Tuesday, July 15, 2008

വിനാശകരമായ വിധേയത്വം

ആറുവര്‍ഷക്കാലത്തെ എന്‍ഡിഎ ഭരണം 2004 ല്‍ അവസാനിച്ചപ്പോള്‍ ആശ്വാസത്തോടെയാണ് ഇന്ത്യയിലെ ജനങ്ങള്‍ അതിനെ കണ്ടത്. 'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യം ഉയര്‍ത്തി 'കഷ്ടപ്പെടുന്ന ഇന്ത്യയെ' മറന്നുകൊണ്ടുള്ള ബിജെപിയുടെ ഭരണം അത്രമേല്‍ ഭാരമാണ് ജനങ്ങള്‍ക്കുമേല്‍ കെട്ടിയേല്‍പ്പിച്ചിരുന്നത്. അഴിമതിയുടെ കൂത്തരങ്ങായിരുന്നു എന്‍ഡിഎ ഭരണം. ബംഗാരു ലക്ഷ്മണനും ജയ ജെയ്റ്റിലിയും മറ്റും ഉള്‍പ്പെട്ട തെഹല്‍ക്ക കുംഭകോണം, ശവപ്പെട്ടി കുംഭകോണം, പെട്രോള്‍ പമ്പ് നല്‍കുന്നതില്‍ ബിജെപി നേതൃത്വം നടത്തിയ കോടികളുടെ അഴിമതി, യുടിഐ കുംഭകോണം തുടങ്ങി ആ പട്ടിക നീളുകയാണ്.

ഇന്ത്യയുടെ വിദേശനയം കൂടുതല്‍ കൂടുതല്‍ അമേരിക്കന്‍ പക്ഷത്തേക്ക് ചാഞ്ഞതും ഈ ഘട്ടത്തില്‍ തന്നെയാണ്. എല്‍ കെ അദ്വാനി അമേരിക്കയിലെ സിഐഎ ആസ്ഥാനവും ഇസ്രയേലും സന്ദര്‍ശിച്ചതും അഫ്‌ഗാനിസ്ഥാനെതിരെ അമേരിക്ക നടത്തിയ ആക്രമണ വേളയില്‍ അവരുടെ യുദ്ധവിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ അനുവദിച്ചതും വിദേശനയത്തിലെ അമേരിക്കന്‍ ചായ്‌വിനുള്ള ഉദാഹരണങ്ങളാണ്. കാര്‍ഷിക രംഗത്തെ അരക്ഷിതാവസ്ഥ വന്‍തോതിലുള്ള കര്‍ഷക ആത്മഹത്യയിലേക്ക് നീങ്ങിയതും ഈ ഘട്ടത്തില്‍ തന്നെയാണ്. വര്‍ഗീയതയുടെ അതിപ്രസരം ഇന്ത്യന്‍ രാഷ്ട്രീയ ചക്രവാളത്തെ മലീമസമാക്കിയതും ഈ കാലത്തുതന്നെ. ഗുജറാത്തിലെ വംശഹത്യയും ഒറീസ, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്ന തുടര്‍ച്ചയായ ആക്രമണങ്ങളും വര്‍ഗീയ ലഹളകളും ജനജീവിതം ദുസ്സഹമാക്കി. എല്ലാവരും ഒരു ഭരണമാറ്റം ആഗ്രഹിച്ചു. അതുണ്ടാവുകയും ചെയ്തു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയരാന്‍ പോലും ബിജെപിക്കു കഴിഞ്ഞില്ല. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നെങ്കിലും അവര്‍ക്കും സഖ്യകക്ഷികള്‍ക്കും ഭരിക്കാനാവശ്യമായ സീറ്റ് ലഭിച്ചില്ല. ഈ ഘട്ടത്തിലാണ് വര്‍ഗീയ ശക്തിയായ ബിജെപി അധികാരത്തില്‍ വരുന്നത് തടയാന്‍ ഇടതുപക്ഷം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎയ്ക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇടതുപക്ഷത്തിന് ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ച തെരഞ്ഞെടുപ്പു കൂടിയായിരുന്നു അത്. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനെ മാറ്റി മതേതര സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുക എന്ന കേന്ദ്ര മുദ്രാവാക്യമുയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ഇടതുപക്ഷത്തിന് അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാനേ കഴിയുമായിരുന്നുള്ളൂ.

എന്നാല്‍ സര്‍ക്കാരിന് ഒരു പൊതുമിനിമം പരിപാടിയുണ്ടാകണമെന്നും അതു നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഒരു സംവിധാനമുണ്ടാകണമെന്നും ഇടതുപക്ഷം ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുപിഎ പൊതുമിനിമം പരിപാടി തയാറാക്കിയതും ഇടതുപക്ഷം ആവശ്യപ്പെട്ട ചില്ലറ ഭേദഗതികളോടെ അതംഗീകരിക്കപ്പെട്ടതും. അത് നടപ്പിലാക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ യുപിഎ-ഇടത് ഏകോപന സമിതിക്കും രൂപം നല്‍കി.

എന്നാല്‍ തുടക്കത്തിലേ കല്ലുകടി ആരംഭിച്ചു. ലോകബാങ്കിലെ മുന്‍ ഉദ്യോഗസ്ഥരായ മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയും മൊണ്ടേക്ക് സിങ് അലുവാലിയ ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷനുമായതിനാല്‍ സാമ്പത്തിക-വിദേശ നയങ്ങളില്‍ ആരംഭത്തിലേ അമേരിക്കന്‍ ചായ്‌വ് പ്രകടമായിരുന്നു. ആസൂത്രണ കമീഷന്‍ ഉപദേശകസമിതിയില്‍ ലോകബാങ്കിന്റെയും മെക്കന്‍സി കോര്‍പറേഷന്റെയും പ്രതിനിധികളെയും ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു തുടക്കം. ഇടതുപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നപ്പോള്‍ മൊണ്ടേക്ക് സിങ് അലുവാലിയ ഉപദേശക സമിതി തന്നെ പിരിച്ചുവിട്ടാണ് ഇടതുപക്ഷത്തോടുള്ള വിരോധം തീര്‍ത്തത്. അതുപോലെ തന്നെ അമേരിക്കന്‍ സഹകരണത്തിന്റെ ഭാഗമായി രൂപംകൊണ്ട വിജ്ഞാന സമാരംഭ സമിതിയില്‍ അമേരിക്കന്‍ കമ്പനികളായ മൊണ്‍സാന്റോയെയും വാള്‍മാര്‍ടിനെയും മറ്റും ഉള്‍പ്പെടുത്തിയതും ഇടതുപക്ഷം വിമര്‍ശിക്കുകയുണ്ടായി.

അധികാരമേറി ഏതാനും മാസങ്ങള്‍ക്കു ശേഷം തന്നെ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് എന്ന പൊതുമേഖലാസ്ഥാപനത്തിന്റെ 10 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. അപ്പോഴായിരുന്നു ആദ്യത്തെ പ്രധാന സംഘര്‍ഷം ഉടലെടുത്തത്. ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കില്ലെന്ന വാഗ്ദാനം ലംഘിച്ചാണ് നവരത്ന കമ്പനികളിലൊന്നായ ബിഎച്ച്ഇഎല്‍ ഓഹരികള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. ഇതോടെ യുപിഎ-ഇടതുപക്ഷ ഏകോപന സമിതി ഇടതുപക്ഷം ബഹിഷ്ക്കരിച്ചു. നവരത്ന കമ്പനികളുടെ ഓഹരികള്‍ വില്‍ക്കില്ലെന്ന ഉറപ്പ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയതിനു ശേഷം മാത്രമാണ് പിന്നീട് ഈ സമിതിയിലേക്ക് ഇടതുപക്ഷം തിരിച്ചു വന്നത്. എന്നാല്‍ പിന്നീടങ്ങോട്ട് സമിതി വിളിച്ചു ചേര്‍ക്കാന്‍ യുപിഎ സര്‍ക്കാര്‍ താല്‍പര്യം കാട്ടിയില്ല.

തുടര്‍ന്നങ്ങോട്ട് ഇണങ്ങിയും പിണങ്ങിയുമുള്ള ബന്ധമായിരുന്നു ഇരുകൂട്ടരും തമ്മിലുണ്ടായിരുന്നത്. നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ സ്വകാര്യവത്ക്കരണ ശ്രമത്തിലും പെട്രോളിയം വിലവര്‍ധനയുടെ കാര്യത്തിലും മറ്റും സര്‍ക്കാരും ഇടതുപക്ഷവും തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം തന്നെ ഉണ്ടായി. ഇടതുപക്ഷത്തിന്റെയും ഡിഎംകെ യുടെയും സംയുക്ത സമ്മര്‍ദത്തിന്റെ ഫലമായി ലിഗ്നൈറ്റ് കോര്‍പറേഷന്റെ സ്വകാര്യവത്കരണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി.

എന്നാല്‍ യഥാര്‍ഥ സംഘര്‍ഷം വിദേശനയത്തിന്റെ പേരിലായിരുന്നു. എന്‍ഡിഎ സര്‍ക്കാരിന്റെ അമേരിക്കന്‍ വിധേയത്വം യുപിഎ സര്‍ക്കാരും തുടര്‍ന്നു. ബുഷ് സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന പ്രധാനമന്ത്രിയായി മന്‍മോഹന്‍സിങ് അധഃപതിച്ചു. അമേരിക്കയുമായുള്ള നയതന്ത്ര ബന്ധത്തിനായുള്ള സുപ്രധാന കാല്‍വെപ്പ് 2005 ജൂണ്‍ 28 ന് അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജിയും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റൊണാള്‍ഡ് റംസ്‌ഫീല്‍ഡും തമ്മില്‍ ഒപ്പുവെച്ച പ്രതിരോധ ചട്ടക്കൂട് കരാറായിരുന്നു. അമേരിക്കയോടൊപ്പം അധിനിവേശങ്ങളില്‍ യുഎന്നിന്റെ നിര്‍ദേശമില്ലാതെ തന്നെ ഇന്ത്യയും പങ്കെടുക്കുമെന്ന് പ്രഖ്യാപിക്കുന്ന ഈ കരാറിനെതിരെ ആദ്യമായി രംഗത്ത് വന്നത് ഇടതുപക്ഷമായിരുന്നു. അമേരിക്കയുടെ മിസൈല്‍ രക്ഷാകവചത്തിലും ഭാഗഭാക്കായ ഇന്ത്യ സംയുക്ത ആയുധ നിര്‍മാണത്തിനും തയാറാണെന്നു പറഞ്ഞു.

ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് 2005 ജൂലൈ 18ന് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും വാഷിങ്ടണില്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്നത്. ആണവക്കരാറിനെക്കുറിച്ച് ആദ്യമായി പരാമര്‍ശിക്കുന്നത് ഈ രേഖയിലാണ്. സഖ്യകക്ഷികളെയോ പുറത്തുനിന്ന് പിന്തുണക്കുന്നവരെയോ വിശ്വാസത്തിലെടുക്കാതെ തീര്‍ത്തും രഹസ്യമായാണ് ഈ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടത്. അമേരിക്കയുമായി തന്ത്രപ്രധാന ബന്ധത്തിലേക്കാണ് മന്‍മോഹന്‍സിങ് സര്‍ക്കാരും നീങ്ങുന്നതെന്ന് ഇതോടെ വ്യക്തമായി. ആണവക്കരാര്‍ അതിനുള്ള ഉപകരണം മാത്രമായിരുന്നു. പൊതുമിനിമം പരിപാടിയില്‍നിന്ന് സര്‍ക്കാര്‍ തീര്‍ത്തും മാറി നടക്കുകയായിരുന്നു. അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധത്തെക്കുറിച്ച് പൊതുമിനിമം പരിപാടിയില്‍ പറഞ്ഞിരുന്നില്ല.

രാജ്യത്തിന്റെ വിദേശ നയം അമേരിക്കക്ക് അടിയറവെക്കപ്പെടുകയാണെന്ന ഇടതുപക്ഷ ആരോപണം ശരിയാണെന്ന് തെളിയിച്ചുകൊണ്ട് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ രണ്ട് തവണ - 2005 സെപ്തംബറിലും 2006 ഫെബ്രുവരിയിലും - ഇറാനെതിരെ ഇന്ത്യ വോട്ട് ചെയ്തു. ചേരിചേരാ രാഷ്ട്രങ്ങളുടെ താല്പര്യം പോലും പരിഗണിക്കാതെയായിരുന്നു അമേരിക്കന്‍ നിര്‍ദേശമനുസരിച്ചുള്ള വോട്ട്. 2006 മാര്‍ച്ചില്‍ ബുഷ് ഇന്ത്യ സന്ദര്‍ശിച്ചു. 22 റിയാക്ടറുകളില്‍ എട്ടെണ്ണമൊഴിച്ച് ബാക്കിയെല്ലാം ഐഎഇഎ നിരീക്ഷണ സംവിധാനത്തിലാക്കുന്ന വിഭജന പദ്ധതി ഇന്ത്യ അംഗീകരിച്ചു. അതോടൊപ്പം സൈറസ് എന്ന പ്രധാന ഗവേഷണ റിയാക്ടര്‍ അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി അടച്ചിടാനും ഇന്ത്യ സമ്മതിച്ചു.

മാത്രമല്ല പ്രതിരോധ ചട്ടക്കൂട് കരാറിന്റെ ഭാഗമായി അമേരിക്കയുമായുള്ള സംയുക്ത സൈനികാഭ്യാസങ്ങളും വര്‍ധിച്ചു. 2005 ല്‍ പശ്ചിമബംഗാളിലെ കലൈകുണ്ടയില്‍ അമേരിക്കന്‍ നാവിക സേനയുമായും 2007 സെപ്തംബറില്‍ അമേരിക്ക, ജപ്പാന്‍, ആസ്ത്രേലിയ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് 'ഏഷ്യന്‍ നാറ്റോ' രൂപീകരണത്തിന്റെ ഭാഗമായും നാവികാഭ്യാസം നടന്നു. രണ്ടിനുമെതിരെ ശക്തമായ പ്രക്ഷോഭമാണ് ഇടതുപക്ഷം നടത്തിയത്. കലൈകുണ്ടയില്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തില്‍ വന്‍ ജനകീയ ഉപരോധം തീര്‍ത്ത ഇടതുപക്ഷം ചതുര്‍രാഷ്ട്ര നാവികാഭ്യാസത്തിനെതിരെ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ ചെന്നൈയില്‍ നിന്നും സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍നിന്നും വിശാഖപട്ടണത്തേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തി.

2006 ഡിസംബറിലാണ് ഇന്ത്യയുമായി ആണവവ്യാപാരം സാധ്യമാക്കുന്ന ഹൈഡ് ആക്ട് അമേരിക്ക അംഗീകരിച്ചത്. തുടര്‍ന്ന് 2007 ജൂലൈ 25ന് 123 കരാര്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തു. അന്ന് ആ കരാര്‍ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷം സര്‍ക്കാരില്‍ കടുത്ത സമ്മര്‍ദം ചെലുത്തിയതിന്റെ ഫലമായാണ് ഒരാഴ്ചക്കു ശേഷം അമേരിക്കയിലും ഇന്ത്യയിലും ഒരുമിച്ച് കരാറിന്റെ കോപ്പി പുറത്തു വിട്ടത്.

ഇന്ത്യന്‍ വിദേശനയത്തെ അമേരിക്കക്ക് അടിയറവെക്കുന്നതും ആണവ പുരോഗതിയുടെ മുനയൊടിക്കുന്നതുമായ കരാറിലായിരുന്നു ഇന്ത്യ ഒപ്പിട്ടത് എന്ന് ജനങ്ങളും രാഷ്ട്രീയ സമൂഹവും അറിയുന്നത് ആഗസ്ത് ഏഴിന് ഇടതുപക്ഷ പാര്‍ടികള്‍ പ്രസ്താവനയുമായി രംഗത്ത് വന്നപ്പോഴായിരുന്നു. അമേരിക്കന്‍ ആഭ്യന്തര നിയമമായ ഹൈഡ് ആക്ട് ഇന്ത്യയുടെ താല്പര്യങ്ങള്‍ക്ക് ഏറെ ദോഷകരമാണെന്നും അതിന്റെ അടിത്തറയിലാണ് 123 കരാറെന്നും ഇടതുപക്ഷമാണ് ആദ്യമായി ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യയെ അമേരിക്കയുടെ നയതന്ത്ര പങ്കാളിയാക്കുന്നതിനുള്ള കരാറിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണമെന്നും ഇടതുപക്ഷം ശഠിച്ചു. കടുത്ത സമ്മര്‍ദത്തിന്റെ ഫലമായി പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറായി. സിപിഐ എം നേതാവ് സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ രാജ്യസഭയില്‍ നടന്ന ഗൌരവമായ ചര്‍ച്ചക്ക് മറുപടി പറയവെയാണ് ഒമ്പത് വാഗ്ദാനങ്ങള്‍ മുന്നോട്ട് വെക്കാന്‍ പ്രധാനമന്ത്രി തയാറായത്. പാര്‍ലമെന്റില്‍ ഭൂരിപക്ഷം അംഗങ്ങളെയും കക്ഷികളെയും കരാറിനെതിരെ അണിനിരത്താനും ഇടതുപക്ഷം പ്രധാന പങ്കു വഹിച്ചു. പിന്നീടുള്ള ആണവ ചര്‍ച്ചയുടെ അടിസ്ഥാനം പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങളായിരുന്നു.

അമേരിക്ക പാസ്സാക്കിയ ഹൈഡ് ആക്ടിനെക്കുറിച്ചും അത് വിദേശനയത്തിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും വിശദമായ ചര്‍ച്ച വേണമെന്നും ഇടതുപക്ഷം ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു അതിനുവേണ്ടി മാത്രമായി 15 അംഗ യുപിഎ-ഇടതുസമിതിക്ക് പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ 2007 സെപ്തംബറില്‍ രൂപം കൊടുത്തത്. തലനാരിഴ കീറിയുള്ള പരിശോധനയാണ് സമിതിയില്‍ നടന്നത്. ഇടതുപക്ഷത്തിന്റെ പല ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞിരുന്നില്ല.

അമേരിക്കയുമായുള്ള ആണവസഹകരണം സംബന്ധിച്ച യുപിഎ-ഇടതുപക്ഷ സമിതിയുടെ തീരുമാനത്തിന് വിരുദ്ധമായി കരാറുമായി മുന്നോട്ട് പോകാന്‍ പ്രധാനമന്ത്രിയും സോണിയാഗാന്ധിയും തിടുക്കം കാട്ടിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കും ഇടതുപക്ഷത്തിന്റെ വഴിപിരിയലിനും കാരണമായത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 16 ന് ചേര്‍ന്ന ഈ സമിതിയുടെ ആറാമത് യോഗത്തില്‍വെച്ചാണ് സുരക്ഷാ കരാര്‍ സംബന്ധിച്ച് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി(ഐഎഇഎ) യുമായി ചര്‍ച്ച നടത്താന്‍ തീരുമാനിക്കുന്നത്. എന്നാല്‍ ചര്‍ച്ചയുടെ ഫലമായുണ്ടാകുന്ന സുരക്ഷാ കരാറിന് ഐഎഇഎ യുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെ അംഗീകാരം തേടുന്നത് സമിതിയുടെ അനുവാദത്തോടെയായിരിക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായി സുരക്ഷാ കരാറുമായി ഐഎഇഎയെ സമീപിക്കുമെന്ന് പ്രധാനമന്ത്രിയും സോണിയാഗാന്ധിയും വ്യക്തമായ സൂചന നല്‍കി. ഈ ഘട്ടത്തിലാണ് ജൂലൈ നാലിന് ചേര്‍ന്ന ഇടതുപക്ഷ പാര്‍ടികളുടെ യോഗം സുരക്ഷാ കരാറുമായി മുന്നോട്ട് പോകുമോ ഇല്ലയോ എന്ന കാര്യം വ്യക്തമാക്കാന്‍ സമിതിയുടെ കണ്‍വീനര്‍ കൂടിയായ വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയോട് ആവശ്യപ്പെട്ടത്. ജൂലൈ ഏഴിനകം വിവരം തരണമെന്നും ഇടതുപക്ഷം അന്ത്യശാസനം നല്‍കി. എന്നാല്‍ ജൂലെ ഏഴിന് മുഖര്‍ജി നല്‍കിയ മറുപടി അവ്യക്തമായിരുന്നു. ജൂലൈ പത്തിന് അടുത്ത യോഗം നടത്താമെന്നും അതില്‍ സുരക്ഷാ കരാര്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാമെന്നും പറഞ്ഞ മുഖര്‍ജി ഐഎഇഎയെ സമീപിക്കുമോ ഇല്ലയോ എന്ന ചോദ്യത്തിനുള്ള ഉത്തരം നല്‍കിയില്ല.

നാല് ഇടതുപക്ഷ പാര്‍ടികള്‍ക്കും മുഖര്‍ജിയില്‍നിന്ന് ലഭിച്ച രേഖാമൂലമുള്ള ഉറപ്പ് കൈപ്പറ്റി നിമിഷങ്ങള്‍ക്കകം തന്നെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ആ വാഗ്ദാനം കാറ്റില്‍ പറത്തി. ഇന്ത്യന്‍ മണ്ണില്‍ നിന്ന് പറയാന്‍ ധൈര്യമില്ലാഞ്ഞിട്ടായിരിക്കാം ജപ്പാനിലേക്ക് പ്രത്യേക വിമാനത്തില്‍ പറക്കവെയാണ് സുരക്ഷാ കരാറുമായി ഐഎഇഎയെ ഉടന്‍ സമീപിക്കുമെന്ന് മന്‍മോഹന്‍സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. കൂട്ടുകക്ഷി ധര്‍മത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. സമ്പന്ന രാഷ്ട്രങ്ങളുടെ ക്ലബ്ബായ ജി എട്ടിന്റെ സമ്മേളനത്തില്‍ കരാറിനെക്കുറിച്ച് അന്തിമമായി തീരുമാനിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബുഷുമായി ചര്‍ച്ച ചെയ്യാനായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. അതുകൊണ്ടാണ് ബുഷിനെ സന്തോഷിപ്പിക്കാനായി കൂട്ടുകക്ഷി കരാര്‍ മറന്നുകൊണ്ടുള്ള നീക്കം പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ജൂലൈ എട്ടിന് ഇടതുപക്ഷ പാര്‍ടികള്‍ യോഗം ചേര്‍ന്നതും യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചതും. പത്താമത്തെ യുപിഎ-ഇടതുപക്ഷ സമിതി യോഗത്തില്‍ പങ്കെടുക്കുന്നതില്‍ അര്‍ഥമില്ലെന്നും ഇടതുപക്ഷം വ്യക്തമാക്കി.

വിശ്വാസവോട്ട് നേടിയതിന് ശേഷം മാത്രമേ ഐഎഇഎയെ സമീപിക്കൂ എന്ന വിദേശകാര്യമന്ത്രി മുഖര്‍ജിയുടെ പ്രഖ്യാപനത്തെയും പ്രധാനമന്ത്രി കാറ്റില്‍പ്പറത്തി. 24 മണിക്കൂറിനകം തന്നെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിലെ അംഗങ്ങള്‍ക്ക് കരാറിന്റെ കരട് വിതരണം ചെയ്തുകൊണ്ട് കരാറിന്റെ തുടര്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയി. അമേരിക്കന്‍ പ്രസിഡന്റ് ബുഷുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചക്ക് തൊട്ടുപുറകെയായിരുന്നു ഈ നടപടി. ബുഷിനെ കണ്ടപ്പോള്‍ ഈ മലക്കം മറിച്ചില്‍ എന്തുകൊണ്ടെന്ന് ജനങ്ങളോട് വിശദീകരിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.

ഐഎഇഎയുടെ ചട്ടമനുസരിച്ച് സുരക്ഷാ കരാര്‍ പുറത്താക്കാനാവില്ലെന്നായിരുന്നു പ്രപണബ് മുഖര്‍ജി രേഖാമൂലം ഇടതുപക്ഷത്തിന് നല്‍കിയ കത്തില്‍ പറഞ്ഞത്. എന്നാല്‍ ഇടതുപക്ഷം ഇതിനെ ചോദ്യം ചെയ്തു. ഐഎഇഎയല്ല മറിച്ച് യുപിഎ സര്‍ക്കാരാണ് കരാര്‍ രഹസ്യമാക്കി വെക്കുന്നതെന്ന് പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി. ഇടതുപക്ഷം പറഞ്ഞതാണ് ശരിയെന്ന് ഐഎഇഎ വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കിയതോടെ സര്‍ക്കാര്‍ വെട്ടിലായി. കരാര്‍ രഹസ്യ സ്വഭാവമുള്ള രേഖയല്ലെന്നാണ് ഐഎഇഎ അറിയിച്ചത്. ഐഎഇഎ യുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന് കരാറിന്റെ കരട് നല്‍കിയതോടെ തന്നെ അമേരിക്കന്‍ വെബ്‌സൈറ്റുകളിലൂടെ ഇത് പുറത്ത് വന്നു. ഇതോടെയാണ് വിദേശമന്ത്രാലയത്തിന് കരട് ഔദ്യോഗികമായി തന്നെ പുറത്തിറക്കേണ്ടി വന്നത്.

സുരക്ഷാ കരാറിന്റെ കരട് കാണണമെന്ന് ഇടതുപക്ഷം ആവശ്യപ്പെടാന്‍ വ്യക്തമായ കാരണമുണ്ടായിരുന്നു. 'ഇന്ധന ക്ഷാമ'മാണല്ലോ അമേരിക്കയുമായി ഇത്തരമൊരു കരാറിലെത്താന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ കരാറില്‍ നിന്ന് പിന്മാറാന്‍ അമേരിക്കക്ക് 1,2,3 കരാര്‍ അനുവാദം നല്‍കുന്നുമുണ്ട്. അങ്ങനെ അമേരിക്ക പിന്‍വാങ്ങിയാല്‍ ഇറക്കുമതി ചെയ്യുന്ന റിയാക്ടറുകള്‍ക്ക് ഇന്ധനം ലഭിക്കുമോ എന്ന ചോദ്യമാണ് ഇടതുപക്ഷം പ്രധാനമായും ഉയര്‍ത്തുന്നത്.

അതിരൂക്ഷമായ വിലക്കയറ്റവും പണപ്പെരുപ്പവുമാണ് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഇടതുപക്ഷത്തെ പ്രേരിപ്പിച്ച മറ്റൊരു ഘടകം. ഇവ നിയന്ത്രിക്കാന്‍ ഇടതുപക്ഷം അഞ്ച് പ്രധാന നിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും അതൊന്നുപോലും ചെവിക്കൊള്ളാന്‍ സര്‍ക്കാര്‍ തയാറായില്ല. വിലക്കയറ്റം നിയന്ത്രിക്കുന്നതിനേക്കാളും പ്രധാനമന്ത്രിക്കും കോണ്‍ഗ്രസ് നേതൃത്വത്തിനും പ്രധാനം അമേരിക്കന്‍ പ്രസിഡന്റിന് നല്‍കിയ വാഗ്ദാനമാണ്. ഈ വിധേയത്വമാണ് ഇടതുപക്ഷ പിന്തുണ നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കിയത്.

ഇടതുപക്ഷത്തിന്റെ പിന്തുണ നിലനില്‍ക്കെ തന്നെ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും കരാര്‍ പാസ്സാക്കിയെടുക്കാനുള്ള കൃത്രിമ ഭൂരിപക്ഷം നിര്‍മിക്കാന്‍അണിയറയില്‍ നടത്തിയ ശ്രമവും കൂട്ടുകക്ഷി രാഷ്ട്രീയത്തിന് നിരക്കുന്നതായിരുന്നില്ല. ഇടതുപക്ഷത്തെ ഒഴിവാക്കിയുള്ള ഭരണം എന്ന അമേരിക്കന്‍ അജന്‍ഡയാണ് ഇതുവഴി പ്രധാനമന്ത്രി നടപ്പിലാക്കിയത്.

***

വി ബി പരമേശ്വരന്‍

4 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇടതുപക്ഷത്തിന്റെ പിന്തുണ നിലനില്‍ക്കെ തന്നെ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും കരാര്‍ പാസ്സാക്കിയെടുക്കാനുള്ള കൃത്രിമ ഭൂരിപക്ഷം നിര്‍മിക്കാന്‍അണിയറയില്‍ നടത്തിയ ശ്രമം കൂട്ടുകക്ഷി രാഷ്ട്രീയത്തിന് നിരക്കുന്നതായിരുന്നില്ല. ഇടതുപക്ഷത്തെ ഒഴിവാക്കിയുള്ള ഭരണം എന്ന അമേരിക്കന്‍ അജന്‍ഡയാണ് ഇതുവഴി പ്രധാനമന്ത്രി നടപ്പിലാക്കിയത്.

അനില്‍@ബ്ലോഗ് // anil said...

ആണവകരാറിലെ ഒളിച്ചുകളികള്‍ വായനാശീലം കൈമുതലായുള്ള അളുകള്‍ക്കു ബോധ്യപ്പെടും.ആ ബൊധ്യപ്പെടല്‍ ഇന്ത്യക്കു ഗുണകരമായി മാറ്റാന്‍ എത്രത്തൊളം ഇടതുപക്ഷത്തിനു കഴിയും എന്നുള്ളതാണു കാതലായ പ്രശ്നം. ജാതി രാഷ്ട്രീയം കൊടികുത്തിവാഴുന്ന ഉത്തരെന്ത്യന്‍ സംസ്ഥാനങ്ങളെ കേവലം 60 എം.പി മാരെ വച്ചാണു തടയിട്ടിരുന്നതു എന്നൊര്‍ക്കണം.കേരളത്തിലെ വരുംകാല തിരഞ്ഞെടുപ്പു ഫലം എന്നെ അസ്വസ്ഥനാക്കുന്നു. ഒരൊ ജന്ധിപത്യ വിശ്വാ‍സിയേയും അത് അസ്വസ്ഥ്മാക്കതന്നെ ചെയ്യും. ഇതു മറികടക്കാനുള്ള പ്രായോഗിക സമീപനങ്ങളാകും ഇന്ത്യയുടെ നിലനില്‍പ്പു നിര്‍ണയിക്കുക.

Anonymous said...

മന്‍‌മോഹന്‍ സിങ്ങ് കീ ജെയ്
മന്‍‌മോഹന്‍ സിങ്ങ് കീ ജെയ്
മന്‍‌മോഹന്‍ സിങ്ങ് കീ ജെയ്

സോറി..ഇടത് വിരോധിയായിപ്പോയി. ബ്ലോഗുണ്ടായിരുന്നെങ്കില്‍ പോസ്റ്റിടാമായിരുന്നൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ

സഹാറാ ശ്രീയും അംബാനിയണ്ണനും മുദ്രാവാക്യം കണ്ടാല്‍ വല്ലോം തരുവാരിക്കും..

Anonymous said...

വാഷിങ്‌ടണ്‍: ഹൈഡ്‌ ആക്‌ട്‌ ഇന്ത്യയ്‌ക്ക്‌ ബാധകമാണെന്ന്‌ അമേരിക്കന്‍ നയതന്ത്രജ്ഞന്‍ നിക്കോളാസ്‌ ബേണ്‍സ്‌ പറഞ്ഞു.

123 കരാര്‍ ഹൈഡ്‌ ആക്‌ടുമായി ഒത്തുപോകുന്നതാണെന്ന്‌ അദ്ദേഹം പറഞ്ഞു.

ഇന്ത്യ അണുപരീക്ഷണം നടത്തിയാല്‍ അമേരിക്ക കരാറില്‍ നിന്ന്‌ പിന്‍മാറുമെന്നും ബേണ്‍സ്‌ വ്യക്തമാക്കി.

അമേരിക്കയുടെ താല്‌പര്യങ്ങളെ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കരാറിലുണ്ടെന്ന്‌ ബേണ്‍സ്‌ പറഞ്ഞു.

ഇന്ത്യയുമായുള്ള ആണവകരാറുമായി ബന്ധപ്പെട്ട്‌ അമേരിക്ക നിയോഗിച്ച മധ്യസ്ഥനാണ്‌ നിക്കോളാസ്‌ ബേണ്‍സ്‌.