Tuesday, July 22, 2008

വിലയ്ക്കുവാങ്ങിയ വിശ്വാസം

അമേരിക്കന്‍ സാമ്രാജ്യത്വത്തിന് രാജ്യത്തെ അടിയറവയ്ക്കുന്നതിനുള്ള കോണ്‍ഗ്രസിന്റെയും മന്‍മോഹന്‍സിങ്ങിന്റെയും ശ്രമത്തെ ചെറുത്ത് ഇടതുപക്ഷവും മറ്റ് പാര്‍ടികളും ഉയര്‍ത്തിപ്പിടിച്ച ദേശാഭിമാനപരമായ നിലപാടിനെ രാഷ്ട്രീയംകൊണ്ട് നേരിടാന്‍ കഴിയാത്ത യുപിഎ സര്‍ക്കാര്‍ പണമെറിഞ്ഞ് തല്‍ക്കാലം വിജയിച്ചിരിക്കുന്നു. കോടിക്കണക്കിന് രൂപ കൊടുത്ത് എംപിമാരെ വിലയ്ക്കെടുക്കാനുള്ള ശ്രമങ്ങള്‍ ലോക്‍സഭയില്‍ തുറന്നുകാട്ടപ്പെട്ടതിനുശേഷം നടന്ന വിശ്വാസ വോട്ടെടുപ്പിലാണ് യുപിഎ ജയിച്ചിരിക്കുന്നത്.

ഇത് ജനാധിപത്യചരിത്രത്തില്‍ ഇതിനുമുമ്പില്ലാത്തതാണ്. വിലകൊടുത്തുവാങ്ങിയ വിശ്വാസം.

വിലക്കയറ്റം, കാര്‍ഷികപ്രതിസന്ധി എന്നിവയ്ക്ക് പരിഹാരംകാണാന്‍ വിസമ്മതിച്ച് അമേരിക്കയ്ക്കുമുന്നില്‍ ഇന്ത്യന്‍ താല്‍പ്പര്യങ്ങളെ അടിയറവയ്ക്കാനാണ് ആണവ കരാറിലൂടെ
ഡോ. മന്‍മോഹന്‍സിങ് ശ്രമിച്ചത്. ഗവര്‍മെന്റിന് നല്‍കിവന്ന പിന്തുണ പിന്‍വലിക്കാന്‍ സിപിഐ എം അടക്കമുള്ള ഇടതുപാര്‍ടികള്‍ തീരുമാനിച്ചത് ഈ പശ്ചാത്തലത്തിലാണ്. ഇടതുപക്ഷകക്ഷികള്‍ പിന്തുണ പിന്‍വലിച്ചതോടെ മന്‍മോഹന്‍സിങ് മന്ത്രിസഭയ്ക്ക് ലോക്‍സഭയിലുണ്ടായിരുന്ന ഭൂരിപക്ഷം നഷ്ടപ്പെട്ടു. ജനാധിപത്യമര്യാദകളും രാഷ്ട്രീയസദാചാരവും പാലിക്കുന്നവരായിരുന്നെങ്കില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ച ജൂലൈ എട്ടിനുതന്നെ ഗവര്‍മെന്റ് രാജിവയ്ക്കേണ്ടതായിരുന്നു. സമാജ്‌വാദി പാര്‍ടി നേതാക്കളുടെ പിന്തുണ പ്രഖ്യാപനത്തെ ആശ്രയിച്ച് ഗവര്‍മെന്റിന് ഭൂരിപക്ഷമുണ്ടെന്ന് യുപിഎ നേതൃത്വം അവകാശപ്പെട്ടു. വിശ്വാസപ്രമേയം അവതരിപ്പിച്ചത് ഈ സാഹചര്യത്തിലാണ്. വിശ്വാസപ്രമേയം പാസായെങ്കിലും യുപിഎ ഗവര്‍മെന്റിന് ഇടതുപക്ഷം നല്‍കിവന്ന പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങള്‍ പുതിയ രാഷ്ട്രീയ ചേരിതിരിവിന് വഴിതെളിക്കും.

അടുത്തകാലത്തെ സംഭവവികാസങ്ങള്‍ മൂന്ന് പ്രധാനവസ്തുതകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കയുടെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഡോ. മന്‍മോഹന്‍സിങ്ങും കോണ്‍ഗ്രസും പ്രതിജ്ഞാബദ്ധമായി നീങ്ങിയെന്നതാണ് ഒരു കാര്യം. അധികാരം നിലനിര്‍ത്താന്‍ എല്ലാ ജനാധിപത്യമൂല്യങ്ങളെയും രാഷ്ട്രീയ സദാചാര മര്യാദകളെയും ലംഘിക്കാന്‍ കോണ്‍ഗ്രസ് വീണ്ടും തയ്യാറായി എന്നതാണ് രണ്ടാമത്തെ വസ്തുത. സമാജ്‌വാദി പാര്‍ടിയുടെ പിന്തുണ ലഭിച്ചതോടെ ഇടതു പാര്‍ടികളെ ഒറ്റപ്പെടുത്താന്‍ കോണ്‍ഗ്രസും കൂട്ടുകാരും നടത്തിയ നീക്കം പൊളിച്ചു എന്നതാണ് മൂന്നാമത്തെ സവിശേഷത.

അമേരിക്കന്‍ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഡോ. മന്‍മോഹന്‍സിങ്ങും കോണ്‍ഗ്രസ് നേതൃത്വവും ജനങ്ങള്‍ക്കും പാര്‍ലമെന്റിനും ഇടതുപക്ഷത്തിനും നല്‍കിയ എല്ലാ വാഗ്ദാനങ്ങളും ലംഘിച്ചു. നാണംകെട്ട വിശ്വാസവഞ്ചനയാണവര്‍ കാട്ടിയത്. ഇടതുകക്ഷികളുടെ ഉറച്ച നിലപാട് കാരണം പൊതു മിനിമം പരിപാടിയുടെ നക്കലില്‍നിന്ന് അമേരിക്കയുമായി ഇന്ത്യ തന്ത്രപരമായ സഖ്യം ഉണ്ടാക്കുമെന്ന പരാമര്‍ശം യുപിഎ നേതൃത്വം ഒഴിവാക്കി. മന്ത്രിസഭാരൂപീകരണത്തിന് ആവശ്യമായ ഭൂരിപക്ഷം തികയ്ക്കാന്‍ ഇടതുപക്ഷ കക്ഷികളുടെ സഹായം അന്ന് യുപിഎക്ക് ആവശ്യമായിരുന്നു. പൊതു മിനിമം പരിപാടിയില്‍ നിന്ന് ഒഴിവാക്കിയ ഈ ഭാഗം നടപ്പാക്കാനാണ് പിന്നീട് മന്‍മോഹന്‍സിങ് ഗവ്‍ര്‍മെന്റ് നീങ്ങിയത്.

യുപിഎ ഗവര്‍മെന്റിന്റെ വാഗ്ദാനലംഘനങ്ങളും വഞ്ചനകളും ഇവിടെ തുടങ്ങുന്നു.

ഈ വിഷയം സംബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകളില്‍ പ്രധാനമന്ത്രി ഒട്ടേറെ ഉറപ്പുകള്‍ നല്‍കി. എന്നാല്‍ ഇന്ത്യ-അമേരിക്ക ആണവ കരാര്‍ തയ്യാറാക്കിയപ്പോള്‍ പ്രധാനമന്ത്രി നല്‍കിയ ഉറപ്പുകള്‍ ഉള്‍പ്പെടുത്തിയില്ല. രാഷ്ട്രത്തിന് നല്‍കിയ വാഗ്ദാനമാണ് പ്രധാനമന്ത്രി ലംഘിച്ചത്. ഇടതുപക്ഷ കക്ഷികളുടെ അംഗീകാരമില്ലാതെ അന്തര്‍ദേശീയ ആണവോര്‍ജ ഏജന്‍സിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ര്‍ണേഴ്സിനെ സമീപിക്കുകയില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും വിദേശമന്ത്രി പ്രണബ് മുഖര്‍ജിയും ഇടതുപക്ഷ കക്ഷികള്‍ക്ക് വാക്ക് നല്‍കിയിരുന്നു. ഈ വാഗ്ദാനം ലംഘിച്ച് മുന്നോട്ടുപോകാന്‍ മന്‍മോഹന്‍സിങ് നിര്‍ദേശം നല്‍കി. യുപിഎ-ഇടത് യോഗം ജൂലൈ പത്തിന് ചേര്‍ന്ന് ഇന്ത്യ-അമേരിക്ക ആണവ കരാറിന്റെ കാര്യത്തെപ്പറ്റി തീരുമാനിക്കാമെന്ന് പ്രണബ് മുഖര്‍ജി ഇടതുപക്ഷ കക്ഷികള്‍ക്ക് ജൂലൈ ഏഴിന് കത്ത് നല്‍കി. ഈ നിര്‍ദേശം നിലവിലിരിക്കെ ഏകപക്ഷീയമായി കരാര്‍ നടപ്പാക്കാന്‍ പ്രധാനമന്ത്രി നീങ്ങി. വളരെവേഗം തന്നെ ഇന്ത്യ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയെ സമീപിക്കുമെന്ന് ജൂലൈ ഏഴിന് ജപ്പാനിലേക്കുള്ള യാത്രാമധ്യേ മന്‍മോഹന്‍സിങ് പ്രഖ്യാപിച്ചു. വിശ്വാസവോട്ട് നേടാതെ ആണവോര്‍ജ ഏജന്‍സിയുടെ ബോര്‍ഡ് ഓഫ് ഗവ്‍ര്‍ണേഴ്സിനെ സമീപിക്കില്ലെന്ന് പ്രണബ് മുഖര്‍ജി നല്‍കിയ വാഗ്ദാനവും ലംഘിക്കപ്പെട്ടു.

മന്‍മോഹന്‍സിങ്ങിനും യുപിഎ ഗവര്‍മെന്റിനും വിധേയത്വം ഇന്ത്യന്‍ ജനതയോടും ഇന്ത്യന്‍ പാര്‍ലമെന്റിനോടും അല്ല. മറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബുഷിനോടാണ്. അധികാരം നിലനിര്‍ത്താന്‍ മന്‍മോഹന്‍സിങ്ങും കൂട്ടുകാരും എല്ലാ ജനാധിപത്യ പാരമ്പര്യങ്ങളെയും രാഷ്ട്രീയമൂല്യങ്ങളെയും ലംഘിച്ചു. യുപിഎ നേതൃത്വം കാട്ടിയ ജുഗുപ്സാവഹമായ നീക്കങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഇന്ത്യയുടെ ജനാധിപത്യവ്യവസ്ഥയെ വരുംകാലങ്ങളില്‍ വേട്ടയാടാം.

നടന്ന എല്ലാ സംഭവങ്ങളും ഇവിടെ പരാമര്‍ശിക്കുന്നില്ല. ഒട്ടേറെ കാര്യങ്ങള്‍ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

കഴിഞ്ഞകാല നിലപാടില്‍നിന്ന് തകിടംമറിഞ്ഞ് ഗവര്‍മെന്റിന് പിന്തുണ നല്‍കിയ സമാജ്‌വാദി പാര്‍ടിക്ക് കോണ്‍ഗ്രസ് നേതൃത്വവും ഗവര്‍മെന്റും നല്‍കിയ വില വളരെ വലുതാണ്. രാഷ്ട്രീയത്തെ വ്യവസായമായി കാണുന്ന സമാജ്‌വാദി പാര്‍ടിയുടെ ചില നേതാക്കള്‍ പല കാര്യങ്ങളും മറച്ചുവയ്ക്കാന്‍ മിനക്കെട്ടതുമില്ല. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ രാഷ്ട്രീയ അധാര്‍മികതയുടെ ആഴവും വൈപുല്യവും സമാജ്‌വാദി പാര്‍ടിയുടെ നേതാക്കളുടെ വെളിപ്പെടുത്തലുകള്‍ തുറന്നുകാട്ടി. ധനമന്ത്രിയെയും പെട്രോളിയം മന്ത്രിയെയും അവരുടെ സെക്രട്ടറിമാരെയും മാറ്റണമെന്നായിരുന്നു ഒരു ആവശ്യം. പെട്രോളിയം സെക്രട്ടറിയെ മാറ്റിക്കഴിഞ്ഞു. സമാജ്‌വാദി പാര്‍ടി നേതാവ് അമര്‍സിങ് നിര്‍ദേശിച്ച ആളെ പെട്രോളിയം സെക്രട്ടറിയായി നിയമിച്ചിരിക്കുന്നെന്ന് പത്രവാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. അംബാനി സഹോദരന്മാരുടെ സ്വത്തുതര്‍ക്കത്തില്‍ പ്രധാനമന്ത്രി മധ്യസ്ഥനാകണമെന്നാണ് മറ്റൊരാവശ്യം. തങ്ങള്‍ ആഗ്രഹിക്കുന്ന ഒരാളാകണം സിബിഐയുടെ ഡയറക്ടറെന്നും സമാജ്‌വാദി പാര്‍ടി നേതാക്കള്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്ത സമാജ്‌വാദി പാര്‍ടി നേതാക്കളോ ഗവര്‍മെന്റോ നിഷേധിച്ചിട്ടില്ല. സമാജ്‌വാദി പാര്‍ടിയുടെ നേതാക്കള്‍ക്ക് സാമ്പത്തിക താല്‍പ്പര്യമുള്ള സഹാറ കമ്പനിയെ കേസുകളില്‍ നിന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിലക്കുകളില്‍ നിന്നും രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയുണ്ടായി. വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് സമാജ്‌വാദി പാര്‍ടിയുടെ പല നേതാക്കള്‍ക്കുമെതിരെ കേസ് നടക്കുകയാണ്. എന്തെല്ലാം രഹസ്യമായി ആവശ്യപ്പെട്ടു എന്നത് പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

നരസിംഹറാവു ഗവര്‍മെന്റിനെ നിലനിര്‍ത്തുന്നതിന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നേതാക്കള്‍ക്ക് കൈക്കൂലി നല്‍കിയ കാര്യം സുപ്രീംകോടതി പോലും കണ്ടെത്തിയിട്ടുള്ളതാണ്. ഇപ്പോള്‍ ജെഎംഎം എംപിമാരുടെ പിന്തുണ നേടാന്‍ മന്‍മോഹന്‍സിങ് നല്‍കിയ വില എന്തായിരുന്നെന്ന് പുറത്തുവരാനിരിക്കുന്നതേയുള്ളൂ. മന്ത്രിസ്ഥാനം നല്‍കണമെന്ന ആവശ്യം അംഗീകരിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലക്‍നൌ വിമാനത്താവളത്തിന് ചൌധരി ചരസിങ്ങിന്റെ പേരിടാന്‍ കണ്ട സമയം വിശ്വാസപ്രമേയ ചര്‍ച്ചയ്ക്ക് തൊട്ടുമുമ്പാണ്. ഏതായാലും അജിത്‌സിങ്ങും രാഷ്ട്രീയ ലോക്‍ദളും ഗവര്‍മെന്റിന്റെ വലയില്‍ പെട്ടില്ല.

രാഷ്ട്രീയ അഴിമതി നടത്തുന്നതില്‍ മന്‍മോഹന്‍സിങ് മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിനെയും തോല്‍പ്പിച്ചിരിക്കയാണ്. സിപിഐ എമ്മിനെയും ഇടതുപക്ഷ കക്ഷികളെയും ഒറ്റപ്പെടുത്താന്‍ കിട്ടിയ അവസരമായി ഇന്നത്തെ സാഹചര്യത്തെ അമേരിക്കന്‍ സാമ്രാജ്യത്വ പക്ഷപാതികളും നവ ഉദാരവല്‍ക്കരണ സാമ്പത്തികവാദികളും കണ്ടു. ഇടതുപക്ഷ കക്ഷികള്‍ ഇടപെട്ടതിന്റെ ഫലമായി നടപ്പാക്കാന്‍ കഴിയാതിരുന്ന നവ ഉദാരവല്‍ക്കരണ സാമ്പത്തിക പരിഷ്കാരങ്ങള്‍ രാഷ്ട്രീയ കച്ചവടക്കാരുടെ പിന്തുണയുടെ പിന്‍ബലത്തില്‍ നടപ്പാക്കാനാകുമെന്ന് അവര്‍ കണക്കുകൂട്ടി. ഇടതുപക്ഷ കക്ഷികളുടെ 'ഒറ്റപ്പെടലില്‍' ബിജെപിയും ആഹ്ലാദം പ്രകടിപ്പിച്ചു. എന്നാല്‍, രാഷ്ട്രീയ സംഭവവികാസങ്ങള്‍ അവരുടെ കണക്കുകൂട്ടലുകള്‍ അനുസരിച്ചല്ല നീങ്ങിയത്.

ഇന്ത്യയിലെ പ്രധാനപ്പെട്ട ബൂര്‍ഷ്വാ-ഭൂപ്രഭു രാഷ്ട്രീയകക്ഷികളാണ് കോണ്‍ഗ്രസും ബിജെപിയും. ഈ രണ്ട് കക്ഷികളും അമേരിക്കന്‍ സാമ്രാജ്യത്വത്തിന് അനുകൂലമായ സമീപനമുള്ളവരാണ്. അമേരിക്കയുമായി തന്ത്രപരമായ സഖ്യം സ്ഥാപിക്കുന്നതിന് ഈ രണ്ട് കക്ഷികളും താല്‍പ്പര്യപ്പെടുന്നു. നവ ഉദാരവല്‍ക്കരണ സാമ്പത്തിക പരിപാടി നടപ്പാക്കുന്നതിന് സമാനമായ സമീപനമാണ് ഇവര്‍ക്കുള്ളത്. എന്നാല്‍ ബിജെപി ഒരു വര്‍ഗീയകക്ഷി കൂടിയാണ്. ബിജെപിയുടെ വര്‍ഗീയസമീപനത്തെ രാഷ്ട്രീയമായി നേരിടുന്നതിന് ചാഞ്ചാട്ടം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിനെ ഒരു വര്‍ഗീയകക്ഷിയായി സിപിഐ എം കാണുന്നില്ല. ഈ രണ്ട് കക്ഷികളുടെയും നേതൃത്വത്തിലുള്ള രണ്ട് സമാന്തര സഖ്യങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ തളച്ചിടുന്നതിന് കോണ്‍ഗ്രസും ബിജെപി നേതൃത്വവും പരിശ്രമിക്കുന്നു. ബൂര്‍ഷ്വാ-ഭൂപ്രഭു വര്‍ഗത്തിന്റെ ഈ സമാന്തര രാഷ്ട്രീയസഖ്യങ്ങള്‍ക്കെതിരായി മൂന്നാംബദല്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ ഇടതുപക്ഷ കക്ഷികള്‍ ശ്രമിക്കുന്നു.

മൂന്നാം ബദലിന്റെ അടിത്തറ ഇടതുപക്ഷ കക്ഷികളായിരിക്കും. മതനിരപേക്ഷത, സാമ്രാജ്യത്വവിരോധം, ജനക്ഷേമ പരിപാടികള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ മതനിരപേക്ഷ രാഷ്ട്രീയകക്ഷികളുടെ പുതിയ ധ്രുവീകരണത്തിനുവേണ്ടി ഇടതുപക്ഷം പരിശ്രമിക്കുന്നു. യോജിച്ച പ്രക്ഷോഭങ്ങളിലൂടെയും സമരങ്ങളിലൂടെയും ഇടതുകക്ഷികള്‍ നടത്തുന്ന സമര്‍ഥമായ രാഷ്ട്രീയ ഇടപെടലുകളിലൂടെയുമാണ് മൂന്നാംബദല്‍ വളര്‍ന്നുവരിക. ഈ പ്രവര്‍ത്തനത്തില്‍ മുന്നേറ്റവും തിരിച്ചടിയും ഉണ്ടാകും. മൂന്നാംബദല്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ പരിശ്രമിക്കുന്ന സന്ദര്‍ഭത്തില്‍ത്തന്നെ എതിരാളികളും ഇടതുപക്ഷത്തിനെതിരായി നീങ്ങും. ശത്രുക്കളുടെ നീക്കങ്ങള്‍ എന്തുതന്നെയായാലും മൂന്നാംബദല്‍ ഭാവിയില്‍ കരുത്താര്‍ജിക്കുകതന്നെ ചെയ്യും.

കഴിഞ്ഞ കുറെമാസമായി ഇന്ത്യ-അമേരിക്ക ആണവകരാറിനെതിരെ സിപിഐ എമ്മും മറ്റ് ഇടതുപക്ഷ കക്ഷികളും രാജ്യവ്യാപകമായി പ്രചാരവേല നടത്തിവരികയാണ്. വിലക്കയറ്റത്തിനും കാര്‍ഷികപ്രതിസന്ധിക്കും പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭസമരങ്ങളും സംഘടിപ്പിച്ചിരുന്നു. ഇവയെല്ലാം ജനങ്ങളിലും മതനിരപേക്ഷ രാഷ്ട്രീയകക്ഷികളുടെ ഇടയിലും മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. തെലുങ്കുദേശം കക്ഷിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യുഎന്‍പിഎയിലെ രാഷ്ട്രീയകക്ഷികളും യുപിയിലെ മുഖ്യമന്ത്രി മായാവതി നയിക്കുന്ന ബിഎസ്‌പിയും അജിത്‌സിങ്ങിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്‍ദളും ദേവഗൌഡ നയിക്കുന്ന ജനതാദള്‍ സെക്കുലറും ഇടതുപക്ഷ കക്ഷികളുമായി സഹകരിക്കാന്‍ മുന്നോട്ടുവന്നിരിക്കുന്നു. യുപിഎ ഗവര്‍മെന്റിന് ഇടതുപക്ഷ കക്ഷികള്‍ നല്‍കിവന്ന പിന്തുണ പിന്‍വലിച്ചതോടെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ വേഗമേറി. പുതിയ ചേരിതിരിവ് രൂപപ്പെടുന്നു. ഇന്ത്യ-അമേരിക്കന്‍ ആണവ കരാറിനെ എതിര്‍ക്കുന്നതിലും മന്‍മോഹന്‍സിങ് ഗവര്‍മെന്റിനെ താഴെയിറക്കണമെന്ന കാര്യത്തിലും മാത്രമാണ് ഇപ്പോള്‍ യോജിപ്പുണ്ടായിരിക്കുന്നത്. ജനങ്ങളെ ബാധിക്കുന്ന മറ്റ് വിഷയങ്ങള്‍ കൂടി ഏറ്റെടുത്ത് യോജിച്ച പ്രക്ഷോഭങ്ങളും സമരങ്ങളും വളര്‍ത്തിക്കൊണ്ടുവരാന്‍ ഇടതുപക്ഷ പാര്‍ടികള്‍ ആഗ്രഹിക്കുന്നു. ഇവയെല്ലാം സംബന്ധിച്ച് ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. സിപിഐ എമ്മിനെയും ഇടതുകക്ഷികളെയും ഒറ്റപ്പെടുത്താനും ദുര്‍ബലപ്പെടുത്താനും ശ്രമിക്കുന്നവര്‍ ഒറ്റപ്പെടുന്ന കാഴ്ചയാണ് ഇന്നത്തെ രാഷ്ട്രീയ സംഭവവികാസങ്ങളില്‍ കാണുന്നത്.

*

എസ് രാമചന്ദ്രന്‍പിള്ള, കടപ്പാട്: ദേശാഭിമാനി

3 comments:

വര്‍ക്കേഴ്സ് ഫോറം said...

അമേരിക്കന്‍ സാമ്രാജ്യത്വത്തിന് രാജ്യത്തെ അടിയറവയ്ക്കുന്നതിനുള്ള കോണ്‍ഗ്രസിന്റെയും മന്‍മോഹന്‍സിങ്ങിന്റെയും ശ്രമത്തെ ചെറുത്ത് ഇടതുപക്ഷവും മറ്റ് പാര്‍ടികളും ഉയര്‍ത്തിപ്പിടിച്ച ദേശാഭിമാനപരമായ നിലപാടിനെ രാഷ്ട്രീയംകൊണ്ട് നേരിടാന്‍ കഴിയാത്ത യുപിഎ സര്‍ക്കാര്‍ പണമെറിഞ്ഞ് തല്‍ക്കാലം വിജയിച്ചിരിക്കുന്നു. കോടിക്കണക്കിന് രൂപ കൊടുത്ത് എംപിമാരെ വിലയ്ക്കെടുക്കാനുള്ള ശ്രമങ്ങള്‍ ലോക്‍സഭയില്‍ തുറന്നുകാട്ടപ്പെട്ടതിനുശേഷം നടന്ന വിശ്വാസ വോട്ടെടുപ്പിലാണ് യുപിഎ ജയിച്ചിരിക്കുന്നത്.
ഇത് ജനാധിപത്യചരിത്രത്തില്‍ ഇതിനു മുമ്പില്ലാത്തതാണ്. വിലകൊടുത്തുവാങ്ങിയ വിശ്വാസം.

Anonymous said...

കൂട്ടത്തിലുള്ളോര്‍ കൂറുമാറിയതിനു കാരണമായി ശ്രീധര്‍പിള്ളാജി പറഞ്ഞത് കൊള്ളാരുന്നു.

ബിജെപി കാഡര്‍ പാര്‍ട്ടിയല്ലത്രെ. മിലിട്ടറി ചിട്ട വഴി എല്ലാവരെയും നിയന്ത്രിക്കാനൊന്നും ആവില്ലത്രെ. ബഹുജനപാര്‍ട്ടിയായിക്കഴിഞ്ഞൂത്രെ.

ബി.ജെ.പിയെന്നാല്‍ ബഹു ജനതാ പാര്‍ട്ടി?

ഓരോ മണ്ഡലത്തിലും ജയിക്കാന്‍ സാധ്യതയുള്ളവരെ നോക്കി നിര്‍ത്തുകയാണത്രെ. അവരെയൊന്നും അങ്ങനെ നിയന്ത്രിക്കാനൊക്കൂലത്രെ. (അല്ലാതെ മായാവതിയമ്മ പശു ബെല്‍റ്റില്‍ ഒരു കലക്ക് കലക്കുമെന്ന് പേടിച്ചിട്ടൊന്നുമല്ലെന്ന്..)

എന്നാലും പാര്‍ട്ടിയോട് പോയി പണിനോക്കാന്‍ പറഞ്ഞത് ഇത്തിരി കടുത്തുപ്പോയി. കൂറുമാറി കുത്താതെ എല്ലാവരും വോട്ടെടുപ്പില്‍ നിന്നു മാറിനിന്നാല്‍ മതിയായിരുന്നു. ഇതിപ്പോ...

Anonymous said...

കാസര്‍കോടു മണ്ഢലത്തില്‍ വര്‍ഷങ്ങളായി മാര്‍ക്സിസ്റ്റുകള്‍ നടപ്പിലാക്കിവന്ന പരിപാടീ ബീ ജേപി നടപ്പാക്കി എന്നേ ഉള്ളു മായാവതി വരാതിരിക്കാന്‍ ക്രോസ്‌ വോട്ടു ചെയ്തു കാരാട്ട്‌ എന്ന മണ്ടനും ഈ ലേഖനം എഴുതിയ രാമചന്ദ്രന്‍ പിള്ളയും പോളിറ്റ്‌ ബ്യൂറോയില്‍ ഇരിക്കുന്ന മറ്റു കേരള പുംഗവന്‍മാരും മിക്കവാറും അടുത്ത പാര്‍ട്ടി കോണ്‍ ഗ്രസ്സില്‍ വെളിയിലാകും, വിവരമുള്ള ചാറ്ററ്‍ജി സ്പീക്കറ്‍ ആയി തുടരും അടുത്ത വാരം കോലാലമ്പൂരില്‍ പോകുന്നു അദ്ദേഹം , അപ്പോഴിനി വൈകിട്ടെന്താ പരിപാടി? മായാവതി എന്ന ആദ്യ ദളിത്‌ പീ എം ഇന്നലെ എന്തൊക്കെയോ പുലമ്പുന്നതു കണ്ടു കാരാട്ട്‌ എവിടെ പോയി? ഇനി ഇതുപോലെ ദിനവും ലേഖനം എഴുതാം, വരുന്നു ബാങ്കിംഗ്‌ റിഫോംസ്‌ , പെന്‍ഷന്‍ ഫണ്ട്‌ ബില്‍ ഇഷ്ടം പോലെ ബന്ദിനും ഹറ്‍ത്താലിനും കോപ്പുണ്ട്‌ , കാരവന്‍ വില്‍ ഗോ!!