ചാക്കാടുംപാറ പഞ്ചായത്തില്‍ അന്ന് ഉത്സവമാണെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നു.
ഓഫീസ് പരിസരം നിബിഡജനം. പലയിനം പത്രക്കാര്‍, ബഹുവര്‍ണ ചാനല്‍ ലേഖകര്‍, വിദഗ്ദ- അവിദഗ്ദ അഭിപ്രായ തൊഴിലാളികള്‍, മയക്കുവെടി, പൊരിക്കടല, തട്ടുകട, ബലൂണ്‍, നിലയമിട്ട്, ചെണ്ടമേളം.
ആനന്ദലബ്ധിക്കിനിയുള്ള സാധനം അരക്കിലോ മീറ്ററോളം നടന്നാല്‍ കിട്ടും. ക്യൂ അടുത്ത നൂറ്റാണ്ടിലാണ് അവസാനിക്കുന്നത്.
ചാക്കാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് കോമുണ്ണി മേനോന്‍ ഇന്ന് വിശ്വാസവോട്ട് തേടുകയാണ്.
രാജ്യം ഉറ്റുനോക്കുന്നു.
ഓഹരി വിപണിയിലെ കാളക്കൂറ്റന്മാര്‍ കൊമ്പുകോര്‍ക്കുന്നു.
തിരക്കിനെ ഇടിച്ചു മാറ്റി ഒരു വിദേശ പത്രപ്രവര്‍ത്തക കോമുണ്ണിമേനോന്റെ ഓരം ചാരി ചോദിച്ചു.
' മി. കോമുന്നി മേനം...വ്വോറ്റ് ഷുഡ് ബി യുവര്‍ ഫ്യൂയ്ച്ചര്‍?
കോമുണ്ണിമേനോന് അഞ്ചു മിനിറ്റോളം ശബ്ദം കിട്ടിയില്ല.
ഉടന്‍ വൈദ്യസഹായമെത്തി.
മൂത്രപരിശോധനയില്‍ അര്‍ഥഗര്‍ഭമാണ് മൌനകാരണം എന്ന് തെളിഞ്ഞു.
സ്ഥിതിഗതികള്‍ ശാന്തമായി.
കഴിഞ്ഞദിവസം രാത്രി കോമുണ്ണി മോനോന്‍ സകുടുംബം ഉറങ്ങിയില്ല. അതുകൊണ്ട് അതിരാവിലെ സാങ്കേതികമായി മാത്രമേ എഴുന്നേറ്റുള്ളു.
ജനാധിപത്യത്തെക്കുറിച്ച് അത്രയേറെ ഉല്‍കണ്ഠയായിരുന്നു കോമുണ്ണിമേനോന്.
'ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളാല്‍....'
രാത്രി എത്രവട്ടം മേനോന്‍ ഏങ്ങലടിച്ചുകൊണ്ട് ഇത് ഉരുവിട്ടു.
ഭാര്യ ആശ്വസിപ്പിച്ചു.
' വേണ്ടാത്തതൊന്നും ആലോചിക്കാതെ...'
പുലര്‍ച്ചെ കോമുണ്ണിമേനോന്‍ ക്ഷേത്രത്തിലെത്തി. ക്ഷേത്രക്കുളത്തില്‍ ആചമത്തിനു ശേഷം മൂന്നുവട്ടം മൂക്കുപൊത്തി മുങ്ങി. മൂന്നാം വട്ടം മുങ്ങിയപ്പോള്‍ മുണ്ട് കൂടെപ്പോന്നില്ല. പ്രശ്നം ജനാധിപത്യമായതിനാല്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ല.
ജനാധിപത്യത്തിനു വേണ്ടി ഒരു പുഷ്പാഞ്ജലി കഴിച്ചു. ഒരു ശത്രു സംഹാര പൂജക്ക് ഓര്‍ഡറും കൊടുത്തു.
ചടങ്ങുകള്‍ക്കു ശേഷം കോമുണ്ണി മേനോന്‍ മുഷ്ടി ചുരുട്ടി പ്രാര്‍ഥിച്ചു.
'ഭഗവാനേ...ജനാധിപത്യത്തിനൊന്നും വരുത്തല്ലേ..'
ഉള്ളുരുകിയ മണം വന്നപ്പോള്‍ നിര്‍ത്തി.
കണ്ണു തുറന്നപ്പോള്‍ കോമുണ്ണിമേനോന്‍ ഞെട്ടിപ്പോയി.
തന്റെ കണ്‍മുന്നില്‍ ഭഗവാന്‍.
കണ്ണ് ഇറുക്കെയടച്ച് വീണ്ടും നോക്കി.
വ്യാജമല്ല. ഭഗവാന്‍ തന്നെ!.
സാമാന്യനില വീണ്ടുെക്കും മുമ്പെ ഭഗവാന്‍ ചോദിച്ചു.
'...ങ്നാ..കോമുണ്ണീ...രക്ഷപ്പെടോ?'
' ഒന്നും അറീല്ല്യ..'
' എന്തെങ്കിലും വിവരം കിട്ടിയാല്‍ അറീക്കോല്ലൊ, അല്ലെ?'
കോമുണ്ണിയെ അനുഗ്രഹിച്ച് ഭഗവാന്‍ മടങ്ങി.
തിരിച്ചു നടന്നപ്പോള്‍ കോമുണ്ണി മേനോന്‍ മേല്‍ സംഭവം പേര്‍ത്തും പേര്‍ത്തും ആലോചിച്ചു.
അത് ഭഗവാന്റെ തന്ത്രപരമായ നീക്കമായിരുന്നില്ലേ ? ഭഗവാനും എടുത്തോ മുന്‍കൂര്‍ ജാമ്യം?
എം പി മാരുടെ ലേലം വിളിയില്‍ കോമുണ്ണിമേനോന് ശോഭിക്കാനായില്ല.
എം പിമാര്‍ (തൊണ്ടില്ലാതെ) കഴിഞ്ഞ രാത്രി ക്ളോസ് ചെയ്തത് കിലോക്ക് 1050 രൂപക്കാണ്. ജയിലില്‍ കൃഷിചെയ്തുണ്ടാക്കിയതിനായിരുന്നു വന്‍ വിലക്കയറ്റം.
കോമുണ്ണിമേനോന്‍ എം പിമാരുടെ ഇനം തിരിച്ചുള്ള കണക്കെടുത്തു.
നായര്‍ -11
(അതിലൊന്ന് വിളക്കിത്തല)
ഈഴവര്‍ -3
ക്രിസ്ത്യാനി -5
(വിവിധ ഇനം)
പട്ടികജാതി -1
സ്ത്രീ -2
നായരെ പിടിക്കാന്‍ കോമുണ്ണിമേനോന്‍ നായരെ തന്നെ ഇറക്കി.
അങ്ങനെ,
പങ്കജാക്ഷന്‍ നായരെ പിടിക്കാന്‍ കോമുണ്ണി മേനോന്‍ പരമേശ്വരന്‍ നായരെ ഇറക്കി. അപ്പോള്‍ പരമേശ്വരന്‍ നായരെ വെട്ടാന്‍ എതിര്‍പക്ഷം പത്മനാഭന്‍ നായരെ ഇറക്കി. പത്മനാഭന്‍ നായരെ ഒതുക്കാന്‍ കോമുണ്ണി മേനോന്‍ കൃഷ്ണന്‍കുട്ടി നായരെ ഇറക്കി. കൃഷ്ണന്‍ കുട്ടി നായരെ പിടിക്കാന്‍ എതിരാളികള്‍ രാമചന്ദ്രന്‍ നായരെ വിട്ടു. അപ്പോള്‍ രാമചന്ദ്രന്‍ നായരെ ഒതുക്കണം. അതിന് രാമകൃഷ്ണന്‍ നായരെ ഇറക്കി. രാമകൃഷ്ണന്‍ നായരെ കെട്ടാന്‍ രാമഭദ്രന്‍ നായര്‍ വന്നു. രാമഭദ്രന്‍ നായര്‍ക്കെതിരെ ശങ്കരന്‍ നായര്‍ വന്നു. ശങ്കരന്‍ നായര്‍ക്കെതിരെ ശങ്കരനാരായണന്‍ നായര്‍ വന്നു. ശങ്കരനാരായണന്‍ നായര്‍ക്കെതിരെ സുകുമാരന്‍ നായര്‍ വന്നു. സുകുമാരന്‍ നായര്‍ക്കെതിരെ കുമാരന്‍ നായര്‍. കുമാരന്‍ നായര്‍ക്കെതിരെ രാധാകൃഷ്ണന്‍ നായര്‍. രാധാകൃഷ്ണന്‍ നായര്‍ക്കെതിരെ വീരഭദ്രന്‍ നായര്‍.....
അങ്ങനെ ആര് ആര്‍ക്ക് നായരെന്ന് അവസാനം ഒരു എത്തും പിടീം കിട്ടിയില്ല.
ഈഴവരെ യോഗം വഴി പിടിച്ചു. ഇരുപക്ഷത്തിനും യോഗം ശക്തമായ പിന്തുണ പ്രഖ്യാപിച്ചതോടെ ആ പ്രശ്നം പരിഹരിച്ചു.
ഇനി ക്രിസ്ത്യാനി.
കൊച്ചീപ്പന്‍ മാപ്പിളയെ അരമന വഴി വീഴ്ത്തിയതാണ്.
അപ്പോള്‍ ദാ, ബാര്‍ ലൈസന്‍സും അണക്കെട്ടും വാഗ്ദാനം ചെയ്ത് എതിര്‍പക്ഷം തിരിച്ചടിച്ചു.
സ്ത്രീകളെ വശത്താക്കാന്‍ കോമുണ്ണിമേനോന്‍ നേരിട്ടിറങ്ങി. ഈ പണിക്ക് ആരെയും വിശ്വസിക്കാന്‍ കഴിയില്ല. ചതിയന്മാരാണ് ചുറ്റും.
വാര്‍ധക്യത്തിലും യൌവ്വനത്തിന്റെ അലര്‍ജിയുള്ള കോമുണ്ണിമേനോന്‍ മുന്നില്‍ നിന്ന് പട നയിച്ചു.
സ്മരനടനമാടുവാന്‍ സാമ്പ്രതം സാമ്പ്രതം എന്ന് ചമ്പ താളത്തില്‍ എരിക്കിലക്കാമോദരി രാഗത്തില്‍ പാടി വനിതാമെമ്പറുടെ പടിക്കലെത്തിയതു മാത്രമേ ഓര്‍മയുള്ളു.
കണ്ണു തുറക്കുമ്പോള്‍ സ്വന്തം വീട്ടിലെ സ്വന്തം ഇറയത്ത് സ്വന്തം ശരീരം ഇറക്കിക്കിടത്തിയിരിക്കുന്നതാണ് കണ്ടത്. ഒരു സംഘം ആളുകള്‍ വീശുന്നതും വെള്ളം വെള്ളം എന്നു പറയുന്നതും രംഗത്തിന് കൊഴുപ്പേറ്റി.
കോമുണ്ണിമേനോന്‍ മരിച്ചില്ലെന്നറിഞ്ഞതോടെ ചാനലുകാര്‍ നിരാശരായെങ്കിലും കുന്തവും കുറുവടിയുമായി അവര്‍ ഓടി വന്നു.
ചെത്തി മിനുക്കി ചോദ്യമെറിഞ്ഞു.
' ശരിക്കും എന്താണ് സംഭവിച്ചത്?'
ആവശ്യത്തിന് സമയമെടുത്ത് കോമുണ്ണിമേനോന്‍ അഭിനയിച്ചു.
' ഞാന്‍ അവിടെ എത്തി. വനിതാ മെമ്പറ് സ്ഥലത്തുണ്ടായിരുന്നു.'
കോമുണ്ണിമേനോന്‍ ശബ്ദവിന്യാസത്തില്‍ മാറ്റം വരുത്തി.
ഇടറുന്നതായി ഭാവിച്ചു.
'ചോദിച്ചതെന്താണെന്ന് സത്യം പറഞ്ഞാല്‍ എനിക്കറിയില്ല. ജനാധിപത്യത്തെ സംബന്ധിച്ച എന്തോ ആയിരുന്നു എന്ന് ഓര്‍മയുണ്ട്. വനിതാമെമ്പറ് മറുപടിയായി ഒരാഴ്ച്ചപ്പതിപ്പ് കൊണ്ടുവന്നു. അതിലെ സ്ത്രീകളെ കുറിച്ചുള്ള ഒരു ലേഖനത്തില്‍ നിന്ന് ഏതാനും വരികള്‍ വായിച്ചു. എന്റെ അടി വയറ്റില്‍ നിന്നും ട്ര്‍ര്‍ര്‍ര്‍ര്‍ എന്നൊരു വേദന വന്നു. പിന്നെ ഒന്നും ഓര്‍മയില്ല.'
'അതിലെ ഏതെങ്കിലും വാചകം ഓര്‍മയുണ്ടോ?'
കോമുണ്ണിമേനോന് വീണ്ടും ഓര്‍മ പോയി.
ചാനലുകാര്‍ തിരിച്ചു പോയി.
വോട്ടെടുപ്പിന് ഇനി ഏതാനും മിനിറ്റുകള്‍ മാത്രം.
പിരി മുറുകിയെന്ന് പത്രങ്ങള്‍.
ആരാണ് മുന്നിലെന്ന് വ്യക്തമല്ലെന്ന് ചാനല്‍സ്.
കല്ലൂപ്പറമ്പനാണോ..നടുഭാഗമാണോ...അല്ല..മൂന്നാം ട്രാക്കിലൂടെ വരുന്ന ചമ്പക്കുളമാണോ..അഥവാ നാലാം ട്രാക്കിലൂടെ കുതിക്കുന്ന ആനാരി പുത്തന്‍ ചുണ്ടനാണോ..ആരാണ് മുന്നിലെന്ന് അറിയില്ല. ഇഞ്ചിനിഞ്ച് പോരാട്ടമാണ്..തുഴക്കാര്‍ കുത്തിയെറിയുന്നുണ്ട്..നിലക്കാര്‍ താളമിടുന്നുണ്ട്..
പഞ്ചായത്ത് ഓഫീസിന്റെ പടിഞ്ഞാറെ നടയില്‍ വെളിച്ചപ്പാട് തുള്ളി. പ്രസിദ്ധ വെളിച്ചപ്പാടാണ്.
പറഞ്ഞാല്‍ പറഞ്ഞതാണ്.
ഒരു പിടി ഭസ്മം, നെഞ്ചത്തൊരു പിടുത്തം, തുറിച്ചൊരു നോട്ടം, ഭൂം എന്നൊരലര്‍ച്ച.
പിന്നെ പറഞ്ഞത് ഇന്നോളം തെറ്റിയിട്ടില്ല.
വെളിച്ചപ്പാട് ഇതുവരെ മൌനം പാലിച്ചതില്‍ ആകാംക്ഷഭരിതരായിരുന്നു രാഷ്ട്രീയ വൃത്തങ്ങളും ചതുരാകൃതികളും.
ഇതാ വെളിച്ചപ്പാട് മൌനമുദ്ര പൊട്ടിക്കുന്നു.
പത്രങ്ങളും ചാനല്‍സും അങ്ങോട്ടോടി. പുറകെ തട്ടുകടക്കാരും ബലൂണ്‍കാരും ഓടി.
അവിടെ പ്രളയം വന്നു.
' വെളിച്ചപ്പാടേ...ആര്‍ക്കാണ് സാധ്യത?'
വെളിച്ചപ്പാട് ഉറഞ്ഞു.
' ഉണ്ണികളേ.. പറയാം..'
ജനക്കൂട്ടത്തിന് പെരുവിരലില്‍ നിന്ന് ആകാംക്ഷ കയറി.
മൌനം.
പിന്നേം മൌനം.
' വെളിച്ചപ്പാടേ..ഞങ്ങള്‍ ചത്തുപോകും..'
വെളിച്ചപ്പാട് വാ തുറന്നു.
' ഉണ്ണികളേ..വെയ്റ്റ് ആന്റ് സീ.'
വെളിച്ചപ്പാട് അപ്രത്യക്ഷനായി.
അകത്ത് ചര്‍ച്ച തുടങ്ങി.
മഞ്ജരിയിലാണ് തുടങ്ങിയത്. പതുക്കെപ്പതുക്കെ ശാര്‍ദൂലവിക്രീഡിതത്തിലെത്തി.
അടിക്ക് തട.
തടിക്ക് അടി എന്ന മട്ടില്‍ മുന്നേറി.
വോട്ടെടുപ്പ്.
അന്ത്യശ്വാസം ലൈവായി.
ഫലപ്രഖ്യാപനം വന്നു.
കോമുണ്ണി...!
അതെ കോമുണ്ണി...?
പറയെടോ എന്ത് സംഭവിച്ചു?
വിശ്വാസത്തില്‍ അവിശ്വാസം രേഖപ്പെടുത്തി കോമുണ്ണിമേനോന്‍ വിജയിച്ചു.
ഉച്ചഭാഷിണി ഫലം വിളിച്ചു പറഞ്ഞതോടെ പുതിയ ഒരു കഥാപാത്രം രംഗത്തെത്തി.
കുന്നംകുളത്തെ കൊപ്ര കച്ചവടക്കാരന്‍ വറുതുണ്ണി.
ഇതുവരെ ഒളിവിലായിരുന്ന വറുതുണ്ണി മൈക്ക് കൈയിലെടുത്തലറി.
'ഡാ.. ജനാധിപത്യത്തിന് വിളിക്കടാ സിന്താബാദ്..നാലുകെട്ട് നോട്ടാണ്‍ടാ ഞാമ്പൊട്ടിച്ചത്.'
ചാക്കാടുംപാറ പഞ്ചായത്ത് ഒന്നടങ്കം വിളിച്ചു.
കോമുണ്ണിമേനോന്‍ സിന്താബാദ്...
കൊപ്രക്കാരന്‍ വറുതുണ്ണി സിന്താബാദ്...
ജനാധിപത്യം സിന്താബാദ്...
*
എം എം പൌലോസ്
Wednesday, July 30, 2008
Subscribe to:
Post Comments (Atom)
3 comments:
ചാക്കാടുംപാറ പഞ്ചായത്തില്‍ അന്ന് ഉത്സവമാണെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നു.
ഓഫീസ് പരിസരം നിബിഡജനം. പലയിനം പത്രക്കാര്‍, ബഹുവര്‍ണ ചാനല്‍ ലേഖകര്‍, വിദഗ്ദ- അവിദഗ്ദ അഭിപ്രായ തൊഴിലാളികള്‍, മയക്കുവെടി, പൊരിക്കടല, തട്ടുകട, ബലൂണ്‍, നിലയമിട്ട്, ചെണ്ടമേളം.
ആനന്ദലബ്ധിക്കിനിയുള്ള സാധനം അരക്കിലോ മീറ്ററോളം നടന്നാല്‍ കിട്ടും. ക്യൂ അടുത്ത നൂറ്റാണ്ടിലാണ് അവസാനിക്കുന്നത്.
ചാക്കാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് കോമുണ്ണി മേനോന്‍ ഇന്ന് വിശ്വാസവോട്ട് തേടുകയാണ്.
രാജ്യം ഉറ്റുനോക്കുന്നു.
ഓഹരി വിപണിയിലെ കാളക്കൂറ്റന്മാര്‍ കൊമ്പുകോര്‍ക്കുന്നു.
ശ്രീ. എം.എം.പൌലോസിന്റെ നര്‍മ്മഭാവന
Ha....... ha....... ha...........
ര്‍ര്‍ര്‍ര്‍............ട്ര, ര്‍ര്‍ര്‍ര്‍............ട്ര, വാണമായാലും ആണവമായാലും ചക്കാടും പാറ പഞ്ചായത്തിലെ അവിശ്വാസപ്രമേയം ഇഞ്ചോടിഞ്ച് പോരാടി ഒരുവള്ളപ്പാട് മുന്നിലായി വിജയിച്ച് വെള്ളത്തിലായതില്‍ ജനാധിപത്യ ജനഗണമന..............നമഃ
Post a Comment