“സമാധാനത്തിന്റെയും സാമൂഹ്യ നീതിയുടെയും താല്പര്യത്തില്‍ കൈവരിക്കേണ്ട തിളങ്ങുന്ന വിജയങ്ങളുണ്ട്. സാമ്പത്തിക അടിമത്തത്തിന് കീഴ്പ്പെട്ടുകൊണ്ടല്ല, നാം പുതിയ സ്വാതന്ത്ര്യത്തിലേക്ക് എത്തുക...ജനങ്ങളോടൊപ്പം മുന്നോട്ട് കുതിക്കുക”
1945ല്‍ ഡെയ്ലി മിററില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ നിന്നാണിത്. ജോണ്‍ പില്‍ഗര്‍ രചിച്ച “ഹിഡണ്‍ അജണ്ടകള്‍” എന്ന ഗ്രന്ഥത്തില്‍ ഇത് ഉദ്ധരിച്ചിട്ടുണ്ട്.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംശയാസ്പദമായ ആണവ രാഷ്ട്രീയത്തിന്റെ പേരിലുള്ള വിഭാഗീയ രാഷ്ട്രീയ വിവാദത്തിനിടയില്‍ ഇന്ത്യയുടെ ഐക്യവും അഖണ്ഡതയുമാണ് ഇടിയുന്നത്. അമേരിക്കയില്‍ നിന്നും ന്യൂക്ലിയര്‍ പ്ലാന്റ് ഉപകരണങ്ങലോ സാങ്കേതികവിദ്യയോ സമ്പുഷ്ട യുറേനിയമോ ഇറക്കുമതി ചെയ്യുന്നതല്ല യഥാര്‍ത്ഥ പ്രശ്നം. പ്രശ്നം കൂടുതല്‍ ആഴത്തിലുള്ളതാണ്. രാജ്യവ്യാപകമായി ഇപ്പോള്‍ നടക്കുന്ന സംവാദം ആണവ കരാറില്‍ കേന്ദ്രീകരിച്ചുള്ളതാണെങ്കിലും ഇതില്‍ ഉള്‍പ്പെടുന്ന പ്രശ്നം ഇന്ത്യയുടെ ദേശീയ സമ്പദ്ഘടനയുടെയും വിദേശനയത്തിന്റെയും മേല്‍ അമേരിക്ക ആധിപത്യം നേടുന്നതാണ്. വഴങ്ങാന്‍ തയ്യാറായി നില്‍ക്കുന്ന ദുര്‍ബലനായ ഒരു പ്രധാനമന്ത്രിയെ ഉപയോഗപ്പെടുത്തി ഇന്ത്യയെ തങ്ങളുടെ വന്‍ കമ്പോളമാക്കാന്‍ അമേരിക്കന്‍ ആണവ വന്‍ ബിസിനസ്സുകാര്‍ക്ക് അതിയായ താല്പര്യമുണ്ട്.
ഈ കച്ചവടത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ട്. ലോക്സഭയില്‍ വിശ്വാസവോട്ട് തേടാനുള്ള ദൃഢനിശ്ചയത്തോടെ ജീവന്മരണ നിലപാട് മന്മോഹന്‍സിംഗ് സ്വീകരിക്കുന്നതില്‍ നിന്നും ഇത് വ്യക്തമാണ്. തന്റെ സര്‍ക്കാരിന്റെ നിലനില്പ് തന്നെ ആണവകരാറിലാക്കിയിരിക്കുകയാണദ്ദേഹം. വിശ്വാസവോട്ടെടുപ്പില്‍ ആരു ജയിച്ചാലും രാഷ്ട്രത്തിന് അതിന്റെ ഐക്യദാര്‍ഢ്യവും സാഹോദര്യവും ഉദ്ഗ്രഥനവും നഷ്ടമായിരിക്കുന്നു. അമേരിക്കന്‍ വന്‍കിട ബിസിനസ്സ് നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന ജോര്‍ജ്ജ് ബുഷിന്റെ ഉറച്ച ആധിപത്യമോഹനതന്ത്രം ഇന്ത്യയുടെ ദേശീയനയമായിത്തീര്‍ന്നിരിക്കുന്നു. സോണിയ-മന്‍മോഹന്‍ സിംഗ് നിലപാറ്റ് ഇതിന്റെ വഴിയൊരുക്കുന്നു. നെഹ്രുവിന്റെയും ഇന്ദിരയുടെയും സോഷ്യലിസ്റ്റാഭിമുഖ്യമുള്ള ചേരീചേരാ നയത്തിനും പഞ്ചശീല തത്വങ്ങള്‍ക്കും വിരുദ്ധമാണിത്. ഇപ്പോഴത്തെ സംവാദത്തിന്റെ കേന്ദ്രബിന്ദു ഈ മൌലിക പോരാട്ടമാണ്. ഇതില്‍ ഒളിഞ്ഞുകിടക്കുന്ന അജണ്ട ഫലത്തില്‍ ഇന്ത്യന്‍ ജനതയുടെ പരാജയമായിരിക്കും. ഇന്ത്യന്‍ ഭരണഘടനയുടെ പരിപ്രേക്ഷ്യത്തെയും ദൌത്യത്തെയും വഞ്ചിക്കലായിരിക്കും. ലളിതമാണെന്നു തോന്നാവുന്ന ഈ കരാര്‍ വിവാദത്തില്‍ ഉള്‍പ്പെട്ട പ്രത്യയശാസ്ത്രയുദ്ധത്തിന്റെ യഥാര്‍ത്ഥസ്വഭാവം നാം കാണാതിരികരുത്. ആണവ ന്യായവാദങ്ങളില്‍ നാം വഞ്ചിതരാകരുത്. നാം ഒരു പരമാധികാര രാഷ്ട്രമാണോ? നമ്മുടെ ഇറക്കുമതി-നിഷേപനയങ്ങളും സ്വദേശി കൃഷിയുടെ ദിശയും നാടന്‍ വ്യവസായവികസനവും തീരുമാനിക്കുന്നത് ആരാണ്! നാം ഏതെങ്കിലും തരത്തിലുള്ള വെള്ളരിക്കാപട്ടണമാണോ? സോണിയ-മന്‍മോഹന്‍ പാര്‍ട്ടി ഇന്ത്യനോ ദേശീയമോ അല്ല. കോണ്‍ഗ്രസ് ഔപചാരികമായി ഒരു രാഷ്ട്രീയ ബിസിനസ് കോര്‍പ്പറേഷന്റെ ബ്രാന്റ് നാമമായി മാറിയിരിക്കുന്നു. ജനാധിപത്യസ്വരാജ് പ്രത്യയശാസ്ത്രമോ ജീവസ്സുറ്റ ദേശീയതയോ ഇല്ലാത്ത രാഷ്ട്രീയ ഇടപാടുകളാണിപ്പോള്‍ നടക്കുന്നത്. വര്‍ഗീയ കുത്തിത്തിരിപ്പുകളും അധികാര ദുര മൂത്ത ക്ലിക്കുകളും ഇന്ത്യന്‍ അധികാര ചന്തയിലെ വില്പനച്ചരക്കുകളായിരിക്കുന്നു. ബുഷ് തന്റെ ഇംഗിതത്തിനൊത്ത് ഈ രാഷ്ട്രീയതിരിമറിക്കാരെ വിലയ്ക്കു വാങ്ങുകയോ കീഴ്പ്പെടുത്തുകയോ ചെയ്യുന്നു. ഈ ഇടപാടിനിടയില്‍ ഭരണഘടന തന്നെ അപ്രസക്തമാകുന്നു.
പാര്‍ട്ടികള്‍ വോട്ടുകളും സീറ്റുകളും വെച്ചുമാറുകയും പാര്‍ലിമെന്റിനെ വാണിജ്യതാല്പര്യങ്ങളുടെ ഒരു സംരംഭമാക്കി മാറ്റുകയും ചെയ്തു. വന്‍തുക ഉള്‍പ്പെടുന്ന ഇടപാടുകളെ കുറിച്ചു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെറുകക്ഷികളും കക്ഷിരഹിതരും വില്പനച്ചരക്കുകളാകുന്നു. പാര്‍ലിമെന്ററി അഴിമതി ജൂഡീഷ്യല്‍ പരിധിക്കു പുറത്താകുന്നതിന്റെ ഫലമായി കുതിരക്കച്ചവടം അപകട രഹിതമായ ഇടപാടായിത്തീരുന്നു.
ശാന്തസമുദ്രത്തിനപ്പുറമുള്ള ഒരു വന്‍ശക്തിയുടെ സ്വേച്ഛാപരമായ രക്ഷാകര്‍തൃത്വവും ആജ്ഞകളും ഇല്ലാതെ, നമ്മുടെ ജനാധിപത്യത്തിന്റെ ചൈതന്യവും വ്യാപ്തിയും വൈരുദ്ധ്യാത്മക യാഥാര്‍ത്ഥ്യങ്ങളും കോട്ടം തട്ടാതെ നിലനിര്‍ത്തണമെന്നാണ് എന്റെ അപേക്ഷ. നമ്മുടെ സ്വാതന്ത്യത്തെ ‘ന്യൂക്ലിയര്‍വല്‍ക്കരി‘ക്കരുത്. ഊര്‍ജ്ജ സ്വാതന്ത്ര്യം നേടാന്‍ നമുക്ക് അമേരിക്കന്‍ ആണവ ഇറക്കുമതി ആവശ്യമില്ല. ഇനിയും ഖനനം ചെയ്യാത്ത നമ്മുടെത്തന്നെ യുറേനിയമുണ്ട്. നമുക്ക് വിപുലമായ തോറിയം വിഭവങ്ങളുണ്ട്. നമുക്ക് വേണ്ടത്ര ബദല്‍ വിഭവങ്ങളും സാങ്കേതികവിദ്യയുമുണ്ട്. എന്നാല്‍ നമുക്ക് അദ്ദേഹത്തെ ആവശ്യമില്ലെന്ന് ബുഷിനോട് പറയാനുള്ള ഇച്ഛാശക്തി എവിടെയുണ്ട്? അപമാനകരമാംവിധം നാം നമ്മുടെ സ്വാതന്ത്ര്യം പണയപ്പെടുത്തരുത്. പാര്‍ലമെന്ററി വോട്ടുകള്‍ സ്വകാര്യചരക്കുകളല്ല. ബുഷിനോടും അമേരിക്കന്‍ വന്‍കിട ബിസിനസ്സിനോടുമുള്ള അടിമത്തം കൊളോണിയലിസമല്ലാതെ മറ്റൊന്നുമല്ല.
ബുഷും മന്‍മോഹന്‍ സിംഗും തമ്മില്‍ ഈയ്യിടെ നടന്ന കൂടിക്കാഴ്ചയില്‍ അമ്പരപ്പിക്കുന്ന പരസ്പര ആദരം പ്രകടമായിരുന്നു. ബഹിരാകാശം, പ്രതിരോധം, വിദ്യാഭ്യാസകൈമാറ്റം, മറ്റു തന്ത്രപ്രധാനമേഖലകള്‍ എന്നിവയിലെ ഇന്തോ-അമേരിക്കന്‍ സഹകരണം പുതിയ ഉന്നതങ്ങളിലെത്തിയതായി വിജയഭാവത്തില്‍ പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ ഫലത്തില്‍ അത് അമേരിക്കന്‍ ആധിപത്യം ഇന്ത്യയെ ഏറ്റെടുത്തതിലുള്ള ആഹ്ലാദമായിരുന്നു.
വെറുക്കപ്പെട്ട ബുഷിന്റെ ചില ആളുകള്‍ നല്‍കുന്ന അഭിനന്ദനത്തിന്റെ ലക്ഷ്യങ്ങള്‍ സാധാരണ ഇന്ത്യന്‍ ജനതയ്ക്കറിയില്ല. ഒരു ഹിത പരിശോധനയിലൂടെയോ പാര്‍ലമെന്ററി സംവാദത്തിലൂടെയോ മന്‍മോഹന്‍ സിംഗ് ഇന്ത്യക്കാരുമായി കൂടിയാലോചിച്ചിട്ടില്ല. അധികാരമൊഴിയാന്‍ പോകുന്ന ഒരു പ്രസിഡന്റ് പ്രധാനമന്ത്രിക്ക് നല്‍കിയ വ്യാജ അഭിനന്ദനങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ല.
ഡോ.മന്‍മോഹന്‍ സിംഗ് വ്യക്തിപരമായി മാന്യനും ശുദ്ധനും വര്‍ഗീയവിമുകതനും പ്രാപ്തനുമാണ് എന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ യാങ്കി അനുകൂല ഭക്തിയാണ്. ഇന്ത്യയിലെ പാവപ്പെട്ടവരെ അദ്ദേഹം മറക്കുന്നു. പാവപ്പെട്ടവരുടെ വിമോചനവും ദാരിദ്ര്യവിപാടന-സാമ്പത്തിക നയങ്ങളോടുള്ള സോഷ്യലിസ്റ്റ് ഭരണഘടനാ ബാധ്യത അദ്ദേഹം പാടെ അവഗണിക്കുകയും ഇറക്കുമതിയെയും നിക്ഷേപങ്ങളെയും ആശ്രയിക്കുന്ന ആഗോളവല്‍ക്കരണത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും നയങ്ങള്‍ക്ക് പിന്നാലെ പോവുകയും ചെയ്തു.
ഈ നീക്കത്തിന്റെ ഭാഗമായാണ് ബുഷ് അനുകൂല വിദേശനയവും പ്രതിരോധ സമരതന്ത്രവും അമേരിക്കന്‍ ആണവ ഇറക്കുമതിയെ ആശ്രയിക്കുന്ന അതിരുവിട്ട വിധേയത്വവും.
നമുക്ക് ഊര്‍ജ്ജത്തിന് ആണവ ഉല്പാദനം ആവശ്യമാണോ? ഇല്ല. ആപല്‍ക്കരമായ അണുപ്രസരണവും ഉയര്‍ന്ന ഉല്പാദനച്ചിലവും വിപത്കരമായ സങ്കീര്‍ണ സാങ്കേതികവിദ്യയുടെ ഉപയോഗവുമെല്ലാം ഇതില്‍ ഉള്‍പ്പെടും. ന്യൂക്ലിയര്‍ ബോംബുകള്‍ സൃഷ്ടിക്കുന്നതാണ് ആണവ ഊര്‍ജ്ജം. ലോകം ആണവ ഭീകരവാദത്തിന്റെ ഭീഷണിയിലാണ്. ഭീകരവാദികള്‍ എല്ലായിടത്തുമുണ്ട്. ആണവമോഷണം തള്ളിക്കളയാനാവാത്ത സാധ്യതയാണ്.
രണ്ടോ മൂന്നോ ദശകങ്ങളിലെ ഉപയോഗത്തിനുശേഷം പുറന്തള്ളുന്ന ആണവമാലിന്യങ്ങള്‍ മാനവരാശിക്ക് എതിരായ ഗുരുതരമായ കുറ്റകൃത്യമാണ്. നിര്‍ദ്ദിഷ്ട കരാര്‍ ആണവ വികിരണ വിരുദ്ധതത്വങ്ങള്‍ ലംഘിക്കുന്നു.
മഹാന്മാരായ ആണവ ശാസ്ത്രജ്ഞരായ ഡോ.പി.കെ.അയ്യങ്കാര്‍, ഡോ.എ. ഗോപാലകൃഷ്ണന്‍, ഡോ.എ.എന്‍.പ്രസാദ് എന്നിവര്‍ അമേരിക്കന്‍ ആണവ ഇറക്കുമതിയെ ശക്തിയായി എതിര്‍ത്തിട്ടുണ്ട്. അവര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ അതിന്റെ കാരണങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. സര്‍ക്കാരി ശാസ്ത്രജ്ഞന്മാര്‍ തീര്‍ച്ചയായും വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടി ഇതിനു വിരുദ്ധമായ നിലപാട് എടുക്കും.
നമ്മുടെ രാജ്യത്ത് വേണ്ടത്ര സൌരോര്‍ജ്ജവും അതുപയോഗിക്കാനുള്ള സാങ്കേതികജ്ഞാനവുമുണ്ട്. ആണവ ഊര്‍ജ്ജത്തേക്കാള്‍ ചെലവു കുറഞ്ഞതും സുരക്ഷിതവുമായ സൌരോര്‍ജ്ജം ചൂഷണം ചെയ്യുന്നതിനും അതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിലും കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും അധികൃതര്‍ കുറ്റകരമായ വീഴ്ചയാണ് വരുത്തിയത്. ഗംഗ മുതല്‍ കൃഷ്ണ വരെയുള്ള നദികളില്‍ നിന്നുള്ള ജലവൈദ്യുതിക്കും ഇന്ത്യാ സമുദ്രത്തിലെയും ബംഗാള്‍ ഉള്‍ക്കടലിലെയും തിരമാലകളില്‍ നിന്നുള്ള വൈദ്യുതിക്കും വന്‍ സാധ്യതകളുണ്ട്. കാറ്റില്‍ നിന്നുള്ള വൈദ്യുതിക്കും വലിയ സാധ്യതയുണ്ട്. നമുക്ക് തെര്‍മല്‍ വൈദ്യുതിയും കല്‍ക്കരി അടിസ്ഥാനമാക്കിയുള്ള വൈദ്യുതിയുമുണ്ട്. ഇതുവരെ ഖനനം ചെയ്യാത്ത ഇതുവരെ ഉപയോഗിക്കാത്ത യുറേനിയത്തിന്റെ വന്‍ നിക്ഷേപമുണ്ടെന്ന കണ്ടെത്തല്‍ അത്ഭുതപ്പെടുത്തുന്നതാണ്.
ഈ വന്‍ ഊര്‍ജ്ജ വിഭവങ്ങളുടെ നടുവില്‍ നമുക്ക് പരിചിതമല്ലാത്ത സാങ്കേതിക വിദ്യ ഉള്‍പ്പെടുന്ന ചരടുകളുള്ള അമേരിക്കന്‍ സാധനത്തിനുവേണ്ടി നാം എന്തിനാണ് യാചിക്കുന്നത്? ഡോളര്‍ ശക്തിയില്‍ ഭ്രമിക്കുകയും ബുഷിന്റെയും വന്‍ ബിസിനസ്സിന്റെയും പിറകെപായുകയും ചെയ്യുന്ന അധികാരത്തിലിരിക്കുന്നവര്‍ കാണിക്കുന്ന വഞ്ചന, ചരിത്രം ഒരു ദിവസം രേഖപ്പെടുത്തും. അവര്‍ നല്‍കുന്ന വാഗ്ദാനം സങ്കല്‍പ്പിക്കാന്‍ കഴിയാത്തത്ര ചെലവുള്ളതാണ്. അവരുടെ ആണവ വിതരണം വന്‍ ശക്തി ചൂതാട്ടം ഉള്‍പ്പെടുന്നതാണ്. അവര്‍ വാഗ്ദാനം ചെയ്യുന്ന സാങ്കേതിക വിദ്യ നമുക്ക് പരിചിതവുമല്ല.
അമേരിക്ക എന്തുകൊണ്ടാണ് ഇപ്പോള്‍ ന്യൂക്ലിയര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാത്തത്? പാര്‍ലമെന്റിലെ ഓരോരോ ദേശാഭിമാനിയും സ്വരാജിന്റെയും ന്യൂക്ലിയര്‍ രാജിന്റെയും പ്രത്യാഘാതങ്ങള്‍ ഇന്ത്യന്‍ സ്വയം നിര്‍ണ്ണയാവകാശത്തിന്റെയും ബദല്‍ ഊര്‍ജ്ജസ്രോതസ്സുകളുടെയും കോണില്‍ നിന്നുകൊണ്ട് വിലയിരുത്തണം. നട്ടെല്ലില്ലാത്ത ഉപഗ്രഹങ്ങളായി നാം മാറരുത്. എന്തിനാണ് മാന്യതയില്ലാത്ത ഈ തിടുക്കം? ഡോ.മന്‍മോഹന്‍ സിംഗ് ഒപ്പുവെക്കാന്‍ തിരക്കുകൂട്ടുന്ന ആണവകരാര്‍ വിധേയത്വത്തിന്റെ മാരകമായ സാക്ഷിപത്രമാണ്. ഹൈഡ് ആക്ടും മറ്റു രേഖകളും ഇത് വ്യക്തമാക്കുന്നുണ്ട്.
പാര്‍ലമെന്റിനാണ് പരമാധികാരം. ഇന്ത്യയിലെ പാര്‍ലമെന്റ് അംഗങ്ങളോടുള്ള എന്റെ അഭ്യര്‍ത്ഥന ഇതാണ് -
കരുതിയിരിക്കുക. രഹസ്യ ഇടപാട് ഇന്ത്യയുടെ സ്വയം നിര്‍ണ്ണയാവകാശത്തിനു നേരെയുള്ള കളിയാണ്. ഇതില്‍ സംശയാസ്പദമായ പലതുമുണ്ട്. മറച്ചുവെച്ച അജണ്ടകളുണ്ട്. ബുഷിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ട ഈ ഘട്ടത്തില്‍ ഇന്ത്യയെ അമേരിക്കയോട് കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരമായിരിക്കും. പ്രധാനമന്ത്രി സഭയോട് സത്യം പറയണം. മുഴുവന്‍ സത്യവും പറയണം. അല്ലെങ്കില്‍ അദ്ദേഹം വിശ്വാസവോട്ടു നേടിയാലും അതിന്റെ മൂല്യം നഷ്ടമാകും.
*
ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യര്‍, കടപ്പാട്: ജനയുഗം ദിനപ്പത്രം.
Subscribe to:
Post Comments (Atom)
1 comment:
ആണവ ന്യായവാദങ്ങളില്‍ നാം വഞ്ചിതരാകരുത്. നാം ഒരു പരമാധികാര രാഷ്ട്രമാണോ? നമ്മുടെ ഇറക്കുമതി-നിഷേപനയങ്ങളും സ്വദേശി കൃഷിയുടെ ദിശയും നാടന്‍ വ്യവസായവികസനവും തീരുമാനിക്കുന്നത് ആരാണ്! നാം ഏതെങ്കിലും തരത്തിലുള്ള വെള്ളരിക്കാപട്ടണമാണോ? സോണിയ-മന്‍മോഹന്‍ പാര്‍ട്ടി ഇന്ത്യനോ ദേശീയമോ അല്ല. കോണ്‍ഗ്രസ് ഔപചാരികമായി ഒരു രാഷ്ട്രീയ ബിസിനസ് കോര്‍പ്പറേഷന്റെ ബ്രാന്റ് നാമമായി മാറിയിരിക്കുന്നു. ജനാധിപത്യസ്വരാജ് പ്രത്യയശാസ്ത്രമോ ജീവസ്സുറ്റ ദേശീയതയോ ഇല്ലാത്ത രാഷ്ട്രീയ ഇടപാടുകളാണിപ്പോള്‍ നടക്കുന്നത്. വര്‍ഗീയ കുത്തിത്തിരിപ്പുകളും അധികാര ദുര മൂത്ത ക്ലിക്കുകളും ഇന്ത്യന്‍ അധികാര ചന്തയിലെ വില്പനച്ചരക്കുകളായിരിക്കുന്നു. ബുഷ് തന്റെ ഇംഗിതത്തിനൊത്ത് ഈ രാഷ്ട്രീയതിരിമറിക്കാരെ വിലയ്ക്കു വാങ്ങുകയോ കീഴ്പ്പെടുത്തുകയോ ചെയ്യുന്നു. ഈ ഇടപാടിനിടയില്‍ ഭരണഘടന തന്നെ അപ്രസക്തമാകുന്നു.
പാര്‍ലമെന്റിനാണ് പരമാധികാരം. ഇന്ത്യയിലെ പാര്‍ലമെന്റ് അംഗങ്ങളോടുള്ള എന്റെ അഭ്യര്‍ത്ഥന ഇതാണ് -
കരുതിയിരിക്കുക. രഹസ്യ ഇടപാട് ഇന്ത്യയുടെ സ്വയം നിര്‍ണ്ണയാവകാശത്തിനു നേരെയുള്ള കളിയാണ്. ഇതില്‍ സംശയാസ്പദമായ പലതുമുണ്ട്. മറച്ചുവെച്ച അജണ്ടകളുണ്ട്. ബുഷിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ട ഈ ഘട്ടത്തില്‍ ഇന്ത്യയെ അമേരിക്കയോട് കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരമായിരിക്കും. പ്രധാനമന്ത്രി സഭയോട് സത്യം പറയണം. മുഴുവന്‍ സത്യവും പറയണം. അല്ലെങ്കില്‍ അദ്ദേഹം വിശ്വാസവോട്ടു നേടിയാലും അതിന്റെ മൂല്യം നഷ്ടമാകും.
ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ എഴുതിയ ലേഖനം.
Post a Comment