 1998ലും നടത്തിയ ആണവപരീക്ഷണങ്ങളും അതില്‍ കൈവരിച്ച വിജയവും കൈവശമുള്ള ആണവായുധങ്ങളും എന്തോ ബാധ്യതപോലെയാണ് നമ്മുടെ പ്രധാനമന്ത്രിക്ക് തോന്നുന്നത്. ഈ കീഴടങ്ങല്‍വഴി ഇന്നുവരെ ഇന്ത്യ സ്വീകരിച്ചിരുന്ന സ്വതന്ത്ര വിദേശനയംതന്നെ ഒരു നയപ്രഖ്യാപനമോ ചര്‍ച്ചയോ ഇല്ലാതെ തിരുത്തിക്കുറിക്കുകയും ഇന്ത്യയെ ഒരു അമേരിക്കന്‍ വിധേയരാഷ്ട്രം മാത്രമായി തരംതാഴ്ത്തുകയും ചെയ്തിരിക്കുന്നു.
എന്തുകൊണ്ടാണ് നാളിതുവരെ നമ്മള്‍ ആണവനിര്‍വ്യാപനകരാറിലോ ആണവപരീക്ഷണങ്ങള്‍ നിരോധിക്കുന്ന കരാറിലോ ഒപ്പുവയ്ക്കാതിരുന്നത്? ആണവായുധം ചില രാഷ്ട്രങ്ങള്‍ക്ക് ആകാമെന്നും മറ്റുളളവര്‍ക്ക് ആയിക്കൂടാ എന്നും നിഷ്കര്‍ഷിക്കുന്ന ഇത്തരം കരാറുകള്‍ രാഷ്ട്രങ്ങളുടെ പരാമാധികാരത്തിലും സ്വതന്ത്ര്യത്തിലുമുളള കടന്നുകയറ്റമാണെന്ന നമ്മുടെ നിലപാടായിരുന്നു അതിനു കാരണം. ഇന്ന് ഈ കരാറുകളെ അംഗീകരിക്കുകയും ഇനിമേലില്‍- കൃത്യമായി പറഞ്ഞാല്‍ 2005 ജൂലൈ 18നു ശേഷമുളള എല്ലാ പ്രവര്‍ത്തനവും അമേരിക്ക ഉള്‍പ്പെടെ ഇത്തരം രാഷ്ട്രങ്ങളുടെ അംഗീകാരത്തിനും പരിശോധനയ്ക്കും വിധേയമായി മാത്രമായിരിക്കുമെന്നുമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചുകൊടുക്കുന്നത്. ഇന്നലെവരെ നാം അങ്ങനെ ചെയ്യാതിരുന്നത് എന്തോ മഹാ അപരാധമായിപ്പോയി എന്ന മട്ടിലാണ് കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും പ്രതികരിക്കുന്നത്. നമ്മുടെ പരമാധികാരം അടിയറവച്ചുകൊടുക്കുകയും മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തിന്‍മേല്‍ കുതിരകയറാനുളള അമേരിക്കയുടെ ശ്രമങ്ങള്‍ക്ക് കൂട്ടു നില്‍ക്കുകയും ചെയ്യുകവഴി ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തെ തന്നെ ചവിട്ടിമെതിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്.
ഉത്തരം മുട്ടുമ്പോള്‍ ചൈന, ചൈന എന്ന് പറയുക എല്ലാ കാലത്തും കോണ്‍ഗ്രസിന്റെ ശൈലിയാണ്. ഇവിടെയും അതിന് മാറ്റമില്ല. അമേരിക്കയും ചൈനയും തമ്മില്‍ ആണവകരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. പിന്നെന്താണ് ഇന്ത്യ കരാറിലേര്‍പ്പെട്ടാലെന്നാണ് ചോദ്യം. ഇവിടെയും വസ്തുതകള്‍ മറച്ചുവയ്ക്കുകയാണ് കോണ്‍ഗ്രസ്. ഒന്നാമത് ചൈനയെ അമേരിക്കയും ആണവോര്‍ജ ഏജന്‍സിയും ആണവായുധരാഷ്ട്രമായി അംഗീകരിച്ചു കഴിഞ്ഞതാണ്. അതുകൊണ്ടുതന്നെ ആണവായുധ രഹിത രാഷ്ട്രങ്ങളോടുളള ഒരു വിവേചനവും പരിശോധനയും അവര്‍ക്ക് ബാധകമാകില്ല. രണ്ടാമത് അമേരിക്കയുടെ പാര്‍ലമെന്റ് പാസാക്കുന്ന ഏത് നിയമവും ഇന്ത്യക്ക് ബാധകമാണെന്ന് നിഷ്കര്‍ഷിക്കുന്ന 123 കരാറിലെ 2.1 എന്ന വ്യവസ്ഥ, ചൈനയുടെ കാര്യത്തില്‍ ഇത്തരം ആഭ്യന്തരനിയമങ്ങള്‍ ചൈനയ്ക്ക് ബാധകമല്ലെന്നാണ് വ്യക്തമായി പറയുന്നത്. കരാറിലെ ഇത്തരം വിവേചനമെല്ലാം മറച്ചുവച്ച് എന്തോ വലിയ നേട്ടം കൈവരിച്ച രീതിയിലാണ് കോഗ്രസിലെ ഒരു വിഭാഗമെങ്കിലും പ്രതികരിക്കുന്നത്.
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ (ഐഎഇഎ) മുമ്പാകെ ഇന്ത്യ സമര്‍പ്പിക്കുന്ന രേഖകള്‍ അമേരിക്കന്‍ പാര്‍ലമെന്റിനു മുമ്പിലും സമര്‍പ്പിച്ചുകൊള്ളാമെന്നാണ് ഹൈഡ് ആക്ടിലെ വ്യവസ്ഥ. ഈ വ്യവസ്ഥയ്ക്ക് വിധേയമായിട്ടാണ് അമേരിക്കന്‍ പ്രസിഡന്റിനെ കരാറുമായി മുന്നോട്ടു പോകാന്‍ അമേരിക്ക അനുവദിച്ചത്. ഇതേ കരാര്‍ വ്യവസ്ഥകള്‍ കാണണമെന്ന ഇടുതുപക്ഷ നേതാക്കളുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിഷേധിക്കുകയാണ് ചെയ്തത്. അമേരിക്കയും റഷ്യയും ഫ്രാന്‍സും ചൈനയും വായിച്ച് അംഗീകരിക്കാന്‍ സമര്‍പ്പിക്കുന്ന രേഖ ഇന്ത്യയിലെ നേതാക്കളോ പാര്‍ലമെന്റ് അംഗങ്ങളോ കണ്ടുപോയാല്‍ അത് ആണവഭീകരപ്രവര്‍ത്തനത്തിലേക്ക് നയിക്കുമെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. ഒടുവില്‍ അമേരിക്കന്‍ വെബ്‌സൈറ്റുകളില്‍നിന്നാണ് നമ്മുടെ എംപിമാര്‍, മന്ത്രിമാര്‍പോലും വിവരം മനസ്സിലാക്കിയത്. അതും ഭാഗികവിവരംമാത്രം. യുപിഎയിലെ ഘടകകക്ഷികള്‍പോലും ഇരുട്ടില്‍ തപ്പുകയാണ്. സ്വന്തം മന്ത്രിസഭയുടെ ഭാവിയും പ്രഘോഷിച്ചിരുന്ന മതേതരത്വവും എല്ലാം വലിച്ചെറിഞ്ഞ് അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ ഒരു ഇലക്ഷന്‍ ഏജന്റായി തരംതാഴുകയാണ് മന്‍മോഹന്‍സിങ് ചെയ്തത്.
എന്തുകൊണ്ടാണ് സ്വന്തം വിദേശമന്ത്രിയുടെ രാഷ്ട്രത്തോടുള്ള ഉറപ്പുപോലും തൃണവല്‍ക്കരിച്ച് തിടുക്കത്തില്‍ ഈ കരട് കരാര്‍ ആണവോര്‍ജ ഏജന്‍സിക്ക് സമര്‍പ്പിച്ചത്? ഈ കരാര്‍ പ്രാബല്യത്തില്‍ വരണമെങ്കില്‍ അമേരിക്കന്‍ പാര്‍ലമെന്റിന്റെ 30 ദിവസത്തില്‍ കുറയാത്ത ഒരു സമ്മേളനത്തില്‍വച്ച് ചര്‍ച്ച ചെയ്യപ്പെടണം. പ്രസിഡന്റ് ബുഷിന്റെ കലാവധി തീരുന്നതിനുമുമ്പ് ഇത്തരത്തില്‍ ഒരു സെഷന്‍ കൂടണമെങ്കില്‍ ഇന്ത്യ ഒരു ദിവസംപോലും വൈകിക്കൂടാ. ഇവിടെ ഇന്ത്യന്‍ പാര്‍ലമെന്റിനും വിദേശമന്ത്രിയുടെ ഉറപ്പിനും നമ്മുടെ പ്രധാനമന്ത്രിതന്നെ കല്‍പ്പിക്കുന്നത് പുല്ലുവില. താളം അമേരിക്ക തീരുമാനിച്ചുകഴിഞ്ഞു. ആ താളത്തിന് തുള്ളാന്‍ കോണ്‍ഗ്രസും. അതിനൊപ്പം തുള്ളാന്‍ ഇന്ത്യയെ കിട്ടില്ലെന്ന് പ്രഖ്യാപിക്കാനുള്ള സുവര്‍ണാവസരമാണ് ഇത്.
എന്താണ് ഇന്ത്യയുടെ ആണവപദ്ധതിയെന്ന് ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. കേന്ദ്ര ആസൂത്രണ കമീഷന്റെ കണക്കുകളെപ്പോലും അവഗണിച്ച് ആണവോര്‍ജത്തിന്റെ ആവശ്യകത പെരുപ്പിച്ചുകാട്ടി ഈ പദ്ധതിയെ ന്യായീകരിക്കാന്‍ ശ്രമം നടത്തുകയാണ്. ഊര്‍ജപ്രതിസന്ധിക്ക് പരിഹാരമെന്ന നിലയിലാണ് സര്‍ക്കാര്‍ ഈ പദ്ധതിയെ ന്യായീകരിക്കുന്നത്. ആണവവൈദ്യുതി ഉല്‍പ്പാദനത്തിന്റെ വര്‍ധിച്ച ചെലവ് കണക്കിലെടുക്കാതെയാണ് ഇത്. കേരളം ഇപ്പോള്‍ നേരിടുന്ന വൈദ്യുതിപ്രതിസന്ധിപോലും ഈ കരാറിനെ ന്യായീകരിക്കാനായി അവര്‍ ഉപയോഗിക്കുന്നു. എന്നാല്‍, കായംകുളംനിലയത്തിലെ താപവൈദ്യുതിപോലും ഉയര്‍ന്ന ഉല്‍പ്പാദനച്ചെലവുമൂലം നമുക്ക് ഉപയോഗിക്കാനാകുന്നില്ലെന്നത് അവര്‍ സൌകര്യപൂര്‍വം മറച്ചുവയ്ക്കുകയാണ്.
ജലം, കല്‍ക്കരി, വാതകങ്ങള്‍ എന്നിവയില്‍നിന്നുളള ഊര്‍ജത്തേക്കാള്‍ വളരെ ഉയര്‍ന്ന ഉല്‍പ്പാദനച്ചെലവ് വരുന്ന ആണവോര്‍ജംമാത്രമാണ് പ്രിതിവിധി എന്ന് ആരാണ് തീരുമാനിച്ചത്? ആണവോര്‍ജത്തിന്റെ കാര്യത്തില്‍ ഇന്ത്യക്ക് മുമ്പ് ഒരു വ്യക്തമായ കര്‍മപരിപാടിയുണ്ടായിരുന്നു. നമുക്കുളള യുറേനിയവും നമുക്ക് സമൃദ്ധമായുളള തോറിയവും ഉപയോഗപ്പെടുത്തി (മൂന്നു ഘട്ടങ്ങളിലായി) ഊര്‍ജരംഗത്ത് സ്വയംപര്യാപ്ത നേടാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു ആ പരിപാടി. ഇതിന്റെ ഒന്നാംഘട്ടം നടപ്പാക്കിത്തുടങ്ങിയതുമാണ്. എന്നാല്‍, കഴിഞ്ഞ ആറുവര്‍ഷമായി ഈ ഒന്നാംഘട്ടപരിപാടിയുടെ തുടര്‍നിര്‍മാണം തടസ്സപ്പെട്ടെന്നു മാത്രമല്ല, നിര്‍മിച്ച റിയാക്ടറുകള്‍ക്കുതന്നെ ആവശ്യമായ യുറേനിയം എത്തിക്കുന്നതും മുടങ്ങി. ഇതിന് പ്രധാന കാരണം 1990 മുതല്‍ യുറേനിയം ഖനനത്തിനുളള പദ്ധതിവിഹിതം വെട്ടിക്കുറച്ചതാണ്. ചുരുക്കത്തില്‍ ഉദാരവല്‍ക്കരണത്തിന്റെ പ്രാരംഭദശമുതലേ ഈ ചതിക്കുഴിനിര്‍മാണം തുടങ്ങിയിരുന്നു. ഇത്തരം റിയാക്ടറുകള്‍ക്ക് ഉയര്‍ന്ന ഉല്‍പ്പാദനച്ചെലവാണെന്നാണ് അതിനു പറഞ്ഞ ന്യായം.
അതിന്റെ സ്ഥാനത്ത് ഇപ്പോള്‍ പ്രതിഷ്ഠിക്കുന്നതാകട്ടെ അതിനേക്കാള്‍ വളരെ ഉയര്‍ന്ന ഉല്‍പ്പാദനച്ചെലവുളള ഇറക്കുമതിചെയ്യുന്ന യുറേനിയത്തില്‍നിന്നുള്ള റിയാക്ടറുകളും. ഇന്ധനം മാത്രമല്ല, റിയാക്ടറുകളും ഇറക്കുമതിചെയ്യും. എന്നാല്‍, ഇതിന്റെ സാങ്കേതികവിദ്യ നമുക്ക് പകര്‍ന്നു നല്‍കാന്‍ ഹൈഡ് ആക്ട് പ്രകാരം വ്യവസ്ഥയില്ലെന്നതും ശ്രദ്ധയമാണ്. ഭീമമായ തുക കൊടുത്ത് റിയാക്ടറുകള്‍ ഇറക്കുമതിചെയ്തശേഷം നമുക്ക് സമൃദ്ധമായുളള തോറിയം കൈയില്‍വച്ച് ഇന്ധനത്തിനുവേണ്ടിയും സാങ്കേതികവിദ്യക്കുവേണ്ടിയും മറ്റുളളവര്‍ ആവശ്യപ്പെടുന്ന എന്ത് വ്യവസ്ഥയ്ക്കും അടിമപ്പെടാനാണ് ഈ കാരാറിലേര്‍പ്പെട്ടാല്‍ നമ്മുടെ വിധി. ഇതിനു പുറമെ ആണവായുധരാഷ്ട്രമെന്ന് അംഗീകരിക്കാതെ ആണവോര്‍ജ ഏജന്‍സി നടത്താന്‍ പോകുന്ന നിരന്തര പരിശോധനകളും.
ഒന്നാംഘട്ടം എന്ന നിലയില്‍ ഏതാണ്ട് 40 റിയാക്ടര്‍ സ്ഥാപിക്കണം എന്നാണത്രേ കരാര്‍. ഇതുമൂലം അമേരിക്കന്‍വിപണിയുടെ മാന്ദ്യത്തിന് ചെറിയ ശമനമാകും. അമിത വിലക്കയറ്റം നേരിടുന്ന ഇന്ത്യയുടെ സമ്പദ്ഘടന അതോടെ കൂപ്പുകുത്തുകയും ചെയ്യും. ഉത്തരകൊറിയ എന്ന ചെറിയ രാഷ്ട്രം കാണിക്കുന്ന ആര്‍ജവംപോലും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഇന്ത്യക്ക് ഇല്ലെന്നത് പരിതാപകരമാണ്. തങ്ങളൊരു ആണവരാഷ്ട്രമാണെന്ന് ഉറക്കെ പ്രഖ്യാപിക്കാനുളള ഇച്ഛാശക്തിയില്ലാതെ മാളത്തിലൊളിക്കാനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഹൈഡ് ആക്ടിന് തലവച്ച്, ആണവോര്‍ജ ഏജന്‍സിയുടെ പരിശോധനയ്ക്ക് രാജ്യം തുറന്നുകൊടുത്ത്, കഴിഞ്ഞ 60 വര്‍ഷം ഇന്ത്യ പിന്തുടര്‍ന്ന വിദേശനയത്തെതന്നെ തകിടം മിറക്കാന്‍ എന്ത് അവകാശമാണ് മന്‍മോഹന്‍സിങ്ങിനുള്ളത്?
രാജ്യത്തെ അടിമച്ചങ്ങല അണിയിക്കാന്‍വേണ്ടിയാണ്, അമേരിക്കയുടെ കുരുക്കില്‍ തലവച്ചുകൊടുക്കാന്‍വേണ്ടിയാണ് വര്‍ഗീയതയ്ക്കെതിരായ യുപിഎ-ഇടത് ഐക്യം മന്‍മോഹന്‍സിങ് തകര്‍ത്തത്. അമേരിക്കയുമായുള്ള കരാറുണ്ടാക്കണമെങ്കില്‍ സര്‍ക്കാര്‍ നിലനില്‍ക്കണം. അതിനായി, പേരുകേട്ട ആദര്‍ശ ധീരന്മാര്‍ ഇപ്പോള്‍ കുതിരക്കച്ചവടത്തിന് സംസ്ഥാനങ്ങള്‍തോറും നടക്കുകയാണ്. വിശ്വാസവോട്ട് കഴിഞ്ഞാല്‍ ഒരുപക്ഷേ ഇന്ത്യയില്‍ സംസ്ഥാനങ്ങളുടെ എണ്ണം കൂടിയേക്കാം. വനിതാ സംവരണബില്‍ അവര്‍ ഉപേക്ഷിച്ചുകഴിഞ്ഞു. ഇനി കോണ്‍ഗ്രസ് അതിനെപ്പറ്റി സംസാരിക്കുകകൂടിയില്ല. ജെഎംഎം കോഴക്കേസും നരസിംഹറാവു സര്‍ക്കാരിന്റെ സ്ഥിരതയും തമ്മിലുള്ള ബന്ധം ആരും മറന്നിട്ടില്ല. അല്ലെങ്കില്‍ത്തന്നെ പൈതൃകംപോലും കളഞ്ഞുകുളിച്ച് രാഷ്ട്രത്തെ അടിമപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചവര്‍ക്ക് എന്ത് ആദര്‍ശം, എന്ത് ജനാധിപത്യമര്യാദ. കറകളഞ്ഞ രാജ്യദ്രോഹികളാണ് തങ്ങളെന്ന് സ്വയം പ്രഖ്യാപിക്കുകയാണ് കോണ്‍ഗ്രസ്.
***
വി എസ് അച്യുതാനന്ദന്‍
Subscribe to:
Post Comments (Atom)
13 comments:
ആണവ കരാറിനെക്കുറിച്ച് കേരള മുഖ്യമന്ത്രി ശ്രീ വി എസ് അച്യുതാനന്ദന്‍ എഴുതിയ ലേഖനം
ഈ തിടുക്കവും മറ്റും കാണുമ്പോള്‍, ഇത്രയ്ക്കു എതിര്‍പ്പുണ്ടായിട്ടും വകവയ്ക്കാതെ മുന്നോട്ടു പോകുന്നത് കാണുമ്പോള്‍ സത്യമായിട്ടും എന്നെ പോലുള്ള സാധാരണക്കാര്ക്ക് തോന്നിപ്പോകും ഇതു ആര്‍ക്കൊക്കെയോ ബെനിഫിറ്റ് ഉള്ളത് കൊണ്ടാണെന്ന്.
ബ്രിട്ടീഷ് ഗോവെണ്മെന്റിന്റെ വായില്‍ നിന്നു ഗാന്ധിയും നെഹ്രുവും ഒക്കെ രക്ഷിച്ചെടുത്ത ഇന്ത്യയെ അവരുടെ തന്നെ വളര്‍ത്തുമകള്‍ അടുത്ത കുരുക്കിലേക്കാക്കി തീര്‍ക്കുമോ?
ഇതു വേണ്ടെന്നു വക്കാതിരിക്കാന്‍ മാത്രം ഗുണം ഉള്ളതായി എത്രയൊക്കെ കണ്ടിട്ടും തോന്നുന്നില്ല.
ഹൈഡ് ആക്റ്റിനെപ്പറ്റിയും ആണവ കരാറിന്റ്റെ കാണാപ്പുറങ്ങളെയും പറ്റി ജനങ്ങല്‍ക്കിടയില്‍ വിശദമായ കാമ്പൈന്‍ സംഘടിപ്പിക്കുക മാത്രമാണു ഇന്നുള്ള ഏക പോംവഴി.ബി.ജെ.പിക്കു ആണവ കരാറിനോടു എതിര്‍പ്പൊന്നുമില്ലെന്നു നേരത്തതന്നെ വ്യക്തമാകിയതാണ്.ജനങ്ങള്‍ക്കിടയില്‍ നിന്നും ശക്തമായ ചെറുത്തുനില്‍പ്പു ഉയര്‍ന്നു വരണം. നിയമപരമായി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമൊ?താല്‍ക്കലികമായ ഒരു തട എന്ന നിലയില്‍.
പക്ഷെ അനില്‍ ജി , പാര്ട്ടികള് അല്ലാതെ ഇന്ത്യന്‍ ജനത ഏതെങ്കിലും ഒരു കാര്യത്തില്‍ മുന്നിട്ടിറങ്ങിയതായി കേട്ടിട്ടുണ്ടോ. നല്ലൊരു സര്‍വ്വേ? രാഷ്ട്രിയത്തിന്റെ ചായ്വില്ലത്തവര്‍ നിലനില്‍ക്കുന്നില്ലെന്ന ഒരു പ്രതീതി അല്ലെ?
ആണവകരാറിലായലും പാഠപുസ്തകവിവാദത്തില് ആയാലും ഒരു രാഷ്ട്രീയപാര്ട്ടി ഒരു വശത്തും മറ്റൊന്ന് മറുവശത്തും. ഇടക്കുള്ള ജനങ്ങളുടെ ശബ്ദം കേള്‍ക്കാനില്ല.
ശ്രീ അച്യുതാനന്ദന്‍ വളരെ വ്യക്തമായി ലേഖനത്തില്‍ കരിയൃങ്ങള്‍ പറഞ്ഞിരിക്കുന്നു. ആളുകള്‍ അപകടത്തിന്‍റെ തീവ്രത ഇപ്പോഴും മനസ്സിലാക്കുന്നില്ല. അമേരിക്കയുമായി ഈ കരാറിലേര്പ്പെട്ടാല്‍ പിന്നെ ഇവിടെ തേനും പാലും ഒഴുകും എന്നാണ് പലരും കരുതുന്നത്. വിദ്യാസമ്പന്നരായ പല പ്രോഫെഷണുകള്‍ പോലും കണ്ണുമടച്ചു ആണവ കരാറിനെ പിന്താങ്ങി സംസാരിക്കുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്. രാജ്യത്തിന്റെ ഭാവിയില്‍ യാതൊരു ഉല്‍കണ്ഠയുമില്ലാതെ ഏതോ താല്‍കാലിക സാമ്പത്തിക നേട്ടം ഉണ്ടാകുമെന്ന മിഥ്യ ധാരണയിലാണു പലരും കരാറിന് വേണ്ടി വാദിക്കുന്നത്. ഗാമ കപ്പട്ടു കപ്പിലിറങ്ങിയതു മുതല്‍ വെള്ളക്കാര്‍ തിരിച്ചു കപ്പലേറിയതു വരെയുള്ള അടിമത്ത കാണ്ഡം വായിക്കുകയും പഠിക്കുകയും ചെയ്തിട്ടും അതിന്റെ പോരുളൊന്നും പിടികിട്ടിയില്ല. "യഥാഃ രാജാ തഥഃ പ്രജ" എന്നോ മറ്റോ പാഞ്ഞു കേട്ടിട്ടുണ്ട്. ജനാതിപതൃമാകുമ്പോള്‍ അതു "യഥാഃ പ്രജ തഥഃ രാജാ" എന്നാവണം. മന്‍മോഹന്‍സിംഗ് പ്രധാമന്ത്രി ആയില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളൂ!
ഈ ലേഖനം കാണിച്ചുതന്നതിന് വളരെ നന്ദി.
അഭിവാദ്യങ്ങള്‍.
ഓര്‍ത്തുപോകുകയാണ്, മന്‍മോഹന്‍ സിംഗ്, സോണിയ ഗാന്ധി, ചിതംബരം തുടങ്ങിയ നേതാക്കള്‍ സ്വതന്തൃ സമരം നയിക്കേണ്ടിവന്നിരുന്നെങ്കില്‍ എന്ന്. രാജ്യം ആക്രി വിലയ്ക്ക് വിറ്റേനെ !
ഇത് വളരെ നല്ല രീതിയില്‍ എഴുതിയിരിക്കുന്ന ലേഖനം സാധാരണക്കാര്‍ക്കും കളികള്‍ മനസ്സിലാക്കാന്‍ ഉതകുന്ന ഒന്ന്.
സഖാവ് വാരികയില്‍ പി.ജെ ജെയിംസ് എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയ ചില വിവരങ്ങള്‍ കൂടി. 3 ലക്ഷത്തി ഇരുപതിനായിരം കോടി രൂപയുടെ കച്ചവടമാണമേരിക്കയിലെ ആണവ വ്യവസായികള്‍ പ്രതീക്ഷിക്കുന്നത്. കമ്മീഷന്‍ ഉണ്ടാവുമെന്നും 10% എന്നും കൂട്ടിയാല്‍ തന്നെ 32,000 കോടി. വിശ്വാസവോട്ടിനെ പിന്താങ്ങിയാല്‍ 25 കോടി കിട്ടും എന്ന വാര്‍ത്തകേട്ട് വാപൊളിക്കുന്ന സാധാരണക്കാരന്‍, അണ്ടര്‍ഗ്രൌണ്ടിലെ ഈ കണക്ക് അറിയുന്നില്ല.
ഇന്തോ ഇറാന്‍ പൈപ്പ് വരികയാണെങ്കില്‍ വെറും 150 രൂപക്ക് ഓരോ വീട്ടിലും പാചകവാതകം എത്തിക്കാമത്രെ. ഇപ്പോഴുള്ളതിലും 200 രൂപ കുറവ്. ഇറാനില്‍ പാഴായിപ്പോകുന്ന വാതകമാണിത്. അമേരിക്കയുമായി കരാര്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ അവരുടെ കരിമ്പട്ടികയിലെ ഇറാനുമായുള്ള സഹകരണം അസാധ്യമാകുമെന്നും ജെയിംസ് ചൂണ്ടിക്കാട്ടുന്നു.
റിലയന്‍സാകട്ടെ അന്താരാഷ്ട്രമാര്‍ക്കറ്റില്‍ എണ്ണവില കൂടിയപ്പോള്‍ രാജ്യത്തെ പമ്പുകള്‍ അടച്ചുപൂട്ടി എണ്ണ വിദേശമാര്‍ക്കറ്റിലേക്ക് ഒഴുക്കുകയുമാണ്. സര്‍ക്കാരിനു നല്‍കുന്ന പാട്ടം 30 ഡോളര്‍. വില്‍ക്കുന്നത് 140 ഡോളറിന്. ലാഭം കണക്കുകൂട്ടി നോക്കുക. ഇവരെ നിലക്ക് നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ചെറുവിരല്‍ പോലും അനക്കുന്നില്ല.
ഇന്ത്യയിലെ ആണവവ്യവസായികളും അമേരിക്കയിലെ ആണവവ്യവസായികളും തമ്മിലുള്ള ഡീലിലെ ഇടനിലക്കാര്‍ മാത്രമായി കേന്ദ്രസര്‍ക്കാര്‍ ചുരുങ്ങുന്നുവെന്നും ജെയിംസ് ചൂണ്ടിക്കാട്ടുന്നു.
മറ്റൊരു ലേഖനത്തില്‍ വായിച്ച പോലെ, ഇന്ന് ആണവ കരാറിനെ പിന്‍ തുണച്ച് രംഗത്ത് വന്നിരിക്കുന്ന വിദഗ്ദരില്‍ പലരും ഇന്ത്യയില്‍ റിലയന്‍സും ടാറ്റായുമൊക്കെ തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന ആണവനിലയങ്ങളില്‍ കൂടി ലാവണം നോക്കി വെച്ചിരിക്കുകയുമാണ്. അനുകൂല ലേഖനങ്ങളുടെ മലവെള്ളപ്പാച്ചിലില്‍ അത്ഭുതത്തിനവകാശമില്ല.
ഈ ആണവ കരാറിനു പുറമെ തന്ത്രപരമായ പങ്കാളിത്തം പൂര്‍ണ്ണമായി നടപ്പിലാകുമ്പോള്‍ കൃഷിയും ഇന്‍ഷുറന്‍സും ബാങ്കിങ്ങും ഒക്കെ വിദേശികള്‍ നിയന്ത്രിക്കും. ഇതാണ് കാരാട്ട് അടുത്ത് ചൂണ്ടിക്കാട്ടിയത്. കാര്യങ്ങള്‍ മനസ്സിലാക്കാതെ, അതിലെ ചില വരികള്‍ മാത്രം എടുത്ത് കാരാട്ടിനെ കളിയാക്കാനും ആളുണ്ടായി.
നീണ്ട കമന്റിനു ക്ഷമ. എഴുതാതിരിക്കാന്‍ വയ്യ.
ചര്‍ച്ച തുടരട്ടെ..
2007 ആഗസ്റ്റ് മുതല്‍ ആണവ കരാറിനെ സംബന്ധിച്ച് വര്‍ക്കേഴ്സ് ഫോറത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ ഇവിടെ
കരാറിന്റെ കുറെയേറെ വിശദാംശങ്ങള്‍ ഈ ലേഖനങ്ങളില്‍ നിന്നും ലഭിക്കും എന്ന് കരുതുന്നു.
റ്റെക്സ്റ്റ് വായിക്കാന്‍ ക്ഷമയും താല്പര്യവും ഉള്ളവര്‍ക്ക് (ഇതുവരെ വായിക്കാന്‍ പറ്റിയിട്ടില്ലത്തവര്‍ക്ക്) പ്രസക്തഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. മുഴുവന്‍ റ്റെക്സ്റ്റ് ഡൌണ്‍ലോഡ് ചെയ്യുകയുമാവാം.
മന്‍മോഹനും മറ്റ് സുന്ദരവിഢ്ഢികളും AC മുറിയിയുടെ ശീതള ഛായയില്‍ സുഖിച്ചിരുന്നു തോല്‍വിയുടെ അരിത്തമാറ്റിക്സ് ഉറപ്പിക്കുമ്പോള്‍ ഒരു ‘വിദേശ ചാരസ്ത്രീ‘യായിരുന്നു ജനങ്ങള്‍ക്കിടയിലേക്ക് കടന്നു ഉഷ്ണിച്ച് കോണ്‍ഗ്രസിന് ഈ നിലയില്‍ നില്‍ക്കാനുള്ള വിജയം വാങ്ങിയെടുത്തത്. അന്നും കുതിരക്കച്ചവടത്തിന്‍റെ എല്ലാ സാധ്യതകളും ചാണക്യന്‍മാര്‍ ഉപദേശിച്ചെങ്കിലും ‘ചൈനീസ് ചാരന്‍‘മാരോടൊപ്പം ചേരാനാണ് ചാരത്തി തീരുമാനിച്ചത്. അന്നുമുതല്‍ വിഷണ്ണരായി നടന്ന ചാണക്യന്‍മാര്‍ നടുനിവര്‍ത്തിയതിപ്പോഴാണ്. തന്‍റെ രാഷ്ട്രീയത്തെ അട്ടിമറിച്ചതിന്‍റെ ദുഃഖം ചാരസ്ത്രീയുടെ തുടര്‍ന്നുള്ള പ്രതികരണത്തില്‍ വളരെ വ്യക്തമായിരുന്നു. കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്ക് ഇടതിന്‍റെ സര്‍ക്കാരിലെ ‘പ്രതിലോമ’മായ സ്വാധീനത്തിലുള്ള വിഷമം തീര്‍ക്കാന്‍ പരിശ്രമിക്കേണ്ടത് അവരുടെ ഉത്തമ ദാസനായ പ്രധാനന്‍ തന്നെയാണല്ലോ? ഇല്ലെങ്കില്‍ കഴിഞ്ഞ സര്‍ക്കാര്‍ സമയത്ത് എടുത്ത പെട്രോളിയം വകുപ്പ്, തപാല്‍ വകുപ്പ് തുടങ്ങിയവടെ വില്‍പ്പന ഒരിക്കലും നടന്നില്ലെങ്കിലോ? ഇപ്പോഴാണെങ്കില്‍ പട്ടിണിക്കാരന്‍റെ വിമാനക്കമ്പനി പഴയ വിമനങ്ങള്‍ വിറ്റ് എല്ലാം പൊതുക്കിയിട്ടുണ്ട്. പട്ടിണിക്കാരനെന്തിനാ വിമാനക്കമ്പനി??
കളി മുറുകിത്തുടങ്ങി......
പെട്രോളിയം സെക്രട്ടറി എം എസ് ശ്രീനിവാസനെ കാലാവധി തീരുംമുമ്പ് കേന്ദ്രസര്‍ക്കാര്‍ പുറത്താക്കി. സമാജ്വാദി പാര്‍ടിയെ തൃപ്തിപ്പെടുത്താനാണ് നടപടിയെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ശ്രീനിവാസനു പകരം 1972 ബാച്ചിലെ നാഗാലാന്‍ഡ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ രാഘവ് ശര പാണ്ഡെയെ പുതിയ സെക്രട്ടറിയായി നിയമിച്ചു. ഈ മാസം അവസാനംവരെ ശ്രീനിവാസന് കാലാവധിയുണ്ടായിരുന്നു. മുകേഷ് അംബാനിയുടെ റിലയന്‍സ് പെട്രോകെമിക്കല്‍സിനെ സഹായിക്കുന്ന തീരുമാനങ്ങളാണ് ശ്രീനിവാസന്‍ എടുക്കുന്നതെന്ന് എസ്പി ജനറല്‍സെക്രട്ടറി അമര്‍സിങ് നേരത്തെ ആരോപിച്ചിരുന്നു.
തൊണ്ണൂറുകളുടെ തുടക്കത്തില്‍ നരസിംഹറാവുവിനെതിരെ അവിശ്വാസ പ്രമേയം വന്നപ്പോള്‍ കോണ്‍ഗ്രസ്സിന്റെ ദല്ലാളന്മാര്‍ റാവുവിന്റെ അറിവോടെ ലക്ഷങ്ങള്‍ വാഗ്‌ദാനം ചെയ്‌ത് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച എം.പി. മാരുടെ പിന്തുണ നേടിയ സംഭവം വലിയ വിവാദമായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട നിയമ യുദ്ധവും പിന്നാലെ വന്നു. പക്ഷേ, അന്നു പോലും രാഷ്ട്രീയലാഭത്തിനായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ കോര്‍പ്പറേറ്റ് യുദ്ധങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കൗണ്ടര്‍ തുറന്നിരുന്നില്ലത്രെ.
അപ്പോ ഇപ്പോള്‍ പുരോഗതി ഇല്ലെന്ന് പറഞ്ഞുകൂടാ..
പണ്ട് മൊറാര്‍ജി ദേശായി മാത്രമായിരിക്കും ഇത്തരം പ്രതിസന്ധി ഘട്ടത്തില്‍ മൂല്യങ്ങളെ മുറുകെപ്പിടിച്ചത്. ആഭ്യന്തര മന്ത്രി ചൗധരി ചരണ്‍സിങ്ങിന്റെ നേതൃത്വത്തില്‍ അറുപതിലേറെ എം.പി.മാര്‍ വഴി പിരിഞ്ഞപ്പോളാണ് അന്നു സര്‍ക്കാര്‍ ന്യൂനപക്ഷമായത്. എം.പി.മാരുടെ പിന്തുണ നേടിയെടുത്ത് സര്‍ക്കാറിനെ രക്ഷിക്കാനുള്ള ദൗത്യമേറ്റെടുത്തത് മൊറാര്‍ജിയുടെ വിശ്വസ്‌തന്‍ രവീന്ദ്ര വര്‍മയാണ്. തൊഴിലാളി വിരുദ്ധ നടപടികള്‍ നിര്‍ത്തണം എന്ന ഇടത് ആവശ്യവും, അമൃതസര്‍ വിമാനത്താവളത്തിനു അന്താരാഷ്ട്രപദവി നല്‍കണം എന്ന അകാലിദള്‍ ആവശ്യവും മാത്രമായിരുന്നു പിന്തുണക്ക് നല്‍കേണ്ടിയിരുന്നത്. എങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വില ഇടിക്കലാവും ഇതെന്നു കരുതി, ആവശ്യങ്ങള്‍ അംഗീകരിക്കാതെ വില ഉയര്‍ത്തിപ്പിടിക്കാനായിരുന്നു മൊറാര്‍ജി തയ്യാറായത്. അദ്ദേഹം സ്ഥാനം ഒഴിവായി.
എന്തായാലും മന്മോഹന്‍സിങ്ങിനു സിന്ദാബാദ്..
എസ്പിയുടെ അമര്‍സിങ് അമേരിക്കയിലായിരുന്നപ്പോളാണ്‍ അവര്‍ക്കീ മാറ്റം വന്നതെന്നത് ശ്റദ്ധിച്ചിരിക്കുമല്ലൊ ?
ഇറാനെതിരേ ഇന്നു പുലമ്പുന്ന അമേരിക്ക ഷായുടെ ഭരണകാലത്ത് ഷയേക്കൊണ്ടാണ്‍ ഇറാനെ അമേരിക്കന്‍ പക്ഷത്തേയ്ക്ക് അടുപ്പിച്ചത്. ആതേ ഷാ അമേരിക്കക്ക് അപ്റിയമായതെന്തോ ചെയ്തതിന്‍റ്റെ പേരിലാണ്‍ അവിടെ കലാപം കുത്തിപ്പൊക്കിയതും തുടര്‍ന്ന് മത മൌലിക വാദികള്‍ അധികാരത്തിലേറി അമേരിക്കക്കു തന്നെ വിനയായതും . ഷായുടെ ഗതി മന്മോഹനും പ്റതീക്ഷിക്കാമല്ലൊ. പക്ഷെ, ഇറാനല്ലല്ലൊ ഇന്ത്യ. ആങ്ങനെ വരാന്‍ പാടില്ല. പ്റതീക്ഷ കൈവിടറായിട്ടില്ല. മന്മോഹന്‍ കരാര്‍ ഒപ്പിടാന്‍ കഴിയരുത്, കഴിയില്ല. തലനാരിഴക്കായാലും മന്മോഹന്‍ പരാജയപ്പെടും.
വിവരവിചാരം
Post a Comment