Sunday, July 20, 2008

ശുഭാപ്തിവിശ്വാസത്തിന് ബദലുകളില്ല.

ഇത് ഗൌരവമുള്ള ഒരു വിഷയമാണ്.

ഭൂമുഖത്തെ ഏറ്റവും വ്യവസായവല്‍കൃതമായ എട്ട് രാജ്യങ്ങളുടെ നേതാക്കന്മാരുടെ ഉച്ചകോടി ജൂലൈ 7 മുതല്‍ 9 വരെ ജപ്പാനിലെ ഹൊക്കയഡോ ദ്വീപിന്റെ വടക്കുഭാഗത്ത് അഗ്നിപര്‍വത വിസ്‌ഫോടനത്തില്‍ രൂപം കൊണ്ട തടാകത്തിന്റെ കരയിലെ ടൊയോക്കോ വിശ്രമകേന്ദ്രത്തില്‍ നടന്നു. ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തില്‍ നിന്നും ഇത്ര അകലെയുള്ള മറ്റൊരു സ്ഥലം തെരഞ്ഞെടുക്കുക പ്രയാസകരമാണ്.

അവിടെ നിന്നും 98 മൈല്‍ അകലെയുള്ള നഗരപ്രദേശമായ സാപ്പാറോയില്‍ ഏതു പ്രതിഷേധവും നേരിടാന്‍ 21000 ജപ്പാന്‍ പോലീസ് ഏജന്റുമാര്‍ ഹെല്‍മറ്റും കവചങ്ങളുമായി അണി നിരന്നു. ജപ്പാന്റെ തലസ്ഥാനമായ ടോക്യോയിലെ തെരുവുകളില്‍ ഇരുപതിനായിരത്തിലധികം പോലീസുകാര്‍ റോന്തു ചുറ്റുന്നുണ്ടായിരുന്നു. ജപ്പാന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, റഷ്യ, ബ്രിട്ടന്‍, അമേരിക്ക എന്നിവയാണ് ജി 8ലെ അംഗങ്ങള്‍. പൈതൃകമായി ലഭിച്ച പ്രശ്നങ്ങള്‍ക്കു പുറമെ രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ അധീശത്വത്തിനു വേണ്ടിയുള്ള അമേരിക്കയുടെ ശ്രമങ്ങളില്‍ നിന്നുളവാകുന്ന പ്രശ്നങ്ങളും ഈ രാജ്യങ്ങളിലെ നേതാക്കന്മാര്‍ നേരിടുന്നുണ്ട്. അടിയന്തര പരിഹാരം ആവശ്യപ്പെടുന്ന ദേശീയവും സാര്‍വദേശീയവുമായ പ്രശ്നങ്ങള്‍ അവരെ അലട്ടുന്നു.

ജി 5 എന്ന പേരിലറിയപ്പെടുന്ന രാജ്യങ്ങളില്‍ നിന്നുള്ളവരെയും ടൊയോക്കോയിലേക്ക് ക്ഷണിച്ചിരുന്നു. ബ്രസീല്‍, ചൈന, ഇന്ത്യ, മെക്സിക്കോ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കന്മാരെ പ്രഭാതഭക്ഷണത്തിനിടയിലെ കൂടിക്കാഴ്ചക്കാണ് ക്ഷണിച്ചത്.

ലോകജനസംഖ്യ 2008 ജൂലൈ 11ലെ കണക്കനുസരിച്ച് 670 കോടി 90 ലക്ഷമാണ്. ഇവരില്‍ 65 ശതമാനത്തിലധികം മുകളില്‍പ്പറഞ്ഞ വികസ്വര രാജ്യങ്ങളിലാണ് അധിവസിക്കുന്നത്.

മൂന്നു ദിവസങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകളും കൂട്ടായ ചര്‍ച്ചകളുമെല്ലാം നടന്നു. വികസ്വര രാജ്യങ്ങള്‍ പ്രത്യേക യോഗം ചേര്‍ന്ന് തുറന്ന ചര്‍ച്ച നടത്തി.

ഉച്ചകോടിയുടെ അന്തിമ പ്രഖ്യാപനത്തില്‍ ജി 8 വ്യവസായവല്‍കൃത രാജ്യങ്ങള്‍ പറഞ്ഞത് തങ്ങള്‍ വലിയൊരു സൌജന്യം ചെയ്യുന്നുവെന്നാണ്. 2050 ഓടുകൂടി ഹരിത ഗേഹ വാതകത്തിന്റെ അളവ് കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ ലോകം നരകമാകുമ്പോള്‍ നടപടി എടുക്കുമെന്ന്. ഉച്ചകോടിയുടെ മുന്‍പാകെ വന്ന മറ്റ് ഗുരുതരമായ പ്രശ്നങ്ങള്‍ക്കൊന്നും പരിഹാരമുണ്ടായില്ല.

ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ സംഗ്രഹം നോക്കാം.

“കാലാവസ്ഥ വ്യതിയാനത്തെ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ച് വികസ്വര രാജ്യങ്ങളുമായി കരാറിലെത്തുന്നതില്‍ ജി 8 പരാജയപ്പെട്ടു.”

“ഹരിത ഗേഹ വാതകം പുറം തള്ളുന്നത് കുറയ്ക്കാന്‍ ഏറ്റവും വലിയ 16 സമ്പദ്‌ഘടനകള്‍ പ്രതിജ്ഞ എടുത്തെങ്കിലും ഏറ്റവും ശക്തമായ രാജ്യങ്ങളില്‍ നിന്നും സാങ്കേതിക വിദ്യയും ഫണ്ടും വേണമെന്ന് ആവശ്യം വികസ്വര രാജ്യങ്ങള്‍ ആ‍വര്‍ത്തിച്ചു.”

“ചില വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയാണ് ഭക്ഷ്യ പ്രതിസന്ധിക്ക് കാരണമെന്ന ആരോപണം പ്രസിഡന്റ് ഹു ജിന്റോ നിഷേധിച്ചു.”

“ജി 8 ഉം ജി 5 ഉം തമ്മിലുള്ള ചര്‍ച്ചയിലെ മുഖ്യതര്‍ക്കം കാര്‍ഷിക സബ്‌സിഡിയാണ്.”

“പലിശനിരക്ക് വര്‍ദ്ധിച്ചിട്ടും നാണയപ്പെരുപ്പം ഇപ്പോഴും ഏറെ ഉത്കണ്ഠ ഉണ്ടാക്കുന്നുണ്ടെന്ന് യൂറോപ്യന്‍ സെന്‍‌ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥന്മാര്‍ പറഞ്ഞു.”

“വാഷിങ്ങ്ടണും പ്രാഗും തമ്മില്‍ ആകാശ കവചം സ്ഥാപിക്കുന്നത് സംബന്ധിച്ചു ഒപ്പുവെച്ച കരാറില്‍ റഷ്യ അങ്ങേയറ്റം ക്ഷോഭിച്ചിരിക്കുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.”

“അമേരിക്കയും പ്രാഗും തമ്മില്‍ മിസൈല്‍ കവചം സ്ഥാപിക്കാന്‍ ഒപ്പുവെച്ച കരാറിനെ റഷ്യന്‍ സൈനിക വിദഗ്ദര്‍ അപലപിച്ചു. കടുത്ത പ്രതികാര നടപടികള്‍ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.”

അന്ന് തന്നെ വന്ന മറ്റു ചില വാര്‍ത്തകള്‍ കൂടി നോക്കാം.

“ കാലാവസ്ഥാ വ്യതിയാനത്തിന്റെയും മലിനീകരണത്തിന്റെയും ഫലമായി പവിഴപ്പുറ്റുകള്‍ നശിക്കുന്നു. പവിഴപ്പുറ്റുകളില്‍ മൂന്നില്‍ ഒന്ന് നാശം നേരിടുകയാണ്. പവിഴപ്പുറ്റുണ്ടാകാന്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങളെടുക്കും. സമുദ്ര ജീവികളില്‍ 25 ശതമാനത്തിന്റെ വാസം പവിഴപ്പുറ്റുകളിലാണ്.”

“ അന്നു തന്നെ എഫ്.എ.ഒ ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞത് കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായി മത്സ്യസമ്പത്ത് കുറയുന്നുവെന്നാണ്. ഇത് ജനങ്ങളുടെ ഭക്ഷ്യസുരക്ഷയെ ബാധിക്കും.”

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ള ചില വിമര്‍ശനങ്ങള്‍ കൂടി നോക്കാം.

“ യൂറോപ്യന്‍ കുടിയേറ്റ കരാര്‍ ആഫ്രിക്കയില്‍ അമര്‍ഷം വളര്‍ത്തുന്നു. തെക്കുനിന്നുള്ളവരെ മാറ്റി നിര്‍ത്താന്‍ യൂറോപ്പില്‍ ഒരു മതില്‍ കെട്ടുന്നുവെന്നാണ് ചിലര്‍ ഇതിനെ വിശേഷിപ്പിച്ചത്.”

പരാതികള്‍ പലതും പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ബ്രിട്ടീഷ് സായുധസേനകളുടെ മനോവീര്യം തകരുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൌണ്‍ ജപ്പാനിലുള്ളപ്പോള്‍ ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

“ബ്രിട്ടനിലെ പ്രതിരോധ മന്ത്രാലയം നടത്തിയ ഒരു പഠനം കാണിക്കുന്നത് രാജ്യത്തെ സൈനികരില്‍ പകുതിയോളം പേര്‍ സര്‍വീസില്‍ നിന്നും പിരിഞ്ഞുപോകാന്‍ തയ്യാറായിരിക്കുന്നുവെന്നാണ്. ഇടക്കിടെ വിദേശ സേവനത്തിനു നിയോഗിക്കുന്നതും കുറഞ്ഞ വേതനവും മോശമായ ജീവിത സാഹചര്യവുമാണ് അവര്‍ പറയുന്ന കാരണം. ബ്രിട്ടീഷ് സേനയില്‍ ഇപ്പോള്‍ തന്നെ അയ്യായിരത്തോളം പേരുടെ കുറവുണ്ട്. അതിനിടയിലാണ് ചെറുപ്പക്കാരായ ഓഫീസര്‍മാരും സൈനികരും പിരിഞ്ഞുപോകുന്നത്.”

ജൂലൈ 9ന് ബുഷ് ജി എട്ടിലെ സഹപ്രവര്‍ത്തക്രുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ അമേരിക്കന്‍ സെനറ്റ് 28നെതിരെ 68 വോട്ടുകള്‍ക്ക് ഒരു ബില്‍ പാസാക്കി. “അമേരിക്കന്‍ ചാരപ്രവര്‍ത്തനം ആധുനികവല്‍ക്കരിക്കുന്നതിനുള്ള ബില്ലാണിത്. ഗവര്‍മെന്റുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ടെലി-കമ്മ്യൂണിക്കേഷന്‍ കമ്പനികള്‍ക്ക് നിയമ നടപടികളില്‍ നിന്നു പരിരക്ഷ നല്‍കാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. ഭീകരവാദത്തെ ചെറുക്കുന്നതിന്റെ മറവിലാണ് വ്യക്തികളുടെ സ്വകാര്യതയെ അപകടപ്പെടുത്തുന്ന ചാരപ്രവര്‍ത്തനം നടത്തുന്നത്.” “അമേരിക്കന്‍ പൌരന്മാരെ കൂടുതല്‍ സുരക്ഷിതരാക്കുന്നു” വെന്നാണ്, മനുഷ്യാവകാശങ്ങളുടെ ചാമ്പ്യനായി സ്വയം ഭാവിക്കുന്ന ബുഷ് ഇതിനു നല്‍കുന്ന ന്യായീകരണം.

അമേരിക്കന്‍ പൌരന്മാരുടെയും വിദേശികളുടെയും ടെലിഫോണ്‍ ചോര്‍ത്താന്‍ അധികാരം നല്‍കുന്നതാണ് ഈ ബില്‍. ഇതുവരെ പ്രാബല്യത്തിലുള്ള നിയമത്തില്‍ മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, ഇമെയില്‍ എന്നിവ ചോര്‍ത്താന്‍ വ്യവസ്ഥയില്ല.

പുതിയ നിയമം ഭരണഘടനാവിരുദ്ധവും പൌരാവകാശലംഘനവും വ്യക്തികളുടെ സ്വകാര്യതയിലുള്ള കടന്നുകയറ്റവുമാണെന്നാണ് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ചൂണ്ടിക്കാട്ടിയത്.

എല്ലാ ഭാഗങ്ങളില്‍ നിന്നും പരാതികള്‍ ഒഴുകുകയാണ്. ഉദാഹരണത്തിന് ജര്‍മ്മനിയില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് നോക്കൂ.

“1990ല്‍ ജര്‍മ്മന്‍ ഏകീകരണത്തിനുശേഷമുള്ള ഏതുകാലത്തേക്കാള്‍, സാമ്പത്തിക വികസനത്തെക്കുറിച്ച് ജര്‍മ്മന്‍‌കാര്‍ ഇപ്പോള്‍ നിരാശരാണ്. വിലക്കയറ്റമാണ് ഇതിന്റെ കാരണമെന്ന് അഭിപ്രായ വോട്ടെടുപ്പ് കാണിക്കുന്നു.”

കാനഡയില്‍ തൊഴിലില്ലായ്മ നിരക്ക് 6.2 ശതമാനമാണ്.

“കിഴക്കന്‍ അഫ്‌ഗാനിസ്ഥാനില്‍ വ്യാഴാഴ്ച ബോംബാക്രമണത്തില്‍ രണ്ടു നാറ്റോ സൈനികര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.”

“ഇറാന്‍ പുതിയ ദീര്‍ഘദൂര മിസൈലുകള്‍ പരീക്ഷിച്ചത് യൂറോപ്പില്‍ മിസൈല്‍ പ്രതിരോധകവചം സ്ഥാപിക്കാനുള്ള അമേരിക്കന്‍ നീക്കം അനാവശ്യമാണെന്ന തങ്ങളുടെ വാദം സ്ഥിരീകരിക്കുന്നതായി റഷ്യ പ്രസ്താവിച്ചു.”

ജൂലൈ 11 ലെ വാര്‍ത്തകളാണ് മുകളില്‍ ഉദ്ധരിച്ചത്. ഇതേപോലുള്ള നിരവധി വാര്‍ത്തകള്‍ ചൂണ്ടിക്കാണിക്കാനാകും.

ഇന്നത്തെ ലോകത്ത് ഓരോ ദിവസവും പുതിയ പുതിയ സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ ഉയര്‍ന്നുവരികയാണ്. ഭരണാധികാരികളുടെ കഴിവുകള്‍ ഇവ പരിഹരിക്കുവാന്‍ വിനിയോഗിക്കണം.

ഇത് വിമര്‍ശനമല്ല, നിരീക്ഷണം മാത്രമാ‍ണ്. മനുഷ്യര്‍ അമാനുഷിക ശക്തിയുള്ളവരല്ല. ശുഭാപ്തിവിശ്വാസം മാത്രമാണ് മുന്നോട്ട് നയിക്കുക. അതിന് മറ്റു ബദലുകളില്ല.

*

ഫിഡല്‍ കാസ്ട്രോ, കടപ്പാട് ജനയുഗം ദിനപ്പത്രം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഭൂമുഖത്തെ ഏറ്റവും വ്യവസായവല്‍കൃതമായ എട്ട് രാജ്യങ്ങളുടെ നേതാക്കന്മാരുടെ ഉച്ചകോടി ജൂലൈ 7 മുതല്‍ 9 വരെ ജപ്പാനിലെ ഹൊക്കയഡോ ദ്വീപിന്റെ വടക്കുഭാഗത്ത് അഗ്നിപര്‍വത വിസ്‌ഫോടനത്തില്‍ രൂപം കൊണ്ട തടാകത്തിന്റെ കരയിലെ ടൊയോക്കോ വിശ്രമകേന്ദ്രത്തില്‍ നടന്നു. ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തില്‍ നിന്നും ഇത്ര അകലെയുള്ള മറ്റൊരു സ്ഥലം തെരഞ്ഞെടുക്കുക പ്രയാസകരമാണ്.

ജി എട്ട് ഉച്ചകോടിയെക്കുറിച്ച് ഫിഡല്‍ കാസ്ട്രോയുടെ നിരീക്ഷണങ്ങള്‍