"ചരിത്രം ആവര്‍ത്തിക്കുന്നു, ആദ്യം ദുരന്തമായും പിന്നീട് അപഹാസ്യമായും.'' കാള്‍ മാര്‍ക്സിന്റെ പ്രസിദ്ധമായ ഈ വാചകം ഉദ്ധരിച്ചുകൊണ്ടാണ് ജൂലൈ 22 ന്റെ വൈകുന്നേരം പഴയകാല സോഷ്യലിസ്റ്റ് നേതാവും രാംമനോഹര്‍ ലോഹ്യയുടെ സഹപ്രവര്‍ത്തകനുമായിരുന്ന ഉത്തര്‍പ്രദേശുകാരന്‍ ഹരിരാജ് സിങ് ത്യാഗി എന്നോട് ഫോണിലൂടെ സംസാരിച്ചത്. ലോക്‍സഭയുടെ ചരിത്രത്തിലെ ഏറ്റവും ഞെട്ടിപ്പിക്കുന്ന സംഭവവികാസമെന്ന് പലരും വിശേഷിപ്പിച്ച നോട്ടുകെട്ട് പ്രദര്‍ശനം കഴിഞ്ഞിട്ട് ഏതാനും നിമിഷങ്ങളേ ആയിരുന്നുള്ളൂ. ബഹളത്തിനിടയില്‍ സഭ നിര്‍ത്തിവെച്ചിരുന്നു. ആ ഇടവേളയിലായിരുന്നു എണ്‍പതുകാരനായ ഈ വന്ധ്യവയോധികനായ രാഷ്ട്രീയനിരീക്ഷകന്‍ എന്നെ വിളിച്ചത്. തീര്‍ച്ചയായും, അദ്ദേഹത്തിന്റെ മനസ്സില്‍ ഒന്നര ദശാബ്ദം മുമ്പുള്ള മറ്റൊരു ജൂലൈ ആയിരുന്നു. മന്‍മോഹന്‍സിങ്ങിനെ ധനമന്ത്രിയായി ഇരുത്തി അഞ്ചുവര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് പ്രധാനമന്ത്രി നരസിംഹറാവു ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയിലെയും ജനതാദളിലെയും എംപിമാരെ കാശുകൊടുത്തുവാങ്ങി ഭൂരിപക്ഷം തെളിയിച്ച 1993 ജൂലൈ തന്നെ. ഈ ദിവസത്തില്‍ മാര്‍ക്സിന്റെ ഉദ്ധരണി എങ്ങനെ പ്രസക്തമാകുന്നു എന്ന് രാഷ്ട്രീയ വിശ്ളേഷണത്തിന്റെ ആഴവും പരപ്പും സ്വന്തം വ്യക്തിത്വത്തില്‍ എന്നും നിറച്ചുവെച്ച ത്യാഗിജി ആ ലഘുസംഭാഷണത്തിനിടയിലും വിശദീകരിച്ചു. "അന്ന് ജാര്‍ഖണ്ഡില്‍നിന്നുള്ള ആദിവാസി എംപിമാര്‍ക്ക് ലക്ഷങ്ങളുടെ ചെക്കുകൊടുത്ത് സര്‍ക്കാരിന് അനുകൂലമാക്കി റാവു. ഡല്‍ഹിയിലെ രാഷ്ട്രീയത്തിന്റെ വിചിത്രമായ വഴികളൊന്നും ശരിക്കുമറിയാത്ത ആ പാവങ്ങള്‍ ചെക്ക് ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്ത് തങ്ങള്‍ക്കെതിരായുള്ള തെളിവ് സ്വയമുണ്ടാക്കി. അത് ദുരന്തമായിരുന്നു. പക്ഷേ, ഇന്ന് കോണ്‍ഗ്രസും അതിന്റെ 'ആദര്‍ശധീരനായ, പണ്ഡിതനായ' പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ടാര്‍ഗെറ്റ് ചെയ്തത് പാവം ആദിവാസികളെയോ ഡല്‍ഹിയുടെ ദുരൂഹവഴികള്‍ അറിയാത്തവരെയോ അല്ല. മുഖ്യപ്രതിപക്ഷ കക്ഷിയെത്തന്നെയാണ് ഈ സോദ്ദേശ്യപ്രധാനമന്ത്രി ലക്ഷ്യംവെച്ചത്. ആ ലക്ഷ്യം കുറിക്കുകൊണ്ടപ്പോള്‍ നമ്മുടെ രാഷ്ട്രീയത്തിലെ ഏറ്റവുംവലിയ അപഹാസ്യ കഥകളിലൊന്ന് ജന്മമെടുക്കുകയും ചെയ്തു.''
ത്യാഗിജിയെപോലെ പതിനെട്ടാം വയസ്സില്‍ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിക്കുകയും മഹാത്മാഗാന്ധിയുമായും രാംമനോഹര്‍ ലോഹ്യയുമായും എ കെ ഗോപാലനുമായുമൊക്കെ ഇടപഴകി ദേശത്തിന്റെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ഘടന ശക്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് ഈ ദിവസം നല്‍കിയ വേദന അക്ഷരാര്‍ഥത്തില്‍ പ്രതിഫലിക്കുന്നതായിരുന്നു ആ വയോധികന്റെ വാക്കുകള്‍. അദ്ദേഹത്തിനൊക്കെ ശീലമുള്ള നേരാംവഴി രാഷ്ട്രീയക്കണക്കുകള്‍ ഇന്നും പാലിക്കപ്പെട്ടിരുന്നുവെങ്കില്‍ മന്‍മോഹന്‍സിങ്ങിന്റെ സര്‍ക്കാര്‍ അധികാരത്തിലുണ്ടാകുമായിരുന്നില്ല. 543 അംഗങ്ങളുള്ള സഭയില്‍ 292 പേരുടെ പിന്തുണയുണ്ടായിരുന്ന ഐക്യപുരോഗമന സഖ്യ സര്‍ക്കാര്‍ 62 പേരുള്ള ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോഴേ ന്യൂനപക്ഷമായിക്കഴിഞ്ഞിരുന്നു. മുലായംസിങ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ് വാദി പാര്‍ടി 39 പേരുടെ പിന്തുണ അവകാശപ്പെട്ട് സര്‍ക്കാരിനെ രക്ഷിക്കാന്‍ എത്തിയെങ്കിലും അതും ഭൂരിപക്ഷ സംഖ്യയായ 272 ല്‍ എത്തുന്നില്ലായിരുന്നു. പോരാത്തതിന് സമാജ് വാദി പാര്‍ടി പിന്തുണ പ്രഖ്യാപിച്ച ദിവസംതന്നെ അതിലെ അഞ്ച് എംപിമാര്‍ തങ്ങള്‍ പാര്‍ടി തീരുമാനത്തിന് എതിരാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സര്‍ക്കാരും അതിന്റെ നേതാവായ കോണ്‍ഗ്രസും അജിത് സിങ് നയിക്കുന്ന രാഷ്ട്രീയ ലോക്‍ദള്‍, ദേവഗൌഡ നയിക്കുന്ന ജനതാദള്‍ സെക്കുലര്‍ എന്നിവയെയെല്ലാം തങ്ങളുടെ പക്ഷത്ത് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവരൊന്നും വഴങ്ങിയില്ല. നേരാംവഴിയുള്ള കണക്കുകള്‍ പാലിക്കപ്പെട്ടിരുന്നുവെങ്കില്‍ സര്‍ക്കാരിന് തീര്‍ച്ചയായും തോല്‍വി ഏറ്റുവാങ്ങേണ്ടിവരുമായിരുന്നു. പക്ഷേ, ത്യാഗിജി ആ ടെലിഫോണ്‍ സംഭാഷണത്തിനിടയില്‍ പറഞ്ഞതുപോലെ മന്‍മോഹന്‍സിങ്ങും അദ്ദേഹത്തിന്റെ ഐക്യപുരോഗമന സഖ്യ സര്‍ക്കാരും സമാജ് വാദി പാര്‍ടിയിലെ പുതിയ കൂട്ടാളികളുമെല്ലാം പുതിയ ഒരുതരം ഊര്‍ജത്താലാണ് പ്രവര്‍ത്തനക്ഷമരായിരുന്നത്. ആണവ കാശോര്‍ജം എന്നാണ് ത്യാഗിജി അതിനെ വിശേഷിപ്പിച്ചത്.
ആണവ കാശോര്‍ജത്തിന്റെ ബലത്തില്‍ ഒരു പൊളിറ്റിക്കല്‍ ന്യൂക്ളിയര്‍ ഫിഷന് വിധേയരായി സ്വന്തം പാര്‍ടിയില്‍നിന്ന് തെറിച്ചുപോവുകയും പിന്നീട് ഒരു പൊളിറ്റിക്കല്‍ ന്യൂക്ളിയര്‍ ഫ്യൂഷന്റെ ശക്തിയില്‍ ഭരണപക്ഷത്ത് ഒട്ടിച്ചേരുകയും ചെയ്ത ലോക് സഭാംഗങ്ങളുടെ എണ്ണം 16. എട്ടുപേര്‍ ബിജെപിയില്‍നിന്ന്, രണ്ടുപേര്‍ ജനതാദള്‍ യുനൈറ്റഡില്‍നിന്നും ഓരോന്നുവീതം അകാലിദള്‍, തെലുങ്കുദേശം, ജനതാദള്‍ സെക്കുലര്‍, ശിവസേന, ബിജു ജനതാദള്‍, തെലങ്കാന രാഷ്ട്രസമിതി എന്നീ പാര്‍ടികളില്‍നിന്നും. ആണവ കാശോര്‍ജത്തെ കുടുക്കിലാക്കി തളക്കാന്‍ ശ്രമിച്ച മൂന്ന് ബിജെപി എംപിമാരുടെ- അശോക് അര്‍ഗല്‍, ഫഗന്‍സിങ് കുലസ്തെ, മോഹന്‍ ബഗോഡ- പരാതികളുടെ അടിസ്ഥാനത്തില്‍ ലോക്‍സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആ അന്വേഷണം ഏതെല്ലാം വഴികളില്‍ സഞ്ചരിച്ച് എവിടെയെല്ലാം തട്ടിത്തടഞ്ഞ് എങ്ങോട്ടാണ് എത്തിച്ചേരുക എന്ന് ഒരു നിശ്ചയവുമില്ല. ചിലപ്പോള്‍ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു ഇടപാടുതന്നെയായി മാറാം ഈ അന്വേഷണം. അതിനിടയില്‍ എത്രയെത്ര ലോക്‍സഭകള്‍ വരുമെന്നും പോകുമെന്നും ആരുകണ്ടു.
പക്ഷേ, മന്‍മോഹന്‍സിങ്ങിന്റെ നോക്കിലും വാക്കിലും നടപ്പിലും ഒക്കെ പുതിയൊരു ശക്തി പ്രദാനം ചെയ്തുവെന്ന് പല മാധ്യമങ്ങളും നിരീക്ഷകരും വിലയിരുത്തിയ ഈ ആണവ കാശോര്‍ജത്തിന്റെ വിജയകഥയുടെ യഥാര്‍ഥത്തിലുള്ള രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണ്? ഒറ്റ നോട്ടത്തില്‍ രണ്ട് കാര്യങ്ങളില്‍ സംശയമില്ല. വിശ്വാസവോട്ടിന് നിദാനമായ ഇന്തോ-യുഎസ് ആണവക്കരാറുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് സാങ്കേതികമായ തടസ്സങ്ങളൊന്നുമില്ല. കാശുകൊടുത്തും മറ്റ് സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്തും എംപിമാരെ വാങ്ങിയാണോ ഭൂരിപക്ഷം ഉണ്ടാക്കിയത് എന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയോ കരാറില്‍ മന്‍മോഹന്‍സിങ്ങിന്റെ കൂട്ടുകക്ഷിയായ ബുഷ് ഭരണകൂടമോ ചോദിക്കാന്‍ പോകുന്നില്ല. അതുകൊണ്ട് കരാര്‍ മുന്നോട്ടുപോവുകതന്നെ ചെയ്യും. രണ്ടാമതായി, സര്‍ക്കാരിനെതിരെ ആറുമാസത്തേക്കെങ്കിലും അവിശ്വാസപ്രമേയത്തിന്റെ ഭീഷണിയില്ല. അങ്ങനെയാണ് പാര്‍ലമെന്റ് നിയമസംഹിതകള്‍ അനുശാസിക്കുന്നത്. ഇതുകൊണ്ടുമാത്രം കോണ്‍ഗ്രസും ഐക്യ പുരോഗമന സഖ്യവും അതിന്റെ പുതിയ കൂട്ടാളികളായ സമാജ്‌വാദി പാര്‍ടിയും രാഷ്ട്രീയമായി തങ്ങളുടെ നില കൂടുതല്‍ ഭദ്രമാക്കുമോ? വിശ്വാസവോട്ടിനിടയിലും അതിലേക്കുള്ള പ്രക്രിയയിലും വളര്‍ന്നുവന്ന രാഷ്ട്രീയ സമവാക്യങ്ങളെ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ഈ ചോദ്യത്തിന് അനുകൂലമായ മറുപടി ഇല്ലതന്നെ.
ഇടതുപക്ഷം പിന്തുണ പിന്‍വലിക്കുകയും സമാജ്‌വാദി പാര്‍ടി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വവും ഐക്യപുരോഗമന സഖ്യത്തിലെ ചില കക്ഷികളുടെ നേതാക്കളും ആവര്‍ത്തിച്ചുപറഞ്ഞിരുന്നത് രണ്ട് മതനിരപേക്ഷ കക്ഷികള്‍കൂടി തങ്ങളുടെ സ്വാഭാവിക സഖ്യശക്തികളാണ് എന്നാണ്. അജിത്സിങ് നയിക്കുന്ന രാഷ്ട്രീയ ലോക്‍ദളിനെയും ഗൌഡ നയിക്കുന്ന ജനതാദള്‍ സെക്കുലറിനെയുമാണ് അവര്‍ എടുത്തുപറഞ്ഞിരുന്നത്. ജനതാദള്‍ സെക്കുലറും കോണ്‍ഗ്രസുമായി ഒരു സഹപ്രവര്‍ത്തന ഉടമ്പടി കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പിനുശേഷം രൂപപ്പെട്ടുവരുന്നുണ്ട് എന്നുള്ളതും അവരുടെ പ്രതീക്ഷകളെ വര്‍ധിപ്പിച്ചു. എന്നാല്‍ വിശ്വാസവോട്ടിലേക്കുള്ള യാത്രക്കിടയില്‍ ഈ പാര്‍ടികള്‍ കോണ്‍ഗ്രസിനോ യുപിഎക്കോ ഒപ്പം സഞ്ചരിക്കാനല്ല തീരുമാനിച്ചത്. മറിച്ച്, ഇടതുപക്ഷ കക്ഷികളും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി നയിക്കുന്ന ബഹുജന്‍ സമാജ് പാര്‍ടിയും തെലുങ്കുദേശവും അടങ്ങുന്ന രാഷ്ട്രീയ കൂട്ടായ്‌മയുടെ ഭാഗമാകാനായിരുന്നു ലോക്‍ദളിന്റെയും ജനതാദള്‍ സെക്കുലറിന്റെയും തീരുമാനം. തീര്‍ത്തും രാഷ്ട്രീയമായ ഒരു വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഈ വിശ്വാസവോട്ട് പ്രക്രിയയിലെ ഏറ്റവും ശ്രദ്ധേയമായ നവ രാഷ്ട്രീയസമീകരണം ഇതുതന്നെയാണ്. യുപിഎക്ക് ലഭിച്ച പതിനാറ് പുതിയ ലോക്‍സഭാംഗങ്ങളില്‍ ഒരാള്‍പോലും ഒരു പുതിയ രാഷ്ട്രീയ പ്രവണതയെയോ നേട്ടത്തെയോ പ്രതിനിധാനം ചെയ്യുന്നില്ല. എല്ലാ എംപിമാരുടെയും നോട്ടം യുപിഎയും അതിന്റെ പുതിയ സഖ്യകക്ഷികളും അവരെ നിയന്ത്രിക്കുന്ന കോര്‍പറേറ്റ് യജമാനന്മാരും വലിച്ചെറിഞ്ഞ തിളങ്ങുന്ന പച്ചക്കടലാസുകളില്‍ തന്നെയായിരുന്നു. അങ്ങനെ രാഷ്ട്രീയമായ ഒരു പുതിയ നേട്ടവുമില്ലാതെയാണ് മന്‍മോഹന്‍സിങ്ങും കൂട്ടുകാരും അമേരിക്കന്‍ ആണവക്കരാറിനുവേണ്ടി സര്‍ക്കാരിന്റെ അതിജീവനം സാധ്യമാക്കിയിരിക്കുന്നത്.
വിശ്വാസവോട്ട് ചര്‍ച്ചയുടെ മറുപടി പ്രസംഗത്തില്‍ മന്‍മോഹന്‍സിങ് മുന്നോട്ടുവെച്ച ശ്രദ്ധേയമായ ഒരു വാദം കഴിഞ്ഞ നാലുവര്‍ഷമായി തന്നെ അടിമയെപ്പോലെയാണ് ഇടതുപക്ഷപാര്‍ടികള്‍ കൈകാര്യം ചെയ്തതെന്നും അതുകാരണം താന്‍ ഉദ്ദേശിച്ച പല പദ്ധതികളും നടപ്പാക്കാന്‍ പറ്റിയില്ലെന്നുമാണ്. ഇതിന്റെ രാഷ്ട്രീയ സന്ദേശം വളരെ വ്യക്തമാണ്. ഇടതുപക്ഷം സര്‍ക്കാരിന്റെ നിയോ ലിബറല്‍ സാമ്പത്തിക പദ്ധതികളെയും വിദേശനയ വ്യതിയാനത്തെയും ഒക്കെയാണ് പ്രധാനമായും എതിര്‍ക്കുകയും ഒരുപരിധിവരെ തടയുകയും ചെയ്തിരുന്നത്. കാശുവീശി നേടിയെടുത്ത പുതിയ വിശ്വാസവോട്ടിന്റെ ബലത്തില്‍ നിയോ ലിബറല്‍ പദ്ധതികളുമായി കൂടുതല്‍ ശക്തമായി മുന്നോട്ടുപോകും എന്നുതന്നെയാണ് ഇതിന്റെ സൂചന. പുതിയ കൂട്ടാളികളായ സമാജ്‌വാദി പാര്‍ടിക്കും ഈ നയപരിപാടികളുമായി അടിസ്ഥാനപരമായ പ്രശ്നമൊന്നുമില്ലെന്ന് അവരുടെ ഉത്തര്‍പ്രദേശിലെ കഴിഞ്ഞ ഭരണത്തിന്റെ റെക്കോഡ് തെളിയിക്കുന്നുണ്ട്.
ഇത് കോണ്‍ഗ്രസിന്റെയും ഐക്യ പുരോഗമന സഖ്യത്തിന്റെയും കഥ. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നൊന്നായി ജയിച്ചുകൊണ്ട് വരുംകാല ഭരണകക്ഷിയുടെ സ്ഥാനത്തേക്ക് അതിവേഗം കുതിച്ചുകൊണ്ടിരുന്നു എന്ന് വിശ്വസിച്ച ബിജെപിയുടെയും അത് നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെയും (എന്‍ഡിഎ) കഥയെന്താണ് ? വിശ്വാസവോട്ടില്‍ സംഭവിച്ച അതിഭീമമായ ചോര്‍ച്ച (കൂറുമാറിയ പതിനാറ് എംപിമാരില്‍ പതിമൂന്നും എന്‍ഡിഎയുടേതാണ്) ബിജെപി-എന്‍ഡിഎ നേതൃത്വത്തിന്റെ ആത്മവിശ്വാസത്തിന് വലിയ ഇളക്കം തട്ടിച്ചിട്ടുണ്ട്. നിര്‍ദ്ദിഷ്ഠ പ്രധാനമന്ത്രിയായി എന്‍ഡിഎ കുറേ മാസങ്ങളായി എടുത്തുകാട്ടിയിരുന്ന ലാല്‍കൃഷ്ണ അദ്വാനിയുടെ ജൂലൈ 22 വൈകുന്നേരത്തെ മുഖഭാവവും ശരീരഭാഷയും ഒന്നുമതി ഈ ഇളക്കംതട്ടലിന്റെ ശക്തി മനസ്സിലാക്കാന്‍. എങ്കിലും ആണവ കാശോര്‍ജ സംഘക്കാരില്‍നിന്ന് മേടിച്ചുകൊണ്ടുവന്ന നോട്ടുകള്‍വെച്ച് ലോക്സഭയില്‍ കാഴ്ചവെച്ച ബഹളപ്രദര്‍ശനം ഒരു പുതിയ രാഷ്ട്രീയ പ്രചാരണത്തിന്റെ തുടക്കമാക്കാം എന്ന് ബിജെപി-എന്‍ഡിഎ നേതൃത്വം സങ്കല്‍പ്പിക്കുന്നുണ്ട്. വിശ്വാസവോട്ടിനുശേഷം എന്നോട് സംസാരിച്ച ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ അഭിപ്രായപ്പെട്ടത് എണ്‍പതുകളില്‍ ബൊഫോഴ്സ് വിവാദത്തിലൂടെ വിശ്വനാഥ് പ്രതാപ്‌സിങ് സൃഷ്ടിച്ച അതേ രാഷ്ട്രീയനേട്ടം ബിജെപിക്ക് ആവര്‍ത്തിക്കാന്‍ ഈ ആണവ കാശോര്‍ജ പദ്ധതിക്കാരുടെ തുറന്നുകാട്ടല്‍ സഹായിക്കുമെന്നാണ്. അമര്‍നാഥ് യാത്രയെച്ചൊല്ലിയുള്ള വിവാദവും സേതുസമുദ്രം പദ്ധതിക്കെതിരായ പ്രക്ഷോഭവും ഒന്നും സൃഷ്ടിക്കാത്ത ഒരു ശക്തമായ പ്രതികരണം പാര്‍ടി അണികളില്‍ ഈ പ്രശ്നം സൃഷ്ടിച്ചിട്ടുണ്ടെന്നും പല ബിജെപി നേതാക്കളും അവകാശപ്പെടുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചിതറിപ്പോയ പാര്‍ടിയുടെ ഗ്രാമീണ, മധ്യവര്‍ഗ വോട്ടുബാങ്കിനെ തിരിച്ചുകൊണ്ടുവരാന്‍ പര്യാപ്തമാണ് ഈ പുതിയ പ്രശ്നമെന്ന് പാര്‍ടി നേതൃത്വം വിലയിരുത്തുന്നു. അത്തരം വിലയിരുത്തലുകള്‍ എത്രമാത്രം ശരിവെക്കപ്പെടുമെന്ന് കണ്ടുതന്നെ അറിയണം.
നാലുവര്‍ഷമായി യുപിഎ ഭരണത്തെ പിന്തുണക്കുകയും ആണവക്കരാറിനെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ യുപിഎക്കുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്ത ഇടതുപക്ഷം പുതിയ ചില രാഷ്ട്രീയ സമീകരണങ്ങള്‍ സൃഷ്ടിച്ച് മുന്നേറാന്‍ ശ്രമിക്കുകയാണ്. ഇടതുപക്ഷം പിന്തുണ പിന്‍വലച്ചതിന് തൊട്ടുപിറകെയുള്ള രാഷ്ട്രീയ സാഹചര്യം ദേശീയതലത്തില്‍ ഇടതുപക്ഷം പൂര്‍ണമായും ഒറ്റപ്പെടുന്ന ഒന്നാണ് എന്ന് വിലയിരുത്തിയ പണ്ഡിതന്മാര്‍ ഏറെയുണ്ടായിരുന്നു. ആകെക്കൂടെ സമാജ്‌വാദി പാര്‍ടിയാണ് ഇടതുപക്ഷത്തിന്റെ കൂടെ സ്ഥിരമായി നിന്നിരുന്നത്. അവരും പോയതോടെ ഇടതുപക്ഷം ആകെ ഒറ്റപ്പെടുകയാണ് എന്നിങ്ങനെപോയി വായ്ത്താരി. പക്ഷേ, അത്തരം പ്രവചനങ്ങളെയെല്ലാം പൂര്‍ണമായും തകിടം മറിച്ചുകൊണ്ടാണ് ബഹുജന്‍ സമാജ് പാര്‍ടിയും രാഷ്ട്രീയ ലോക്‍ദളും ജനതാദള്‍ സെക്കുലറും തെലുങ്കുദേശവും ഒക്കെയടങ്ങുന്ന ഒരു പുതിയ രാഷ്ട്രീയ സമീകരണം ഇടതുപക്ഷ നേതൃത്വം വളരെ പെട്ടെന്നുതന്നെ രൂപപ്പെടുത്തിയെടുത്തത്. വിശ്വാസവോട്ടിന് ശേഷവും ഈ കൂട്ടുകെട്ട് നിലനില്‍ക്കുന്ന ദൃശ്യം തീര്‍ച്ചയായും രാജ്യത്തെ രണ്ട് മുഖ്യധാരാ ശക്തികള്‍ എന്ന് വിശ്വസിക്കുന്ന കോണ്‍ഗ്രസിനും ബിജെപിക്കും അങ്കലാപ്പ് ഉണ്ടാക്കിയിട്ടുണ്ട്. വിശ്വാസപ്രമേയത്തിന് ആധാരമായ ആണവക്കരാറിനെയും അതുപോലെ സര്‍ക്കാരിന്റെ മറ്റ് നിയോലിബറല്‍ നയപരിപാടികളെയും എതിര്‍ക്കുന്ന പ്രചാരണ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നാണ് ഈ പുതിയ കൂട്ടുകെട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ബഹുജന്‍ സമാജ് പാര്‍ടിയുമായി വളര്‍ന്നുവരുന്ന ധാരണ ഇടതുപക്ഷത്തിന് ഉണ്ടായിരുന്ന മുന്‍സഖ്യങ്ങളേക്കാള്‍ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും കെട്ടുറപ്പുള്ളതായി മാറാന്‍ സാധ്യതയുണ്ട്. ഇതിനുള്ള പ്രധാന കാരണം ബഹുജന്‍ സമാജ് പാര്‍ടിയുടെ മുഖ്യ പിന്തുണാസ്രോതസ്സ് സമൂഹത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ദളിത് വിഭാഗങ്ങളാണ് എന്നതാണ്. ദേശീയ രാഷ്ട്രീയത്തിലെ നിര്‍ണായകമായ ഒട്ടേറെ വിഷയങ്ങളില്‍, പ്രത്യേകിച്ചും സാമൂഹ്യനീതി, വിദേശനയം, സാമ്പത്തിക നയം എന്നിവയില്‍ ഇടതുപക്ഷത്തിന്റെയും ബഹുജന്‍ സമാജ് പാര്‍ടിയുടെയും നിലപാടുകള്‍ ഏതാണ്ട് ഒരുപോലെയാണ്. പക്ഷേ, ദൈനംദിന രാഷ്ട്രീയ കരുനീക്കങ്ങളില്‍ പ്രത്യയശാസ്ത്രത്തിനും രാഷ്ട്രീയ സമീപനത്തിനും അപ്പുറം ഇടക്കാലനേട്ടങ്ങള്‍ ലക്ഷ്യമാക്കുന്ന ഒരു രാഷ്ട്രീയശക്തിയാണ് എന്ന പ്രശ്നവും ബഹുജന്‍ സമാജ് പാര്‍ടിക്കുണ്ട്. പാര്‍ടി നേതാവ് മായാവതിക്കെതിരായ അഴിമതി ആരോപണങ്ങളും ഈ പുതിയ കൂട്ടുകെട്ടിന്റെ മുന്നോട്ടുള്ള പോക്കിനെ പ്രതികൂലമായി ബാധിച്ചേക്കാം. ഇത്തരം പ്രശ്നങ്ങളെയെല്ലാം യുക്തിപരമായി അതിജീവിക്കുകയും സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നിരന്തരമായി ചൂണ്ടിക്കാട്ടുന്നതുപോലെ ആശയാധിഷ്ഠിതവും പ്രശ്നാധിഷ്ഠിതവുമായ ബഹുജന രാഷ്ട്രീയ മുന്നേറ്റം കെട്ടിപ്പടുക്കാന്‍ ഈ പുതിയ കൂട്ടുകെട്ടിന് കഴിയുകയും ചെയ്താല്‍ ദേശീയരാഷ്ട്രീയത്തില്‍ നിര്‍ണായകമായ സ്വാധീനം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞേക്കും.
രാഷ്ട്രീയ ബലാബലത്തിന്റെ മൊത്തക്കണക്ക് പരിശോധിക്കുമ്പോള്‍ വിശ്വാസവോട്ടിന്റെ പശ്ചാത്തലത്തിലുള്ള കരുനീക്കങ്ങള്‍കൊണ്ട് സംശയാതീതമായ നേട്ടമുണ്ടാക്കിയത് ഉത്തര്‍പ്രദേശില്‍ പരസ്പരം പോരടിക്കുന്ന ബഹുജന്‍ സമാജ് പാര്‍ടിയും സമാജ്‌വാദി പാര്‍ടിയും ആണെന്നുള്ള വിരോധാഭാസവും സമകാലിക സാഹചര്യത്തില്‍ പ്രതിഫലിക്കുന്നുണ്ട്. കളംമാറി ചവിട്ടിയതിലൂടെ സമാജ്‌വാദി പാര്‍ടി ഒരിക്കല്‍കൂടി ഭരണപക്ഷത്തെത്തിയിരിക്കുന്നു. കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം രാഷ്ട്രീയമായും വ്യക്തിപരമായും നിരന്തരമായ തിരിച്ചടികള്‍ ഏറ്റുവാങ്ങിക്കൊണ്ടിരുന്ന സമാജ്‌വാദി പാര്‍ടി നേതൃത്വത്തിന്, പ്രത്യേകിച്ചും പാര്‍ടിയുടെ മുഖ്യനായകരായ മുലായംസിങ് യാദവിനും അമര്‍സിങ്ങിനും ഇപ്പോഴത്തെ കൂറുമാറ്റം സമാശ്വാസത്തിന്റെ നാളുകളാണ് പ്രദാനം ചെയ്തിരിക്കുന്നത്. മുലായംസിങ്ങിനെതിരായ അമിത വരുമാന കേസ് മുതല്‍ അമര്‍സിങ്ങിനെതിരായ സാമ്പത്തിക ക്രയവിക്രയ കേസുകള്‍വരെ അന്വേഷിക്കുന്ന സിബിഐ ഇനി അത്രവേഗത്തിലും തീക്ഷ്‌ണതയിലും മുന്നോട്ടുനീങ്ങില്ല എന്നാണ് സൂചന. എന്തൊക്കെയായാലും മന്‍മോഹന്‍സിങ്ങിന്റെ ഭരണത്തെ താങ്ങിനിര്‍ത്താന്‍ ഏറെ സഹായിച്ച പാര്‍ടിയല്ലേ! രാഷ്ട്രീയമായി ഉത്തര്‍പ്രദേശില്‍ തങ്ങള്‍ക്ക് അന്യംനിന്നിരുന്ന ഉന്നതജാതിക്കാരില്‍ ഒരു വിഭാഗത്തെ ആകര്‍ഷിക്കാന്‍ പഴയ ബ്രാഹ്മണകക്ഷിയായ കോണ്‍ഗ്രസുമായുള്ള കൂടിച്ചേരല്‍ സഹായിക്കുമെന്നും പാര്‍ടി നേതൃത്വവും അണികളും വിശ്വസിക്കുന്നു. ഇതോടെല്ലാമൊപ്പം കോര്‍പറേറ്റ് രംഗത്തെ തങ്ങളുടെ കൂട്ടാളികളായ അനില്‍ അംബാനിയെയും മറ്റും സഹായിക്കാന്‍ പറ്റുമെന്ന പ്രതീക്ഷയുമുണ്ട്.
ബഹുജന്‍ സമാജ് പാര്‍ടിക്കാകട്ടെ, ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ ഒരു അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞു എന്നതും ആ അരങ്ങേറ്റത്തിനിടയില്‍തന്നെ പാര്‍ടി നേതാവ് മായാവതി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടപ്പെട്ടു എന്നതും വലിയ നേട്ടമാണ്. വിശ്വാസവോട്ടില്‍ എന്‍ഡിഎയില്‍നിന്നുണ്ടായ ചോര്‍ച്ചപോലും തന്റെ വരുംകാല നീക്കങ്ങള്‍ക്കുള്ള രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നതില്‍ മായാവതി വിജയിച്ചിരിക്കുന്നു. ഒരു ദളിത് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുടെ ഉയര്‍ച്ച കണ്ട് ഭയന്ന് കോണ്‍ഗ്രസും ബിജെപിയും വിശ്വാസവോട്ടില്‍ ഒത്തുകളിച്ചു എന്നാരോപിച്ചാണ് മായാവതി തന്റെ രാഷ്ട്രീയ കരുനീക്കം നടത്തിയിരിക്കുന്നത്. സ്വന്തം രാഷ്ട്രീയ സ്വപ്നം പുതിയ രീതിയില്‍ വികസിപ്പിക്കാന്‍ മായാവതി കുറച്ചുകാലമായി ശ്രമിക്കുന്നുണ്ട്. ദളിത്-ബ്രാഹ്മണ സാഹോദര്യം എന്ന മുദ്രാവാക്യത്തിലൂടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയപ്രദമായി അനാവരണം ചെയ്യപ്പെട്ട ഈ നവീകരണ ശ്രമങ്ങള്‍ ഇപ്പോള്‍ ഇടതുപക്ഷവുമായുള്ള കൂട്ടായ്‌മയിലൂടെ പുതിയൊരു തലത്തിലേക്ക് ഉയരുകയാണ്. ഒരര്‍ഥത്തില്‍ മായാവതിക്ക് ഇടതുപക്ഷത്തേക്ക് അടുക്കാനുള്ള രാഷ്ട്രീയ സാഹചര്യം ഒരുക്കിക്കൊടുത്ത് മന്‍മോഹന്‍സിങ് തന്നെ ഈ നവീകരണ പ്രക്രിയയെ സഹായിച്ചു എന്നുവേണം പറയാന്‍. ആണവക്കരാറിനെതിരായുള്ള സമീപനം അവരുടെ മുസ്ലിം ന്യൂനപക്ഷ പിന്തുണാസ്രോതസ്സിനെയും ശക്തിപ്പെടുത്തുമെന്നതില്‍ സംശയമില്ല.
വിവിധ പാര്‍ടികളെയും അവ പ്രതിനിധാനം ചെയ്യുന്ന സാമൂഹിക-രാഷ്ട്രീയ-പ്രത്യയശാസ്ത്ര പ്രവണതകളെയും ഒരു വലിയ പരിധിവരെ സങ്കീര്‍ണവും സമ്മിശ്രവുമായ ഒരു കാലാവസ്ഥയിലൂടെയാണ് വിശ്വാസവോട്ടും അതിന്റെ പശ്ചാത്തലത്തിലുള്ള നീക്കങ്ങളും നയിച്ചിരിക്കുന്നത്. ഈ സങ്കീര്‍ണ-സമ്മിശ്ര രാഷ്ട്രീയ പ്രക്രിയക്കിടയില്‍ മുഴച്ചുനില്‍ക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, ഭരണത്തിന്റെ അതിജീവനം സാധ്യമാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ക്രയവിക്രയങ്ങള്‍ രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ള പാര്‍ടിയിലും അതിന്റെ കൂട്ടാളികളിലും അടിച്ചേല്‍പ്പിച്ചിരിക്കുന്ന അപമാനഭാരം. രണ്ട്, അപമാനകരമായ ഈ അതിജീവനം സാധ്യമാക്കിയിട്ടും കോണ്‍ഗ്രസിനും യുപിഎക്കും അന്യം നില്‍ക്കുന്ന യഥാര്‍ഥ രാഷ്ട്രീയ നേട്ടങ്ങള്‍. വിശ്വാസവോട്ട് ചര്‍ച്ചയില്‍ സമാപന പ്രസംഗം നടത്തിക്കൊണ്ട് മന്‍മോഹന്‍സിങ് അദ്വാനിക്ക് നല്‍കിയ ഒരു ഉപദേശം "വയസ്സുകാലത്ത് രാഷ്ട്രീയ മല്‍സരങ്ങളുടെ ഫലം കൃത്യമായി മനസ്സിലാക്കാന്‍ മെച്ചപ്പെട്ട ജ്യോതിഷികളെയെങ്കിലും ബിജെപി നേതാവ് കൂടെ നിര്‍ത്തണം'' എന്നായിരുന്നു. തനിക്ക് രാഷ്ട്രീയ മല്‍സരങ്ങളുടെ ഫലം കൃത്യമായി അറിയാം എന്ന ധ്വനി ആ പ്രഖ്യാപനത്തിലുണ്ട്. പക്ഷേ, കോണ്‍ഗ്രസും യുപിഎയും ഇപ്പോള്‍ കടന്നുപോകുന്ന രാഷ്ട്രീയനേട്ട രഹിത കാലാവസ്ഥയില്‍ അത്തരമൊരു ഉറപ്പ് അസ്ഥാനത്തായിരിക്കും. പ്രത്യേകിച്ചും കോണ്‍ഗ്രസിന് അനുഭാവമുള്ള കോര്‍പറേറ്റ് പ്രമാണിയായ മുകേഷ് അംബാനിയും സമാജ്വാദി പാര്‍ടിക്ക് അനുഭാവമുള്ള കോര്‍പറേറ്റ് പ്രമാണിയായ അനില്‍ അംബാനിയും ഭരണത്തിന്റെ വഴികളിലും ഊടുവഴികളിലും കഠിനമായ മല്‍സരങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍.
***
വെങ്കിടേശ് രാമകൃഷ്ണന്‍
Subscribe to:
Post Comments (Atom)
6 comments:
ശ്രീ വെങ്കിടേശ് രാമകൃഷ്ണന്റെ ലേഖനം
പാര്‍ലമെണ്റ്റില്‍ ഹാജരാക്കിയ കറന്‍സി നോട്ടുകള്‍ ഒരു കോണ്ട്രാക്ടര്‍ സ്റ്റേറ്റ് ബ്ബാങ്ക് ഓഫ് ഇന്‍ഡോര്‍ ഭോപാല്‍ ബ്രാഞ്ചില്‍ നിന്നും പിന്‍ വലിച്ചതാണെന്നും ആ കോണ്ട്രാക്ടര്‍ ശിവരാജ് ചൌഹാണ്റ്റെ മിത്രം ആണെന്നും ഇത് ഭോപാലില്‍ നിന്നും നേരത്തെ ഫ്ളൈറ്റില്‍ കൊണ്ടൂ പോയതാണെന്നും അതു ബീ ജെ പീ നെരത്തെ തയ്യാറാക്കിയ ഒരു പ്ളാന്‍ ആണെന്നും പത്ര പ്രവര്‍ത്തകനായ വെങ്കിടേഷ് രാമക്രിഷ്ണന്‍ ഡെല്‍ഹിയിലെ ഇടനാഴികളില്‍ നിന്നും അറിഞ്ഞില്ല എന്നത് വളരെ അത്ഭുതം ആയി തോന്നുന്നു ഇതു വൈകാതെ സീ ബീ ഐ അന്വേഷണത്തില്‍ തെളിയിക്കപ്പെടൂം ബംഗാരു ലക്ഷ്മണന്‍ അട്ടിയായി വാങ്ങിവെക്കുന്നത് തെഹല്‍ക്കയില്‍ കണ്ടതാണല്ലോ , ബീ ജേപ്പിക്കു ഇതു പുതുമയല്ല , പക്ഷെ ലിസ് ചാക്കോയില്‍ നിന്നും ലോട്ടറി മാറ്‍ട്ടിനില്‍ നിന്നും കോടികള്‍ വാങ്ങി എന്നു ഉള്‍പ്പറ്‍ട്ടിയില്‍ സമ്മതിച്ച കമ്യൂണിസ്റ്റുകാറ്‍ ക്കു ഇതിനെ വിമറ്‍ശീക്കാന്‍ എന്തു അവകാശം ?
കോഴക്കേസ് തെളിഞ്ഞില്ലെന്നു് വരാം.
എന്നാല്‍ കാശു് മറിഞ്ഞിട്ടുണ്ടോ എന്നറിയാന്‍ ജീവനക്കാരുടെ പ്രോവിഡന്‍ഡ് ഫണ്ടിലെ അതിഭീമമായ തുകകൊണ്ടു് കളിക്കാന്‍ റിലയന്‍സിനു് കൂടി എങ്ങനെ പെട്ടെന്നു് അവസരം കിട്ടി എന്ന കാര്യം ആലോചിച്ചാല്‍ മതി.
"പാര്‍ലമെണ്റ്റില്‍ ഹാജരാക്കിയ കറന്‍സി നോട്ടുകള്‍ ഒരു കോണ്ട്രാക്ടര്‍ സ്റ്റേറ്റ് ബ്ബാങ്ക് ഓഫ് ഇന്‍ഡോര്‍ ഭോപാല്‍ ബ്രാഞ്ചില്‍ നിന്നും പിന്‍ വലിച്ചതാണെന്നും ആ കോണ്ട്രാക്ടര്‍ ശിവരാജ് ചൌഹാണ്റ്റെ മിത്രം ആണെന്നും ഇത് ഭോപാലില്‍ നിന്നും നേരത്തെ ഫ്ളൈറ്റില്‍ കൊണ്ടൂ പോയതാണെന്നും അതു ബീ ജെ പീ നെരത്തെ തയ്യാറാക്കിയ ഒരു പ്ളാന്‍ ആണെന്നും ..."
What an explanation
Its true, Goebbels never die
രാമക്രിഷ്ണന്‍ Corridor Correspondent ആയിരിക്കൂല ആരുഷീ.
വെങ്കടേഷ് രാമക്രിഷ്ണന്‍ ആരാണെന്നും എന്താണെന്നും ഒക്കെ കൂടെ ഇരുന്നു വെള്ളം അടിച്ചിട്ടുള്ള ആരുഷിക്കറിയാം , സഖാക്കളെ ഈ മായാവതിയെ പ്രൊജക്ട് ചെയ്യാതിരുന്നെങ്കില്‍ ബീ ജേ പീ നിങ്ങളോടൊപ്പം വ്വോട്ടു ചെയ്യുമായിരുന്നു ഗവണ്‍ മെണ്റ്റു വീഴുകയും ഒരു പക്ഷെ ചെയ്തേനേ, പക്ഷെ അവിടെ ചുവടു പിഴച്ചു ഇനി ഇലക് ഷന്‍ വരെ ഇങ്ങിനെ പാഴാംകം പറഞ്ഞു കരയുക, മായാവതിയെ ഇപ്പോള്‍ കാരാട്ടു തള്ളിപ്പറഞ്ഞു തുടങ്ങി, ദളിത് കാര്‍ഡ് അത്ര ഗുണം അല്ല എന്നു മനസ്സിലായി , പീ ബീ കേരളത്തോടു പറഞ്ഞിരിക്കുന്നു വിഭാഗീയത് നിര്‍ത്തി ഇലക് ഷനു തയ്യാറെടുക്കുക എന്നു എന്നു വച്ചാല്‍ കള്ളവോട്ടിടുക എന്‍ ജീ ഓ യൂണിയന്‍ കാരെ മാത്രം ഡ്യൂട്ടിക്കിടുക സംശയമുള്ളവരെ ഒക്കെ പട്ടികയില്‍ നിന്നും കേ എസ് റ്റീ എ യുടെ സഹായ്ത്തോടെ വോട്ടര്‍ പട്ടിക പുതുക്കുമ്പോള്‍ ഒഴിവാക്കുക, വെളിച്ചെണ്ണ പുരട്ടിയാല്‍ മായുന്ന ഇങ്കു കണ്ടു പിടിക്കുക എറ്റ്സെറ്റെറ പക്ഷെ കേരള ജനത നിങ്ങളെ ഒരു പാഠം പഠിപ്പിക്കാന്‍ കാത്തിരിക്കുന്നു , വടകര പോലും ജയിക്കുന്ന കാര്യം വിഷമസ്ഥിതി
Post a Comment