ഞാന്‍ ഒരു ബാരിക്കേഡ്.
എന്നെ കണ്ടിട്ടില്ലേ?
സമരമുഖങ്ങളില്‍ പേടിച്ച് വിറച്ചുനില്‍ക്കുന്ന എന്റെ മുഖം നിങ്ങള്‍ എത്രയോ തവണ കണ്ടിട്ടുണ്ടാവും.
പക്ഷേ ശ്രദ്ധിച്ചിട്ടുണ്ടാവില്ല.
അതിന്റെ കാര്യവുമില്ല.
ഞങ്ങള്‍ ബാരിക്കേഡുകള്‍ക്ക് രാഷ്ട്രീയ പ്രാധാന്യമില്ല, സാമൂഹ്യബന്ധമില്ല, ശോഭനമായ ഭാവിപോലുമില്ല.
അനങ്ങാത്ത ദുര്‍ഭൂതങ്ങളെപ്പോലെ നിധി കാത്ത് നില്‍ക്കലാണു വിധി. വെയിലും മഞ്ഞും മഴയും ബാധകമല്ല. ക്രമസമാധാനത്തിന്റെ ഒന്നാം പാഠമാണ് ഞങ്ങള്‍.
ഒരേ മുഖം, ഒരേ ശരീരം, ഒരേ വികാരം. ഞങ്ങള്‍ ഒരമ്മ പെറ്റ മക്കള്‍.
വെറും പൊലീസിനു മുതല്‍ ഡിഐജിക്കു വരെ ചോര പൊടിയാത്തത് ഞങ്ങള്‍ കാരണം. ഞങ്ങള്‍, കുരയ്ക്കാത്ത അല്‍സേഷനുകള്‍. അങ്കച്ചേകവന്മാര്‍ കച്ച മുറുക്കുമ്പോള്‍ ചത്തുകിടക്കുന്ന നേര്‍ച്ചക്കോഴികള്‍.
ഞങ്ങളെ ആര്‍ക്കു വേണം?
എന്നാല്‍ ചെറുപ്പത്തില്‍ ഞങ്ങള്‍ ഇങ്ങനെ ആയിരുന്നില്ല. ഓര്‍ക്കാന്‍ ഒരു തുള്ളി തെളിനീരിന്റെ ഗൃഹാതുരത്വം ഞങ്ങള്‍ക്കുമുണ്ട്.
അല്ലലും അലട്ടലുമില്ലാത്ത ബാല്യം. പൊലീസ്ക്യാമ്പിലെ അരുമകളായി വളര്‍ന്നു. ശീതാതപങ്ങള്‍ ഏറ്റില്ല. പുള്ളിപ്പട്ടും വെള്ളിക്കിണ്ടിയും കൂട്ടിനെത്തി. ചാഞ്ഞമരം വെട്ടി, ചതുരത്തില്‍ പടിയിട്ട് ചാഞ്ചക്കം ചാഞ്ചക്കം ഉറങ്ങി.
തോക്കു പിടിക്കുന്ന കൈകള്‍കൊണ്ട് തലോടല്‍, പിഴയ്ക്കാത്ത നാക്കുകൊണ്ട് താരാട്ടും.
പുള്ളിമാനിനൊപ്പം തുള്ളിക്കളിച്ച ഒരു പോയകാലം.
അന്ന് ലാത്തിവടികള്‍ക്ക് ഞങ്ങളോട് എന്ത് അസൂയയായിരുന്നു!
പാവങ്ങള്‍.
അവര്‍ക്കെന്ത് കഷ്ടപ്പാടായിരുന്നു. രാവിലെ നല്ല എണ്ണക്കറുമ്പനെപ്പോലെ പോകുന്നവര്‍ വൈകിട്ട് കരചരണങ്ങളറ്റ് മടങ്ങിവരുന്നതു കാണാം. നഴ്സറിയില്‍ ചേരാന്‍ പോയവന്‍ വാര്‍ധക്യകാല പെന്‍ഷനും വാങ്ങിവരുന്നപോലെ. കവിളില്‍ തുടുപ്പില്ല, മേനിയില്‍ മിനുക്കില്ല, ഒടിഞ്ഞും ചതഞ്ഞും ഞൊണ്ടിയും മുടന്തിയും ഏന്തിയും വലിഞ്ഞുമുള്ള വരവ്.
വിശന്നുപൊരിഞ്ഞ് കാത്തിരിക്കുന്ന ലാത്തിക്കുഞ്ഞുങ്ങള്‍ക്ക് ഇത്തിരി കഞ്ഞി അനത്തിക്കൊടുക്കാന്‍പോലും ഇവര്‍ക്ക് കഴിയില്ല. വേദന. നീറിപ്പിടിക്കുന്ന വേദന. കൊട്ടന്‍ചുക്കാദിയും പിണ്ഡതൈലവും നിസ്സഹായമായിപ്പോകുന്ന വേദന.
എത്ര വേദനയാണെങ്കിലും ശരി പിറ്റെ ദിവസവും ജോലിക്കു പോയേ പറ്റൂ.
ലാത്തിക്കുഞ്ഞുങ്ങള്‍ അവരുടെ അഛന്മാരെ കെട്ടിപ്പിടിച്ച് കരയുന്നത് എത്രയോവട്ടം കണ്ടിരിക്കുന്നു.
'അഛാ... പോകല്ലേ... ഞങ്ങള്‍ക്ക്... അഛനെ ഇല്ലാതാക്കല്ലേ..'
'ഇല്ല... മോനേ... അഛനൊന്നും പറ്റില്ല... പോകട്ടെ... പോകാതെ പറ്റ്വോ... നമുക്ക് ജീവിക്കണ്ടെ...'
'വേണ്ട... നമുക്ക് ഈ ജീവിതം വേണ്ടഛാ...'
'വേറെ എന്ത് വഴിയാണ് മോനേ നമുക്കുള്ളത്? നമുക്ക് കഞ്ഞി കുടിക്കണ്ടേ... നിന്റെ അമ്മക്ക് മരുന്ന് വാങ്ങണ്ടേ? നിനക്കു പഠിക്കാന്‍ പോകണ്ടെ? നിന്റെ അനിയത്തിക്ക് ഉടുപ്പു വാങ്ങണ്ടെ? പോട്ടേ മോനേ... അഛന്‍ പോട്ടേ...'
അഛന്‍ലാത്തി ആരും കാണാതെ കണ്ണീര്‍ തുടയ്ക്കും. അപ്പോഴേയ്ക്കും ഒരു പൊലീസുകാരന്‍ അയാളെ തോളത്തു തൂക്കിയിട്ടുണ്ടാവും.
ഈ ദയനീയ ദൃശ്യങ്ങള്‍ എത്ര കണ്ടു!
അന്ന് ഞങ്ങള്‍ കരുതി
'ഈ വിധി ഞങ്ങള്‍ക്കുണ്ടാവില്ല. ഞങ്ങള്‍ എത്ര ഭാഗ്യവാന്മാര്‍!'
എല്ലാം തോന്നലായിരുന്നു.
എന്നും ഒന്നും ഒന്നുപോലെയായിരിക്കില്ലെന്നത് എത്ര സത്യം!
എല്ലാ ചിരിക്കുപിന്നിലും ഒരു ദുരന്തം കാത്തിരിപ്പുണ്ട്. അഹങ്കരിക്കുന്നവരേ, കരുതിക്കോളൂ ആരും അതീതരല്ല.
അങ്ങനെ ഞങ്ങള്‍ക്കും വന്നു ദുരിതകാലം, ചാനലുകളുടെ രൂപത്തില്‍.
അതോടെ സമരത്തിന്റെ രൂപം മാറി, ഭാവം മാറി.
രൂപഭദ്രതാ സമരങ്ങള്‍.
ഭാവഭദ്രതാ സമരങ്ങള്‍.
രൂപവും ഭാവവും ചേര്‍ന്ന് അഭിനയം നിറഞ്ഞ ഷൂട്ടിംഗ് ലൊക്കേഷനുകളായി സമരഭൂമികള്‍.
അതിനും വേണ്ടേ ഇരകള്‍.
വേണം.
അതാണ് ഞങ്ങള്‍ ബാരിക്കേഡുകള്‍.
പൂമെത്തയില്‍നിന്നും കാരമുള്ളിലേക്കുള്ള ഞങ്ങളുടെ യാത്ര അങ്ങനെ തുടങ്ങി.
വായിലെ വെള്ളിക്കരണ്ടി പോയി.
തങ്കത്തരിവളയും കൊലുസും പോയി.
ജീവിതപ്പെരുവഴിയില്‍ ഞങ്ങള്‍ വിവസ്ത്രരാക്കപ്പെട്ടു.
ഉറക്കത്തിന്റെയും ആലസ്യത്തിന്റെയും സുഖം പോയി.
കൊച്ചുവെളുപ്പാന്‍ കാലത്തേ കുത്തി എഴുന്നേല്‍പ്പിക്കും.കണ്ണുതിരുമ്മാന്‍പോലും സമയമില്ല, പിന്നെയല്ലെ കട്ടന്‍കാപ്പി.
വെറും വയറ്റില്‍തന്നെ ജോലിക്കു പോണം. എത്രയോ തവണ തല കറങ്ങി. എത്രയോ തവണ തളര്‍ന്നു വീണു.
ബിപി കൂടി.
വിട്ടുമാറാത്ത തലവേദന. ദഹനക്കുറവ്, പുളിച്ചു തികട്ടല്‍.
അസുഖങ്ങള്‍ ഓരോന്നായി വിളിച്ചു.
കാര്യമില്ല.
പോയേ പറ്റൂ.
ആദ്യം പണി. പിന്നെ പണിയില്‍നിന്നു കിട്ടുന്ന പണി.
പണി തുടങ്ങി.
ഒറ്റ നില്‍പ്പ്.
സ്വയംവരപ്പന്തലില്‍ മാല കിട്ടാത്ത മണവാളനെപ്പോലെ.
ദൂരെനിന്നും ഇരമ്പം തുടങ്ങി. ഉച്ചഭാഷിണിയുടെ ശരണം വിളി.
'ഇതാ... ഈ വാഹനത്തിന്റെ പിന്നാലെ... ജനലക്ഷങ്ങള്‍....കടന്നുവരുന്നു...'
തൊട്ടെണ്ണിയാല്‍ ജനലക്ഷം പന്ത്രണ്ടെണ്ണം കാണും.
എണ്ണത്തിലെന്തിരിക്കുന്നു?
ഒരെണ്ണം മതിയല്ലോ!
കാലിന്റെ പെരുവിരലില്‍ നിന്നൊരു വിറ കയറിത്തുടങ്ങി.
ദൂരെ നിന്നുതന്നെ ഞങ്ങളെ കണ്ടാല്‍ മതി, ഓരോന്നും ഓരോ മുട്ടനാടാവും. അടി, ഇടി, ചവിട്ട്, കുത്ത് തുടങ്ങി എല്ലാ ഉല്‍സവപരിപാടികളും ഉണ്ടാവും.
അനങ്ങാതെ നില്‍ക്കണം ഞങ്ങള്‍.
ചാനലുകള്‍ പച്ചില കാണിക്കുന്നതുവരെ തുടരും ഈ മേഷയുദ്ധം.
പാഞ്ചാലിക്കുപോലും ഇങ്ങനെ ഒരു വിധി ഉണ്ടായിട്ടില്ല. ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിലായിരുന്നു അവരുടെ വസ്ത്രാക്ഷേപം. ഇത് ആള്‍ക്കൂട്ട പെരുവഴിയുടെ നടുക്കാണ്. ആര്‍ക്കും വരാം, കാണാം, ആസ്വദിക്കാം.
ഇപ്പോള്‍ ഞങ്ങള്‍ കരയാറില്ല. കരഞ്ഞു കരഞ്ഞ് ഞങ്ങള്‍ മരവിച്ചു.
ഈ കടുത്ത പീഡനങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ക്ക് കുറേ പുതിയ അറിവുകള്‍ ഉണ്ടായി.
പീഡനം ഒരു പാഠശാലയാണ്.
കുറെ അജ്ഞത നീങ്ങി.
എല്ലാ ചവിട്ടും ഒരുപോലെയെന്നാണല്ലോ പൊതു ധാരണ.
തെറ്റ്.
പലതരം ചവിട്ടുണ്ടെന്ന് കൊള്ളുമ്പോഴേ മനസ്സിലാവൂ.
രാഷ്ട്രീയ പ്രാധാന്യമുള്ള ചവിട്ടുണ്ട്. ഭാവിയെക്കരുതിയുള്ള ചവിട്ടാണ് അത്. അച്ചടിക്കുന്ന ചവിട്ട്.
ക്യാമറ... റെഡി... ആക്ഷന്‍...
ചവിട്ട്.
ക്യാമറക്കാരനോട് കണ്ണിറുക്കി ഒരു ചോദ്യം.
എങ്ങനെ?
അവനും കണ്ണിറുക്കിയാല്‍ മതി, വെച്ചടി വെച്ചടി കയറ്റമായി.
ഇതു പറയുന്നപോലെ എളുപ്പമല്ല. നല്ല പരിശീലനം ആവശ്യമാണ്. ഹോം വര്‍ക്കും ഗ്രൌണ്ട് വര്‍ക്കും വേണം.
കയറിപ്പോകാനുള്ളതാണ്.
പിന്നെ ചവിട്ടിയരക്കുന്നവരും, ചവിട്ടിത്തിരിക്കുന്നവരുമുണ്ട്. അവര്‍ ചവിട്ടുന്നത് ഞങ്ങളെയാണെങ്കിലും കൊള്ളുന്നത് വേറെ സ്ഥലത്താണ്.
ഹൈക്കമാന്‍ഡ് നിലവാരത്തിലുള്ള ചവിട്ടാണ് അത്.
പിന്നെ വെറും ചവിട്ടുണ്ട്.
വിവരദോഷികള്‍ എവിടെയുമുണ്ടാവുമല്ലൊ!
കൂട്ടത്തില്‍ കന്നിച്ചവിട്ടുകാരുണ്ടാവും. അവരുടെ വരവ് കണ്ടാല്‍ അറിയാം. അമ്പരപ്പും പരിഭ്രമവുമൊക്കെക്കാണും.
കഷ്ടം തോന്നും.
എങ്കിലും കാലുകൊണ്ട് ഹരിശ്രീ കുറിക്കുന്നതല്ലെ. ചിലര്‍ കയറിപ്പോകും.
ഞങ്ങള്‍ ചവിട്ടും തൊഴിയുമേറ്റ് അവശരാകുന്നതു കണ്ട് രക്ഷാപ്രവര്‍ത്തനത്തിന് വരുന്ന ചിലരുണ്ട്.
എല്ലാവരെയും ശാന്തരാക്കാനുള്ള തീവ്രശ്രമത്തിലായിരിക്കും കക്ഷി. ഒന്നൊന്നോയി പരാജയപ്പെടും.
ഒടുവില്‍ തിരിഞ്ഞുനിന്നൊരു ചവിട്ടുണ്ട്. ചങ്ക് കലങ്ങിപ്പോകും.
ചില സ്ഥലത്ത് ഇതിനെ അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നും പറയും.
അങ്ങനെ എന്തെല്ലാം ഞങ്ങള്‍ കണ്ടിരിക്കുന്നു.
എത്ര പേര്‍ ഞങ്ങളെച്ചവിട്ടി കയറിപ്പോയി!.
എത്ര പേര്‍ ഞങ്ങളെച്ചവിട്ടി വീണു പോയി!.
ഇനിയും ഗതി കിട്ടാതെ എത്ര പേര്‍ ഞങ്ങളെ ചവിട്ടിക്കൊണ്ടേയിരിക്കുന്നു!
ഒടിഞ്ഞ എല്ലും ചതഞ്ഞ ശരീരവുമായി ഞങ്ങള്‍ ഇതെല്ലാം അനുഭവിക്കുന്നു. നാടകം കഴിയുമ്പോള്‍ കര്‍ടന്‍ സെറ്റ് ആര്‍ക്കു വേണം?
കീറിയ കര്‍ടനായി വഴിയില്‍ കിടക്കുകയാണ് ഞങ്ങള്‍. മൂന്നാം ബെല്ലിനും പ്രേക്ഷകനുമിടയിലെ ആകാംക്ഷയായി എത്ര നഗരങ്ങള്‍ ഞങ്ങള്‍ നാടകവേദികളാക്കി!
അഴിച്ചുവെച്ച മേയ്ക്കപ്പുകള്‍ ഞങ്ങള്‍ എത്ര കണ്ടു! അഴിക്കാത്ത മേയ്ക്കപ്പുകള്‍ എത്ര കാണുന്നു!
വയ്യ.
ഈ ശരീരത്തിലിനി ഒടിയാത്ത എല്ലും ചതയാത്ത മാംസവുമില്ല. ജീവിക്കാന്‍ മറ്റൊരു ഗതിയുമില്ലാത്തതുകൊണ്ട് നഗരത്തിലെ നോക്കുകുത്തികളായി നില്‍ക്കേണ്ടിവന്ന ഞങ്ങളെ കൊല്ലല്ലേ.
ഞങ്ങള്‍ക്കുമുണ്ടേ കുഞ്ഞുകുട്ടി പരാതീനങ്ങള്‍.
കണ്ണുള്ളവരേ... കണ്ണില്ലാത്ത ഞങ്ങളോട് കണ്ണില്‍ച്ചോരയില്ലാതെ പെരുമാറരുതേ!
ഞങ്ങളും ജീവിച്ചോട്ടെ.
*
ശ്രീ എം എം പൌലോസ് കടപ്പാട്: ദേശാഭിമാനി
Monday, July 7, 2008
Subscribe to:
Post Comments (Atom)
1 comment:
ഞാന്‍ ഒരു ബാരിക്കേഡ്.
എന്നെ കണ്ടിട്ടില്ലേ?
സമരമുഖങ്ങളില്‍ പേടിച്ച് വിറച്ചുനില്‍ക്കുന്ന എന്റെ മുഖം നിങ്ങള്‍ എത്രയോ തവണ കണ്ടിട്ടുണ്ടാവും.
പക്ഷേ ശ്രദ്ധിച്ചിട്ടുണ്ടാവില്ല.
അതിന്റെ കാര്യവുമില്ല.
ഞങ്ങള്‍ ബാരിക്കേഡുകള്‍ക്ക് രാഷ്ട്രീയ പ്രാധാന്യമില്ല, സാമൂഹ്യബന്ധമില്ല, ശോഭനമായ ഭാവിപോലുമില്ല.
അനങ്ങാത്ത ദുര്‍ഭൂതങ്ങളെപ്പോലെ നിധി കാത്ത് നില്‍ക്കലാണു വിധി. വെയിലും മഞ്ഞും മഴയും ബാധകമല്ല. ക്രമസമാധാനത്തിന്റെ ഒന്നാം പാഠമാണ് ഞങ്ങള്‍.
ശ്രീ എം എം പൌലോസിന്റെ നര്‍മ്മഭാവന
Post a Comment