അടുത്ത കാലത്ത് അവശ്യസാധനങ്ങളുടെ വിലകള്‍ കുത്തനെ കുതിച്ചുയര്‍ന്നത് വ്യാപകമായി വേവലാതിക്കിട വരുത്തുകയും സകലരുടെയും ശ്രദ്ധ പിടിച്ചെടുക്കുകയും ചെയ്തു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിലകള്‍ ഏകദേശം ഇരട്ടിയായതിനെ തുടര്‍ന്ന് 37ല്‍ അധികം രാജ്യങ്ങളിലെ നഗരപ്രദേശങ്ങളിലെ ദരിദ്രര്‍ അടുത്ത കാലത്തായി ഭക്ഷ്യ കലാപം നടത്തുകയുണ്ടായി. ഈ പ്രശ്നത്തെ ഇപ്പോള്‍ മാത്രമാണ് ഗൌവരപൂര്‍വം കണക്കിലെടുത്ത് തുടങ്ങിയത്; നാണയപ്പെരുപ്പത്തിന് ആധാരമായ കാരണങ്ങളെക്കുറിച്ച് വളരെ മുമ്പുതന്നെ ശ്രദ്ധിക്കേണ്ടതായിരുന്നു. ഈ പ്രശ്നം കുറഞ്ഞ കാലത്തിനകം തീരുന്നതല്ല; ഇത് നിരവധി വര്‍ഷങ്ങള്‍ക്കുമുമ്പ് തുടങ്ങി ഇപ്പോള്‍ പാകമായതാണ്.
താല്‍ക്കാലിക നടപടികള്‍കൊണ്ട് മാത്രം ഈ നാണയപ്പെരുപ്പം അത്ര എളുപ്പം പരിഹരിക്കാനുമാവില്ല. ഇതിന് അടിസ്ഥാനപരമായ കാരണം കാര്‍ഷികോല്‍പാദന വളര്‍ച്ചയിലെ മാന്ദ്യമാണ് - പ്രത്യേകിച്ചും ഭക്ഷ്യധാന്യോല്‍പാദനങ്ങളുടെ വളര്‍ച്ചയിലുണ്ടായ മാന്ദ്യം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി മിക്കവാറും എല്ലാ ദരിദ്ര വികസ്വര രാജ്യങ്ങളിലും ജനസംഖ്യാ വളര്‍ച്ചാ നിരക്കിനെക്കാള്‍ കുറവാണ് കാര്‍ഷികോല്‍പാദന വളര്‍ച്ചനിരക്ക്. ഇന്ത്യയിലും കഴിഞ്ഞ 15 വര്‍ഷത്തിലേറെ കാലത്തെ നവലിബറല്‍ പരിഷ്കരണങ്ങളുടെ ഫലമായി ഇതാണവസ്ഥ. എന്നാല്‍ വികസ്വര രാജ്യങ്ങളിലെ തകര്‍ച്ച നികത്തത്തക്കവിധം വികസിത രാജ്യങ്ങളില്‍ ഭക്ഷ്യധാന്യ ഉല്‍പാദനം വര്‍ദ്ധിച്ചതുമില്ല. ലോക ഭക്ഷ്യകൃഷി സംഘടന (എഫ്എഒ)യുടെ സ്ഥിതി വിവര കണക്കുപ്രകാരം 1979 മുതല്‍ 81 വരെയുള്ള മൂന്നുവര്‍ഷത്തെ ശരാശരി പ്രതിവര്‍ഷ ലോകഭക്ഷ്യധാന്യ ഉല്‍പാദനം 157.3 കോടി ടണ്ണായിരുന്നപ്പോള്‍ 1980ലെ ലോകജനസംഖ്യ 443.5 കോടി ആയിരുന്നു. 1999-2001ലെ മൂന്ന് വര്‍ഷത്തെ കണക്കെടുത്താല്‍ ശരാശരി പ്രതിവര്‍ഷ ലോകഭക്ഷ്യധാന്യ ഉല്‍പാദനം 208.4 കോടി ടണ്ണായി മാത്രമാണ് വര്‍ദ്ധിച്ചത്; എന്നാല്‍ 2000ല്‍ ലോക ജനസംഖ്യ 607.1 കോടി ആയി ഉയര്‍ന്നു. അങ്ങനെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ഉല്‍പാദനം 1980ല്‍ 355 കിലോഗ്രാം ആയിരുന്നത് 2000ല്‍ 343 കിലോഗ്രാമായി കുറഞ്ഞു.
വികസ്വര രാജ്യങ്ങളിലെ കാര്‍ഷികോല്‍പാദനത്തിലെ, പ്രത്യേകിച്ചും ഭക്ഷ്യധാന്യ ഉല്‍പാദനത്തിലെ, വളര്‍ച്ചയിലുണ്ടാകുന്ന കുറവ് പരിഹരിക്കാന്‍ നവലിബറല്‍ പരിഷ്കാരങ്ങള്‍ എന്താണ് ചെയ്യുന്നത്? ആദ്യമായി വളര്‍ച്ചയില്‍ തകര്‍ച്ചയുണ്ട് എന്നതാണ് സത്യം. ഐഎംഎഫ്-ലോകബാങ്ക് നിര്‍ദ്ദേശാനുസരണമുള്ള പരിഷ്കാരങ്ങള്‍ സ്ഥൂല സാമ്പത്തിക പണച്ചുരുക്കത്തെ സ്ഥിരമായി നിലനിര്‍ത്താനാണ് താല്‍പര്യപ്പെടുന്നത്. സര്‍ക്കാരിന്റെ മൂലധന നിക്ഷേപവും വികസനച്ചെലവുകളും വെട്ടികുറയ്ക്കുകയെന്നാണ് അതിന്റെയര്‍ത്ഥം. മിക്ക രാജ്യങ്ങളിലും കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഇതാണ് നടപ്പാക്കിവരുന്നത് .
പല ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും സബ്-സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും 1970കളുടെ ഒടുവില്‍തന്നെ ഈ പ്രക്രിയ ആരംഭിച്ചതാണ്. അതേസമയം ഇന്ത്യയില്‍ കുറെക്കൂടി കഴിഞ്ഞ് 1991 മുതലാണ് ഇതാരംഭിച്ചത്. ഇതുകൊണ്ടുണ്ടായ ഫലമെന്താണെന്ന് വ്യക്തമാക്കുന്ന, പ്രായോഗികാനുഭവത്തില്‍നിന്നു ലഭിച്ച തെളിവുകളുടെ ഒരു കൂമ്പാരം ഐഎംഎഫ് തന്നെ ശേഖരിച്ചുവച്ചിട്ടുണ്ട് - മൂലധന നിക്ഷേപ നിരക്കിലെ(rate of capital investment) തകര്‍ച്ചയും മിക്കവാറും രാജ്യങ്ങളുടെ വളര്‍ച്ചയിലെ മാന്ദ്യവുമാണ് അതുകൊണ്ടുണ്ടായ ഫലം. ഇന്ത്യ ഒഴികെയുള്ള മിക്കവാറും എല്ലാ രാജ്യങ്ങളുടെയും സമ്പദ്ഘടനയെ മൊത്തത്തില്‍ തന്നെ മാന്ദ്യം ബാധിച്ചിരിക്കുകയാണ്.
1980കളുടെ തുടക്കം മുതല്‍ തന്നെ 30 വികസ്വര രാജ്യങ്ങളില്‍ പ്രതിശീര്‍ഷ യഥാര്‍ത്ഥ ഉല്‍പാദനം കുറഞ്ഞുവരികയാണ്. (പ്രധാനമായും സബ് സഹാറന്‍ ആഫ്രിക്ക കേന്ദ്രീകരിച്ച രാജ്യങ്ങളാണ് ഇവ). ഇന്ത്യയില്‍ മാന്ദ്യം പ്രധാനമായും കൃഷിയെയാണ് ബാധിച്ചിട്ടുള്ളത്. കൃഷി എന്നത് ഇപ്പോഴും ഇവിടത്തെ ജനസംഖ്യയിലെ മൂന്നില്‍ രണ്ട് ഭാഗത്തിന്റെ ഉപജീവനമാര്‍ഗ്ഗവുമാണ്. തൃതീയ മേഖല ദ്രുതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു എന്ന വസ്തുതയാണ്, എല്ലാ വിളകളും ഉള്‍പ്പെടുന്ന കാര്‍ഷികമേഖലയുടെയാകെ വളര്‍ച്ചയുടെ ഗണ്യമായ തകര്‍ച്ചയ്ക്കുനേരെ കണ്ണടയ്ക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. ചുരുക്കത്തില്‍ സമ്പദ്ഘടനയുടെ ഭൌതിക ഉല്‍പാദന അടിത്തറയെ, വിശിഷ്യാ മറ്റെല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുന്ന കാര്‍ഷികമേഖലയെ നവലിബറല്‍ പരിഷ്കാരങ്ങള്‍ തകര്‍ത്തിരിക്കുകയാണ്.
ഇന്ത്യയുടെ മൊത്തത്തിലുള്ള ഉയര്‍ന്ന വളര്‍ച്ചയ്ക്ക് കാര്‍ഷിക വളര്‍ച്ചയുമായി ഇനിയൊരിക്കലും ഒരു ബന്ധവുമുണ്ടാകില്ലെന്ന് ഒരു വാദം എല്ലാ ഭാഗത്തുനിന്നും ഉയര്‍ന്നുവരുന്നുണ്ട്. വരുമാനം വര്‍ദ്ധിച്ചുവരുന്ന ഓരോരുത്തരും കൂടുതല്‍ തിന്നുകയും കുടിക്കുകയും ചെയ്യുമെന്നും കൂടുതല്‍ വസ്ത്രം ധരിക്കുമെന്നും പാര്‍ക്കാന്‍ കൂടുതല്‍ ഇടം ആവശ്യപ്പെടുമെന്നും പണിയെടുക്കാനും ആഹ്ലാദിക്കാനുമായി കൂടുതല്‍ യാത്ര ചെയ്യുമെന്നും ഇത്തരം എല്ലാ പ്രവര്‍ത്തനങ്ങളിലും കാര്‍ഷിക വൃത്തിയുമായി നേരിട്ടും അല്ലാതെയുമുള്ള ആശ്രിതത്വം വര്‍ദ്ധിച്ചുവരുമെന്നുമുള്ള കാര്യംപലരും ഓര്‍ക്കുന്നില്ല. സമ്പദ്ഘടനയുടെ കാര്‍ഷികാടിത്തറയെ തകര്‍ക്കുന്നത് ഒരു കെട്ടിടത്തിന്റെ അടിത്തറയില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കുന്നതുപോലെയാണ്. കുറേക്കാലംകൊണ്ട് അത് മാരകമായ വിധം ദുര്‍ബലമാവുകയും ആദ്യത്തെ കനത്ത ആഘാതത്തില്‍ തന്നെ തകര്‍ന്നു വീഴുകയും ചെയ്യും.
രണ്ടാമതായി, സ്വാഭാവികമായി തന്നെ ഭക്ഷ്യധാന്യങ്ങളില്‍നിന്ന് കയറ്റുമതിക്കായുള്ള വിളകളിലേക്കുള്ള ഘടനാപരമായ മാറ്റവും ഉണ്ടായിട്ടുണ്ട്. ഐഎംഎഫും ലോകബാങ്കും ലോകവ്യാപാര സംഘടനയും സ്വതന്ത്ര വ്യാപരത്തിനായി വാതിലുകള്‍ തുറന്നുകൊടുക്കാന്‍ എല്ലാ വികസ്വരരാജ്യങ്ങളോടും സമ്മര്‍ദ്ദം ചെലുത്തുകയാണ്; രാജ്യങ്ങള്‍ തമ്മില്‍ കടുത്ത മല്‍സരത്തില്‍ ഏര്‍പ്പെടുന്നതുകൊണ്ട് ഓരോ യൂണിറ്റ് കയറ്റുമതിയുടെയും ഡോളറിലുള്ള വില ഇടിഞ്ഞുകൊണ്ടിരിക്കുമ്പോള്‍പോലും കാര്‍ഷികോല്‍പന്നങ്ങളുടെ കയറ്റുമതി പ്രോല്‍സാഹിപ്പിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയുമാണ്. ചുരുക്കത്തില്‍, തണുത്ത കാലാവസ്ഥയുള്ള വികസിത രാജ്യങ്ങള്‍ക്ക് ഉല്‍പാദിപ്പിക്കാന്‍ കഴിയാത്തതോ കുറച്ചു മാത്രം ഉല്‍പാദിപ്പിക്കാന്‍ പറ്റുന്നതോ ആയ സാധനങ്ങള്‍ അത്തരം വികസിത രാജ്യങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നതിനുവേണ്ടി വികസ്വര രാജ്യങ്ങള്‍ സ്വയം പിന്നോക്കാവസ്ഥയില്‍ തുടരാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. വിള വിറക്കുന്ന പ്രദേശത്തിന്റെ വിസ്തൃതിക്ക് മാറ്റമില്ലാതിരിക്കെ, ഓരോ രാജ്യത്തെ സംബന്ധിച്ചിടത്തോളവും ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഭൂമി വര്‍ദ്ധിച്ച തോതില്‍ കയറ്റുമതിക്കായുള്ള നാണ്യവിളകളുടെ ഉല്‍പാദനത്തിനായി മാറ്റേണ്ടതായിവരുന്നു; ഇത് പലപ്പോഴും ഭക്ഷ്യധാന്യ ഉല്‍പാദനം പാടെ തകരുന്നതിനു തന്നെ ഇടവരുത്തുന്നു.
ഇന്ത്യയില്‍ ഭക്ഷ്യവിളകള്‍ കൃഷി ചെയ്തിരുന്ന 80 ലക്ഷം ഹെക്ടര്‍ ഭൂമി 1991നു ശേഷം കയറ്റുമതി വിളകള്‍ കൃഷി ചെയ്യാനായി മാറ്റി; ഭക്ഷ്യധാന്യ ഗവേഷണത്തിനും വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള മൂലധന നിക്ഷേപവും ശ്രദ്ധേയമായ വിധം കുറഞ്ഞിട്ടുമുണ്ട്. അന്താരാഷ്ട്രതലത്തില്‍ ഒരു തൊഴില്‍ വിഭജനം നടപ്പിലാക്കലാണ് വികസിത രാജ്യങ്ങളുടെ ലക്ഷ്യവും തന്ത്രവും. അതുപ്രകാരം നമ്മുടെ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ വിളയിക്കുന്ന ഭൂമി ഈ വികസിത രാജ്യങ്ങളിലെ ധനികരായ ഉപഭോക്താക്കളുടെയും തടിച്ചുകൊഴുത്ത കന്നുകാലികളുടെയും ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താനായി വര്‍ദ്ധിച്ച തോതില്‍ വിനിയോഗിക്കേണ്ടതായി വരുന്നു. സോയാ പിണ്ണാക്ക് (ഒരു തരം കാലിത്തീറ്റ) മുതല്‍ ശതാവരിക്കിഴങ്ങുവരെയും വെള്ളരിക്ക മുതല്‍ റോസാപ്പൂവ് വരെയുമുള്ള വൈവിധ്യമാര്‍ന്ന നിരവധി ഉല്‍പന്നങ്ങള്‍ കയറ്റുമതിക്കായി ഉണ്ടാക്കപ്പെടുന്നു.
വിളവിറക്കുന്ന ഭൂമിയുടെ വിസ്തീര്‍ണ്ണം മാറുന്നില്ലെന്നിരിക്കെ, ഇതുമൂലം നമ്മുടെ ജനങ്ങള്‍ക്കാവശ്യമായ ഭക്ഷ്യധാന്യ ഉല്‍പാദനത്തില്‍ വന്‍തോതില്‍ കുറവ് വരുന്നു. ഇന്ത്യയില്‍ 1980കളില്‍ പരിഷ്കരണപൂര്‍വ ദശകത്തില്‍ പ്രതിവര്‍ഷ ഭക്ഷ്യധാന്യ ഉല്‍പാദന വര്‍ധന നിരക്ക് 2.8 ശതമാനമായിരുന്നു; ആ കാലഘട്ടത്തിലെ ജനസംഖ്യ വളര്‍ച്ചാനിരക്കായ 2 ശതമാനത്തെക്കാള്‍ ഇത് ഏറെ മുന്നിലുമായിരുന്നു. എന്നാല്‍ 1990കളില്‍ 1.7 ശതമാനമായും പുതിയ നൂറ്റാണ്ടിലെ ആദ്യത്തെ ആറുവര്‍ഷ (2000-01 - 2006-07) ത്തില്‍ തുച്ഛമായ 0.34 ശതമാനമായും ഭക്ഷ്യധാന്യ ഉല്‍പാദന വര്‍ധന കുറഞ്ഞു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലുടനീളം ഇതാദ്യമായി ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ഉല്‍പ്പാദനം 1990കളില്‍ കുറഞ്ഞു. അതേത്തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ തകര്‍ച്ചയുടെ വേഗത പിന്നെയും വര്‍ദ്ധിക്കുകയായിരുന്നു. എന്നാല്‍ നമ്മുടെ നയാവിഷ്കര്‍ത്താക്കള്‍ ഭക്ഷ്യസുരക്ഷയ്ക്ക് ഒരു പ്രാധാന്യവും നല്‍കേണ്ടതില്ലെന്ന മട്ടില്‍ ഇതിനെയാകെ അവഗണിച്ചുതള്ളുകയാണുണ്ടായത്. ഭക്ഷ്യസുരക്ഷയ്ക്ക് സ്വയംപര്യാപ്തത ആവശ്യമില്ലെന്നും ഇറക്കുമതിയിലൂടെ ലഭ്യമാക്കുമെന്നുമുള്ള ധാരണയാണ് അവര്‍ പുലര്‍ത്തിയത്. വികസ്വരരാജ്യങ്ങള്‍ തങ്ങളുടെ ആഭ്യന്തര ഭക്ഷ്യധാന്യ കമ്മി പരിഹരിക്കാന്‍ വികസിത രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിക്കായി വിപണി തുറന്നു കൊടുക്കണമെന്ന് നിര്‍ദ്ദേശിക്കപ്പെടുകയാണുണ്ടായത്. നമ്മുടെ ഭക്ഷ്യധാന്യ ഉല്‍പാദനത്തെ സംബന്ധിച്ച മതിപ്പ് കണക്ക് നിശ്ചയിച്ചതും നാം ഇറക്കുമതി ചെയ്യേണ്ടതാണെന്ന് പറഞ്ഞതും അമേരിക്കന്‍ കൃഷി വകുപ്പായിരുന്നു.
വികസ്വര രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ വികസിത രാജ്യങ്ങളെ അനുസരിക്കുകയാണ്. പണ്ട് കാളിദാസന്‍ ഇരിക്കുന്ന കൊമ്പ് മുറിച്ചതുപോലുള്ള അവസ്ഥയാണ് ഇതുണ്ടാക്കുന്നത് - വികസ്വര രാജ്യങ്ങള്‍ സ്വന്തം ജനതയുടെ ഭക്ഷ്യസുരക്ഷിതത്വം ഇല്ലാതാക്കുന്നതിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. വികസിത രാജ്യങ്ങളുടെ തന്ത്രം വിജയിച്ചിരിക്കുന്നു. അതിനും പുറമെ, ഐഎംഎഫ്-ലോകബാങ്ക് ഉപദേശപ്രകാരം ഓരോരോ രാജ്യങ്ങളായി തങ്ങളുടെ ആഭ്യന്തര ഭക്ഷ്യധാന്യ സംഭരണ - വിതരണ സംവിധാനങ്ങള്‍ ചുരുക്കുകയോ പൂര്‍ണ്ണമായും അവസാനിപ്പിക്കുകയോ ആണ്. വികസിതരാജ്യങ്ങളിലെ ധാന്യങ്ങളുടെയും ക്ഷീരോല്‍പന്നങ്ങളുടെയും മിച്ചം ചെലവഴിക്കാന്‍ നമ്മുടെ കമ്പോളങ്ങള്‍ അവര്‍ക്കായി തുറന്നുകൊടുക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
ഇന്ത്യയില്‍ പൊതുവിതരണ സംവിധാനം ചുരുക്കുന്നതിന്റെ ആദ്യപടിയായിരുന്നു ടാര്‍ജറ്റിങ്. യഥാര്‍ത്ഥത്തില്‍ ദരിദ്രരായിരുന്ന വലിയൊരു വിഭാഗം ജനങ്ങളെ ഏകപക്ഷീയമായി ദരിദ്രരല്ലെന്ന് മുദ്രകുത്തി അവര്‍ക്ക് കുറഞ്ഞവിലയ്ക്ക് ഭക്ഷ്യ സാധനങ്ങള്‍ ലഭിക്കാനുള്ള അവസരം നിഷേധിക്കുകയാണ്. പല സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര പൂളില്‍നിന്നുള്ള ഭക്ഷ്യധാന്യ വിതരണം വെട്ടിക്കുറച്ചതായിരുന്നു രണ്ടാമത്തെ നടപടി. മൂന്നാമത്തെ നടപടി പൊതുവിതരണ സംവിധാനം വീണ്ടും ചുരുക്കുകയെന്നതാണ്. അടുത്തകാലത്തായി, ജനങ്ങളെ ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവരെന്നപേരില്‍ വേര്‍തിരിക്കുന്നത് അവസാനിപ്പിക്കണമെന്നും അവരെല്ലാം യഥാര്‍ത്ഥത്തില്‍ ദരിദ്രരാണെന്നും പൊതുവിതരണത്തിന്റെ ലഭ്യത എല്ലാ വിഭാഗങ്ങള്‍ക്കും ഉറപ്പാക്കണമെന്നും ഒരു പാര്‍ലമെന്ററി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ശുപാര്‍ശചെയ്തിരുന്നു.
ഏതാനും മാസങ്ങള്‍ക്കുമുമ്പ്, ഇപ്പോഴത്തെ ആഗോള ഭക്ഷ്യ പ്രതിസന്ധി ആരംഭിക്കുന്നതുവരെ വികസിത രാജ്യങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കാവശ്യമായ കയറ്റുമതി വിളകള്‍ക്കുവേണ്ടി കരാര്‍ കൃഷി പ്രോത്സാഹിപ്പിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ ഭക്ഷ്യവ്യാപാരത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍ക്ക് സൌകര്യമൊരുക്കിക്കൊടുക്കുന്ന തിരക്കിലായിരുന്നു. ഭക്ഷ്യധാന്യ ഉല്‍പാദനത്തില്‍നിന്ന് മാറി ഉല്‍പാദനം "വൈവിദ്ധ്യവല്‍ക്കരിക്കണ''മെന്നാണ് സര്‍ക്കാര്‍ കര്‍ഷകരോട് പറയുന്നത്. ഭക്ഷ്യധാന്യങ്ങളുടെ സംഭരണവില മരവിപ്പിക്കുകയും ധാന്യ സംഭരണത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്തുകൊണ്ട് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക സൂചന നല്‍കുകയാണുണ്ടായത്.
ഇപ്പോള്‍ ഭക്ഷ്യ കലാപം നടക്കുന്ന രാജ്യങ്ങള്‍ ഇത്തരം മണ്ടന്‍ നയങ്ങള്‍ കുറെ വര്‍ഷങ്ങളായി നടപ്പാക്കിവരുന്നതിനെ തുടര്‍ന്ന് ഗണ്യമായ നിലയില്‍ ഭക്ഷ്യധാന്യ ഇറക്കുമതിയെ ആശ്രയിക്കുന്നവരായി മാറിയിരുന്നു. നമ്മുടെ രാജ്യത്തുതന്നെ കഴിഞ്ഞ ഒരു ദശകത്തിലേറെക്കാലമായി സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ഉല്‍പാദനത്തിലെയും ലഭ്യതയിലെയും അപായകരമായ കുറവില്‍ ശ്രദ്ധചെലുത്താതിരുന്നത് എന്തുകൊണ്ടായിരുന്നു? 1992 മുതല്‍ ഞാന്‍ ഇക്കാര്യം മുന്‍കൂട്ടി സൂചിപ്പിക്കുകയും ആവശ്യത്തിലുമധികം ആവര്‍ത്തിച്ച് എഴുതിക്കൊണ്ടിരിക്കുകയുമാണ്. നമ്മുടെ രാഷ്ട്രീയ മേലാളന്മാര്‍ നമ്മുടെ ഭക്ഷ്യസുരക്ഷയുടെ തകര്‍ച്ച കൈയുംകെട്ടിനിന്ന് വീക്ഷിക്കുകയായിരുന്നു. വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളില്‍നിന്ന് കരകയറുന്നതിന് വേണ്ട ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെങ്കില്‍ പ്രശ്‌നത്തിനാധാരമായ ശരിയായ കാരണങ്ങള്‍ കണ്ടെത്തണം. എന്നാല്‍ ഈ അവസാന നിമിഷങ്ങളില്‍പോലും, അതിനായുള്ള ചെറിയൊരു പരിശ്രമംപോലും നടത്താതെ വിലകള്‍ കുതിച്ചുയരുമ്പോള്‍ കോപാവേശത്തോടെ അട്ടഹസിക്കുകയും പിറുപിറുക്കുകയും ചെയ്യുന്നതുകൊണ്ട് എന്താണ് ഫലം?
പൂര്‍വകാല സംഭവങ്ങളെ വിലയിരുത്തുന്നതിലുള്ള ഈ നിഷ്‌ക്രിയത്വത്തിന്റെ കാരണം ബൌദ്ധികമായ പരാജയമാണെന്ന് തോന്നുന്നു. ജനങ്ങള്‍ ഭക്ഷ്യ സാധനങ്ങളുടെ വിലക്കയറ്റവും തന്മൂലമുള്ള നാണയപ്പെരുപ്പവും പെട്ടെന്നു തന്നെ മനസ്സിലാക്കുന്നു, എന്നാല്‍ പ്രതിശീര്‍ഷ ഉല്‍പാദനത്തിലുണ്ടായ തകര്‍ച്ചയെത്തുടര്‍ന്ന് യഥാര്‍ത്ഥത്തില്‍ ഭക്ഷ്യക്കമ്മി വര്‍ദ്ധിച്ചുവരികയാണെന്ന ഗുരുതരമായ സാഹചര്യത്തെക്കുറിച്ച് അവര്‍ മനസ്സിലാക്കുന്നില്ലെന്നാണ് തോന്നുന്നത്; വിലക്കയറ്റത്തില്‍നിന്നു മാത്രം അത് തിരിച്ചറിയാന്‍ കഴിയില്ല; കാരണം; ജനങ്ങളുടെ വാങ്ങല്‍ കഴിവും അതുകൊണ്ടുതന്നെ പ്രതിശീര്‍ഷ ചോദനവും പ്രതിശീര്‍ഷ ഉല്‍പാദനക്കുറവിനേക്കാള്‍ വേഗതയില്‍ കുറഞ്ഞുവരികയാണ്. രണ്ടുവര്‍ഷം മുമ്പ് നാണയപ്പെരുപ്പം അസാധാരണമായവിധം കുറവായിരുന്നു. കാര്‍ഷികത്തൊഴിലാളികള്‍ക്കുള്ള ഉപഭോക്തൃ വില സൂചിക 1999-2000നും 2004-05നും ഇടയ്ക്ക് വെറും 11 ശതമാനം മാത്രമെ വര്‍ദ്ധിച്ചുള്ളു; എന്നാല്‍ അപ്പോഴും പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ഉല്‍പാദനം അതിവേഗം കുറയുകയായിരുന്നു; ഭക്ഷ്യ പ്രതിസന്ധി വര്‍ദ്ധിക്കുകയുമായിരുന്നു. എന്നാല്‍ നാണയപ്പെരുപ്പ നിരക്ക് ഇത്രയും കുറവായത് പ്രതിശീര്‍ഷ ഭക്ഷ്യ ഉപഭോഗത്തില്‍ സംഭവിച്ച കുറവുമായി ക്രമീകരിച്ചതിനാലാണ് ; തൊഴില്‍ അവസരങ്ങളില്‍, പ്രത്യേകിച്ച് ഗ്രാമീണ മേഖലയില്‍, വലിയ കുറവുണ്ടായതിനെ തുടര്‍ന്ന് പട്ടിണി വ്യാപകമായതും ഇതിനു കാരണമായി. നവലിബറല്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ കാരണം ഉല്പാദനത്തില്‍ കുറവ് വന്നതുപോലെതന്നെ അതിനൊപ്പം ആളുകളുടെ വരുമാനവും കുറഞ്ഞു. ഇന്നിപ്പോള്‍ ഗ്രാമീണ ഇന്ത്യയില്‍എല്ലാം തികഞ്ഞ സാമ്പത്തിക മാന്ദ്യത്തിന്റെ അരങ്ങാണ് നാം കാണുന്നത്.
ഭക്ഷ്യധാന്യങ്ങളുടെ പ്രതിശീര്‍ഷ ഉല്‍പാദനം 1980ല്‍ 355 കിലോഗ്രാം ആയിരുന്നത് 2000-ാമാണ്ട് ആയപ്പോഴേക്ക് 343 കിലോഗ്രാം ആയി കുറഞ്ഞുവെന്നു നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ. സാധാരണ നിലയില്‍ ഇത്, ആഗോളതലത്തില്‍ പണപ്പെരുപ്പം ഉണ്ടാകുന്നതിനും ഇടവരുത്തേണ്ടതായിരുന്നു. കാരണം ഇതേ കാലയളവില്‍ പ്രതിശീര്‍ഷവരുമാനം ഉയര്‍ന്നിരുന്നു. പ്രതിശീര്‍ഷവരുമാനം ഉയരുന്നതിനനുസരിച്ച് ഭക്ഷ്യധാന്യങ്ങള്‍ക്കുള്ള ചോദനവും എല്ലായ്പ്പോഴും വര്‍ദ്ധിയ്ക്കാറുമുണ്ട്. ഭക്ഷ്യധാന്യങ്ങള്‍ നേരിട്ട് ഉപഭോഗം ചെയ്യപ്പെടുന്നുവെന്ന് മാത്രമല്ല, കാലിത്തീറ്റയായി മാറ്റപ്പെടുന്നുമുണ്ട്; സംസ്കരിയ്ക്കപ്പെട്ട ഭക്ഷണമായും അത് മാറ്റപ്പെടുന്നുണ്ട്. എന്നുതന്നെയല്ല വ്യാവസായികോല്‍പാദനത്തിലും അത് ഉപയോഗിയ്ക്കപ്പെടുന്നു. ഏറ്റവും ഒടുവില്‍ എത്തനോള്‍ ഉല്‍പാദനത്തില്‍ വരെ അത് ഉപയോഗിയ്ക്കപ്പെടുന്നതായി കാണുന്നു. അമേരിക്കന്‍ പൌരന്മാര്‍ ഉപയോഗിക്കുന്ന ഭക്ഷ്യധാന്യത്തില്‍ അഞ്ചിലൊന്നു മാത്രമേ, അവര്‍ നേരിട്ട് ഉപഭോഗം ചെയ്യുന്നുള്ളൂ; ബാക്കിയെല്ലാം പരോക്ഷമായി ഉപഭോഗം ചെയ്യപ്പെടുകയാണ്. നമ്മുടെ രാജ്യത്തിലെ ആളുകള്‍ ഭക്ഷ്യധാന്യങ്ങളില്‍നിന്ന് ഉപഭോഗം വൈവിധ്യവല്‍ക്കരിച്ചിരിക്കുന്നുവെന്നും പാല്‍, മുട്ട തുടങ്ങിയ മൃഗോല്‍പന്നങ്ങളിലേക്ക് അവരുടെ താല്‍പര്യം മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും അതിനാല്‍ പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ഉല്‍പാദനം കുറഞ്ഞാലും അതു കാര്യമാക്കേണ്ടതില്ലെന്നും ഉള്ള ബാലിശമായ ഒരു വാദം ചില എഴുത്തുകാര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. കല്‍ക്കരിയുടെ പ്രതിശീര്‍ഷ ഉല്‍പാദനം കുറയുന്നതു സാരമില്ല, കാരണം ജനങ്ങള്‍ കല്‍ക്കരി ഉപയോഗിക്കുന്നത് കുറച്ച് വൈദ്യുതി കൂടുതല്‍ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നുവെന്ന് പറയുന്നതിനു തുല്യമാണിത്. മൊത്തം വൈദ്യുതിയില്‍ അഞ്ചില്‍ നാലു ഭാഗത്തിലധികവും കല്‍ക്കരിയില്‍നിന്നാണ് ഉല്‍പാദിപ്പിക്കുന്നത് എന്ന് ഇതു പറഞ്ഞ ആള്‍ക്ക് അറിയില്ല എന്നു മാത്രമാണതിനര്‍ത്ഥം.
1980കളിലും 1990കളില്‍ ഒട്ടാകെയും ലോകസമ്പദ്‌വ്യവസ്ഥയില്‍ ഭക്ഷ്യധാന്യ ഉല്‍പാദന വളര്‍ച്ചയില്‍ ഉണ്ടായ മാന്ദ്യവും പ്രതിശീര്‍ഷ ഉല്‍പാദനത്തില്‍ ഉണ്ടായ കുറവും കാരണം സംഭവിച്ച ദീര്‍ഘകാലികമായ അസന്തുലിതാവസ്ഥ ജനങ്ങള്‍ക്ക് ഏറെയൊന്നും ദൃശ്യമാവുകയുണ്ടായില്ല. കാരണം അസാധാരണമായ പണപ്പെരുപ്പം അനുഭവപ്പെട്ടിരുന്നില്ല; നേരെമറിച്ച് പല വികസ്വരരാജ്യങ്ങളിലും വിലക്കുറവ് അനുഭവപ്പെടുകയും ചെയ്തു. ഐഎംഎഫിന്റെ നിയന്ത്രണത്തിന്‍കീഴിലുള്ള വരുമാനച്ചുരുക്ക സംവിധാനങ്ങള്‍ ഏതാണ്ടെല്ലാ വികസ്വര രാജ്യങ്ങളിലും വരുമാനത്തേയും അതുവഴി ചോദനത്തേയും ഞെരിച്ചമര്‍ത്തിയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ഇക്കാര്യം നാം മുകളില്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. ലോകത്തെങ്ങുമുള്ള വികസ്വര രാജ്യങ്ങളിലെ കൃഷിക്കാരും ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും തൊഴിലാളികളും ഭക്ഷണം കുറച്ചു കുറച്ചു കൊണ്ടുവന്നു; അങ്ങനെ ശിക്ഷ ഏറ്റുവാങ്ങി. അതേ അവസരത്തില്‍ നഗരങ്ങളിലെ ബുദ്ധിജീവികള്‍ തങ്ങളുടെ ലേഖനങ്ങളില്‍ ഒറ്റക്കെട്ടായി ഇതിനോട് അന്ധത പുലര്‍ത്തി; പ്രശ്നങ്ങളെ അവഗണിച്ചു.
ജനങ്ങളുടെ ചോദനത്തില്‍ വെട്ടിക്കുറവു വരുത്തിക്കൊണ്ട് പണപ്പെരുപ്പത്തെ ഇങ്ങനെ മൂടിവെച്ചതുകാരണം, സ്ഥിതിഗതികളുടെ ഗൌരവ സ്വഭാവം അവര്‍ക്കും മിക്ക നിരീക്ഷകന്മാര്‍ക്കും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ദീര്‍ഘകാലമായിട്ടുള്ള ഈ അസന്തുലിതാവസ്ഥയും പോഷകാഹാരക്കുറവും തുറന്നു കാണിയ്ക്കപ്പെടുന്നതിന് ഒരു പ്രകമ്പനം, അഥവാ കാഞ്ചിവലിയ്ക്കല്‍ ആവശ്യമായിരുന്നു. ഒടുവില്‍ അതുണ്ടായി. അമേരിക്കന്‍ പ്രസിഡണ്ട് ബുഷിനും ഇറാക്കില്‍ അദ്ദേഹം നടത്തിയ അതിസാഹസത്തിനും നന്ദി. ആഗോളതലത്തില്‍ എണ്ണവില കുതിച്ചുയര്‍ന്നതും വികസിത മുതലാളിത്ത രാജ്യങ്ങളില്‍ ജൈവ ഇന്ധന ഉല്‍പാദനത്തിനായി ഭക്ഷ്യധാന്യങ്ങള്‍ വന്‍തോതില്‍ വഴിതിരിച്ചുവിടുന്നതും ആണ് അതിനിടവരുത്തിയത്. കുതിച്ചുയരുന്ന എണ്ണവില പെട്ടെന്ന് താഴാന്‍ വലിയ സാധ്യതയൊന്നും കാണുന്നുമില്ല.
വികസ്വര രാജ്യങ്ങളിലെ സ്വതന്ത്ര വ്യാപാര മാതൃകകളും കയറ്റുമതിക്കു പ്രത്യേകം നല്‍കിയിരുന്ന ഊന്നലുകളും ഇന്ന് തീര്‍ത്തും അപകീര്‍ത്തികരമായിത്തീര്‍ന്നിരിക്കുന്നു. ഇന്ത്യയെപ്പോലെയുള്ള വികസ്വര രാജ്യങ്ങള്‍ തങ്ങളുടെ ഭക്ഷ്യസുരക്ഷ ഉപേക്ഷിച്ച്, കയറ്റുമതി പ്രധാനമായ മേഖലകളിലേക്കു തിരിയുകയും വികസിത മുതലാളിത്ത രാജ്യങ്ങളില്‍നിന്ന് ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്യാമെന്ന വാഗ്ദാനത്തില്‍ വിശ്വസിക്കുകയും ചെയ്തിട്ടിപ്പോള്‍ എന്തായി? വടക്കന്‍ അര്‍ധ ഗോളത്തില്‍ ഇന്ധന ഉല്‍പാദനത്തിനായി വന്‍തോതില്‍ ഭക്ഷ്യധാന്യങ്ങള്‍ വഴിതിരിച്ചുവിടുകയും ആഗോളതലത്തില്‍ ഭക്ഷ്യധാന്യ സ്റ്റോക്ക് അപ്രത്യക്ഷമാവുകയും ഭക്ഷ്യവിലകള്‍ കുതിച്ചുയരുകയും ചെയ്യുമ്പോള്‍ ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങള്‍ എങ്ങോട്ടുപോകും? നമ്മെ സംബന്ധിച്ചിടത്തോളം രണ്ട് ബദല്‍ മാര്‍ഗങ്ങളേ മുന്നിലുള്ളൂ: രണ്ടാം ലോക മഹായുദ്ധത്തിനുശേഷം നാം നടത്തിയതുപോലെയുള്ള "കൂടുതല്‍ ഭക്ഷണം ഉല്‍പാദിപ്പിക്കുക'' എന്ന ക്യാമ്പൈന്‍ അതേ അടിയന്തിര സ്വഭാവത്തോടെ നടത്തുക - അതാണ് ശരിയായ മാര്‍ഗം. കാരണം നമ്മുടെ ഇന്നത്തെ പ്രതിശീര്‍ഷ ഭക്ഷ്യോല്‍പാദനം അമ്പതുകൊല്ലം മുമ്പുണ്ടായിരുന്ന അതേ നിലവാരത്തിലേക്ക് തലകുത്തി വീണിരിക്കുന്നു; വളരെ വലിയ വില കൊടുത്തു കൊണ്ടു മാത്രമേ നമുക്കിന്ന് ഇറക്കുമതി ചെയ്യാന്‍ കഴിയൂ. ഏപ്രില്‍ 11 ന് നടത്തിയ ഒരു ടെലിവിഷന്‍ ഇന്റര്‍വ്യൂവില്‍ സുപ്രസിദ്ധനായ ഒരു അര്‍ത്ഥശാസ്ത്രജ്ഞന്‍ നിര്‍ദ്ദേശിച്ച പിന്തിരിപ്പന്‍ ബദല്‍ ആണ് രണ്ടാമത്തേത് - എന്‍ആര്‍ഇജിപി ഉപേക്ഷിക്കണം എന്നതാണ് ആ നിര്‍ദ്ദേശം - കൂടുതല്‍ തൊഴില്‍ ഉണ്ടാക്കുന്നതിലും കൂടുതല്‍ ചോദനം ഉണ്ടാക്കുന്നതിലും അര്‍ഥമൊന്നുമില്ല; കാരണം ഭക്ഷ്യവിതരണം, ഇപ്പോള്‍ത്തന്നെ ചോദനത്തേക്കാള്‍ കുറവാണ്. ചുരുക്കത്തില്‍ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും ഉള്ള മാര്‍ഗമായി കൂടുതല്‍ തൊഴിലില്ലായ്മ ഉണ്ടാവട്ടെ, വരുമാനം ഇനിയും കുത്തിച്ചോര്‍ത്തപ്പെടട്ടെ; പട്ടിണി വര്‍ധിക്കട്ടെ!
യുപിഎ ഗവണ്‍മെന്റിലെ ലോകബാങ്ക് - ഐഎംഎഫ് അനുയായികള്‍ക്ക്, പണച്ചുരുക്ക പ്രത്യയശാസ്തത്തോട് പ്രതിജ്ഞാബദ്ധതയുള്ളവര്‍ക്ക്, ഈ അര്‍ത്ഥശാസ്ത്രജ്ഞന്റെ ഉപദേശങ്ങള്‍ നടപ്പാക്കാന്‍, തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം കഷ്ടിച്ചേയുള്ളൂവെന്നതിനാല്‍ ധൈര്യമുണ്ടാവുകയില്ല- അങ്ങനെ ചെയ്യണമെന്ന് അവര്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ത്തന്നെയും. എന്നാല്‍ കൂടുതല്‍ ഭക്ഷണം ഉല്‍പാദിപ്പിയ്ക്കുക എന്ന ക്യാമ്പൈന്‍ ഏറ്റെടുത്തുകൊണ്ട് ബദല്‍ മാര്‍ഗത്തിലൂടെ പൂര്‍ണശക്തിയോടെ മുന്നേറാനുള്ള ശരിയായ നടപടികള്‍ ഗവണ്‍മെന്റ് കൈക്കൊള്ളുന്നതുമില്ല 1993-94നും 2004-05നും ഇടയ്ക്ക്, അതായത് ഇപ്പോഴത്തെ പണപ്പെരുപ്പം അരങ്ങത്തെത്തുന്നതിന് എത്രയോ മുമ്പുതന്നെ, ഗ്രാമീണമേഖലയിലെ ദാരിദ്ര്യം വര്‍ധിക്കുക മാത്രമല്ല, നഗരപ്രദേശങ്ങളിലെ ദാരിദ്ര്യവും പോഷകാഹാരക്കുറവും വലിയ അളവില്‍ വര്‍ധന കാണിക്കുകയും ചെയ്തു എന്ന കാര്യം നാം മനസ്സിലാക്കുമ്പോഴാണ് അത്തരം ക്യാമ്പൈന്റെ അടിയന്തിര സ്വഭാവം കൂടുതല്‍ വ്യക്തമാവുന്നത്. ഗ്രാമീണ മേഖലയിലെയും പട്ടണപ്രദേശങ്ങളിലെയും പാവങ്ങളെ നാം ഇനിയും വേദനിപ്പിച്ചാല്‍, അത് പട്ടിണിയിലേക്കും ഭക്ഷ്യകലാപങ്ങളിലേക്കും ആണ് ചെന്നെത്തുക.
ഔദ്യോഗിക പോഷകാഹാര മാനദണ്ഡങ്ങളനുസരിച്ച് ഒരാള്‍ക്ക് ദിവസത്തില്‍ 2400 കലോറി ഊര്‍ജ്ജം ലഭിക്കുന്നതിനാവശ്യമായ ഭക്ഷണം ലഭിച്ചിരിക്കണം. എന്നാല്‍ ഗ്രാമീണമേഖലയിലെ ദരിദ്രരെ സംബന്ധിച്ചിടത്തോളം 2400 കലോറി ഊര്‍ജം ലഭിക്കത്തക്ക വിധത്തില്‍ ഭക്ഷണാവശ്യത്തിന് ചെലവാക്കാന്‍ കഴിയാത്തവരുടെ ശതമാനം 1993-94ല്‍ 75% ആയിരുന്നത് 2004-05ല്‍ 87 ശതമാനം ആയി ഉയര്‍ന്നു. 2200 കലോറി ഊര്‍ജം പോലും പ്രതിദിനം ലഭിക്കാത്തവരുടെ ശതമാനം 58.5ല്‍ നിന്ന് 70 ആയി ഉയര്‍ന്നു. ദാരിദ്ര്യത്തെ സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ ഇതിലും എത്രയോ താഴെയാണ്. എന്നു തന്നെയല്ല കൃത്രിമമായ താഴ്ച കാണിക്കുകയും ചെയ്യും. ദാരിദ്ര്യരേഖ കണക്കാക്കുന്നതിന് സര്‍ക്കാരിന്റെ തന്നെ പോഷകാഹാരക്കുറവ് സംബന്ധിച്ച മാനദണ്ഡങ്ങള്‍ ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ് ഇതിനുള്ള ഒന്നാമത്തെ കാരണം. അതിനുപകരം മൂന്നു പതിറ്റാണ്ട് പഴക്കമുള്ള ഒരു നിശ്ചിത ഉപഭോക്തൃ വില സൂചികാ സംവിധാനമെടുത്ത്, കാലോചിതമായ മാറ്റം വരുത്തി ഉപയോഗിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ദാരിദ്ര്യരേഖ ഇങ്ങനെ കുറച്ചു കാണിക്കുന്ന പ്രവണത വളര്‍ന്നുവളര്‍ന്ന് ഒടുവില്‍ അത് 2004-05ഓടെ ദിവസത്തില്‍ 12 രൂപയില്‍ താഴെ എന്ന നിലവാരത്തില്‍ എത്തിച്ചേര്‍ന്നു. അതുകൊണ്ട് ഏറിക്കഴിഞ്ഞാല്‍ ഒരു കിലോ അരി വാങ്ങിയ്ക്കാന്‍ അന്ന് കഴിയുമായിരുന്നു. മറ്റ് അടിസ്ഥാന ഭക്ഷ്യവസ്തുക്കളോ ഭക്ഷ്യേതര വസ്തുക്കളോ ഒന്നും തന്നെ വാങ്ങിയ്ക്കാന്‍ കഴിയുമായിരുന്നില്ല. അതിനൊക്കെ കഴിയണമെങ്കില്‍ ഇതിന്റെ ഇരട്ടിയെങ്കിലും തുക വേണം. അതായത് ദിവസത്തില്‍ 26 രൂപ വീതമെങ്കിലും ചെലവാക്കണം. (ഓരോ സംസ്ഥാനത്തിന്റെയും കണക്കുകളെടുത്ത് ഗ്രാമീണ മേഖലയിലെ ദാരിദ്ര്യത്തെക്കുറിച്ച് നടത്തിയ വിശദമായ ചര്‍ച്ച "എക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്ക്ലി''യില്‍ 2007 ജൂലൈ 28ന് ഞാന്‍ എഴുതിയ പ്രബന്ധത്തില്‍ കാണുക).
പൊതുവില്‍ പലരും മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്: 1993-94നു മുമ്പ് നഗരപ്രദേശങ്ങളിലെ ദാരിദ്ര്യം യഥാര്‍ത്ഥത്തില്‍ ഒരല്‍പം കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇതിനുശേഷം, സാമ്പത്തിക പരിഷ്കരണത്തിന്റെ കാലഘട്ടത്തില്‍ നഗരപ്രദേശങ്ങളിലെ ദാരിദ്ര്യം വര്‍ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. 2004-05 ഓടെ അത് കുത്തനെ ഉയര്‍ന്നു. രാജ്യ തലസ്ഥാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തിലും നാല് പ്രധാന നഗരങ്ങളിലും ഒഴിച്ച് മറ്റെല്ലായിടത്തും അതായിരുന്നു സ്ഥിതി. നഗരപ്രദേശങ്ങളിലെ ദാരിദ്ര്യത്തിലുണ്ടായ ഈ വര്‍ധനയില്‍ മഹാഭൂരിഭാഗവും സംഭവിച്ചത് 2000-ാമാണ്ടിന് ശേഷമാണ് - 2000നും 2005നും ഇടയില്‍ പണപ്പെരുപ്പ നിരക്ക് വളരെ കുറവായിരുന്നുവെങ്കിലും. കൂടുതല്‍ ഉയര്‍ന്ന മരുന്നുവിലകളും ആരോഗ്യപരിരക്ഷയും ചെലവ് ഉയര്‍ന്ന ഗതാഗതമാര്‍ഗങ്ങളും മറ്റ് അവശ്യചെലവുകളും എല്ലാം ഉള്‍പ്പെടെയുള്ള രണ്ടാം തലമുറയില്‍പ്പെട്ട സാമ്പത്തിക പരിഷ്കരണങ്ങളുടെ ആഘാതമാണ് അതിന് പ്രധാനമായും കാരണം. യഥാര്‍ത്ഥ വരുമാനം വര്‍ധിക്കാതിരുന്ന ജനങ്ങളുടെ ഭക്ഷണച്ചെലവ് വെട്ടിക്കുറയ്ക്കാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നു. ദരിദ്രരെ സംബന്ധിച്ചിടത്തോളം ഭക്ഷണാവശ്യത്തിനുവേണ്ടിയുള്ള ചെലവുകള്‍ക്കാണ് മുന്‍ഗണനയെങ്കിലും, വരുമാനം ഉണ്ടാക്കുന്നതിന് ആവശ്യമായ മുന്നുപാധികള്‍ തന്നെ ചെലവേറിയതായിത്തീര്‍ന്നാല്‍ (ജോലി സ്ഥലത്തേക്കുള്ള യാത്ര, അനാരോഗ്യം തരണം ചെയ്യുന്നതിനുള്ള മരുന്നുകള്‍ തുടങ്ങിയവയെല്ലാം, ചെലവേറിയതായിത്തീര്‍ന്നാല്‍) പിന്നെ ഭക്ഷണത്തിനുള്ള ചെലവ് കൂടുതല്‍ വെട്ടിക്കുറയ്ക്കുകയല്ലാതെ ദരിദ്രര്‍ക്ക് മറ്റ് പോംവഴികളൊന്നുമില്ല.
ദരിദ്രരെ സംബന്ധിച്ചിടത്തോളം മഹാരാഷ്ട്രയിലെ പട്ടണങ്ങളാണ് ഏറ്റവും ചെലവേറിയ പ്രദേശങ്ങള്‍ എന്ന് കാണാം. അവിടെയാണ് ദരിദ്രരുടെ സ്ഥിതി ഏറ്റവും മോശമായിരുന്നത്. പട്ടണപ്രദേശങ്ങളില്‍ ചുരുങ്ങിയത് 2100 കലോറി ഊര്‍ജമെങ്കിലും ഒരാള്‍ക്ക് ദിനംപ്രതി കിട്ടിയിരിക്കണം എന്നാണ് ഔദ്യോഗിക പോഷകാഹാര മാനദണ്ഡം പറയുന്നത്. എന്നാല്‍ 2100 കലോറി ഊര്‍ജമെങ്കിലും ലഭിക്കാന്‍ ആവശ്യമായ പണം ചെലവാക്കാന്‍ കഴിയാത്തവരുടെ അനുപാതം ജനസംഖ്യയുടെ 52.5 ശതമാനമായിരുന്നത് 85 ശതമാനമായി ഉയര്‍ന്നു. ഏറ്റവും താഴ്ന്ന പോഷകാഹാര നിലവാരമായ 1800 കലോറി ഊര്‍ജം പോലും ലഭിക്കാത്തവര്‍ അതായത് 1800 കലോറി ഊര്‍ജ്ജ നിലവാരത്തിനു താഴേക്കുപോയവര്‍, ജനസംഖ്യയില്‍ 50 ശതമാനത്തിലേറെ വരും. വെറും രണ്ടരകൊല്ലം കൊണ്ടാണിത് സംഭവിച്ചത്. ഗ്രാമീണമേഖലയില്‍നിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും കുടിയേറി വന്നവരാണ് സ്ഥിതി ഇങ്ങനെ വഷളായതിന് കാരണം എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. മുമ്പുതന്നെ വന്‍ നഗരങ്ങളില്‍ ഉണ്ടായിരുന്ന ആളുകളാണല്ലോ ദുരിതം അനുഭവിക്കുന്നത്. മഹാരാഷ്ട്രക്കാരല്ലാത്തവരെ ആക്രമിക്കുന്ന ഫാസിസ്റ്റ് സ്വഭാവമുള്ള, മണ്ണിന്റെ മക്കള്‍ വാദ പ്രസ്ഥാനത്തിന് വളക്കുറുള്ള മണ്ണൊരുക്കി കൊടുത്തത് ഇതാണ് എന്ന് ഞാന്‍ പറയും. നഗരങ്ങളിലെ ദരിദ്രരുടെ ദുരിതം വര്‍ദ്ധിച്ചു വരുന്നതിന്റെ യഥാര്‍ത്ഥ കാരണം ആരും പരിശോധിക്കുന്നില്ല; പുറത്തുനിന്നുള്ളവരെ ബലിയാടുകളാക്കകയാണ്.
അഭിവൃദ്ധി പ്രാപിച്ച ഡെല്‍ഹിയില്‍ ദാരിദ്ര്യത്തിന്റെ ശതമാനം 35ല്‍നിന്ന് 22 ശതമാനം വര്‍ധിച്ച് 57 പോയിന്റില്‍ എത്തി നില്‍ക്കുന്നു. തൊട്ടടുത്ത് പശ്ചിമ ബംഗാളിലെ നഗരപ്രദേശങ്ങളാണ്. അവിടെ ദാരിദ്ര്യത്തിന്റെ ശതമാനം ഏതാണ്ട് 20 പോയിന്റ് വര്‍ധിച്ച്, 49ല്‍ നിന്ന് 68.5 ശതമാനത്തിലെത്തിയിരിക്കുന്നു. രണ്ടിടത്തും ദാരിദ്ര്യത്തിന്റെ രൂക്ഷത വര്‍ദ്ധിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ കലോറി ഉപഭോഗ നിരക്കായ 1800ല്‍നിന്ന് താഴേക്ക് കൂടുതല്‍ കൂടുതല്‍ ആളുകള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. തുടക്കത്തില്‍ തമിഴ്‌നാട് ആയിരുന്നു നഗരപ്രദേശങ്ങളുടെ ദാരിദ്ര്യത്തിന്റെ കാര്യത്തില്‍ മുന്നില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അവിടെ 1.5 ശതമാനത്തിന്റെ വര്‍ധനയേ ഉണ്ടായിട്ടുള്ളൂ. തമിഴ്‌നാടിനെ മഹാരാഷ്ട്രം കവച്ചുവെച്ചിരിക്കുന്നു. ഇന്ന് ഏറ്റവും ഉയര്‍ന്ന തോതിലുള്ള നഗരദാരിദ്ര്യം മഹാരാഷ്ട്രയിലാണുള്ളത്. തമിഴ്‌നാട്ടില്‍ 1800 കലോറിയില്‍ കുറഞ്ഞ ഊര്‍ജം ലഭിക്കുന്നവരുടെ ശതമാനക്കണക്കില്‍ ഒരു ചെറിയ കുറവ് അനുഭവപ്പെട്ടുവെങ്കിലും ഏറ്റവും കുറഞ്ഞ ഈ ഊര്‍ജ ഉപഭോഗനിരക്കെങ്കിലും ലഭിക്കാന്‍ കഴിവില്ലാത്തവരുടെ സംഖ്യ ഇപ്പോഴും നഗര ജനസംഖ്യയിലെ ഏതാണ്ട് അഞ്ചില്‍ രണ്ടു ഭാഗം വരും. ഈ സംസ്ഥാനങ്ങളില്‍ സ്ഥിതി ചെയ്യുന്ന വന്‍ നഗരങ്ങളിലെയും പട്ടണങ്ങളിലെയും മതിയായ പോഷകാഹാരം ലഭിക്കാത്ത കോടിക്കണക്കിന് ജനങ്ങളെ സംബന്ധിച്ചിടത്തോളം, ദ്രുതഗതിയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഭക്ഷ്യധാന്യ വിലപ്പെരുപ്പത്തിന്റെ അര്‍ത്ഥം എന്തെന്ന് ഊഹിയ്ക്കാവുന്നതേയുള്ളൂ.
പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരുമായ ജനങ്ങളുടെ സ്ഥിതി വളരെ വളരെ മോശമാണ്. ഗ്രാമീണ ഇന്ത്യയില്‍ പട്ടികവര്‍ഗക്കാരുടെ സ്ഥിതി ഏറ്റവും കൂടുതല്‍ വഷളായിരിക്കുന്നു. അവരില്‍ 44 ശതമാനം പേര്‍, 1800 കലോറി ഊര്‍ജ ഉപഭോഗ നിരക്കിനും താഴോട്ടു പോയിരിക്കുന്നു. പത്തുകൊല്ലം മുമ്പ് ഇത്രയും ഊര്‍ജം ലഭിക്കാത്തവര്‍ 30 ശതമാനമായിരുന്നു. നഗരപ്രദേശങ്ങളിലാകട്ടെ, പട്ടികജാതിക്കാരില്‍ മൂന്നില്‍ രണ്ടുഭാഗവും പട്ടികവര്‍ഗക്കാരില്‍ അഞ്ചില്‍ മൂന്നു ഭാഗവും 2004-05 ആയപ്പോഴേക്കും 1800 കലോറി ഊര്‍ജ ഉപഭോഗ നിരക്കിനും താഴേക്ക് ഇറങ്ങിപ്പോയി കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ജനങ്ങളെ പൊതുവില്‍ എടുത്താല്‍, സ്ഥിതി യഥാര്‍ത്ഥത്തില്‍ ഒരല്‍പം മെച്ചപ്പെട്ടിരിക്കുകയാണെന്ന് പറയാം. അല്ലെങ്കില്‍ത്തന്നെ കടുത്ത പോഷകാഹാര കുറവിന് വിധേയരായിട്ടുള്ള, സാമൂഹ്യമായി അടിച്ചമര്‍ത്തപ്പെട്ടു കിടക്കുന്ന ഈ വിഭാഗങ്ങളുടെ ദുരിതങ്ങള്‍, ദ്രുതഗതിയിലുള്ള ഭക്ഷ്യധാന്യ വിലക്കയറ്റംമൂലം കൂടുതല്‍ വര്‍ധിക്കുകയേയുള്ളൂ.
ഇവിടെ കൊടുത്ത വിവരങ്ങള്‍ അനുസരിച്ചുള്ള നഗരപ്രദേശങ്ങളിലെ ദരിദ്രരുടെ സ്ഥിതി കഴിഞ്ഞ നാലു കൊല്ലത്തിനുള്ളില്‍ കൂടുതല്‍ വഷളാവുകയാണുണ്ടായത്. സമയം ഒട്ടും നഷ്ടപ്പെടുത്താനില്ല. 2007-08ല്‍ ഭക്ഷ്യധാന്യ ഉല്‍പാദനം റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയിരിക്കുന്നുവെന്നും 2270 ലക്ഷം ടണ്‍ ആയിരിക്കുന്നുവെന്നും കഴിഞ്ഞ വര്‍ഷത്തെയപേക്ഷിച്ച് 110 ലക്ഷം ടണ്‍ വര്‍ധിച്ചിരിക്കുന്നുവെന്നും അഭൂതപൂര്‍വമായ വര്‍ധനയാണിതെന്നും മറ്റും ഗവണ്‍മെന്റ് അവകാശപ്പെടുന്നുണ്ട്. വ്യാപാരികളുടെ ഇടയിലുള്ള പണപ്പെരുപ്പ പ്രവണതയെ നിരുല്‍സാഹപ്പെടുത്തുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ള, പെരുപ്പിച്ച് കാണിക്കുന്ന കണക്കുകള്‍ ആയിരിക്കണം അവ. ഭക്ഷ്യധാന്യ സംഭരണവില കഴിഞ്ഞ വര്‍ഷം വളരെ വൈകിയ വേളയില്‍ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചുകൊടുത്തതിനോട് കൃഷിക്കാര്‍ അനുകൂലമായി പ്രതികരിക്കുകയും ഉല്‍പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് സ്വാഗതാര്‍ഹമായ ഒരു സംഭവവികാസം തന്നെ. 2270 ലക്ഷം ടണ്‍ ഉല്‍പാദനം ഉണ്ടായി എന്ന അവകാശവാദം ശരിയാണെന്ന് കണക്കാക്കുകയാണെങ്കില്‍ത്തന്നെ, 2008ല്‍ അവസാനിക്കുന്ന മൂന്നുവര്‍ഷ കാലത്തെ അപേക്ഷിച്ച് 2001ല്‍ അവസാനിക്കുന്ന മൂന്നുവര്‍ഷ കാലത്തിനുള്ളില്‍ മൊത്തം ഭക്ഷ്യധാന്യ ഉല്‍പാദനം 5 ശതമാനത്തില്‍ കുറഞ്ഞ അളവിലേ വര്‍ധിച്ചിട്ടുള്ളൂ; അതേ അവസരത്തില്‍ത്തന്നെ, ഇക്കാലത്ത് ജനസംഖ്യ 10 ശതമാനത്തിലധികം വര്‍ധിയ്ക്കുകയുണ്ടായി. കഴിഞ്ഞകാലങ്ങളിലെ നിഷ്‌ക്രിയത്വത്തിനു പ്രായശ്ചിത്തം ചെയ്യാനും ഫലപ്രദമായ ഒരു പ്രവര്‍ത്തന പദ്ധതി ആവിഷ്കരിക്കാനും, പുരോഗമന ചിന്താഗതിക്കാരായ എല്ലാവരും, ചിന്തിക്കുന്ന എല്ലാവരും മുന്നോട്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. "കൂടുതല്‍ ഭക്ഷണം ഉല്‍പാദിപ്പിക്കുക'' എന്ന ക്യാമ്പൈന്‍ എല്ലാ സംസ്ഥാനങ്ങളിലും അടിയന്തിരമായി നടത്തുക എന്നതായിരിക്കണം അതിന്റെ തുടക്കം; അതോടൊപ്പം പൊതുവിതരണ സംവിധാനം പുനരുദ്ധരിക്കുകയും ഫലപ്രദമായി നടപ്പാക്കുകയും വേണം.
***
ഉല്‍സാ പട്നായിക്
Subscribe to:
Post Comments (Atom)
1 comment:
പുത്തന്‍ സാമ്പത്തിക നയങ്ങള്‍ രാജ്യത്ത് സൃഷ്ടിച്ച നേട്ടങ്ങളെക്കുറിച്ച് വാചാലരാവുന്നവര്‍ അവശ്യം വായിച്ചിരിക്കേണ്ട ലേഖനം. നഗരദാരിദ്ര്യത്തിന്റെ കാണപ്പുറങ്ങള്‍. സാമ്പത്തിക പരിഷ്ക്കാരത്തെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ക്കിടയില്‍ മുങ്ങിപ്പോകുന്ന യഥാര്‍ത്ഥ ചിത്രം.നഗര ദാരിദ്ര്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തിക ശാസ്ത്രവും വിശദമാക്കുന്ന പ്രൊഫസര്‍ ഉല്‍സാ പട്നായിക്കിന്റെ പഠനാര്‍ഹമായ പ്രബന്ധത്തില്‍ നിന്ന്..
“വികസ്വര രാജ്യങ്ങളിലെ സ്വതന്ത്ര വ്യാപാര മാതൃകകളും കയറ്റുമതിക്കു പ്രത്യേകം നല്‍കിയിരുന്ന ഊന്നലുകളും ഇന്ന് തീര്‍ത്തും അപകീര്‍ത്തികരമായിത്തീര്‍ന്നിരിക്കുന്നു. ഇന്ത്യയെപ്പോലെയുള്ള വികസ്വര രാജ്യങ്ങള്‍ തങ്ങളുടെ ഭക്ഷ്യസുരക്ഷ ഉപേക്ഷിച്ച്, കയറ്റുമതി പ്രധാനമായ മേഖലകളിലേക്കു തിരിയുകയും വികസിത മുതലാളിത്ത രാജ്യങ്ങളില്‍നിന്ന് ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്യാമെന്ന വാഗ്ദാനത്തില്‍ വിശ്വസിക്കുകയും ചെയ്തിട്ടിപ്പോള്‍ എന്തായി? വടക്കന്‍ അര്‍ധ ഗോളത്തില്‍ ഇന്ധന ഉല്‍പാദനത്തിനായി വന്‍തോതില്‍ ഭക്ഷ്യധാന്യങ്ങള്‍ വഴിതിരിച്ചുവിടുകയും ആഗോളതലത്തില്‍ ഭക്ഷ്യധാന്യ സ്റ്റോക്ക് അപ്രത്യക്ഷമാവുകയും ഭക്ഷ്യവിലകള്‍ കുതിച്ചുയരുകയും ചെയ്യുമ്പോള്‍ ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങള്‍ എങ്ങോട്ടുപോകും? നമ്മെ സംബന്ധിച്ചിടത്തോളം രണ്ട് ബദല്‍ മാര്‍ഗങ്ങളേ മുന്നിലുള്ളൂ: രണ്ടാം ലോക മഹായുദ്ധത്തിനുശേഷം നാം നടത്തിയതുപോലെയുള്ള "കൂടുതല്‍ ഭക്ഷണം ഉല്‍പാദിപ്പിക്കുക'' എന്ന ക്യാമ്പൈന്‍ അതേ അടിയന്തിര സ്വഭാവത്തോടെ നടത്തുക - അതാണ് ശരിയായ മാര്‍ഗം. കാരണം നമ്മുടെ ഇന്നത്തെ പ്രതിശീര്‍ഷ ഭക്ഷ്യോല്‍പാദനം അമ്പതുകൊല്ലം മുമ്പുണ്ടായിരുന്ന അതേ നിലവാരത്തിലേക്ക് തലകുത്തി വീണിരിക്കുന്നു; വളരെ വലിയ വില കൊടുത്തു കൊണ്ടു മാത്രമേ നമുക്കിന്ന് ഇറക്കുമതി ചെയ്യാന്‍ കഴിയൂ. ഏപ്രില്‍ 11 ന് നടത്തിയ ഒരു ടെലിവിഷന്‍ ഇന്റര്‍വ്യൂവില്‍ സുപ്രസിദ്ധനായ ഒരു അര്‍ത്ഥശാസ്ത്രജ്ഞന്‍ നിര്‍ദ്ദേശിച്ച പിന്തിരിപ്പന്‍ ബദല്‍ ആണ് രണ്ടാമത്തേത് - എന്‍ആര്‍ഇജിപി ഉപേക്ഷിക്കണം എന്നതാണ് ആ നിര്‍ദ്ദേശം - കൂടുതല്‍ തൊഴില്‍ ഉണ്ടാക്കുന്നതിലും കൂടുതല്‍ ചോദനം ഉണ്ടാക്കുന്നതിലും അര്‍ഥമൊന്നുമില്ല; കാരണം ഭക്ഷ്യവിതരണം, ഇപ്പോള്‍ത്തന്നെ ചോദനത്തേക്കാള്‍ കുറവാണ്. ചുരുക്കത്തില്‍ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും ഉള്ള മാര്‍ഗമായി കൂടുതല്‍ തൊഴിലില്ലായ്മ ഉണ്ടാവട്ടെ, വരുമാനം ഇനിയും കുത്തിച്ചോര്‍ത്തപ്പെടട്ടെ; പട്ടിണി വര്‍ധിക്കട്ടെ!”
***
“വികസ്വര രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ വികസിത രാജ്യങ്ങളെ അനുസരിക്കുകയാണ്. പണ്ട് കാളിദാസന്‍ ഇരിക്കുന്ന കൊമ്പ് മുറിച്ചതുപോലുള്ള അവസ്ഥയാണ് ഇതുണ്ടാക്കുന്നത് - വികസ്വര രാജ്യങ്ങള്‍ സ്വന്തം ജനതയുടെ ഭക്ഷ്യസുരക്ഷിതത്വം ഇല്ലാതാക്കുന്നതിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. വികസിത രാജ്യങ്ങളുടെ തന്ത്രം വിജയിച്ചിരിക്കുന്നു. അതിനും പുറമെ, ഐഎംഎഫ്-ലോകബാങ്ക് ഉപദേശപ്രകാരം ഓരോരോ രാജ്യങ്ങളായി തങ്ങളുടെ ആഭ്യന്തര ഭക്ഷ്യധാന്യ സംഭരണ - വിതരണ സംവിധാനങ്ങള്‍ ചുരുക്കുകയോ പൂര്‍ണ്ണമായും അവസാനിപ്പിക്കുകയോ ആണ്. വികസിതരാജ്യങ്ങളിലെ ധാന്യങ്ങളുടെയും ക്ഷീരോല്‍പന്നങ്ങളുടെയും മിച്ചം ചെലവഴിക്കാന്‍ നമ്മുടെ കമ്പോളങ്ങള്‍ അവര്‍ക്കായി തുറന്നുകൊടുക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.”
***
“ദരിദ്രരെ സംബന്ധിച്ചിടത്തോളം ഭക്ഷണാവശ്യത്തിനുവേണ്ടിയുള്ള ചെലവുകള്‍ക്കാണ് മുന്‍ഗണനയെങ്കിലും, വരുമാനം ഉണ്ടാക്കുന്നതിന് ആവശ്യമായ മുന്നുപാധികള്‍ തന്നെ ചെലവേറിയതായിത്തീര്‍ന്നാല്‍ (ജോലി സ്ഥലത്തേക്കുള്ള യാത്ര, അനാരോഗ്യം തരണം ചെയ്യുന്നതിനുള്ള മരുന്നുകള്‍ തുടങ്ങിയവയെല്ലാം, ചെലവേറിയതായിത്തീര്‍ന്നാല്‍) പിന്നെ ഭക്ഷണത്തിനുള്ള ചെലവ് കൂടുതല്‍ വെട്ടിക്കുറയ്ക്കുകയല്ലാതെ ദരിദ്രര്‍ക്ക് മറ്റ് പോംവഴികളൊന്നുമില്ല.”
***
“ഏറ്റവും താഴ്ന്ന പോഷകാഹാര നിലവാരമായ 1800 കലോറി ഊര്‍ജം പോലും ലഭിക്കാത്തവര്‍ അതായത് 1800 കലോറി ഊര്‍ജ്ജ നിലവാരത്തിനു താഴേക്കുപോയവര്‍, ജനസംഖ്യയില്‍ 50 ശതമാനത്തിലേറെ വരും. വെറും രണ്ടരകൊല്ലം കൊണ്ടാണിത് സംഭവിച്ചത്. ഗ്രാമീണമേഖലയില്‍നിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും കുടിയേറി വന്നവരാണ് സ്ഥിതി ഇങ്ങനെ വഷളായതിന് കാരണം എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. മുമ്പുതന്നെ വന്‍ നഗരങ്ങളില്‍ ഉണ്ടായിരുന്ന ആളുകളാണല്ലോ ദുരിതം അനുഭവിക്കുന്നത്. മഹാരാഷ്ട്രക്കാരല്ലാത്തവരെ ആക്രമിക്കുന്ന ഫാസിസ്റ്റ് സ്വഭാവമുള്ള, മണ്ണിന്റെ മക്കള്‍ വാദ പ്രസ്ഥാനത്തിന് വളക്കുറുള്ള മണ്ണൊരുക്കി കൊടുത്തത് ഇതാണ് എന്ന് ഞാന്‍ പറയും. നഗരങ്ങളിലെ ദരിദ്രരുടെ ദുരിതം വര്‍ദ്ധിച്ചു വരുന്നതിന്റെ യഥാര്‍ത്ഥ കാരണം ആരും പരിശോധിക്കുന്നില്ല; പുറത്തുനിന്നുള്ളവരെ ബലിയാടുകളാക്കുകയാണ്.”
Post a Comment