അമേരിക്കയുമായുള്ള സിവിലിയന്‍ ആണവക്കരാറുമായി മുന്നോട്ട് പോകാന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതോടെ സര്‍ക്കാരിന്റെ ഭാവി ഇരുളിലായിരിക്കയാണ്. അമേരിക്ക മുന്നോട്ട് വെച്ച സമയക്രമമനുസരിച്ച് മുന്നോട്ട് പോകാനുള്ള പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ നീക്കമാണ് പുതിയ പ്രതിസന്ധിക്ക് കാരണമായിട്ടുള്ളത്. എന്നാല്‍ കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത് ഇടതുപക്ഷമാണ് ഇപ്പോഴത്തെ പ്രതിസന്ധി സൃഷ്ടിച്ചിട്ടുള്ളതെന്നാണ്.
തീര്‍ത്തും ബാലിശമാണ് ഈ വാദമെന്ന് സംഭവങ്ങളുടെ സമഗ്രമായ പരിശോധന വ്യക്തമാക്കും. ആണവക്കരാറിനോടുള്ള ഇടതുപക്ഷത്തിന്റെ വിരോധം ഇന്ന് തുടങ്ങിയതൊന്നുമല്ല. അതിന്റെ തുടക്കം മുതല്‍ തന്നെ അചഞ്ചലമായി കരാറിനെ എതിര്‍ക്കുന്ന രാഷ്ട്രീയ സഖ്യമാണ് ഇടതുപക്ഷം. യുപിഎ സര്‍ക്കാരിന്റെ തുടക്കം മുതല്‍ തന്നെ ഈ എതിര്‍പ്പ് തുടങ്ങിയിരുന്നു. യുപിഎ അംഗീകരിച്ച ദേശീയ പൊതുമിനിമം പരിപാടിയുടെ കരടില്‍ 'അമേരിക്കയുമായി തന്ത്രപ്രധാന ബന്ധം' സ്ഥാപിക്കുമെന്നായിരുന്നു ഉണ്ടായിരുന്നത്. ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഈ പദപ്രയോഗം മാറ്റി അമേരിക്കയുമായി 'അടുത്ത ബന്ധവും സഹകരണവും' എന്നാക്കി മാറ്റിയത്. അതായത് തുടക്കം മുതല്‍ തന്നെ അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധം സ്ഥാപിക്കാനുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ശ്രമത്തെ ഇടതുപക്ഷം ചെറുത്തിരുന്നു.
2005 ജൂണ്‍ 28ന് അമേരിക്കയുമായി പ്രതിരോധ ചട്ടക്കൂട് കരാര്‍ ഒപ്പിട്ടപ്പോഴും ഇതേവര്‍ഷം ജൂലായ് 17 ന് ആണവസഹകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളെ കുറിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും അമേരിക്കന്‍ പ്രസിഡന്റും സംയുക്ത പ്രസ്താവന നടത്തിയപ്പോഴും തുടര്‍ന്ന് രണ്ടു തവണ ഇറാനിനെതിരെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ അമേരിക്കക്കൊപ്പം ഇന്ത്യ വോട്ട് ചെയ്തപ്പോഴും 2006 മാര്‍ച്ച് രണ്ടിന് ബുഷിന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ 16 ഓളം റിയാക്ടറുകള്‍ ഐഎഇഎ യുടെ സുരക്ഷാ സംവിധാനത്തിന്‍ കീഴിലാക്കുന്ന വിഭജന പദ്ധതി അംഗീകരിച്ചപ്പോഴും 2007 ജൂലായില്‍ 1,2,3 എന്ന അന്തിമ കരാര്‍ അംഗീകരിച്ചപ്പോഴും അതിനെതിരെ ഇടതുപക്ഷം ശക്തമായി രംഗത്ത് വന്നിരുന്നു. അതുകൊണ്ടു തന്നെ ഇടതുപക്ഷം ഇപ്പോള്‍ പൊടുന്നനവെ പ്രതിഷേധവുമായി രംഗത്തെത്തി എന്ന് പറയുന്നത് ശരിയല്ല.
അതുപോലെ തന്നെ ഇടതുപക്ഷം മാത്രമാണ് ഈ കരാറിനെ എതിര്‍ക്കുന്നത് എന്നതും വസ്തുതയല്ല. പ്രമുഖ ആണവശാസ്ത്രജ്ഞര്‍ പോലും കരാറിനെതിരെ രംഗത്ത് വന്നിരുന്നു. ഇന്ത്യന്‍ പുനഃസംസ്കരണ സാങ്കേതിക വിദ്യയുടെ പിതാവായി അറിയപ്പെടുന്ന ബാബാ അണുശക്തി കേന്ദ്രത്തിന്റെ മുന്‍ ഡയറക്ടര്‍ ഡോ. എ എന്‍ പ്രസാദ്, ആണവോര്‍ജ കമ്മീഷന്റെ മുന്‍ ചെയര്‍മാന്‍ ഡോ. പികെ അയ്യങ്കാര്‍, ആണവോര്‍ജ നിയന്ത്രണ സമിതിയുടെ മുന്‍ ചെയര്‍മാന്‍ ഡോ. എ ഗോപാലകൃഷ്ണന്‍ എന്നിവരെല്ലാം ഇടതുപക്ഷത്തെ പോലെ തന്നെ തുടക്കം മുതലേ കരാറിനെതിരായിരുന്നു. ഇവരാരും ഇടതുപക്ഷക്കാരോ ചൈനാ പക്ഷപാതികളോ അല്ല; മറിച്ച് ഇന്ത്യ ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ അമേരിക്കക്കു മുമ്പില്‍ അടിയറവെക്കുന്നതിലാണ് ഇവരുടെ രോഷം. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നേരത്തേ കത്തെഴുതിയ ഈ ശാസ്ത്രജ്ഞര്‍ ജൂണ്‍ 24 ന് പോലും സുരക്ഷാ കരാറില്‍ ധൃതിപിടിച്ച് ഒപ്പിടരുതെന്ന് ആവശ്യപ്പെടുകയുണ്ടായി. അതുപോലെ നിരവധി പ്രതിരോധ വിദഗ്ധരും കരാറിനെതിരെ രംഗത്തുവരികയുണ്ടായി. പാര്‍ലമെന്റില്‍ യുപിഎ ഒഴിച്ചുള്ള ഭൂരിപക്ഷം കക്ഷികളും കരാറിനെതിരെ രംഗത്തുവന്നു. അതുകൊണ്ടുതന്നെ ഇടതുപക്ഷം മാത്രമാണ് കരാറിനെ എതിര്‍ക്കുന്നതെന്ന വാദം നിരര്‍ഥകമാണ്.
നിലവിലുള്ള രാഷ്ട്രീയ അനിശ്ചിതത്വം സൃഷ്ടിച്ചത് ഇടതുപക്ഷമാണെന്ന കോണ്‍ഗ്രസിന്റെ വാദം ന്യായീകരിക്കത്തക്കതല്ല. കാരണം, വാഗ്ദാന ലംഘനം നടത്തി കരാറുമായി മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രിയും കോണ്‍ഗ്രസും പറഞ്ഞതാണ് നിലവിലുള്ള പ്രതിസന്ധിക്ക് കാരണം. ഈ വാദഗതി മനസ്സിലാക്കണമെങ്കില്‍ അതിന്റെ പശ്ചാത്തലംകൂടി പരിശോധിക്കേണ്ടതുണ്ട്. 1 2 3 കരാര്‍ എന്ന അന്തിമ കരാര്‍ അതീവ രഹസ്യമാക്കിവെച്ചാണ് 2007 ജൂലൈ 25 ന് കേന്ദ്രമന്ത്രിസഭ അംഗീകരിക്കുന്നത്. ഒരാഴ്ചക്കുശേഷമാണ് കരാറിന്റെ കോപ്പി പുറത്തുവിടുന്നത്. കൃത്യമായി പറഞ്ഞാല്‍ ആഗസ്ത് മൂന്നിന്. ഇതോടെയാണ് കരാറിലെ ചതിക്കുഴികള്‍ എന്തൊക്കെയാണെന്ന് പുറംലോകം അറിയുന്നത്. ഇടതുപക്ഷമാണ് കരാറിനെതിരെ ആഗസ്ത് ഏഴിന്റെ പ്രസ്താവനയിലൂടെ ശക്തമായി രംഗത്തുവന്നത്. ഇന്ത്യയുടെ വിദേശനയത്തെ അമേരിക്കക്ക് അടിയറ വെക്കുന്നതും ആണവരംഗത്തെ സ്വാശ്രയത്വം നശിപ്പിക്കുന്നതുമായ ഹൈഡ് ആക്റ്റിന്റെ അടിത്തറയിലാണ് 1 2 3 കരാര്‍ കെട്ടിപ്പൊക്കിയതെന്ന് ഇടതുപക്ഷം ആരോപിച്ചു. ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് പാര്‍ലമെന്റില്‍ ഈ വിഷയം വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ടത്. ഇടതുപക്ഷം ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഒരു സംവിധാനം രൂപീകരിക്കണമെന്ന ആവശ്യവും ഇടതുപക്ഷം മുന്നോട്ടുവെക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ 2007 ആഗസ്ത് 14 ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും വിദേശമന്ത്രി പ്രണബ്മുഖര്‍ജിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയുമുണ്ടായി. ഈകൂടിക്കാഴ്ചയിലാണ് ആണവക്കരാറിനെക്കുറിച്ച് പഠിക്കാന്‍ യുപിഎ-ഇടതുപക്ഷ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചത്.
പ്രണബ്‌മുഖര്‍ജി കണ്‍വീനറായ സമിതിയില്‍ ഇടതുപക്ഷത്തുനിന്ന് ആറുപേരും ഭരണപക്ഷത്തുനിന്ന് ഒമ്പത്പേരും അംഗങ്ങളാണ്. സമിതിയുടെ ആദ്യയോഗം സപ്തംബര്‍ 11 ന് മുഖര്‍ജിയുടെ തല്‍ക്കത്തോറ റോഡിലുള്ള വസതിയില്‍ ചേര്‍ന്നു. പ്രധാനമായും നാല് വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനാണ് അന്ന് തീരുമാനിച്ചത്. 1 2 3 കരാറില്‍ ഹൈഡ് ആക്റ്റിന്റെ സ്വാധീനം, കരാര്‍ ഇന്ത്യന്‍ ആണവ സ്വാശ്രയത്വത്തെയും വിദേശനയത്തെയും സുരക്ഷാസഹകരണത്തെയും എങ്ങനെ ബാധിക്കും എന്നിവ. ആദ്യത്തെ ആറ് യോഗങ്ങളില്‍ ഈ ചര്‍ച്ച പൂര്‍ത്തിയാക്കി. ഗവണ്‍മെന്റും ഇടതുപക്ഷവും ഒരോ വിഷയത്തെക്കുറിച്ചുമുള്ള കുറിപ്പുകളും കൈമാറി. കരാറിന്റെ മേന്മ ഇടതുപക്ഷത്തെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ ഒരു ഘട്ടത്തിലും വിജയിച്ചിരുന്നില്ല. എങ്കിലും കൂട്ടുകക്ഷി രാഷ്ട്രീയത്തില്‍ പ്രശ്നപരിഹാരത്തിനുള്ള ഏറ്റവും നല്ല പരീക്ഷണമായിരുന്നു യുപിഎ-ഇടതുപക്ഷ സമിതി.
കരാറുമായി മുന്നോട്ടുപോകാന്‍ ഇടതുപക്ഷത്തിന്റെ പിന്തുണ ഉണ്ടാകില്ലെന്ന് ഓരോ യോഗം കഴിയുന്തോറും സര്‍ക്കാരിന് കൂടുതല്‍ കൂടുതല്‍ ബോധ്യപ്പെട്ടുവരികയായിരുന്നു. ഈ ഘട്ടത്തിലാണ് യുപിഎ-ഇടത് സമിതിയുടെ ആറാമത് യോഗത്തില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയെ (ഐഎഇഎ) സമീപിക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ ഇടതുപക്ഷത്തോട് കേഴുന്നത്. ഐഎഇഎ സെക്രട്ടറിയേറ്റുമായി ഇന്ത്യന്‍ കേന്ദ്രീകൃത സുരക്ഷാകരാറിനെക്കുറിച്ച് ചര്‍ച്ച നടത്തുക മാത്രമെയുളളൂവെന്നും അത് പൂര്‍ത്തിയാക്കിയ ശേഷം യുപിഎ-ഇടതുപക്ഷ സമിതിയില്‍ അതേക്കുറിച്ച് വിശദീകരിക്കുമെന്നും സമിതിയുടെ അംഗീകാരത്തോടെ മാത്രമെ കരാറിന്റെ അംഗീകാരത്തിനായി ഐഎഇഎ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിനെ സമീപിക്കൂ എന്നും കോണ്‍ഗ്രസ് നേതൃത്വം ഇടതുപക്ഷത്തിന് ഉറപ്പുനല്‍കി. ഈ വാഗ്ദാനങ്ങളെല്ലാംതന്നെ അന്നത്തെ യോഗത്തിനുശേഷം ഇറക്കിയ പത്രക്കുറിപ്പില്‍ അക്കമിട്ട് നിരത്തുകയും ചെയ്തിട്ടുണ്ട്. സമിതിയുടെ അനുമതിക്കുശേഷം മാത്രമെ തുടര്‍നടപടി ഉണ്ടാകൂ എന്നായിരുന്നു പത്രക്കുറിപ്പിന്റെ കാതല്‍.
എന്നാല്‍ മെയ് മാസത്തില്‍ ചേര്‍ന്ന എട്ടാമത് യുപിഎ-ഇടതുപക്ഷ സമിതി യോഗത്തില്‍ മുന്‍തീരുമാനത്തിന് വിരുദ്ധമായി സുരക്ഷാ കരാറുമായി ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിനെ സമീപിക്കാന്‍ അനുവാദം നല്‍കണമെന്ന് യുപിഎ ആവശ്യപ്പെട്ടു. ഇടതുപക്ഷം ഈ ആവശ്യം നിരാകരിക്കുകയും ചെയ്തു. നഗ്നമായ വാഗ്ദാന ലംഘനമാണ് യുപിഎയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഒന്നാമതായി, ഐഎഇഎ സെക്രട്ടറിയേറ്റുമായി നടത്തിയ ചര്‍ച്ചയുടെ ഫലം- അതായത് സുരക്ഷാകരാറിന്റെ കരടുരൂപം-സമിതിക്കുമുമ്പില്‍ വെക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സമിതിയുടെ അംഗീകാരത്തിനുശേഷം മാത്രമെ തുടര്‍നടപടികള്‍ ഉണ്ടാകൂ എന്ന വാഗ്ദാനം ലംഘിച്ച് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിനെ സമീപിക്കാന്‍ യുപിഎ തയ്യാറെടുത്തു. പ്രധാനമന്ത്രിയും യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും കരാറുമായി മുന്നോട്ട് പോകുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. നാലര വര്‍ഷം ഗവണ്‍മെന്റിനെ മുന്നോട്ടുകൊണ്ടുപോകാന്‍ പുറത്തുനിന്ന് നിര്‍ണായക പിന്തുണ നല്‍കിയ കക്ഷിയെ ചതിക്കുന്ന സമീപനമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.
കൂട്ടുകക്ഷി രാഷ്ട്രീയത്തിന്റെ അന്ത:സത്ത ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു ഐഎഇഎയുമായി ചര്‍ച്ച നടത്താന്‍ ഇടതുപക്ഷം അനുവദിച്ചത്. അത് അനുവദിക്കുമ്പോഴും അമേരിക്കയുമായുള്ള ആണവക്കരാര്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ഇടതുപക്ഷം ആണയിട്ടുപറഞ്ഞിരുന്നു. എന്നിട്ടും കടുത്ത വിശ്വാസവഞ്ചന കാട്ടാനാണ് കോണ്‍ഗ്രസ് തയ്യാറായത്. ഒരു കൂട്ടുകക്ഷി സംവിധാനം എങ്ങനെ കൊണ്ടുപോകണമെന്ന് കോണ്‍ഗ്രസിന് ഇനിയും മനസ്സിലായിട്ടില്ലെന്ന് ഇത് വ്യക്തമാക്കുന്നു. ഏകക്ഷി ഭരണം ദിവാസ്വപ്നം കണ്ടാണ് അവര്‍ മുന്നോട്ടുപോകുന്നത്.
മാത്രമല്ല, സര്‍ക്കാരിനെ പിന്തുണക്കുന്ന കക്ഷി പറയുന്നതിനേക്കാളും വില അമേരിക്കന്‍ പ്രസിഡന്റ് ബുഷ് പറയുന്ന വാക്കുകള്‍ക്കാണ് പ്രധാനമന്ത്രിയും കൂട്ടരും കല്‍പ്പിക്കുന്നത്. സ്വന്തം സഖ്യകക്ഷികളും ശാസ്ത്രജ്ഞരും പറയുന്നത് അവഗണിച്ച് ബുഷ് പറയുന്നത് അക്ഷരംപ്രതി വിഴുങ്ങാനാണ് ലോകബാങ്കിന്റെ മുന്‍ ഉദ്യോഗസ്ഥന്‍ കൂടിയായ മന്‍മോഹന്‍സിങ് തയ്യാറായത്. ലോകബാങ്കില്‍നിന്ന് ഇന്നും ലക്ഷങ്ങള്‍ പെന്‍ഷന്‍ പറ്റുന്ന ഈ മുന്‍ ഉദ്യോഗസ്ഥന്റെ കൂറ് അമേരിക്കയോടാകുന്നത് സ്വാഭാവികം.
രാജ്യത്തെ ജനങ്ങള്‍ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുമ്പോള്‍ അതിന് പരിഹാരം കാണാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുന്നതിനുപകരം ബുഷിന് നല്‍കിയ വാഗ്ദാനം നടപ്പിലാക്കാനാണ് മന്‍മോഹന്‍സിങ് തയ്യാറായിട്ടുള്ളത്. എന്നിട്ട് അദ്ദേഹത്തിന്റെ പാര്‍ടി വിളിച്ചുകൂവുന്നത് ഇടതുപക്ഷമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത് എന്നാണ്. യഥാര്‍ഥത്തില്‍ പ്രധാനമന്ത്രിയുടെയും കോണ്‍ഗ്രസിന്റെയും അമേരിക്കന്‍ വിധേയത്വത്തില്‍നിന്നാണ് പ്രതിസന്ധി ഉടലെടുത്തത്.
*
വി ബി പരമേശ്വരന്‍
Subscribe to:
Post Comments (Atom)
7 comments:
ആണവക്കരാറിനോടുള്ള ഇടതുപക്ഷത്തിന്റെ വിരോധം ഇന്ന് തുടങ്ങിയതൊന്നുമല്ല. അതിന്റെ തുടക്കം മുതല്‍ തന്നെ അചഞ്ചലമായി കരാറിനെ എതിര്‍ക്കുന്ന രാഷ്ട്രീയ സഖ്യമാണ് ഇടതുപക്ഷം.
................
രാജ്യത്തെ ജനങ്ങള്‍ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുമ്പോള്‍ അതിന് പരിഹാരം കാണാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുന്നതിനുപകരം ബുഷിന് നല്‍കിയ വാഗ്ദാനം നടപ്പിലാക്കാനാണ് മന്‍മോഹന്‍സിങ് തയ്യാറായിട്ടുള്ളത്.
ശ്രീ വി ബി പരമേശ്വരന്റെ ലേഖനം.
'തെരെഞ്ഞടുപ്പിന് ശേഷവും വേണ്ടിവന്നാല്‍ ഇടതുപക്ഷം കോണ്ഗ്രസ് സര്‍കാരിനെ പിന്തുണക്കും' എന്നൊരു പ്രസ്താവന CPM നടത്തിയതായി കാണാനിടയായി. എന്താണിതിനര്‍ത്ഥം? എങ്കില്‍ പിന്നെ ഇപ്പോള്‍ പിന്തുണ പിന്‍വലിച്ചതെന്തിനു? തെരഞ്ഞെടുപ്പിന്നു ശേഷം 'വര്ഗീയകക്ഷികളെ അകറ്റി നിര്‍ത്തേണ്ടുന്ന' ഒരു സഹചരൃം വരികയാണെങ്കില്‍, അപ്പോള്‍ പോരായിരുന്നോ ഇങ്ങനെ ഒരു പ്രസ്താവന. ഇതു ജനങ്ങളെ ചിന്തക്കുഴപ്പതിലക്കുമെന്നു തോന്നുന്നു.
മുംബൈ: ആണവ കരാറില്‍ കുരുങ്ങി ഉലയുന്ന യു.പി.എ സര്‍ക്കാറിന് സഹായഹസ്തം നീട്ടിയ സമാജ് വാദി പാര്‍ട്ടിക്ക് മഹാരാഷ്ട്ര സര്‍ക്കാറിന്റെ പാരിതോഷികം. മുംബൈയിലെ രാഷ്ട്രീയ സിരാ കേന്ദ്രത്തില്‍ പാര്‍ട്ടി കാര്യാലയത്തിന് തുച്ഛമായ വാടക നിരക്കില്‍ സ്ഥലം നല്‍കിയാണ് സംസ്ഥാന സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെ പ്രത്യുപകാരം.
ദക്ഷിണ മുംബൈയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖ്യ കാര്യാലയങ്ങള്‍ സ്ഥിതിചെയ്യുന്ന നരിമാന്‍പോയന്റിലെ ഫ്രീപ്രസ് ജേര്‍ണല്‍ മാര്‍ഗില്‍ 600 ചതുരശ്ര അടി വലുപ്പമുള്ള മുറിയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവ് ദേശ്മുഖ് സമാജ്വാദി പാര്‍ട്ടിക്ക് അനുവദിച്ചത്. ഒരു ചതുരശ്ര അടിക്ക് 300 രൂപ വാടക നിരക്കുള്ള പ്രദേശമാണ് നരിമാന്‍പോയന്റ്. എന്നാല്‍ ചതുരശ്ര അടിക്ക് പത്തു രൂപ നിരക്കിലാണ് സമാജ് വാദി പാര്‍ട്ടിക്ക് സ്ഥലം നല്‍കിയത്. 1.80 ലക്ഷം രൂപ പ്രതിമാസ വാടകക്കു പകരം ആറായിരം രൂപയേ സമാജ്വാദി പാര്‍ട്ടി നല്‍കേണ്ടതുള്ളൂ.
ഏറെ കാലത്തെ വിഫല ശ്രമങ്ങള്‍ക്കൊടുവിലാണ് അപ്രതീക്ഷിതമായി സമാജ്വാദി പാര്‍ട്ടിക്ക് നരിമാന്‍പോയന്റില്‍ സ്ഥലം ലഭിക്കുന്നത്. എന്‍. സി.പി നേതാവ് ഛഗന്‍ ഭുജ്ബല്‍ മന്ത്രിയായ പൊതുമരാമത്ത് വകുപ്പിന് കീഴിലാണ് സ്ഥലമെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരുടെ ഓഫീസിനായി സ്ഥലം അനുവദിക്കുന്നത് മുഖ്യമന്ത്രിയുടെ കാര്യാലയമാണ്. സ്ഥലം നല്‍കുന്നത് സംബന്ധിച്ച രേഖകള്‍ സമാജ്വാദി പാര്‍ട്ടി മുംബൈ പ്രസിഡന്റ് അബു ആസിം ആസ്മിക്ക് നേരത്തെ തന്നെ കെമാറിയിട്ടുണ്ട്.(മാധ്യമം വാര്‍ത്ത)
കുതിരക്കച്ചവടത്തിന്റെ ആദ്യ എപ്പിഡോസ്..
കരണ്‍ താപ്പറും യെച്ചൂരിയും തമ്മില്‍ നടന്ന അഭിമുഖം ഇവിടെ
Karan Thapar: If you believe the acrimony is not as strong and great as the Press is saying, then if after the next elections the only way of keeping out what you consider communal forces is another alliance between the UPA and the Left is that still possible?
Sitaram Yechury: Depends on the policies they will follow. Please remember we were supporting this Government on the common minimum programme. The common minimum programme doesn't contain the Indo-US nuclear deal.
Karan Thapar: But the next time if they offer you policies or a common minimum programme that is acceptable, the bitterness and acrimony of today won't start in the way. In other words this experience won't be a problem; it all depends on the common minimum programme and the policies.
Sitaram Yechury: And the assurances they give us that they will follow that programme without betraying like now.
Karan Thapar: What you are saying is that this experience won't be a hurdle. In other words you won't say to them once bitten twice shy.
Sitaram Yechury: That I cannot assure right now, it depends on circumstances then but this experience will definitely be a shadow.
യെച്ചൂരി പറഞ്ഞത് ചോദ്യത്തിനുത്തരമായാണ്. ഭാവിയില്‍ എന്ത് സംഭവിക്കും, സംഭവിക്കില്ല എന്ന് ഇപ്പോള്‍ പറയാന്‍ ആവില്ലല്ലോ...മാധ്യമങ്ങള്‍ അവര്‍ക്കാവശ്യമുള്ള രീതിയില്‍ അത് വാര്‍ത്തയാക്കുന്നു എന്നു മാത്രം.
ഇതിന്റെ അവസാനം ബിജെപ്പി വന്‍ഭൂരിപക്ഷത്തോടെ കസേരയലിരിയ്ക്കും
എന്നതാണെങ്കില്‍...
അതുമല്ലെങ്കില്‍ മായാവതിയുടെ പ്രധാമന്ത്രിപദസ്വപ്നം സാക്ഷാല്‍കരിയ്കപ്പെടുകയാണെങ്കില്‍...
അതില്‍ക്കൂടുതല്‍ അപകടം എന്തുണ്ടാകാനാണ്‍?
ഇന്ത്യയിലെ ഏറ്റവും വലിയ മതനിരപേക്ഷ ജനാധിപത്യകക്ഷിയായ കോണ്‍ഗ്രസ്സാണ് ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിനേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വം കാട്ടേണ്ടത് എന്നു തോന്നുന്നു.
>---
Post a Comment