കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഡെന്‍ എന്നു ഞാനിവിടെ പറയുന്ന ഈ വൈക്കം മുഹമ്മദ്ബഷീറും പൊലീസുകാരും എഎസ്‌പിയും ഡിഎസ്‌പിയും ഒക്കെക്കൂടി റെയ്‌ഡ് ചെയ്തു സാധനസാമഗ്രികളും അട്ടിമറിരേഖകളും മറ്റും കസ്റ്റഡിയിലെടുത്ത സംഭ്രമജനകമായ കഥയാണിത്.
കഥ എന്നുപറഞ്ഞാല്‍ ചുമ്മാ കഥയല്ല, ചരിത്രം. പക്ഷേ, സംഭവം നടന്നിട്ട് നൂറ്റാണ്ടുകള്‍ ഏറെ ആയമാതിരി. ഓര്‍മപ്പിശകുകള്‍ ചിലതൊക്കെ വരാം. പിന്നെ ഇടയ്ക്കെനിക്ക് മാനസികമായ ഒരു കുഴപ്പവും നേരിട്ടു. ശകലം ഭ്രാന്ത്. തന്മൂലം പലതും വിസ്‌മൃതി എന്നു പറയുന്ന ഇരുളില്‍ മറഞ്ഞുപോയിരിക്കുന്നു. എന്നാല്‍ ചിലതിലെല്ലാം ചിലപ്പോള്‍ ഓര്‍മയുടെ വെളിച്ചംവീഴും. ഇതിലെ പ്രധാന കഥാപാത്രം കമ്യൂണിസ്റ്റ്പാര്‍ടിയാണ്. ഈ കമ്യൂണിസ്റ്റ്പാര്‍ടി അന്നൊരു പയ്യനാണ്. ഇതിലെ പ്രധാന വില്ലന്‍ സര്‍വശ്രീ സചിവോത്തമന്‍ സര്‍ സി പി രാമസ്വാമി അയ്യര്‍ അവര്‍കളാകുന്നു. അദ്ദേഹം തിരുവിതാംകൂര്‍ രാജ്യം അടക്കി ഭരിച്ചുകൊണ്ടിരിക്കുന്നു. അവിടെ ഒരു രാജാവുമുണ്ട്. ഈ രാജാവിന്റെ കീഴില്‍ ഉത്തരവാദഭരണം സദയം അനുവദിച്ചുകിട്ടണം എന്നുള്ള മിനിമം പരിപാടിയുമായി സ്റ്റേറ്റ് കോണ്‍ഗ്രസ് എന്ന സംഘടന സമരം നടത്തിക്കൊണ്ടിരിക്കുന്നു.
ഈ കാലത്തിനു സ്വല്‍പ്പം മുമ്പുതന്നെ ഞാന്‍ അയല്‍രാജ്യമായ കൊച്ചിരാജ്യത്തുവന്ന് എറണാകുളത്ത് താമസിക്കുന്നു. പട്ടിണിയും എഴുത്തും. പിന്നെ എന്റെ പേരില്‍ വാറണ്ടുമുണ്ട്. തിരുവിതാംകൂര്‍ കടന്നാല്‍ അറസ്റ്റ്ചെയ്ത് ഇടിച്ചു പഞ്ചറാക്കും! ഞാന്‍ രാജ്യദ്രോഹപരങ്ങളായ ലേഖനസഹായംചെയ്ത് തിരുവിതാംകൂറില്‍ ഒരഞ്ചാറു പത്രങ്ങളെ നിരോധിപ്പിച്ചു കണ്ടുകെട്ടിച്ചിട്ടുമുണ്ട്. തിരുവിതാംകൂറില്‍ കൂലിപ്പട്ടാളവും ഗുണ്ടകളും പൊലീസുകാരും സചിവോത്തമന്റെ മഹനീയ നേതൃത്വത്തില്‍ കൊള്ളയായ കൊള്ളകളെല്ലാം നടത്തുകയാണ്. പൊലീസ് ലോക്കപ്പിലിട്ട് ഒറ്റയ്ക്കടിച്ചുകൊല്ലുക. വെളിയില്‍വച്ചു കൂട്ടത്തോടെ വെടിവച്ചുകൊല്ലുക. ഇങ്ങനെ തിരുവിതാംകൂര്‍ മഹാരാജാവിന്റെ പുന്നാര സചിവോത്തമന്‍ അവര്‍കള്‍ ഹരംപിടിച്ചു രാജ്യഭരണം നടത്തിക്കൊണ്ടിരിക്കുന്നു.
'ഹതഭാഗ്യയായ എന്റെ നാട്', 'പട്ടത്തിന്റെ പേക്കിനാവ്' എന്നിവ രണ്ടും പ്രസിദ്ധപ്പെടുത്തിയ പത്രം കണ്ടുകെട്ടി. 'ധര്‍മരാജ്യം!' എന്ന പേരില്‍ ആ ലേഖനം ഒരു ചെറുപുസ്തകമാക്കി തിരുവിതാംകൂറില്‍ വിതരണംചെയ്തു. അതും പേക്കിനാവും സചിവോത്തമന്‍ നിരോധിച്ചു. (രണ്ടിനുംകൂടി രണ്ടരക്കൊല്ലം കഠിനതടവു ശിക്ഷ കിട്ടിയിരുന്നു). പിന്നെ ഞാന്‍ എന്തെഴുതിയാലും നിരോധിക്കും എന്ന മട്ടായി. അന്ന് എഴുത്തിനു പ്രതിഫലം വാങ്ങാന്‍ പാടില്ലായിരുന്നു. കഥയോ ലേഖനമോ എഴുതാം. പത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തും. കാശു ചോദിക്കാന്‍ പാടില്ല! സാഹിതീദേവിയെ പൂജിക്കുക, അര്‍ച്ചനചെയ്യുക - ഇതൊക്കെ ഞാന്‍ ചെയ്തു. പക്ഷേ, തളര്‍ന്ന്, അയ്യോ വിശക്കുന്നേ എന്നിടയ്ക്കു ഞാന്‍ പറഞ്ഞുപോകും.
ഇങ്ങനെ കഴിയുന്ന കാലത്ത് സ്റ്റേറ്റ് കോണ്‍ഗ്രസിന് എറണാകുളത്ത് ഒരു ക്യാമ്പുണ്ടായിരുന്നു. നേതാക്കന്മാരെല്ലാം അറസ്റ്റ് പേടിച്ച് അവിടെയാണ്. ഇതിലെ മൈനറന്മാരായ യൂത്ത്‌ലീഗുകാര്‍ കാര്യമായ താവളമൊന്നുമില്ലാതെ അങ്ങുമിങ്ങും എറണാകുളത്ത് അലഞ്ഞുതിരിയുന്നു. ചിലര് എന്റെ കൂടെ ചിലപ്പോള്‍ അന്തിയുറങ്ങാന്‍ വരും. എന്റെ മുറി ഒരടുക്കളയാണ്. മാസത്തില്‍ വാടക കാല്‍ ബ്രിട്ടീഷ് രൂപ. (അന്ന് തിരുവിതാംകൂര്‍ രൂപയും ബ്രിട്ടീഷ് രൂപയുമുണ്ട്). ഇതു ശരിക്കുകൊടുക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്. പക്ഷേ, അന്നു ഞാന്‍ ഒരു മുഠാളനാണ്. രണ്ട് മിലിട്ടറി ഷൂ, ഒരു പാന്റ്, ഒരു ജുബ്ബാ ഇതെല്ലാം ഫിറ്റ്ചെയ്ത് ഭഗത്‌സിങ്മോഡല്‍ മീശയുമായി ഇരുമ്പുവടി വിഴുങ്ങിയമാതിരി അങ്ങനെ കുത്തനെ നടക്കും. യാതൊന്നിന്റെയും മുന്നില്‍ ശിരസ്സു കുനിയുകയില്ല.
ഒമ്പതുപത്തു കൊല്ലത്തെ അഖിലഭാരത സഞ്ചാരം കഴിഞ്ഞിട്ടാണ് ഞാന്‍ എറണാകുളത്ത് വന്നിരിക്കുന്നത്. അതിനുമുമ്പ് ഒന്നുരണ്ടു പ്രാവശ്യം ജയിലില്‍ കിടന്നിട്ടുണ്ട്. രണ്ടാമത്തെ ജയില്‍വാസത്തോടെ സര്‍ദാര്‍ ഭഗത്‌സിങ് ആയി എന്റെ നേതാവ്. ജയിലില്‍വച്ചാണോ പി കൃഷ്ണപിള്ളയുമായി പരിചയപ്പെടുന്നത്? ശരിക്കോര്‍ക്കാന്‍ കഴിയുന്നില്ല. എറണാകുളത്തുവച്ച് ഏതായാലും പരിചയമായി. ഞങ്ങള്‍ ഒരുമാതിരി സ്നേഹിതന്മാരായിരുന്നു. ഒരുമിച്ച് കാപ്പി കുടിച്ചിട്ടുണ്ട്. ഒരേ മുറിയില്‍ കിടന്നുറങ്ങിയിട്ടുണ്ട്. കാര്യമായ വര്‍ത്തമാനങ്ങളും പറഞ്ഞിട്ടുണ്ട്.
കൃഷ്ണപിള്ള ആരെയും വകവയ്ക്കുന്ന കൂട്ടത്തിലായിരുന്നില്ല. നല്ല ബുദ്ധിയും തന്റേടവും ഉണ്ടായിരുന്നു. ഈ കാലഘട്ടത്തില്‍ രാഷ്ട്രീയം ഞാന്‍ വന്‍തോതില്‍ വിട്ടിരുന്നു. സാഹിത്യമാണ്. എന്നു പറഞ്ഞാല്‍ കഥകള്‍. എനിക്കൊരുപാട് അനുഭവങ്ങളുണ്ട്. കഥകളാക്കുകയല്ലാതെ അതൊക്കെപ്പിന്നെ എന്തുചെയ്യും? എന്നാല്‍, കഥകള്‍ മാത്രമല്ല ഞാന്‍ എഴുതിയിരുന്നത്. ലഘുലേഖകള്‍. തീപ്പൊരി ചിതറുന്ന ലേഖനങ്ങളായിരുന്നു എന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്. ആ ഭാഷ കളയാന്‍ ഞാന്‍ വളരെ ബുദ്ധിമുട്ടിയതിന്റെ ഫലമാണ് ഈ ഭാഷ.
അന്നു ലഘുലേഖകള്‍ സ്വന്തമായി എഴുതും. യൂത്ത്‌ലീഗിനുവേണ്ടി എഴുതും. കുറെയൊക്കെ സ്റ്റേറ്റ് കോണ്‍ഗ്രസിനുവേണ്ടിയും. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ്പാര്‍ടി കമ്യൂണിസ്റ്റ്പാര്‍ടിയായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണെന്നുതോന്നുന്നു. ശരിക്കിപ്പോള്‍ നല്ല ഓര്‍മ തോന്നുന്നില്ല. ഞാന്‍ പറഞ്ഞില്ലേ, കാലം വളരെയായി. ആ ലഘുലേഖ എഴുതുന്ന കാലത്ത് പട്ടിണിയും പാടുമായിരുന്നെങ്കിലും എനിക്കൊരു ബട്ളര്‍ ഉണ്ടായിരുന്നു. എന്നു പറഞ്ഞാല്‍ ഒരു സെര്‍വന്റ്. അവന്‍ എറണാകുളം പരിസരത്തുള്ള ഒരു ദ്വീപുകാരനാണ്. അവനെ എനിക്കു കിടന്നുകിട്ടിയതാണ്. എന്നുപറഞ്ഞാല്‍, ഞാന്‍ താമസിക്കുന്നത് ഒരു മതില്‍ക്കെട്ടിനകത്തുള്ള രണ്ടുമൂന്ന് കെട്ടിടങ്ങളില്‍ ഒന്നിലാണ്. എല്ലാറ്റിലും ആളുകള്‍ മുറിയെടുത്തു താമസിക്കുന്നു. അതില്‍ ഒരു കെട്ടിടത്തിന്റെ വരാന്തയില്‍ അവന്‍ കിടക്കുന്നതുകണ്ടു. വളരെ സമയം. അവനെ വിളിച്ചുണര്‍ത്തി എന്റെ കൂടെ നിന്നോളാന്‍ പറഞ്ഞു. അവന് ഒരു പുതിയ പേരുംകൊടുത്തു.
'സാമി'.
ലഘുലേഖകള്‍ എഴുതിക്കാന്‍ വരുന്നവര്‍ ഉച്ചയാകുമ്പോള്‍, 'നമുക്കുണ്ണണ്ടേ?' എന്നു സദയം ചോദിക്കുമല്ലോ. അപ്പോള്‍ ഞാന്‍ ആളെണ്ണിനോക്കിയിട്ടു പയ്യനെ വിളിച്ചുപറയും: 'എടാ സാമീ! നീ ഈ സാറിനോട് ഒന്നേകാല്‍ അണ വാങ്ങിച്ചുകൊണ്ടുപോയിട്ട് ഹോട്ടലില്‍ചെന്ന് എനിക്കൂണു തരാന്‍ പറയൂ. ഇല അഞ്ചെണ്ണം വേണമെന്നു പറയെടാ'.
ലഘുലേഖക്കാരന്‍ ഒന്നേകാല്‍ അണകൊടുക്കും. പയ്യന്‍ കുട്ടയുമായി ഹോട്ടലിന്റെ അകത്തുചെന്ന് 'ബഷീര്‍സാറിനു ചോറു തരാന്‍ പറഞ്ഞു. അഞ്ചെല വേണോന്നും പറഞ്ഞു'.
വിളമ്പുകാരന്‍ നമ്മുടെ ആരാധകനാണ്. അഞ്ചാള്‍ക്കുണ്ണാനുള്ള ചോറുകൊടുത്തയയ്ക്കും!
ഈ കാലത്താണ് ശ്രീമാന്‍ കെ സി ജോര്‍ജ് എന്റെ ഗാര്‍ഡിയനായി വന്നുചേരുന്നത്. അദ്ദേഹം എന്റെ തൊട്ടടുത്ത മറ്റേ കെട്ടിടത്തില്‍ ഒരു മുറിയില്‍ താമസിക്കുന്നു. വൃത്തിയും മെനയുമുള്ള മനുഷ്യനാണ്. തന്നത്താന്‍ മുറി തൂത്തുവാരും. ഷര്‍ട്ടും മുണ്ടും തന്നത്താന്‍ അലക്കും. ഒരു ലേശം മുടന്തുണ്ടെങ്കിലും ആള്‍ നല്ലവന്‍. ഈ നല്ല മനുഷ്യന്റെ മുറിയില്‍നിന്ന് പി കൃഷ്ണപിള്ള, കെ ദാമോദരന്‍, പി ടി പുന്നൂസ്, എം എന്‍ ഗോവിന്ദന്‍നായര്‍, എന്‍ ശ്രീകണ്ഠന്‍നായര്‍, പി ഗംഗാധരന്‍, ആര്‍ സുഗതന്‍, ഉണ്ണിരാജാ, ഇ എം ശങ്കരന്‍നമ്പൂതിരിപ്പാട്, കുളത്തുങ്കല്‍ പോത്തന്‍, സര്‍ദാര്‍ ചന്ദ്രോത്ത്, വര്‍ഗീസ്‌വൈദ്യന്‍, ടി വി തോമസ് മുതലായവര്‍ ഇറങ്ങിപ്പോകുന്നത് കണ്ടതായി സിഐഡി റിപ്പോര്‍ട്ടുണ്ട്. ഏതായാലും ഈ പറയുന്ന മാന്യന്മാരെയെല്ലാം എനിക്കും ശകലം പരിചയമുണ്ട്. ഇവരില്‍ ചിലരുമായി ഒരുമിച്ചു താമസിച്ചിട്ടുണ്ട്. ഒരുമിച്ച് ജയിലിലും കിടന്നിട്ടുണ്ട്. ജോര്‍ജിന്റെ കല്‍പ്പന സന്ധ്യ കഴിഞ്ഞാല്‍ ഞാന്‍ മുറിയില്‍നിന്ന് പുറത്തുപോകരുതെന്നാണ്. സന്ധ്യക്കു ചട്ടിച്ചട്ടി മൂപ്പര്‍ എന്റെ മുറിയില്‍വരും.
'താനെവിടെ പോയിരുന്നു? ചോദ്യം അല്‍പ്പം ഗൌരവത്തിലാണ്.
'ഇവിടെ ഉണ്ടായിരുന്നു ജോര്‍ജേ!'
'കുറേ മുമ്പ് വന്നപ്പോള്‍ തന്നെ കണ്ടില്ല!'
ജോര്‍ജ് എന്റെ ഹൃദയത്തിന്റെ ഇടിപ്പു പരിശോധിക്കും. ഞാന്‍ വല്ല വേലിചാടാനോ മറ്റോ പോയിരുന്നോ!
എന്നിട്ട് ഞങ്ങള്‍ ഉണ്ണാന്‍പോകും. അല്ലെങ്കില്‍ സിനിമയ്ക്കുപോകും. ഞങ്ങള്‍ ഒരു പറ്റമായിട്ടാണ് പോക്ക്. അന്ന് പോക്കൂ സാഹിബ് എന്നു പേരായ ഒരു തലശ്ശേരിക്കാരന്‍, ബോട്ടുജെട്ടിക്കടുത്ത് ഹോട്ടല്‍ നടത്തിയിരുന്നു. ഊണിന് ഒന്നേകാല്‍ അണ! ചായയ്ക്കും പലഹാരത്തിനുംകൂടി അരയണ!
അന്ന് ജോര്‍ജ് ഡബിള്‍റേഷന്‍ അനുവദിച്ചിരുന്ന ഏക വ്യക്തിയായിരുന്നു ശ്രീമാന്‍ എന്‍ ശ്രീകണ്ഠന്‍നായര്‍. ഒരുമാതിരി മനുഷ്യര്‍ക്കെല്ലാം രാവിലെ രണ്ടു കാശിനു പുട്ട്, ഒരു കാശിനു കടല, കാലണയ്ക്ക് ഒരു സിങ്കിള്‍ ചായ - ഇത്രയും ഉണ്ടെങ്കില്‍ സമൃദ്ധി. എന്നാല്‍ ദയനീയമായ നോട്ടം കാണാതിരിക്കാന്‍വേണ്ടി ശ്രീകണ്ഠന്‍നായര്‍ക്ക് ജോര്‍ജ് ഒരണ അനുവദിക്കും!..... ഓഹോ...... ഒരു സംഗതി പറയാന്‍ മറന്നുപോയി. നമ്മുടെ സചിവോത്തമന്‍ സര്‍ സി പി രാമസ്വാമിഅയ്യര്‍ അവര്‍കള്‍ ആയിടെയാണെന്നു തോന്നുന്നു ഒരു ഉഗ്രന്‍ പ്രസ്താവന ഇറക്കിയിരുന്നു, തിരുവനന്തപുരത്തെ ഭക്തിവിലാസത്തില്‍നിന്ന്. അതായത് എറണാകുളത്തെവിടെയോ ഒരു കമ്യൂണിസ്റ്റ് ഡെന്‍ ഉണ്ട്!.... ചുരുക്കത്തില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭകാരികളെല്ലാം ഭയങ്കരന്മാരായ കമ്യൂണിസ്റ്റുകളാണ്!
സചിവോത്തമന്റെ ഈ പ്രസ്താവന ഡല്‍ഹിയിലിരിക്കുന്ന വെള്ളക്കാരനും ഇംഗ്ളണ്ടിലെ രാജാവിന്റെ പ്രതിനിധിയുമായ വൈസ്രോയിയും വരെ കേട്ടുകാണും. വൈസ്രോയിയുടെയും ഒരു അരുമയാണ് സചിവോത്തമന്‍. ഇങ്ങനെയുള്ള സചിവോത്തമനെ ധിക്കരിക്കാന്‍ വിചാരിക്കുന്നോ കൊച്ചിയെപ്പോലുള്ള ഒരു ഛോട്ടാരാജ്യം?
സംഭവമെന്താണെന്നുവച്ചാല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭകാരികള്‍ നിര്‍ബാധം കൊച്ചിരാജ്യത്ത് വിഹരിക്കുകയാണല്ലോ. അവര്‍ക്കൊരുമാതിരി അഭയംകൊടുത്ത മട്ടാണ്. കൊച്ചിരാജാവും അല്‍പ്പമൊന്നു വിരളട്ടെ. വേണ്ടിവന്നാല്‍ വെള്ളപ്പട്ടാളത്തെത്തന്നെ വിളിക്കും എന്ന ഭാവമാണ് സചിവോത്തമന്. അതുകൊണ്ട് എറണാകുളം പൊലീസ് ഉഷാര്‍. എവിടെയാണെടാ ഈ കമ്യൂണിസ്റ്റ് ഡെന്‍.
കുറേ സിഐഡികള്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് ക്യാമ്പില്‍ചെന്നു നോക്കി. മഹാത്മാഗാന്ധി കീജെ! അവിടെ അഹിംസയും ഖദറുമാണ്... അപ്പോള്‍ നമ്മുടെ സി പി രാമസ്വാമി പറഞ്ഞ കമ്യൂണിസ്റ്റ് ഡെന്‍ എവിടെ?
ചില സിഐഡികള്‍ പി കൃഷ്ണപിള്ളയുടെ പുറകെ നടന്നുനോക്കി. കാര്യമായ മെച്ചമൊന്നുമില്ല. ഓരോ തിരുവിതാംകൂറുകാരന്റെയും പിറകെ നടന്നുനോക്കി, ഈയുള്ളവന്റെ പിറകേയും സിഐഡികള്‍ നടന്നു എന്നു വിനീതമായി ഇവിടെ പറഞ്ഞുകൊള്ളട്ടെ. രണ്ടുതരം സിഐഡികളാണ്. തിരുവിതാംകൂര്‍, കൊച്ചി. സചിവോത്തമന്റെ സിഐഡികള്‍ പല വേഷത്തിലും നടക്കും. ഒരുദിവസം ഞങ്ങള്‍ സിനിമ കാണാന്‍പോയി. സാധാരണ ടിക്കറ്റ് വാങ്ങുന്നത് തറയ്ക്കാണ്. ഒരണ ചാര്‍ജ്. ജോര്‍ജിനെ കൂടാതെ പത്തുപന്ത്രണ്ട് ആളുകളുണ്ട്. കെ ദാമോദരനും ഉണ്ടായിരുന്നു എന്നു തോന്നുന്നു. ഈ കൂട്ടത്തിലുണ്ടായിരുന്ന ആരുടെയോ പരിചയക്കാരനായ ഒരു തൊഴിലാളി ടിക്കറ്റ് വാങ്ങിക്കാന്‍ ഒരു രൂപ വാങ്ങിക്കൊണ്ടുപോയി. അവനെ പിന്നെ ഇതുവരെ കണ്ടിട്ടില്ല. ആള്‍ ഒരു സചിവോത്തമ സിഐഡി ആയിരുന്നു എന്നു വേണമെങ്കില്‍ ഊഹിക്കാം. രാഷ്ട്രീയപ്രവര്‍ത്തകന്റെ മട്ടില്‍വന്ന് കൂടെ ഉണ്ടും ഉറങ്ങിയും കഴിഞ്ഞ ഒരുവനെപ്പറ്റി സംശയംതോന്നി. ഞങ്ങള്‍ ഒരുദിവസം നടക്കാനിറങ്ങി. ജോര്‍ജുമുണ്ട്. ടി വി തോമസുണ്ട്, വേറെയും കുറേപ്പേരുണ്ട്. നമ്മുടെ ടി വി പണ്ടൊരു ഫുട്ബോള്‍ കളിക്കാരനും ഗുസ്തിക്കാരനുമായിരുന്നു. എന്നെ ഗുസ്തി പഠിപ്പിച്ചിട്ടുണ്ട്. തന്മൂലം 'ആശാനേ' എന്നാണ് ഞാന്‍ വിളിക്കുന്നത്. ഞങ്ങള്‍ നടന്നു കുറേ ദൂരമങ്ങു ചെന്നു. വര്‍ത്തമാനമാണ്. സംശയംതോന്നിയ രാഷ്ട്രീയപ്രവര്‍ത്തകനോട് ടി വി എന്തോ ചോദിച്ചു. അതോ ജോര്‍ജോ? ഏതായാലും മറ്റേയാളുടെ ഉത്തരം അല്‍പ്പം പിശകായിരുന്നു. ടി വി ചാടിക്കൊടുത്തു മറ്റവന്റെ നെഞ്ചിന് സ്റ്റൈലന്‍ ഒരിടി! ദാ കിടക്കുന്നു അയാള്‍ ഗട്ടറില്‍. 'ഇതെന്നാ തോമാച്ചാ!' എന്നും പറഞ്ഞ് അയാള്‍ എഴുന്നേറ്റുവന്നപ്പോള്‍ ടി വി പറഞ്ഞു: 'ടി വി തോമസ് നിന്നെ ഒന്ന് ഇടിച്ചെന്നു നീ നിന്റെ സാമിയോട് ചെന്നു പറയെടാ. ഓട് ഭക്തിവിലാസത്തിലേക്കു'.
അയാള്‍ ഓടി.
ഇങ്ങനെ സംഭവങ്ങള്‍ ആകെക്കൂടി ഹരത്തിലും കുശാലിലും നടന്നുവരികയാണ്. മിക്ക ദിവസവും ജോര്‍ജിന്റെ മുറിയില്‍ ആള്‍ക്കൂട്ടവും ബഹളവും പതിഞ്ഞുള്ള വര്‍ത്തമാനവുമൊക്കെ ഉണ്ടാവും. ചിലരെ അങ്ങനെ ഇരിക്കുമ്പോള്‍ കാണുകയില്ല. കുറേദിവസം കഴിയുമ്പോള്‍ കാണും. അണ്ടര്‍ഗ്രൌണ്ടായി തിരുവിതാംകൂറില്‍ പോയതാണ്. മിക്കവരും പോകും. പോകുന്നത് ഞാന്‍ അറിയാറില്ല. ഇങ്ങനെയിരിക്കുമ്പോള്‍ വരുന്നു ചെറിയ തോതില്‍ മഴയുള്ള ഒരു സന്ധ്യ, എന്നുപറഞ്ഞാല്‍ രാത്രി എട്ടര ഒമ്പതു മണിയായിക്കാണും. ഞാന്‍ എന്റെ മുറിയില്‍ ചാരുകസേരയില്‍ കിടക്കുകയാണ്. അപ്പോള്‍ ഒരാള്‍ മുറ്റത്തുവന്നു. ഒരു ലയിന്‍ബോട്ടിന്റെ സെറാങ്കാണ്.
'ജോര്‍ജ് സാറിനെ അറസ്റ്റ്ചെയ്തു!' എന്നു പതുക്കെ എന്റെ ചെവിയില്‍ പറഞ്ഞു. സംഭവം നടന്നിട്ടു വളരെയധികം സമയംകഴിഞ്ഞിട്ടില്ല. ആ മനുഷ്യന്‍ പോയപ്പോള്‍ ഞാന്‍ ഒരു ചെറിയ ഞെക്കുവിളക്കും എടുത്തു മുറിപൂട്ടി വെളിയില്‍ ഇറങ്ങി. എനിക്കു ശകലം തമാശതോന്നി. അന്നെനിക്ക് ഒരു നാലു രൂപ കിട്ടിയിട്ടുണ്ടായിരുന്നു. ജോര്‍ജിനെ വിളിച്ചു ചായവാങ്ങിച്ചുകൊടുക്കുക, സിനിമാ കാണിക്കുക എന്നീ വിചാരമുണ്ടായിരുന്നു. ശരി. ഞാന്‍ ജോര്‍ജിന്റെ മുറിഭാഗത്തേക്ക് ചെന്നു. അവിടെ ആരുമില്ല. ശ്മശാനമൂകത എന്നു വേണമെങ്കില്‍ പറയാം. ഇപ്പോള്‍ എന്താ ചെയ്യുക? വിവരമറിഞ്ഞാല്‍ എറണാകുളം പൊലീസ് ജോര്‍ജിന്റെ മുറി പരിശോധിക്കും. എന്തിന്? എനിക്കറിഞ്ഞുകൂടാ. പരിശോധിക്കുമെന്നുതന്നെ എനിക്കു തോന്നി. കമ്യൂണിസ്റ്റ് ഡെന്‍ ജോര്‍ജിന്റെ മുറിയാണോ? അതും എനിക്കറിഞ്ഞുകൂടാ. ഏതായാലും അതില്‍ എന്തെങ്കിലും ഉണ്ടായിരിക്കുമല്ലോ. ജോര്‍ജ് എല്ലാം ശരിപ്പെടുത്തീട്ടാണോ പോയത്? അതും എനിക്കറിഞ്ഞുകൂടാ..... എന്തെങ്കിലും ഉണ്ടെങ്കില്‍ അതു പൊലീസിനു കൊടുക്കുന്നത് ഒരു വകയല്ലേ?
ആള്‍റൈറ്റ്. ഞാന്‍ എന്റെ ഒരു സ്നേഹിതന്റെ മുറിയുടെ അടുത്തുചെന്നു. പക്ഷേ, ആളില്ല. മുറി പൂട്ടിക്കിടക്കുന്നു. ആ മുറിയില്‍ പഴയ ഒരു ഗ്രാമഫോണുണ്ട്. അതഴിച്ചു റിപ്പയര്‍ചെയ്യാനുള്ള ഒരു വലിയ സ്‌ക്രൂഡ്രൈവറുമുണ്ട്. ഞാനതു ജനലില്‍കൂടി എത്തിച്ചെടുത്തു. പൊലീസ് എപ്പോഴാണ് വരുന്നത്? ഒരു ലേശം പരിഭ്രമവുമുണ്ട്. ഞാന്‍ പയ്യനെ വിളിച്ചു: 'എടാ സാമിയേ!'
'ന്തോ!' അവന്‍ ഓടിവന്നു. ഞാന്‍ പറഞ്ഞു: 'നീ ചെന്ന് ഗേറ്റിനടുത്തു നില്‍ക്കണം'. പൊലീസുകാര്‍ ഇങ്ങോട്ടുവരുന്നുണ്ടെങ്കില്‍ നീ നിന്റെ നെഞ്ചത്തു കൈവച്ചു ക്ഷയംപിടിച്ചമാതിരി ഉച്ചത്തില്‍ കുറെ ചുമയ്ക്കണം. നമ്മുടെ ജോര്‍ജുസാറിന്റെ വല്ല കൂട്ടുകാരെയും കണ്ടാല്‍ വേഗം എന്റെ അടുത്തുവരാന്‍ പറയണം. ചെല്ല്'.
അവന്‍ ചെന്ന് ഗേറ്റിനടുത്ത് ഇരുളില്‍ നില്‍പ്പായി.
അവന്റെ ചുമ ഓരോ നിമിഷവും ഞാന്‍ പ്രതീക്ഷിച്ചു. ഞാന്‍ ചെന്ന് ജോര്‍ജിന്റെ മുറിയുടെ കുറ്റിയും കൊളുത്തും താഴുമുണ്ടല്ലോ..... അതിലെ കൊളുത്തിന്റെ മൂന്ന് സ്‌ക്രൂ ഊരി അകത്തുകടന്നു. ജോര്‍ജിന്റെ പെട്ടി എടുത്തു. കണ്ട പുസ്തകങ്ങളും നോട്ടുബുക്കുകളും എല്ലാം ജോര്‍ജിന്റെ ഒരു മുണ്ടില്‍ വാരിയിട്ടു. വേസ്റ്റ്പേപ്പര്‍ ബാസ്‌ക്കറ്റ് അതിലേക്കു കുടഞ്ഞു. വേസ്റ്റ്പേപ്പര്‍ ബാസ്‌ക്കറ്റില്‍ ചിലപ്പോള്‍ ചില പിശകുകള്‍ കാണും. എല്ലാം കെട്ടി പടിഞ്ഞാറുവശത്തു നടക്കല്ലില്‍ വച്ചു. എന്നിട്ടു ചെന്നു നോക്കി. ജോര്‍ജിന്റെ ഒരു പഴയ കീറഷര്‍ട്ട്, ഒരു തോര്‍ത്ത്, കിടക്ക, ഇത്രയുമേയുള്ളു. മുറി അടച്ചു. പണ്ടേപ്പടി ആക്കാന്‍ ലേശം ബുദ്ധിമുട്ടി. വിഷമിച്ച് പൂട്ടിക്കിടന്ന മാതിരിയാക്കി. ലേശം ചെളികൊണ്ടുവന്ന് സ്‌ക്രൂവിന്റെ തലകളില്‍ പുരട്ടി, എന്നിട്ട് ഒന്നുരണ്ടു ഗഡുവുകളിലായി ഇടമതില്‍ കയറി എല്ലാം എന്റെ മുറിയില്‍ എത്തിച്ചു. എന്റെ മുറിയില്‍ ഒരു വലിയ വീഞ്ഞപ്പെട്ടിയുണ്ട്. അതില്‍ പുസ്തകങ്ങളാണ്. അതെല്ലാം മാറ്റി ജോര്‍ജിന്റെ സാധനങ്ങള്‍ അതിലാക്കി മൂടി ആണിയടിച്ചു ശരിപ്പെടുത്തി. എല്ലാം ഭദ്രം! ഞാന്‍ പുറത്തിറങ്ങി പയ്യന്റെ അടുത്തുചെന്നു പറഞ്ഞു: 'പോരെടാ, എനിക്കു ചുമ്മാ തോന്നിയതാണ്'.
അവന്‍ വന്നു മുറിയുടെ തിണ്ണയില്‍ നില്‍പ്പായി. ഞാന്‍ ചാരുകസേരയില്‍കിടന്നു ബീഡിവലിക്കയാണ്. പെട്ടെന്ന് എന്തോ ഓര്‍ത്തമാതിരി എണീറ്റ് പെട്ടിവലിച്ച് അവന്റെ തലയില്‍വച്ചുകൊടുത്ത് നടന്നോളാന്‍ പറഞ്ഞു. ഞാന്‍ വാതില്‍ പൂട്ടി. അവന്റെ കൂടെ ഇറങ്ങി. സ്‌ക്രൂഡ്രൈവര്‍ പോകുന്നതിനുമുമ്പ് എടുത്ത സ്ഥലത്തുതന്നെ വച്ചു. ചെളി തൂത്തുകളഞ്ഞു. ഇടവഴികളിലൂടെ ഞങ്ങള്‍ ജോര്‍ജിന്റെ ഒരു സ്നേഹിതന്റെ വീട്ടില്‍ചെന്നു.
'എന്റെ കുറേ പുസ്തകങ്ങളാണ്. നിരോധിച്ചിട്ടുള്ളതാണല്ലോ. പൊലീസ്...' ഇത്രയും പറഞ്ഞിട്ട് പയ്യന് രണ്ടു രൂപാ കൊടുത്തു. ഞാന്‍ പറഞ്ഞു: 'എടാ സാമീ, നീ നിന്റെ വീട്ടിലൊന്നു പോയിട്ടുവാ. ഒരു നാലുദിവസം കഴിഞ്ഞു വന്നാല്‍ മതി'.
പയ്യന്‍ പോയപ്പോള്‍ ജോര്‍ജിന്റെ സ്നേഹിതനോട് വിവരം പറഞ്ഞു. പെട്ടി ഞങ്ങള്‍ മച്ചുംപുറത്തുവച്ചു.
ഞാന്‍ ഊണുകഴിച്ചു മുറിയില്‍ വന്നു കിടന്നുറങ്ങി. അങ്ങനെ എല്ലാം ശുഭമായി എന്നു പറയാമായിരുന്നു. പക്ഷേ, പൊലീസ് വരാതെ ശുഭമാകുമോ?
പിറ്റേദിവസം പകല്‍ പത്തുമണിക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ ഡിഎസ്‌പി, എഎസ്‌പി എല്ലാം പൊലീസ് അകമ്പടിയോടെ വന്ന് ജോര്‍ജിന്റെ മുറി വളഞ്ഞു ! വീട്ടുടമസ്ഥന്റെ സഹായത്തോടെ മുറി തുറന്ന് എല്ലാ അട്ടിമറിസാധനങ്ങളും രഹസ്യരേഖകളും സീല്‍വച്ചു കൊണ്ടുപോയി.
പിന്നെയും രണ്ടുദിവസം കഴിഞ്ഞപ്പോള്‍ എന്റെ സ്നേഹിതന്മാരായ സ്വലേകളുടെ പത്രങ്ങളില്‍ ഒരു തകര്‍പ്പന്‍ വാര്‍ത്തവന്നു. അല്‍പ്പം വെണ്ടയ്ക്കായിലാണ്: 'എറണാകുളത്തുണ്ടായിരുന്ന കമ്യൂണിസ്റ്റ് ഡെന്‍ പൊലീസ് വളയുകയും ഒട്ടേറെ രഹസ്യരേഖകള്‍ പിടിച്ചുപറ്റുകയും ചെയ്തിരിക്കുന്നു. ഇതിലാണ് ശ്രീ. കെ സി ജോര്‍ജ് താമസിച്ചിരുന്നത്'.
ഈ വാര്‍ത്ത വായിച്ച് സചിവോത്തമന്‍ തിരുവനന്തപുരത്തെ ഭക്തിവിലാസത്തില്‍ ഇരുന്നു ചിരിച്ചുകാണണം: ഹ ഹ് ഹാ ഹ് ഹാ!'
പി എസ് : സി പി രാമസ്വാമി അയ്യര്‍ ഈയിടെ മരിച്ചു. അദ്ദേഹത്തിന്റെ ആത്മാവിന് ഈശ്വരന്‍ നിത്യശാന്തി നല്‍കട്ടെ.
Sunday, July 6, 2008
Subscribe to:
Post Comments (Atom)
4 comments:
ശ്രീ. വൈക്കം മുഹമ്മദ് ബഷീറിന്റെ രചന.
Labels: കഥ, സാഹിത്യം, രാഷ്ട്രീയം!
പ്രിയ വഴി
വായനയ്ക്കു നന്ദി
Labels: കഥ, സാഹിത്യം, രാഷ്ട്രീയം,ചരിത്രം, കേരളം!
Post a Comment