Friday, July 25, 2008
കഞ്ഞിഗവേഷണം (കര്‍ക്കിടകംസ്പെഷ്യല്‍)
പത്രങ്ങളിലും ടിവിയിലും 'കഞ്ഞി'യുടെ പരസ്യം വന്നു തുടങ്ങി. കര്‍ക്കിടകക്കഞ്ഞി. അല്ല, കര്‍ക്കിടകത്തിനു വന്ന ഒരു ഗ്ലാമറേ. ഇന്നലെ വരെ പഞ്ഞകര്‍ക്കിടകം, കള്ളക്കര്‍ക്കിടകം, കടുംകര്‍ക്കിടകം അങ്ങനെ ഈ പാവത്തിനോടൊപ്പം നാമവിശേഷണമായി ചേര്‍ക്കാന്‍ വാക്കുകള്‍ ബാക്കിയില്ലായിരുന്നു. അതുപോലെ ചൊല്ലുകളും! കര്‍ക്കിടകം തീര്‍ന്നാല്‍ ദുര്‍ഘടം തീര്‍ന്നു, കര്‍ക്കിടകത്തില്‍ കട്ടുമാന്താം, കര്‍ക്കിടകഞാറ്റില്‍ പട്ടിണി കിടന്നത് പുത്തരി വേകുമ്പോള്‍ മറക്കരുത്, കര്‍ക്കിടകത്തില്‍ കാക്ക പോലും കൂടുകെട്ടില്ല....എല്ലാം കേട്ടും സഹിച്ചും കര്‍ക്കിടകമങ്ങനെ കഴിയുകയായിരുന്നു. ഒരു കുന്നുണ്ടാകുമെങ്കില്‍ കുഴിയുമുണ്ടാകും, കയറ്റമുണ്ടോ ഇറക്കവുമുണ്ട്, അസ്തമയത്തിനപ്പുറം ഉദയവും......ഇതാ കര്‍ക്കിടകത്തിന്റെ കാലദേശം മാറിയിരിക്കുന്നു. ഇപ്പോള്‍ പന്തണ്ടുമാസങ്ങളില്‍ 'ധികൃതശക്തപരാക്രമിയായിട്ടാണ് കര്‍ക്കിടകത്തിന്റെ നില്‍പ്പ്'. ചിങ്ങവും വൃശ്ചികവുമൊക്കെ തങ്ങളുടെ പേരും സ്ഥാനവും കര്‍ക്കിടകവുമായി വെച്ചുമാറാന്‍ സാധിക്കുമോ എന്ന് അന്വേഷിക്കുന്നു. ഓണം, വിഷു, റംസാന്‍, ക്രിസ്തുമസ് തുടങ്ങി മാസത്തിന്റെ ഇടയ്ക്ക് ഏതെങ്കിലും ചില ദിവസങ്ങളില്‍ മാത്രമുള്ള വിശേഷണങ്ങളാണ് മറ്റു മാസങ്ങള്‍ക്ക് മുഴുവനായും ഒരു ഗ്ലാമര്‍ കൊടുക്കുന്നതെങ്കില്‍ കര്‍ക്കിടകം മാസം മുഴുവനും വിശേഷണമാണ്. സുഖചികിത്സ, തുടിച്ചുകുളി, അടിച്ചുവാരല്‍, രാമായണവായന, ധാരകോരല്‍, നീരുമാറ്റല്‍ തുടങ്ങി എല്ലാം കര്‍ക്കിടക സ്പെഷ്യലാണ്. പണ്ടത്തെ കര്‍ക്കിടകത്തില്‍ എണ്ണ വാങ്ങാന്‍ പാങ്ങില്ലാത്തതുകൊണ്ട് കുളി പോലും ദാരിദ്ര്യത്തിലാണെങ്കില്‍ ഇപ്പോള്‍ കര്‍ക്കിടകത്തില്‍ എണ്ണത്തോണിയില്‍ നിന്ന് എണീക്കാന്‍ സമയമില്ല. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ നടന്ന ഏറ്റവും നല്ല മാര്‍ക്കറ്റിംഗും കര്‍ക്കിടക മാര്‍ക്കറ്റിംഗാണ്. അങ്ങനെ കര്‍ക്കിടക മാര്‍ക്കറ്റിംഗിലൂടെ പൂര്‍വപ്രതാപം വീണ്ടെടുത്ത ഒരു ആഹാരമാണ്. ഭക്ഷ്യപദാര്‍ഥമാണ്, ഖരദ്രവങ്ങള്‍ ഒരു പോലെ സമ്മിശ്രിതമായ കഞ്ഞി. അതെ കഞ്ഞി. കര്‍ക്കിടകക്കഞ്ഞി.
പക്ഷെ ഇവിടെ ഗവേഷണവിഷയമായിരിക്കുന്ന 'കഞ്ഞി' ആരോഗ്യദായകവും ഐശ്വര്യദായകവുമായ കര്‍ക്കിടകക്കഞ്ഞിക്കൂട്ടല്ല. മേല്‍പ്പടി പേരിനാല്‍ അറിയപ്പെടുന്ന ചില മനുഷ്യ'ക്കഞ്ഞി'യാണ്.
എങ്ങനെയാണ് ആ പേര്‍ വന്നത് ?
ലേഖകന്‍ ആലോചിച്ചിട്ടുണ്ട്. ചിലരെ ചൂണ്ടി പറയുന്നു-അവന്‍ ആളൊരു 'കഞ്ഞി'യാണ്. അവന്റെ സ്വഭാവം കഞ്ഞിസ്വഭാവമാണ്, കഞ്ഞിവര്‍ത്തമാനം, കഞ്ഞിയിടപാട്...ശ്ശെടാ......."പ്ലാവില കോട്ടിയ കുമ്പിളില്‍ തുമ്പതന്‍പൂവുപോലിത്തിരിഉപ്പുതരിയെടുത്താവിപാറുന്നപൊടിയരിക്കഞ്ഞിയില്‍തൂകി'' കഴിയ്ക്കുന്ന ആ ചേതോഹരമായ ഭക്ഷണനാമത്തിനെങ്ങിനെയാണ് സ്വഭാവദൂഷ്യമുള്ള മനുഷ്യനെക്കുറിച്ച് സൂചിപ്പിക്കുവാന്‍ നിയോഗം ലഭിച്ചത്. "ഹാ! എന്തു നല്ല കഞ്ഞി'' എന്നു പറയുന്നതിന്റെ നേരെ വിപരീതധ്വനിയിലല്ലേ"ശ്ശെ! അവന്‍ വെറും കഞ്ഞി'' എന്നു പറയുന്നത്. എന്തു വിചിത്രമാണ് ലോകരീതികള്‍!
ലേഖകന്‍ വീണ്ടും ആലോചിച്ചു. എന്തായിരിക്കും കാരണങ്ങള്‍. ആലോചന താഴെ കാണുന്ന നിഗമനങ്ങളിലാണ് എത്തിച്ചത്.
(1) ചിലവു കുറഞ്ഞ ആഹാരമാണ് കഞ്ഞി. വില കുറഞ്ഞ പ്രവൃത്തികള്‍ കാണിക്കുന്നതും കഞ്ഞിയുടെ വിലക്കുറവും താരതമ്യപ്പെടുത്തിയാകാം ഈ വിശേഷണം.
(2) കഞ്ഞിയ്ക്ക് ഒരു വഴുവഴുപ്പുണ്ട്. വ്യക്തിത്വമില്ലായ്മയുടെ പര്യായമാകാം ഇത്.
(3) കഞ്ഞി പെട്ടെന്ന് വളിയ്ക്കും. (തെക്കന്‍ തിരുവിതാംകൂര്‍ഭാഷയില്‍ ചളിയ്ക്കും) അതുകൊണ്ട് വളിച്ച മനുഷ്യരെയും 'കഞ്ഞി'യായി കാണുന്നതാകാം.
(4) ചില കഞ്ഞിയില്‍ വെള്ളം കൂടുതലും വറ്റ് കുറവുമായിരിക്കും. അങ്ങനെ, അലങ്കാരം കൂടുതലും ആശയം കുറവും ഉള്ള ആള്‍ക്കാരെ വിശേഷിപ്പിക്കാന്‍ എളുപ്പത്തില്‍ ഈ പദം തിരഞ്ഞെടുത്തതുമാകാം.
കഞ്ഞികള്‍ എത്ര തരം? ഏതെല്ലാം?
എല്ലാ മേഖലയിലും അവിടെയും ഇവിടെയും ചില 'കഞ്ഞി' സ്വഭാവക്കാരെകാണാം. ഇതാ ഒരു കഞ്ഞിവര്‍ത്തമാനം കേള്‍ക്കൂ.
"കേട്ടോ കുറുപ്പേ, മേനി നടിക്കുന്നത് എനിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ്. ജീവന്‍ പോയാലും ശരി സ്വയം പുകഴ്ത്തി ഞാന്‍ പറയില്ല. ഇപ്പൊത്തന്നെ കഴിഞ്ഞ ഉത്സവത്തിന് ഞാന്‍ അയ്യായിരം രൂപയാണ് സംഭാവന കൊടുത്തത്. പറഞ്ഞില്ലല്ലോ. ഞാന്‍ ആരോടും പറഞ്ഞുനടന്നില്ലല്ലോ. വായനശാലാവാര്‍ഷികത്തിന് അഞ്ഞൂറുരൂപ കൊടുത്തു. അതും ഇന്നേവരെ ഒറ്റമനുഷ്യനോട് പരസ്യപ്പെടുത്തിയിട്ടില്ല. ഞാനീ വിവരം നമ്മുടെ സദാശിവനോട് പറഞ്ഞപ്പോള്‍ അവന്‍ ആശ്ചര്യപ്പെട്ടുപോയി. ഹൊ! ചേട്ടനെപ്പോലെ ഒരുദാരമതി വേറെയില്ലെന്നാണ് അവന്‍ പറഞ്ഞത്. സത്യം.''
വില കുറഞ്ഞ കഞ്ഞിയോ വളിയ്ക്കുന്ന കഞ്ഞിയോ ആണിത്. രണ്ടു ദിവസം പഴകിയാല്‍ നമ്മള്‍ അകന്നുമാറും. നമ്മുടെ നാട്ടില്‍ സാധാരണകണ്ടുവരുന്ന കഞ്ഞിവിഭാഗങ്ങള്‍ ഇവയൊക്കെ.
(1) പൊങ്ങച്ചക്കഞ്ഞി-വീട്ടുകാരെക്കുറിച്ചും മറ്റും എപ്പോഴും പൊങ്ങച്ചം പറഞ്ഞിരിക്കുക. മകന്‍ സ്റ്റേറ്റ്സിലാണ്, മരുമകന്‍ ഗള്‍ഫിലാണ്....അങ്ങനെയൊക്കെ. അപ്പുറത്തെയാളിന്റെ നേട്ടം അംഗീകരിച്ചു കൊടുക്കുകയുമില്ല.
(2) ആഡംബരക്കഞ്ഞി- ഒരു രൂപയുടെ വരുമാനമേ ഉള്ളുവെങ്കിലും ഒമ്പതുരൂപയുടെ പകിട്ടുമായി നടക്കുക. അതും മാറ്റിവെക്കാവുന്ന കഞ്ഞിയാണ്.
(3)കണക്കുകഞ്ഞി-അഞ്ചുപൈസയ്ക്കു വേണ്ടി അമ്പതുപൈസയുടെ കണക്കുപറയുക. ഏറ്റവും ഉറ്റസുഹൃത്തിനോ ബന്ധുവിനോ ചെയ്തുകൊടുത്ത സഹായം ഓര്‍മ്മിച്ചുവച്ച് കണക്കുപറയുക. സ്ത്രീധനബാക്കിയെച്ചൊല്ലിയുള്ള തര്‍ക്കവും ഒക്കെ ഈ ശാഖയില്‍ വരും.
കഞ്ഞികളെ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുമോ ?
എല്ലാ കഞ്ഞികളെയും തിരിച്ചറിയണമെന്നില്ല. ഒറ്റനോട്ടത്തില്‍ ഒന്നാന്തരം ചോറാണ് എന്ന് നമ്മള്‍ തെറ്റിദ്ധരിച്ചുപോകുന്നവര്‍ ഉണ്ട്. പക്ഷെ അല്‍പമൊന്നടുക്കുമ്പോഴാണ് മനസ്സിലാകുന്നത് അഴുക്കുവെള്ളത്തില്‍ കിടക്കുന്ന ചോറാണെന്ന്. എന്നാല്‍ ഭൂരിപക്ഷത്തെയും കേട്ടറിവിലൂടെയോ പറഞ്ഞറിവിലൂടെയോ മനസ്സിലാക്കിയിട്ടുണ്ടാകും.
അങ്ങനെ പഴങ്കഞ്ഞി മനസ്സുകള്‍ക്ക് ഹൃദയശുദ്ധി വരുത്തി ഒന്നാന്തരം കര്‍ക്കിടകക്കഞ്ഞിയാകാനുള്ള മാസമാണിത്. ദുഷിപ്പും, ദുര്‍വാസനയും മാറ്റിവച്ച് നല്ല ചിന്തയും സല്‍പ്രവര്‍ത്തിയും തെറ്റുകള്‍ക്കുനേരെ വിരല്‍ചൂണ്ടാനുള്ള ധൈര്യമുള്ള മനസ്സുമൊക്കെയുള്ള ഔഷധക്കൂട്ടുകള്‍ ചേര്‍ന്ന കര്‍ക്കിടകക്കഞ്ഞിയാകാനുള്ള മാസം.
*******
കൃഷ്ണപൂജപ്പുര
Subscribe to:
Post Comments (Atom)
4 comments:
പഴങ്കഞ്ഞി മനസ്സുകള്‍ക്ക് ഹൃദയശുദ്ധി വരുത്തി ഒന്നാന്തരം കര്‍ക്കിടകക്കഞ്ഞിയാകാനുള്ള മാസമാണിത്. ദുഷിപ്പും, ദുര്‍വാസനയും മാറ്റിവച്ച് നല്ല ചിന്തയും സല്‍പ്രവര്‍ത്തിയും തെറ്റുകള്‍ക്കുനേരെ വിരല്‍ചൂണ്ടാനുള്ള ധൈര്യമുള്ള മനസ്സുമൊക്കെയുള്ള ഔഷധക്കൂട്ടുകള്‍ ചേര്‍ന്ന കര്‍ക്കിടകക്കഞ്ഞിയാകാനുള്ള മാസം.
കൃഷ്ണ പൂജപ്പുരയുടെ നര്‍മ്മ ഭാവന
മനുഷ്യരിലെ കഞ്ഞികളെ തരം തിരിച്ചു പറഞ്ഞത് രസിപ്പിച്ചു...ഈ രാമായണമാസത്തില്‍ നന്മകള്‍ വിളയുന്ന ഔഷധക്കഞ്ഞിയായി മാറാനുള്ള വിവേകം എല്ലാവര്‍ക്കും തോന്നട്ടെ...:)
നല്ല പോസ്റ്റ്.
:)
മോങ്ങാനിരുന്ന അനോണിയുടെ തലയില്‍ ചൂടു കഞ്ഞി വീണല്ലോ........!
Post a Comment