വികസിത-വികസ്വര രാജ്യങ്ങളെന്ന ഭേദമില്ലാതെ തൊഴിലാളികള്‍ക്കുമേലുള്ള ചൂഷണം ശക്തിപ്പെടുത്തുകയും അവര്‍ക്കെതിരായി ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുകയെന്നത് മുതലാളിത്ത ആഗോളവല്‍ക്കരണത്തിന്റെ സവിശേഷസ്വഭാവമാണ്. വികസ്വര രാഷ്ട്രങ്ങളാകട്ടെ, അന്താരാഷ്ട്ര വായ്പ-വ്യാപാര ഏജന്‍സികളുടെ (IMF,WB,WTO) സമ്മര്‍ദ്ദത്തില്‍ തങ്ങളുടെ ദേശീയനയങ്ങള്‍ക്ക് മാറ്റം വരുത്താനും അന്താരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് രാജ്യത്തെ തൊഴിലാളികളെ അനിയന്ത്രിതമായി ചൂഷണം ചെയ്യാന്‍ അനുവദിക്കുന്നതിനും നിര്‍ബന്ധിതരാകുന്നു.
ദശാബ്ദങ്ങളായി തുടര്‍ന്നുവന്ന സമരങ്ങളിലൂടെ തൊഴിലാളിവര്‍ഗ്ഗം നേടിയെടുത്ത അവകാശങ്ങള്‍ അവരില്‍ നിന്നും തട്ടിപ്പറിക്കപ്പെടുകയാണ്. തൊഴിലുടമകള്‍ക്ക് തൊഴിലാളികളെ ഇഷ്ടംപോലെ വാടകക്കെടുക്കാനും പിരിച്ചുവിടാനുമുള്ള അവകാശം നല്‍കിക്കൊണ്ടിരിക്കുകയാണ്. തൊഴിലാളികള്‍ക്കു ലഭിച്ചുകൊണ്ടിരുന്ന സാമൂഹ്യക്ഷേമപരിപാടികള്‍ പിന്‍വലിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ട്രേഡ് യൂണിയനുകളുടെ ശക്തമായ എതിര്‍പ്പുകാരണം തൊഴില്‍നിയമങ്ങള്‍ ഔപചാരികമായി മാറ്റാന്‍കഴിയാത്ത ചില രാജ്യങ്ങളില്‍ ഇത് ഭരണപരമായ ഉത്തരവുകളിലൂടെ പിന്‍വാതിലില്‍കൂടി നടപ്പിലാക്കുകയാണ്. നിയമപരമായി തൊഴിലാളികള്‍ക്കനുകൂലമായ എന്തെങ്കിലും ആനുകൂല്യങ്ങള്‍ നിലവിലുണ്ടെങ്കില്‍ അതു നടപ്പില്‍ വരുത്തുന്നുമില്ല. ലേബര്‍ ഓഫീസര്‍മാരുടെ പരിശോധനകളും ഗവണ്‍മെന്റ് നിഹനിക്കുകയാണ്.
ഈ നയങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത് തൊഴിലെടുക്കുന്ന സ്ത്രീകളെയാണ്. ആഗോളവല്‍ക്കരണത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നതും ഇവര്‍ തന്നെ. മുതലാളിത്ത ആഗോളവല്‍ക്കരണത്തില്‍ ധനിക-ദരിദ്രരാജ്യങ്ങള്‍ തമ്മിലുള്ള അന്തരം വളരെയധികം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മുമ്പൊരിക്കലുമില്ലാത്ത രീതിയില്‍ സമ്പത്തിന്റെ കേന്ദ്രീകരണം ഒരുപിടി ധനികരുടെ കൈകളില്‍ ഒതുങ്ങുകയാണ്. ലോകജനസംഖ്യയില്‍ 40% വും രണ്ടുഡോളറില്‍ താഴെകൊണ്ടാണ് ഉപജീവനം നിര്‍വഹിക്കുന്നത്. എന്നാല്‍ ദശലക്ഷണക്കിനാളുകള്‍ ഒരു ഡോളര്‍കൊണ്ടുമാത്രം നിത്യവൃത്തി കഴിയുന്നവരായുമുണ്ട്. ഇവരില്‍ ഭൂരിഭാഗവും ജീവിക്കുന്നത് എഷ്യയിലും ആഫ്രിക്കയിലുമുള്ള വികസ്വര രാജ്യങ്ങളിലാണ്, തൊഴിലെടുക്കുന്ന സ്ത്രീകളാണ് ദരിദ്രജനങ്ങളിലേറെയും.
അടച്ചുപൂട്ടല്‍, ഡൌണ്‍സൈസിംഗ്, ഔട്ട്സോര്‍സിംഗ് തുടങ്ങിയ പല കാര്യങ്ങളും തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നു. പ്രത്യേകിച്ച് ഏഷ്യയില്‍ ഭാഗികമായ തൊഴിലില്ലായ്മ പരിഗണിക്കപ്പെടേണ്ട പ്രധാനപ്പെട്ട വിഷയമാണ്. നേപ്പാളില്‍ തൊഴില്‍സേനയുടെ പകുതിയില്‍ കൂടുതലാണ് അണ്ടര്‍ എംപ്ളോയ്മെന്റ് എന്നത് ഔദ്യോഗികമായിത്തന്നെ കണക്കാക്കപ്പെട്ടതാണ്. ഇന്തോനേഷ്യയിലും ഫിലിപ്പൈന്‍സിലും അണ്ടര്‍ എംപ്ളോയ്മെന്റ് വളരെ ഉയര്‍ന്നതും വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ സ്ഥിതിയിലാണ്, പ്രത്യേകിച്ചും അനൌപചാരികമേഖലയില്‍ . തൊഴിലില്ലാത്തവരിലും ഭാഗികമായിമാത്രം തൊഴിലുള്ളവരിലും ഭൂരിഭാഗവും സ്ത്രീകളാണ്.
ലോകത്താകെയുള്ള 2.9 ബില്യണ്‍ തൊഴിലാളികളില്‍ 1.2 ബില്യണ്‍ (40%) സ്ത്രീകളാണ്. കുടുംബത്തിനകത്ത് സ്ത്രീകളുടെ ഉത്തരവാദിത്വത്തെക്കുറിച്ച് സമൂഹത്തില്‍ നിലവിലുള്ള തെറ്റായ ധാരണകളും സ്ത്രീയുടേത് അനുബന്ധ വരുമാനം മാത്രമാണെന്ന ചിന്താഗതിയും കാരണം ഏറ്റവും അവസാനമായി തൊഴിലിലേക്ക് നിയമിക്കപ്പെടുന്നതും ഏറ്റവും ആദ്യം പിരിച്ചുവിടപ്പെടുന്നതും സ്ത്രീകളെയാണ്.
തൊഴില്‍ കമ്പോളത്തിലേക്ക് കൂടുതല്‍ കൂടുതല്‍ സ്ത്രീകള്‍ കടന്നുവരുമ്പോഴും അതില്‍ മഹാഭൂരിപക്ഷവും തൊഴില്‍ കണ്ടെത്തുന്നത് അനൌപചാരിക-അസംഘടിത മേഖലകള്‍, കരാര്‍, താല്‍ക്കാലിക, ദിവസക്കൂലി, പാര്‍ടൈം, ഹോംബേസ്‌ഡ് തുടങ്ങിയ മേഖലകളിലാണ്. തുച്ഛമായ കൂലി ലഭിക്കുന്നതും സുരക്ഷിതമല്ലാത്തതും മാന്യതയില്ലാത്തുമായ തൊഴില്‍മേഖലയാണ് ഇവ. ഇവിടെ തൊഴില്‍ സുരക്ഷിതത്വമോ, സാമൂഹ്യസുരക്ഷിതത്വമോ ഇല്ല. തൊഴില്‍ ഘടനയില്‍ ഏറ്റവും താഴെതട്ടിലാണ് ഇവരിലധികവും കേന്ദ്രീകരിച്ചിരിക്കുന്നത്. മിക്കരാജ്യങ്ങളിലും കുട്ടികളേയും കുടുംബത്തേയും പരിപാലിക്കുന്നതിനായി സ്ത്രീകള്‍ പരിതാപകരമാംവിധം കുറഞ്ഞകൂലിക്ക് പണിയെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. അവരുടെ ഈ ദയനീയാവസ്ഥ തൊഴിലുടമ പരമാവധി പ്രയോജനപ്പെടുത്തുകയും ചൂഷണത്തിന് വിധേയമാക്കുകയും കൂലികുറച്ചുകൊണ്ടുവരികയും ചെയ്യുന്നു.
ആഗോളവല്‍ക്കരണം തൊഴില്‍ഘടനയില്‍ മാറ്റംവരുത്തുമെന്നും തൊഴിലിന്റെ സ്ത്രൈണവല്‍ക്കരണം ഉണ്ടാകുമെന്നും വന്‍തോതില്‍ പ്രചരിക്കപ്പെട്ടിരുന്നു. എന്നാല്‍ ചില രാജ്യങ്ങളില്‍ ആഗോളവല്‍ക്കരണത്തിന്റെ ആദ്യഘട്ടത്തില്‍ ഈ രീതിയിലുള്ള ചില പ്രവണതകള്‍ ദൃശ്യമായെങ്കിലും ഇത് താത്ക്കാലികം മാത്രമായിരുന്നു. ലോകത്ത് മുമ്പൊരിക്കലുമില്ലാത്തവിധം 81.8 ബില്യന്‍ സ്ത്രീകള്‍ തൊഴില്‍രഹിതരാണ്. മുമ്പത്തേക്കാളും ദാരിദ്ര്യത്തിന്റെ സ്ത്രൈണവല്‍ക്കരണം വര്‍ദ്ധിച്ചുവരുന്നു എന്നതാണ് യഥാര്‍ത്ഥ വസ്തുത. ലോകത്താകെയുള്ള തൊഴിലെടുക്കുന്ന ദരിദ്രരില്‍ 60% സ്ത്രീകളാണ്.
തൊഴില്‍കാലയളവില്‍ ആഗോളവല്‍ക്കരണത്തിനു മുമ്പും സ്ത്രീകള്‍ വിവേചനത്തിന് വിധേയരായിരുന്നു - റിക്രൂട്ട്മെന്റ് മുതല്‍ റിട്ടയര്‍മെന്റുവരെ. ആഗോളവല്‍ക്കരണത്തോടെ ഇതുകൂടുതല്‍ ശക്തമായിരിക്കുന്നു. എക്സ്പോര്‍ട്ട് പ്രോസസിംഗ് സോണ്‍ (EPZ) സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ (SEZ) തുടങ്ങിയവ ആഗോളവല്‍ക്കരണത്തിന്റെ പ്രധാന സവിശേഷതകളാണ്. നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി പരസ്പരം മത്സരിച്ചുകൊണ്ട് തൊഴില്‍നിയമങ്ങളില്‍ നിന്ന് ഒഴിവാക്കുന്നവയടക്കമുള്ള ഒരുപാട് ഇളവുകള്‍ വന്‍നിക്ഷേപകര്‍ക്കായി രാജ്യങ്ങള്‍ നല്‍കുകയാണ്. EPZ ല്‍ ഒരുപാട് സ്ത്രീകള്‍ക്ക് ജോലി ലഭിക്കുന്നുണ്ട്. സ്ത്രീതൊഴിലാളികള്‍ കയറ്റുമതി ഉന്മുഖയൂണിറ്റുകള്‍ക്കും (EOU) പ്രിയങ്കരരാണ്. എന്തെന്നാല്‍ അവര്‍ ഏറ്റവും കുറഞ്ഞ കൂലി സ്വീകരിക്കാനും കൂടുതല്‍ സമയം അനാരോഗ്യകരവും അപകടകരവുമായ തൊഴില്‍ സാഹചര്യങ്ങളില്‍ ജോലിചെയ്യുവാനും സന്നദ്ധരാണെന്നതുകൊണ്ടുതന്നെ. സ്ത്രീകള്‍ പൊതുവെ ശാന്തരും അനുസരണശീലമുള്ളവരുമാണ്; 'സംഘടിക്കാന്‍ താല്പര്യമില്ലാത്തവരും സമരങ്ങളില്‍ പങ്കെടുക്കാത്തവരും'! പ്രസവാനുകൂല്യങ്ങളും കുട്ടികളുടെ സംരക്ഷണസൌകര്യങ്ങളും ഒഴിവാക്കാന്‍ അവിവാഹിതരായ പെണ്‍കുട്ടികളെ ജോലിക്കെടുക്കാനാണ് SEZ നു താല്പര്യം. വിവാഹിതരായ സ്ത്രീകള്‍ ഗാര്‍ഹികമായ ഉത്തരവാദിത്തങ്ങള്‍ക്കായി കൂടുതല്‍ ലീവെടുക്കാന്‍ സാദ്ധ്യതയുണ്ടെന്നതുകൊണ്ട് അവര്‍ക്ക് തൊഴില്‍നിഷേധിക്കപ്പെടുന്നു. അതുകൊണ്ട് വിവാഹത്തിനും തൊഴിലിനുമിടയില്‍ ഒരു തെരഞ്ഞെടുപ്പ് നടത്താന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാകുന്നു.
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍പ്പോലും പുരുഷമേധാവിത്വ മൂല്യങ്ങള്‍ക്ക് ലോകത്താകെ മുന്‍കൈയുള്ളതിനാല്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ താഴ്ന്ന പദവിയിലും രണ്ടാംതരം പൌരന്മാരായി കണക്കാപ്പെടുന്ന ഒരുപാട് പ്രദേശങ്ങള്‍ ലോകത്തുണ്ട്. സമൂഹത്തിന്റെ സ്ത്രീകളോടുള്ള ഈ നിലപാട് തൊഴിലുടമകള്‍ പ്രയോജനപ്പെടുത്തുകയും ഒരേജോലിക്ക് പുരുഷന്മാരേക്കാള്‍ കുറഞ്ഞ വേതനം സ്ത്രീകള്‍ക്ക് നല്‍കുകയും ചെയ്യുന്നു. വികസിത മുതലാളിത്ത രാജ്യങ്ങളില്‍പോലും ഒരേ തൊഴിലില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് 20%-30% കുറവ് വേതനമാണ് ലഭിക്കുന്നത്.
സ്ത്രീ ജീവനക്കാര്‍ക്ക് പ്രസവാനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്ന ഐ.എല്‍.ഒ കണ്‍വെന്‍ഷനുണ്ടെങ്കിലും യു.എസ്സ്.എ ഉള്‍പ്പെടെ പല രാജ്യങ്ങളിലും മുഴുവന്‍ ശമ്പളത്തോടുകൂടിയ പ്രസവകാലാവധി ലഭ്യമാകുന്നില്ല. ഭൂരിപക്ഷം സ്ത്രീകള്‍ പണിയെടുക്കുന്ന അനൌപചാരിക മേഖലകളില്‍ പ്രസവാനുകൂല്യം ലഭ്യമല്ല. ഗര്‍ഭിണികളാകുന്ന പല സ്ത്രീകള്‍ക്കും തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതിയാണേറെയും. അസംഘടിത മേഖലയില്‍ 'ക്രഷെ' പോലുള്ള സംവിധാനങ്ങളുമില്ല.
സാങ്കേതികരംഗത്തെ മാറ്റങ്ങള്‍ ഉല്‍പ്പാദനത്തെ വിഭജിച്ച് ചെറിയചെറിയ യൂണിറ്റുകളാക്കി ഓരോന്നും ലോകത്തെ വ്യത്യസ്ത പ്രദേശങ്ങളില്‍വെച്ച് ചെയ്യുകയും മറ്റുചില സ്ഥലങ്ങളിവെച്ച് കൂട്ടിയോജിപ്പിക്കുകയും ചെയ്യുന്ന സ്ഥിതി ഉളവാക്കിയിട്ടുണ്ട്. ഇതിനാവശ്യം വളരെകുറച്ച് അതിവിദഗ്ദ്ധരേയും ധാരാളം അര്‍ദ്ധവിദഗ്ദ്ധരോ അവിദഗ്ദ്ധരോ ആയ തൊഴിലാളികളെയുമാണ്. ലോകത്തിന്റെ ഏതുകോണില്‍ നിന്നും ഏറ്റവും കുറഞ്ഞകൂലിക്ക് തൊഴിലാളികളെ ലഭ്യമാക്കാന്‍ ആഗോളവല്‍ക്കരണം അവസരം നല്‍കുന്നു. ഉല്പാദനരംഗത്ത്, പ്രത്യേകിച്ച് കയറ്റുമതി ഉന്മുഖ വ്യവസായങ്ങളായ ടെക്സ്ടൈല്‍സ്, ഗാര്‍മെന്റ്സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വേയേഴ്സ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വികസ്വര രാജ്യങ്ങള്‍ വന്‍തോതില്‍ പുറം കരാര്‍വല്‍ക്കരണത്തെ ആശ്രയിക്കുന്നു. വന്‍ ബഹുരാഷ്ട്രകമ്പനികളായ NIKE,Adidas തുടങ്ങിയവയില്‍ കേന്ദ്രീകൃതമായ ഡിസൈനും ക്വാളിറ്റികണ്‍ട്രോളും പുറംകരാര്‍വല്‍ക്കരണവും സബ്‌കോണ്‍ട്രാക്ടും ഉപയോഗപ്പെടുത്തുന്ന സങ്കീര്‍ണ്ണമായ രീതിയാണുള്ളത്.
ഹോംബേസ്‌ഡ് തൊഴിലാളികള്‍ ഉല്‍പ്പാദന പ്രക്രിയയില്‍ വൈവിദ്ധ്യങ്ങളാര്‍ന്ന ഒട്ടേറെ തൊഴിലുകളില്‍ നിയോഗിക്കപ്പെടുന്നു. ഹോംബേസ്‌ഡ് തൊഴിലാളികളില്‍ വന്‍ഭൂരിപക്ഷം സ്ത്രീകളാണ് - ചില രാജ്യങ്ങളില്‍ 80% ത്തോളം വരും. അന്തര്‍ദേശീയ ഉല്‍പ്പാദന പ്രക്രിയയില്‍ അവര്‍നിര്‍ണ്ണായക പങ്കുവഹിക്കുമെങ്കിലും വളരെ ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കാന്‍ നിര്‍ബന്ധിതരാകുന്നു. പലരാജ്യങ്ങളിലും ദേശീയ ഉല്‍പ്പാദന പ്രക്രിയയില്‍ അവരുടെ സംഭാവന എന്തെന്ന് ഗണിക്കപ്പെടുകയോ രേഖപ്പെടുത്തുകയോ ചെയ്യാറില്ല.
ഹോംബേസ്‌ഡ് തൊഴിലാളികള്‍ക്ക് മിക്കരാജ്യങ്ങളിലും നിയമപരമായ യാതൊരു സംരക്ഷണവും ലഭിക്കുന്നില്ല. തൊഴിലാളി-തൊഴിലുടമ ബന്ധം ഇടത്തട്ടുക്കാരുടെ നീണ്ടകണ്ണികളാല്‍ മറച്ചുവെക്കപ്പെട്ടിരിക്കുന്നു - കോണ്‍ട്രാക്ടര്‍മാര്‍, സബ്കോണ്‍ട്രാക്ടര്‍മാര്‍, ഏജന്റുമാര്‍, ഇടനിലക്കാര്‍ എന്നിങ്ങനെ. ഹോംബേസ്ഡ് ജോലിയില്‍ തൊഴിലാളി-തൊഴിലുടമാ ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കുക ഏറെക്കുറെ അസാദ്ധ്യവുമാണ്. ഹോംബേസ്‌ഡ് തൊഴിലാളികള്‍ക്കപലപ്പോഴും കൂലിനല്‍കുന്നത് 'പീസ്റേറ്റി'ലാണ്. പ്രത്യേക മിനിമം കൂലിയോ സാമൂഹ്യസംരക്ഷണ നിയമമോ ഇവര്‍ക്കില്ല. തൊഴിലുടമയെ സംബന്ധിച്ചാവട്ടെ സ്ഥലം, വൈദ്യുതിചാര്‍ജ്ജ്, വെള്ളം തുടങ്ങിയവയുടെ വില ലാഭിച്ചെടുക്കാനും കഴിയുന്നു. പലപ്പോഴും അസംസ്കൃതവസ്തുക്കളുടെ വിലയിലൊരു പങ്ക് ഹോംബേസ്‌ഡ് തൊഴിലാളികള്‍ കണ്ടെത്തേണ്ടിവരുന്നു. എന്തെന്നാല്‍, അവര്‍ക്ക് നിശ്ചിതഎണ്ണം നിര്‍മ്മിക്കുന്നതിനാവശ്യമുള്ളതിലും കുറവേ വിതരണം ചെയ്യുകയുള്ളൂ.
സംഘടിത മേഖലയിലും സ്ത്രീകള്‍ക്ക് പ്രൊമോഷന്‍ പോലുള്ള കാര്യങ്ങളില്‍ വിവേചനത്തിനിരയാവുന്നത് തുടരുകതന്നെ ചെയ്യുന്നു. ഒരേ യോഗ്യതയും, കഴിവും പരിചയവും കഴിവുമുള്ള സ്ത്രീകള്‍ക്ക് പ്രമോഷന്‍ നിഷേധിച്ചുകൊണ്ട് പുരുഷന്മാരെ പരിഗണിക്കുന്നു. ചില രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ ചെറിയപ്രായത്തില്‍ റിട്ടയര്‍ ആകേണ്ടിവരുന്നു. തുല്യമായ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നു.
രാജ്യത്തിനകത്തും മറ്റുരാജ്യങ്ങളിലും കുടിയേറാന്‍ ആഗോളവല്‍ക്കരണം തൊഴിലാളികളെ നിര്‍ബന്ധിതരാക്കുന്നു. അവര്‍ മൂന്നുതരത്തിലുള്ള ചൂഷണത്തിന് വിധേയമാകുന്നു ബുദ്ധിമുട്ടുള്ളതും വൃത്തികെട്ടതും അപകടകരവുമായ(3D Jobs - Difficult,Dirty and Dangerous Jobs) അവിദദ്ധ തൊഴിലുകള്‍ക്കാണ് അവരെ ഉപയോഗപ്പെടുത്തുന്നത്. ഉദാഹരണത്തിന് മലേഷ്യയിലെ 70% അവിദഗ്ദ്ധനിര്‍മ്മാണ തൊഴിലാളികളും ഇന്തോനേഷ്യയില്‍ നിന്നുള്ളവരാണ്. ധാരാളം സ്ത്രീകള്‍ തങ്ങളുടെ കുടുംബത്തിലെ പുരുഷന്മാരോടൊപ്പം മാത്രമല്ല, തനിച്ചും കൂട്ടായും ഇതര രാജ്യങ്ങളിലേക്ക് കുടിയേറുന്നുണ്ട്. ഒരുപാടുപേര്‍ വീട്ടുവേലക്കാര്‍, നഴ്സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നീനിലകളില്‍ മറ്റുരാജ്യങ്ങളില്‍ തൊഴിലന്വേഷകരായി എത്തുന്നുണ്ട്.
മെച്ചപ്പെട്ട തൊഴിലിനായി (വരുമാനത്തിനായി) നിയമവിധേയമായും അല്ലാതെയും മറ്റുരാജ്യങ്ങളിലേക്ക് കടക്കുന്നത് അടുത്തകാലത്തായി വളരെ കൂടുതലായിട്ടുണ്ട്. അന്തര്‍ദേശീയ തലത്തില്‍ ഇത്തരത്തില്‍ കുടിയേറുന്നവരില്‍ 50% വും സ്ത്രീകളാണ്. അങ്ങേയറ്റം ചൂഷണത്തിനും ശാരീരികവും ലൈംഗികവുമായ പീഢനത്തിനും ഇവര്‍ വിധോയരാവുന്നുണ്ട്. സുരക്ഷിതമായ തൊഴില്‍സ്ഥലങ്ങളെന്ന സ്ത്രീകളുടെ അവകാശത്തിന്റെ നിഷേധമായ തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമണങ്ങള്‍ സംഘടിത-അസംഘടിത ഭേദമില്ലാതെ വ്യാപകമാണ്. പല രാജ്യങ്ങളിലും തൊഴില്‍ സ്ഥലങ്ങളിലെ ലൈംഗികാതിക്രമണങ്ങളില്‍ നിന്ന് നിയമപരമായ യാതൊരു സംരക്ഷണവും സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല.
സ്ത്രീകളെ കടത്തിക്കൊണ്ടുപോവുക എന്നത് ലാഭകരമായ വ്യാപാരമായിരിക്കുന്നു. പെണ്‍കുട്ടികളേയും സ്ത്രീകളേയും വളരെചെറിയ പ്രായമുള്ള (7-14) ബാലികമാരേയും രാജ്യത്തിനകത്തും അതിര്‍ത്തികടന്നും വേശ്യാവൃത്തിക്കായി കടത്തിക്കൊണ്ടുപോകുന്നു. സ്വന്തംരാജ്യത്ത് മാന്യമായ തൊഴിലവസരങ്ങളില്ലാത്തതും ഉപജീവനത്തിനായി കാശുനേടേണ്ടതും കടത്തിക്കൊണ്ടു പോകലിനു വിധേയരാകാന്‍ അവരെ പ്രേരിപ്പിക്കുന്നു.
ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, ശുചിത്വപരിപാലനം തുടങ്ങിയ സാമൂഹ്യക്ഷേമപരിപാടികളില്‍ നിന്നുള്ള സ്റ്റേറ്റിന്റെ പിന്‍വാങ്ങലിന്റെ ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളാണ്. സമൂഹത്തില്‍ പ്രബലമായി നില്‍ക്കുന്ന പുരുഷമേധാവിത്വ നിലപാടുകള്‍ കുടുംബത്തിന്റെ പരിമിതമായ വിഭവങ്ങള്‍ പൊതുവെ ആണ്‍കുട്ടിയുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നത്. തൊഴിലെടുക്കുന്ന സ്ത്രീകളുടെ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനുള്ള സൌകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ പെണ്‍കുട്ടികളെ സ്കൂളില്‍ നിന്ന് പിന്‍വലിക്കുകയും ഇളയകുട്ടികളെ പരിപാലിക്കാന്‍ നിയോഗിക്കുകയും ചെയ്യുന്നു. സ്ത്രീതൊഴിലാളികള്‍ക്ക് കുടിവെള്ളം, വിറക്, ഭക്ഷ്യവസ്തു തുടങ്ങിയവ വളരെ അകലെ നിന്നു ചുമന്നുകൊണ്ടുവരുന്നതിനായി ധാരാളംസമയം ചെലവഴിക്കേണ്ടിവരുന്നു. ഇതാവട്ടെ അവരുടെ ആരോഗ്യത്തെ തകര്‍ക്കുകയും ചെയ്യുന്നു.
ഇന്ത്യപോലുള്ള വികസ്വരരാജ്യത്തെ കാര്‍ഷികരംഗത്തെ പ്രതിസന്ധിയും കാര്‍ഷികമേഖലയില്‍ പണിയെടുക്കുന്ന വലിയൊരു വിഭാഗം സ്ത്രീകളെ പ്രതികൂലമായി ബാധിക്കുന്നു. ഈ മേഖലയിലെ തൊഴില്‍ ദിനങ്ങളുടെ എണ്ണം വലിയതോതില്‍ കുറഞ്ഞിരിക്കുന്നു. ഗ്രാമങ്ങളിലോ നഗരങ്ങളിലോ അതിനുപകരമായി മാന്യമായ ജോലിയൊന്നും കണ്ടെത്താന്‍ കഴിയുന്നുമില്ല. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ തൊഴിലാളികള്‍ എന്ന പരിഗണനയോ പദവിയോ പണിയെടുക്കുന്ന സ്ത്രീകള്‍ക്കു നല്‍കാതെ ഗവണ്‍മെന്റുതന്നെ അവരെ ചൂഷണം ചെയ്യുന്ന അവസ്ഥയുണ്ട്. ഗവണ്‍മെന്റിന്റെതന്നെ പ്രതാപമായി കരുതപ്പെടുന്ന ICDS,NRHM തുടങ്ങിയ സേവനങ്ങളില്‍ ദശലക്ഷക്കണക്കിന് സ്ത്രീകള്‍ പണിയെടുക്കുന്നുണ്ട്. ഇവരെ സാമൂഹ്യപ്രവര്‍ത്തകര്‍, വളണ്ടിയര്‍മാര്‍ തുടങ്ങിയ പേരുവിളിച്ചുകണ്ട് മിനിമം കൂലിയും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കുന്നു. പാവപ്പെട്ടവരുടെ ആരോഗ്യവിദ്യാഭ്യാസചെലവുകള്‍ ചുരുക്കുന്നതിനായി ഗവണ്‍മെന്റ് അവലംബിക്കുന്ന ഒരു രീതിയാണിത്.
തൊഴിലാളിവര്‍ഗ്ഗത്തിന്റെ വലിയൊരുവിഭാഗം സ്ത്രീകളായിരിക്കുകയും അവര്‍ എണ്ണമറ്റ പ്രശ്നങ്ങള്‍ നേരിടുകയും ചെയ്കെ ഇവരുടെ സാന്നിദ്ധ്യവും ട്രേഡ് യൂണിയനുകളില്‍ പ്രതിഫലിക്കുന്നില്ല. സ്ത്രീതൊഴിലാളികളുള്ള വ്യവസായങ്ങളിലെ ട്രേഡ് യൂണിയനുകളില്‍ വളരെ കുറച്ച് സ്ത്രീകള്‍ മാത്രമേ അംഗങ്ങളായുള്ളൂ. നേതൃത്വത്തിലും നയരൂപീകരണസമിതിയിലും അവരുടെ പ്രാതിനിധ്യം അതിനേക്കാള്‍ കുറവാണ്. ഇത് മിക്ക രാജ്യങ്ങളിലേയും ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളിലെ ഒരു ദൌര്‍ബല്യമായിട്ടുണ്ട്.
സ്ത്രീകള്‍ തങ്ങളുടെ ദ്വിമുഖങ്ങളായ ഉത്തരവാദിത്വങ്ങള്‍ - തൊഴിലിടങ്ങളിലും ഗാര്‍ഹിക മേഖലയിലും - നിര്‍വ്വഹിക്കുന്നതിനുതന്നെ ബുദ്ധിമുട്ടനുഭവിക്കുന്ന അവസ്ഥയില്‍, ട്രേഡ് യൂണിയന്റെ ദൈനംദിന പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുക എന്നത് അവരെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ക്ലേശകരവുമാണ്. എന്നാല്‍ പണിമുടക്ക് അടക്കമുള്ള സമരങ്ങളില്‍ അവര്‍ ഒരിക്കലും പിന്നിലല്ല എന്നതും വസ്തുതയാണ്. പല രാജ്യങ്ങളിലും പണിയെടുക്കുന്ന സ്ത്രീകള്‍ തങ്ങളുടെ കുടുംബത്തേയും കുഞ്ഞുങ്ങളേയും വിസ്മരിച്ചുകൊണ്ടുതന്നെ ശിക്ഷാനടപടികള്‍ ഏറ്റുവാങ്ങാനും പോലീസിന്റേയും ഗുണ്ടകളുടേയും മര്‍ദ്ദനങ്ങളെ നേരിട്ടുകൊണ്ട് സമരമുഖങ്ങളില്‍ മുന്‍പന്തിയില്‍തന്നെയുണ്ട്.
പക്ഷെ, വളരെകുറച്ച് ട്രേഡ് യൂണിയനുകള്‍ മാത്രമേ തൊഴിലെടുക്കുന്ന സ്ത്രീകളുടെ സവിശേഷ പ്രശ്നങ്ങളായ തുല്യവേതനം, പ്രസവാനുകൂല്യങ്ങള്‍, പെണ്‍കുട്ടികളുടെ സംരക്ഷണത്തിനുള്ള സൌകര്യങ്ങള്‍, ടോയ്‌ലറ്റ്, വിശ്രമമുറിപോലുള്ളവയെ ട്രേഡ് യൂണിയന്‍ പ്രശ്നങ്ങളായി കാണാറുള്ളൂ. ഇത്തരം കാര്യങ്ങള്‍ ട്രേഡ് യൂണിയനുകളുടെ അവകാശപത്രികയില്‍ സ്ഥാനംപിടിക്കാറില്ല. സ്ത്രീ തൊഴിലാളികളുടെ സവിശേഷ പ്രശ്നമായ ലൈംഗികാതിക്രമണങ്ങള്‍ യൂണിയനുകള്‍ ഏറ്റെടുക്കാറുമില്ല. ട്രേഡ് യൂണിയന്‍ രംഗത്തെ സ്ത്രീകളുടെ താല്പര്യക്കുറവിന് ഇതും ഒരു കാരണമാണ്. കൂടാതെ സമൂഹത്തില്‍ സ്ത്രീകളുടെ ചുമതലകളെക്കുറിച്ച് പൊതുവെയുള്ള സമീപനം ട്രേഡ് യൂണിയനിലും അവരുടെ ചുമതല എന്ത് എന്നത് നിഴലിക്കും. ട്രേഡ് യൂണിയനുകള്‍ പൊതുവെ പുരുഷകേന്ദ്രീകൃതവും പുരുഷനേതൃത്വത്തിന്റെ കുത്തകയുമാണ്. പുരുഷന്മാര്‍ കരുതുന്നത്, സ്ത്രീകള്‍ ട്രേഡ് യൂണിയന്‍ നേതൃത്വത്തിന്റെ ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ പ്രാപ്തരല്ല എന്നാണ്. പലസ്ത്രീകളും കരുതുന്നത് യൂണിയനുകളെ നയിക്കാന്‍ തങ്ങള്‍ പ്രാപ്തരല്ല എന്നും. സമൂഹത്തില്‍ നിലനില്‍ക്കുന്ന പിതൃമേധാവിത്വ സമീപനം സ്ത്രീകളേയും പുരുഷന്മാരേയും ഒരേപോലെ സ്വാധീനിക്കുന്നുണ്ട്. സമ്മേളനപ്രതിനിധികള്‍ എന്ന നിലയില്‍ വളരെക്കുറച്ച് സ്ത്രീകളെ മാത്രമേ തെരഞ്ഞെടുക്കാറുള്ളൂ; പ്രത്യേകിച്ചും ഉയര്‍ന്ന തലങ്ങളില്‍ നയരൂപീകരണ സമിതിയിലേക്ക് അതിനേക്കാള്‍ കറവും. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരായ പല സ്ത്രീകളും തങ്ങളെ മീറ്റിംഗുകളിലോ റാലികളിലോ പ്രസംഗിക്കാന്‍ അനുവദിക്കുന്നില്ലെന്നും തൊഴില്‍തര്‍ക്കചര്‍ച്ചകള്‍ നടക്കുന്ന വേദികളില്‍ പങ്കെടുക്കാന്‍ തങ്ങള്‍ക്ക് അവസരം ലഭിക്കാറില്ലെന്നും പരാതി പറയാറുണ്ട്.
സ്ത്രീകളോടുള്ള ഈ സമീപനമാണ് സമൂഹത്തില്‍ വ്യാപകമായിട്ടുള്ളത്. സമൂഹത്തിന്റെ ഭാഗമെന്ന നിലയില്‍ ട്രേഡ് യൂണിയനുകളില്‍ നിലനില്‍ക്കുന്ന ഈ നിലപാടാണ് ട്രേഡ് യൂണിയനുകളില്‍ സ്ത്രീകളുടെ വര്‍ദ്ധിച്ച പങ്കാളിത്തത്തിന് തടസ്സമായി നില്‍ക്കുന്ന ഒരു ഘടകം. ഈ സമീപനത്തെ അതിജീവിക്കുക എന്നത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തില്‍ സ്ത്രീകളുടെ ക്രിയാത്മകമായ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും പ്രാധാന്യമുള്ളതാണ്. ഇതിനുള്ള മുന്‍കൈ ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ നിന്നുണ്ടാവണം.
എന്‍.ജി.ഒകള്‍ നേതൃത്വം നല്‍കുന്ന തൊഴിലെടുക്കുന്ന സ്ത്രീകളുടെ സംഘടനകളുടെ ഇടയിലുള്ള മറ്റൊരു പ്രവണത, അവരെ പ്രത്യേകമായി സംഘടിപ്പിക്കുക, വനിതാ ട്രേഡ് യൂണിയനിസ്റ്റുകള്‍ എന്ന നിലയില്‍ ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ്. ചില ഗവണ്‍മെന്റുകളും ഇതിന് പ്രോത്സാഹനം നല്‍കുന്നുണ്ട്. ഇത് അപകടകരമായ ഒരു പ്രവണതയാണ്. എന്തെന്നാല്‍ ഇത് തൊഴിലാളിവര്‍ഗ്ഗപ്രസ്ഥാനത്തിനകത്ത് ലിംഗാടിസ്ഥാനത്തിലുള്ള വിഭജനം സൃഷ്ടിക്കും. മുതലാളിത്ത ആഗോളവല്‍ക്കരണത്തിനെതിരായ സമരങ്ങളെ ശക്തിപ്പെടുത്തുന്നതിനുപകരം പ്രതിരോധം ദുര്‍ബ്ബലമാകുകയും ആഗോളവല്‍ക്കരണ ശക്തികളെ സഹായിക്കുകയും ചെയ്യും.
സ്ത്രീതൊഴിലാളികളുടെ പ്രശ്നങ്ങള്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ പ്രശ്നങ്ങളുടെതന്നെ അവിഭാജ്യമായ ഭാഗമാണ്. ട്രേഡ് യൂണിയന്‍ എന്ന നിലയില്‍ത്തന്നെ അവയെ നേരിടേണ്ടതുമാണ്. സ്ത്രീ തൊഴിലാളികളെ പ്രത്യേകമായി സംഘടിപ്പിക്കുന്നത്, തൊഴിലാളികളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളുടെ കേന്ദ്രബിന്ദുവില്‍ നിന്ന് വഴിതിരിച്ചുവിടാനും, പ്രശ്നങ്ങള്‍ സ്ത്രീകളുടേത്, പുരുഷന്മാരുടേത് എന്ന നിലയില്‍ കാണാനും പുരുഷന്മാര്‍ക്കെതിരെ സ്ത്രീകള്‍ എന്ന നിലയില്‍ വളച്ചൊടിക്കുന്നതിലും എത്തിച്ചേരും. തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഐക്യത്തെ ശിഥിലീകരിക്കുന്നതിലേക്കാണിത് നയിക്കുക. പണിയെടുക്കുന്ന സ്ത്രീകളുടെ വലിയ വിഭാഗങ്ങളെ മുഖ്യധാരാ ട്രേഡ് യൂണിയനുകളിലേക്ക് കൊണ്ടുവരികയും അവരുടെ സഹോദരന്മാരോടൊപ്പം പോരാടുകയും ചെയ്തുകൊണ്ടല്ലാതെ തങ്ങളുടെ ഉപജീവനത്തിനു നേരെയുള്ള അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരായ സമരം ഫലപ്രദവുമായില്ല.
തൊഴിലെടുക്കുന്ന സ്ത്രീകളോടുള്ള സഹാനുഭൂതിയോ ഔദാര്യ മോ കൊണ്ടല്ല ട്രേഡ് യൂണിയനുകള്‍ തങ്ങളുടെ അണികളിലേക്ക് കൂടുതല്‍ കൂടുതല്‍ സ്ത്രീകളെക്കൊണ്ടുവരികയും അവരെ നേതൃത്വത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നത്. തൊഴിലാളിവര്‍ഗ്ഗത്തിന്റെ അവഗണിക്കാന്‍ കഴിയാത്ത വലിയൊരു വിഭാഗമാണ് സ്ത്രീകള്‍. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ഉജ്ജലമായ സമരങ്ങളിലൂടെ തൊഴിലാളിവര്‍ഗ്ഗം ആര്‍ജ്ജിച്ചെടുത്ത അവകാശങ്ങള്‍ക്കെതിരായി ആഗോളവല്‍ക്കരണം അഴിച്ചുവിടുന്ന വന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ആഗോളതലത്തില്‍തന്നെ ശക്തമായ യോജിച്ച സമരങ്ങള്‍ അനിവാര്യമാണ്. ഐക്യം ശക്തിപ്പെടുത്തുന്നതിലൂടെയും നിരന്തരമായ സമരങ്ങളിലൂടെയും മാത്രമേ തൊഴിലാളിവര്‍ഗ്ഗത്തിന് ഈ വെല്ലുവിളികളെ നേരിടാന്‍ കഴിയൂ. തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഐക്യം ഓരോ വിഭാഗം തൊഴിലാളികളേയും യോജിപ്പിച്ചുകൊണ്ടേ സാദ്ധ്യമാകൂ. ഇക്കാരണത്താലാണ് തൊഴിലാളിവര്‍ഗ്ഗത്തിന്റെ ആകെയും, ആഗോളവല്‍ക്കരണത്തിന്റെ ദുരിതഫലങ്ങളനുഭവിക്കുന്ന മുഴുവന്‍ ജനങ്ങളുടേയും താല്പര്യ സംരക്ഷണത്തിനായി കൂടുതല്‍ കൂടുതല്‍ തൊഴിലെടുക്കുന്ന സ്ത്രീകളെ തങ്ങളുടെ അണികളിലേക്ക് കൊണ്ടുവരേണ്ടതിന് ട്രേഡ് യൂണിയനുകളുടെ ബോധപൂര്‍വ്വമായ പ്രവര്‍ത്തനം ആവശ്യമായി വരുന്നത്. ഇതാകട്ടെ, അടിയന്തിര പ്രാധാന്യത്തോടും ഗൌരവത്തോടും ചെയ്യേണ്ടതുമാണ്.
ആഗോളവല്‍ക്കരണത്തിനെതിരായും ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ക്കുവേണ്ടിയും പോരാടുന്ന ലോകത്തെങ്ങുമുള്ള ശക്തമായ ട്രേഡ് യൂണിയന്‍സംഘടനകളുടെ പൊതുവേദി എന്ന നിലയില്‍ SIGTUR ഈ ലക്ഷ്യത്തിനായി ക്രിയാത്മകമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണം.
Subscribe to:
Post Comments (Atom)
3 comments:
ലോകത്താകെയുള്ള 2.9 ബില്യണ്‍ തൊഴിലാളികളില്‍ 1.2 ബില്യണ്‍ (40%) സ്ത്രീകളാണ്. കുടുംബത്തിനകത്ത് സ്ത്രീകളുടെ ഉത്തരവാദിത്വത്തെക്കുറിച്ച് സമൂഹത്തില്‍ നിലവിലുള്ള തെറ്റായ ധാരണകളും സ്ത്രീയുടേത് അനുബന്ധ വരുമാനം മാത്രമാണെന്ന ചിന്താഗതിയും കാരണം ഏറ്റവും അവസാനമായി തൊഴിലിലേക്ക് നിയമിക്കപ്പെടുന്നതും ഏറ്റവും ആദ്യം പിരിച്ചുവിടപ്പെടുന്നതും സ്ത്രീകളെയാണ്.
തൊഴില്‍ കമ്പോളത്തിലേക്ക് കൂടുതല്‍ കൂടുതല്‍ സ്ത്രീകള്‍ കടന്നുവരുമ്പോഴും അതില്‍ മഹാഭൂരിപക്ഷവും തൊഴില്‍ കണ്ടെത്തുന്നത് അനൌപചാരിക-അസംഘടിത മേഖലകള്‍, കരാര്‍, താല്‍ക്കാലിക, ദിവസക്കൂലി, പാര്‍ടൈം, ഹോംബേസ്‌ഡ് തുടങ്ങിയ മേഖലകളിലാണ്. തുച്ഛമായ കൂലി ലഭിക്കുന്നതും സുരക്ഷിതമല്ലാത്തതും മാന്യതയില്ലാത്തുമായ തൊഴില്‍മേഖലയാണ് ഇവ. ഇവിടെ തൊഴില്‍ സുരക്ഷിതത്വമോ, സാമൂഹ്യസുരക്ഷിതത്വമോ ഇല്ല. തൊഴില്‍ ഘടനയില്‍ ഏറ്റവും താഴെതട്ടിലാണ് ഇവരിലധികവും കേന്ദ്രീകരിച്ചിരിക്കുന്നത്. മിക്കരാജ്യങ്ങളിലും കുട്ടികളേയും കുടുംബത്തേയും പരിപാലിക്കുന്നതിനായി സ്ത്രീകള്‍ പരിതാപകരമാംവിധം കുറഞ്ഞകൂലിക്ക് പണിയെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. അവരുടെ ഈ ദയനീയാവസ്ഥ തൊഴിലുടമ പരമാവധി പ്രയോജനപ്പെടുത്തുകയും ചൂഷണത്തിന് വിധേയമാക്കുകയും കൂലികുറച്ചുകൊണ്ടുവരികയും ചെയ്യുന്നു.
ആഗോളീകരണത്തിന്റെ ഗുണം ലക്ഷത്തില്‍ ഒരാള്‍ക്കും ബാക്കിയുള്ളവര്‍ക്കു കുരിശും ആണു എന്നു കണ്ട് പിടിക്കാന്‍ ഒരു ബുദ്ധിയും വേണമെന്നില്ല! എന്നിട്ടും ഈ ലോകബുദ്ധിമാന്മാര്‍ എന്തു കൊണ്ട് ഇതിനെതിരെ ശക്തമായി പ്രതികരിക്കുന്നില്ല?
ഭയമോ, ലോകനേതാക്കളുടെ ഷണ്ഡത്വമോ?
ഏതായാലും, കഷ്ടം തന്നെ!
തൊഴിലെടുക്കുന്ന സ്ത്രീകളോടുള്ള സഹാനുഭൂതിയോ ഔദാര്യ മോ കൊണ്ടല്ല ട്രേഡ് യൂണിയനുകള്‍ തങ്ങളുടെ അണികളിലേക്ക് കൂടുതല്‍ കൂടുതല്‍ സ്ത്രീകളെക്കൊണ്ടുവരികയും അവരെ നേതൃത്വത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നത്. തൊഴിലാളിവര്‍ഗ്ഗത്തിന്റെ അവഗണിക്കാന്‍ കഴിയാത്ത വലിയൊരു വിഭാഗമാണ് സ്ത്രീകള്.
ശരിവെക്കുന്നു..
Post a Comment